സ്വിറ്റ്‌സര്‍ലന്‍ഡിലെ തടാകങ്ങള്‍ ഹൃദയം പോലെയാണ്. അനുഭൂതികള്‍ക്കൊപ്പം അകാരണമായ വേദനയുണര്‍ത്തുന്ന ചില പിന്‍വിളികളും അവ കരുതിവയ്ക്കുന്നു
- തീവ്രമായ ഒരു സ്വിസ് യാത്രാനുഭവംഏറ്റവും സുന്ദരമായ ഒരു കാഴ്ച. അതില്‍ നിന്ന് രണ്ടു വഴികള്‍ ഒരേ സമയം പിരിഞ്ഞു പോകും. ഒന്ന് തീവ്രമായ അനുഭൂതിയിലേക്ക്. മറ്റൊന്ന് അകാരണമായ വേദനയിലേക്കും. ഏകാന്തമായ യാത്രകള്‍ക്കിടയില്‍ എവിടെയോ ഒരിടത്ത് രണ്ടനുഭവങ്ങളും ഒരു പോലെ പകരുന്ന ഒരിടം നമ്മെ കാത്തിരിക്കുന്നുണ്ടാവും. അത് എവിടെയാണ് എന്ന് നമുക്കറിയില്ല. എപ്പോഴാണ് നാമവിടെ എത്തുക എന്നും. എത്ര യാദൃശ്ചികമായിട്ടാണെങ്കിലും അവിടെ നാം എത്തിച്ചേരുക തന്നെ ചെയ്യും. ലുസേണിലെ ഈ തടാകക്കരയില്‍ എത്തിച്ചേര്‍ന്നതിന് അല്ലെങ്കില്‍ എന്താണ് വിശദീകരണം?


സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുമ്പും പോയിട്ടുണ്ട്. സഞ്ചാരിയായും ഔദ്യോഗികാവശ്യങ്ങള്‍ക്കും. ആരെയും വശീകരിക്കുന്ന സൗന്ദര്യം വാരിക്കോരി നല്‍കി പ്രകൃതി അനുഗ്രഹിച്ച രാജ്യം. സംസ്‌കാരം കൊണ്ടും നന്മ കൊണ്ടും ഭാവന കൊണ്ടും ആ സൗന്ദര്യത്തെ ഇരട്ടിപ്പിക്കുന്ന ജനങ്ങള്‍. സ്വിറ്റ്‌സര്‍ലന്‍ഡ് ഭൂമിയിലെ സ്വര്‍ഗമാകുന്നത് മറ്റെവിടെയും ശരിയാവാത്ത ഈ അനുപാതം എങ്ങിനെയോ ശരിയായി വന്നതു കൊണ്ടാവണം. ഇന്ന് ലോകത്തെ എല്ലാ സഞ്ചാരികളുടെയും ലക്ഷ്യം ഒരിക്കലെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡ് കാണുക എന്നതായിരിക്കുന്നു. അതില്‍ അത്ഭുതമില്ല, സഞ്ചാരികളുടെ പറുദീസ എന്നൊക്കെ എല്ലാ രാജ്യങ്ങളും അവകാശപ്പെടുന്ന ബഹുമതിയാണെങ്കിലും അതിന് എല്ലാം കൊണ്ടും അര്‍ഹതയുള്ള രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ് തന്നെയാണ്.

