തുരുത്തില്‍ തുള്ളിച്ചാടി നടന്ന കുഞ്ഞാനയും കാവലാനകളും പുഴകയറി വരുന്ന സംഘത്തെ സ്വീകരിക്കുന്ന കാഴ്ച അതീവ ഹൃദ്യമായിരുന്നു. മണത്തും തടവിയും ആശ്ലേഷിച്ചും അവര്‍ ലയിച്ചു ചേര്‍ന്നു. രണ്ടു കുഞ്ഞാനകളും കൂടിയായി പിന്നീടു കളി.

കാടിന്റെ ജീവിതം പൂത്തുലയുന്നതു പുഴക്കരകളിലാണ്. പുഴയിലേക്കിറങ്ങിക്കിടക്കുന്ന ഓരോ ചെരിവിലും പച്ചപ്പുല്ലും തിന്ന് പുഴവെള്ളവും കുടിച്ച് ആനകളോ മാനുകളോ കാട്ടിക്കൂട്ടങ്ങളോ മേയുന്നുണ്ടാവും. മീന്‍ പിടിക്കുന്ന ആദിവാസികളേയും വഴിയിലുടനീളം കാണാം.

തുരുത്തുകളും ദ്വീപുകളും പിന്നിട്ട്, അല്ലലില്ലാതെ വിഹരിക്കുന്ന മൃഗങ്ങളെയും മരക്കുറ്റികളില്‍ വിശ്രമിക്കുന്ന പക്ഷിജാലങ്ങളെയും കണ്ട്, ബോട്ടു മുന്നോട്ടു നീങ്ങി. തേക്കടിയില്‍ നിന്ന് പെരിയാറിലൂടെ ഒഴുക്കിനെതിരെ മൂന്നു മൂന്നര മണിക്കൂര്‍ നീണ്ട സഞ്ചാരം. മുല്ലയാറും പെരിയാറും ചേരുന്ന മുല്ലക്കുടിയാണ് ലക്ഷ്യം. ഇന്നു രാത്രി, കാട്ടാനകളുടെ ചിന്നംവിളികള്‍ക്കും രാപ്പാടികളുടെ സദിരിനും നടുവില്‍, മുല്ലക്കുടിയിലെ കൊടുംകാട്ടിലാണ് താമസം.

ആദ്യത്തെ അരമണിക്കൂര്‍ പുഴയില്‍ വേറെയും ബോട്ടുകളുണ്ടായിരുന്നു. സഞ്ചാരികളുടെ സംഘങ്ങള്‍. തേക്കടിയുടെ അതിര്‍ത്തി വരെ മാത്രം. പിന്നെ ഞങ്ങള്‍ തനിച്ചായി. പ്രത്യേകാനുമതി ആവശ്യമുള്ള നിബിഡ വനമേഖലയിലൂടെയാണ് ഇപ്പോള്‍ യാത്ര. സൂര്യനെ മറയ്ക്കുന്ന വൃക്ഷജാലങ്ങള്‍. പുഴയിലേക്കിറങ്ങിക്കിടക്കുന്ന മരച്ചാര്‍ത്തുകള്‍. ഊഞ്ഞാല്‍വള്ളികള്‍. അതില്‍ പാറിക്കളിക്കുന്ന പക്ഷിക്കൂട്ടങ്ങള്‍. ഇരുകരയിലും വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങള്‍. പുഴ നീളെ തുരുത്തുകള്‍. വെള്ളത്തില്‍ തട്ടിച്ചിതറുന്ന വെയില്‍നാളങ്ങള്‍. ലോകത്തെവിടെയും കാണാത്ത അപൂര്‍വ സസ്യജാലങ്ങളും പക്ഷികളുമുള്ള ജൈവനിലം. അതിലൂടെയുള്ള യാത്ര ആദിമമായ ആനന്ദങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്കു പോലെ തോന്നി.

