ആയിരം ദ്വീപുകള്‍ അടയാളമിട്ട യവനസമുദ്രത്തിലൂടെ ഒരു സഞ്ചാരംയുദ്ധം കഴിഞ്ഞ് ട്രോയിയില്‍ നിന്ന് ഇഥാകയിലേക്കു തിരിച്ച ഒഡീസിയസ്സിന്റെ കപ്പല്‍പ്പടയ്ക്ക് ആയിരം ദ്വീപുകളാല്‍ ചുറ്റപ്പെട്ട ഈ കപ്പല്‍ച്ചാലുകളിലൂടെയായിരുന്നില്ല കടന്നുപോകേണ്ടത്. എന്നാല്‍ സമുദ്രദേവന്റെ കോപം കടലുകളെ ഇളക്കിമറിക്കുകയും കാറ്റുകളെ കെട്ടഴിച്ചു വിടുകയും ചെയ്തപ്പോള്‍ പത്തു വര്‍ഷം ഒഡീസിയൂസ്സിന്റെ പായ്ക്കപ്പലുകള്‍ ദിശ തെറ്റി അലഞ്ഞത് രാക്ഷസന്മാരും മന്ത്രവാദിനികളും കൊടുങ്കാറ്റുകളും നിറഞ്ഞ ഈ കടല്‍വഴികളിലെവിടെയോ ആയിരുന്നു. ഓരോ ദ്വീപിലും ഓരോ അപകടങ്ങള്‍ അയാളെ പതിയിരുന്നു പിടിച്ചു.

ഒഡീസിയസ്സ് കടന്നു പോയ ദ്വീപുകള്‍ യാഥാര്‍ഥ്യമാണോ എന്ന സംശയം കുട്ടിക്കാലത്ത് ഗ്രീക്ക് പുരാണകഥകള്‍ കേള്‍ക്കുമ്പോള്‍ തോന്നിയിരുന്നു. എന്നെങ്കിലുമൊരിക്കല്‍, ആ കപ്പല്‍ച്ചാലുകളിലൂടെ ധീരനായ ഒഡീസിയസ്സിനെപ്പോലെ ഒറ്റയ്‌ക്കൊരു പടകില്‍ രാക്ഷസന്മാരെയും പിശാചുക്കളെയും എതിരിട്ട് സഞ്ചരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നും മോഹിച്ചിരുന്നു. ഏതന്‍സില്‍ നിന്ന് സാന്റോറിനിയിലേക്കും മിക്കെനോസിലേക്കുമുള്ള മണിക്കൂറുകള്‍ നീണ്ട ഫെറി യാത്രയില്‍ പൊടുന്നനെ ഒഡീസിയസ്സിന്റെ കപ്പല്‍ യാത്ര മനസ്സില്‍ തെളിഞ്ഞു. ആയിരത്തിലേറെ ദ്വീപുകളാല്‍ വലയം ചെയ്യപ്പെട്ട ഗ്രീസിന്റെ കടല്‍ഭൂപടം നമുക്കു മുന്നില്‍ ആ കഥയിലെന്നപോലെ തെളിഞ്ഞു വന്നു.


കടുംനീലക്കടലില്‍ ഉടനീളം കാണാം, മലകളതിരിടുന്ന ഇരുണ്ട നിറമുള്ള ദ്വീപുകള്‍. നിഗൂഢതയുടെ തുരുത്തുകള്‍ പോലെ! ആര്‍ക്കറിയാം, ഒഡീസിയസ്സ് കടന്നു പോയ വഴികളിലെ മാന്ത്രികദ്വീപുകള്‍ ഇവ തന്നെയാണോ എന്ന്. ഒറ്റക്കണ്ണന്‍ സൈക്ലോപ്‌സുകളും മാന്ത്രികക്കട്ടിലുള്ള പ്രോക്രസ്റ്റസ്സുമാരും ഈ ദ്വീപുകളില്‍ നിന്നാവണം ഒഡീസിയസ്സിന്റെ വഴികളിലേക്ക് നാക്കും ദംഷ്ട്രയും നീട്ടി ഇറങ്ങി വന്നത്. മാന്ത്രികഗാനം പാടുന്ന സീറന്‍ മത്സ്യകന്യകമാരും ലഹരി പകരുന്ന താമരവളയങ്ങളും ഇതില്‍ ഏതെങ്കിലുമൊരു ദ്വീപില്‍ ഇപ്പോഴുമുണ്ടായിരിക്കാം. ചില മലകള്‍ക്കു മുകളില്‍ വെള്ള നിറത്തില്‍ വീടുകളുടെ നീണ്ട നിരകള്‍ കാണാം. കടലില്‍ നിന്നുയരുന്ന പോസിഡോണിന്റെ കിരീടം പോലെ, വെയില്‍ തട്ടുമ്പോള്‍ തിളങ്ങുന്ന വെള്ളിത്തലേക്കെട്ടുകള്‍!

