പൗരാണികതയുടെയും പ്രലോഭനങ്ങളുടെയും നഗരമായ ഏതന്‍സില്‍ രണ്ടു ദിവസം.

എല്ലാവര്‍ക്കും വേണ്ടത് ഏതന്‍സിലുണ്ട്'. അയോണിയയില്‍ നിന്ന് ഈജിയന്‍ കടല്‍ താണ്ടി ഏതന്‍സിനെ വളയുമ്പോള്‍ പടയാളികളെ പ്രലോഭിപ്പിക്കാന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി ദാരിയൂസ് പറഞ്ഞ വാക്ക് അതാണ്. കപ്പല്‍ കരയ്ക്കടുക്കുമ്പോള്‍ നിങ്ങള്‍ക്ക് അകമ്പടി സേവിക്കാന്‍ തയ്യാറായി ഗ്രീക്ക് സുന്ദരികളുടെ നീണ്ട നിര തന്നെ സാലഭഞ്ജികമാരെപ്പോലെ നില്‍പ്പുണ്ടാവും -ദാരിയൂസ് പറഞ്ഞു. ചരിത്രത്തിന്റെ ഏതോ അന്തരാള ഘട്ടത്തില്‍ ഏതന്‍സിന് അങ്ങിനെയും ഒരു (അപ)ഖ്യാതി ഉണ്ടായിരുന്നു. അകമ്പടി കന്യകമാരുടെയും പ്രലോഭനങ്ങളുടെയും നഗരം!

നൂറ്റാണ്ടുകള്‍ കടന്നു പോയി. എത്രയോ സാമ്രാജ്യങ്ങള്‍ വാണും വീണും മാഞ്ഞും മറഞ്ഞും പോയി. ഏതന്‍സ് ഇപ്പോഴും അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി നിങ്ങളെ പ്രലോഭിപ്പിക്കുന്നു. ആധുനിക ഏതന്‍സിന്റെ തിരുമുറ്റത്തേക്കു കാലെടുത്തു വെക്കുമ്പോള്‍ നിങ്ങളോടു ട്രാവല്‍ ഏജന്റ് ചോദിക്കുന്നു: സര്‍, എസ്‌കോര്‍ട് ഗേള്‍സിനെ വേണോ? ഓഫീസ് മുറിക്കു പുറത്ത് സാലഭഞ്ജികമാരെപ്പോലെ അകമ്പടി കന്യകമാര്‍ അതിഥികളെ കാത്ത് നിരന്നിരിക്കുന്നു. ഏതന്‍സിലെ ഏതാണ്ടെല്ലാ ട്രാവല്‍ ഗ്രൂപ്പുകള്‍ക്കും എസ്‌കോര്‍ട് ഗേള്‍ സര്‍വീസുണ്ട്. താലമേന്തിയെന്ന പോലെ അവര്‍ നിങ്ങളെ ആനയിക്കും, പരിചരിക്കും. ആതിഥ്യമരുളും, നഗരം ചുറ്റിക്കാണിക്കും.