മഞ്ഞുമലകളുടെയും തടാകങ്ങളുടെയും നടുക്ക് തെക്കു വടക്കായി കിടക്കുന്ന ഒരു വലിയ താഴ്‌വര എന്നു സ്വിറ്റ്‌സര്‍ലന്‍ഡിനെ വിശേഷിപ്പിക്കാം. കിഴക്കും പടിഞ്ഞാറും അതിരിടുന്ന മലനിരകള്‍. മലകള്‍ക്കിടയില്‍ ചിലയിടത്തു വീതി കുറഞ്ഞും ചിലയിടത്തു വീതി കൂടിയും കിടക്കുന്ന സമതലങ്ങള്‍. അതില്‍ ചിതറിക്കിടക്കുന്ന കായലുകളും നദികളും ചെറുനഗരങ്ങളും ഗ്രാമങ്ങളും. അവിടെ പശുവിനെ വളര്‍ത്തിയും കൃഷി ചെയ്തും ജീവിക്കുന്ന ജനങ്ങള്‍. ഓരോ സ്വിസ് ഗ്രാമവും ഒരു ഗോകുലം പോലെ. ഏതു ഗ്രാമത്തിലും കേള്‍ക്കുന്നത് കുടമണി നാദങ്ങളാണ്. അത്രയേറെ പശുക്കള്‍ ഓരോ ഗ്രാമങ്ങളിലുമുണ്ട്. വര്‍ഷത്തിലേറെയും മഞ്ഞുമൂടിക്കിടക്കുന്ന നാടായിട്ടും അവര്‍ പശുക്കളെ പോറ്റുന്നു. വേനലില്‍ വെയില്‍ തെളിയുമ്പോള്‍ പശുക്കളുമൊത്ത് മലമുകളിലെത്തുന്നു. ശീതകാലത്ത് എല്ലാ ശിഖരങ്ങളും മഞ്ഞില്‍ മൂടുമ്പോള്‍ താഴ്‌വരകളിലേക്കിറങ്ങുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡിനു കുറുകെ യാത്ര ചെയ്യുന്നതു പോലെ സുന്ദരമായ അനുഭവം വേറെയില്ല. തടാകങ്ങളെയും മലകളെയും ചുറ്റിയും മുറിച്ചും കടന്നു പോകുന്ന രാജപാതകളിലൂടെ ഗ്രാമങ്ങളും പട്ടണങ്ങളും കടന്നുള്ള ഈ യാത്രയില്‍ പ്രകൃതിയുടെ ധാരാളിത്തവും സൗന്ദര്യബോധവും കണ്ട് നാം അമ്പരന്നു പോകും. പുരാതനമായ മലമടക്കുകളിലൂടെയും കായലോരപാതകളിലൂടെയുമുള്ള സഞ്ചാരം, കലര്‍പ്പില്ലാത്ത പ്രകൃതിയിലൂടെയുള്ള തീര്‍ഥാടനമാണ്. മലമുടികളിലെങ്ങും മഞ്ഞിന്റെ വെള്ളിക്കിരീടങ്ങള്‍. കായലോരങ്ങളില്‍ പച്ചപ്പിന്റെ സമൃദ്ധി. എവിടെയും വെള്ളം! നനച്ചെടുത്ത ഒരു സ്‌പോഞ്ചു പോലെയാണ് ഭൂമി. ഒന്നമര്‍ത്തി ചവുട്ടിയാല്‍ ഒരു നീരുറവയോ ഫൗണ്ടനോ പ്രത്യക്ഷപ്പെടുമെന്നു തോന്നിപ്പോകും. എവിടെ നോക്കിയാലും തടാകങ്ങളും അരുവികളും വെള്ളച്ചാട്ടങ്ങളും. എല്ലാം ശുദ്ധജലമാണ്. കൈക്കുമ്പിളില്‍ കോരി കുടിക്കാം.

