ഫ്‌ളോറന്‍സ്. പൂക്കളുടെ നഗരം. കലയുടെ തിരുമുറ്റം.
നവോത്ഥാനത്തിന്റെ ആദ്യതുടിപ്പുകള്‍ ഏറ്റുവാങ്ങിയ
ഇറ്റാലിയന്‍ സര്‍ഗഭൂമി. കലാസംസ്‌കൃതിയുടെ കളിത്തൊട്ടില്‍.
ആര്‍ട്ട് മ്യൂസിയങ്ങളുടെയും ഭ്രമിപ്പിക്കുന്ന കലാസംസ്‌കൃതികളുടെയും
ലോകം. ഫ്‌ളോറന്‍സിലൂടെ ഒരു യാത്ര.Photos: M.V.Shreyamskumar

ഫ്‌ളോറന്‍സില്‍ എല്ലാ സംഭാഷണങ്ങളും മൈക്കലാഞ്ചലോവിലാണു ചെന്നവസാനിക്കുക. ഈ ചിത്രം ആരു വരച്ചത്? മൈക്കലാഞ്ചലോ. ഈ കത്തീഡ്രല്‍ ആരുടെ രൂപകല്‍പ്പന? മൈക്കലാഞ്ചലോ. ഈ ശില്‍പ്പം? മൈക്കലാഞ്ചലോ.. കാലം പോലും, മൈക്കലിനു മുമ്പ്-മൈക്കലിനു ശേഷം എന്ന കണക്കിലാണ് ഫ്‌ളോറന്‍സില്‍ ഒഴുകുന്നത്.

സെന്റ് ജോണ്‍സ് ബാപ്റ്റിസ്ട്രിക്കു മുന്നിലെ മൂന്നാള്‍ പൊക്കമുള്ള സ്വര്‍ണവാതില്‍ നോക്കി അദ്ഭുതം കൂറി നില്‍ക്കെ ഇതാരുടെ സൃഷ്ടിയെന്നു ചോദിച്ചില്ല. മൈക്കലാഞ്ചലോ തന്നെയായിരിക്കും. വാതിലിലെ സ്വര്‍ണത്തകിടുകളില്‍ നിന്ന് കായേനും ആബേലും ജോസഫും ഈസായും നോഹയുടെ പെട്ടകവുമൊക്കെ ജീവന്‍ തുടിക്കുന്ന ത്രിമാന ശില്‍പ്പങ്ങളായി പുറത്തേക്കിറങ്ങി വരുന്നു. ലൊറെന്‍സോ ഗിബെര്‍ടി എന്ന നവോത്ഥാനയുഗത്തിലെ ശില്‍പ്പി നിര്‍മ്മിച്ചതാണ് സ്വര്‍ഗത്തിലേക്കുള്ള ഈ വാതില്‍. ഗൈഡ് പറഞ്ഞു. എന്നിട്ടയാള്‍ തിടുക്കത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് ഈ പേരിട്ടതാരാണെന്നറിയാമോ.. മൈക്കലാഞ്ചലോ!

ഭരണാധികാരികളെ ഓര്‍ക്കുകയും കലാകാരന്മാരെ മറക്കുകയും ചെയ്യുന്ന ചരിത്രം ഫ്‌ളോറന്‍സില്‍ എതിര്‍ദിശയിലാണൊഴുകുന്നത്. ഒരു കലാകാരന്‍ ജീവാത്മാവും പരമാത്മാവുമായ മറ്റേതു നഗരമുണ്ട് ലോകത്തില്‍?

*********

സ്‌റ്റെന്താള്‍ സിന്‍ഡ്രോമെന്ന രോഗത്തെക്കുറിച്ച് ആദ്യം അറിയുന്നതും അനുഭവിക്കുന്നതും ഫ്‌ളോറന്‍സില്‍ വെച്ചാണ്. സര്‍ഗശേഷിയും ഭാവനയും കലാപരതയും കരവിരുതും ആര്‍നോ നദി പോലെ കൂലംകുത്തിയൊഴുകുന്ന ഫ്‌ളോറന്‍സിലെ യൂഫീസി ആര്‍ട് മ്യൂസിയത്തില്‍ വെച്ച്.