നൂറു വയസ്സു പിന്നിട്ട മരക്കുറ്റികളാണ് പുഴ നിറയെ. നല്ല പരിചയമുള്ളവര്‍ക്കേ ഇതിലൂടെ ബോട്ടോടിക്കാനാവൂ. ഓരോ മരക്കുറ്റിയിലും ഒരു പക്ഷിയെങ്കിലും ഉണ്ടാവും. ഹോണ്‍ബില്ലുകളോ പൊന്മാനുകളോ. മുമ്പൊരിക്കല്‍ ഇതു വഴി വന്നപ്പോള്‍ പുഴയിലേക്കിറങ്ങിക്കിടക്കുന്ന ഒരു കുന്നിന്‍ചെരുവില്‍ വേഴാമ്പലുകളെക്കൊണ്ടു നിറഞ്ഞ ഒരു മരം കണ്ടത് ഓര്‍ക്കുന്നു. ഇലച്ചാര്‍ത്തില്‍ തൊങ്ങലിട്ടതു പോലെ നിരവധി ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്ലുകള്‍. അവ ഒന്നിച്ചു പറന്നതും മാനം മൂടിക്കൊണ്ട് പുഴയ്ക്കു മേലേക്കൂടി വട്ടമിട്ടതും ഓര്‍മയിലുണ്ട്. ഇക്കുറി ഹോണ്‍ബില്ലുകളെ അധികം കണ്ടില്ല. എവിടെ പോയോ ആവോ!

മാര്‍ച്ചിന്റെ ചൂടില്‍ പുകഞ്ഞു നില്‍ക്കുന്ന പുല്‍മേടുകള്‍ താണ്ടി, വെള്ളം കുറഞ്ഞ പുഴയിലൂടെ ബോട്ട് മുന്നോട്ടു നീങ്ങി. മുല്ലക്കുടിയോടടുക്കും തോറും കാട് തിടംവെച്ചു വന്നു. കാടിന്റെ ജീവിതം പൂത്തുലയുന്നതു പുഴക്കരകളിലാണ്. പുഴയിലേക്കിറങ്ങിക്കിടക്കുന്ന ഓരോ ചെരിവിലും പച്ചപ്പുല്ലും തിന്ന് പുഴവെള്ളവും കുടിച്ച് ആനകളോ മാനുകളോ കാട്ടിക്കൂട്ടങ്ങളോ മേയുന്നുണ്ടാവും. മീന്‍ പിടിക്കുന്ന ആദിവാസികളെയും വഴിയിലുടനീളം കാണാം. വലിയ ചൂണ്ടയുമായി പുഴക്കരയില്‍ കുത്തിയിരിക്കുന്ന ഇവര്‍ക്ക് മാത്രമേ കാട്ടില്‍ നിന്നു മീന്‍ പിടിക്കാന്‍ അനുമതിയുള്ളൂ. വേനലിന്റെ കാഠിന്യം കൊണ്ട് പച്ചപ്പിനു നേരിയ കുറവുണ്ട്. എന്നാല്‍ കാട്ടിലെ വേനല്‍ ധാരാളം മൃഗങ്ങളെ കാണാന്‍ കിട്ടുന്ന അവസരമാണ്. ചൂടു സഹിക്കാനാവാതെ മൃഗങ്ങള്‍ കൂട്ടമായി പുഴക്കരയിലേക്കിറങ്ങുന്ന സമയം. നീരാടുന്ന കൊമ്പന്മാരും ചളിയില്‍ കുത്തിമറിയുന്ന കാട്ടിക്കൂട്ടങ്ങളും ഈ കാലത്തു സമൃദ്ധമായ കാഴ്ചയാണ്. പെരിയാര്‍ സങ്കേതത്തിലെ കടുവകളും പുഴക്കരയിലെത്തും. യാത്രയിലുടനീളം നദീതീരത്ത് ഞങ്ങള്‍ ആനകളെ കണ്ടു. നൂറുകണക്കിനു മാനുകളും കാട്ടികളും വേറേയും.
മുല്ലക്കുടിയിലെ ഫോറസ്റ്റ് ക്യാമ്പിലാണ് ഇന്നു രാത്രി താമസം. ഉള്‍ക്കാട്ടില്‍, പുഴക്കരയില്‍ മനോഹരമായ ഒരു സ്രാമ്പി. ഉയരമുള്ള കാലുകളില്‍ മരം കൊണ്ടു പണിത, രണ്ടു മുറികളുള്ള സുന്ദരമായ ഒരു ഗസ്റ്റ് ഹൗസ്. അതു കണ്ടാല്‍ ഒരു രാത്രിയെങ്കിലും അവിടെ ചിലവിടാന്‍ കൊതിക്കാത്തവര്‍ ഉണ്ടാവില്ല. പോരുന്ന വഴി പുഴവക്കില്‍ തിരുവിതാംകൂര്‍ രാജാവിന്റെ വേനല്‍ക്കാലവസതിയായിരുന്ന ലേക്ക് പാലസ് കണ്ടിരുന്നു. തേക്കടിയിലെത്തുന്ന യാത്രികര്‍ക്ക് ഒരു പ്രലോഭനമാണ് അതും. അപൂര്‍വസുന്ദരമായ ഒരു വാസ്തുശില്‍പ്പം പോലെ തലയുയര്‍ത്തിനില്‍ക്കുന്ന സ്വപ്‌നലോകത്തെ സ്വര്‍ണക്കൊട്ടാരം! (ഇന്നത് കെ.ടി.ഡി.സിയുടെ ഹോട്ടലാണ്. ഒരു ദിവസമെങ്കിലും രാജകൊട്ടാരത്തില്‍ താമസിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരമുണ്ട്!) എന്നാല്‍ മുല്ലക്കുടിയിലെ ഏകാന്തവനനിബിഡതയില്‍ ഒളിച്ചിരിക്കുന്ന ഈ ലളിതമായ സ്രാമ്പിയാണ് പ്രൗഢമായ ലേക്ക് പാലസിനേക്കാള്‍ വനസഞ്ചാരിയെ വ്യാമോഹിപ്പിക്കുക.