ചുണ്ണാമ്പുപാറകള്‍ നിറഞ്ഞ മലകളും അതു തുരന്ന് കടന്നു പോകുന്ന പാതകളും താണ്ടി തടാകങ്ങളെയും ഗ്രാമങ്ങളെയും വലം വെച്ച് മണിക്കൂറുകള്‍ ദീര്‍ഘിക്കുന്ന ഒരു യാത്രയായിരുന്നു അത്. സ്യൂറിക്കി (Zurich)ല്‍ നിന്നു ലുസേണിലേക്കുള്ള യാത്ര. ഈ യാത്രയാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെ അടുത്തറിയാന്‍ നിമിത്തമായത്. വഴി നീളെ തുരങ്കങ്ങളുള്ള പുരാതനമായ ഒരു പാതയിലൂടെയായിരുന്നു യാത്ര. തുരങ്കങ്ങളുടെ ഒരു രാജപാത എന്നു തോന്നിക്കുന്ന റോഡ് തന്നെ വലിയ അനുഭവമാണ്. അമ്പതോ നൂറോ മീറ്റര്‍ നീളമുള്ള ചെറിയ ടണലുകളും പത്തും ഇരുപതും കിലോമീറ്റര്‍ നീളമുള്ള വലിയ തുരങ്കങ്ങളും ഇതിലുണ്ട്. മിക്കതിന്റെയും മുകളില്‍ മരങ്ങള്‍ കാണാം. ഒരുപക്ഷെ, റോഡിന്റെ ലെവല്‍ വ്യതിയാനം വരാതിരിക്കാന്‍ ഗ്രീന്‍ ടോപ്പ് നഷ്ടപ്പെടുത്താതെ മരങ്ങള്‍ക്കു താഴേക്കൂടി തുരന്നെടുത്തതാവാം.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ നഗരമായ സ്യൂറിക്കില്‍ നാലു ദിവസം തങ്ങിയ ശേഷമാണ് ഞങ്ങള്‍ ലുസേണിലേക്കു പുറപ്പെട്ടത്. സ്യൂറിക്ക് ഒരു സുന്ദരമായ അനുഭവമായിരുന്നു. ആല്‍പ്‌സിലേക്കുള്ള കവാടം എന്നാണ് സ്യൂറിക്ക് അറിയപ്പെടുന്നത്. മഞ്ഞുമലകളുടെ പശ്ചാത്തലത്തില്‍, വിശാലമായ ഒരു തടാകത്തിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന മൂന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു മനോഹര നഗരം. 35 കിമീ ദൈര്‍ഘ്യമുള്ളതാണ് സ്യൂറിക്ക് തടാകം. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും പല പ്രമുഖ കമ്പനികളുടെ ആസ്ഥാനങ്ങളുമുള്ള സ്യൂറിക്കിന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ധനകാര്യതലസ്ഥാനം എന്ന ഖ്യാതിയാണ് ഉണ്ടായിരുന്നത്. മുമ്പൊന്നും ഒരു സുഖവാസ കേന്ദ്രമായി ഇത് അറിയപ്പെട്ടിരുന്നില്ല. എന്നാല്‍ 1990കള്‍ക്കു ശേഷം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഏറെ നടന്നു. നൂറുകണക്കിനു ബാറുകളും റെസ്റ്ററന്റുകളും ക്ലബ്ബുകളും തുറന്നു. നൈറ്റ്‌ലൈഫ് നിയമങ്ങള്‍ ഉദാരമാക്കി. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സ്ട്രീറ്റ് പാര്‍ട്ടി ആരംഭിച്ചു. ഇന്ന് അത് ലണ്ടന്‍ കാര്‍ണിവലിനേക്കാള്‍ ആകര്‍ഷണീയമായിരിക്കുന്നു. ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ ഇന്ന് സ്യൂറിക്കിന്റെ പ്രശസ്തി ഏറെ ഉയരത്തിലാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെത്തുന്ന ടൂറിസ്റ്റുകളിലധികവും ഇപ്പോള്‍ ആദ്യം വരുന്നത് സ്യൂറിക്കിലേക്കാണ്. വലിയ വിമാനത്താവളവും റെയില്‍ നെറ്റ് വര്‍ക്കും ആല്‍പ്‌സ് മലനിരകളുടെ സാമീപ്യവും സ്യൂറിക്കിനെ സഞ്ചാരികളുടെ പ്രിയനഗരമാക്കുന്നു.

