ക്രൂഗര്‍ പാര്‍ക്കിലെ സിംഹത്താരകളിലൂടെ
അവര്‍ ആറു പേരുണ്ട്. രണ്ടാണും നാലു പെണ്ണും. മരത്തണലില്‍, പുല്‍മെത്തയില്‍, അവര്‍ ഗാഢനിദ്രയിലാണ്. പുലരിവെയിലില്‍ അവരുടെ പട്ടുപോലെ മിനുത്ത സടയും കുഞ്ചിരോമങ്ങളും വെട്ടിത്തിളങ്ങി. അവരുണരുന്നതും നോക്കി കാടിനു നടുവിലുള്ള ഞങ്ങളുടെ കാത്തിരിപ്പു തുടങ്ങിയിട്ട് നേരമേറെയായി.

കാട്ടിലെ രാജകൊട്ടാരത്തിനു മുന്നിലാണ് ഞങ്ങളിപ്പോള്‍. കാടടക്കി വാഴുന്ന ഒരു സിംഹകുടുംബത്തിനു മുന്നില്‍. അവരെ കണ്ടെത്തിയതു തന്നെ അദ്ഭുതം. ഞങ്ങള്‍ക്കു കിട്ടാത്ത ഗന്ധങ്ങളും അടയാളങ്ങളും പിന്‍തുടര്‍ന്ന്, ഞങ്ങളുടെ ലാന്‍ഡ് റോവറിനെ കൃത്യമായി ഈ സിംഹക്കൊട്ടാരത്തിലെത്തിച്ചത് കാടിന്റെ ഓരോ അണുവും അറിയുന്ന ജോ എന്ന ആഫ്രിക്കന്‍ ട്രാക്കറാണ്. മൃഗരാജാവിന്റെ കൊട്ടാരത്തിനു മുന്നില്‍ മുഖദര്‍ശനം കാത്തിരിക്കുന്ന ഞങ്ങള്‍ക്കിപ്പോള്‍, വേണമെങ്കില്‍ അവരെ കൈയെത്തിച്ചാല്‍ തൊടാം. അത്ര അരികെ, ഗാഢനിദ്രയില്‍, സുന്ദരികളും സുന്ദരന്മാരുമായ ആറു സിംഹങ്ങള്‍.

മിണ്ടരുത്, അനങ്ങരുത്. കാത്തിരിക്കുക. ജോവിന്റെ കല്‍പ്പന. അനുസരിച്ചേ തീരൂ. നാട്ടില്‍ നിന്ന് എത്രയോ ദൂരെ, ദക്ഷിണാഫ്രിക്കയില്‍, ക്രൂഗര്‍ പാര്‍ക്ക് എന്ന വനസങ്കേതത്തില്‍, ഒരു മൃഗരാജസന്നിധിയില്‍, മറ്റൊരാലംബവുമില്ലാതെ നില്‍ക്കുന്ന സന്ദര്‍ശകരാണല്ലോ ഇപ്പോള്‍ ഞങ്ങള്‍. വലിയൊരു കാഴ്ച നാം കാണാന്‍ പോകുന്നു എന്ന് ജോവിന്റെ ആംഗ്യത്തിലൂടെയുള്ള മുന്നറിയിപ്പാണ് അപ്പോഴും സന്ദര്‍ശനത്തെ ആകാംക്ഷാഭരിതമാക്കി നിര്‍ത്തുന്നത്.

സൂര്യന്‍ മരക്കുടിലിനു പുറത്തേക്കു വന്നുതുടങ്ങി. പള്ളിയുറക്കം തീര്‍ന്ന് സിംഹങ്ങള്‍ എഴുന്നേറ്റു. ചെറിയ സ്‌ട്രെച്ചിങ്ങും ക്ലീനിങ്ങും ജോഗിങ്ങും. കോട്ടുവായിട്ട് പരസ്​പരം നക്കിത്തോര്‍ത്തി അവര്‍ മെല്ലെ പുറത്തേക്കു നടന്നു തുടങ്ങി. അനുമതി വാങ്ങാതെ വന്നതു കൊണ്ടാവാം, ഞങ്ങളെ തീരെ ഗൗനിക്കാതെ, വളരെ പതുക്കെ, എന്നാല്‍ രാജകീയമായിത്തന്നെ, റോയല്‍ ഫാമിലി മുന്നോട്ടു നീങ്ങി. അവര്‍ക്കു പിന്നാലെ, കുറ്റിക്കാടുകള്‍ക്കു മേലേ, ശബ്ദമുണ്ടാക്കാതെ ഞങ്ങളുടെ ലാന്‍ഡ് റോവറും നീങ്ങി. താഴെ, താഴ്‌വരയുടെ മറ്റൊരതിരില്‍ കാട്ടുപോത്തുകളുടെ വലിയൊരു സംഘം മേയുന്നുണ്ടെന്ന് ജോവിന് അറിയാം, സിംഹങ്ങള്‍ക്കുമറിയാം. ഞങ്ങള്‍ മാത്രം കാണാന്‍ പോകുന്ന പൂരത്തിന്റെ വലുപ്പമറിയാതെ ശ്വാസമെടുത്തു പിടിച്ച് അവര്‍ തെളിച്ച വഴിയേ.

