ഒക്ടോബര്‍ വിപ്ലവത്തിന്റെ മണ്ണിലേക്ക്, ചരിത്രത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക്..മഞ്ഞു പുതച്ച ഒരു നഗരം. പൈന്‍ മരങ്ങള്‍ അതിരിടുന്ന വഴിയില്‍ അരിച്ചു വീഴുന്ന സൂര്യവെളിച്ചം. ഒഴുകി നടക്കുന്ന മഞ്ഞുകട്ടകള്‍ക്കിടയിലൂടെ നഗരമുഖം പ്രതിബിംബിപ്പിക്കുന്ന നദി. നദിക്കരയിലെ ചെങ്കല്ലു പതിച്ച കൊട്ടാരം. ചുമര്‍ നിറയെ പല വര്‍ണത്തിലുള്ള ജനലുകള്‍. കൊട്ടാരമുറ്റത്ത് സ്വര്‍ണനിറമുള്ള പൂക്കള്‍. കുട്ടിക്കാലത്ത്, റഷ്യയില്‍ നിന്നു വന്നിരുന്ന സോവിയറ്റ് ലാന്‍ഡ് മാഗസിനിലാണ് ഇങ്ങിനെ ഒരു ചിത്രം ആദ്യമായി കണ്ടത്. മനസ്സില്‍ ഗാഢമായി പതിഞ്ഞുപോയ ചിത്രം.


സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് നഗരമാണ് അതെന്ന് അന്നറിയില്ല. എന്നെങ്കിലുമൊരിക്കല്‍ അതിലേ നടക്കുമെന്നും കരുതിയതല്ല. കഴിഞ്ഞ മെയ്മാസത്തിലെ ഒരു വേനല്‍പ്പുലരിയില്‍, ഏതന്‍സില്‍ ചിലവിട്ട ഒരു വെക്കേഷന്റെ അവസാനത്തില്‍, മൂന്നു ദിവസത്തെ ഇടവേളയ്ക്ക് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെത്തുമ്പോള്‍ എത്രയോ വര്‍ഷം മുമ്പ് കണ്ടുമറന്ന ആ ചിത്രപടം പൊടുന്നനെ വീണ്ടും മനസ്സില്‍ തെളിഞ്ഞു. മഞ്ഞിന്റെ ആവരണത്തില്‍ പുതഞ്ഞ നഗരം. പൈന്‍മരങ്ങളും ചെങ്കല്‍ക്കൊട്ടാരവും വെട്ടിത്തിളങ്ങുന്ന നദിയുമെല്ലാം അതുപോലെ. ചില നഗരങ്ങള്‍ അങ്ങിനെയാണ്: പരിചിതത്വം കൊണ്ട് അതു നെമ്മ വശീകരിച്ചുകളയും!

ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിച്ച സ്ഥലമായിരുന്നു സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്. പുഷ്‌കിന്റെയും ദസ്തയേവ്‌സ്‌കിയുടെയും ട്രോട്‌സ്‌കിയുടെയും ലെനിന്റെയും അന്ന അഖ്മത്തോവയുടെയും സോള്‍ഷെനിത്‌സന്റെയും നെബുകോഫിന്റെയും ഷോസ്റ്റാക്കോവിച്ചിന്റെയും നാട്. ലോകത്തിന് സമത്വത്തിന്റെയും സമൃദ്ധിയുടെയും പുലരി വാഗ്ദാനം ചെയ്തുകൊണ്ട് കമ്യൂണിസം പിറന്നുവീണ ഒക്ടോബര്‍ വിപ്ലവത്തിന്റെ മണ്ണ്. ലക്ഷങ്ങളുടെ കൂട്ടക്കുരുതിയിലൂടെ പിന്നീട് ഫാഷിസത്തേക്കാള്‍ കമ്യൂണിസം അധപതിച്ചുപോയപ്പോള്‍ പെരിസ്‌ട്രോയിക്കയിലൂടെ മനുഷ്യത്വത്തെ വീണ്ടെടുത്തതും ഈ മണ്ണുതന്നെ. ചരിത്രവും രാഷ്ട്രീയവും സംസ്‌കാരവുമാണ് യാത്രയില്‍ നിങ്ങള്‍ തേടുന്നതെങ്കില്‍, സംശയിക്കേണ്ട, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഗ് തന്നെയാണ് ഏറ്റവും ഉചിതമായ ലകഷ്യസ്ഥാനം.