മൈക്കലാഞ്ചലോവും റാഫേലും ഡാവിഞ്ചിയും തൊട്ട് മാരിയോ ഷിഫാനോയും എന്‍സോ ചൂച്ചിയും വരെയുള്ള വിശ്വോത്തര കലാകാരന്മാരുടെ സൃഷ്ടികള്‍ നിറഞ്ഞ മ്യൂസിയത്തിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. ക്ഷീണം തോന്നി ഒരിടത്തിരുന്നപ്പോള്‍ ഗൈഡ് ചോദിച്ചു. തളര്‍ച്ചയുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കണം, സ്‌റ്റെന്താള്‍ സിന്‍ഡ്രോമാവാം. ഫ്‌ളോറന്‍സിലെ ആര്‍ട്ട് ഗ്യാലറികളിലെത്തുന്നവരെ മാത്രം ബാധിക്കുന്ന രോഗമാണിത്. അമ്പരപ്പും തളര്‍ച്ചയുമാണ് രോഗലക്ഷണം. ഉദാത്തകലയുടെയും ഉന്നതമായ ചിന്തയുടെയും വിസ്മയിപ്പിക്കുന്ന സര്‍ഗവൈഭവത്തിന്റെയും മുന്നില്‍ ദീര്‍ഘനേരം നിന്നാല്‍ ഉണ്ടാവുന്ന ഒരു സൈക്കോസോമാട്ടിക് ക്ഷീണാവസ്ഥ. മാരകമായ രോഗമൊന്നുമല്ല, ഫ്‌ളോറന്‍സ് സിന്‍ഡ്രോമെന്നും ഹൈപ്പര്‍കള്‍ച്ചറീമിയ എന്നും പറയും. ഹെന്‍റി മാരി ബോയിലെന്ന പേരില്‍ വിഖ്യാതനായ ഫ്രഞ്ച് എഴുത്തുകാരന്‍ സ്റ്റെന്താളിനാണ്് ആദ്യം ഈ രോഗബാധയുണ്ടായതത്രെ. വിശ്രമമാണ് ചികിത്സ. റിലാക്‌സ് ചെയ്യുക. കണ്ണുകള്‍ ഇറുക്കെയടച്ച് ഉറങ്ങുക. പിറ്റേന്നു വീണ്ടും കാഴ്ചകളിലേക്കു മടങ്ങാം.

കല ഉന്മാദമായി നമ്മെ കീഴടക്കുന്നു! ഫ്‌ളോറന്‍സിനല്ലാതെ മറ്റേതു നഗരത്തിനാണ് ഉദാത്തത കൊണ്ട് ഒരു സന്ദര്‍ശകനെ തളര്‍ത്താന്‍ സാധിക്കുക?

*******

ഇത് ഫ്‌ളോറന്‍സ്. പൂക്കളുടെ നഗരം. കലയുടെ തറവാട്. നവോത്ഥാനത്തിന്റെ ആദ്യവിത്തുകള്‍ വീണ ഇറ്റാലിയന്‍ കൃഷിനിലം. മനുഷ്യസംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍. ആര്‍ട്ട് മ്യൂസിയങ്ങളുടെയും ഭ്രമിപ്പിക്കുന്ന കലാസൃഷ്ടികളുടെയും ലോകം. റാഫേലിന്റെയും ഡാവിഞ്ചിയുടെയും മൈക്കലാഞ്ചലോയുടെയും കാന്‍വാസ്. ലോകപ്രസിദ്ധമായ കലാഗൃഹങ്ങള്‍, ശില്‍പ്പഭംഗിയുള്ള കത്തീഡ്രലുകള്‍, വിസ്മയിപ്പിക്കുന്ന മ്യൂറലുകള്‍, ആകാശം മറയ്ക്കുന്ന ഡോമുകള്‍, കലയുടെ സ്വര്‍ണവാതിലുകള്‍.. ഫ്‌ളോറന്‍സിലെ ഓരോ കാഴ്ചയും ഉദാത്തതയുടെ ഓരോ അടയാളമാണ്.