മനുഷ്യന്റെ യാത്ര ഗ്രീസില്‍ നിന്നു തുടങ്ങുന്നു, ഗ്രീസില്‍ അവസാനിക്കുന്നു എന്നു പറയുന്നതില്‍ അല്‍പ്പം ശരിയുണ്ട്. ഗ്രീസിലേക്കുള്ള യാത്ര നമ്മിലേക്കു തന്നെയുള്ള യാത്രയാണ്. നമ്മുടെ വേരുകളിലേക്ക്. കഥകളിലേക്ക്. സംസ്‌കാരത്തിലേക്ക്. മൃഗത്തില്‍ നിന്നു മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ ഗ്രീസായിരുന്നു നാഴികക്കല്ല്. 4000 വര്‍ഷം മുമ്പ് ഗ്രീസ് സൃഷ്ടിച്ചതെന്തോ അതാണ് ഇന്നത്തെ ആധുനികലോകം. അക്ഷരമാല മുതല്‍ സാമ്രാജ്യങ്ങള്‍ വരെ. നിയമവും സാഹിത്യവും സംഗീതവും സ്‌പോര്‍ട്‌സും മുതല്‍ കലയും യുദ്ധവും മതവും മഹാനഗരങ്ങളും വരെ. ഗ്രീക്ക് കൈമുദ്ര പതിയാത്ത ഒന്നും മനുഷ്യന്റെ ചരിത്രത്തിലില്ല. എന്നാല്‍ ഖേദം തോന്നും, ആ സംസ്‌കൃതിയുടെ ഒരംശവും അവരുടെ ജീവിതങ്ങളില്‍ ഇപ്പോഴവശേഷിക്കുന്നില്ല. ഇത്ര പൂര്‍ണമായ തോതിലുള്ള തുടച്ചുമാറ്റല്‍, മറ്റൊരു സമൂഹത്തിലും കാണില്ല. സമ്പൂര്‍ണമായ ഒരു മറവി! തകര്‍ക്കപ്പെട്ട അതിന്റെ ചില ബിംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.

ഒഡീസിയസ്സിന്റെ കപ്പല്‍യാത്ര കെട്ടുകഥയാവാം. പക്ഷെ, ഗ്രീസ് തീര്‍ച്ചയായും ഒരു മാന്ത്രികലോകമാണ്. ഗ്രീസിലൂടെ യാത്ര ചെയ്യുമ്പോള്‍ കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നതായി നമുക്കു തോന്നും. ആക്രോപോളിസും ഡെല്‍ഫിയും ആതന്‍സിലെ പുരാതന ഒളിമ്പിക് സ്റ്റേഡിയവും ഈജിയന്‍ കടലിലെ കപ്പല്‍ച്ചാലുകളും നമ്മെ നൂറ്റാണ്ടുകള്‍ പുറകിലേക്കു പിടിച്ചുവലിക്കുമ്പോള്‍ മിക്കെനോസും സാന്റോറിനിയും പോലുള്ള ആധുനികതയുടെ നഗ്നതീരങ്ങള്‍ പുതിയ കാലത്തിന്റെ ചിന്തിക്കാനാവാത്ത കാഴ്ചകളിലേക്ക് നമ്മെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോവും. പഴമയും പുതുമയും ഇത്രയ്ക്കിഴചേര്‍ന്ന ഒരു ഭൂമിക വേറെ അധികമില്ല. യാത്രികനാണെങ്കില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ഗ്രീസില്‍ പോയിരിക്കണം.

ചെറുതും വലുതുമായ ആയിരത്തിലേറെ ദ്വീപുകളുണ്ട് ഗ്രീസില്‍. 200ല്‍ത്താഴെ മാത്രം ദ്വീപുകളിലേ ജനവാസമുള്ളൂ. മിക്കതും ഒഡീസിയസ്സിന്റെ കഥകളിലെ നിഗൂഢദ്വീപുകളായി തുടരുന്നു. ഈയടുത്ത കാലത്താണ് ഇതൊക്കെ വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളായത്. അരിസ്‌റ്റോട്ടില്‍ ഒനാസിസിനെപ്പോലുള്ള ശതകോടീശ്വരന്മാര്‍ വന്നു കൊട്ടാരങ്ങള്‍ പണി കഴിപ്പിച്ച ശേഷം.