കിഴക്കന്‍ യൂറോപ്പിലെ ഈ മഹാനഗരവും, ആ മേഖലയിലെ മറ്റു നഗരങ്ങളെ പോലെ, മനുഷ്യസംസ്‌കൃതിയുടെ മഹത്തായ പാഠശാലയാണ്. ഏതന്‍സും റോമും ഫ്ലോറന്‍സുമൊക്കെ പകരുന്ന ആനന്ദമല്ല, പക്ഷെ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് നല്‍കുന്നത്. അത് നമ്മെ അടിമുടി പിടിച്ചുലയ്ക്കുകയാണ് ചെയ്യുന്നത്. മറ്റൊരിടത്തും ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത മനുഷ്യപ്രഭാവത്തിന്റെ ഉന്നതമായ ഗാംഭീര്യം ഇവിടെ നമുക്ക് ദര്‍ശിക്കാം. ഒപ്പം, ചരിത്രത്തിന്റെ ക്രൂരമുഖങ്ങളും അതേയളവില്‍ കാണാം. ദസ്തയേവ്‌സ്‌കിയും സ്റ്റാലിനും ഒരേ ആത്മാവില്‍ ലയിച്ചു കിടക്കുന്നതു പോലെ!

ഒരു കാലത്ത് ലോകത്തിന്റെ രാഷ്ട്രീയ പരീക്ഷണശാലയായിരുന്നു സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്. മാനവരാശിക്ക് മഹത്തായ സ്വപ്‌നങ്ങള്‍ നിര്‍മ്മിച്ചുകൊടുത്ത ഫാക്ടറി. ഇവിടെ നില്‍ക്കുമ്പോള്‍ ഓരോ തെരുവും ഓരോ വീടും ഓരോ ജയില്‍മുറികളും ചരിത്രത്തിന്റെ നിശ്വാസങ്ങള്‍ കൊണ്ടു പണിതീര്‍ത്തവയാണോ എന്നു നമുക്കു തോന്നും. ഇവിടെ കാണുന്ന ഓരോ മനുഷ്യരും കാരമസോവ് സഹോദരന്മാരിലോ അഖ്മത്തോവയുടെ കവിതകളിലോ നാം കണ്ടിട്ടുള്ളവരാണെന്നു തോന്നും. ഇവിടെ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ നമ്മുടെ നാട്ടിടവഴികളില്‍ പോലും എത്രയോ വട്ടം മുഴങ്ങിയിട്ടുള്ളതാണ്. കമ്യൂണിസത്തിന്റെ ചുവപ്പു പുരണ്ട എന്തിലും നൊസ്റ്റാള്‍ജിയ അനുഭവപ്പെടുന്ന മലയാളിക്ക് ഇതുപോലൊരു തീര്‍ഥാടന നഗരം വേറെ ഏതുണ്ട്?

'വടക്കിന്റെ വെനീസി'ല്‍ ഇപ്പോള്‍ എല്ലാം ശാന്തമാണ്. കലാപവും കണ്ണീരും നിറഞ്ഞ ചരിത്രവും നിഗൂഢവും ദുരൂഹവുമായ പീഡനപര്‍വങ്ങളും പിന്നിട്ട് സ്വാതന്ത്ര്യത്തിലേക്കും സമൃദ്ധിയിലേക്കും കണ്‍തുറക്കുകയാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്. കമ്യൂണിസവും ഇരുമ്പുമറയുമില്ലാത്ത റഷ്യയുടെ പുതിയ മുഖമായി ചരിത്രത്തിലെ യുദ്ധഭൂമികളിലൊന്നായ ലെനിന്‍ഗ്രാഡ് മാറിക്കൊണ്ടിരിക്കുന്നു. ഉത്തരാര്‍ധഗോളത്തിലെ ഈ മഞ്ഞു നഗരം ഇപ്പോള്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തുന്നത് പുതിയൊരു മേല്‍വിലാസമാണ് -യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിനാദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് എന്ന പെരുമ.

