കാട്ടാനകളുടെ നാട്ടിലേക്കാണ് ഈ യാത്ര.
വടക്കു കിഴക്കന്‍ ബോട്‌സ്വാനയിലെ കസാനെയിലേക്ക്.

ആനയെത്ര, മരമെത്ര? കാട്ടുചോലക്കരയില്‍ കുടിവെള്ളം തേടിയെത്തുന്ന കസാനെയിലെ കാട്ടാനക്കൂട്ടം. Photos: M.V.Shreyamskumarകസാനെയില്‍ വിമാനം വട്ടമിടുമ്പോള്‍ താഴെ വരവേല്‍ക്കാനെന്നോണം വരിവരിയായി കാട്ടാനകള്‍. ഛോബെ നദിയിലും കരയിലെ കാടുകളിലും കിലോമീറ്ററുകളോളം ആനകളുടെ നിര.

കാട്ടാനകളുടെ നാട്ടിലേക്കാണ് ഈ യാത്ര. വടക്കു കിഴക്കന്‍ ബോട്‌സ്വാനയിലെ കസാനെയിലേക്ക്. ജനസംഖ്യ അമ്പതിനായിരത്തില്‍ താഴെ മാത്രമുള്ള ഈ പ്രവിശ്യയില്‍ കാട്ടാനകളുടെ എണ്ണം 120000! നഗരത്തെയും കാടിനെയും വേര്‍തിരിക്കാന്‍ അതിര്‍വേലികളൊന്നുമില്ല കസാനെയില്‍. പട്ടണത്തിലെ തിരക്കേറിയ നടവഴികളില്‍ പോലും അലസമായി ഉലാത്തുന്ന കാട്ടാനകളെ കാണാം. മൂന്നു ദിവസത്തെ ഛോബെ സഫാരി ആനകളുമായും അവിടത്തെ മനുഷ്യരുമായുമുള്ള സൗഹൃദത്തിന്റെ ഓര്‍മയായി അവശേഷിക്കുന്നു. അപ്രതീക്ഷിതമായ ചില അനുഭവങ്ങളുടെയും.

15 ദിവസം നീണ്ട ഒരാഫ്രിക്കന്‍ യാത്രയുടെ അഞ്ചാം ദിവസമാണ് ഞങ്ങള്‍ ഛോബെയിലേക്കു തിരിക്കുന്നത്. നെല്‍സ്​പ്രൂട്ടില്‍ നിന്ന് ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗാബറോണിലേക്ക്. അവിടെ നിന്ന് കസാനെയിലേക്ക്. അതാണ് പരിപാടി. കൊച്ചു കൊച്ചു വിമാനത്താവളങ്ങളാണ് എല്ലാം. നെല്‍സ്​പ്രൂട്ടിലെ വിമാനത്താവളം പുല്ലു മേഞ്ഞ പ്രകൃതിയോടിണങ്ങിനില്‍ക്കുന്ന സുന്ദരമായ ഒന്ന്. ബോട്‌സ്വാന തലസ്ഥാനത്തെ വിമാനത്താവളം പഴയ കൊച്ചി വിമാനത്താവളത്തിനോളം പോലുമില്ല. കസാനെയിലേതാവട്ടെ വിമാനത്താവളമാണെന്നേ തോന്നില്ല.

ആഫ്രിക്കന്‍ സഫാരികേന്ദ്രങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഛോബെ നാഷണല്‍ പാര്‍ക്കിലേക്കു വടക്കു നിന്നുള്ള വാതിലാണ് കസാനെ. കാട്ടിറമ്പിലെ ഈ ചെറുപട്ടണത്തില്‍ സദാ തിരക്കാണ്. ആഫ്രിക്കന്‍ കാടുകള്‍ കാണാനുള്ള സഞ്ചാരികള്‍ കസാനെയിലേക്കു വന്നുകൊണ്ടിരിക്കും. തെക്കെ ആഫ്രിക്കയിലെ നാലു രാജ്യങ്ങളുടെ അതിര്‍ത്തികളെ ബന്ധിപ്പിക്കുന്ന സ്ഥലമാണ് ഇത്. ബോട്‌സ്വാന, സാംബിയ, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങള്‍ക്കും ഇവയെ അതിരിട്ടൊഴുകുന്ന ഛോബെ, സാംബസീ നദികള്‍ക്കും മധ്യത്തില്‍, കാടിനു നടുവില്‍ കസാനെ സഞ്ചാരികളെ കാത്തിരിക്കുന്നു.