ഉല്ലാസയാത്രികരുടെ പ്രിയപ്പെട്ട ദ്വീപായ സാന്റോറിനിയിലേക്കാണ് ഞങ്ങള്‍ പോകുന്നത്. ഞങ്ങള്‍ എന്നാല്‍ ആര്‍.കെ. സ്വാമി ഗ്രൂപ്പിന്റെ എം.ഡിയും ഞങ്ങളുടെ കുടുംബസുഹൃത്തുമായ സുന്ദര്‍, ഭാര്യ സുധാ സുന്ദര്‍, 'ഈ നാട്' ഗ്രൂപ്പിന്റെ ഡയറക്ടര്‍ വെങ്കട്ട്, പിന്നെ കവിതയും ഞാനും. അഞ്ചു മണിക്കൂര്‍ നീളുന്ന കടല്‍ യാത്രയുണ്ട് സാന്റോറിനിയിലേക്ക്. സീസണാവുന്നേയുള്ളൂ. ഫെറിയില്‍ സഞ്ചാരികള്‍ കുറവാണ്്.

കടലിലെ യാത്രയില്‍ മലകളതിരിടുന്ന പല ദ്വീപുകളും നാം കടന്നു പോകും. ചിലതു തീരെച്ചെറുത്. ചിലത് വളരെ വലുത്. ചിലത് വിജനം ചിലത് സഞ്ചാരികളുടെ ബഹളം മുറ്റിയത്. അകലെ നിന്നു നോക്കുമ്പോള്‍ ആകര്‍ഷകമല്ലാത്ത ദ്വീപുകള്‍. അകത്ത് ചെല്ലുമ്പോള്‍ നാം അദ്ഭുതപ്പെടും. തട്ടു തട്ടായി കടലിലേക്കിറങ്ങി കിടക്കുന്ന വീടുകളും അതിസുന്ദരമായ പാതകളും കടലോര വിശ്രമ കേന്ദ്രങ്ങളും ഓരോ ദ്വീപിലും സഞ്ചാരികളെ കാത്തിരിക്കുന്നു.
++++++++++സാന്റോറിനിയി കടലില്‍ നിന്നുയര്‍ന്നു വന്ന ദ്വീപാണെന്നാണ് ഗ്രീക്ക് വിശ്വാസം. കടല്‍ ദേവനായ പോ സിഡോണിന്റെ മകനായ ട്രൈറ്റന്‍, അര്‍ഗനോട്‌സ് എന്ന നാവികന് നല്‍കിയ ഒരുരുള മണ്ണില്‍ നിന്നാണത്രെ സാന്റോറിനി ഉണ്ടായത്. ആദ്യകാലത്ത് ഈ ദ്വീപിന്റെ പേര് കാലീസ് എന്നായിരുന്നു 2000 വര്‍ഷം മുമ്പ് ആദ്യമായി ഈ ദ്വീപിലെത്തിയ ഫിനീഷ്യന്മാര്‍ അതിനിട്ട പേര്. 1550 ബിസിയില്‍ ഉണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ സാന്റോറിനിയും മിനോവന്‍ സംസ്‌കാരവും പൂര്‍ണമായും ചാമ്പലായി. 30 മീറ്റര്‍ വരെ കട്ടിയില്‍ ചാരം മൂടിയ ദ്വീപാണ് ഇന്നു കാണുന്നത്. ചാരത്തില്‍ നിന്നു ചിറകുകള്‍ വീശി ആധുനിക ജനപദമായി സാന്റോറിനി ഉയിര്‍ത്തു കഴിഞ്ഞു.