മുക്കാല്‍ കിലോമീറ്റര്‍ പോയിക്കാണും. സിംഹങ്ങളുടെ പ്രകൃതത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. പൂച്ച പതുങ്ങും പോലെ പതുങ്ങിയുള്ള നടത്തം. മെല്ലെ മെല്ലെ, കൂട്ടം സ്‌പ്രെഡ് ചെയ്തുകൊണ്ടുള്ള വിന്യാസം. ഒരു മരത്തില്‍ മുന്‍കാലുകള്‍ കയറ്റിവെച്ച് കൂട്ടത്തിലൊരാളുടെ പരിസരനിരീക്ഷണം. വായുവില്‍ പറക്കുന്ന നിശ്ശബ്ദമായ സന്ദേശങ്ങള്‍. എന്തോ നടക്കാന്‍ പോകുന്നു എന്ന് അവരുടെ മുഖത്തും ജോവിന്റെ മുഖത്തും ഉണ്ട്.
രാജാവിന്റെ മൃഗയാവിനോദത്തിന്റെ തുടക്കമായിരുന്നു അത്്. ഏതോ ഇരയെ അവര്‍ ഐഡന്റിഫൈ ചെയ്തിരിക്കുന്നു. അപ്പോഴാണ് താഴ്‌വരയിലൂടെ അലസമായി മുന്നേറി വരുന്ന കാട്ടുപോത്തിന്‍ കൂട്ടം എന്റെ ലെന്‍സില്‍ തെളിയുന്നത്. പിന്നെ എല്ലാം മിന്നല്‍പ്പിണര്‍ പോലെയാണ് കണ്ടത്. കുറ്റിക്കാടുകള്‍ക്കും വഴിമറക്കുന്ന ചെടിപ്പടര്‍പ്പുകള്‍ക്കും മേലേക്കൂടി ഗര്‍ജിച്ചു കൊണ്ട് സിംഹപ്പട ചാടി വീഴുന്നു. വെടിപൊട്ടുമ്പോള്‍ പറവക്കുട്ടം ചിതറും പോലെ കാട്ടിക്കൂട്ടം ചിതറുന്നു. കുളമ്പടിശബ്ദങ്ങള്‍ കൊണ്ടു കാടു കുലുങ്ങുന്നു. പൊടിപടലത്തില്‍ താഴ്‌വര മൂടുന്നു. നൊടിയിടയില്‍ എല്ലാം കഴിഞ്ഞു. കണ്ണടച്ചു തുറക്കുമ്പോള്‍ ഒരു കൊച്ചു കാട്ടി സിംഹദംഷ്ട്രയില്‍ ചോരവാര്‍ന്നു കിടന്നു പിടയ്ക്കുന്നു..

