കബനീതടത്തിലെ നിഗൂഢമായ ആനത്താരകളിലൂടെ,
കാട്ടാനകളുടെ കേളീവനമായ എന്‍ബെഗൂറിലേക്ക് ഒരു സാഹസികയാത്ര


Photos: M.V.Shreyamskumarകാട്ടിലെ വഴികളില്‍ ആനയെത്തിരഞ്ഞ് ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ?
തിമിംഗലങ്ങളെത്തേടി കടലിലോ, കുടിവെള്ളം തേടി മരുഭൂമിയിലോ പോകുന്നതു പോലെയാണ് അതും. ശാന്തമായ തിരയ്ക്ക് പിന്നില്‍ ഏതു നിമിഷവും ഒരു തേറ്റ ഉയര്‍ന്നു വന്നേക്കാമെന്നാണ് തിമിംഗലവേട്ടക്കാരന്റെ പ്രതീക്ഷ. പൊള്ളുന്ന മണല്‍ക്കൂനക്കു പിന്നില്‍ ഒരു കിണര്‍ തെളിഞ്ഞുവരാമെന്ന് മരുഭൂമിയിലെ സഞ്ചാരി മോഹിക്കുന്നു. കാട്ടാനയെത്തേടി നടക്കുന്നവനും അതു പോലെയാണ്. വഴി മറയ്ക്കുന്ന ചെടിപ്പടര്‍പ്പിനു പിന്നില്‍ നിന്ന് ഏതു നിമിഷവും ഉയര്‍ന്നു വന്നേക്കാവുന്ന ഒരു കൊലവിളിക്കാണ് അവന്‍ സദാ കാതോര്‍ക്കുന്നത്. ഭയമല്ല, ഉന്മാദമാണ് അത് അവനുണ്ടാക്കുക.


നിഗൂഢമായ ആനത്താരകളിലൂടെയുള്ള സഞ്ചാരം അപകടം നിറഞ്ഞതാണ്. പക്ഷെ, വന്യമായ സൗന്ദര്യത്തിന്റെ അവസാനവാക്കാണ് ഒരു കാട്ടാന. വിശദീകരണമില്ലാത്ത ഒരു പ്രലോഭനം. കാട്ടിലവന്‍ ചേറാടി നില്‍ക്കുമ്പോള്‍, ചിന്നം തൊടുക്കുമ്പോള്‍, കൊമ്പു കുലുക്കി പുറകെയെത്തുമ്പോള്‍, എന്തൊരു ഹരം. ഏതു തിരിവിലും കണ്ണിലൊരു തീപ്പൊരിയുമായി അവന്‍ നില്‍ക്കുന്നുണ്ടാവുമെന്നോര്‍ക്കുമ്പോള്‍ എന്തൊരുന്മാദം! ഒരിക്കല്‍ അവനെത്തേടി കാട്ടില്‍ പോയാല്‍ പിന്നെ പോവാതിരിക്കാനാവില്ല. അവനെ രണ്ടു വട്ടം കണ്ടാല്‍ പിന്നെ നാട്ടിലുള്ളതെല്ലാം വെറും പോത്തുകള്‍. നാദസ്വരം കേട്ടു നില്‍ക്കുന്ന ഒരു നാട്ടുകോട്ട ചെട്ടിയെപ്പോലെയല്ലേ നാട്ടാന പൂരത്തിനു നില്‍ക്കുന്നത്? കുറിയും കുടവയറും തലേക്കെട്ടും താളം പിടിക്കലും ഇഴഞ്ഞിഴഞ്ഞുള്ള നടത്തവും. എന്തൊരു ബോറ്.