എന്നാല്‍ ഫ്‌ളോറന്‍സ് ഇതു മാത്രമല്ല. ഇറ്റലിയിലെ ടസ്‌കനിയുടെ ഹൃദയഭൂമിയായ ഇവിടെനിന്നാണ് ഇന്ന് ആധുനികമെന്നു നാം കരുതുന്ന പലതും ഉയിര്‍ത്തുവന്നത്. രാഷ്ട്രതന്ത്രവും ഭാഷാവിപഌവവും സമുദ്രയാനവും ശാസ്ത്രവും മതവും ദേവാലയനിര്‍മ്മിതിയും ബാങ്കിങ്ങും ഫാഷനും ഓപ്പെറയും ഫോട്ടോഗ്രാഫിയും ശില്‍പ്പകലയും ചിത്രകലയും എല്ലാം ഫ്‌ളോറന്‍സുകാരുടെ സംഭാവന കൊണ്ടാണ് പൂര്‍ണത കൈവരിച്ചത്. അതോര്‍ത്താവാം പഞ്ചഭൂതങ്ങളില്‍ അഞ്ചാമത്തേത് ഫ്‌ളേറന്‍സുകാരാണെന്ന് ബോണിഫേസ് എട്ടാമന്‍ മാര്‍പാപ്പ പറഞ്ഞത്. അല്ലെങ്കില്‍ ഈ നിര നോക്കൂ. ഫ്‌ളോറന്‍സിന്റെ വിശ്വപ്രശസ്തരായ പുത്രന്മാരുടെ നിര. ഗലീലിയോ ഗലീലി, അന്റോണിയോ മെവൂച്ചി, ലീന്‍ ബാപ്റ്റിസ്റ്റ് ആല്‍ബെര്‍ട്ടി തുടങ്ങിയ ശാസ്ത്രപണ്ഡിതര്‍, ഡാന്റെ, പെട്രാര്‍ക്ക്, ബൊക്കാച്ചിയോ, സര്‍ ഹാരോള്‍ഡ് ആറ്റന്‍, ഓറിയാന ഫലാച്ചി തുടങ്ങിയ എഴുത്തുകാര്‍, മൈക്കലാഞ്ചലോ, ലിയോനാര്‍ഡോ ഡാ വിന്‍സി, റാഫേല്‍, ബോടിചെല്ലി, ബോണ്‍ഡോണി, മസാക്കിയോ, വസാരി തുടങ്ങിയ കലാകാരന്മാര്‍, നവോത്ഥാനത്തിനു തുടക്കം കുറിച്ച ഫിലിപ്പോ ബ്രൂനലേച്ചി, ഡൊനാറ്റെല്ലോ, ലൊറെന്‍സോ ഗിബെര്‍ടി തുടങ്ങിയ ശില്‍പ്പികള്‍, കൊളംബസ്സിനു കടലിന്റെ മാപ്പു വരച്ചുകൊടുത്ത ടോച്ചനെല്ലി, അമേരിക്ക കണ്ടെത്തിയ അമേരിഗോ വെസ്​പൂചി തുടങ്ങിയ നാവികര്‍, ജീവകാരുണ്യത്തിന്റെ മറുവാക്കായ ഫ്‌ളോറന്‍സ് നൈറ്റിംഗേയ്ല്‍, രാഷ്ട്രതന്ത്രത്തിലെ രാജസ്ഥാനീയരായ മാക്യവെല്ലി, ബ്രൂണി, മിറാന്‍ഡോള തുടങ്ങിയ ചിന്തകര്‍, റോബര്‍ടോ കാവാലി, എന്‍റിക്കോ കൊവേരി, സാല്‍വറ്റോര്‍ ഫെറഗാമോ തുടങ്ങിയ ഫാഷന്‍ ഡിസൈനര്‍മാര്‍.. തീര്‍ച്ചയായും വലുതാണ്, ആ നിര. വലുതാണ് ഫ്‌ളോറന്‍സിന്റെ സംഭാവന.

