വിശ്വവിദ്യാലയമായ കേംബ്രിഡ്ജ് കാമ്പസിലൂടെ ഒരു തോണിയാത്ര. വെറുമൊരു കാമ്പസല്ല. കാമ്പസ്സുകളുടെ കാമ്പസ്സായ കേംബ്രിഡ്ജിലേക്ക്

അക്ഷരങ്ങളുടെയും അറിവിന്റെയും ആസ്ഥാനമായ കേംബ്രിഡ്ജ്. അവിടെ പഠിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാവില്ല. പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ കലാലയമുറ്റം ഒന്നു കാണണമെന്നെങ്കിലും കൊതിക്കാത്തവര്‍ ഉണ്ടാവില്ല. എത്രയോ തവണ ലണ്ടനില്‍ പോയിട്ടുണ്ടെങ്കിലും ഇതുവരെ കേംബ്രിഡ്ജില്‍ പോയിട്ടില്ല. അതിനു സാധിച്ചു എന്നു മാത്രമല്ല, വ്യത്യസ്തമായ രീതിയില്‍ ആ സന്ദര്‍ശനം ഒരു തോണിയിലാക്കാന്‍ കഴിഞ്ഞു എന്നതു കൂടിയാണ് ഞങ്ങളുടെ യാത്രയെ അവിസ്മരണീയമാക്കിയത്. എല്ലാം കവിതയുടെ ഉത്സാഹം.

നഷ്ടപ്പെട്ട കാലത്തിന്റെ വീണ്ടെടുപ്പാണ് ഓരോ കോളേജ് യാത്രയും. മനസ്സു കൊണ്ടെങ്കിലും ക്യാമ്പസ് കാലത്തേക്കു മടങ്ങിപ്പോകാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല. ജീവിതത്തിന്റെ തിരക്കുകളില്‍ നമ്മെ നാമാക്കിയ കലാലയമുറ്റങ്ങളെ നാം മറക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എപ്പോഴെങ്കിലും മടങ്ങി വരാന്‍ അവസരം ലഭിക്കുമ്പോള്‍ ഒരു തീര്‍ഥാടനത്തിന്റെ വിശുദ്ധിയും അനുഭവതീവ്രതയും അത് നമ്മില്‍ പകരുകയും ചെയ്യുന്നു. കേംബ്രിഡ്ജിനെ വലംവെച്ചൊഴുകുന്ന കനാലിലൂടെ നടത്തിയ തോണിയാത്ര മറക്കാനാവാത്ത അനുഭവമായത് എന്നേക്കാള്‍ ഒരു പക്ഷെ, കവിതക്കായിരിക്കണം. അവളുടെ പഠനവും ജീവിതവും രൂപപ്പെട്ടത് അവിടെവെച്ചായിരുന്നുവല്ലോ.