ദാരിയൂസിന്റെ പടയാളികള്‍ക്ക് ഏതന്‍സിന്റെ ആനന്ദങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ടായില്ല. തുറമുഖത്ത് കാലെടുത്തുവെക്കും മുമ്പേ അവരെ വരവേറ്റത് ഗ്രീക്ക് കപ്പല്‍പ്പടയുടെ ശരമാരി ആയിരുന്നു. അമ്പുകള്‍ മഴ പോലെ വര്‍ഷിച്ചപ്പോള്‍ ദാരിയൂസിന്റെ കപ്പല്‍പ്പട പിന്‍തിരിഞ്ഞോടി. ആത്തോസ് മല ചുറ്റി മടങ്ങുന്ന വഴി അഥീനാദേവിയുടെ മരണാലിംഗനം അവരെ വരിഞ്ഞു. ആ കപ്പല്‍പ്പടയെ കൊടുങ്കാറ്റ് മുക്കി.
ചരിത്രവും സൗന്ദര്യവും ഇഴചേര്‍ന്ന ഗ്രീക്ക് കഥകളില്‍ വ്യാമുഗ്ധരായി 2010ലെ മെയ് ദിനത്തില്‍ ഏതന്‍സില്‍ ചെന്നിറങ്ങുമ്പോള്‍, ദാരിയൂസിന്റെ പടയാളികളെപ്പോലെ, ഞങ്ങളെയും കാത്തുനിന്നത് കലാപത്തിന്റെ ശരമാരിയായിരുന്നു. ഏതന്‍സിലെ തെരുവുകളില്‍ യുദ്ധസമാനമായ പോരാട്ടം! ടിയര്‍ ഗ്യാസ് ഷെല്ലുകളും വെടിയുണ്ടകളുമായി പോലീസും തൊഴിലാളികളും ഏറ്റുമുട്ടുന്നു. തെരുവു യുദ്ധത്തില്‍ ഒരാള്‍ മരിച്ചു. ഗ്രീസിലെ തൊഴിലാളി സംഘടനകള്‍ അന്താരാഷ്ട്ര നാണയനിധിയുടെ ഇടപെടലുകള്‍ക്കെതിരെ നടത്തിയ മാര്‍ച്ചുകള്‍ പോലീസുമായുള്ള സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. ഏതന്‍സ് ഇന്ന് പാവപ്പെട്ടവര്‍ക്കു ജീവിക്കാനുള്ള നഗരമല്ല. സഞ്ചാരികള്‍ക്കു സന്ദര്‍ശിക്കാനുള്ള നഗരമാണ്. സാധാരണക്കാരുടെ ദൈനംദിന ജീവിതം നാള്‍തോറും ദുരിതപൂര്‍ണമാവുകയാണ്. കാറുകളും കാല്‍നടക്കാരും അപ്പാര്‍ട്ട്‌മെന്റുകളും ഷോപ്പിങ് മാളുകളും കൊണ്ടു വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ സാധാരണക്കാരനായ ഗ്രീക്കുകാരന് ജീവിക്കാന്‍ ഇടമില്ല. പ്രാന്തപ്രദേശങ്ങളിലേക്കു തുരത്തിയോടിക്കപ്പെട്ട സമൂഹമായി ഈ നഗരത്തിന്റെ യഥാര്‍ഥ അവകാശികള്‍ മാറുന്നു എന്നാണ് പ്രതിഷേധക്കാരുടെ വാദം.

എങ്കിലും ഏതന്‍സെന്ന മഹാനഗരം സഞ്ചാരികളായ ഞങ്ങളെ വരവേറ്റു. പ്രാചീനകാലം മുതലേ അതങ്ങിനെയായിരുന്നു. ആക്രമിക്കാനെത്തുന്നവര്‍ക്കും അതിഥികള്‍ക്കും ഒരേ മനസ്സോടെ ആതിഥ്യമരുളുന്ന നഗരം. ഒരു കൈയില്‍ വാളും മറുകൈയില്‍ വരവുമായി അഥീനാ ദേവതയെപ്പോലെ അതിഥികളെ ആലിംഗനം ചെയ്തു വരവേല്‍ക്കുന്ന നഗരം. ചരിത്രാതീത കാലം മുതല്‍ക്കു തന്നെ ഈജിയന്‍ കടല്‍ ചുറ്റിപ്പോകുന്ന നാവികരും പടയാളികളും വ്യാപാരികളും ഏതന്‍സില്‍ വിശ്രമിച്ചേ പോകാറുള്ളൂ. ഗ്രീക്ക് സുന്ദരികളും വീഞ്ഞും വിഭ്രമിപ്പിക്കുന്ന കാഴ്ചകളും ഏതന്‍സ് അവര്‍ക്കു വേണ്ടി എന്നും കരുതിവെച്ചു.
എത്രയോ യുദ്ധങ്ങള്‍, എത്രയോ പടയോട്ടങ്ങള്‍! എല്ലാം ഏതന്‍സിനു വേണ്ടി. സഞ്ചാരികളുടെ മാത്രമല്ല സാമ്രാജ്യ മോഹികളുടെയും പ്രലോഭനമായിരുന്നു ഏതന്‍സ്. തുര്‍ക്കികളും പേര്‍ഷ്യക്കാരും ജര്‍മ്മന്‍കാരുമൊക്കെ ഏതന്‍സിനെ അധീനതയിലാക്കാന്‍ എക്കാലവും ശ്രമിച്ചുകൊണ്ടിരുന്നു. വ്യാപാരികള്‍ അവള്‍ക്കു വിലപേശാന്‍ വന്നു. പ്രാചീന ഒളിമ്പിക്‌സിന് പട്ടും പൊന്നും വളയുമായി വിദൂരമായ തെക്കുകിഴക്കനേഷ്യയില്‍ നിന്നു പോലും വ്യാപാരികള്‍ വരാറുണ്ടായിരുന്നുവെന്ന് പ്ലൂട്ടാര്‍ക്ക് എഴുതിയിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടിലെ സഞ്ചാരിയായ പോസാനിയാസിന്റെ ഒരു കുറിപ്പില്‍ സൂനിയം മുനമ്പു കടക്കുമ്പോഴേ കാണുന്ന, ആക്രൊപൊളിസിനു മുകളിലെ പാര്‍ഥിനോണ്‍ ദേവപ്രതിമയുടെ കിരീടത്തിലും ശൂലാഗ്രത്തിലും തട്ടി പൊട്ടിച്ചിതറുന്ന, സൂര്യപ്രകാശത്തെക്കുറിച്ചു പറയുന്നുണ്ട്. ലോകസഞ്ചാരികളെ മുഴുവന്‍ തീയിലേക്കു ശലഭങ്ങളെയെന്നപോലെ ആകര്‍ഷിക്കുന്ന ആ സൗന്ദര്യം ഇന്നും ചരിത്രത്തിന്റെ തിരുശേഷിപ്പു പോലെ ഏതന്‍സില്‍ ബാക്കിനില്‍ക്കുന്നു.