രാജകീയമായ വേട്ട. രാജകീയമായ അമൃതേത്ത്. കാട്ടിലെ രാജകുടുംബം തീറ്റ തുടങ്ങുകയാണ്. ഗര്‍ജിച്ചും മുക്രയിട്ടും ചോരചീറ്റിച്ചും ദുര്‍ഗന്ധം പ്രസരിപ്പിച്ചുമുള്ള തീറ്റ. അതു കണ്ടുകൊണ്ട് കൈയെത്തും ദൂരെ ഞങ്ങളും. ക്രൗര്യവും കരുത്തും മാത്രമല്ല, കുടുംബവാഴ്ചയുടെ ശീലങ്ങളും അടയാളങ്ങളും കീഴ്‌വഴക്കങ്ങളും രാജമുദ്ര പോലെ പതിഞ്ഞിട്ടുണ്ട് ആ സിംഹസദ്യയില്‍. ആണ്‍സിംഹങ്ങള്‍ ആദ്യം. പെണ്ണുങ്ങള്‍ പിന്നീട്. അതാണു നിയമം. വേട്ടയാടാനും തീറ്റയൊരുക്കാനും പെണ്ണുങ്ങള്‍. കാവല്‍ നില്‍ക്കാനും പെണ്ണുങ്ങള്‍. വീരപുരുഷ കേസരികള്‍ ഉണ്ണും, ഉറങ്ങും, ഉണ്ണിയുണ്ടാക്കും. അത്രമാത്രം. രാജാവിന്റെ അമൃതേത്തില്‍ പക്ഷെ ഇന്നൊരു ചെറിയ പുതുമ. കൂട്ടത്തിലൊരു പെണ്‍സിംഹത്തിനെ മാത്രം, കാമുകിയായിരിക്കാം, പ്രാതലില്‍ പങ്കുചേരാന്‍ അനുവദിച്ചിരിക്കുന്നു. മറ്റുള്ളവര്‍ മൂന്നതിരുകളിലായി ജാഗ്രതയോടെ കാവല്‍ തുടരുന്നു.
++++++++++

അപ്പോഴാണ് ജോ വീണ്ടും അനങ്ങരുത് എന്ന് ആംഗ്യത്തിലൂടെ മുന്നറിയിപ്പു തന്നത്. കാഴ്ചകള്‍ തീര്‍ന്നിട്ടില്ല എന്നാണാ സൂചനയുടെ അര്‍ഥം. രണ്ടു ദിവസമായി ജോയുടെ ഒപ്പം സഞ്ചരിക്കുന്ന ഞങ്ങള്‍ക്കറിയാം, ആ സൂചനകള്‍ തെറ്റാറില്ല. കാട്ടില്‍ സദാ മൃഗങ്ങള്‍ക്കൊത്തു ജീവിച്ചു ശീലിച്ചതു കൊണ്ടാവാം, ജോയ്ക്ക് പലപ്പോഴും ആംഗ്യങ്ങളേയുള്ളൂ. ഭാഷയില്ല. ഇഷ്ടന്‍ യാത്ര ചെയ്യുന്നതു പോലും വണ്ടിയില്‍ ഇരുന്നല്ല, പുറകില്‍ തൂങ്ങി നിന്നാണ്. ചെവി വട്ടം പിടിച്ചും മൂക്ക് തുറന്നു പിടിച്ചും ആരും കാണാത്ത പഗ്മാര്‍ക്ക്‌സ് കണ്ടുപിടിച്ചും ഇടക്കിടെ ഇടത്തോട്ടോ വലത്തോട്ടോ കൈകള്‍ നീട്ടി വണ്ടിയുടെ ദിശ മാറ്റിയും അയാള്‍ കാട്ടിലൂടെ നമ്മളെ നയിക്കും. അദ്ഭുതം തോന്നും, കൃത്യമായി മൃഗങ്ങള്‍ നില്‍ക്കുന്നിടത്ത് തന്നെ വണ്ടി എത്തിയിരിക്കും.