ലണ്ടന്‍ ടൂറിസം മേളയായ വേള്‍ഡ് ട്രേഡ് മാര്‍ട്ടിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ചുള്ള കേരളാ ടൂറിസം പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ ലണ്ടനിലെത്തിയതായിരുന്നു ഞങ്ങള്‍. മന്ത്രി ഏ.പി.അനില്‍കുമാറാണ് ഉദ്ഘാടകന്‍. അതൊരു മനോഹരമായ ചടങ്ങായിരുന്നു. ലണ്ടനിലെ മലയാളി വ്യവസായികളും ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുത്ത പ്രൗഢഗംഭീരമായ സദസ്സ്. കവിതയും നിതിനും നേരത്തെ എത്തിയിട്ടുണ്ട്. ഞങ്ങളെ കേംബ്രിഡ്ജിലേക്കു കൊണ്ടു പോകാമെന്നേറ്റത് കവിതയാണ്. അവള്‍ കേംബ്രിഡ്ജിലെ വിദ്യാര്‍ഥിനിയായിരുന്നു. അതിനു മുമ്പ് എറണാകുളം സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥിനി. അന്നു മുതലേ മാതൃഭൂമിയുമായി കവിതക്ക് ബന്ധം ഉണ്ടായിരുന്നു. യുവാക്കള്‍ക്കു വേണ്ടി മാതൃഭൂമി 2000-2001 കാലത്ത് ആരംഭിച്ച മാതൃഭൂമി കലോത്സവിലൂടെ അരങ്ങു കീഴടക്കിയ കലാതിലകമായിരുന്നു അവള്‍. നൃത്തം, പാട്ട്, പഠനം.. എല്ലാത്തിലും മിടുക്കി. തുടര്‍ച്ചയായി നിരവധി തവണ അവള്‍ കലോത്സവവേദിയെ കീഴടക്കി. കവിതയെപ്പോലുള്ള നൂറു കണക്കിനു കലാലയ വിദ്യാര്‍ഥികളുമായി മാതൃഭൂമിക്കു ഹൃദയബന്ധം സ്ഥാപിക്കാന്‍ വഴിയൊരുക്കിയത് അന്നത്തെ കലോത്സവങ്ങളായിരുന്നു.കവിതയെപ്പോലെ ആ അരങ്ങിലൂടെ ഉയര്‍ന്നുവന്ന എത്രയോ പേര്‍ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. എന്നാല്‍ അവളെപ്പോലെ ആ ബന്ധം സജീവമാക്കി നിലനിര്‍ത്തുന്നവര്‍ കുറവ്. ഭര്‍ത്താവ് നവീനുമൊത്ത് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ കവിത ഇപ്പോഴും അന്നത്തെ കലോത്സവ കാലത്തെ കൂട്ടുകാരുമായി സൗഹൃദം നിലനിര്‍ത്തുന്നു. ഞങ്ങളുടെ ലണ്ടന്‍ സന്ദര്‍ശനം അറഞ്ഞപ്പോള്‍ മുതല്‍ പ്രോഗ്രാം ചാര്‍ട്ട് ചെയ്യാനും എക്‌സ്‌കര്‍ഷന്‍ അറേഞ്ച് ചെയ്യാനുമായി അവള്‍ ഓടി നടന്നു. ഭര്‍ത്താവ് നിതിന്‍ ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന ആളായതും കവിതക്കു സൗകര്യമായി. ലണ്ടനിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഗ്രേയ്ഞ്ച് സിറ്റി ഹോട്ടലിന്റെ ഓപ്പറേഷന്‍സ് മാനേജരായ നിതിന്റെ കൂടി സഹായത്തോടെ അവള്‍ ഞങ്ങളുടെ യാത്രാ പരിപാടികളൊക്കെ കൃത്യമായി ചാര്‍ട്ട് ചെയ്തു.

വേള്‍ഡ് ട്രേഡ് മാര്‍ട്ട് നടന്ന എക്‌സല്‍ സെന്ററില്‍ നിന്ന് രാവിലെ പതിനൊന്നരയോടെ ഞങ്ങള്‍ കേംബ്രിഡ്ജിലേക്കു പുറപ്പെട്ടു. കവിതയും നവീനും അനിലും പ്രമോദുമുള്‍പ്പെട്ട അഞ്ചംഗ സംഘം. കാറിലായിരുന്നു യാത്ര. സ്്ട്രാറ്റ്‌ഫോഡ് വഴിയാണ് കേംബ്രിഡ്ജിലേക്കുള്ള റോഡ് കടന്നു പോകുന്നത്. ലണ്ടന്‍ ഒളിമ്പിക്‌സ് നടന്ന വേദി ഇവിടെയായിരുന്നു. വഴിവക്കില്‍ തന്നെ കാണാം, പടുകൂറ്റന്‍ ഒളിമ്പിക് സ്റ്റേഡിയവും മനോഹരമായ വില്ലേജും. സ്‌റ്റേഡിയത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍.