തേക്കടിയിലെ വൈല്‍ഡ്‌ലൈഫ് ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയന്‍ എസ്. കുമാറാണ് ഞങ്ങളെ നയിച്ചിരുന്നത്. സഞ്ജയനെ പറമ്പിക്കുളത്തു വച്ചും കണ്ടിട്ടുണ്ട്. പ്ലാസ്റ്റിക്കിനെതിരായ നിലപാടുകളിലൂടെയും റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിനും കമ്യൂണിറ്റി ടൂറിസം പ്രോജക്റ്റിനും നല്‍കിയ സംഭാവനകളിലൂടെയും ഡിപ്പാര്‍ട്‌മെന്റിനകത്തും പുറത്തും പേരെടുത്ത നല്ല ഉദ്യോഗസ്ഥരിലൊരാളാണ് സഞ്ജയന്‍. തേക്കടിയിലെത്തിയ ശേഷം അവിടെയും തന്റേതായ മുദ്ര പതിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സഞ്ജയന്‍ തുടക്കം കുറിച്ചിട്ടുണ്ട്. നിരവധി പുതിയ ഗെയിംസുകളും ആക്റ്റിവിറ്റികളും ഇപ്പോള്‍ തേക്കടിയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു. അതു വിവരിക്കാന്‍ ഫോറസ്റ്റ് ഗാര്‍ഡുകള്‍ കാണിക്കുന്ന ആവേശവും പോകുന്ന വഴി ഒരിടത്ത് കണ്ട പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കാണിച്ച ഉത്സാഹവുമൊക്കെ ആ സമീപനത്തിന്റെ തെളിവായിരുന്നു. സഞ്ജയന്‍ ഒറ്റപ്പെട്ട പ്രതിഭാസമല്ല. വനംവകുപ്പില്‍ ഇപ്പോള്‍ അദ്ദേഹത്തെപ്പോലെ കാടിനെ സ്‌നേഹിക്കുന്ന യഥാര്‍ഥ വനപാലകരുടെ ഒരു നിര തന്നെയുണ്ട്.

