ലോകത്തെ അത്ഭുത സൗന്ദര്യങ്ങളില്‍ ഒന്നാണ് പ്ലിറ്റ് വിക്‌സ് തടാകം. പ്രകൃതി തീര്‍ത്ത ഒരു വിസ്മയ ജലശയ്യ.പ്ലിറ്റ്‌വിക്‌സിലെ അണക്കെട്ടുകള്‍ക്ക് ജീവനുണ്ട്. അവ ഓരോ വര്‍ഷവും ഓരോ ഇഞ്ചു വീതം വളരും. യോസിപ് പറഞ്ഞു. കാണാന്‍ പോകുന്ന സ്ഥലത്തെക്കുറിച്ച് ഇതിനേക്കാള്‍ ആകാംക്ഷ വളര്‍ത്തുന്ന വാക്കുകള്‍ മറ്റെന്താണ് മുന്‍കൂറായി കേള്‍ക്കേണ്ടത്?
സദാ വിഷാദഛായയുള്ള മുഖമാണ് യോസിപ്പിന്. ഇതു പറയുമ്പോള്‍ അഭിമാനം കലര്‍ന്ന ഒരു പുഞ്ചിരി അയാളുടെ മുഖത്തു കണ്ടു. ലോകത്ത് നിങ്ങള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട പത്തു സുന്ദരഭൂമികളില്‍ ഒന്നാണ് പ്ലിറ്റ്‌വിക്‌സ്. ജീവനുള്ള ഡാമുകള്‍. വളരുന്ന ഡാമുകള്‍. കേട്ടിട്ടുണ്ടോ അങ്ങിനെയൊന്ന് എവിടെയെങ്കിലും?
പിന്നെ ഒന്നു നിറുത്തി അയാള്‍ ഇതുകൂടി പറഞ്ഞു. ഡാമുകള്‍ക്കു പോലും ജീവനുള്ള നാടാണ് ക്രൊയേഷ്യ. പക്ഷെ ഇവിടത്തെ ജനങ്ങള്‍ക്കു നല്ല ജീവിതമില്ല. ഓരോ വര്‍ഷവും ഓരോ ഇഞ്ചായി അവര്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. കമ്യൂണിസവും വംശീയകലാപവും യുദ്ധങ്ങളും ഈ സുന്ദരഭൂമിയെ തകര്‍ത്തെറിഞ്ഞിരിക്കുന്നു.

ക്രൊയേഷ്യന്‍ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയിട്ട് ആഴ്ചകളായെങ്കിലും യോസിപ്പിന്റെ വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നു. ഉത്തരമില്ലാത്ത ചോദ്യം പോലെ അതു വേട്ടയാടുന്നു. സുന്ദരമായ കാഴ്ചകളും നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളും ഒരേയിടത്ത് ഇത്ര കൂടിയ അളവില്‍ പ്രകൃതി വാരിവിതറുന്നതിന്റെ രഹസ്യമെന്താവാം?
രണ്ടു തരം ഭൂപടങ്ങളിലൂടെ ഒരേ സമയത്തുള്ള സഞ്ചാരം. അതായിരുന്നു, എട്ടായി ചിതറിയ പഴയ യുഗോസ്ലാവ്യയിലൂടെയുള്ള ആ യാത്ര. ആരെയും വശീകരിക്കുന്ന ഒരു വിനോദസഞ്ചാര ഭൂപടത്തിലൂടെയും രക്തം കൊണ്ടു മാറ്റിവരക്കപ്പെട്ട ഒരു രാഷ്ട്രീയ ഭൂപടത്തിലൂടെയുമുള്ള വികാരതീവ്രമായ യാത്ര.