സാന്റോറിനിയില്‍ ഗൈഡ് വേണ്ട. 30 യൂറോ നല്‍കി ഒരു കാര്‍ വാടകയ്‌ക്കെടുക്കുക. നല്ലൊരു മാപ്പും വാങ്ങി സ്വയം ഡ്രൈവ് ചെയ്യുക. ഇന്ത്യന്‍ ലൈസന്‍സ് മതി. മറ്റൊരു ഈടും വേണ്ട. വണ്ടിയും കൊണ്ട് നിങ്ങള്‍ എവിടെയ്ക്കും രക്ഷപ്പെടാന്‍ പോകുന്നില്ലല്ലോ! മാപ്പും വാങ്ങി ഞങ്ങള്‍ യാത്ര ആരംഭിച്ചു. നാവിഗേഷന്റെ ചുമതല എനിക്കായിരുന്നു. പണ്ടു തൊട്ടേ മാപ്പ് എനിക്കൊരു കീറാമുട്ടിയാണ്. ദിശ നോക്കാനും വഴി കണ്ടു പിടിക്കാനും വലിയ വിഷമം. വലത്ത്, ഇടത്ത് എന്നല്ലാതെ തെക്ക്, വടക്ക് എന്നു പറഞ്ഞാല്‍ ഇന്നും എനിക്കു കണ്‍ഫ്യൂഷനാണ്. ദ്വീപിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഏഴോ എട്ടോ കിലോമീറ്ററേയുള്ളൂ. പക്ഷെ, മലകളെ ചുറ്റിവളഞ്ഞും കേറിമറിഞ്ഞുമാണ് റോഡുകള്‍ പോകുന്നത്. ഒരിറക്കം ഇറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി കടലാവും മുന്നില്‍. മറ്റു ചിലപ്പോള്‍ വഴി അവസാനിപ്പിച്ചു കൊണ്ട് വീടുകളോ മതിലുകളോ കാണും. ദിശ മാറ്റി ചെറിയ പാതകള്‍ താണ്ടി അടുത്ത ബീച്ചിലേക്ക്. സൈക്ലോപ്‌സിന്റെ ദ്വീപില്‍ പെട്ട ഒഡീസിയസ്സിനെപ്പോലെ ഞങ്ങള്‍ വഴി അന്വേഷിച്ചു നടന്നു. അതൊരു ത്രില്ലായിരുന്നു. ഒരു ദിവസം കൊണ്ട് മാപ്പ് നോക്കാനും ദിശ നോക്കി സഞ്ചരിക്കാനും പഠിച്ചു. മാപ്പും മാരിനേഴ്‌സ് കോംപസ്സുമൊന്നുമില്ലാത്ത കാലത്ത് പത്തു വര്‍ഷം കടലില്‍ വഴിതെറ്റിയലഞ്ഞ ഒഡീസിയസ്സിന് നക്ഷത്രങ്ങളും കാറ്റുമല്ലാതെ ആരാവും ദിശ കാണിച്ചിരിക്കുക?

ദ്വീപിലെ കാഴ്ചകളില്‍ പ്രധാനം ഉറഞ്ഞു പോയ ഒരു അഗ്നിപര്‍വതമാണ്. ഒഡീസിയസ്സിന്റെ കപ്പലുകളെ മുക്കിയത് ഈ അഗ്നിപര്‍വതമായിരിക്കാം എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ആര്‍ക്കറിയാം? ഉറങ്ങുന്ന ആ തീമലയിലേക്ക് ഞങ്ങള്‍ നടന്നു പോയി. ലാവാമുഖത്തേക്കെത്താന്‍ ഒരുപാട് കയറണം. 600 മീറ്റര്‍ ഉയരത്തിലേക്ക് കയറ്റം കയറിച്ചെന്നാല്‍ ചരിത്രത്തെ ചുട്ടുചാമ്പലാക്കിയ ആ നെറ്റിക്കണ്ണിന്റെ മുന്നിലെത്താം. അവിടെ നിന്നാല്‍ ചുറ്റും കടല്‍ കാണാം. ദ്വീപിന്റെ ആകാശക്കാഴ്ചയും. പല നിറത്തിലുള്ള വീടുകള്‍, തട്ടുതട്ടായിക്കിടക്കുന്നു. കണ്ടാല്‍ കടലിലേക്കു പടവുകളിറങ്ങിപ്പോകുന്ന സഞ്ചാരികളാണെന്നു തോന്നും. ദ്വീപിലെ കടലില്‍ ഒരു പ്രത്യേക സ്ഥലത്ത് ചുടുനീരുറവയുമുണ്ട്. അതിലേക്ക് കരയില്‍ നിന്ന് ഏതാണ്ട് നൂറു മീറ്റര്‍ നീന്തി വേണം പോകാന്‍. അവിടെ സഞ്ചാരികള്‍ കുളിച്ചു തിമിര്‍ക്കുന്നു.