ഗാബറോണ്‍ വിമാനത്താവളത്തില്‍ കസാനെയിലേക്കുള്ള ഫ്‌ളൈറ്റ് പിടിക്കാന്‍ ധൃതി പിടിച്ചോടുമ്പോള്‍ പുറകില്‍ നിന്നാരോ പേരെടുത്തു വിളിക്കുന്നു. ആഫ്രിക്കയില്‍ ആരാണ് പരിചയക്കാരെന്നു വിസ്മയിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ പഴയൊരു കൂട്ടുകാരി. കോഴിക്കോട്ടെ മലാപ്പറമ്പില്‍ താമസിക്കുന്ന കാലത്ത് അയല്‍ക്കാരിയായിരുന്ന പ്രിയ. പാവാടപ്രായത്തില്‍ കണ്ടതാണ്. ഇപ്പോള്‍ പ്രൗഢയായൊരു വീട്ടമ്മ. ഭര്‍ത്താവും കുഞ്ഞുമായി അവള്‍ വിമാനത്താവളത്തിലെ ലോഞ്ചില്‍ നില്‍ക്കുന്നു. നാട്ടില്‍ നിന്നെത്തിയ ബന്ധുക്കളെ യാത്രയാക്കാനെത്തിയതാണ്. 22 വര്‍ഷത്തിനു ശേഷം തീര്‍ത്തും യാദൃശ്ചികമായൊരു കൂടിക്കാഴ്ച. മലബാറിലെ വലിയ വ്യാപാരികളായ രംഗയ്യ സണ്‍സിലെ രംഗനാഥന്റെ മകന്‍ രവിയാണ് ഭര്‍ത്താവ്. വീട്ടിലേക്കു വരാന്‍ നിര്‍ബന്ധിച്ച അവരോട് പോകും മുമ്പ് തീര്‍ച്ചയായും വന്നു കാണാമെന്നു വാക്കു കൊടുത്ത് കാത്തു നില്‍ക്കുന്ന കസാനെ ഫ്‌ളൈറ്റിലേക്ക് ഞങ്ങള്‍ ഊളിയിട്ടു.

കസാനെയില്‍ ഛോബെ മറീന റിസോര്‍ട്ടിലായിരുന്നു ഞങ്ങളുടെ താമസം. മുളയും പനയോലയും കൊണ്ടു തീര്‍ത്ത മനോഹരമായൊരു റിസോര്‍ട്ട്. ഗേറ്റിനു പോലുമുണ്ട് പുതുമ. കുറുകെ കെട്ടിയ കമ്പക്കയറാണ് ഗേറ്റ്. കൃത്രിമ ജലാശയങ്ങളും ഉദ്യാനങ്ങളും വൃത്തിയുള്ള മുറികളും കുലീനമായ ഭക്ഷണശാലയും. കാടിനു നടുവിലെ കൊച്ചു പര്‍ണാശ്രമം.

ആഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ വന്യമൃഗകേന്ദ്രമാണ് ഛോബെ നാഷണല്‍ പാര്‍ക്ക്. മൂന്നു ദിവസമാണ് ഛോബെയിലെ ഞങ്ങളുടെ താമസം. മൂന്നു ദിവസവും സഫാരിയുണ്ട്. അതിരാവിലെ ആറു മുതല്‍ ഒമ്പതു വരെയും വൈകീട്ട് നാലു മുതല്‍ ഇരുട്ടും വരെയുമാണ് സഫാരി. പുഴയുടെ തെക്കെ കരയിലുള്ള സെദൂദുവിലൂടെ അകത്തേക്കു പ്രവേശിച്ച് താഴ്‌വരയിലൂടെ യാത്ര തുടങ്ങുമ്പോള്‍ തന്നെ ആനകളെ കണ്ടുതുടങ്ങും. ഓരോ കിലോമീറ്ററിലും ഓരോ കൂട്ടം ആനകളെങ്കിലും ഉണ്ടാവും. പുഴക്കരയിലെ മരക്കുറ്റികളിലും മറ്റും പുള്ളിപ്പുലികളെയും കാണാം. സിംഹം, കരടി, ഹെയ്‌ന, ജിറാഫ്, കാട്ടുപോത്ത്, ഹിപ്പോ, മുതലകള്‍, മാനുകള്‍, പേരറിയാത്ത എത്രയോ പക്ഷികള്‍.. ഏതു നിമിഷവും ഒരു വന്യജീവി നിങ്ങളുടെ ക്യാമറയില്‍ പതിയാം.
++++++++++