ഇവിടെയും തെറ്റിയില്ല. ചിതറിയോടിയ കാട്ടുപോത്തുകള്‍ പൊടുന്നനെ റീഗ്രൂപ്പ് ചെയ്യുന്നതാണ് പിന്നീടു കണ്ടത്. അവര്‍ കൂടിയാലോചിക്കുന്നു, എന്തൊക്കെയോ തീരുമാനിക്കുന്നു, ചീറ്റുന്നു, മുക്രയിടുന്നു, മിന്നല്‍പ്പിണര്‍ പോലെ കൂട്ടമായി സിംഹങ്ങള്‍ക്കു നേരേ ചാര്‍ജ് ചെയ്യുന്നു. കാവല്‍ നില്‍ക്കുന്ന സിംഹിണികള്‍ പ്രത്യാക്രമിക്കുന്നു. അവ ചിതറിയോടുന്നു. വീണ്ടും ഒന്നിക്കുന്നു. വീണ്ടും ആക്രമിക്കുന്നു. കാടിനെ കുലുക്കുന്ന ഒരു പോരാട്ടം കണ്മുന്നില്‍. ശക്തിയിലും സംഘബലത്തിലും എത്രയോ പുറകിലായിട്ടും ചടുലതയും ശൗര്യവും രാജരക്തത്തിന്റെ സഹജവീര്യവും കൊണ്ട് ഓരോ തവണയും സിംഹിണികള്‍ കാട്ടുപോത്തുകളുടെ കൂട്ടംചേര്‍ന്നുള്ള ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിച്ചു. രാജാവിനെ തൊടാന്‍ സമ്മതിക്കാതെ, അദ്ദേഹത്തിന്റെ അമൃതേത്തിനു ഭംഗം വരാതെ, തങ്ങള്‍ വേട്ടയാടിപ്പിടിച്ച ഇരയെ തൊടാന്‍പോലും അനുവദിക്കാതെ അവ വീറോടെ പൊരുതി നിന്നു. കാട്ടുപോത്തിന്‍കുട്ടിയുടെ ചലനങ്ങളൊക്കെ അവസാനിച്ചു കഴിഞ്ഞിരുന്നു. തിരിച്ചു കിട്ടിയാലും തങ്ങളുടെ പിഞ്ചോമനയെ രക്ഷിക്കാനാവില്ലെന്നു മനസ്സിലായതു കൊണ്ടോ എന്തോ കാട്ടുപോത്തുകള്‍ ഒടുവില്‍ പിന്മാറി. അപ്പോഴേക്കും മണിക്കൂര്‍ ഒന്നു പിന്നിട്ടിരുന്നു. പോരാടിത്തളര്‍ന്ന പെണ്‍മണികളാവട്ടെ,, വയര്‍ നിറച്ചുണ്ട് ഏമ്പക്കവും വിട്ട് മരത്തണലില്‍ കിടക്കുന്ന സിംഹവീരന്മാരുടെ ഒൗദാര്യപൂര്‍ണമായ ആംഗ്യം ശിരസാ വഹിച്ച് ഉച്ഛിഷ്ടത്തില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുള്ളത് തിന്നുന്ന തിരക്കിലുമായി.

ശ്വാസം പോലും വിടാതെ അടിമുടി വിറച്ചു കൊണ്ടാണ് ഞങ്ങളാ യുദ്ധം കണ്ടുനിന്നത്. ക്രൂഗറിലെത്തിയപ്പോള്‍ ജോ തന്ന ആദ്യ നിര്‍ദ്ദേശം, സഫാരിക്കിടെ അനങ്ങരുതെന്ന ശാസന, അയാള്‍ കണ്‍ചലനങ്ങളിലൂടെ യുദ്ധം തീരും വരെയും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തുറന്ന ജീപ്പിലിരിക്കുന്ന ഞങ്ങളുടെ തൊട്ടു മുന്നിലാണ് ആ യുദ്ധമത്രയും നടന്നത്. ജീപ്പിനു ചുറ്റും സിംഹങ്ങളും കാട്ടികളും തലങ്ങും വിലങ്ങും പായുന്നു. ഒരു തവണ തല എതിര്‍ദിശയില്‍ തിരിച്ചപ്പോള്‍ ഉള്ളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു. തൊട്ടിപ്പുറത്ത് ഇമവെട്ടാതെ ഒരു സിംഹം! കൈ നീട്ടി അടിച്ചാല്‍ അതിനെന്നെ കൊല്ലാം. പക്ഷെ അതിന്റെ കാഴ്ചയില്‍ അപ്പോള്‍ ഞാനില്ല. കാട്ടികളെ മാത്രം ഫോക്കസ് ചെയ്തുള്ള ആ ദൃഷ്ടിയില്‍ ഞാന്‍ പെട്ടിട്ടില്ല. അനങ്ങരുതെന്നും മിണ്ടരുതെന്നും ജോ പറഞ്ഞതിന്റെ രഹസ്യം അപ്പോഴാണ് ശരിക്കും മനസ്സിലായത്.