സ്ട്രാറ്റ് ഫോഡില്‍ നിന്ന് നാഷണല്‍ പാത 11ലേക്കു മാറിക്കയറി ഞങ്ങള്‍ യാത്ര തുടര്‍ന്നു. കേംബ്രിഡ്ജിലേക്കു തിരിയേണ്ട ജങ്ഷന്‍ 11 എത്തും വരെ നേര്‍രേഖയിലുള്ള ഒരു രാജപാതയാണ് ഇത്. 40-45 മിനുട്ടു കൊണ്ട് സ്ട്രാറ്റ്‌ഫോഡില്‍ നിന്ന് ഈ ജങ്ഷനിലെത്താം. വഴിക്ക് ബിര്‍ചേയ്ഞ്ചര്‍ ഗ്രീന്‍ സര്‍വീസില്‍ കയറി ഭക്ഷണം കഴിച്ച് വാഹനത്തില്‍ ഇന്ധനവും നിറച്ച് അല്‍പ്പം വിശ്രമിച്ചാണ് യാത്ര തുടര്‍ന്നത്. ഏതാണ്ട് ഒന്നേകാലോടെ ഞങ്ങള്‍ കേംബ്രിഡ്ജിലെത്തി.കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എന്നാണ് പേരെങ്കിലും അങ്ങിനെ ഒരു യൂണിവേഴ്‌സിറ്റി ആസ്ഥാനമോ കെട്ടിടമോ ഒന്നും അവിടെയില്ല. കേംബ്രിഡ്ജ്ഷയര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള 30 കോളേജുകളുടെ ഒരു സമുച്ചയനഗരമാണ് അത്. പ്രശസ്തമായ സെന്റ് ജോണ്‍സ്, കിങ്‌സ്, ട്രിനിറ്റി, ക്ലെയര്‍ തുടങ്ങിയ നിരവധി കോളേജുകളുടെ പടര്‍ന്നു പരന്നു കിടക്കുന്ന ഒരു ശൃംഖല. കേംബ്രിഡ്ജിന് മറ്റൊരു പ്രശസ്തി കൂടിയുണ്ട്. വിദ്യാര്‍ഥികള്‍ക്കു വേണ്ടി വിദ്യാര്‍ഥികള്‍ നിയന്ത്രിക്കുന്ന വിദ്യാര്‍ഥികളുടെ നഗരമാണ് കേംബ്രിഡ്ജ്. ഈ നഗരം ഭരിക്കുന്നത് സര്‍വകലാശാലാ വിദ്യാര്‍ഥികളാണ്. അങ്ങിനെ മറ്റൊരു നഗരവും ലോകത്തെവിടെയും ഉണ്ടാവാനിടയില്ല.

കേംബ്രിഡ്ജിനെ മനസ്സിനോടടുപ്പിക്കുന്നത് അതിന്റെ ലാളിത്യവും പൗരാണികതയും കലര്‍ന്ന ഗാംഭീര്യമാണ്. പേരും പെരുമയുമുള്ള കലാലയങ്ങളാണെങ്കിലും അവയ്‌ക്കൊക്കെ പക്ഷെ ജനകീയമായ ഒരു മുഖമുണ്ട്. സൈക്കിളാണ് ഇവിടത്തെ ഏറ്റവും പ്രിയപ്പെട്ട വാഹനം. കാറില്‍ കേംബ്രിഡ്ജിലെത്തുന്നവര്‍ പോലും നഗരത്തിനു പുറത്തുള്ള ട്രംപിങ്ടണ്‍ വില്ലേജില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം വാടകസൈക്കിളിലാണ് യാത്ര തുടരുക. ആ യാത്ര തന്നെ വലിയൊരനുഭവമാണ്. സൈക്കിളുകളുടെ ഒരു കടലിലൂടെ തുഴഞ്ഞു പോകുന്നതു പോലെ തോന്നും.

പബ്ബുകളും റെസ്റ്റോറന്റുകളും ധാരാളമുള്ള നഗരമാണ് കേംബ്രിഡ്ജ്. ലോകത്തെ എല്ലാ തരം ഭക്ഷണവും ഇവിടെ ലഭിക്കും. കാരണം, ലോകത്തെ എല്ലാ രാജ്യത്തു നിന്നുമുള്ള വിദ്യാര്‍ഥികളാണ് ഇവിടെ ജീവിക്കുന്നത്. മലയാളികളും ധാരാളം. ഹില്‍ റോഡിലെത്തുമ്പോള്‍ കാണുന്ന അഡന്‍ബ്രൂക്‌സ് ഹോസ്പിറ്റലില്‍ ജോലിക്കാര്‍ മിക്കവരും മലയാളികളാണെന്നു കവിത പറഞ്ഞു. ഗ്രാഫ്റ്റണ്‍ സെന്ററിലെ വ്യൂ സിനിമാ ഹാളില്‍ ഏറ്റവും പുതിയ മലയാള സിനിമകളാണത്രെ കളിക്കുക.

തോണിയില്‍ കയറി നീണ്ടു നീണ്ടു പോകുന്ന കേംബ്രിഡ്ജ് കനാലിലൂടെ ഞങ്ങള്‍ കാമ്പസ് പ്രദക്ഷിണം ആരംഭിച്ചു. കനാലിന്റെ ഇരുകരയിലുമായാണ് കോളേജുകളെല്ലാം സ്ഥിതി ചെയ്യുന്നത്. വേനലില്‍ തീരം പൂത്തുലഞ്ഞും ജലം തെളിമയാര്‍ന്നും നില്‍ക്കും. അപ്പോള്‍ കനാലില്‍ തോണികളുടെ തിരക്കായിരിക്കും. പണ്ടിങ് എന്നാണ് ഇതിനു പറയുക. അതൊരു ഗൈഡഡ് ടൂറാണ്. തോണിയില്‍ സഞ്ചാരികളെയും കൊണ്ട് യൂണിവേഴ്‌സിറ്റി ചുറ്റിക്കാണിക്കുക. തോണിക്കാരും ഗൈഡുകളും മിക്കവാറും വിദ്യാര്‍ഥികള്‍ തന്നെയാവും. അവര്‍ക്ക് ഇതൊരു വരുമാനമാര്‍ഗം കൂടിയാണ്. എല്ലാ കുട്ടികളും ഒഴിവു സമയത്ത് എന്തെങ്കിലും ജോലി ചെയ്താണ് ഇവിടെ പഠിക്കുക. കവിതയും ഇവിടെ പഠിക്കുമ്പോള്‍ ജോലി ചെയ്തിരുന്നു. ഒരു ഷോപ്പിങ് മാളില്‍. അതു പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ അഭിമാനത്തിന്റെയും ഗൃഹാതുരതയുടെയും നനവാര്‍ന്ന തിളക്കം ഞാന്‍ കണ്ടു. ഞങ്ങളുടെ ഗൈഡും ഒരു വിദ്യാര്‍ഥിയായിരുന്നു.കേംബ്രിഡ്ജ് ചുറ്റിക്കാണാന്‍ ഏറ്റവും നല്ലത് പണ്ടിങ് തന്നെ. ഓളപ്പരപ്പിലെ കാറ്റേറ്റ് കൊട്ടാരസദൃശമായ കെട്ടിടങ്ങളുടെ ഇടയിലൂടെ തോണിയിലുള്ള ആ സഞ്ചാരം മറക്കാനാവാത്ത അനുഭവമാണ്. കിങ്‌സ് കോളേജിന്റെ ചാപ്പലും വിദ്യാര്‍ഥികളും ഫാക്കല്‍റ്റികളും താമസിക്കുന്ന ഹോസ്റ്റലുകളും എല്ലാം ഈ പുഴക്കരയിലാണ്. കനാലിനു കുറുകെ ഓരോ നൂറു മീറ്ററിലുമെന്ന പോലെ ഇടവിട്ട് പാലങ്ങളുണ്ട്. സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകളില്‍ നിന്ന് കോളേജുകളിലേക്കും തിരിച്ചും പോകാനുള്ള പാലങ്ങളാണ് ഇവ. ഇടയ്‌ക്കൊരു പാലത്തിനടിയിലെത്തിയപ്പോള്‍ കവിത പറഞ്ഞു. ഇതാണ് കിച്ചന്‍ ബ്രിഡ്ജ്. ഹോസ്റ്റലില്‍ നിന്നു ഞങ്ങളുടെ കിച്ചനിലേക്കു പോകാനുള്ള പാലം. എന്നാല്‍ ഇതിന്റെ പ്രത്യേകത അതു മാത്രമല്ല. ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രിസ്റ്റഫര്‍ റെന്‍ എന്ന ലോകപ്രശസ്തനായ ഒരു ആര്‍കിടെക്റ്റാണ്. സെന്റ് പോള്‍സ് കത്തീഡ്രല്‍ രൂപകല്‍പ്പന ചെയ്ത അതേ റെന്‍ തന്നെ! (ആ കത്തീഡ്രലിലാണ് ചാള്‍സ് രാജകുമാരനും ഡയാനയും മിന്നു കെട്ടിയത്).

മനോഹരമായ മറ്റൊരു കെട്ടിടം ചൂണ്ടി കവിത പറഞ്ഞു. അതാ, അതാണ് ട്രിനിറ്റി കോളേജിന്റെ വിശ്വപ്രസിദ്ധമായ ലൈബ്രറി മന്ദിരം. ക്രിസ്റ്റഫര്‍ റെന്‍ ഡിസൈന്‍ ചെയ്തതാണ് ഈ ലൈബ്രറിയും. അതിന്റെ പേര്‍ തന്നെ ഇപ്പോള്‍ റെന്‍ ലൈബ്രറി എന്നാണ്. ചാള്‍സ് ഡാര്‍വിന്‍, ഐസക്ക് ന്യൂട്ടണ്‍, വില്യം ഷേക്‌സ്പിയര്‍ തുടങ്ങി പലരുടെയും ഒറിജിനല്‍ കൃതികളും വിഖ്യാത കാര്‍ട്ടൂണ്‍ കാരക്ടറായ 'വിന്നി ദ പൂ'വിന്റെ സ്രഷ്ടാവായ കാര്‍ട്ടൂണിസ്റ്റ് എ.എ.മില്‍സിന്റെ ചില എക്‌സ്‌ക്ലൂസീവ് രചനകളും ഇവിടെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.

തോണി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. നീണ്ടു പോകുന്ന കെട്ടിടങ്ങളുടെ അനന്തമായ നിര. ശാന്തവും പ്രസാദാത്മകവുമായ ഒരന്തരീക്ഷം കാമ്പസിനെ സദാ ചൂഴ്ന്നു നില്‍ക്കുന്നു. ഇവിടെയാണ് ലോകത്തെ ഏറ്റവും ബുദ്ധിശാലികളായ കുട്ടികളില്‍ പലരും പഠിക്കുന്നത്! അവിടെ പഠിക്കാനവസരം ലഭിക്കുന്നതു തന്നെ ഏതു വിദ്യാര്‍ഥിക്കും ഒരു ബഹുമതിയാണ്. കേംബ്രിഡ്ജില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. എത്ര വലിയവനായാലും നന്നായി പഠിക്കാത്തവന് ഇവിടെ വിലയില്ല. വെയില്‍സിലെ ചാള്‍സ് രാജകുമാരന്‍ പോലും അതിന്റെ കയ്പ് അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ കേംബ്രിഡ്ജില്‍ നിലവിലുള്ള ഒരപൂര്‍വ റെക്കോഡ് അതിനു തെളിവാണ്. അഭിമാനാര്‍ഹമായ റെക്കോഡൊന്നുമല്ല. എല്ലാ വര്‍ഷവും പരീക്ഷകളില്‍ ഏറ്റവും മോശം ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥി എന്ന റെക്കോഡ്. ഇന്നും കേബ്രിഡ്ജിലെ 'തകര്‍ക്കപ്പെടാത്ത റെക്കോഡാ'യി രാജകുമാരന്റെ ഗ്രേഡുകള്‍ നിലനില്‍ക്കുന്നു!

റെന്‍ ലൈബ്രറിയുടെ എതിര്‍വശത്താണ് സെന്റ് ജോണ്‍സ് കോളേജിന്റെ ഹോസ്റ്റല്‍. അളവൊപ്പിച്ച് കൃത്യമായ സിമട്രിയില്‍ പണിത ഒരു കെട്ടിടം. രണ്ടേ രണ്ടു കാര്യങ്ങളേ ഇവിടെ സിമട്രിക്കലല്ലാതെയുള്ളൂ. ഒന്ന്, കോളേജങ്കണത്തില്‍ നില്‍ക്കുന്ന കഴുകന്റെ പ്രതിമ. മറ്റൊന്ന് കെട്ടിടത്തിനു മുകളില്‍ കാണുന്ന ആന്റിന. ഈ കഴുക പ്രതിമയുടെ കാര്യം രസകരമായ ഒരു വൈരത്തിന്റെ കഥ കൂടിയാണ്. നിത്യവൈരികളായ ട്രിനിറ്റി കോളേജിനു നേരെ കൊക്കു ചൂണ്ടിനില്‍ക്കുന്ന വിധത്തിലാണ് കഴുകനെ നിര്‍മിച്ചിരിക്കുന്നത്. വൈരത്തിനു കാരണം ലളിതം: ട്രിനിറ്റി നിലവില്‍ വരും വരെ സെന്റ് ജോണ്‍സായിരുന്നു കേംബ്രിഡ്ജിലെ ഏറ്റവും വലുതും സമ്പന്നവുമായ കോളേജ്.

തോണി മുന്നോട്ടു നീങ്ങുമ്പോള്‍ അനിലിനുള്ളിലെ ടൂറിസം മന്ത്രി ഉണര്‍ന്നു. ഇതു പോലൊരു സര്‍ക്യൂട്ട് എന്തുകൊണ്ട് നമുക്കായിക്കൂടാ? ഹെറിറ്റേജ് സൈറ്റുകളിലൂടെയുള്ള ബോട്ടിങ്ങിന് കേരളം പോലെ സ്‌കോപ്പുള്ള സ്ഥലം വേറെ ഉണ്ടോ? എത്ര പുഴകള്‍, എത്ര കായലുകള്‍, എത്രയെത്ര ചരിത്രസ്ഥലികള്‍. അതിനുള്ള ഒരു തയ്യാറെടുപ്പാണ് നമുക്കു വേണ്ടത്. ടൂറിസത്തിന്റെ മുഖം മാറ്റണമെന്ന ആത്മാര്‍ഥമായ ആഗ്രഹം ആ വാക്കുകളില്‍ തുടിച്ചു നിന്നിരുന്നു.

മനോഹരമായ ഒരു പൂന്തോട്ടമുള്ള കോളേജിനു മുന്നിലെത്തിയപ്പോള്‍ കവിത പറഞ്ഞു. ഇതാണ് പ്രശസ്തമായ ക്ലെയര്‍ കോളേജ്. ഏഴു നൂറ്റാണ്ടു പിന്നിട്ട കലാലയം. 1336ല്‍ എലിസബത്ത് ക്ലെയര്‍ സ്ഥാപിച്ച കോളേജാണ് ഇത്. 'കറുത്ത വിധവ' എന്നറിയപ്പെട്ട കോടീശ്വരിയായിരുന്നു ക്ലെയര്‍. അവരെ വിവാഹം കഴിച്ച മൂന്നു ധനികരായ പുരുഷന്മാരും ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവത്രെ! കഥ എന്തായാലും സ്ത്രീകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ കോളേജ്. കാരണം കോളേജിന്റെ അതിമനോഹരമായ ഗാര്‍ഡന്‍ ഇന്നും അവിടത്തെ പൂര്‍വവിദ്യാര്‍ഥിനികളുടെ നിയന്ത്രണത്തിലാണ്. അവരുടെ വിവാഹത്തിന് ഇപ്പോഴും ഈ പൂന്തോട്ടം വിട്ടുകൊടുക്കാറുണ്ട്.

ക്ലെയര്‍ കോളേജ് കഴിഞ്ഞാല്‍ കിങ്‌സ് കോളേജിന്റെ ചാപ്പലായി. ഇതിന്റെ പ്രത്യേകത അറിയാമോ? കലപിലാ സംസാരിച്ചു കൊണ്ടിരുന്ന കവിത പൊടുന്നനെ ചോദിച്ചു. ഉത്തരവും അവള്‍ തന്നെ പറഞ്ഞു. ബ്രിട്ടനിലെ ഏറ്റവുമധികം ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട മൂന്നാമത്തെ സ്ഥലമാണ് ഇത്. ഹെന്‍റി ആറാമന്‍ രാജാവിന്റെ കാലത്തു പണി തുടങ്ങിയ ഈ ചാപ്പല്‍ ഹെന്‍റി എട്ടാമന്റെ കാലത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചാപ്പലിന്റെ കൂറ്റന്‍ പ്രാകാരങ്ങളും മുഖപ്പുകളും നോക്കി നില്‍ക്കെ കവിത വിശദീകരിച്ചു. ഇപ്പോഴുള്ള വലുപ്പത്തിന്റെ മൂന്നിരട്ടിയായിരുന്നുവത്രെ ഇതിന്റെ ഒറിജിനല്‍ പ്ലാന്‍ പ്രകാരമുള്ള വലുപ്പം. ചാപ്പലിലെ സ്റ്റെയിന്‍ ഗ്ലാസ് ജനലുകള്‍ നവോത്ഥാന കാലത്ത് നിര്‍മിക്കപ്പെട്ട യൂറോപ്യന്‍ ഗ്ലാസ്സുകളുടെ ഏറ്റവും വിപുലമായ ശേഖരമാണ്. ലോകത്തെ ഏറ്റവും വലിയ പരിക്രമണ മേല്‍ക്കൂര (Fanvaulted Ceiling) ഈ പള്ളിയിലാണുള്ളത്.