ബോട്‌സ്വാനയിലെ കാടുകള്‍ നമ്മുടെ കാടുകള്‍ പോലെ വൃക്ഷനിബിഡമോ ഹരിതാഭമോ അല്ല. ഇടതൂര്‍ന്ന മരക്കൂട്ടങ്ങള്‍ കണ്ടു ശീലിച്ച നമുക്ക് പരന്നുകിടക്കുന്ന കുറ്റിക്കാടുകള്‍ കാടാണെന്നേ തോന്നില്ല. ഇടയ്ക്കുമാത്രം ഓരോ വലിയ മരങ്ങള്‍ കാണാം. കുഴഞ്ഞ ഒരു മണലാണ് നിലത്ത്. പരന്ന ടയറുകളുള്ള വാഹനങ്ങളേ ഇവിടെ യാത്രക്കുപയോഗിക്കൂ.

കസാനെയിലെ ഹോട്ടലുകളില്‍ നിന്ന് നിരവധി വണ്ടികള്‍ ഒരേ സമയം സഫാരിക്കു പോയ്‌ക്കൊണ്ടിരിക്കും. കാട്ടിലെത്തിയാല്‍ അവ വഴി പിരിയും. കാട്ടിലെ ഓരോ ഇഞ്ചു സ്ഥലവും ഹൃദിസ്ഥമായ ഗൈഡുകളാണ് ഡ്രൈവര്‍മാര്‍. തുറന്ന വലിയ ജീപ്പിലാണ് യാത്ര. വലിയ ടയറുകളുള്ള വണ്ടി കാട്ടിലെ ഏതു ചതുപ്പും മലയും താണ്ടും. നല്ല ശക്തിയുള്ള ഉരുക്കു ഫ്രെയിം. ഒലീവ് ഗ്രീന്‍ നിറം. ഡ്രൈവര്‍ക്കും ട്രാക്കര്‍ക്കും വയര്‍ലസ്സും തോക്കുമുണ്ട്. ഡ്രൈവര്‍മാരെല്ലാം വയര്‍ലസ്സില്‍ പരസ്​പരം വിവരം കൈമാറിക്കൊണ്ടിരിക്കും. മൃഗങ്ങളെ കാണുന്ന പ്രദേശങ്ങളിലേക്ക് പൊടുന്നനെ മറ്റു ജീപ്പുകള്‍ പാഞ്ഞെത്തും.

സഫാരി നടത്തുമ്പോള്‍ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. ഇരുന്നിടത്തു നിന്ന് അനങ്ങരുത്. നിറമുള്ള വസ്ത്രങ്ങള്‍ അണിയരുത്. ശബ്ദമുണ്ടാക്കരുത്. ജീപ്പില്‍ കയറും മുമ്പ് അതൊക്കെ ഡ്രൈവര്‍ പറയും. പ്രാതലും മറ്റു ഭക്ഷണവിഭവങ്ങളും കരുതിയിരിക്കും. വഴിയില്‍ പുഴക്കരയിലെവിടെയെങ്കിലുമിരുന്ന് അതു കഴിക്കും. വെയില്‍ മൂക്കുമ്പോള്‍ വഴി മാറി തണല്‍ പറ്റി ഉള്‍ക്കാട്ടിലേക്കു നീങ്ങും. മൃഗങ്ങള്‍ എവിടെയുണ്ടാവുമെന്ന് ട്രാക്കര്‍ക്ക് കൃത്യമായറിയാം.