മുല്ലക്കുടിയെത്തുമ്പോള്‍ വൈകുന്നേരമായി. സ്രാമ്പിയിലേക്കു തിരിയുന്നിടത്ത് ഇടത്തും വലത്തും ഓരോ തുരുത്തുകളുണ്ട്. വലത്തു വശത്തെ തുരുത്തില്‍ ഞങ്ങളെ വരവേല്‍ക്കാനെന്നോണം നില്‍ക്കുന്നു, രണ്ടാനകളും ഒരു കുഞ്ഞും. അഭിവാദ്യം ചെയ്യുന്ന പോലെ തുമ്പിയുയര്‍ത്തിയ ആനകള്‍ ഇത്തിരിക്കുഞ്ഞനെ കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ചു പിടിക്കാനും ശ്രദ്ധിച്ചു. ആ കാഴ്ച നോക്കി ഏറെ നേരം ഞങ്ങള്‍ മതിമറന്നു നിന്നു. നിരവധി ചിത്രങ്ങളും പകര്‍ത്തി. സ്രാമ്പിയിലേക്കു മടങ്ങുമ്പോഴാണ് ഞങ്ങള്‍ അതു കണ്ടത്. മറുവശത്തെ തുരുത്തില്‍ അതിനേക്കാള്‍ വലിയ ഒരു ആനക്കൂട്ടം നില്‍ക്കുന്നു. അവരുടെ കൂട്ടത്തിലുമുണ്ട് ഒരു കുഞ്ഞനാന. ഞങ്ങളെ കണ്ടതോടെ അവരും കുറെ നേരം അവനെ വലയം ചെയ്തു നിന്നു. ഞങ്ങളും അനങ്ങിയില്ല. പിന്നെ കുഴപ്പമില്ലെന്നു തോന്നിയതു കൊണ്ടാവാം, മെല്ലെ അവര്‍ പുഴയിറങ്ങി ഇപ്പുറത്തേക്കു വരാന്‍ തുടങ്ങി. കുട്ടിക്കൊമ്പനെ പുഴ നീന്താന്‍ എല്ലാവരും ചേര്‍ന്നു സഹായിക്കുന്നുമുണ്ട്.