വിനോദസഞ്ചാരികളെ വശീകരിക്കാന്‍ പോന്നതാണ് ഈ മഹാനഗരത്തിന്റെ സ്ഥാനവും സ്വഭാവവും. കിഴക്കന്‍ യൂറോപ്പില്‍, ബാള്‍ട്ടിക് കടലിന്റെ കിഴക്കേ കരയില്‍, ഫിന്‍ലാന്‍ഡ് കടലിടുക്കിലേക്കു മുഖം നോക്കി സ്ഥിതി ചെയ്യുന്ന യൂറോപ്പിലെ ഏറ്റവും മനോഹരവും വ്യത്യസ്തവും സംസ്‌കാരത്തനിമയാര്‍ന്നതുമായ സ്ഥലമാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്. നേവാ നദിയുടെ അഴിമുഖത്ത് പല ദ്വീപുകളിലായി ചിതറിക്കിടക്കുന്ന 101 ദ്വീപുകളുടെ ഒരു നഗരസമുച്ചയം. ഉത്തരാര്‍ധഗോളത്തിനടുത്ത് പത്തു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ഏക നഗരം. സാര്‍ ചക്രവര്‍ത്തി, പീറ്റര്‍ ദ ഗ്രേറ്റ് പണിത ഈ നഗരത്തിന് മൂന്നു നൂറ്റാണ്ടിന്റെ കഥയേ പറയാനുള്ളൂവെങ്കിലും (1703 മെയ് 27നാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്) മൂവായിരം കൊല്ലത്തെ അനുഭവങ്ങളെങ്കിലും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇത്രയേറെ യുദ്ധങ്ങളും വറുതികളും വേദനകളും താണ്ടിയ നഗരം ലോകചരിത്രത്തില്‍ തന്നെ അപൂര്‍വമായിരിക്കും. ആ ചരിത്രത്തിന്റെ സ്മാരകങ്ങള്‍ തേടി ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ഇന്ന് സഞ്ചാരികള്‍ ഇവിടേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.

കമ്യൂണിസത്തിന്റെ മണ്ണിന് പുണ്യവാളന്റെ പേരുള്ള തലസ്ഥാനം. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ കാര്യത്തില്‍ അങ്ങിനെയും ഉണ്ട് ഒരു കൗതുകം. പലരും കരുതുന്നതുപോലെ, സ്ഥാപകനായ പീറ്റര്‍ ദ ഗ്രേറ്റിന്റെ പേരിലല്ല, സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന് ആ പേരു ലഭിച്ചത്. പുണ്യവാളനായ പീറ്ററിന്റെ പേരിലാണ്. പല വട്ടം അതിന്റെ പേരു മാറ്റാന്‍ ശ്രമം നടന്നിട്ടുണ്ട്. 1914 മുതല്‍ 24 വരെ അതു പെട്രോഗ്രാഡ് ആയിരുന്നു. 1924 ഫിബ്രവരിയില്‍ അത് ലെനിന്‍ഗ്രാഡായി. 1991ല്‍, പെരിസ്‌ട്രോയ്ക യുഗത്തിനു ശേഷം, വിപ്ലവത്തിന്റെ മണ്ണ് വിശുദ്ധന്റെ പേരിലേക്കുതന്നെ മടങ്ങിപ്പോയി. വീണ്ടും സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്. ആത്മീയതയെ ജയിക്കാന്‍ ഒരു കാലത്തും കമ്യൂണിസത്തിനായിട്ടില്ലെന്ന വാദത്തിനുള്ള ദൃഷ്ടാന്തം പോലെ.


ആരെയും വിസ്മയിപ്പിക്കുന്ന മഹാനഗരമാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്. കൊട്ടാരങ്ങളും കത്തീഡ്രലുകളും പൂന്തോട്ടങ്ങളും രമ്യഹര്‍മ്യങ്ങളും രാജവീഥികളും മ്യൂസിയങ്ങളും നിറഞ്ഞ ഈ നഗരത്തിന്റെ ഓരോ അണുവിലും ഒരു സാമ്രാജ്യതലസ്ഥാനത്തിന്റെ പ്രൗഢിയും ഗരിമയും നമുക്കു തൊട്ടറിയാം. നേവാ നദിക്കരയിലെ പടുകൂറ്റന്‍ യൂണിവേഴ്‌സിറ്റി മന്ദിരം കാണാന്‍ പോയപ്പോള്‍ ഗൈഡ് പറഞ്ഞത്, അവിടത്തെ
ഓരോ ക്ലാസ്സ് മുറിയിലും ഓരോ ദിവസം വീതം ഇരുന്നാലും ഒരാള്‍ പഠിക്കുന്ന കാലം കൊണ്ട് മുഴുവന്‍ മുറികളിലും ഇരിക്കാന്‍ സാധിക്കുകയില്ല എന്നാണ്. നഗരത്തിന്റെ ഏതു തെരുവില്‍ ചെന്നാലും ഒരു കൊട്ടാരമോ കത്തീഡ്രലോ ഉണ്ടാവും. നഗരപ്രദക്ഷിണത്തിനിടെ ഒമ്പതു വലിയ കത്തീഡ്രലുകളും 18 ചര്‍ച്ചുകളും ഞങ്ങള്‍ എണ്ണി. റൊമാനോവ് ചക്രവര്‍ത്തിമാരുടെ ശീതകാല കൊട്ടാരമുള്‍പ്പെടെ ഇരുപതിലേറെ കൊട്ടാരങ്ങളും പഴമയുടെ മുഖപ്രസാദം പോലെ നഗരത്തിന്റെ പല ഭാഗത്തായി കണ്ടു. ആംബര്‍ റൂമുകളും ജലധാരകളും പൂന്തോട്ടങ്ങളും ഫോട്ടോഗ്രാഫി അനുവദിക്കാത്ത ചിത്രശാലകളും നിറഞ്ഞ പീറ്ററോഫ് കൊട്ടാരം കണ്ടാലും മതിവരാത്ത വിസ്മയമാണ്. അദ്ഭുതങ്ങളുടെ കലവറയായ കൊട്ടാരം ആഴ്ചകളെടുത്താലും കണ്ടു തീരുകയില്ല.
++++++++++പഴമയുടെ ഈ രൂപത്തോടൊപ്പം നഗരത്തിന് ആധുനികമായ ഒരു മുഖവുമുണ്ട്. എണ്ണിയാലൊടുങ്ങാത്ത പാലങ്ങളും പൂന്തോട്ടങ്ങളും നഗരത്തെ സമ്പന്നമാക്കുന്നു. നേവാ നദിക്കു കുറുകെ മാത്രം 12 പാലങ്ങള്‍ ഞങ്ങള്‍ കണ്ടു. ഫൊണ്‍ടാന്‍ക നദിക്കും ഗ്രിബഡോവ് കനാലിനും മൊയ്കാ നദിക്കും കൂടി 46 പാലങ്ങള്‍ വേറെയുമുണ്ടെന്നാണ് ഗൈഡ് പറഞ്ഞത്. ഏതു തെരുവില്‍ ചെന്നാലും ഓരോ പാര്‍ക്ക് കാണാം. സ്മാരകങ്ങളും പ്രതിമകളും വേറെ. എഴുത്തുകാരുടെയും രാജാക്കന്മാരുടെയും നേതാക്കളുടെയും ജീവന്‍ തുടിക്കുന്ന പ്രതിമകള്‍ ഓരോ ചത്വരത്തിലും കാണാം. ഗോയ്‌ഥെയും ദസ്തയേവ്‌സ്‌കിയും പീറ്റര്‍ ദ ഗ്രേറ്റും അലക്‌സാണ്ടര്‍ മൂന്നാമനുമൊക്കെ നമ്മെ സാകൂതം വീക്ഷിച്ചുകൊണ്ട് പലയിടത്തും നില്‍ക്കുന്നു. കല്ലിലുറഞ്ഞ കാലം പോലെ.