വൈകും വരെ ബീച്ചുകളില്‍ നിന്ന് ബീച്ചുകളിലേക്കു സഞ്ചരിച്ച് ഞങ്ങള്‍ സാന്റോറിനി മുഴുവന്‍ ചുറ്റിക്കണ്ടു. റെഡ് ബീച്ചും ബ്ലാക്ക് ബീച്ചുമൊക്കെയുണ്ട്. മണലിന് ഓരോയിടത്ത് ഓരോ നിറം. മനോഹരമായ റിസോര്‍ട്ടുകളും ബീച്ച് സൈഡ് റെസ്‌റ്റോറന്റുകളും എല്ലായിടത്തുമുണ്ട്. നല്ല ഭക്ഷണം കിട്ടും. വെജിറ്റേറിയനും നോണുമൊക്കെ ഇഷ്ടം പോലെ. കടല്‍ക്കരയില്‍ കാറ്റേറ്റിരുന്നു കഴിക്കാം. തീരത്തെ വട്ടക്കുടകള്‍ക്കു കീഴെ മലര്‍ന്നു കിടക്കാം. ആഴം കുറഞ്ഞ കടലില്‍ നീന്തിത്തുടിക്കാം.

വൈകീട്ടോടെ ദ്വീപിന്റെ പടിഞ്ഞാറേ ബീച്ചിലെത്തി. ഗ്രീസില്‍ ഇവിടെ മാത്രമേ മലകളുടെ മറവില്ലാതെ സൂര്യന്‍ കടലിലേക്കിറങ്ങുന്നത് കാണാന്‍ പറ്റൂ. ഒരു റെസ്റ്റോറന്റിനു മുകളിലിരുന്നാണ് ഞങ്ങള്‍ അസ്തമയം കണ്ടത്. അന്ന് മഴക്കാറുണ്ടായിരുന്നു. സൂര്യനെ പൂര്‍ണമായും കാണാന്‍ സാധിച്ചില്ല. എങ്കിലും ലോട്ടസ് ഈറ്റേഴ്‌സിന്റെ ദ്വീപിലെത്തിയ ഒഡീസിയസ്സിന്റെ ഭടന്മാരെപ്പോലെ, ഞങ്ങള്‍ അവിടെ ഇരുന്നു. ഇവിടെ നിന്നിനി എങ്ങോട്ടുമില്ലെന്നു പറയിപ്പിക്കുന്ന മാന്ത്രികവശ്യത ആ ദ്വീപിനെ വലയം ചെയ്തു നിന്നിരുന്നു

പിറ്റേന്ന് മിക്കെനോസിലേക്കായിരുന്നു യാത്ര. പ്രലോഭനങ്ങളുടെ ഒരു നഗ്നതീരം എന്നു മിക്കെനോസിനെ വിളിക്കാം. മാന്ത്രികസംഗീതം മുഴക്കുന്ന മെര്‍മെയ്ഡുകളുടെ ഒരദ്ഭുതദ്വീപിനെക്കുറിച്ച് ഒഡീസിയസ്സിന്റെ കഥയിലുണ്ട്. ആ ഗാനം കേട്ടാല്‍ ഒരാളും പിന്നെ അവിടെ നിന്നു പോകില്ലത്രെ. മിക്കെനോസാവുമോ ആ വശ്യതീരം? അറിയില്ല. ഒരു ദിവസം താമസിക്കാനുദ്ദേശിച്ചു പോയ ഞങ്ങള്‍ രണ്ടു പകല്‍ അവിടെ ചിലവഴിച്ചു. മിക്കെനോസ് ഒരു പ്രീമിയം ഐലന്‍ഡാണ്. വളരെ ചെലവു കൂടിയത്. റിലാക്‌സ് ചെയ്യാന്‍ വരുന്ന ധനികരാണ് സഞ്ചാരികളില്‍ അധികവും. ബീറും നുകര്‍ന്ന്, കടലിന്റെ ഭാവങ്ങളും നിറങ്ങളും ആസ്വദിച്ച്, അലസമായി അങ്ങിനെ കിടക്കും. ന്യൂഡ് ബീച്ചിലെ സണ്‍ബാത്തും ബീച്ച് ബാസ്‌കറ്റ്‌ബോളും ഒക്കെയായി എല്ലാം മറന്നുള്ള അജ്ഞാതവാസം.