തീക്ഷ്ണസൗന്ദര്യം മാത്രമല്ല, ഇന്ത്യയുമായി സമരസപ്പെടുന്ന ഒരു ഹൃദയവും ഈ മഹാനഗരത്തിനുണ്ടെന്ന് ഞങ്ങള്‍ക്ക് വൈകാതെ ബോധ്യപ്പെട്ടു. ഏതന്‍സിലെ ആദ്യദിനം തന്നെ കലീന എന്നൊരു പെണ്‍കുട്ടിയായിരുന്നു ഞങ്ങളുടെ എസ്‌കോര്‍ട്ട് ഗൈഡ്. വഴികാട്ടി. അവളുടെ പേരില്‍ എവിടെയോ ഒരിന്ത്യന്‍ സ്പര്‍ശമുള്ളതായി ഞങ്ങള്‍ക്കു തോന്നി. കലീന എന്ന പേരിനോട് ഇന്ത്യന്‍ സന്ദര്‍ശകര്‍ എപ്പോഴും ഈ പരിചിതത്വം കാണിക്കാറുണ്ടെന്ന് അവളും പറഞ്ഞു. കലീന, നിങ്ങളുടെ കാളിയുമായി സാമ്യമുള്ള ഒരു പേരാണ്. ഇന്ത്യന്‍ പേരുകളുമായി സാമ്യമുള്ള പേരുകള്‍ വേറെയും പ്രചാരത്തിലുണ്ട്. മാത്രമല്ല, സായിബാബ, ആചാര്യ രജനീഷ് തുടങ്ങിയവര്‍ക്കെല്ലാം വന്‍ ആരാധക വൃന്ദവും ഗ്രീസിലുണ്ട്. കലീന പറഞ്ഞത് ശരിയാണെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബോധ്യപ്പെട്ടു. യാത്രയില്‍ ഇന്ത്യ എല്ലായ്‌പ്പോഴും കടന്നു വന്നു. പിറ്റേന്നു കിട്ടിയ എസ്‌കോര്‍ട്ട് ലേഡിയുടെ പേരും കാലി എന്നായിരുന്നു! പിന്നെ, കാലീസ് എന്ന ദ്വീപ്. മെക്കിനോസ് ദ്വീപില്‍ കണ്ട രജനീഷിന്റെ ശിഷ്യനായ ആന്ദ്രേ എന്ന യുവാവ്. ഇള ബീച്ചിലെ സായി ഭക്തയായ ഹോട്ടല്‍ ഉടമസ്ഥ... ഇന്ത്യയും ഗ്രീസും ഒരേ പുഴയുടെ കൈവഴികളാണെന്ന് കാളി പറഞ്ഞത് തീര്‍ത്തും ശരിവെയ്ക്കുന്ന അനുഭവങ്ങള്‍...