ലോകത്തെ മറ്റേതു നഗരത്തിന് ഇത്ര സമ്പന്നമായ പൈതൃകം അവകാശപ്പെടാനുണ്ട്?
++++++++++

ഒരുച്ചയ്ക്കാണ് ഫ്‌ളോറന്‍സിലെത്തുന്നത്. ആര്‍നോ നദീതീരത്തെ, മലകളാല്‍ വളയപ്പെട്ട ചെറിയ പട്ടണം. മധ്യകാലസ്മരണകളുണര്‍ത്തുന്ന നഗരം. ആദ്യത്തെ കാഴ്ചയില്‍ തന്നെ നമ്മെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് അതിന്റെ രൂപഭാവങ്ങളില്‍ ഉണ്ട്. ഓരോ തെരുവും ഓരോ ചത്വരത്തില്‍ തുടങ്ങുന്നു, അല്ലെങ്കില്‍ അവസാനിക്കുന്നു. ചത്വരങ്ങള്‍ക്കെല്ലാം സ്വന്തം കഥയും ചരിത്രവും. ചില തെരുവുകള്‍ നമ്മെ പൗരാണികമായ ഒരന്തരീക്ഷത്തിലേക്കു കൂട്ടിക്കൊണ്ടു പോകും. ചിലതാകട്ടെ പുതുമോടിയുടെയും ഫാഷന്റെയും അത്യാധുനികലോകത്തേക്കും. കലയുടെ നഗരമെന്ന പേര് അന്വര്‍ഥമാക്കും വിധം തെരുവുകളിലെല്ലാം നിരന്നിരുന്നു ചിത്രം വരക്കുന്നവരെ കാണാം. മൈക്കലാഞ്ചലോവിന്റെയും ഡാവിഞ്ചിയുടെയും പിന്മുറക്കാര്‍. ഫ്‌ളോറന്‍സിന്റെ ഓര്‍മ്മക്കായി ഞാനും ഒരു ചിത്രം വരപ്പിച്ചു. 50 യൂറോ. 15 മിനുട്ട്. ചിത്രം റെഡി. അപൂര്‍വമായ നിറക്കൂട്ടുകളില്‍ എന്റെ പ്രതിരൂപം.

നവോത്ഥാനകാലത്തെ വിശ്വപ്രസിദ്ധമായ കലാസൃഷ്ടികള്‍ നിറഞ്ഞ ആര്‍ട്ട് മ്യൂസിയങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഫ്‌ളോറന്‍സിന്റെ ആകര്‍ഷണം. സ്വര്‍ഗവാതില്‍ പോലുള്ള കൊത്തുപണികള്‍ നിറഞ്ഞ പള്ളികളും. എല്ലാം കാണണമെങ്കില്‍ ദിവസങ്ങള്‍ വേണം. മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം. ലോകത്തെ ഏറ്റവും വലിയ ഫൈന്‍ ആര്‍ട്‌സ് മ്യൂസിയങ്ങളിലൊന്നായ യൂഫീസി മാത്രം കണ്ടു തീരുമ്പോഴേക്കും നമുക്കു സ്‌റ്റെന്താള്‍ സിന്‍ഡ്രോം ഉണ്ടാവും. മൈക്കലാഞ്ചലോവിന്റെ പ്രശസ്തമായ ദാവീദ് ശില്‍പ്പവും പൂര്‍ത്തിയാവാത്ത അടിമകള്‍ എന്ന ശില്‍പ്പവുമുള്ളത് തൊട്ടടുത്തുള്ള അക്കാദമിയ ഗ്യാലറിയിലാണ്. ദാവീദിന്റെ പ്രതിമക്കു മുന്നില്‍ നിന്ന് ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സഹയാത്രികനും സുഹൃത്തുമായ അമരിക്കന്‍ പാതിരി, വിക്ടര്‍ ആല്‍ഫി പറഞ്ഞു: അവിടെ ഫോട്ടോഗ്രാഫി പറ്റില്ല, നിര്‍ബന്ധമാണെങ്കില്‍ വഴിയുണ്ട്. അടുത്തു തന്നെ പാലാസോ വെച്ചിയോ (പഴയ കൊട്ടാരം) എന്ന ഒരു മ്യൂസിയമുണ്ട്. അവിടെ ഇതിന്റെ റെപ്ലിക്ക ഉണ്ട്. അതിന്റെ മുന്നില്‍ നിന്നു പടമെടുക്കാം. ഒപ്പം ഒരു സ്വകാര്യവും ആല്‍ഫി പറഞ്ഞു. പലപ്പോഴും ഇവിടെ റെപ്ലിക്കകളാണ് പ്രദര്‍ശിപ്പിക്കുന്നത്, ഒറിജിനലല്ല. ഞാന്‍ മുമ്പും ഇവിടെ വന്നിട്ടുണ്ട്. ആദ്യമായി വരുന്ന അധികം പേര്‍ക്കും ഇതൊന്നും അറിയില്ല. ശ്രദ്ധിക്കുന്നവര്‍ക്കേ മനസ്സിലാവൂ. ഉദാഹരണത്തിന്, ദാവീദിന്റെ കാലിലെ നഖം നോക്കിയാലറിയാം, ഒറിജിനലില്‍ അതിനു ചെറിയ കേടുണ്ട്!