കൊമ്പു കുലുക്കി വന്‍സംഘമായി വരുന്ന കാട്ടാനകളെ കണ്ടാല്‍ വണ്ടി നിര്‍ത്തി അനങ്ങാതെ ശബ്ദമുണ്ടാക്കാതെ അവ കടന്നു പോകും വരെ ഇരിക്കും. ആനക്കൂട്ടത്തിന്റെ നേതൃത്വം പെണ്ണുങ്ങള്‍ക്കാണ്. കുട്ടിയാനകളെ കാല്‍ക്കൂട്ടിലാക്കി സംരക്ഷിച്ചു കൊണ്ടാണവ സഞ്ചരിക്കുക. മൂന്നു ദിവസത്തിനിടെ നൂറിലധികം ആനക്കുട്ടങ്ങളെ ഞങ്ങള്‍ കണ്ടു. ചിലതില്‍ മുന്നൂറു വരെ ആനകളുണ്ട്.

വൈകുന്നേരമായാല്‍ ഛോബെ നദിയില്‍ ബോട്ടിലാണ് സഫാരി. വീതി കൂടിയ നദിയാണ്. വെള്ളം നിറഞ്ഞു കിടക്കും. പലയിടത്തും ചതുപ്പുകളുണ്ട്. പുഴയില്‍ ആനകളുണ്ടാവും. നീരാടുന്ന ആനകള്‍ക്കും പതുങ്ങിക്കിടക്കുന്ന മുതലകള്‍ക്കും ഹിപ്പോകള്‍ക്കും നീര്‍നായ്ക്കള്‍ക്കുമിടയിലൂടെ ശ്രദ്ധയോടെ വേണം ബോട്ടോടിക്കാന്‍. ഞങ്ങളുടെ യാത്രാസംഘത്തിലെ സീനിയര്‍ അംഗങ്ങളില്‍ പലര്‍ക്കും ഭയം കൊണ്ട് യാത്ര തുടരാന്‍ വയ്യ. എവിടെ ബോട്ടു നിര്‍ത്തിയാലും 'പോകാം, പോകാം' എന്ന പല്ലവി. ഒടുവില്‍ ഞാനും നിധീഷും നന്ദനും വേറെ ബോട്ടെടുത്തു. ഏറ്റവും അപകടം പിടിച്ച സ്ഥലമേതോ അവിടേക്കു പോകാന്‍ ഞങ്ങള്‍ ബോട്ട് ഡ്രൈവറോട് ആവശ്യപ്പെട്ടു.

ബോട്‌സ്വാനക്കാരനായ എബോ ആയിരുന്നു ഞങ്ങളുടെ ഡ്രൈവര്‍. നദിയിലൊരിടത്ത് വലിയ ഒരാനക്കൂട്ടം. എബോ ബോട്ട് തൊട്ടടുത്തു കൊണ്ടു നിര്‍ത്തി. കൈ നീട്ടിയാല്‍ തൊടാം. അത്രയടുത്ത്. വീഡിയോവില്‍ നദീയാത്ര പകര്‍ത്തിക്കൊണ്ടിരുന്ന നന്ദന്റെ കൈ കിടുകിടാ വിറക്കുന്നു. ഇത്രയടുത്ത് നിന്നു കൊണ്ട് ഇത്രയധികം ആനകളെ പകര്‍ത്താന്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് ഞാന്‍. ആനകള്‍ക്കാവട്ടെ ഒരു മൈന്‍ഡുമില്ല. കൂട്ടത്തിലൊരു പെണ്ണാന ക്യാമറക്കു മുന്നില്‍ ഫാഷന്‍ ഷോവിലെന്ന പോലെ, സന്തോഷത്തോടെ പോസ് ചെയ്തു തന്നു. ക്യാമറകളുടെ ഫ്‌ളാഷില്‍ കുളിച്ച്, പകുതി വെള്ളത്തില്‍ നനഞ്ഞുകുതിര്‍ന്ന്, അഴകു പ്രദര്‍ശിപ്പിച്ച് ഒരു നില്‍പ്പ്. ക്യാമറക്കു മതിയാകും വരെ അവളുടെ ചിത്രങ്ങള്‍ ഞാന്‍ പകര്‍ത്തി. ഇവിടെ പെണ്ണാനകള്‍ക്കുമുണ്ട് കൊമ്പ്.

മുതലകളുടെ താവളമായ ചതുപ്പുകളിലേക്കും എബോ ബോട്ടോടിച്ചു കയറ്റി. മുതലകള്‍ ചതുപ്പില്‍ അമര്‍ന്നു കിടക്കുകയായിരുന്നു. ഒരു ചലനവുമില്ലാതെ. ചിലത് വളരെ വലുപ്പമുള്ളവയാണ്. ശബ്ദമുണ്ടാക്കിയോ എറിഞ്ഞോ അവയെ പ്രകോപിപ്പിക്കുന്നത് അപകടമാണെന്ന് എബോ മുന്നറിയിപ്പു നല്‍കി. മുതലപ്പുറത്ത് പക്ഷികള്‍ നടത്തുന്ന നദീസഞ്ചാരം രസകരമായ കാഴ്ചയാണ്.

ഉയര്‍ന്ന പുല്ലാണ് നദിയുടെ കരയില്‍. ഒരു വളവു പിന്നിടുമ്പോള്‍ കുറ്റിക്കാട്ടില്‍ നിന്ന് ഒരു സിംഹിണി പൊടുന്നനെ മുന്നിലേക്ക് ഇറങ്ങി വന്നു. വെള്ളം കുടിക്കാനുള്ള വരവാണ്. എബോ അവളുടെ അടുത്തേക്കു ബോട്ടു നീക്കി. ശബ്ദം കേട്ടപ്പോള്‍ തലയുയര്‍ത്തി അവള്‍ ഞങ്ങളെയൊന്നു നോക്കി. പിന്നെ നിസ്സാരമട്ടില്‍ വെള്ളംകുടി തുടര്‍ന്നു. ഫോട്ടോക്കു നിന്നുകൊടുക്കും പോലെ അവളും ക്യാമറക്കു മുന്നില്‍ പല പോസിലും നിന്നു. ഞങ്ങളും ബോട്ടില്‍ അനങ്ങാതെ ഇരുന്നു. കുറെ കഴിഞ്ഞപ്പോള്‍ അവള്‍ കരയ്ക്കു കയറി അവിടെത്തന്നെ കിടന്നു. ഇതു പോലെ എത്ര പേര്‍ വരുന്നു എന്ന ഭാവത്തില്‍.

എന്നെ ഏറ്റവും ആകര്‍ഷിച്ചത് നദിയിലുടനീളമുള്ള പലതരം പക്ഷികളാണ്. കിങ് ഫിഷര്‍, ഈജിപ്ഷ്യന്‍ ഗീസ്, സീക്രബ് ഐവി, വൈറ്റ് ഇഗ്രറ്റ് തുടങ്ങി പല തരം പക്ഷികള്‍ നദിയിലെങ്ങും പറന്നു നടക്കുന്നു. ചെറുപ്പം മുതലേ പക്ഷിനിരീക്ഷണം ഹരമായിരുന്ന എനിക്ക് ഏറ്റവും സന്തോഷം അതായിരുന്നു. വയനാട്ടിലെ കാടുകളിലുടനീളം ക്യാമറയും ദൂരദര്‍ശിനിയുമായി അലഞ്ഞു നടന്ന കാലത്തും ഇത്രയേറെ പക്ഷികളെ ഒന്നിച്ചൊരിടത്ത് ഇതുപോലെ കാണാന്‍ സാധിച്ചിട്ടില്ല. ആഫ്രിക്കന്‍ ജക്കാനയെ കണ്ടപ്പോള്‍ എബോ പറഞ്ഞു. ഇവളാണ് കില്ലാടി. ഒരേ സമയം മൂന്ന്് ആണ്‍പക്ഷികളുമായി അവള്‍ ഇണ ചേരും.