ക്രൂഗറിലെത്തി, മൂന്നാം ദിവസമായിരുന്നു സിംഹങ്ങളുടെ ജയത്തില്‍ കലാശിച്ച ഈ യുദ്ധം ഞങ്ങള്‍ കണ്ടത്. തലേന്ന് അവയുടെ പരാജയത്തില്‍ കലാശിച്ച മറ്റൊരു പോരാട്ടവും ഞങ്ങള്‍ നേരില്‍ കണ്ടിരുന്നു. ശക്തി പരാജയപ്പെടുന്നിടത്ത് ബുദ്ധിയും സൂത്രവും വിജയിക്കുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ആ യുദ്ധം. സ്വന്തം കുഞ്ഞിനെ രക്ഷിക്കാനാണ് കാട്ടു പോത്തുകള്‍ പരാജയപ്പെട്ട ഈ യുദ്ധം നടത്തിയതെങ്കില്‍, മെയ്യനങ്ങാതെ തിന്നാന്‍ വേണ്ടിയായിരുന്നു തലേന്നു ഹൈനകള്‍ നടത്തിയ വിജയിച്ച യുദ്ധം.

രാവിലത്തെ പതിവു സഫാരിക്കിടയിലാണ് അതു ഞങ്ങള്‍ കണ്ടത്, എന്തോ ശബ്ദം കേട്ടിട്ടാവാം, പൊടുന്നനെ ജോ വണ്ടിയുടെ ഗതി മാറ്റി. ചെന്നു പെട്ടത് ഒരു കുഞ്ഞു മാനിനെ വേട്ടയാടിപ്പിടിക്കുന്ന സിംഹക്കൂട്ടത്തിനു മുന്നില്‍. കൂഡു വര്‍ഗത്തില്‍ പെട്ട മാനുകളുടെ ഒരു വന്‍കൂട്ടം ചിതറിയോടുന്നു. ഇളംതളിരു പോലൊരു മാന്‍കുഞ്ഞ് സിംഹദംഷ്ട്രകളില്‍ കിടന്നു പിടയുന്നു. അതിന്റെ ചലനം നിലച്ചിട്ടില്ല. കഴുത്തിലും വയറിലും പിന്‍കാലുകള്‍ക്കിടയിലും പുറത്തുമൊക്കെയായി നാലഞ്ചു സിംഹങ്ങള്‍ കടിച്ചു പിടിച്ചിട്ടുണ്ട്. ഒരു ചിമിഴില്‍ നിറച്ചു വെച്ച നീലക്കടല്‍ പോലെ അതിന്റെ കണ്ണുകള്‍ അപ്പോഴും ഓളം വെട്ടുന്നു. കുഞ്ഞുമത്സ്യത്തെപ്പോലെ പിടയ്ക്കുന്നു. ഒന്നേ നോക്കിയുള്ളൂ. നെഞ്ചു കലങ്ങിപ്പോയി. ഏതു കഠിനഹൃദയന്റെയും കണ്ണു നിറക്കുന്ന കാഴ്ചയായിരുന്നു ചൈതന്യം കെടാത്ത ആ കുഞ്ഞിക്കണ്ണുകള്‍. നോക്കിനില്‍ക്കെ, ഒരു വിളക്കു കെടും പോലെ അതു മെല്ലെ അടഞ്ഞു...
++++++++++
പതിവു ചിട്ടവട്ടങ്ങളോടെ സിംഹങ്ങള്‍ അമൃതേത്ത് തുടങ്ങി. അമറലും മൂളലും കുടല്‍ കടിച്ചു വലിക്കുമ്പോഴത്തെ നാറ്റവും ഒക്കെച്ചേര്‍ന്ന് അസഹ്യമായ കാഴ്ചയായിരുന്നു അത്. പോകാമെന്നു പറഞ്ഞപ്പോള്‍ നില്‍ക്കൂ, ഇനിയും കാഴ്ചയുണ്ട് എന്ന ആംഗ്യത്തോടെ ജോ വിലക്കി. ശരിയായിരുന്നു. കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്ന് ഓരോന്നായി ചോരക്കണ്ണുകളും തിളങ്ങുന്ന പല്ലുകളും പുറത്തേക്കു വരാന്‍ തുടങ്ങി. ഹൈനകളുടെ ഒരു കൂട്ടം സിംഹങ്ങളെ വളയുന്നതാണ് പിന്നീടു കണ്ടത്. ഇളിക്കുന്ന പോലുള്ള കരച്ചിലും വട്ടമിട്ടുള്ള ഓട്ടവും ഇടക്കിടക്കുള്ള ആക്രമണവും കൊണ്ട് അവ സിംഹക്കൂട്ടത്തെ ഛിന്നഭിന്നമാക്കി. ഒരു വഴിക്ക് കാവല്‍സിംഹങ്ങള്‍ ഒരു കൂട്ടത്തെ ഓടിക്കുമ്പോള്‍ മറുവഴിക്ക് രാജാവിന്റെ തീറ്റ മുടക്കാന്‍ വേറെ സംഘമെത്തുന്നു. അവരെ ഓടിക്കുമ്പോള്‍ വേറെ ചാവേറുകള്‍. കോമഡി നാടകം പോലെ തോന്നിക്കുമെങ്കിലും ഒന്നാന്തരം ഗറില്ലായുദ്ധമായിരുന്നു അത്. അപാര ടീം വര്‍ക്ക്. എല്ലാ വശത്തു നിന്നുമുള്ള ആക്രമണത്തില്‍ സിംഹങ്ങള്‍ വലഞ്ഞു. മൃഗരാജനെന്നു പറഞ്ഞിട്ടെന്തു കാര്യം, ഹൈനകള്‍ക്കു മുന്നില്‍ ഒന്നും വിലപ്പോകുന്നില്ല. സമയം മുന്നേറുന്തോറും ആക്രമണത്തിനും ശക്തി കൂടി. ഒടുവില്‍ രാജാവും പരിവാരങ്ങളും പരാജയം സമ്മതിച്ചു പിന്‍വാങ്ങി. ഏതാണ്ട് ഒന്നൊന്നര മണിക്കൂര്‍ നീണ്ട ആ പോരാട്ടത്തില്‍ ഹൈനകളുടെ ബുദ്ധിക്കും സംഘശക്തിക്കും മുന്നില്‍ തോറ്റുമടങ്ങുന്ന സിംഹക്കൂട്ടം വലിയൊരു കാഴ്ചയായിരുന്നു. തോല്‍വിയിലും പക്ഷെ, രാജാവു രാജാവു തന്നെ. തലയുയര്‍ത്തിപ്പിടിച്ചാണ് അവന്റെ പിന്മാറ്റം.

സിംഹങ്ങളെത്തേടിയുള്ള യാത്രയില്‍ കൊട്ടാര ജീവിതത്തിന്റെ മറ്റൊരു മുഖവും ഞങ്ങള്‍ കണ്ടു. വാത്സല്യത്തിന്റെയും ഗൃഹസ്ഥജീവിതത്തിന്റെ സന്തോഷങ്ങളുടെയും അസൂയപ്പെടുത്തുന്ന മുഖം. രണ്ടാം ദിവസം വൈകുന്നേരത്തെ സഫാരിക്കിടയിലായിരുന്നു അത്. വളരെ ധൃതിയില്‍ നടന്നു പോകുന്ന ഒരു പെണ്‍സിംഹത്തെ കണ്ടു. അതൊരു പ്രസവിച്ച സിംഹമാണെന്നു ജോ പറഞ്ഞു. പുറകെ പോയാല്‍ നല്ല കാഴ്ച കിട്ടിയേക്കാമെന്നും. പിന്നെ സംശയിച്ചില്ല, സിംഹം പോകുന്ന വഴികളിലൂടെയെല്ലാം ശബ്ദമുണ്ടാക്കാതെ ഞങ്ങളുടെ ലാന്‍ഡ് റോവറും നീങ്ങി. ക്രൂഗറില്‍ കാട്ടുപാതകളിലൂടെ മാത്രമേ പോകാവൂ എന്നില്ല. കുറ്റിക്കാടുകളോ പുല്‍മേടുകളോ താണ്ടി ഏതിലെയും പോകാം. ലാന്‍ഡ്‌റോവര്‍ ഒരസാധ്യ വണ്ടിയാണ്. ഏതു മലയും പുഴയും താണ്ടും. മറിയുകയോ കേടുവരികയോ ചെയ്യില്ല. ശബ്ദവും കേള്‍പ്പിക്കില്ല. ഒരു നിശ്ചിത അകലം പുറകിലായി നീങ്ങിയ ഞങ്ങളെ സിംഹരാജ്ഞി കണ്ടതേയില്ല. അര മണിക്കൂറിലേറെ സമയം അവളെ ഞങ്ങള്‍ പിന്‍തുടര്‍ന്നു കാണും. ഒടുവില്‍, ഞങ്ങളെ ആഹ്ലാദിപ്പിച്ച ഒരു കാഴ്ചയില്‍ ആ യാത്ര അവസാനിച്ചു. ഒരു മരത്തണലില്‍ നിന്നു പാഞ്ഞു വന്ന രണ്ടു സിംഹകുമാരന്മാര്‍! അവരെ വാത്സല്യത്തോടെ പാലൂട്ടുന്ന അമ്മറാണി. അമ്മയ്ക്കു ചുറ്റും കുത്തിമറിഞ്ഞുള്ള ആ യുവരാജകുമാരന്മാരുടെ കളിയും ചിരിയും നോക്കി ഏറെ നേരം ഞങ്ങളവിടെ നിന്നു. നമുക്കു പരിചിതമായ ഏതു കുടുംബത്തിലെയും കളിചിരികള്‍ പോലെ ഹൃദ്യമായിരുന്നു ആ സിംഹവീട്.