തുരുത്തില്‍ തുള്ളിച്ചാടി നടന്ന കുഞ്ഞാനയും കാവലാനകളും പുഴകയറി വരുന്ന സംഘത്തെ സ്വീകരിക്കുന്ന കാഴ്ച അതീവ ഹൃദ്യമായിരുന്നു. മണത്തും തടവിയും ആശ്ലേഷിച്ചും അവര്‍ ലയിച്ചു ചേര്‍ന്നു. രണ്ടു കുഞ്ഞാനകളും കൂടിയായി പിന്നീടു കളി. ചെവിയാട്ടിയും പുല്ലുവാരി ദേഹത്തെറിഞ്ഞും അവരെ വലയം ചെയ്തു പുഞ്ചിരി തൂകി നില്‍ക്കുന്ന ആനക്കൂട്ടവും. ആരെയും ആകര്‍ഷിക്കുന്ന കാഴ്ച്ചയായിരുന്നു അത്. കൂടുതല്‍ ചെറുതായതു കൊണ്ടാവണം ആദ്യം കണ്ട കുട്ടിക്കൊമ്പനെ ആനക്കൂട്ടം പുഴ കടത്തി കൊണ്ടുപോകാഞ്ഞത്. രണ്ടു കാവല്‍ക്കാരെ ഏല്‍പ്പിച്ച് മറ്റെല്ലാവരും കൂടി മറുകരയിലേക്കു പോയതാവണം. ആനകളുടെ സംഘം ചേര്‍ന്നും സഹായിച്ചുമുള്ള പുഴ കടക്കലും വരിവരിയായുള്ള കരപറ്റലും ആനക്കൂട്ടം തിരിച്ചെത്തിയപ്പോള്‍ അതുവരെ കുഞ്ഞനാനക്കു കാവല്‍ നിന്നവരുടെ ആഹ്ലാദപ്രകടനങ്ങളുമൊക്കെ കണ്ടപ്പോള്‍ കാട്ടിലെ ജീവജാലങ്ങളുടെ കുടുംബജീവിതത്തെക്കുറിച്ച് അറിയാതെ ഓര്‍ത്തുപോയി. അദ്ഭുതപ്പെട്ടു. കാട്ടില്‍ പോകുന്നതോ ആനകളെ കാണുന്നതോ ഇതാദ്യമല്ല. ഒറ്റയാന്മാരെയും കൊലയാനകളെയുമൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്ര അടുത്ത് കാട്ടാനകളുടെ വികാരതീവ്രമായ ഒരു കുടുംബസംഗമം ഇതാദ്യമായാണ് കാണുന്നത്. സന്ധ്യ മയങ്ങും വരെ സ്രാമ്പിയിലിരുന്ന് ഞങ്ങളാ കാഴ്ച ആസ്വദിച്ചു. പുഴയില്‍ നിന്നു പിടിച്ച മീന്‍ പൊരിച്ചതും നല്ല ചോറുമൊക്കെയായി സുഹൃത്തുക്കളായ ആഷിക്കും രാജുവുമൊക്കെ ആ സന്ധ്യ ആഘോഷിച്ചു.
രാത്രി കാടിനെ ഗ്രസിച്ചു. കുന്നിറങ്ങി, പുഴ താണ്ടി, പടുകൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ നടന്നുവന്ന,് ഇരുട്ട് സ്രാമ്പിയെ പൊതിഞ്ഞു. കാട്ടില്‍ വീണ ഒറ്റനക്ഷത്രം പോലെ, മുനിഞ്ഞു കത്തുന്ന അരണ്ട മെഴുകുതിരി വെളിച്ചം മാത്രമുള്ള സ്രാമ്പി ഇരുട്ടില്‍ മറഞ്ഞു കിടന്നു. സ്ഫടികം പോലെ തെളിഞ്ഞ നദി താഴെ. നിലാവും നക്ഷത്രങ്ങളും നിറഞ്ഞ മാനം മേലെ. രാപ്പൂക്കളും സുഗന്ധവുമായി ജനലരികില്‍ മരമേലാപ്പ്. മദിപ്പിക്കുന്ന ഏകാന്തത ചുറ്റിലും. അകലെയും അരികിലുമായി കാടിന്റെ സംഗീതം. പുഴയിലും കാട്ടിലും കേള്‍ക്കുന്ന ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും കാതോര്‍ത്ത് ഒച്ചയുണ്ടാക്കാതെ ഞങ്ങള്‍ ഒരു രാത്രി മുഴുവന്‍ സ്രാമ്പിയില്‍ കാത്തിരുന്നു. ഗാഢമായ ആലിംഗനത്തില്‍ ഉറക്കം കാടിനെയും ഞങ്ങളെയും മയക്കിക്കിടത്തും വരെ...

രാവിലെ ഒരു മാനിന്റെ നിറുത്താതെയുള്ള കരച്ചില്‍ കേട്ടാണ് എല്ലാവരും ഉണര്‍ന്നത്. അടിക്കാടില്ലാത്ത മരത്തോപ്പുകളാണ് ചുറ്റും. കടുവകള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലപ്രകൃതി. ഒരു പക്ഷെ, അടുത്തെവിടെയെങ്കിലും കടുവ ഉണ്ടാവും. തേക്കടിയില്‍ നിന്ന് ഇതുവരെ കടുവയെ കാണാന്‍ സാധിച്ചിട്ടില്ല. എല്ലാവരും ചാടിയിറങ്ങി. മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങളുടെ സാന്ദ്രച്ഛായകളിലൂടെ, ആ ശബ്ദത്തെ പിന്‍തുടര്‍ന്നു കൊണ്ട് ഞങ്ങള്‍ നടന്നു. വലിയ മരങ്ങളും വണ്ണമുള്ള വള്ളികളും നിറഞ്ഞ വഴി. ആരോഗ്യമുള്ള കാടിന്റെ ലക്ഷണമാണത്. ശബ്ദമുണ്ടാക്കാതെ, ജാഗ്രതയോടെയുള്ള നടത്തം. കാട്ടില്‍ നടക്കുമ്പോള്‍ ഗന്ധങ്ങളും അപരിചിത ശബ്ദങ്ങളും വായിച്ചെടുക്കാന്‍ പഠിക്കുക എന്നതാണ് പ്രധാനം.