മൂന്നു പകല്‍ നീണ്ട സഞ്ചാരത്തില്‍ മൂന്നു ദിവസവും ഒരു പോലെ ആസ്വദിച്ച ദൃശ്യം ഛോബെ നദിയിലെ സൂര്യാസ്തമയമായിരുന്നു. ഹൃദ്യമായൊരു കാഴ്ചയാണ് അത്. സ്വര്‍ണപ്രഭയില്‍ ഛോബെ ആറാടി നില്‍ക്കും. ഒരു പ്രകാശസ്തംഭം പോലെ, അസ്തമയ സൂര്യന്റെ പ്രതിബിംബം ഛോബെയില്‍ വീണുകിടക്കും. ഓളങ്ങളില്‍ അത് ഇളകിക്കൊണ്ടിരിക്കും. ക്രമേണ അന്തിവെളിച്ചം ഇരുട്ടില്‍ ലയിക്കും.


++++++++++


യാത്രയുടെ അവസാന ദിവസമാവുമ്പോഴേക്കും ചോബെയോടും അവിടത്തെ നിഷ്‌കളങ്കരായ മനുഷ്യരോടുമൊക്കെ എന്തെന്നില്ലാത്ത ഒരടുപ്പം രൂപപ്പെട്ടു. അവരെ വിട്ടു പോവണമല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. ഇത്രയേറെ ആനകളെ ഒരുമിച്ചിനി എവിടെ കാണും? വൈല്‍ഡ് ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയില്‍ ആനകളോടു പ്രത്യേക മായ ഒരിഷ്ടം എനിക്ക് എക്കാലത്തുമുണ്ട്. കാട്ടാനകളെത്തേടിയുള്ള യാത്രകളില്‍ കര്‍ണാടകത്തിലെ എന്‍ബെഗൂറിലാണ് ഞാന്‍ ഇതിനുമുമ്പ് ഇത്രയധികം ആനകളെ ഒരുമിച്ചു കണ്ടിട്ടുള്ളത്. ബച്ചിനഹള്ളി അണക്കെട്ടിന്റെ കാച്ച്‌മെന്റ് എരിയയില്‍ ജലവിതാനം കുറയുന്ന ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ വെള്ളം കുടിക്കാന്‍ നൂറു കണക്കിനാനകള്‍ ഒന്നിച്ചെത്തുന്നതു കണ്ട് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. എന്നാല്‍ ഛോബെയിലെ മൂന്നു പകല്‍ കൊണ്ട് ഒരായുഷ്‌കാലം മുഴുവന്‍ കേരളത്തിലെ കാടുകളില്‍ സഞ്ചരിച്ചാലും കാണാന്‍ സാധിക്കാത്തത്ര ആനകളെ ഒരുമിച്ചു കണ്ടു.

നിരന്തരമായി യാത്രകള്‍ ചെയ്യുന്ന എനിക്ക് ഇപ്പോള്‍ ലോകത്തെവിടെ പോയാലും ഒരു മലയാളിയെങ്കിലും അവിടെ ഉണ്ടാവുമെന്ന കാര്യം ഉറപ്പായ അനുഭവമാണ്. കസാനെയിലും ഞങ്ങള്‍ക്കു ചില മലയാളി സുഹൃത്തുക്കളെ ലഭിച്ചു. ചോപ്പീസ് എന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല നടത്തുന്ന തൃശ്ശൂര്‍ക്കാരനായ രാമചന്ദ്രന് ബോട്‌സ്വാനയില്‍ 20 സൂപ്പര്‍ മാര്‍ക്കറ്റുണ്ടത്രെ. കസാനെയിലെ ബ്രാഞ്ചിന്റെ മാനേജര്‍ റെജിയും തൃശ്ശൂര്‍ക്കാരന്‍ തന്നെ. ഛോബെയിലെ താമസകാലത്ത് ഒഴിവുനേരത്തെ ഞങ്ങളുടെ താവളങ്ങളിലൊന്നായിരുന്നു ചോപ്പീസ്. റെജി തന്ന വിവരണങ്ങളിലൂടെയാണ് ബോട്‌സ്വാനയെക്കുറിച്ചു കൂടുതലറിയുന്നത്. സന്ദര്‍ശനത്തിനല്ലാതെ താമസിക്കാന്‍ ബോട്‌സ്വാന അത്ര നല്ല സ്ഥലമല്ലെന്നാണ് റെജിയുടെ പക്ഷം. രാത്രിയായാല്‍ ഇടക്കിടെ വന്‍സംഘങ്ങള്‍ തോക്കുമായി കവര്‍ച്ചക്കെത്തും. കടയിലേക്കവര്‍ ഇരച്ചു കയറും. എല്ലാം എടുത്തു സ്ഥലം വിടും. കട അടച്ചാല്‍ തല്ലിത്തുറക്കും. ഒരിക്കല്‍ രാത്രി റെജിയുടെ വീട്ടിലെത്തി തോക്കു ചൂണ്ടി വിളിച്ചിറക്കിക്കൊണ്ടു വന്ന് കട തുറപ്പിച്ച് സംഘം കവര്‍ച്ച നടത്തി! പോലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമൊന്നുമില്ല.