ഫ്‌ളോറന്‍സ് നഗരത്തിന്റെ കൊടിയടയാളമാണ് സ്വര്‍ഗവാതില്‍. ഈ വാതില്‍ കാണാതെ ഇവിടെ വരുന്നവരാരും മടങ്ങാറില്ല. ലോഹത്തകിടുകളില്‍ ത്രിമാനരൂപമാര്‍ന്ന കൊത്തുപണികള്‍ കൊണ്ട് ബൈബിളിന്റെ കഥ ആലേഖനം ചെയ്ത സ്വര്‍ണവര്‍ണമുള്ള വാതില്‍. 16 അടി ഉയരമുള്ള ഈ കവാടം സെന്റ് ജോണ്‍സ് ബാപ്റ്റ്‌സിട്രിക്കു വേണ്ടി 15ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. 27 വര്‍ഷങ്ങള്‍ വേണ്ടിവന്നുവത്രെ ലൊറെന്‍സോ ഗിബെര്‍ടിക്ക് അതിന്റെ പണി പൂര്‍ത്തിയാക്കാന്‍. 1425ല്‍ തുടങ്ങിയ പണി 1452ലാണ് തീര്‍ന്നത്. പണി തീര്‍ന്നപ്പോള്‍ തന്റെ സ്വന്തം മുഖവും ഗിബെര്‍ടി ആ വാതിലില്‍ കൊത്തിവെച്ചു. ഉദാത്തമായിരുന്നു ആ കരവിരുത്. മൈക്കലാഞ്ചലോവിനെപ്പോലും അത് അമ്പരപ്പിച്ചു. അദ്ദേഹം അതിനെ സ്വര്‍ഗത്തിലേക്കുള്ള വാതിലെന്നു വിളിച്ചു പ്രശംസിച്ചു. അന്നു മുതല്‍ അത് ആ പേരില്‍ അറിയപ്പെട്ടു. അദ്ഭുതാദരങ്ങളോടെ അതിനു മുന്നില്‍ നില്‍ക്കെ ആല്‍ഫി പറഞ്ഞു -ഇതും ഒറിജിനലല്ല സുഹൃത്തേ, റെപ്ലിക്കയാണ്.

റെപ്ലിക്കകള്‍ കാണാന്‍ എന്തിനു വീണ്ടും വരുന്നു? ആര്‍ട് അപ്രീസിയേഷനില്‍ ഗവേഷണ വിദ്യാര്‍ഥി കൂടിയായ വിക്ടറിനോടു ചോദിച്ചു: ലോകത്തെ മികച്ചതെന്നവകാശപ്പെടുന്ന പല ഒറിജിനല്‍ കലാസൃഷ്ടികളും ഈ റെപ്ലിക്കകളോളം വരില്ല -ഒരു നഗരവും ഫ്‌ളോറന്‍സിനോളവും. ഇങ്ങിനെ പ്രലോഭിപ്പിക്കുന്ന മറ്റൊരു നഗരം എന്റെ അനുഭവത്തിലില്ല.

മുന്തിരിത്തോട്ടങ്ങളും ഒലീവു മരങ്ങളും നിറഞ്ഞ കാന്റിയിലേക്കുള്ള ലഹരി പിടിപ്പിക്കുന്ന യാത്രയിലാണ് ആല്‍ഫിയെ ആദ്യമായി കൂട്ടു കിട്ടിയത്. വീഞ്ഞുവീപ്പകളുടെ നിലവറ കണ്ടിട്ടുണ്ടോ? നിത്യകന്യകയായ ഒലീവെണ്ണ എന്നു കേട്ടിട്ടുണ്ടോ? ആല്‍ഫി ചോദിച്ചു.