ഗ്രീസിലെത്തുന്ന എല്ലാവരുടെയും ആദ്യ ലക്ഷ്യസ്ഥാനം ആക്രൊപൊളിസ് ആണ്. ഞങ്ങളെയും കലീന ആദ്യം കൊണ്ടുപോയത് ആക്രൊപൊളീസിലേക്കു തന്നെ. നഗരമധ്യത്തിലുള്ള അതിപ്രാചീനമായ ഗ്രീക്ക് ദേവാലയം. സമുദ്രനിരപ്പില്‍ നിന്ന് 500 അടി ഉയരവും മൂന്ന് ഹെക്ടര്‍ വിസ്തൃതിയുമുള്ള ഒരു പരന്ന പാറയ്ക്കു മുകളിലാണ് അത് സ്ഥിതി ചെയ്യുന്നത്. ബിസി ആറാം നൂറ്റാണ്ടു മുതല്‍ ഹെലനിക്, റോമന്‍, ഓട്ടോമന്‍, ബ്രിട്ടീഷ് സാമ്രാജ്യങ്ങളുടെ അധിനിവേശ കാലങ്ങളെയെല്ലാം ഓരോ രീതിയില്‍ അതിജീവിച്ച് ഇന്നും അതു നിലനില്‍ക്കുന്നു. ചരിത്രത്തിലേക്കു തിരിച്ചു പിടിച്ച കണ്ണാടിയായി. സംസ്‌കൃതികള്‍ സാമ്രാജ്യങ്ങളെ അതിജീവിക്കുന്നതെങ്ങിനെ എന്നതിനുള്ള ഏറ്റവും വലിയ തെളിവായി.

ആക്രൊപൊളിസിനു മുന്നില്‍ നില്‍ക്കുമ്പോള്‍ നാം കാലത്തിനും ചരിത്രത്തിനും സാമ്രാജ്യങ്ങള്‍ക്കും മേലേ, എത്രയോ ഉയരത്തില്‍ നില്‍ക്കുന്നതു പോലെ തോന്നും. താഴെ തിളച്ചുമറിയുകയും നിരന്തരം പ്രവഹിക്കുകയും ചെയ്യുന്ന ഏതന്‍സ് നഗരം. പടയോട്ടങ്ങളും പ്രകൃതിക്ഷോഭങ്ങളും നാശം വിതച്ചു കടന്നുപോയ നഗരവീഥികള്‍. ചക്രവര്‍ത്തിമാരും കപ്പല്‍വ്യൂഹങ്ങളും കയറിവന്ന കടല്‍വഴികള്‍. എത്ര തലമുറകള്‍ ഈ മഹാക്ഷേത്രത്തിനു മുന്നിലൂടെ നടന്നു മറഞ്ഞു. എത്രയെത്ര സാമ്രാജ്യങ്ങള്‍ ഈ കൊട്ടാരക്കെട്ടില്‍ വാഴുകയും വീഴുകയും ചെയ്തു. എല്ലാവരും മണ്ണടിഞ്ഞപ്പോഴും ആക്രൊപൊളിസ് മാത്രം നിലനിന്നു. നഗരത്തിന്റെ ആകാശമേലാപ്പിനു മീതേക്കൂടി അതിന്റെ ഭൂതകാലത്തിലേക്കും ഇനിയും അതിജീവിക്കാനുള്ള ഭാവിയിലേക്കും ഒരേ സമയം മിഴിനട്ട് നിശ്ശബ്ദസാക്ഷിയെപ്പോലെ അതു നിലകൊണ്ടു.