രസകരമായിരുന്നു ഛോബെ ദിനങ്ങള്‍. ആനകളും കാടും മാത്രമല്ല വിനോദയാത്രക്കു നിറം പകര്‍ന്നത്. ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ പോന്ന ചില കൊച്ചു സംഭവങ്ങളും ഉണ്ടായി. എല്ലാവരെയും ചിരിപ്പിച്ച ഒരു പ്രേമനാടകമായിരുന്നു അതിലൊന്ന്. കസാനെ ബാങ്കിലെ സുന്ദരിയായ ക്ലാര്‍ക്ക്, ബ്യൂട്ടിയായിരുന്നു ഛോബെ നാളുകളെ അവിസ്മരണീയമാക്കിയ പ്രേമകഥയിലെ നായിക. പേരു പോലെ ആളൊരു ബ്യൂട്ടി തന്നെ. കറുകറുത്ത ഒരു സുന്ദരി. കാശെടുക്കാന്‍ ബാങ്കില്‍ ചെന്നപ്പോഴാണ് അവളെ ഞങ്ങള്‍ പരിചയപ്പെടുന്നത്. സംഘത്തിലെ സുധാകരനോട് അവള്‍ക്ക് എന്തെന്നില്ലാത്ത ഒരടുപ്പം കാണിക്കല്‍. ഒരു തമാശക്ക് ഞങ്ങള്‍ അതൊന്നാഘോഷിക്കാന്‍ തീരുമാനിച്ചു. സുധാകരനെപ്പറ്റി അവളോടു പെരുപ്പിച്ചു പറയാനും അവളെ സുധാകരന് ഇഷ്ടമാണെന്നു പറയാനും സംഘത്തിലുള്ള ചിലര്‍ തന്നെ മുന്‍കൈയെടുത്തു. ചെറുക്കന്റെ ആള്‍ക്കാരായഭിനയിച്ച് കല്യാണാലോചനക്കും ചിലര്‍ ചെന്നു. അതോടെ അവള്‍ വീണു. സുധാകരന്റെ പുറകെയായി അവളുടെ സഞ്ചാരം. അവളെ പേടിച്ച് സുധാകരന്‍ ഞങ്ങളുടെ കൂടെ നടക്കാതായി. യാത്ര പുറപ്പെടും മുമ്പ് സുധാകരനെത്തേടി ഓടിക്കിതച്ചെത്തിയ ബ്യൂട്ടിയോട് ഞങ്ങള്‍ പറഞ്ഞു, സുധാകരന്‍ പനിച്ചു കിടക്കുകയാണ്. തീരെ വയ്യ. അന്നേരത്തെ അവളുടെ സങ്കടം കാണേണ്ടതായിരുന്നു. അവള്‍ ഉടനെ പറഞ്ഞു, ഹോട്ടലിന്റെ റൂം നമ്പര്‍ പറയൂ, ഞാനദ്ദേഹത്തെ പോയി പരിചരിക്കട്ടെ. കളി കാര്യമാവുമോ എന്ന പേടി അപ്പോഴാണ് എല്ലാവര്‍ക്കും ഉണ്ടായത്. സുധാകരനാവട്ടെ അവളെ പേടിച്ച് പുറത്തിറങ്ങാതെ ഒളിച്ചിരിപ്പാണ്. അങ്ങിനെ പ്രേമം നടിച്ച് പണം തട്ടുന്നവരും യാത്ര മുടക്കുന്നവരുമൊക്കെയുണ്ട് അവിടങ്ങളിലെന്ന് റെജി സുധാകരനോടു പറഞ്ഞിരുന്നു. ഏതായാലും ബ്യൂട്ടിയെ വെട്ടിച്ച് സംഘത്തോടൊപ്പം അതിര്‍ത്തി കടന്നപ്പോഴെ സുധാകരന് ശ്വാസം നേരെ വീണുള്ളൂ.