നടന്നു നടന്ന് കാടിനു നടുവിലെ പഴയൊരു വാച്ച് ടവര്‍ വരെ ഞങ്ങളെത്തി. കടുവയെ കണ്ടില്ല. ഇപ്പോള്‍ ആ ശബ്ദവും ഇല്ല. എങ്കിലും ആ പുലര്‍കാല സവാരി ഞങ്ങളെ ഉത്സാഹഭരിതരാക്കി. പ്രകൃതിയുടെ വിസ്മയമാണ് ഓരോ പ്രഭാതവും. അതിന്റെ ആശ്ലേഷത്തില്‍ തരളിതരാവാത്തവര്‍ ആരുമുണ്ടാവില്ല. ഇത്ര സ്വച്ഛശാന്തമായ പ്രഭാതം അടുത്ത കാലത്തൊന്നും അനുഭവിച്ചിട്ടില്ല. പുകയില്ല. എയര്‍ ഹോണില്ല. ഭ്രാന്തമായ വേഗമില്ല. കണ്ണെരിച്ചിലില്ല. ശ്വാസം മുട്ടലില്ല. സ്വച്ഛതയുടെയും ശാന്തതയുടെയും ഇത്തരം രാപ്പാര്‍പ്പുകള്‍ക്കും പുലര്‍വേളകള്‍ക്കും വേണ്ടിയാണ് ഇടയ്ക്കിടെ കാട്ടിലേക്കോടുന്നത്. കുറെ നാളായി അതു സാധിക്കാറില്ല. ആ സങ്കടം മുഴുവന്‍ ഒറ്റയടിക്കു മാറ്റുന്നതായിരുന്നു ഈ യാത്ര. കടുവയെ കാണാതെ നിരാശരായി മടങ്ങിയെങ്കിലും ഒരു ദിവസത്തേക്കു വേണ്ട ഊര്‍ജവും ശുദ്ധവായുവും ആ കാട്ടുവഴി ഞങ്ങള്‍ക്കു പകര്‍ന്നു തന്നു.