ക്രൊയേഷ്യന്‍ പ്രകൃതിഭംഗിയുടെ പാരമ്യമായ പ്ലിറ്റ്‌വിക്‌സില്‍ നിന്നായിരുന്നു തുടക്കം. അതൊരു വിസ്മയ ജലശയ്യയാണ്. തടാകങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ താഴ്‌വര. മലകളില്‍ തട്ടുതട്ടായി കിടക്കുന്ന 16 തടാകങ്ങള്‍. ഓരോ തട്ടില്‍ നിന്നും താഴേക്കു പതിക്കുന്ന നൂറുകണക്കിനു ജലപാതങ്ങള്‍. തടാകങ്ങളില്‍ ജൈവപ്രക്രിയയിലൂടെ രൂപപ്പെടുകയും വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ചെറുതും വലുതുമായ ഡാമുകള്‍. തടാകത്തില്‍ നിന്നു പുറപ്പെടുന്ന നദികള്‍. ചുറ്റും കാടുകള്‍. പ്രകൃതി തീര്‍ത്ത ഒരത്ഭുത ലോകം. നീലയും പപച്ചയും മരതകവും കലര്‍ന്ന നിറങ്ങളില്‍ സദാ വെട്ടിത്തിളങ്ങുന്ന ഒരു താഴ്‌വര!
തലസ്ഥാനമായ സാഗരീബില്‍ നിന്ന് മൂന്നു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ലീകാ മലനിരകളിലുള്ള പ്ലിറ്റ്‌വിക്‌സിലെത്താം. ഏതാണ്ട് 300 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ ജൈവതടാകത്തിന്. നടന്നാലും നടന്നാലും തീരാത്ത മരത്തിന്റെ നടപ്പാത താഴ്‌വരയിലുടനീളം പണിതിട്ടിരിക്കുന്നു. ജലധാരകള്‍ക്കു മീതേക്കൂടി കാടും കരകളും ചുറ്റി അതു വളഞ്ഞുപുളഞ്ഞു പോകുന്നു. മണിക്കൂറുകള്‍ നീണ്ട നടത്തത്തില്‍ സദാ പിന്തുടരുന്ന കളകളാരവവും കുളിര്‍കാറ്റും. തടാകക്കരയിലെങ്ങും ചുറ്റിനടക്കുന്ന പൂമണം. മരക്കൊമ്പുകളില്‍ പലതരം കിളികള്‍. കാടിറമ്പില്‍ വന്യമൃഗങ്ങള്‍. വിചിത്രമായ ഒരു ലോകത്തു ചെന്നു പെട്ട പ്രതീതി!

വെള്ളം കല്ലാവുന്ന ഒരു പ്രത്യേക ആല്‍ക്കെമിയാണ് ഈ മാജിക്കല്‍ ലാന്‍ഡ്‌സ്‌കേപ്പിന്റെ രഹസ്യം. ക്രൊയേഷ്യയിലെ ഈ മലനിരകളില്‍ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഇത്. ചോര്‍ച്ചയുള്ള തരം ചുണ്ണാമ്പുപാറകളാണ് ഇവിടെയുള്ളത്. സദാ രൂപമാറ്റം വരുന്ന പാറകള്‍. ജലപ്രവാഹവും മണ്ണൊലിപ്പും കാല്‍സ്യം കാര്‍ബണേറ്റിന്റെ ആധിക്യവും മൂലം സംഭവിക്കുന്ന ഒരു രാസപ്രക്രിയ ഈ 'ചലിക്കുന്ന മലഞ്ചെരിവു'കളില്‍ ജൈവഡാമുകളുണ്ടാക്കുന്നു എന്നാണ് വിശദീകരണം. പാറയുടെ വിടവുകളിലൂടെ വെള്ളം സഞ്ചരിക്കുമ്പോള്‍ അലിയുന്ന ചുണ്ണാമ്പ് നുരയും കുമിളകളുമായി ഉപരിതലത്തിലെത്തുന്നു. കരയിലെ ചില പുല്ലുകളും നദിയിലെ പായലുമായി കലര്‍ന്ന് അതു കട്ടപിടിക്കുന്നു. വെയിലും വായുവും കൃത്യമായ അനുപാതത്തില്‍ കലരുമ്പോള്‍ പായല്‍ക്കിടക്കയില്‍ അടിഞ്ഞുകൂടുന്ന ഈ ലൈം ഡെപ്പോസിറ്റ് കല്ലിന്റെ കാഠിന്യമാര്‍ജിക്കുന്നു. ഭൂശാസ്ത്രജ്ഞര്‍ ഇതിനെ ട്രാവര്‍ട്ടീന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. 'ജീവനുള്ള' ഈ കല്ലുകള്‍ ഇതേ പ്രക്രിയയിലൂടെ പിന്നെയും വളര്‍ന്നു കൊണ്ടിരിക്കും.