ഇനിയാണ് കഥയുടെ ആന്റിക്ലൈമാക്‌സ്. സുധാകരന്റെ യാത്ര മുടക്കാന്‍ ബ്യൂട്ടിക്കു പറ്റിയില്ലെങ്കിലും ഒരു പെണ്‍കുട്ടിക്കു കൊടുത്ത വാക്ക് എന്റെ യാത്രക്ക് തടസ്സം സൃഷ്ടിച്ചു. മൂന്നാം ദിവസം മടങ്ങാന്‍ നേരത്താണ് പ്രിയക്കു കൊടുത്ത വാക്കിനെപ്പറ്റി ഞാനോര്‍ത്തത്. മുന്‍നിശ്ചയിച്ച പരിപാടിയില്‍ അതിനിടെ ഞങ്ങള്‍ ഒരു മാറ്റം വരുത്തിയിരുന്നു. വിമാനം ഉപേക്ഷിച്ച് ഛോബെയില്‍ നിന്ന് കാറില്‍ അതിര്‍ത്തി കടന്ന് സിംബാബ്‌വേയിലേക്കു പോകാമെന്നായി തീരുമാനം. പ്രിയയും രവിയും ഗാബറോണ്‍ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുമെന്ന കാര്യം അതിനു ശേഷമാണ് എനിക്കോര്‍മ്മ വന്നത്. ബാക്കിയുള്ളവരെ കാറില്‍ വിട്ട് രാജുവിനെയും കൂട്ടി ഞാന്‍ വിമാനത്തില്‍ തന്നെ പോകാന്‍ നിശ്ചയിച്ചു. പറഞ്ഞതു പോലെ പ്രിയയും രവിയും കാത്തുനിന്നിരുന്നു. ലഞ്ചൊക്കെ കഴിച്ച് രസകരമായ ഏതാനും മണിക്കൂറുകള്‍ അവരുമൊത്ത് ചിലവിട്ട ശേഷം ഞങ്ങള്‍ സിംബാബ്‌വെയിലേക്കു വിമാനം കയറി.

സിംബാബ്‌വെയില്‍ ചെന്നപ്പോഴാണ് കളി കാര്യമായത്. എന്റെ വിസയും പേപ്പറുകളും അവിടെ വന്നിട്ടില്ലത്രെ. രേഖകളനുസരിച്ച് ഞാന്‍ കാറിലാണ് സിംബാബ്‌വെയില്‍ പ്രവേശിക്കേണ്ടത്. അതിനാല്‍ എന്നെ ആ രാജ്യത്തേക്കു പ്രവേശിപ്പിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല! വിമാനത്താവളത്തില്‍ അധികൃതര്‍ എന്നെ തടഞ്ഞു വെച്ചു. ഒന്നുകില്‍ തിരിച്ചു പോണം, അല്ലെങ്കില്‍ അനധികൃതമായി പ്രവേശിച്ചതിന് ജയിലില്‍ പോണം. തിരിച്ചു പോവുകയല്ലാതെ വേറെ ഒരു വഴിയുമില്ല. ഒരു നിവൃത്തിയുമില്ലാതെ യാത്ര ഞാന്‍ ജോഹന്നാസ്ബര്‍ഗിലേക്കു മാറ്റി. അടുത്ത വിമാനത്തില്‍ ഞാന്‍ മടങ്ങി.

വനനിബിഡതള്‍ക്കും ആനത്താരകള്‍ക്കും മീതേ വിമാനം പറന്നുയര്‍ന്നപ്പോള്‍ അറിയാതെ ഞാന്‍ ബ്യൂട്ടിയെ ഓര്‍ത്തു. അവളുടെ കണ്ണീര്‍ പുരണ്ട മുഖവും...