ആതിഥ്യം കൊണ്ട് നമ്മെ വശീകരിക്കുന്ന നഗരമാണ് സ്യൂറിക്ക്. ചെന്ന ദിവസം ആതിഥേയര്‍ ഞങ്ങള്‍ക്കു വേണ്ടി ഇന്ത്യന്‍ ഭക്ഷണം കിട്ടുന്ന സ്ഥലം വരെ അന്വേഷിച്ചു വെച്ചിരുന്നു. എന്നാല്‍ എവിടെ ചെന്നാലും അവിടത്തെ രുചികള്‍ പരീക്ഷിക്കുക എന്നത് എന്റെ നിര്‍ബന്ധങ്ങളിലൊന്നാണ്. രുചികളിലൂടെ മാത്രമേ ഒരു രാജ്യത്തിന്റെ അഭിരുചികളറിയാനാവൂ. സ്വിസ് ഭക്ഷണം വേണമെന്നു പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ വലിയ ഒരു റസ്റ്റൊറന്റില്‍ കൊണ്ടുപോയി. പ്രാചീനവും പുരാതനവും പ്രൗഢഗംഭീരവുമായ ഒരു റസ്റ്റൊറന്റ്. 400 വര്‍ഷമെങ്കിലും പഴക്കം കാണും അതിന്. വലിയ സ്പാനില്‍ തൂണുകളില്ലാതെ കമാനാകൃതിയിലാണ് അതിന്റെ നിര്‍മ്മിതി. അതിലെ ശില്‍പ്പകലാ വൈദഗ്ധ്യം ആരെയും വിസ്മയിപ്പിക്കും. സ്വിസ് ഭക്ഷണം ശരിക്കാസ്വദിച്ചത് ഇത്തവണയാണ്. നല്ല വെജിറ്റേറിയന്‍ ഭക്ഷണം. ഉരുളക്കിഴങ്ങുപയോഗിച്ചുള്ള പലതരം രുചിക്കൂട്ടുകള്‍. പാരമ്പര്യ ഭക്ഷണങ്ങള്‍. എല്ലാത്തിലുമെന്ന പോലെ ഭക്ഷണത്തിലും അവര്‍ക്ക്് അവരുടേതായ ഒരു ബെഞ്ച്മാര്‍ക്ക് ഉണ്ട്. ജീവിതച്ചെലവ് വളരെ കൂടുതലുള്ള നഗരമാണെങ്കിലും ഇന്ത്യന്‍ സഞ്ചാരികള്‍ ഈയിടെയായി ധാരാളം വരുന്നുണ്ട്. അതുകൊണ്ടുതന്നെ, ഇന്ത്യന്‍ ഭക്ഷണം കിട്ടുന്ന റെസ്‌റ്റോറന്റുകളും ധാരാളമുണ്ട്.

എല്ലാ പ്രായക്കാര്‍ക്കും പറ്റിയ നഗരമാണ് സ്യൂറിക്ക്. യുവാക്കളും പ്രണയമിഥുനങ്ങളും നിറഞ്ഞ തെരുവുകളില്‍ ധാരാളം വൃദ്ധന്മാരെ ഞങ്ങള്‍ കണ്ടു. സന്ദര്‍ശകരാണ്. പേരമക്കളുമൊത്താണ് അവരുടെ വരവ്. വയസ്സു വകവെക്കാതെ അവര്‍ നഗരം ചുറ്റിസഞ്ചരിക്കുന്നു, കാഴ്ചകള്‍ ആസ്വദിക്കുന്നു. പ്രായമായവര്‍ക്കു പ്രത്യേകം സൗകര്യങ്ങള്‍ നഗരത്തിലുണ്ട്. സ്യൂറിക്ക് ടൂറിസം സങ്കല്‍പ്പങ്ങളില്‍ അങ്ങിനെ ഒരു ഊന്നല്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുമക്കൊപ്പം പാരമ്പര്യവും ആ ഊന്നലില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതാവണം, സ്യൂറിക്കിലെവിടെയും പ്രൗഢഗംