ഇളവെയില്‍ തട്ടി മിന്നിത്തിളങ്ങുന്ന ഒരു കടുവയുടെ ചിത്രം. ഏതു വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറുടേയും വന്യമായ സ്വപ്‌നം. ക്യാമറയ്ക്ക് പിടിതരാതെ എന്നും വഴിമാറി നടന്ന അവനെ ഒടുവില്‍ ബാന്ധവ്ഗഢില്‍ വെച്ച് നേര്‍ക്കുനേര്‍ കണ്ടപ്പോള്‍
In my dreams
I take the paws
Of a lonely tiger
And together we dance..
-Jeffrey McCambridgeഇളവെയിലില്‍, പുഴക്കരയിലെ പാറക്കെട്ടില്‍, വെള്ളത്തില്‍ മുഖം നോക്കി നില്‍ക്കുന്ന ശാന്തഗംഭീരനായ കടുവ. തിളങ്ങുന്ന കണ്ണുകളും മിന്നുന്ന മേലുടുപ്പും അലസമായ നടത്തവും. നഖങ്ങളാല്‍ പാറക്കെട്ടുകളില്‍ കവിത വരച്ച് പതുങ്ങിയുള്ള നടത്തം. പുഴ കടന്ന് കാട്ടിലേക്ക് കയറിപ്പോകുമ്പോള്‍ വെറുതെ ഒരു തിരിഞ്ഞുനോട്ടം. പ്രലോഭിപ്പിക്കുന്ന കാമുകിയുടേതു പോലെ.

കാടിന്റെ എല്ലാ ഗാംഭീര്യവും സൗന്ദര്യവും ഒത്തുചേരുന്നത് കടുവകളിലാണ്. പുഴ മുറിച്ചു കടക്കുന്ന കടുവയെപ്പോലെ കാനനസഞ്ചാരികളെ വ്യാമുഗ്ധരാക്കുന്ന കാഴ്ച വേറെയില്ല. ഒരു കടുവ മുന്നില്‍ വന്നു നില്‍ക്കുന്നത് സങ്കല്‍പ്പിച്ചു നോക്കാതെ ഒരിക്കലും കാട്ടിലൂടെ നമുക്ക് സഞ്ചരിക്കാനാവില്ല. ഫോട്ടോഗ്രാഫി ഭ്രമങ്ങളുള്ളവര്‍ക്ക് പ്രത്യേകിച്ചും. വെയിലേറ്റു മിന്നിത്തിളങ്ങുന്ന അവന്റെ ചിത്രമാണ് ഏതു വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറുടെയും ഏറ്റവും വന്യമായ സ്വപ്‌നം.

ക്യാമറയുമായി കാടിലൂടെയുള്ള യാത്രകള്‍ ആരംഭിക്കുന്നത് ജിം കോര്‍ബെറ്റിന്റെ 'കുമയൂണിലെ നരഭോജിക'ളൊക്കെ വായിക്കുന്നതിനും എത്രയോ മുമ്പാണ്. അന്നൊന്നും കടുവകളെക്കുറിച്ച് അധികം അറിയുമായിരുന്നില്ല. ആനയും മാനുമൊക്കെയായിരുന്നു ഇഷ്ടവിഷയങ്ങള്‍. കോര്‍ബെറ്റിന്റെ പുസ്തകമാണ് പുതിയൊരു ഉള്‍ക്കാഴ്ച തന്നത്. നൂറു കണക്കിനു മനുഷ്യരെ വേട്ടയാടിയ കടുവകളെപ്പറ്റി കോര്‍ബെറ്റ് നല്‍കുന്ന വിവരണം ഉള്‍ക്കിടിലത്തോടെയല്ലാതെ വായിക്കാനാവില്ല. എന്നാല്‍ കടുവകളോട് ശത്രുതയല്ല, ആരാധനയും സഹാനുഭൂതിയുമാണ് അദ്ദേഹത്തിന്റെ വിവരണം ഉണര്‍ത്തിയിരുന്നത്. അതു വായിച്ചവരാരും ആ 'നരഭോജിക'ളെ വെറുത്തിരിക്കാനിടയില്ല.
കടുവകളെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും അതിലെ സാഹസികത പ്രലോഭിപ്പിക്കുകയും ചെയ്തതോടെ ഒരു കടുവയുടെ ചിത്രമെങ്കിലും പകര്‍ത്തണമെന്ന ആഗ്രഹം മനസ്സില്‍ മുളപൊട്ടി. വയനാട്ടിലെ കാടുകളില്‍ നിന്ന് യാത്രകള്‍ മെല്ലെ പുറത്തേക്കു വ്യാപിച്ചു. പല കാടുകളിലും സഞ്ചരിച്ചു. ടൈഗര്‍ സാങ്ച്വറികളില്‍ താമസിച്ചു. കടുവകളുടെ യാത്രാപഥങ്ങളില്‍ തമ്പടിച്ചു കാത്തിരുന്നു. നിരാശയായിരുന്നു ഫലം. ഒരിക്കലും ഫ്രെയിമിലേക്കു വരാതെ അവന്‍ ഒഴിഞ്ഞുമാറി. സിംഹവും ആനയും പുലിയുമൊക്കെ എത്രയോ വട്ടം പെണ്ണുകാണല്‍ച്ചടങ്ങിനെന്നപോലെ ക്യാമറയ്ക്കു മുന്നില്‍ വന്നു നിന്നിട്ടുണ്ടെങ്കിലും കടുവ മാത്രം വഴങ്ങിയില്ല. ഒന്നു മനസ്സിലായി, വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഗ്രഹവും ഒരിക്കലും കിട്ടാത്ത ഭാഗ്യവുമാണ് കടുവകളുമായുള്ള മുഖാമുഖം.എങ്കിലും അവസരം കിട്ടുമ്പോഴെല്ലാം യാത്രകള്‍ തുടര്‍ന്നു. ബാന്ധവ്ഗഢിലെ ടൈഗര്‍ സാങ്ച്വറിയിലെത്തുന്നതും അങ്ങിനെയാണ്. 'പ്രൊജക്റ്റ് ടൈഗറ'ിന്റെ മേധാവി രാജേഷ് ഗോപാലുമായുണ്ടായ ഒരു കൂടിക്കാഴ്ച പഴയ മോഹം മനസ്സില്‍ വീണ്ടുമുണര്‍ത്തുകയായിരുന്നു. എവിടെ കണ്ടില്ലെങ്കിലും ബാന്ധവ്ഗഢില്‍ കടുവയെ കാണുമെന്ന് രാജേഷ് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ഉള്ളിലെ ക്യാമറയില്‍ എന്നോ പതിഞ്ഞുപോയ ആ ചിത്രം ഒരു പ്രലോഭനം പോലെ വീണ്ടും തെളിഞ്ഞുവന്നു. ഒരാഴ്ച നീളുന്ന മധ്യപ്രദേശ് യാത്രയില്‍ ബാന്ധവ്ഗഢായി പ്രധാന ലക്ഷ്യം. ഡല്‍ഹിയില്‍ നിന്ന് ഖജുരാഹോയിലെത്തി, ഒരു ദിവസം 'രതിദേവതമാരുടെ ക്ഷേത്ര'ത്തില്‍ ചിലവഴിച്ച ശേഷം നേരേ ബാന്ധവ്ഗഢിലേക്ക് തിരിച്ചു. ഏഷ്യയിലെ ഏറ്റവും മികച്ച ടൈഗര്‍ സാങ്ച്വറിയിലേക്ക്. ഇത്തവണ ഒരു കടുവയെയെങ്കിലും 'ഷൂട്ട്' ചെയ്യാതെ മടങ്ങുകയില്ല എന്ന വാശിയോടെ.

ഒരു കാലത്ത് റേവാ രാജാക്കന്മാരുടെയും മുഗള്‍ സുല്‍ത്താന്മാരുടെയും പിന്നീട് വൈസ്രോയിമാരുടെയും മൃഗയാകേന്ദ്രമായിരുന്നു ബാന്ധവ്ഗഢ്. തോക്കും പരിവാരങ്ങളുമായി കാടിളക്കി കടുവകളെ പായിച്ച് വെടിവെച്ചു രസിച്ചിരുന്ന തമ്പുരാക്കന്മാരില്‍ നിന്ന് ആനപ്പുറത്തിരുന്ന് കടുവകളെ 'ഷൂട്ട് ചെയ്യുന്ന' സഞ്ചാരികളിലേക്ക് ബാന്ധവ്ഗഢിന്റെ കഥ മാറിയിട്ട് ഏറെക്കാലമൊന്നും ആയിട്ടില്ല. കടുവകളുടെ എണ്ണം ഭീതിദമാം വിധം കുറയുകയും വംശം തന്നെ ഇല്ലാതാകുമോ എന്ന ആശങ്ക ഉയരുകയും ചെയ്ത സമയത്താണ് ബാന്ധവ്ഗഢ് കടുവകളുടെ ദേശീയോദ്യാനമായി ഉയര്‍ത്തപ്പെടുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതമാണ് ഇത്. 32 കുന്നുകള്‍ ചൂഴ്ന്നു നില്‍ക്കുന്ന ബാന്ധവ്ഗഢ് കോട്ടയും ചുറ്റും താഴ്‌വരകളും കണ്ണെത്താദൂരം പരന്നുകിടക്കുന്ന പുല്‍മേടുകളും പാറക്കൂട്ടങ്ങളും നദികളും ഉള്ള ഈ കാട് കടുവകള്‍ക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയാണ്. മൊട്ടക്കുന്നുകളും കുറ്റിക്കാടുകളും ധാരാളം. വേട്ടയാടാന്‍ വേണ്ടത്ര മൃഗങ്ങള്‍. വിഹരിക്കാന്‍ അനന്തമായ മേച്ചില്‍പ്പുറങ്ങള്‍. ഇവിടെ കടുവകളുടെ സംഖ്യ പ്രതിവര്‍ഷം പെരുകിക്കൊണ്ടിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ നാമാവശേഷമായിരുന്ന കടുവകളുടെ എണ്ണം ഇപ്പോള്‍ അറുപതിലെത്തി നില്‍ക്കുന്നു.


++++++++++
അതിരാവിലെ തുടങ്ങിയതാണ് ഞങ്ങളുടെ യാത്ര. ജീപ്പിലും ആനപ്പുറത്തുമായി കാട് അരിച്ചു പെറുക്കിയുള്ള സഞ്ചാരം. കടുവാ കുട്ടപ്പന്‍ എന്നു പ്രശസ്തനായ മലയാളി ടൂര്‍ ഓപ്പറേറ്ററാണ് റൈഡിന്റെ സംഘാടകന്‍. ബാന്ധവ്ഗഢിലെത്തുന്ന മിക്കവരുടെയും സഫാരി ഏര്‍പ്പാടാക്കുന്നത് കുട്ടപ്പനാണ്. കാടിനെ കൈവെള്ളയിലെന്ന പോലെ അറിയുന്നയാള്‍. ബാന്ധവ്ഗഢിലെ ഓരോ കടുവയെയും പേരെടുത്ത് പരിചയപ്പെടുത്താന്‍ പോന്ന അറിവുണ്ട് കുട്ടപ്പന്. എവിടെ കടുവയുണ്ടാവും, എപ്പോള്‍ കാണാം -എല്ലാം അയാള്‍ക്കറിയാം. അയാള്‍ ബാന്ധവ്ഗഢിലെത്തിയിട്ട് എത്രയോ വര്‍ഷമായിരിക്കുന്നു. ആനപ്പുറത്ത് സഞ്ചരിച്ച് കാടിന്റെ മുക്കും മൂലയും ഹൃദിസ്ഥമായിരിക്കുന്നു. എത്രയോ പേരെ അപകടങ്ങളില്‍ നിന്നു രക്ഷിച്ച കഥയും കുട്ടപ്പന് പറയാനുണ്ട്. ഇന്ന് സ്വന്തമായി ജീപ്പുകളും ടൂര്‍ ബിസിനസ്സും എലിഫെന്റ് റൈഡുമൊക്കെയുള്ള വലിയ ആളായെങ്കിലും കാടിനോടുള്ള ഹൃദയബന്ധം കുട്ടപ്പന്‍ ഉപേക്ഷിച്ചിട്ടില്ല. അയാള്‍ ഏര്‍പ്പാടാക്കിത്തന്ന പരിചയ സമ്പന്നരായ ഗൈഡുമാരാണ് ഞങ്ങളെ നയിക്കുന്നത്്. കടുവകളെ ട്രാക്ക് ചെയ്യാന്‍ അവര്‍ക്കുള്ള കഴിവ് അപാരമാണ്. അതിനാല്‍ ഇത്തവണ കടുവയെ കാണുമെന്ന പ്രതീക്ഷ ഇരട്ടിച്ചു.