മ്യൂസിയങ്ങളാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ പ്രധാന ആകര്‍ഷണം. റെംബ്രാന്‍ഡിന്റെയും മൈക്കലാഞ്ജലോയുടെയും പിക്കാസോയുടെയും ഒറിജിനല്‍ വര്‍ക്കുകളുള്‍പ്പെടെ 30 ലക്ഷത്തോളം പ്രദര്‍ശനവസ്തുക്കളുള്ള ഹെര്‍മിറ്റേജ് മ്യൂസിയം ആരെയും അമ്പരപ്പിക്കുന്നതാണ്. സ്റ്റേറ്റ് റഷ്യന്‍ മ്യൂസിയം, ഫൈന്‍ ആര്‍ട്‌സ് മ്യൂസിയം, അപ്ലൈഡ് ആര്‍ട്ട് മ്യൂസിയം, ആര്‍ട്ടിക്ക്-അന്റാര്‍ട്ടിക്ക് മ്യൂസിയം, ബഹിരാകാശ മ്യൂസിയം, നരവംശമ്യൂസിയം, ബിയര്‍ മ്യൂസിയം, ഡോള്‍ മ്യൂസിയം, ട്രെയിന്‍ മ്യൂസിയം, കപ്പല്‍ മ്യൂസിയം, വാര്‍ മ്യൂസിയം, ലെനിന്‍ഗ്രാഡ് ഉപരോധമ്യൂസിയം, രാഷ്ട്രീയമ്യൂസിയം തുടങ്ങി ശുചിത്വത്തിന്റെ മ്യൂസിയം വരെ പല തരത്തിലും വലുപ്പത്തിലുമുള്ള നൂറോളം മ്യൂസിയങ്ങള്‍ ഈ നഗരത്തിലുണ്ട്. പുഷ്‌കിന്‍, നൊബോകോഫ്, സുവറോവ് തുടങ്ങിയ എഴുത്തുകാരുടെ വസതികളും ഇന്നു മ്യൂസിയങ്ങളാണ്. ലോകത്തിലേറ്റവും ആഴത്തിലുള്ള ഭൂഗര്‍ഭ റെയില്‍പ്പാത ഇവിടെയാണുള്ളത്. ഓരോ സ്‌റ്റേഷനും ഓരോ മ്യൂസിയം പോലെ: സുന്ദരം, അലംകൃതം. മാരിന്‍സ്‌കി ഓപ്പെറ ആന്‍ഡ് ബാലെ തീയേറ്റര്‍, ഇംപീരിയല്‍ പാലസ്, പീറ്ററോഫ് പാര്‍ക്ക്, തുടങ്ങി വിട്ടുപോകാന്‍ പാടില്ലാത്ത, ചരിത്രപ്രാധാന്യമുള്ള കാഴ്ചകള്‍ വേറെയും.

ജീവിതം ത്രസിക്കുന്ന തെരുവുകളാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ മുഖമുദ്ര. കെട്ടിപ്പിടിച്ചും മുട്ടിയുരുമ്മിയും നീങ്ങുന്ന സഞ്ചാരികള്‍ നഗരത്തിന് സദാ ഉത്സവഛായ പകരുന്നു. നേവാനദിക്കരയിലെ രാത്രികാലനടത്തങ്ങളാവട്ടെ, ഏതോ സ്വര്‍ഗവീഥികളിലൂടെ പാറിനടക്കുന്ന അനുഭവമാണ് പകരുക. തിരകളില്‍ തുള്ളിക്കളിക്കുന്ന പാല്‍വെളിച്ചവും നൃത്തം വെക്കുന്ന കാറ്റും വഴിനീളെ നിറയുന്ന പ്രണയജോടികളും ചൂടുരുചികളുമായി നിങ്ങളെ വരവേല്‍ക്കുന്ന റിവര്‍സൈഡ് റെസ്റ്റോറന്റുകളുമുള്ള നദീതീരം മറ്റൊരു നഗരത്തിനുമില്ലാത്ത സൗന്ദര്യപ്പകര്‍ച്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനു സമ്മാനിക്കുന്നു. ഒരു രാത്രി അവിടെ നിന്നു വാങ്ങിക്കഴിച്ച ജാക്കറ്റ് പൊട്ടാറ്റോ (ആവിയില്‍ വേവിച്ച് സാലഡുകള്‍ കൂട്ടി കഴിക്കുന്ന ഉരുളക്കിഴങ്ങു കൊണ്ടുള്ള ഒരു വിഭവം) അത്യപൂര്‍വമായ രുചിയോര്‍മയായി മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നു.