മനുഷ്യരാശിയുടെ കുടിയേറ്റകാലത്തെങ്ങോ ഏതന്‍സെന്നാല്‍ ആക്രൊപൊളിസായിരുന്നു. അന്നത് കുറെ വീടുകളും മരക്കുടിലുകളുമുള്ള മിക്കവാറും വിജനമായ ഒരിടം മാത്രം. പെരിക്ലിസിന്റെ കാലത്തെ പാര്‍ഥീനിയന്‍ ക്ഷേത്രമാകുന്നതിനും എത്രയോ മുമ്പ്, ബിസി 13ാം നൂറ്റാണ്ടില്‍ തന്നെ അവിടെ ഒരു മൈസീനിയന്‍ കൊട്ടാരത്തിന്റെ രൂപമുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. തെസ്യൂസ് രാജാവിന്റെ കാലത്താണ് (അതു വെങ്കലയുഗത്തിലാണെന്നു കരുതപ്പെടുന്നു) ആറ്റിക്കയിലെ ഗ്രാമങ്ങള്‍ ചേര്‍ത്ത് അഥീന (ഏതന്‍സ്) ഉണ്ടാക്കിയത് എന്നാണ് വിശ്വാസം. അന്നു മുതലേ ആക്രൊപൊളിസെന്ന ഈ പര്‍വതശിഖരമാണ് അതിന്റെ ഐശ്വര്യവും അടയാളസ്തംഭവും.
ആദ്യ പകല്‍ മുഴുവന്‍ ഞങ്ങള്‍ ആക്രൊപൊളിസിലും ഏതന്‍സിലെ മ്യൂസിയങ്ങളിലുമായി ചിലവഴിച്ചു. ആക്രമിക്കപ്പെട്ട ഒരു സംസ്‌കാരത്തിന്റെ മുറിപ്പാടുകളാണ് ആക്രൊപൊളിസില്‍ എന്നെ വേട്ടയാടിയത്. ചരിത്രത്തിലെ ഏറ്റവും വിലപിടിച്ച ഏഴു മഹാസ്തൂപങ്ങളില്‍ ഒന്നു മാത്രമേ ഇപ്പോള്‍ അവിടെ കാണുന്നുള്ളൂ. മറ്റെല്ലാം ബ്രിട്ടീഷ് മ്യൂസിയത്തിലാണ്. ബ്രിട്ടന്റെ നിര്‍ലജ്ജമായ സാംസ്‌കാരികമോഷണം! ഈ 21ാം നൂറ്റാണ്ടിലും അതിലൊന്നു പോലും തിരിച്ചു നല്‍കാന്‍ അവര്‍ തയ്യാറാവുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യം എന്നും അങ്ങിനെയായിരുന്നു. ചെന്ന രാജ്യങ്ങളില്‍ നിന്നെല്ലാം മോഷ്ടിച്ച വസ്തുക്കള്‍ കൊണ്ട് കെട്ടിപ്പടുത്തതാണ് ആ സാമ്രാജ്യം. അതു തകര്‍ന്നിട്ടും അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനോ കാലത്തിനനുസരിച്ച് മാറാനോ അവര്‍ തയ്യാറായിട്ടില്ല.

ഏതന്‍സിലെ മ്യൂസിയങ്ങള്‍ അറിവിന്റെ നിലവറകളാണ്. ചരിത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ഭണ്ഡാഗാരങ്ങള്‍. പലയിടത്തും ചരിത്രം ഉല്‍ഖനനം ചെയ്യപ്പെടുന്ന കാഴ്ച നമുക്ക് കണ്മുന്നില്‍ കാണാം. സ്ഫടികനിര്‍മ്മിതമായ തറയോടുകള്‍ക്കു താഴെ ആര്‍ക്കിയോളജിക്കാരുടെ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നു. ഓരോന്നും വിശദീകരിക്കാന്‍ എസ്‌കോര്‍ട്ട് ഗൈഡുകള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഗ്രീക്ക് ദേവന്മാരും പുരാണങ്ങളും പ്രാചീന സാമ്രാജ്യങ്ങളും പടയോട്ടങ്ങളും കലയും കായികവിനോദവുമെല്ലാം അവര്‍ വിവരിക്കും. ഏതന്‍സിലെ പ്രാചീന ഒളിമ്പിക് സ്റ്റേഡിയവും നവീന സ്റ്റേഡിയവും മുതല്‍ പുതുതായി നഗരത്തില്‍ നിര്‍മ്മിക്കപ്പെട്ട പാലം വരെയുള്ള വിവരണങ്ങളിലൂടെ അവര്‍ക്കൊപ്പം നമുക്കു കാലത്തിലൂടെ സഞ്ചരിക്കാം. ഒരു പകല്‍ യാത്ര തീരുമ്പോള്‍ ഏതന്‍സിന്റെ മാത്രമല്ല, മനുഷ്യവംശത്തിന്റ തന്നെ ചരിത്രത്തിലൂടെ ഒരു നൂറ്റാണ്ടു സഞ്ചരിച്ചതു പോലെ നമുക്കു തോന്നും.