പ്രകൃതിയുടെ നെക്ക്‌ലേസ് പോലെ കിടക്കുന്ന ഈ തടാകസമുച്ചയവും ജലപാതസംഘാതവും 'ജീവനുള്ള' ഡാമുകളും ഇന്ന് യു.എന്നിന്റെ ലോകപൈതൃക പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ടാണത്രെ പ്ലിറ്റ്‌വിക്‌സിലെ മലകള്‍ ഈ അണക്കെട്ടുകള്‍ 'നിര്‍മിച്ച'ത്. ഡാമുകള്‍ മാത്രമല്ല, കല്ലില്‍ തീര്‍ത്ത ശില്‍പ്പങ്ങളും ചലിക്കുന്ന തടയണകളും ഗുഹകളുമെല്ലാം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് കഥകളിലെ മെഡൂസയെപ്പോലെയാണ് പ്ലിറ്റ്‌വിക്‌സ്. സര്‍പ്പകേശമുള്ള സുന്ദരി. കണ്‍തുറന്നു നോക്കിയാല്‍ ആരും കല്ലായിപ്പോകും!രാവിലെ മുതല്‍ മണിക്കൂറുകളോളം ഞങ്ങള്‍, ഞാനും പ്രമോദും, പ്ലിറ്റ്‌വിക്‌സിലെ മരപ്പാലങ്ങളിലൂടെ നടന്നു. എത്ര മണിക്കൂറുകള്‍ ആ മാന്ത്രികത്താഴ്‌വരയില്‍ ചിലവഴിച്ചു എന്നു നിശ്ചയമില്ല. നടന്നാലും തീരാത്ത, മതി വരാത്ത വഴികള്‍. വെള്ളച്ചാട്ടങ്ങളുടെ എണ്ണവും വലുപ്പവും നിറഭേദങ്ങളും അമ്പരപ്പിക്കുന്നതാണ്. തടാകങ്ങളാകട്ടെ നീലിമയും അനന്തവിസ്തൃതിയും കൊണ്ട് ആരെയും വ്യാമുഗ്ധരാക്കുന്നു. ഇത്ര ഫ്രെഷായ ദിവസം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. രാവിലെ നടത്തം തുടങ്ങുമ്പോള്‍ നേരിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. പത്തു മിനുട്ടിനകം എല്ലാം മാറി. ഏറ്റവും മുകള്‍ത്തട്ടിലെ വെള്ളച്ചാട്ടം മുതല്‍ താഴെ കൊറാന നദി ഉത്ഭവിക്കുന്ന ഇടം വരെ ഞങ്ങള്‍ നടന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും വന്ന സഞ്ചാരികള്‍ക്കിടയില്‍ ഒരാളായി.. കുട്ടികളെപ്പോലെ ആഹ്ലാദിച്ചു കൊണ്ട്.. അത്ഭുതവും വിസ്മയവും പങ്കിട്ടു കൊണ്ട്..ദുരന്തങ്ങളുടെ ഭൂപടം


അതിസുന്ദരമായ ഈ നാട്ടില്‍ പക്ഷെ ജീവിതം അത്ര സുന്ദരമല്ല എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കു പകര്‍ന്നത് യോസിപ്പായിരുന്നു. അയാളുടെ വാക്കുകള്‍ ക്രൊയേഷ്യന്‍ രാഷ്ട്രീയ ഭൂപടത്തിലൂടെയുള്ള മറ്റൊരു യാത്രയായി ഞങ്ങള്‍ക്കു തോന്നി. ആശയങ്ങളില്‍ നിന്നും മനുഷ്യത്വത്തില്‍ നിന്നും വ്യതിചലിച്ചു പോയ ഒരു കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിലൂടെയുള്ള സഞ്ചാരം.
1980കള്‍ വരെ മാര്‍ഷല്‍ ടിറ്റോയുടെ കമ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ ഒന്നായി നിന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ടിറ്റോയുടെ മരണശേഷമുള്ള ഒന്നര പതിറ്റാണ്ട് നേരിട്ടത് മാനവരാശി കണ്ടിട്ടില്ലാത്തത്ര കൊടിയ ആഭ്യന്തര യുദ്ധമായിരുന്നു. ലക്ഷങ്ങള്‍ മരിക്കുകയും അതിര്‍ത്തികള്‍ മാറ്റിവരക്കപ്പെടുകയും ദുരന്തങ്ങള്‍ മഴയായ്‌പ്പെയ്യുകയും ചെയ്ത യുദ്ധം. എല്ലാം തീര്‍ന്നപ്പോള്‍ രാജ്യം എട്ടായിച്ചിതറി. ഹൃദയങ്ങള്‍ പലതായും. യുഗോസ്ലാവ്യ എന്ന ഒറ്റ രാജ്യത്തിന്റെ സ്ഥാനത്ത് സ്ലോവേന്യ, സെര്‍ബിയ, മേണ്ടിനെഗ്രോ, ക്രൊയേഷ്യ, ബോസ്‌നിയ-ഹെര്‍സഗോവിന, മാസിഡോണിയ, കൊസോവോ എന്നീ ഏഴു രാജ്യങ്ങളും വോയ്‌വോഡിനോ എന്ന സ്വതന്ത്ര പ്രവിശ്യയും ഉയിര്‍ത്തു വന്നു. യുഗോസ്ലാവ്യക്കാരന്‍ എന്ന മേല്‍വിലാസം സെര്‍ബ് എന്നും ക്രോട്ടെന്നും ബോസ്‌നിയന്‍ മുസ്ലിമെന്നും അവര്‍ സ്വയം മാറ്റിയെഴുതി. ഒരു തത്വശാസ്ത്രത്തില്‍ ബലമായി കൂട്ടിക്കെട്ടിയത് വംശീയതയുടെ കൊലവെറിയില്‍ തകര്‍ന്നടിഞ്ഞു. അതിന്റെ മുറിവുകളുണങ്ങാന്‍ എത്രയോ തലമുറകള്‍ ഇനിയും വേണ്ടിവരും.

യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ് ഇന്ന് കിഴക്കന്‍ യൂറോപ്പിലെ ജനങ്ങള്‍. 'യുദ്ധത്തില്‍ ആരും ജയിച്ചില്ല. അതു വേദനകളല്ലാതെ ആര്‍ക്കും ഒന്നും തന്നില്ല'. യോസിപ്പ് പറഞ്ഞു. 'വിധവകളും അനാഥരും മുറിവേറ്റവരും മക്കളെ നഷ്ടപ്പെട്ടവരുമായി ഒരു ജനത ഇവിടെ ശിഷ്ടജീവിതം ജീവിച്ചു തീര്‍ക്കുന്നു. ദാരിദ്യവും പട്ടിണിയും രോഗങ്ങളും ഈ എട്ടു രാജ്യങ്ങളെയും വേട്ടയാടുന്നു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും അതിരൂക്ഷമാണ്. യുവാക്കള്‍ക്ക് ജോലിയില്ല. ജോലി ചെയ്താലും ശമ്പളമില്ല'. ഡ്രൈവറായും ഗൈഡായും ജോലി ചെയ്തു ജീവിക്കാന്‍ പാടുപെടുന്ന യോസിപ്പ് പറഞ്ഞു.
തലസ്ഥാനമായ സാഗരിബില്‍ വെച്ചു തലേന്നു കണ്ട അധ്യാപകന്‍ ജെര്‍കോവ് പറഞ്ഞത് അപ്പോള്‍ ഓര്‍മ്മ വന്നു. എഴുനൂറു കുന (കഷ്ടി 6000 രൂപ)യാണ് അയാളുടെ മാസശമ്പളം. ടൂറിസ്റ്റുകളെ ആശ്രയിച്ചാണ് അയാളുടെയും ജീവിതം. സാധാരണ തൊഴിലാളികളുടെ കഥ അതിലും കഷ്ടമാണെന്ന് യോസിപ്പ് പറഞ്ഞു. കിഴക്കന്‍ യൂറോപ്പിലെ മാംസത്തെരുവുകളില്‍ ഇന്ന് പഴയ യുഗോസ്ലാവ്യന്‍ രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ അടിമച്ചന്തയിലെന്ന പോലെയാണ് വില്‍ക്കപ്പെടുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഈയിടെ നിരീക്ഷിക്കുകയുണ്ടായി. ഓരോ യുദ്ധവും മാനവരാശിയിലേല്‍പ്പിക്കുന്ന മുറിപ്പാടുകള്‍ എത്ര കാലം കഴിഞ്ഞാലാണ് മായുക!
യുദ്ധം ഓരോരുത്തര്‍ക്ക് ഓരോന്നാണ്. ഏഴു വയസ്സുകാരനായ യോസിപ്പിന്റെ മനസ്സില്‍ അത് ഇന്നും നടക്കാതെ പോയ ഒരു പിറന്നാള്‍ ആഘോഷത്തിന്റെയും വേര്‍പെട്ടു പോയ ഒരു കൂട്ടുകാരിയുടെയും ഓര്‍മയായി വടുകെട്ടിക്കിടക്കുന്നു. 1992 മെയ് 30നാണ് ക്രൊയേഷ്യയും സെര്‍ബിയയുമായുള്ള യുദ്ധം തുടങ്ങിയത്. അന്നായിരുന്നു യോസിപ്പിന്റെ പിറന്നാള്‍. എന്നാല്‍ തലേന്ന് അച്ഛന് പട്ടാളത്തില്‍ ചേരാനുള്ള വിളി വന്നു. പോയേ തീരൂ. കുഞ്ഞു യോസിപ്പിന് സങ്കടം അടക്കാനായില്ല. അച്ഛനില്ലെങ്കില്‍ പിറന്നാളില്ല. യോസിപ്പ് കരഞ്ഞു തളര്‍ന്നു. ആര്‍ക്കും അവനെ ആശ്വസിപ്പിക്കാനായില്ല.