പ്രാതല്‍ കഴിഞ്ഞപ്പോള്‍ മുല്ലപ്പെരിയാറിലേക്കു തിരിച്ചു. കളിയും ചിരിയുമായി വീണ്ടുമൊരു നദീയാത്ര. വഴിയും പകലും വളരുന്നതിനൊപ്പം പുഴക്കു വീതിയും ആഴവും കുറഞ്ഞു വന്നു. വെള്ളം പലയിടത്തും വറ്റിത്തുടങ്ങിയിരിക്കുന്നു. വീതി തീരെ കുറഞ്ഞ ഒരിടത്ത്, നേര്‍ത്ത വെള്ളച്ചാലിനടുത്ത് ഒരാനക്കൂട്ടം. സ്പീഡ് ബോട്ടല്ല. പെട്ടെന്നു വേഗം കൂട്ടാനാവില്ല. ആഴവുമില്ല. ഡ്രൈവര്‍ക്കു പേടി. എല്ലാവര്‍ക്കുമുണ്ടായി ആശങ്ക. പുഴയിലേക്ക് ചാര്‍ജ് ചെയ്താല്‍ അവയ്ക്ക് അനായാസം ബോട്ടു പിടിക്കാം. ശങ്കിച്ചു നില്‍ക്കണ്ട, വിട്ടോ എന്ന് എല്ലാവരും ധൈര്യം പകര്‍ന്നു. ആശങ്ക അസ്ഥാനത്തായിരുന്നില്ല എന്ന് അടുത്ത നിമിഷം തന്നെ മനസ്സിലാവുകയും ചെയ്തു. ബോട്ടു കടന്നതും കൂട്ടത്തിലൊരുവന്‍ ചാര്‍ജ് ചെയ്തു. എന്നാല്‍ വെള്ളത്തിനടുത്തു വരെ കുതിച്ചു വന്ന അവന്‍ പിന്നെ എന്തോ ഓര്‍ത്തെന്ന പോലെ പൊടുന്നനെ നിന്നു. ബോട്ട് നിമിഷം കൊണ്ട് അവനില്‍ നിന്ന് അകലുകയും ചെയ്തു.
മുന്നില്‍ ഭീമാകാരനായ ഡാം തെളിഞ്ഞു വന്നു. ഇപ്പോള്‍ ഡാം പൊട്ടിയാലോ എന്നായി ഒരാള്‍. എങ്കില്‍ കൊച്ചിക്കു നേരിട്ടെത്താമല്ലോ എന്നു മറ്റൊരാള്‍. അറിയാതെ മൊബൈലെടുത്ത് ജോയ് ആലുക്കാസിന്റെ നമ്പറുണ്ടോ അതിലെന്നു വെറുതെ പരതി നോക്കി. ആ വിമാനം കൊടുത്തയക്കാനെങ്കിലും ആവശ്യപ്പെടാമായിരുന്നു. ഡാമില്‍ നിന്നൊഴുകി വരുന്ന ചെളിയില്‍ കാല്‍ പുതഞ്ഞു നിന്ന് വിമാനത്തിനു കൈനീട്ടുന്ന രംഗം ഭാവനയില്‍ സൃഷ്ടിച്ച് എല്ലാവരും ചിരിച്ചു.

മുല്ലപ്പെരിയാറില്‍ നിന്ന് ദൂരെ മലമുടിയിലെ മംഗളാദേവി ക്ഷേത്രത്തിലേക്കു നീളുന്ന പാത മുന്നില്‍. എങ്കില്‍ അവിടെക്കൂടി പോകാം. ഞങ്ങള്‍ അങ്ങോട്ടു തിരിച്ചു. ഫോര്‍ വീല്‍ ജീപ്പു മാത്രമേ ആ വഴി താണ്ടൂ. വാടക ജീപ്പില്‍ അസ്ഥി നുറുങ്ങുന്ന ഒരു യാത്ര. മലയുടെ മുതുകിലൂടെയാണ് യാത്ര. ഒരു വശത്ത് വിശാലമായ ഡാം. മറുവശത്ത് കണ്ണഞ്ചിക്കുന്ന പച്ചപ്പ്. അതു തമിഴ്‌നാടിന്റെ കൃഷിനിലങ്ങളാണ്. നമ്മില്‍ നിന്നു കിട്ടുന്ന ഓരോ തുള്ളി വെള്ളവും അവര്‍ പൊന്നു വിളയിക്കാന്‍ ഉപയോഗിക്കുന്നു. ജലം ഉപയോഗിക്കുന്നതില്‍ നമുക്കുള്ള അലംഭാവം ഒരു യാഥാര്‍ഥ്യമാണെന്നു തോന്നും ആ വയലുകള്‍ കണ്ടാല്‍. പതിനഞ്ചു രൂപക്ക് ഒരു കിലോ മുന്തിരിയും നമ്മുടെ മാര്‍ക്കറ്റിനേക്കാള്‍ മൂന്നിലൊന്നു വിലക്കു പച്ചക്കറിയും കിട്ടും അവിടെ.