കാടിനകത്ത് ജീപ്പുകള്‍ ധാരാളമുണ്ട്. ഈയിടെയായി കടുവകളെ കാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. മുപ്പതോ നാല്‍പ്പതോ ദിവസം മുമ്പേ ബുക്ക് ചെയ്താലാണ് ടിക്കറ്റ് ലഭിക്കുക. തിരക്കു നിയന്ത്രിക്കാന്‍ താല, പാന്‍പത്ത, മാഗധി, ഖിതോളി തുടങ്ങിയ പല സോണുകളായി സാങ്ച്വറി വിഭജിച്ചിരിക്കുകയാണ്. ഓരോ സോണിലേക്കും വെവ്വേറെ ടിക്കറ്റ് വേണം. എന്നാല്‍ രാജേഷ് ഗോപാലിന്റെ വിശിഷ്ടാതിഥികളായതുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാ സോണിലേക്കും പ്രവേശനം അനുവദിച്ചിരുന്നു. താല സോണിലാണ് കടുവകള്‍ കൂടുതലുള്ളതെന്നും അവ മനുഷ്യരുമായി കുറച്ചുകൂടി ഇണങ്ങിയതാണെന്നും രാജേഷ് ഗോപാല്‍ പറഞ്ഞിരുന്നു. അതിരാവിലെ പോകുന്നതാണ് നല്ലതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഞങ്ങളെത്തുമ്പോള്‍ കാട് ഉണര്‍ന്നിട്ടില്ല. സമയം അഞ്ചര. ആറു മണിയ്ക്ക് ഗേറ്റ് തുറക്കും. താല ഗേറ്റിലൂടെ ആദ്യത്തെ ബാച്ചില്‍തന്നെ ഞങ്ങള്‍ അകത്തു കടന്നു. സഞ്ചാരം തുറന്ന ജീപ്പിലാണ്. മഞ്ഞും ഇരുട്ടും മൂടി നില്‍ക്കുന്ന വഴികള്‍. കടുവകളെ കാണുമെന്നുറപ്പുള്ള ട്രാക്കുകളാണവ. അവന്‍ സ്ഥിരമായെത്തുന്ന പുഴയിറമ്പും മരക്കൊമ്പുകളും പാറക്കെട്ടുകളുമൊക്കെ ട്രാക്കര്‍മാര്‍ക്കറിയാം. ഓരോ ഇടവും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടാണ് അവര്‍ സഫാരി നയിക്കുന്നത്. അവരുടെ വയര്‍ലെസ് ഫോണിലേക്ക് ഇടയ്ക്കിടെ ചില സന്ദേശങ്ങളും വരുന്നുണ്ട്. മറ്റു ജീപ്പുകളില്‍ നിന്നുള്ള ഗൈഡുമാരാവണം. 'സാഥ് നമ്പര്‍വാലീ നദി കേ കിനാരേ മെം ഹെ...', 'ബി വണ്‍ ദൂസരാ സോണ്‍ കീ ഓര്‍ ചല്‍താ ഹെ...' -ജീപ്പിലെ സഞ്ചാരികളായ സന്ദര്‍ശകര്‍ക്ക് രഹസ്യകോഡുകള്‍ പോലെ തോന്നുന്ന സംഭാഷണങ്ങള്‍ ഇങ്ങിനെ പോകുന്നു. കാട്ടിലെ കാറ്റില്‍, ജീപ്പുകളില്‍ നിന്ന് ജീപ്പുകളിലേക്ക് പറന്നു നടക്കുന്ന ഈ സന്ദേശങ്ങളിലധികവും കടുവകളുടെ സഞ്ചാരദിശയെക്കുറിച്ചുള്ളതാണ്. ഈ സാങ്ച്വറിയിലെ ഓരോ കടുവക്കും പേരുണ്ട്. ബി വണ്‍, ബി സിക്‌സ് തുടങ്ങിയ നമ്പറുകളാണ് പേര്. കടുവകളുടെ ടെറിട്ടറിയുമായി അതിനു ബന്ധമുണ്ടായിരിക്കണം.

മണിക്കൂറുകള്‍ കടന്നു പോയി. സമയം ഒമ്പതാവുന്നു. പാപി ചെല്ലുന്നിടം പാതാളം. ഒരു കടുവയെപ്പോലും കാണാന്‍ കഴിഞ്ഞില്ല. വെറുതെ നടന്നാല്‍ പോലും കടുവകളെ കാണുന്ന കാട്ടില്‍, കാട്ടുപൂച്ച പോലുമില്ല. വഴിയില്‍ അവിടെയും ഇവിടെയുമായി കുറച്ചു മാനുകളുണ്ട്. മുത്തങ്ങയിലോ തിരുനെല്ലിയിലോ പോയാല്‍ അതിനേക്കാള്‍ എത്രയോ മടങ്ങ് മാനുകളെ റോഡരുകില്‍ പോലും കാണാം. നിരാശയോടെ പ്രഭാതസഫാരി അവസാനിപ്പിച്ച് ഞങ്ങള്‍ ബാന്ധവ്ഗഢ് കോട്ടയിലേക്ക് ട്രെക്കിങ്ങിനു പോയി.

ജംഗിള്‍ റൈഡല്ലാതെ കാര്യമായൊന്നും ബാന്ധവ്ഗഢിലില്ല. കോട്ടയും ചില ഗുഹകളും വെള്ളച്ചാട്ടങ്ങളും സാങ്ച്വറിക്കു പുറത്തുള്ള ബാഗല്‍ മ്യൂസിയവുമൊക്കെയാണ് മറ്റു കാഴ്ചകള്‍. 2625 അടി ഉയരത്തിലുള്ള കോട്ട മനോഹരമായ കാഴ്ച തന്നെ. വലിയ പാറക്കൂട്ടങ്ങളും ചെങ്കുത്തായ ചെരിവുകളും കരിങ്കല്‍ ഗുഹകളും നിറഞ്ഞ മലയ്ക്കു മുകളിലാണ് 2000 വര്‍ഷമെങ്കിലും പഴക്കമുള്ള കോട്ട. അവിടെ നിന്നുള്ള വിശാലമായ വനദൃശ്യം മറക്കാനാവില്ല. സമീപത്തെ ഗുഹകളില്‍ ക്ഷേത്രങ്ങളും സംസ്‌കൃതത്തിലുള്ള ശിലാലിഖിതങ്ങളും ധാരാളം കാണാം.

കോട്ട സന്ദര്‍ശനം കഴിഞ്ഞ്് അല്‍പ്പം വിശ്രമിച്ച് വൈകുന്നേരം ഞങ്ങള്‍ വീണ്ടും കടുവവേട്ടയ്ക്കിറങ്ങി. ഈറ്റമുളകള്‍ ചാഞ്ഞുനില്‍ക്കുന്ന കാട്ടിലൂടെയാണ് യാത്ര. ജീപ്പിലും ആനപ്പുറത്തുമായി യാത്ര ചെയ്യുന്ന വേറെയും സംഘങ്ങള്‍ കാടിനകത്തുണ്ട്. എലിഫന്റ് സഫാരി ചിലവുള്ളതാണെങ്കിലും രസകരമാണ്. ആനപ്പുറത്ത് മുള വെച്ചുകെട്ടിയ സീറ്റില്‍ മൂന്നുനാലു പേര്‍ക്ക് ഒരേ സമയം കയറാം. ഏതിടത്താണ് കടുവയുള്ളതെന്ന കണക്കുകൂട്ടല്‍ ആനയ്ക്കുമുണ്ട്, ഗൈഡുകള്‍ക്കുമുണ്ട്. മുളങ്കാടുകള്‍ക്കിടയിലൂടെ പോകുമ്പോള്‍ ഏതു നിമിഷവും കടുവയെ കാണാമെന്ന തോന്നല്‍ നമുക്കും ഉണ്ടാവും. അതാണ് യാത്രയിലെ സസ്‌പെന്‍സ്. പക്ഷെ വലിയ ചെലവുള്ളതാണ് ബാന്ധവ്ഗഢിലെ എലിഫെന്റ് റൈഡ്. മുപ്പതിനായിരത്തോളം രൂപ വേണ്ടിവരും. അതേ സമയം, ജീപ്പിന് ആയിരം രൂപയും ജിപ്‌സിക്ക് 1550 രൂപയുമാണ് എന്‍ട്രി ഫീ. ഗൈഡ് ഫീ 200 രൂപയും ബുക്കിങ് ചാര്‍ജ് 30രൂപയും. എല്ലാം കൂടി 1230 രൂപ. (വരുന്ന ഒക്ടോബര്‍ 16 മുതല്‍ ഇത് രണ്ടായിരം രൂപയായി ഉയര്‍ത്തുമെന്നു കേള്‍ക്കുന്നു).