ഏതന്‍സില്‍ രാത്രികളില്ല. പകലുകളേക്കാള്‍ നിദ്രാവിഹീനങ്ങളാണ് ഇവിടത്തെ രാത്രികള്‍. ഒരിക്കലും ഉറങ്ങാത്ത ഒരു നഗരം! സദാ ഉണര്‍ന്നിരിക്കുന്ന തെരുവുകളും ഹോട്ടലുകളും നിശാക്ലബ്ബുകളും പാര്‍ലറുകളും. നൃത്തം പൂക്കുന്ന ഡാന്‍സ് ഫ്ലോറുകള്‍. ഏതന്‍സിനെ സഞ്ചാരികളുടെ പ്രിയനഗരമാക്കുന്നത് അതിന്റെ രാത്രിജീവിതമാണ്. കുടുംബവുമൊത്ത് ഞങ്ങള്‍ ചിലവഴിച്ച ഹോട്ടലില്‍ പോലും രാവു പുലരും വരെ ആഘോഷമായ നൃത്തോത്സവമുണ്ടായിരുന്നു. അതിമനോഹരമായ വസ്ത്രങ്ങളണിഞ്ഞ് സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നര്‍ത്തകരും നര്‍ത്തകിമാരും ദ്രുതതാളങ്ങളോടെ അതിവേഗചലനങ്ങളോടെ അരങ്ങു തകര്‍ത്താടുന്നു. അരണ്ട വെളിച്ചത്തില്‍ വര്‍ണഗോളാപ്പുകളും നിറച്ചാര്‍ത്തുകളും പശ്ചാത്തലമൊരുക്കുന്ന അരങ്ങില്‍ ജീവന്റെ ഉന്മത്തനൃത്തം! രാവേറെച്ചെല്ലും വരെ അതു തുടര്‍ന്നു.

പിറ്റേന്ന് ഞങ്ങള്‍ക്കു പോകേണ്ടത് ഡെല്‍ഫിയിലേക്കായിരുന്നു. രാവിലെ ഞങ്ങളുടെ എസ്‌കോര്‍ട്ടിനു വന്നത് അമ്പതിലേറെ വയസ്സുള്ള മറ്റൊരു സ്ത്രീ. പേര് കേട്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നു: കാലി! നിങ്ങളുടെ കാളി ദേവത തന്നെ. അവരും പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. ഇത് ഇവിടെ വളരെ സാധാരണമായ പേരാണ്. ഇവിടെ നിന്നാണല്ലോ മനുഷ്യന്‍ കിഴക്കോട്ടു സഞ്ചരിച്ചത്. ഞങ്ങളുടെ ദേവതമാരും അവരോടൊപ്പം പോയി. ഇന്ത്യയിലെയും ഗ്രീസിലെയും ദൈവങ്ങളും പുരാണങ്ങളും കഥകളും ഐതിഹ്യങ്ങളും തമ്മിലുള്ള അതിശയകരമായ സാമ്യം യാദൃശ്ചികമൊന്നുമല്ല. കാലി പറഞ്ഞു.

20 പേര്‍ക്കു സഞ്ചരിക്കാവുന്ന വലിയ ബസ്സിലാണ് ഞങ്ങള്‍ പോയത്. അതില്‍ ഞങ്ങള്‍ അഞ്ചു പേരേ ഉണ്ടായിരുന്നുള്ളൂ. ആര്‍.കെ. സ്വാമി ഗ്രൂപ്പിന്റെ എം.ഡിയും ഞങ്ങളുടെ കുടുംബസുഹൃത്തുമായ സുന്ദര്‍, ഭാര്യ സുധാ സുന്ദര്‍, 'ഈ നാട്' ഗ്രൂപ്പിന്റെ ഡയറക്ടര്‍ വെങ്കട്ട്, പിന്നെ ഞാനും ഭാര്യ കവിതയും. കാലി എല്ലാം കൃത്യമായി ചാര്‍ട്ട് ചെയ്തിട്ടുണ്ട്. എവിടെയൊക്കെ പോണം, എന്തൊക്കെ കാണണം, എങ്ങിനെയൊക്കെ പെരുമാറണം -എല്ലാം കാലി പറയും. അവര്‍ ക്രമേണ ഞങ്ങളുടെ അമ്മയെപ്പോലെയായി. അഥവാ ആ വേഷം അവര്‍ സ്വയം ഏറ്റെടുത്തു. കുട്ടികളോടു സംസാരിക്കും പോലെ ഇടയ്ക്കിടെ മിണ്ടരുത്, പറയുന്നതു കേട്ടാല്‍ മതി എന്നൊക്കെ ശാസിക്കാനും തുടങ്ങി. ഐ ആം യുവര്‍ മദര്‍, ഒബേ മി എന്നൊക്കെ ഇടക്കിടെ ആജ്ഞാപിക്കും. ഞങ്ങള്‍ രസം പിടിച്ച് അവരുടെ ചലനങ്ങളും ഭാവഹാവാദികളും ആസ്വദിച്ചുകൊണ്ട് ഇരുന്നു.