ആനത്താരകളിലൂടെയുള്ള യാത്രയിലെ ത്രില്ലും സസ്‌പെന്‍സും വിവരണാതീതമാണ്. കാട്ടിലെ ഇരുണ്ട ഏകാന്തതകളിലൂടെ അടുത്തും അകന്നും നിങ്ങള്‍ക്കു സമാന്തരമായി ആനകളും സഞ്ചരിക്കുന്നുണ്ട്. നിങ്ങള്‍ അവരെ കാണില്ല, അവര്‍ നിങ്ങളെ കാണുന്നുണ്ട്. അതാണാ യാത്രയുടെ ഭയപ്പെടുത്തുന്ന സൗന്ദര്യം. ചെടിപ്പടര്‍പ്പിനു പിന്നിലോ പാറകളുടെ മറവിലോ പുഴക്കരയിലോ, എവിടെയും എപ്പോഴും അവരുണ്ടാവാം. വലിയ ശരീരം ചുരുക്കി ചെറിയ കുറ്റിക്കാട്ടില്‍ ഒരൊറ്റയാന്‍ ഒളിച്ചിരിപ്പുണ്ടാവാം. ചിലപ്പോള്‍ വഴി തടഞ്ഞ് മലയോളം വളര്‍ന്ന് കൊലവിളിച്ച് മുന്നില്‍ വന്നുനില്‍ക്കാം. നേരെ മുന്നില്‍ പെട്ടാലും അനങ്ങാതെ, ഗൗനിക്കാതെ കടന്നുപോയെന്നു വരാം. മണിക്കൂറുകളോ ദിവസങ്ങളോ കാത്തിരുന്നാലേ അവനെ ചിലപ്പോള്‍ കാണാനാവൂ. സഞ്ചാരികളുടെ ഭാഗ്യമാണ് കാട്ടാനയുമായുള്ള ഒരു മുഖാമുഖം. ക്യാമറയില്‍ അവന്റെ ചിത്രം പതിഞ്ഞു കിട്ടുന്നത് അതിനേക്കാള്‍ വലിയ ഭാഗ്യം.കാട്ടാനകളെത്തേടി എത്രയോ കാടുകളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട്. രത്‌നാകരനെപ്പോലെ പ്രകൃതിസ്‌നേഹികളായ കൂട്ടുകാരുമൊത്ത് ഇപ്പോഴും ഇടയ്ക്കിടെ ഇത്തരം യാത്രകള്‍ ഞങ്ങള്‍ സംഘടിപ്പിക്കും. ഹരം പകരുന്നവയാണ് ആ യാത്രകള്‍. അതിരാവിലെ തന്നെ പുറപ്പെടും. ആനകള്‍ വരുന്ന സമയം, വഴികള്‍, കാണാനിടയുള്ള സ്ഥലങ്ങള്‍ ഒക്കെ അറിയുന്ന ആരെയെങ്കിലും കൂടെകൂട്ടും. അമ്മ പാചകം ചെയ്തുതരുന്ന ഭക്ഷണം പാത്രങ്ങളിലാക്കി കൈയില്‍ കരുതും. ഏതെങ്കിലും കാട്ടുചോലയുടെ കരയിലിരുന്ന് കൂട്ടുകൂടി അതു തിന്നും. പുഴക്കരകളിലും പാറക്കൂട്ടങ്ങളിലും അവനെ കാത്തിരിക്കും. ചിന്നംവിളി കേള്‍ക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമാക്കി ശബ്ദം കേള്‍പ്പിക്കാതെ നീങ്ങും. കൊതിതീരുവോളം ചിത്രങ്ങള്‍ പകര്‍ത്തും. ഒരിക്കലും മതിവരാത്ത സഞ്ചാരങ്ങള്‍.
കുട്ടിക്കാലത്ത് അമ്മമ്മയുമൊത്ത് കല്‍പ്പറ്റയില്‍ നിന്നു മൈസൂരിലേക്കു നടത്തിയിരുന്ന യാത്രകള്‍ ഓര്‍മയിലുണ്ട്. അതാവണം എന്റെ അത്തരം സഞ്ചാരങ്ങളില്‍ ആദ്യത്തേത്. എപ്പോഴും കണ്ടുമുട്ടിയേക്കാവുന്ന ഒരു കാട്ടാനയുടെ നിഴലിലായിരുന്നു ആ യാത്രകള്‍. മലകളില്‍ തട്ടി, താഴ്‌വരകളില്‍ പ്രതിധ്വനിച്ച് കാടിനെ വിറപ്പിക്കുന്ന ചിന്നം വിളികള്‍ നിഗൂഢമായ രാത്രിവഴികളില്‍ അരികിലും അകലെയുമായി യാത്രയിലുടനീളം ഞങ്ങളെ പിന്‍തുടര്‍ന്നിരുന്നു. വഴിയില്‍ ആനകളുമായി മുഖാമുഖം വരാത്ത ദിവസങ്ങള്‍ അപൂര്‍വം. നാകുമാരസ്വാമി എന്ന ഒരു സഹായിയുണ്ടായിരുന്നു ഞങ്ങള്‍ക്കന്ന്. മണം പിടിച്ച് ആന വരുന്നതു മുന്‍കൂട്ടി പറയുന്ന ഒരാള്‍. അക്കാലത്ത് അത് എന്നെ ഏറെ അദ്ഭുതപ്പെടുത്തിയിരുന്നു. മൂക്കു വിടര്‍ത്തി മണം പിടിച്ച് സ്വാമി പറയും, ആനച്ചൂരുണ്ടല്ലോ.. അടുത്ത വളവില്‍ ആന ഉറപ്പ്!
കാട്ടിലെ യാത്രകളില്‍ വലിയ ശ്രദ്ധ ആവശ്യമാണ്. ഒറ്റയാന്മാരില്‍ നിന്നു രക്ഷപ്പെടാന്‍ പതറാത്ത മനസ്സാന്നിധ്യം വേണം. ഡ്രൈവിങ്ങില്‍ നല്ല വൈദഗ്ധ്യവും വേണം. ചിലപ്പോള്‍ വളരെ ദൂരം റിവേഴ്‌സ് പോകേണ്ടി വരും. ചിലപ്പോള്‍ ലൈറ്റിട്ട് അനങ്ങാതെ നില്‍ക്കേണ്ടി വരും. മറ്റു ചിലപ്പോള്‍ ചാര്‍ജ് ചെയ്ത് ഭയപ്പെടുത്തി രക്ഷപ്പെടേണ്ടിവരും. ആനയുടെ ഭാവവും ചലനവും നോക്കി അതിന്റെ മൂഡ് മനസ്സിലാക്കണം. ഒഴിഞ്ഞു പോകുന്നതായി നടിച്ച് ആക്രമിക്കുന്ന ആനകളുമുണ്ട്. പരിചയം കൊണ്ട് ആക്രമിക്കാന്‍ വരുന്നവനെയും അല്ലാത്തവരെയും കുറെയൊക്കെ മനസ്സിലാക്കാം.
++++++++++
Photos: M.V.Shreyamskumarഞങ്ങളുടെ സംഘവും പലപ്പോഴും ഇത്തരം അപകടസന്ധികളെ നേരിട്ടിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍ പ്രദ്യുമ്‌നയുമൊത്ത് മസിനഗുഡിയില്‍ പോയ ദിവസം അതിലൊന്നാണ്. ഇന്നും ഉള്‍ക്കിടിലത്തോടെ മാത്രമേ അതെനിക്ക് ഓര്‍ക്കാനാവൂ. ഫോട്ടോയെടുക്കാന്‍ വേണ്ടി താഴെയിറങ്ങിയതാണ് പ്രദ്യുമ്‌ന. കുഞ്ഞുമൊത്ത് അലസമായി മേയുന്ന പിടിയാനയുടെ മനോഹരമായ ദൃശ്യം പ്രദ്യുമ്‌നയെ ആവേശഭരിതനാക്കി. ക്യാമറ തുടരെത്തുടരെ മിന്നിയതാണോ കുഞ്ഞ് കൂടെയുള്ളതാണോ അവളെ പ്രകോപിപ്പിച്ചതെന്നറിയില്ല. ഒരു നിമിഷത്തിനുള്ളില്‍ ആന പ്രദ്യുമ്‌നക്കു നേരേ കുതിച്ചു. ഭയന്നു പോയ പ്രദ്യുമ്‌ന ഓടി. ഓട്ടത്തിനിടയില്‍ ഒരു മരത്തിന്റെ വേരില്‍ തട്ടി വീണു. എല്ലാം ഞൊടിയിടയിലായിരുന്നു. വീണുകിടന്ന പ്രദ്യുമ്‌നയെ പൊക്കിയെടുത്ത് ഞങ്ങള്‍ വീണ്ടും ഓടി. ഒരുവിധം ജീപ്പില്‍ കയറി രക്ഷപ്പെട്ടു. മറ്റൊരിക്കല്‍ ജീപ്പിനു പിറകിലെ സ്റ്റെപ്പിനി ടയറിലിരുന്ന് ആനയുടെ ഫോട്ടോയെടുക്കുകയായിരുന്ന എന്നെ പൊടുന്നനെ ഒരാന ആക്രമിച്ചു. ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തതും പിടിവിട്ട് ഞാന്‍ താഴെ വീണു. ഭാഗ്യവശാല്‍ വീണത് ജീപ്പിനകത്തേക്കായിരുന്നു. കുറെ ദൂരം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തുമ്പിക്കൈ നീട്ടി ചിന്നം വിളിച്ചു പുറകെ വന്ന ശേഷം ആന മടങ്ങി. അന്നു വീണത് പുറത്തേക്കാണെങ്കില്‍ തീര്‍ച്ചയായും ഈ വരികള്‍ എഴുതപ്പെടുമായിരുന്നില്ല.
ഇന്ത്യയിലെ പല കാടുകളിലും ആനകള്‍ ഇന്നൊരു വിദൂരദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. കാട്ടുതീ പടരുന്നു. നീരുറവകള്‍ വറ്റുന്നു. പുല്‍മേടുകള്‍ വരളുന്നു. കാടുകള്‍ ശോഷിക്കുന്നു. അവരുടെ ആവാസവ്യവസ്ഥകള്‍ മരിക്കുകയാണ്. എങ്കിലും കര്‍ണാടകത്തിനും വയനാടിനുമിടക്കുള്ള കൊടുംകാടുകളില്‍ അവരുടെ എണ്ണത്തിനോ സൈ്വരസഞ്ചാരത്തിനോ ഇപ്പോഴും കാര്യമായ കുറവു വന്നിട്ടില്ല. നാഗര്‍ഹൊളെ, തോല്‍പ്പെട്ടി, ബന്ദിപ്പൂര്‍, മുതുമല, മുത്തങ്ങ മേഖലയിലെ നിബിഡവനങ്ങളിലെ ഇടനാഴികളില്‍ അലഞ്ഞു നോക്കുക. ഏതു നിമിഷവും ഒരാന മുന്നില്‍ വന്നു നില്‍ക്കും, തീര്‍ച്ച.

ആനകളെത്തേടി പല കാട്ടിലും സഞ്ചരിച്ചിട്ടുള്ള എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയിട്ടുള്ള സ്ഥലമാണ് എന്‍ബേഗൂര്‍. പശുക്കള്‍ മേയും പോലെ ആനകള്‍ കൂട്ടത്തോടെ മേയുന്ന സ്ഥലം എന്നാണ് എന്‍ബേഗൂറിനെക്കുറിച്ചു കേട്ടിരുന്നത്. അതില്‍ അതിശയോക്തിയില്ലെന്ന് നേരില്‍ കണ്ടപ്പോള്‍ ബോധ്യപ്പെട്ടു. ആഫ്രിക്കയിലെ ഛോബെയിലല്ലാതെ ഇന്ത്യയില്‍ ഒരിടത്തും ഇത്രയധികം ആനകളെ ഒന്നിച്ച് ഞാന്‍ കണ്ടിട്ടില്ല.
കര്‍ണാടക വനാതിര്‍ത്തിയിലുള്ള കോര്‍ ഏരിയയാണ് എന്‍ബേഗൂര്‍. പ്രത്യേകാനുമതിയില്ലാതെ സഞ്ചാരികളെ അനുവദിക്കില്ല. ഗുണ്ട്‌റെ റേഞ്ചിലാണ് ഈ കാട്. അനുവാദം വാങ്ങി ഗാര്‍ഡുകളെയും സംഘടിപ്പിച്ച് ഒരു ദിവസം അതിരാവിലെ ഞങ്ങള്‍ എന്‍ബെഗൂറിലേക്ക് തിരിച്ചു. ചേകാടിയില്‍ നിന്നു തിരിഞ്ഞ്, ചെതലയം ക്യാമ്പിലെ ദൊഡ്ഢക്കുറിശ്ശിയിലെത്തി. അവിടെ നിന്ന് മാവിലാന്‍ തോടിലേക്ക്. പഴശ്ശി രാജാവിന്റെ അന്ത്യം ഇവിടെയായിരുന്നു. കബനീനദിക്കരയിലെ നിബിഡവനങ്ങളിലൂടെയാണ് യാത്ര. വനനിഗൂഢതകളില്‍ നിന്ന് കബനിയുടെ പാട്ട് കേള്‍ക്കാം. കിഴക്കോട്ടൊഴുകുന്ന ഈ നദിയാണ് വയനാടിന്റെ വരദാനവും കണ്ണീരും. വയനാടിന്റെ കൃഷിയിടങ്ങളെ ഹരിതസമൃദ്ധമാക്കുന്ന അവള്‍ തന്നെയാണ് ബാണാസുരസാഗര്‍ തുറക്കുകയും ബീച്ചനഹള്ളിയില്‍ ഷട്ടര്‍ അടക്കുകയും ചെയ്യുമ്പോള്‍ വയനാടിന്റെ കിഴക്കന്‍ ഭാഗങ്ങളെ വെള്ളത്തില്‍ മുക്കുന്നതും വേനലില്‍ വറ്റിവരണ്ട് വരള്‍ച്ച സൃഷ്ടിക്കുന്നതും. ഇടതൂര്‍ന്ന ഈ കാടുകളിലാണത്രെ പണ്ട് ഗെദ്ദ നടന്നിരുന്നത്. ആനകളെ ഓടിച്ചിട്ടു പിടിച്ച് മെരുക്കിയെടുക്കുന്ന ഗെദ്ദ കാണാന്‍ ചെറുപ്പത്തില്‍ അമ്മമ്മയുമൊത്തു പോയിട്ടുള്ളതിന്റെ നേരിയ ഓര്‍മ്മയുണ്ട്.

കബനിയുടെ കരയിലൂടെയുള്ള ഈ യാത്ര മനസ്സിനെ ത്രസിപ്പിക്കുന്നതാണ്. ഗുണ്ട്‌റയില്‍ പഴയൊരു ഗസ്റ്റ്ഹൗസുണ്ട്. ഉച്ചയോടെ ഞങ്ങള്‍ അവിടെയെത്തി. ഉച്ചഭക്ഷണവും ആദിവാസികള്‍ തന്ന മധുരമാമ്പഴവും തിന്ന് അല്‍പ്പം വിശ്രമിച്ച് യാത്ര തുടര്‍ന്നു. ബീച്ചനഹള്ളി ഡാമിന്റെ വൃഷ്ടിപ്രദേശത്തിലൂടെയാണ് സഞ്ചാരം. കബനി നദി ഡാമില്‍ ചേരുന്ന സ്ഥലം. താഴ്ന്ന റോഡുകള്‍. പുതഞ്ഞു പോകുന്ന മണ്ണ്. വേനലില്‍ ബീച്ചനഹള്ളി ഡാമില്‍ വെള്ളം താഴുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന എക്കല്‍മണ്ണില്‍ സമൃദ്ധമായി ഇളംപുല്ലുകള്‍ മുളയ്ക്കും. അതു തിന്നാനാണ് ആനകളെത്തുന്നത്. പുറത്തിറങ്ങരുതെന്ന് ഗൈഡുകള്‍ ആദ്യമേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഏതു വശത്തു നിന്നും എപ്പോഴും ആന വരാം.
മൂന്നു മണിയോടെ ഞങ്ങള്‍ അവിടെയെത്തി. ശോഷിച്ച ജലസംഭരണി പച്ചപുതച്ചു കിടക്കുന്നു. വെള്ളം അവസാനിക്കുന്നിടത്ത് മൂന്നു വശവും കരയാണ്. പരന്നു കിടക്കുന്ന ഡാംസൈറ്റിന്റെ ചുറ്റും മുളങ്കാടുകളും. ഞങ്ങളുടെ വാഹനത്തെ എതിരേറ്റതു തന്നെ വമ്പനൊരു കൊമ്പനാണ്. വലിയൊരു മുളങ്കൂട്ടത്തില്‍ അവന്‍ അരിശം തീര്‍ക്കുന്നു. തൊട്ടപ്പുറത്ത് മറ്റൊരുത്തന്‍ പാതി മുറിഞ്ഞ മരക്കുറ്റിയില്‍ പുറം ചൊറിയുന്നു. അവിടവിടെയായി വേറെയും കുറെ ആനകള്‍ ഇളംപുല്ലും മാന്തിത്തിന്ന് അലസമായി മേയുന്നു. ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയും അവരുടെ വികൃതികളാസ്വദിച്ചും ഞങ്ങളിരുന്നു.

നേരം പോകുന്നതറിഞ്ഞില്ല. പകല്‍ ചാഞ്ഞുതുടങ്ങി. വശങ്ങളിലെ മുളങ്കാടുകളില്‍ അപ്പോള്‍ ഒരിളക്കം. കാട്ടുചില്ലകള്‍ ഒടിയുന്നു. അകലെയും അരികിലുമായി ചിന്നം വിളികള്‍ മുഴങ്ങുന്നു. കാടിളക്കിമറിക്കുന്ന ഇരമ്പം. മുളങ്കാടുകളില്‍ നിന്നും കൂടുതല്‍ ആനകള്‍ ഇറങ്ങിവരാന്‍ തുടങ്ങി. അവിശ്വസനീയമായിരുന്നു ആ കാഴ്ച. എന്റെ വയനാടന്‍ വനയാത്രകള്‍ക്കിടയില്‍, ഒറ്റപ്പെട്ട കൂട്ടങ്ങളെയല്ലാതെ, ഒരിക്കല്‍പ്പോലും ഇത്രയേറെ ആനകളെ ഞാന്‍ ഒരുമിച്ചു കണ്ടിട്ടില്ല. പശുക്കള്‍ മേയും പോലെ എന്നു പറഞ്ഞതില്‍ ഒരതിശയോക്തിയുമില്ല. കുട്ടികളും മോഴകളും കൊമ്പന്മാരും വമ്പന്മാരുമായി നൂറുകണക്കിന് ആനകള്‍. മൂന്നു വശത്തുമുള്ള കാടുകളില്‍ നിന്ന് അവ ഡാമിലേക്കിറങ്ങി വന്നു. മണ്ണു ചവുട്ടിത്തെറിപ്പിച്ചും ചെളിയില്‍ കളിച്ചും പുല്ലു പറിച്ചെറിഞ്ഞും കൊമ്പുകോര്‍ത്തും അവ കളിച്ചു രസിക്കുന്നു. ഇടക്കൊരു മോഴ ജീപ്പിനെ നോക്കി ഭീഷണി കലര്‍ന്ന ചിന്നം തൊടുക്കുന്നു. അനങ്ങാതെ, ശബ്ദമുണ്ടാക്കാതെ മതിവരുവോളം ഞാനാ കാഴ്ചകള്‍ പകര്‍ത്തി. ഇത്രയേറെ കൊമ്പന്മാര്‍ നമ്മുടെ കാടുകളില്‍ അവശേഷിക്കുന്നുണ്ടല്ലോ എന്നായിരുന്നു അപ്പോഴെന്റെ അദ്ഭുതം.
മണിക്കൂറുകള്‍ കടന്നു പോയത് അറിഞ്ഞില്ല. ഇരുട്ടു പരന്നു തുടങ്ങി. കരിമ്പാറകള്‍ പോലെ ആനകള്‍ അന്ധകാരത്തില്‍ ലയിച്ചു. പൊടുന്നനെ ചുറ്റും ആനച്ചൂരു നിറഞ്ഞു. ഉള്ളില്‍ നാകുമാരസ്വാമിയുടെ ശബ്ദം. ആനച്ചൂരുണ്ടല്ലോ..
ക്യാമറ മാറോടടുക്കിപ്പിടിച്ച് ഞാന്‍ ജീപ്പിലേക്കോടി.