800 വര്‍ഷം പഴക്കമുള്ള ഒരു കോട്ടയിലേക്കു പോവുകയായിരുന്നു ഞങ്ങള്‍. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മുന്തിരിത്തോട്ടങ്ങളിലൂടെയുള്ള യാത്ര. ബെര്‍മുഡയും ടീ ഷര്‍ട്ടുമിട്ട പാതിരി തനിച്ചല്ല. കൂടെ ഗേള്‍ഫ്രന്‍ഡ് സാന്‍ഡ്രയുമുണ്ട്. പഴുത്ത മുന്തിരി പോലുള്ള പെണ്ണ്. തടിച്ച ശരീരം കുലുക്കി ഉറക്കെ ചിരിക്കുകയും പാട്ടു പാടുകയും ചെയ്യുന്ന പാതിരിയില്‍ ആരെയും ആകര്‍ഷിക്കുന്ന എന്തോ ഒന്നുണ്ട്. മുന്തിരിച്ചാറു പോലെ ജീവിതം ആസ്വദിക്കുന്ന പാതിരി ലോകസഞ്ചാരിയാണ്. സാന്‍ഡ്രയെ കൂടാതെ സുന്ദരിയായ മറ്റൊരു സ്ത്രീയുമുണ്ട് അയാള്‍ക്കൊപ്പം. അധ്യാപികയായ ക്ലാര. താനൊരു ട്രക്ക് ഡ്രൈവറുടെ ഭാര്യയാണ് എന്നാണ് ക്ലാര സ്വയം പരിചയപ്പെടുത്തിയത്. ഭര്‍ത്താവ് വന്നിട്ടില്ല. ആല്‍ഫിയുടെ കൂടെ കൂടിയതു കൊണ്ട് യാത്ര രസകരമായി എന്നു ടീച്ചറുടെ സാക്ഷ്യം. രണ്ടു പേരെയും ഒരു പോലെ രസിപ്പിച്ചു കൊണ്ടാണ് പാതിരിയുടെ കളിചിരികള്‍.

മുന്തിരിവള്ളികള്‍ പൂക്കുന്ന മലമുകളില്‍, കണ്ണെത്താത്ത തോട്ടത്തിനു നടുവില്‍, ആരും കാണാത്ത മധുരമുന്തിരി പോലെ ഒളിച്ചു നില്‍ക്കുന്ന കോട്ട. വീഞ്ഞും ഒലീവെണ്ണയും നിര്‍മ്മിച്ചു വില്‍ക്കുന്ന ഒരു കുടുംബമാണ് കോട്ടയില്‍ താമസം. സന്ദര്‍ശകര്‍ക്കു വേണ്ടി സ്ഫടികപാത്രങ്ങളില്‍ അവര്‍ പതഞ്ഞു പൊന്തുന്ന പലതരം വീഞ്ഞുകള്‍ നിരത്തി. എല്ലാവരും രുചിച്ചു. മുന്തിരിച്ചാറു നിറച്ച പാനപാത്രവും കൈയിലേന്തി നിത്യപരിചിതനെപ്പോലെ ആല്‍ഫി ഞങ്ങളെ നയിച്ചു. അവിടത്തെ നിലവറയിലേക്കാണ് പാതിരി ഞങ്ങളെ കൊണ്ടുപോകുന്നത്. പല വലുപ്പത്തിലും നിറത്തിലുമുള്ള വീപ്പകളില്‍ പല അളവിലും നിലവാരത്തിലുമുള്ള വീഞ്ഞും ഒലീവെണ്ണയും സൂക്ഷിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ പഴകിയ വീര്യമുള്ള വീഞ്ഞു തൊട്ട് ഇന്‍സ്റ്റന്റ് മേയ്ഡ് വൈന്‍ വരെ അവിടെ കിട്ടും. ഒരു ഭാഗത്തു പ്രത്യേകം സൂക്ഷിച്ച വീപ്പ ചൂണ്ടി ആല്‍ഫി പറഞ്ഞു. ഇതാ, ഇതാണ് എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവെണ്ണ. നിത്യകന്യക. ആദ്യത്തെ പിഴിച്ചിലില്‍ ലഭിക്കുന്നത്. സാന്‍ഡ്രയെ പോലെയല്ലെന്ന് കണ്ണിറുക്കി കുലുങ്ങിച്ചിരിച്ചു കൊണ്ട് ആല്‍ഫിയുടെ തമാശ. ഉദാത്തകല പോലെ, ഫ്‌ളോറന്‍സിന്റെ മാത്രം പ്രലോഭനമാണ്് ഇതും: കന്യകയായ ഒലീവെണ്ണയും കടുംമധുരമുള്ള വീഞ്ഞും! സ്വര്‍ഗത്തിലേക്കുള്ള യഥാര്‍ഥ വാതില്‍!