നമ്മെ പിടിച്ചുലയ്ക്കുന്ന കാഴ്ചകളുടെ വലിയൊരു ശൃംഖല കൂടി സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം ക്രെസ്റ്റി ജയിലാണ്. നദിക്കരയില്‍ ചുവന്ന ഇഷ്ടികകള്‍ കൊണ്ടു തീര്‍ത്ത പടുകൂറ്റന്‍ മതിലുകളും തൂണുകളും പ്രാകാരങ്ങളുമുള്ള കെട്ടിടം. മൂന്നു നൂറ്റാണ്ടു കൊണ്ട് പതിനായിരങ്ങളെ ജീവനോടെയും അല്ലാതെയും ചിത്രവധം ചെയ്ത തടവറ. അതിലൂടെ നടക്കുമ്പോള്‍ ചുമരിലെഴുതിവെച്ച പേരുകള്‍ നിങ്ങള്‍ക്കു വായിക്കാം. ഈ ജയിലില്‍ കിടന്നവര്‍, കുരിശിലേറി മരിച്ചവര്‍, സമരം നയിച്ചവര്‍, ചരിത്രത്തോടൊപ്പം നടന്നവര്‍. അവരുടെ നിശ്വാസങ്ങള്‍ മുഖത്തു തീക്കാറ്റുപോലെ വന്നടിക്കുന്നത് അനുഭവിക്കാം. 1867ല്‍, പണിയുന്ന കാലത്ത്, ഒരാള്‍ക്കു കിടക്കാന്‍ പോന്ന സെല്ലില്‍ സ്റ്റാലിന്റെ കൂട്ടക്കുരുതികളുടെ കാലത്ത് 25 പേരെ വരെ ഇട്ടിരുന്നുവത്രെ. ട്രോട്‌സ്‌കിയെയും അലക്‌സാണ്ടര്‍ കെരന്‍സ്‌കിയെയുമൊക്കെ സാര്‍ ചക്രവര്‍ത്തി ജയിലിലിട്ടത് ഇവിടെയാണ്. പിന്നീട് കമ്യൂണിസ്റ്റ് തൊഴിലാളി വര്‍ഗ ഭരണകൂടം വന്നപ്പോള്‍ അത് കവികളെയും ചിന്തകരെയുമായി എന്നു മാത്രം. മകനെ കാണാന്‍വേണ്ടി ജയില്‍മുറ്റത്തു 17 ദിവസം വരി നിന്നതിനെക്കുറിച്ച് അന്ന അഖ്മത്തോവ എഴുതിയിട്ടുള്ള ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന വരികള്‍ ആ വിശാലമായ കാരാഗൃഹാങ്കണത്തിലൂടെ നടക്കുമ്പോള്‍ അറിയാതെ ഓര്‍ത്തുപോയി.

മനസ്സിനെ മഥിക്കുന്ന മറ്റൊരു കാഴ്ച പിസ്‌കാറിയോസ്‌കോയ് സ്മാരക ശ്മശാനമാണ്. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉപരോധത്തിന്റെയും പ്രതിരോധത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്ന ശ്മശാനം. ജീവത്യാഗത്തിന്റെയും ദേശസ്‌നേഹത്തിന്റെയും കൂട്ടക്കുരുതിയുടെയും നടുക്കുന്ന ഓര്‍മകളുണര്‍ത്തുന്ന ശ്മശാനം. ഇവിടെയാണ,് 1941 സപ്തംബര്‍ എട്ടു മുതല്‍ 1944 ജനവരി 27 വരെ 900 ദിവസം നീണ്ടു നിന്ന നാസി ഉപരോധത്തില്‍ പട്ടിണി കിടന്നു മരിച്ച എട്ടു ലക്ഷത്തോളം വരുന്ന നഗരവാസികളില്‍ അഞ്ചു ലക്ഷം പേരെ ഒരുമിച്ച് അടക്കം ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതികളിലൊന്നിന്റെ ആര്‍ത്തനാദങ്ങള്‍ ഇപ്പോഴും അവിടെ അലയടിക്കുന്നതു പോലെ തോന്നും.
++++++++++