ചാപ്പല്‍ പിന്നിട്ടു മുന്നോട്ടു പോയപ്പോള്‍ മറ്റൊരു പാലം. ഇതാണ് കിങ്‌സ് ബ്രിഡ്ജ് -കവിത പറഞ്ഞു. ആദ്യം ചാപ്പലിനു തൊട്ടടുത്തായിരുന്നു ഈ പാലം. ഹെന്‍റി ഒമ്പതാമന്‍ രാജാവ് പള്ളിക്കടുത്തു നിന്ന് പാലം നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രാജകല്‍പ്പന അനുസരിച്ച് പാലം പൊളിച്ചു. കിങ്‌സ് കോളേജിലെ സ്റ്റുഡന്റ്‌സ് ഹോസ്റ്റലിനു തൊട്ടടുത്താണ് ഇപ്പോള്‍ പാലം നില്‍ക്കുന്നത്.ഈ ഹോസ്റ്റലിനും ഒരു കീര്‍ത്തിയുണ്ട്. 900 കുട്ടികളുള്ള ഹോസ്റ്റലില്‍ ഓരോ കുട്ടിക്കും ഓരോ റൂമാണ് നല്‍കുക. 1960ല്‍ പണിതതാണ് ഈ ഹോസ്റ്റല്‍ കെട്ടിടം. ഒന്നാം വര്‍ഷക്കാരനായ ഒരു കുട്ടിക്ക് ഏറ്റവും ചെറിയ മുറി. അവന്റെ അക്കാദമിക് നിലവാരമനുസരിച്ചാണ് പിന്നീടുള്ള അലോട്ട്‌മെന്റുകള്‍. പഠനം മെച്ചപ്പെടുന്നതിനനുസരിച്ച് ഓരോ വര്‍ഷവും മുറിയുടെ വലുപ്പവും കൂടി വരും. ഒരു കുട്ടിയുടെ പഠനനിലവാരം അയാള്‍ക്കനുവദിക്കപ്പെട്ട ക്വാര്‍ട്ടേഴ്‌സിന്റെ വലുപ്പമനുസരിച്ച് നമുക്കൂഹിച്ചെടുക്കാം.

നദിക്കഭിമുഖമായി നില്‍ക്കുന്ന അഞ്ചു നിലക്കെട്ടിടം കാണിച്ച് കവിത പറഞ്ഞു. കേംബ്രിഡ്ജിന്റെ ഹൃദയമാണ് ഈ കെട്ടിടം. ഏറ്റവും വലിയ അഞ്ചു ഹോസ്റ്റല്‍ മുറികളുള്ള കെട്ടിടമാണ് ഇത്. ഇതില്‍ ഓരോ നിലയും ഓരോ മുറിയാണ്. ഈ കോളേജിലെ ഏറ്റവും മികച്ച അഞ്ചു വിദ്യാര്‍ഥികള്‍ക്കുള്ളത്. ഇവിടെ പഠിച്ചിട്ടുള്ള ബ്രിട്ടീഷ് രാജകുമാരനു പോലും ആ റൂം നല്‍കിയിട്ടില്ല.

കേംബ്രിഡ്ജ് എന്തു കൊണ്ട് യഥാര്‍ഥ വിശ്വവിദ്യാലയമാവുന്നു എന്ന ചോദ്യത്തിന് മറ്റൊരുത്തരം ആവശ്യമില്ല.


Cambridge


Cambridge is one of Britain's most historic, vibrant and picturesque cities and home to one of the world's leading Universities and boasts one of the finest collections of mediaeval buildings in Britain.

A popular Cambridge pursuit since the early 1900s. Try it yourself or arrange for a chauffeured tour. Sit back, sip a glass of wine and watch famous Cambridge colleges slip by. Punt companies include Scudamores and Let's Go Punting.

Operational Times: Daily 10am to 3pm (November to March - Weather Permitting)

Daily 10am to 6pm (April to October)

Duration of Tour: 45 minutes (return trip) leaving at regular intervals.

Peas Hill, Cambridge CB2 3AD
Ph: 0044 1223 464732
E-mail: info@visitcambridge.org

Accommodation Bookings:
Ph: (01223) 457581
Guided Tours: Ph: (01223) 457574
Email: destinationcambridge@inntel.co.uk
For Further Details: info@cambridgetourguide.co.uk
Ph: 0044 7940 999 364.

http://www.visitcambridge.org/
http://www.scudamores.com/
http://www.letsgopunting.co.uk/