കാര്‍ വാടകക്കെടുത്താണ് ഇവിടെയും യാത്ര. ഓരോ ബീച്ചിലേക്കും ഓരോ സാഹസയാത്രയാണ്. കുന്നും മലയും വളഞ്ഞുപുളഞ്ഞ വഴികളും താണ്ടിയുള്ള ഡ്രൈവ്. മനോഹരമായ ഹോരാ ടൗണും ഉപേക്ഷിക്കപ്പെട്ട ലൈറ്റ് ഹൗസുമൊക്കെ ഞങ്ങള്‍ കടന്നു പോയി. ഹോരയിലെ ഒരു കടയില്‍ വെച്ചാണ് രജനീഷ് ഭക്തനായ ആന്ദ്രേയെന്നൊരാളെ കണ്ടു. ആറു തവണ അയാള്‍ ഇന്ത്യയില്‍ വന്നിട്ടുണ്ടത്രെ. ഓഷോ ഒരാവേശമാണ് അയാള്‍ക്ക്. ഇന്ത്യയില്‍ മാത്രം ഓഷോ വേണ്ട വിധം പഠിക്കപ്പെട്ടിട്ടില്ലെന്ന് അയാള്‍ക്കു പരിഭവം. വിയോജിപ്പുകള്‍ നിലനില്‍ക്കെത്തന്നെ വായിച്ചും കേട്ടുമുള്ള ഓഷോ പരിചയം ആന്ദ്രെയുമായുള്ള സംഭാഷണത്തെ കൂടുതല്‍ ഹൃദ്യമാക്കി.

ഇള ബീച്ചിലെ ഒരു ഹോട്ടലില്‍ കയറിയപ്പോഴും അതേ അനുഭവം. അതിന്റെ ഉടമസ്ഥ സായിബാബയുടെ ഭക്തയാണ്. 12 തവണ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഇന്ത്യയെക്കുറിച്ച് അറിവുള്ള പലരെയും ഇങ്ങിനെ കണ്ടെങ്കിലും സാധാരണക്കാരില്‍ ഈ അറിവ് എത്രത്തോളമുണ്ട് എന്നു മനസ്സിലാക്കാന്‍ വഴിയൊന്നുമില്ല. പൊതുവെ ഗ്രീക്കുകാര്‍ അവരുടെ വേരുകളെത്തന്നെ മറന്നു പോയിരിക്കുന്നു. അപ്പോളോവിനെയും സോക്രട്ടീസിനെയും ഒഡീസിയസ്സിനെയും അറിയാത്ത തലമുറ അവിടെ വളര്‍ന്നു കൊണ്ടിരിക്കുന്നു.

സന്ധ്യയാവുന്നു. അസ്തമയം കാണണം. കടലോരത്തെ ഒരു വീടിനു മുന്നില്‍ ഞങ്ങള്‍ കാര്‍ നിര്‍ത്തി. അതിന്റെ ടെറസില്‍ കയറിയിരുന്നാല്‍ അസ്തമയം കാണാം. ഞങ്ങള്‍ അനുവാദം ചോദിച്ചു. സന്തോഷത്തോടെ അവര്‍ സമ്മതിച്ചു. മനോഹരമായ ഒരു സൂര്യാസ്തമയം. കുറെ നേരം ഞങ്ങളാ മട്ടുപ്പാവില്‍ ചിലവഴിച്ചു. മാനത്തു നക്ഷത്രങ്ങളും കടലില്‍ കപ്പല്‍വിളക്കുകളും തെളിയുന്നതു വരെ. മടങ്ങുമ്പോള്‍ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണമെന്ന ഉപചാരത്തിന് ഇനിയും വരണമെന്ന സന്തോഷപൂര്‍വമായ മറുപടിയായിരുന്നു അവരുടേത്. ഗ്രീസില്‍ പലയിടത്തും ഈ ആതിഥ്യം നമുക്ക് നേരിട്ടനുഭവിക്കാം. അവര്‍ക്ക് സഞ്ചാരികള്‍ ദൈവതുല്യരായ അതിഥികളാണ്.

ചരിത്രത്തിലൂടെയും കഥകളിലൂടെയും പിന്നോട്ടും ആധുനികതയിലൂടെ മുന്നോട്ടും ഒരേ വേഗതയില്‍ തുഴഞ്ഞു പോയ ഒഡീസിയായിരുന്നു ഗ്രീസ് ദിനങ്ങള്‍. കാലം ഈ ദ്വീപുകളുടെ പേരും മുഖവും മാറ്റിയിരിക്കാം. അനുഭവങ്ങളുടെ കടലും കപ്പല്‍ച്ചാലുകളും പക്ഷെ, അതു തന്നെ. മാനത്തുള്ളത് ഒഡീസിയസ്സിനു വഴി കാട്ടിയ നക്ഷത്രങ്ങള്‍ തന്നെയാണോ ആവോ!