വെയില്‍ ചായുന്നു. പുഴയിറങ്ങി, പുല്‍മേടുകള്‍ താണ്ടി സംഘം യാത്ര തുടര്‍ന്നു. കടുവ വരാനിടയുള്ള സ്ഥലങ്ങളിലെല്ലാം ഏറെക്കുറെ പോയിക്കഴിഞ്ഞു. അവന്‍ എവിടെയുമില്ല. ഇന്നിനി സാധ്യതയില്ലെന്ന തോന്നല്‍ ഗൈഡുകളെയും പിടികൂടിയതു പോലെ. ആ സമയത്താണ് ഒരു സന്ദേശം വന്നത്. കൃത്യമായ ദിശ സൂചിപ്പിക്കുന്ന ഒരു സന്ദേശം. സമീപത്തുള്ള ഏതോ ജീപ്പില്‍ നിന്നാവണം. ഇവിടെ ബി സിക്‌സ് കിടപ്പുണ്ട്. ബി വണ്ണിന്റെ അടിയേറ്റ് കണ്ണിന് എന്തോ പറ്റിയിട്ടുണ്ട്. അതിനാല്‍ ഉടനെ ഇവിടം വിട്ടുപോകാന്‍ സാധ്യതയില്ല. പൊടുന്നനെ സംഘം ഉഷാറായി. ദിശ ഗണിച്ച് സംഘം അങ്ങോട്ടു നീങ്ങി. ക്യാമറ റെഡിയാക്കി വെച്ചു. മനസ്സ് ആകാംക്ഷാഭരിതമായി. ഇതാ, ഒരു കടുവയെ പകര്‍ത്താന്‍ പോകുന്നു.

മുളങ്കാടുകള്‍ വകഞ്ഞു മാറ്റി ശബ്ദമുണ്ടാക്കാതെ സംഘം മുന്നോട്ട്. ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് ഗൈഡ് ഒരു മരച്ചുവട്ടിലേക്കു കൈ ചൂണ്ടി. ആദ്യം ഒന്നും കണ്ടില്ല. ഉയര്‍ന്നു നില്‍ക്കുന്ന പുല്ലുകളും ചാഞ്ഞുകിടക്കുന്ന മുളകളും കാഴ്ചയെ മറയ്ക്കുന്നു. കുറെ നേരം നോക്കിനിന്നപ്പോള്‍ മരങ്ങള്‍ക്കിടയിലൂടെ ഓറഞ്ചും വെളുപ്പും വരകള്‍ തെളിഞ്ഞുവന്നു. സാന്ധ്യവെയിലില്‍ പള്ളികൊള്ളുന്ന ശാന്തഗംഭീരനായ കടുവ മെല്ലെ മെല്ലെ ലെന്‍സില്‍ തെളിഞ്ഞു.


Travel Info


Bandhavgarh, National Tiger Park in Madhya Pradesh, is a dream destination for wildlife lovers. Densely populated with tigers, it is one place where you are certain of seeing a tiger in its natural habitat.

Location

Madhya Pradesh, Umaria Dt.
Distance Chart: Delhi : 978 km, Gwalior: 565 km, Umaria : 35 km, Khajuraho : 270 km, Jabalpur : 190 km, Satna : 120 km, Katni : 102 km, Bhopal 481 km.

How to reach

By Air: Khajurao (6.5hrs drive)
By Rail: Umaria (30 mts drive), Katni(2 hrs) or Jabalpur (4hrs)
By road: It is very well connected from Jabalpur,Katni,Umaria, & Satna (If planning by Train) and Khajuraho if planning by Air. Ensure you have made arrangements for a pick-up from all above places.

Contact

STD Code: 0755
Bandhavgarh National Park, Ph: 07627- 265366aMadhyapradesh State Tourism Development Corporation, Bhopal. Website: www.mptourism.com, Email: info@ mptourism.com a Fax: 2779476, Hotel Booking Ph: 2778383 aTransport Booking Ph: 2775572. Contact Between: 10:00 AM to 5:00 PM (Mon to Sat)

Entry Timing

6am to 10 am. 2.30 pm to 5.30 pm.
Best Season
Nov -Jun, The park is closed form July 1 to September 30. Months of April, May and June are best for tiger sightings.
Stay
MP Tourism Hotel Booking, Ph: 2778383 a White Tiger Forest Lodge, ` 2,990 to 3990, Ph: 07627-265366