***
എത്രയോ കാടുകള്‍ സഞ്ചരിച്ചിട്ടും കിട്ടാത്ത അപൂര്‍വമായ അനുഭവങ്ങളും കാഴ്ചകളുമാണ് മൂന്നു ദിവസം കൊണ്ട് ക്രൂഗര്‍ പാര്‍ക്ക് തന്നത്. ക്യാമറക്കു കൊതിതീരാത്ത രാപ്പകലുകളായിരുന്നു അത്. വഴിയില്‍ സന്ധ്യക്കു കണ്ട പുലിയുടെ പുറകെ സഞ്ചരിച്ച് ഒടുവില്‍ പെറ്റു കിടക്കുന്ന ഒരു ഹൈനയുടെ മടയിലെത്തിയത്. വണ്ടിക്കു കുറുകെ ചാടിയ ഒറ്റയാനു പിറകെ പോയി താഴ്‌വര മുഴുക്കെ അലഞ്ഞത്, മരത്തലപ്പുകള്‍ക്കു മേലേ കണ്ട ജിറാഫുകളുടെ നൃത്തം, കണ്ടാമൃഗത്തിന്റെ സായാഹ്നസവാരി, ഹിപ്പോകളുടെ നീരാട്ട്, മുതലകളുടെ വേട്ട, നിറപ്പകിട്ടാര്‍ന്ന പക്ഷികള്‍ നദിക്കുമേലേ തീര്‍ക്കുന്ന മഴവില്‍ മാലകള്‍, താമസസ്ഥലത്തെ കോട്ടേജുകളുടെ മുറ്റത്തു പോലും അലഞ്ഞു നടക്കുന്ന കാട്ടുമൃഗങ്ങള്‍.. എല്ലാം കാടിന്റെ വിസ്മയചിത്രങ്ങള്‍. എന്നാല്‍ ക്രൂഗറിലെ ആ സിംഹത്താരകള്‍ എല്ലാറ്റിനും മേലേ ഓര്‍മ്മയില്‍ ജ്വലിച്ചു നില്‍ക്കുന്നു -ഒരേ സമയം വന്യമായ മൃഗതൃഷ്ണകളുടെയും ഹൃദ്യമായ കുടുംബസ്‌നേഹത്തിന്റെയും ചിത്രങ്ങളായി.

ഇടയ്ക്കിടെ കാട്ടില്‍ പോകുന്നത് എന്തിനാണെന്ന് എന്നോടു പലരും ചോദിക്കാറുണ്ട്. തിരക്കില്‍ നിന്നകന്നുള്ള വിശ്രമത്തിനോ കാട്ടിലെ മൃഗങ്ങളെ പിന്തുടരുന്നതിലെ ത്രില്ലിനോ വേണ്ടി മാത്രമല്ല ആ യാത്ര. കാട് വലിയൊരു പാഠശാല കൂടിയാണ്. പഠിച്ചിട്ടും ജീവിതത്തില്‍ പരീക്ഷിക്കാന്‍ നാം മറന്നു പോകുന്ന നിരവധി പാഠങ്ങള്‍ കാടു നമ്മെ ഓര്‍മിപ്പിക്കും. അതിജീവനമെന്ന കല, സംഘബോധത്തിന്റെ ശക്തി, ഏകാഗ്രത, സ്വന്തം ശക്തിയുടെ വന്യവും കൃത്യവുമായ വിനിയോഗം, ലക്ഷ്യം നിര്‍ണയിച്ചു കഴിഞ്ഞാല്‍ പിന്നെ പിന്മാറാതെയുള്ള പോരാട്ടം.. ഇതൊക്കെ കാട് പഠിപ്പിക്കുന്ന പാഠങ്ങളാണ്. ക്രൂഗര്‍ പാര്‍ക്കിലെ സിംഹക്കാഴ്ചകള്‍ അതിനെ ഒന്നുകൂടി സമൃദ്ധമാക്കി. തോല്‍വിയും ജയവും ഒരേ പോലെ സ്വീകരിക്കാനുള്ള കഴിവ്, അടുത്ത ഊഴത്തിനു വേണ്ടി കാത്തിരിക്കാനുള്ള സന്നദ്ധത, ഏതവസരവും ഉപയോഗപ്പെടുത്താനുള്ള സഹജവാസന, എത്ര കരുത്തനെയും തോല്‍പ്പിക്കാന്‍ വേണ്ട തന്ത്രങ്ങള്‍.. അങ്ങിനെ എന്തെല്ലാം പാഠങ്ങള്‍ ആ സിംഹക്കാഴ്ചകള്‍ പകര്‍ന്നു തന്നു!