അവന്റെ കളിക്കൂട്ടുകാരിയായിരുന്നു പെട്ര. അവള്‍ സെര്‍ബ് വംശജയായിരുന്നു. അമ്മ സെര്‍ബും അച്ഛന്‍ ഹംഗേറിയനും. സാഗരീബിലായിരുന്നു അവള്‍ ജനിച്ചതും വളര്‍ന്നതും. സെര്‍ബുകളുമായുള്ള വംശീയവൈരം ക്രൊയേഷ്യയില്‍ തീപോലെ പടരുന്ന കാലം. യോസിപ്പിന്റെ പിറന്നാളിന് പക്ഷെ കുഞ്ഞു പെട്ര വന്നു. സമ്മാനം തരാന്‍ അച്ഛനില്ലാത്തതിന്റെ സങ്കടം തീര്‍ത്തത് അവളായിരുന്നു. അവള്‍ക്ക് യോസിപ്പിന്റെ അച്ഛന്‍ സെര്‍ബുകളെ കൊല്ലാന്‍ നടക്കുകയാണെന്ന കഥയൊന്നും അറിയില്ല. യോസിപ്പിനും അറിയില്ല. പിറന്നാള്‍ മധുരം പങ്കിട്ട് കളിച്ചു കൊണ്ടിരുന്ന പെട്രയെ അമ്മ വന്നു തിരക്കിട്ടു കൂട്ടിക്കൊണ്ടു പോയി. പിന്നീടറിഞ്ഞു, അവര്‍ സെര്‍ബിയയിലേക്കു ജീവനും കൊണ്ടോടുകയായിരുന്നു എന്ന്.
ഒരു നിമിഷം യോസിപ്പ് നിശ്ശബ്ദനായി. അയാളുടെ മുഖം വിഷാദഭരിതമായിരുന്നു. 'യുദ്ധം ഞങ്ങള്‍ക്കൊന്നും തന്നില്ല' അയാള്‍ ആവര്‍ത്തിച്ചു. 'യുദ്ധത്തിനു മുമ്പ് അച്ഛനും അമ്മക്കും ഒരു കെമിക്കല്‍ കമ്പനിയിലായിരുന്നു ജോലി. യുദ്ധം തീര്‍ന്നപ്പോള്‍ ഇരുവരെയും പിരിച്ചുവിട്ടു.'
'പെട്ര ഇപ്പോള്‍ എവിടെയുണ്ട്?' ഞാന്‍ ചോദിച്ചു.

'സെര്‍ബിയയില്‍ നിന്നും ഈയിടെ അവര്‍ തിരിച്ചു പോന്നു. ഇവിടെ, സാഗരീബില്‍ തന്നെ എവിടെയോ ഉണ്ട്. ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിരുന്നു...'

റോഡ് സാഗരീബിന്റെ ചൂടിലേക്ക് അടുത്തുകൊണ്ടിരുന്നു. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ പ്രേതരൂപങ്ങള്‍ അവിടവിടെയായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. അസുഖകരമായ ഒരു നിശ്ശബ്ദത കാറിനെ വലയം ചെയ്തു. ഞാന്‍ കണ്ണുകളടച്ചു. പ്ലിറ്റ്‌വിക്‌സിലെ തണുപ്പും കുളിരും വളരുന്ന ഡാമുകളും ഒരു സ്വപ്‌നമായിരുന്നുവോ എന്നു ഞാന്‍ സംശയിച്ചു.


Plitvice Lakes


Plitvice is an enchanting world of thunderous waterfalls, cascading lakes, and subterranean caverns, located in Croatia's Dinaric Mountains. It is the oldest national park in Europe and was inscribed on the UNESCO World Heritage List in 1979 in recognition of its 'outstanding natural beatuy'.

How to reach

3hrs drive from Zagareb, capital of Croatia along the State Road D-1 (Karlovac-Slunj-Plitvicka jezera-Korenica-Udbina-Gracac-Knin-Split), which is one of the main internationalt raffic arteries passing through Croatia.

Contact

Plitvice Tourism Board,Trg sv. Jurja 6, 53 230 Korenica
tel/fax: 00385 (0)53 776 798 e-mail:infot@zplitvice.hr
Working hours: Monday-Friday 7am-3pm
Tour Agencies in Zagareb: Iris Croatica ? +385(0) 53 754 058 n www.plitvicka-jezera-hr.com Plitvice Travel ? +385(0) 98 624 678