മംഗളാദേവിയില്‍ നിന്നു മടങ്ങുമ്പോള്‍ യാത്ര തുടങ്ങിയ ശേഷം ആദ്യമായി ആരുടെയോ ഫോണ്‍ ചിലച്ചു. അപ്പോഴാണോര്‍ത്തത്, രണ്ടു ദിവസമായി ഇതു പോലുമില്ലാത്ത ജീവിതമായിരുന്നു. ശരിയായ അര്‍ഥത്തിലുള്ള റിലാക്‌സേഷന്‍. പതിവു ജീവിതബഹളങ്ങളുടെ ലോകത്തേക്കു മടങ്ങാന്‍ സമയമായി എന്ന ഓര്‍മപ്പെടുത്തല്‍ പോലെയായിരുന്നു ആ ഫോണ്‍ബെല്‍. സഞ്ജയന്റെ ഫോണാണ്. ഭാര്യയുടെ അച്ഛന് ഒരപകടം. ഉടനെ എത്തണം. താന്നിക്കുടിയിലേക്കുള്ള യാത്ര മറ്റൊരിക്കലാവാം. സംഘം നേരെ തേക്കടിയിലേക്കുള്ള ബോട്ടില്‍ കയറി.
THEKKADY


Location

On the Kerala- Tamilnadu border. Periyar Tiger Reserve is about 4 km fromKumily town. Idukki dt.

How to Reach


By road: Thekkady is just 5 km from Kumily on NH 220. Kumily KSRTC Bus Stand has regular connections with all major cities of Kerala and important cities of Tamilnadu.Thekkady is on SH 19, connecting Munnar to Periyar Wildlife Sanctuary.

By rail: Kottayam,114 km.

By air: Madurai 145 km, Kochi Nedumbassery 190 km, Thiruvananthapuram 272 km.

Timing: 7 am to 6pm. Etnrance fee: Rs. 5, Vehicle Rs. 10.
Best season: August to May

What to do


Boating in the Periyar lake: Timing: 7am, 9.30am, 11.30am, 2pm, 4pm. Fare: KTDC boats (4 boats) - Upper deck: Rs. 150 per head. Lower deck Rs. 75 per head. KTDC 222023. Forest Department boats: Rs. 40 per head ( 5 boats). Forest Departement Boat landing, 222028 n Sanctuary Watch Towers: There are two watch towers in the interiors of the Periyar Wildlife Sanctuary. Reservations can be made at the Divisional Forest Office, Thekkady. 222027, Thekkady Range Office: 224571 n Elephant Rides, Trekking: coducted by the Forest Department. For more information please call to the Wildlife Preservation Officer, Thekkady, 222027,222028 n Plantation tours which covers spice, coffee and tea plantations, tea factories,t ribal settlements etc can be arranged through the District Tourism Information office at Thekkady junction, 222620.


Stay at Thekkady


STD Code: 04869
Periyar House (KTDC) Rs. 1850-2850 Ph. 222026
Aranya Nivas (KTDC) Rs. 4002-5162 Ph. 222023 ,222282
Lake Palace (KTDC) Rs. 11417-17167 Ph. 222023
Jungle Inn Rs. 2000 Ph 224571
Bamboo Grove Rs.1500 per cottage Ph. 224571
The Elephant Court Rs. 3000- 25,000 Ph. 9895167199, 9895767199
Club Mahindra Tusker Trails Rs. 4750-7500 Ph.22273
Ranger Wood Nature Castle Rs. 1500-3500 Ph.222004, 224004
Hotel Tree Top Rs. 3000-8000 Ph. 223287
Hotel Ambadi Rs. 1350-1900 Ph 222193
Silver Crest Rs. 2000-4000 Ph. 222481-83, 223801
Medow View Inn Rs. 750-1500 Ph. 9447389736
Contact Std Code: 04869
For Enquiries & Bookings: Periyar Ecotourism Cetnre Ph. 224571
Periyar Tiger Reserve, Thekkady Ph. 222027
Forest Information Cetnre, Boat Landing Ph. 22028
District Tourism Information Office, Thekkady junction Ph.222620
Departement of Tourism Ph. 222389,222366
Websites: www.peryartigerreserve.org,Email: mail@periyartigerreserve.org, tourism@periyartigerreserve.org n Travel Agents & Tour Operators: Global Tour Operators & Travel agents, Kumily, Telefax 223467, email:globalkumily@gmail.coma Mickey Travels, Kumily Ph. 222196 n Touromark Ph. 2243329 n Thekkady Tours and Travels, Kumily, Telefax 222988.