കാടിനേക്കാള്‍ വില പിടിച്ച മറ്റൊരു ജീവിതപാഠവും ആ യാത്രയുടെ ബലന്‍സ് ഷീറ്റിലുണ്ട്. ജോ എന്ന കാട്ടുമനുഷ്യന്‍. കാടിന്റെ രൂപവും ഭാവവും ഗന്ധവും സ്വഭാവവുമുള്ള പച്ചയായ ഒരു മനുഷ്യന്‍. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന, സത്യസന്ധനായ ഒരു നാടന്‍ ആഫ്രിക്കക്കാരന്‍. വന്ന ദിവസം തന്നെ ഞങ്ങളുടെ ചുമതലയേറ്റെടുത്ത ജോ അവസാനം വരെ അപകടം നിറഞ്ഞ കാടുകളിലൂടെ ഞങ്ങളെ ഒരു തള്ളക്കോഴിയെപ്പോലെ ചിറകിന്‍കീഴില്‍ കൊണ്ടുനടന്നു. മൂന്നു ദിവസം ഞങ്ങള്‍ ജോയ്‌ക്കൊപ്പം താമസിച്ചു. എന്നും രാവിലെയും വൈകീട്ടും ഒരുമിച്ചു കാട്ടില്‍ പോയി. മൃഗങ്ങളെ കണ്ടു. കാട്ടിലിരുന്നു ഭക്ഷണം കഴിച്ചു. കാട്ടുവഴികളിലൂടെ അലഞ്ഞു നടന്നു. രാത്രികളില്‍ റിസോര്‍ട്ടിന്റെ മുറ്റത്തോ മട്ടുപ്പാവിലോ നക്ഷത്രങ്ങളെ നോക്കി ഉറങ്ങാതെ മലര്‍ന്നു കിടന്നു. ഈജിപ്തിലെ ബദൂയിനുകളെപ്പോലെ നക്ഷത്രങ്ങളെ നോക്കി വഴി നിര്‍ണയിക്കാനുള്ള കഴിവ് ജോയ്ക്കുമുണ്ടായിരുന്നു. എനിക്കു സതേണ്‍ സ്റ്റാറിനെ കാണിച്ചു തന്നതും കാട്ടില്‍ വഴി നിര്‍ണയിക്കാനുള്ള വഴികള്‍ പറഞ്ഞു തന്നതും ജോ ആണ്. ഏറെ സംസാരിക്കാത്ത ജോ നീണ്ടുപോകുന്ന രാത്രിച്ചര്‍ച്ചകളില്‍ സംസാരിക്കാന്‍ തുടങ്ങിയതു വൈകിയാണ്. തുടങ്ങിയപ്പോള്‍ പിന്നീടൊരു കുത്തിയൊഴുക്കായിരുന്നു. വര്‍ണവിവേചനം ഇപ്പോഴും പല രീതിയില്‍ നടമാടുന്ന ആഫ്രിക്കയിലെ കറുത്തവന്റെ ജീവിതവിലാപങ്ങളായിരുന്നു ജോവിന്റെ വാക്കുകള്‍ മുഴുവന്‍. കാടിനെപ്പോലെ ജോയും ഒരു പാഠശാലയായിരുന്നു. അനുഭവങ്ങളുടെ പാഠശാല. സ്‌നേഹവും വന്യതയും ഒരേ അളവില്‍ സമ്മേളിച്ച ക്രൂഗറിലെ മറ്റൊരു സിംഹം...