ഇരുപതാം വയസ്സില്‍ യുവതിയായിരിക്കെ ടൂറിസ്റ്റ് എസ്‌കോര്‍ട്ട് ഗൈഡായി ജീവിതം തുടങ്ങിയതാണ് താനെന്ന് ഇടയ്ക്കിടെ ഞങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ അവര്‍ മറന്നില്ല. പലതും പറയുമ്പോള്‍ ആദ്യത്തെ യാത്രാസംഘത്തെക്കുറിച്ചും അവര്‍ പറഞ്ഞു. മര്യാദ തീരെയില്ലാത്ത കുറെ അമേരിക്കന്‍ നാവികരായിരുന്നുവത്രെ അവര്‍. അവധി ആഘോഷിക്കാനെത്തുന്ന മദ്യപരും സ്ത്രീകളോടു പെരുമാറാനറിയാത്തവരുമായ തെമ്മാടികള്‍. അവരെപ്പോലും ആ പ്രായത്തില്‍ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അവര്‍ വീമ്പുപോലെ ആവര്‍ത്തിക്കുകയും ചെയ്തു. രസമുള്ള കഥാപാത്രമായിരുന്നു കാലി. തലേന്നു കണ്ട കലീനയ്ക്ക് അലക്‌സാണ്ടറാണ് ഹീറോയെങ്കില്‍ കാലിക്ക് ജോണ്‍ എഫ്. കെന്നഡിയാണ് ഹീറോ. ജാക്വലിനെ അവര്‍ക്കിഷ്ടമല്ല. കാരണം അവര്‍ കെന്നഡി മരിച്ചപ്പോള്‍ അരിസ്‌റ്റോട്ടില്‍ ഒനാസിസിനെ കെട്ടി!
ഡെല്‍ഫിയിലെ അപ്പോളോ ദേവന്റെ ക്ഷേത്രത്തിലേക്കാണ് അന്നു കാലി ഞങ്ങളെ കൊണ്ടുപോയത്. ആതന്‍സില്‍ നിന്ന് 180 കിലോമീറ്റര്‍ ദൂരമുണ്ട് ഡെല്‍ഫിയിലേക്ക്. പോകുന്ന വഴിയിലുടനീളം ഗ്രീക്ക് ഗ്രാമങ്ങളാണ്. തട്ടുതട്ടായിക്കിടക്കുന്ന കുന്നിന്‍ ചെരിവുകളിലാണ് എല്ലാ വില്ലേജുകളും. ഭൂമിശാസ്ത്രപരമായ ഒരു നിര്‍മിതി. മിക്ക വീടുകളിലേക്കും പടവുകള്‍ കയറണം. ഒരിടത്ത് ഉയര്‍ന്നുയര്‍ന്നു പോകുന്ന പടവുകള്‍ കണ്ടപ്പോള്‍ കാലി പറഞ്ഞു, ഇവിടെ അത് ഓടിക്കയറുന്ന മത്സരവുമുണ്ട്. ഗ്രാമത്തിലെ എല്ലാവരും പങ്കെടുക്കും. വയസ്സന്മാരുള്‍പ്പെടെ എല്ലാവരും ആരോഗ്യവാന്മാരായിരിക്കുന്നതിന്റെ രഹസ്യവും അതാണ്.