എല്ലാ വാതിലുകളും സ്വര്‍ഗത്തിലേക്കു മാത്രം തുറക്കുന്ന മറ്റേതു നഗരമുണ്ട് ലോകത്ത്?
++++++++++
ആര്‍നെ നദിക്കു മുകളിലെ പാലം

ഫ്‌ളോറന്‍സ് ടൂറിലെ പ്രധാന ഇനം കത്തീഡ്രല്‍ സന്ദര്‍ശനമാണ്. നഗരമധ്യത്തിലെ സാന്റാ മരിയ കത്തീഡ്രല്‍ (ഡ്യൂമോ ഡി ഫിറെന്‍സി). ഇവിടെയാണ് വിശ്വപ്രശസ്ത ശില്‍പ്പിയായ ബ്രൂനലേച്ചി നിര്‍മ്മിച്ച കുംഭഗോപുരമുള്ളത്. മൈക്കലാഞ്ചലോയുടെ പിയത്തയുടെ റെപഌക്കയും ഈ കത്തീഡ്രലില്‍ കാണാം. കൊത്തുപണികളും മ്യൂറലുകളും നിറഞ്ഞ നിര്‍മ്മിതി. ചുമരിലും മച്ചിലും നവോത്ഥാനകാലം മുതല്‍ക്കുള്ള മാസ്‌റ്റേഴ്‌സിന്റെ കൈയൊപ്പു പതിഞ്ഞ കലാസൃഷ്ടികള്‍. ഒരു ശില്‍പ്പവിസ്മയം തന്നെയാണ് കത്തീഡ്രല്‍. അതിനോടു ചേര്‍ന്നുള്ള ജിയോട്ടോ ടവറിനു മുകളില്‍ കയറിയാല്‍ ഫ്‌ളോറന്‍സ് നഗരം മുഴുവന്‍ കാണാം. തൊട്ടു താഴെ, ആര്‍നോ നദിയും നദിക്കു മുകളിലെ പഴയ പാലവും (പോണ്ടെ വെച്ചിയോ). നഗരത്തെ രണ്ടായി പകുത്തു കൊണ്ട് നദി ശാന്തമായൊഴുകുന്നു. രണ്ടാം ലോക മഹായുദ്ധത്തെ അതിജീവിച്ച ഏക പാലമാണ് പോണ്ടെ വെച്ചിയോ എന്ന് ആല്‍ഫി പറഞ്ഞു. ഈ പാലത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പാലം നിറയെ ഷോപ്പുകളാണ്. ഏറെയും ജ്വല്ലറികള്‍. പാലം കടന്നാല്‍ ഫ്‌ളോറന്‍സ് നഗരത്തിന്റെ സ്ഥാപകരായി കരുതപ്പെടുന്ന മെഡിചി പ്രഭുകുടുംബത്തിന്റെ തറവാടായ പഴയ പാലസിലെത്താം. ഒരു വശത്ത് യൂഫീസി മ്യൂസിയം, മറുവശത്ത് പഴയ കൊട്ടാരം. താഴെ ചരിത്രസാക്ഷിയായ ആര്‍നോ നദി. നദിയില്‍ നിന്നടിക്കുന്ന കാറ്റില്‍ അലയടിച്ചെത്തുന്ന പുരാതന ഫ്‌ളോറന്‍സിന്റെ കഥകള്‍ സഞ്ചാരികളെ ഗൃഹാതുരത്വമാര്‍ന്ന ഒരു ലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു.

പള്ളികളും മ്യൂസിയങ്ങളും മാത്രമല്ല, സെമിത്തേരി പോലും ടൂറിസ്റ്റ് കേന്ദ്രമായ നഗരമാണ് ഫ്‌ളോറന്‍സ്. മനോഹരമായ കൊത്തുപണികളുള്ള സാന്റാക്രൂസ് പള്ളിയില്‍ നില്‍ക്കുമ്പോഴാണ് പാതിരി ചോദിച്ചത്. ഇവിടത്തെ സെമിത്തേരി കണ്ടുവോ? സെമിത്തേരിയോ എന്ന് ആശ്ചര്യപ്പെട്ടു നില്‍ക്കെ അയാള്‍ പറഞ്ഞു. അതു വെറും സെമിത്തേരിയല്ല. തീര്‍ഥാടന കേന്ദ്രമാണ്. മൈക്കലാഞ്ചലോ, ഗലീലിയോ, ഡാന്റെ, മാക്യവെല്ലി തുടങ്ങി ലോകചരിത്രത്തെ സ്വാധീനിച്ച നിരവധി മഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. ശരി, കാണുക തന്നെ. ചെന്നപ്പോള്‍ അവിടെയും സഞ്ചാരികളുടെ തിരക്ക്. ഭക്ത്യാദരപൂര്‍വം മെഴുകുതിരികളും പേറി തീര്‍ഥയാത്രക്കാരെപ്പോലെ കല്ലറകള്‍ തേടി നടക്കുന്നു, സഞ്ചാരികള്‍.