യാത്രയിലുടനീളം ഞങ്ങളെ നയിച്ചത് മലയാളി ഡോക്ടറായ ഒരു യുവാവായിരുന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെഡിസിന്‍ വിദ്യാര്‍ഥികളായ മിക്ക ഇന്ത്യക്കാര്‍ക്കും ഇടവേളകളിലെ തൊഴില്‍ ഇതാണെന്ന് അയാള്‍ പറഞ്ഞു. ടൂറിസ്റ്റ് ഗൈഡായോ ടാക്‌സി ഡ്രൈവറായോ മാളുകളില്‍ ജോലി ചെയ്‌തോ പഠിക്കുന്ന അവര്‍ക്ക് ലെനിന്‍ഗ്രാഡിന്റെ ഓരോ തുടിപ്പും ഹൃദിസ്ഥമാണ്. മുദ്ര കമ്യൂണിക്കേഷന്‍സ് ചെയര്‍മാനും നിരന്തരയാത്രികനുമായ സുഹൃത്ത് മധുകര്‍ കാമത്തിന്റെ സാന്നിധ്യവും ഞങ്ങളുടെ ഈ യാത്രയെ അനായാസമാക്കി.

ഓരോ യാത്രകള്‍ കഴിയുംതോറും ബോധ്യപ്പെട്ടു വരുന്ന ഒരു കാര്യമുണ്ട്. എല്ലാം കണ്ടുതീര്‍ക്കാന്‍ ആര്‍ക്കുമാവില്ല. കാണുന്നത് നന്നായി കാണുക. കാഴ്ചകള്‍ ഹൃദ്യമാക്കുക എന്നതാണ് പ്രധാനം. സെന്റ് പീറ്റേഴ്‌സ്ബര്‍ഗൊക്കെ കണ്ടുതീര്‍ക്കണമെങ്കില്‍ മാസങ്ങള്‍ അവിടെ താമസിക്കേണ്ടി വരും. ഓടിപ്പാഞ്ഞ് എല്ലാം കണ്ടു തീര്‍ക്കാന്‍ ശ്രമിക്കുന്നതിനു പകരം കൃത്യമായി പ്ലാന്‍ ചെയ്ത ശേഷം മാത്രം ഇറങ്ങുക, പരമാവധി സമയം ഉപയോഗപ്പെടുത്തുക. കാണാന്‍ പറ്റാതെ പോയതിനെക്കുറിച്ചു വേവലാതിപ്പെടാതിരിക്കുക. ഇന്ന് ട്രാവല്‍പ്ലാനിങ്ങൊന്നും മുന്‍കാലങ്ങളിലെ പോലെ വിഷമകരമല്ല. കമ്പ്യൂട്ടറില്‍ ഒരു ക്ലിക്ക് അകലത്തില്‍ എല്ലാ വിവരങ്ങളും നമുക്കു ശേഖരിക്കാവുന്നതേയുള്ളൂ.

മറ്റൊരു കാര്യം കൂടി ഈ യാത്രയില്‍ പഠിച്ചു. ഏതു നഗരത്തിലും നമുക്കാവശ്യമുള്ള എന്തും കിട്ടും എന്ന കാര്യം. പക്ഷെ അന്വേഷിക്കണം, കണ്ടെത്തണം. അത് ഒരാനന്ദവുമാണ്. യാത്രയുടെ ഹരങ്ങളിലൊന്ന്. പ്ലാന്‍ ചെയ്ത് പിഴവില്ലാതെ മുന്നേറുന്ന യാത്രയില്‍ ഇടയ്ക്ക് ഇത്തരം ചില സര്‍പ്രൈസുകള്‍ ഉണ്ടാവണം. വെജിറ്റേറിയന്‍ ഭക്ഷണം തേടി മധുകര്‍ കാമത്തുമൊത്ത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടത്തിയ അന്വേഷണത്തിന്റെ രസം അത്തരത്തിലൊന്നായിരുന്നു. റഷ്യയിലേക്കു പുറപ്പെടുമ്പോഴുള്ള പ്രധാന വേവലാതികളിലൊന്ന,് ഭക്ഷണത്തെക്കുറിച്ചുള്ളത്, അന്ന് അതോടെ തീര്‍ന്നു. പന്നിയിറച്ചിയും മീന്‍വിഭവങ്ങളും മാത്രം വില്‍ക്കുന്ന നൂറായിരം ഭക്ഷണശാലകള്‍ക്കിടയിലൂടെ തേടിത്തേടി കണ്ടെത്തിയ ഫൈവ്സ്റ്റാര്‍ നിലവാരമുള്ള ആ സമ്പൂര്‍ണ സസ്യാഹാര ഹോട്ടല്‍ വലിയ ഒരനുഭവം തന്നെയായിരുന്നു. രാത്രിയുടെ നിറപ്പകട്ടാര്‍ന്ന വര്‍ണക്കൂട്ടുകളോടെ പാട്ടും നൃത്തവുമായി ആഘോഷം തിമിര്‍ത്ത രാത്രികളില്‍ അവിടെ നിന്നു കഴിച്ച ഭക്ഷണത്തിന്റെ രുചി സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ മധുരം നിറഞ്ഞ ഓര്‍മയായി ബാക്കി നില്‍ക്കുന്നു.

Travel Info

St.Petersburg

St. Petersburg is a beautiful and fascinating holiday destination in Russia and one of the most intriguing and historically significant cities in Europe. Visit the city in the midst of a romantic and snowy Russian winter or during the dazzling White Nights of the summer months. You will be spellbound by St. Petersburg's culture and beauty.
Location: Russia, Eastern Europe, the Eastern shore of the Baltic Sea (Gulf of Finland)

How to reach

By Air: St Petersburg is well connected to all major cities in the world. International flights arrive at Pulkovo-1 & 2 Airports. Both airports are to the South of the city, and connected to Moskovskaya Metro Station (on the blue line) by bus and marshrutka services.
Currency: Ruble (Exchange rate: 30 Rubles = $1)

VISA:

Excepting the citizens of some CIS countries, any non-Russian national wishing to enter the Russian Federation must bear a valid Russian visa. If you book a tour through a travel agency back home, then you shouldn't have to worry about visas and registration. Contact address of Russian consulates in India: Consulate General of the Russian Federation in Madras (Chennai), 14, Santhome High Road, Chennai, 600004, India. Ph: 044 2498-2320, 2498-2330. E-mail: madrasrus@vsnl.com. Embassy of the Russian Federation, Shantipath, Chanakyapuri. New Delhi, 110021, India. Ph: 011 2611-0640, 2611-0641, 2611-0642, 2611-0644, 2611-0565, 2687-3800, 2687-3802. E-mail: indrusem@del2.vsnl.net.in (embassy), indconru@del2.vsnl.net.in (consular department), rusintrd@ndb.vsnl.net.in (trade department), rusintrd@del2.vsnl.net.in (trade department). Consular department: Ph: 011 2611-0560, 2687-3800
E-mail:indconru@del2.vsnl.net.in

Safety:

St.Petersburg made a name for itself in the nineties as the crime capital of Russia. However, organized crime never had any effect on tourists. To avoid being a victim, follow the obvious precautions: do not carry more cash than necessary and try not to display large sums in public places. keep large sums in a money belt or sealable inner pocket, keep credit cards seperately, and don't carry valuables in a backpack or easily opened bags. It is only really dangerous to be out late away from the center. It will be easiest to find the small police stations located in most metro stations and large hotels - few policemen speak English, so try to find someone Russian to help you.

Sights and Attractions:

The Peter and Paul Fortress, The Cabin of Peter the Great, The Summer Garden and Summer Palace of Peter the Great, The Stock Exchange and Rostral Columns, St. Petersburg State University, The Menshikov Palace, The Hermitage, Palace Square and the Alexander Column, The Admiralty, 'The Bronze Horseman', St Isaac's Cathedral, The Blue Bridge, The Mariinsky Palace, The Mariinsky Opera and Ballet Theater, Nevsky Prospect (St. Petersburg's lively main street), Kazan Cathedral, Arts Square and the Russian Museum, The Mikhailovsky (St. Michael's) Castle, Smolny Cathedral, The Cruiser 'Aurora', The Piskariovskoye Memorial Cemetery, Peterhof, The Parks and Palaces of Pushkin. For details:http://www.saint-petersburg.com, http://www.russiatourism.ru/en