ഏറെ നേരം സഞ്ചരിച്ച് ഞങ്ങള്‍ ഡെല്‍ഫിയിലെ അപ്പോളോ ദേവന്റെ ക്ഷേത്രത്തിലെത്തി. പ്രാചീനതയിലേക്കുള്ള ക്ഷണം പോലെ ഒരു ക്ഷേത്രം. ഈ ദേവനു മുന്നിലാണ് പാന്‍ ഹെലനിക് കാലത്ത് നാലു കൊല്ലത്തിലൊരിക്കല്‍ പ്രാചീന ഒളിമ്പിക്‌സ് ഗെയിംസ് നടന്നിരുന്നത്. കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള ഓപ്പണ്‍ എയര്‍ ഗ്യാലറികളോടു കൂടിയ ആംഫി തിയേറ്റര്‍ -പ്രാചീനസ്‌റ്റേഡിയം- നമ്മെ ചരിത്രാതീത സ്മൃതികളിലേക്കു കൂട്ടിക്കൊണ്ടു പോകും. അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് അത്. റോമാ സാമ്രാജ്യത്തിലെ ആംഫിതിയേറ്ററുകള്‍ പലതും ഗ്ലാഡിയേറ്റര്‍മാരുടെ ചോര ചിന്തിയ പോര്‍നിലങ്ങളായിരുന്നുവെങ്കില്‍ ഗ്രീക്ക് തിയേറ്ററുകള്‍ ക്രമേണ വളര്‍ന്ന് നാടകവും ഒളിമ്പിക്‌സും പോലുള്ള പുരോഗമനാശയങ്ങളുടെ പരീക്ഷണശാലകളായി മാറുകയാണുണ്ടായത്. കുതിരപ്പന്തയവും ചാവേര്‍പ്പോരുകളും നടന്നിരുന്ന ആംഫി തീയേറ്ററിലൂടെ നടക്കുമ്പോള്‍ ചരിത്രത്തിന്റെ നിശ്വാസങ്ങള്‍ നമുക്കു തൊട്ടറിയാം. അവിടെ ചുറ്റിസഞ്ചരിക്കുന്ന കാറ്റില്‍ ഇപ്പോഴും നിര്‍ദ്ദയകാലത്തിന്റെ മൃഗനീതികളുടെ രഥചക്രഘോഷങ്ങള്‍ ചെവിയോര്‍ത്താല്‍ നമുക്കു കേള്‍ക്കാം.
ഒന്നര പകല്‍ കൊണ്ട് കണ്ടു തീര്‍ക്കാവുന്ന നഗരമല്ല ഏതന്‍സ്. എങ്കിലും ഏതന്‍സ് ഏതു സഞ്ചാരിയും കണ്ടിരിക്കേണ്ട നഗരമാണ്. കാരണം, ഏതന്‍സിലേക്കുള്ള യാത്ര മനുഷ്യ ചരിത്രത്തിലേക്കുള്ള യാത്രയാണ്. സംസ്‌കൃതിയുടെ രൂപാന്തരങ്ങള്‍, പരിണാമങ്ങള്‍, ഭാവഭേദങ്ങള്‍ എല്ലാം ഏതന്‍സിലെ ശിലകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. കാലത്തിലൂടെയും കഥകളിലൂടെയും തുഴഞ്ഞു പോയ നാളുകളായി ഏതന്‍സ് ദിനങ്ങള്‍ അനുഭവപ്പെടും.

ചരിത്രത്തിനു മേലേ നടന്നു പോയവര്‍ എന്നും വേണമെങ്കില്‍ ഗ്രീസില്‍ നിന്നു മടങ്ങുമ്പോള്‍ നമുക്കു സ്വയം വിളിക്കാം. കാരണം, മ്യൂസിയങ്ങളിലും ആര്‍ക്കിയോളജി സൈറ്റുകളിലും കണ്ണാടി പതിച്ച തറകള്‍ക്കു മേലേ നടക്കണം. അപ്പോള്‍ താഴെ കാണുന്നതു മുഴുവന്‍ ഉല്‍ഖനനം ചെയ്തു കിട്ടിയ ചരിത്രത്തിന്റെ തിരുശേഷിപ്പുകളായിരുന്നു! ചരിത്രം കാല്‍ക്കീഴില്‍ തെളിയുന്ന ഭൂമി, അക്ഷരാര്‍ഥത്തില്‍ തന്നെ...