പൈതൃകത്തെ ഇത്ര സമര്‍ഥമായി വില്‍ക്കുന്ന മറ്റേതു നഗരമുണ്ടാവും ലോകത്ത്?

********


ഫ്‌ളോറന്‍സില്‍ നിന്ന് എണ്‍പതു കിലോമീറ്റര്‍ ദൂരമേയുള്ളൂ പിസായിലേക്ക്. പിസായിലെ ചെരിഞ്ഞ ഗോപുരം കാണാനുള്ള യാത്രയിലാണ് ഞങ്ങള്‍. ഒരു കൊച്ചു ബസ്സിലാണ് യാത്ര. ഒന്നര മണിക്കൂര്‍ കൊണ്ട് ചെന്നെത്താവുന്ന വളരെ ചെറിയൊരു പട്ടണം. മലകളും താഴ്‌വരകളും താണ്ടി ബസ്സ് നീങ്ങി. വഴി നീളെ മുന്തിരിത്തോപ്പുകള്‍. ഒലീവു തോട്ടങ്ങള്‍. വെണ്ണക്കല്‍ ക്വാറികള്‍. വഴിയിലെങ്ങും സഞ്ചാരികളുടെ വാഹനങ്ങള്‍. കരാര എന്ന ഗ്രാമത്തിലെത്തിയപ്പോള്‍ പാതിരി ചോദിച്ചു, ഈ ഗ്രാമത്തിന്റെ പ്രത്യേകത അറിയാമോ? ഇവിടെയാണ് ഏറ്റവും നല്ല ഇറ്റാലിയന്‍ മാര്‍ബിള്‍ കിട്ടുന്ന സ്ഥലം. വീണ്ടും മുന്നോട്ടു പോയപ്പോള്‍ പാതിരി പുറത്തേക്കു വിരല്‍ ചൂണ്ടി ചോദിച്ചു. ആ വഴി എങ്ങോട്ടാണെന്നറിയാമോ? വിന്‍സിയിലേക്ക്. മനസ്സിലായില്ല അല്ലേ? ലിയോനാര്‍ഡോ ഡാ വിന്‍സിയുടെ ഗ്രാമത്തിലേക്ക്.. ഞങ്ങള്‍ നിരാശയോടെ നോക്കി. മലമടക്കുകളിലൂടെ ആ വഴി അപ്രത്യക്ഷമാവുന്നു.

ഉച്ചയോടെ പിസായിലെത്തി. മനോഹരമായ ചത്വരങ്ങള്‍. ചെറിയ മ്യൂസിയങ്ങള്‍. ഭംഗിയുള്ള ഒരു കത്തീഡ്രല്‍. അതിനു പിന്നിലായി ചെരിഞ്ഞു നില്‍ക്കുന്ന ഗോപുരം. കത്തീഡ്രലിന്റെ പശ്ചാത്തലത്തിലാണ് ഗോപുരത്തിന്റെ ചെരിവ് കൂടുതല്‍ വ്യക്തമാവുക. പരിസരം മുഴുവന്‍ ടൂറിസ്റ്റുകള്‍ കയ്യടക്കിയിരിക്കുന്നു. എല്ലാ കാലത്തും അതങ്ങിനെയാണത്രെ. കൊടും തണുപ്പുള്ള മാസങ്ങളില്‍ പോലും പിസാ ഗോപുരത്തിനു മുന്നില്‍ സഞ്ചാരികളുണ്ടാവും. ഒരു പ്രത്യേക സ്ഥലത്തു നിന്നാല്‍ ചെരിഞ്ഞ ഗോപുരം കൈയില്‍ താങ്ങുന്നതു പോലെയുള്ള ഫോട്ടോ എടുക്കാം. പിസാ താങ്ങുന്ന ഫോട്ടോയുമായല്ലാതെ സഞ്ചാരികളാരും ഇവിടെ നിന്നു മടങ്ങാറില്ല. സഹസ്രാബ്ദം പിന്നിട്ടിട്ടും ആധുനികമായ നിര്‍മ്മിതി പോലെ അതു നില്‍ക്കുന്നു. നിത്യവിസ്മയമായി.

അതിലേക്കു തന്നെ നോക്കി നില്‍ക്കെ, ആല്‍ഫി ചെവിയില്‍ പറഞ്ഞു. സൂക്ഷിച്ചു നോക്കണ്ട, ഇത് റെപ്ലിക്കയല്ല, ഒറിജിനല്‍ തന്നെ!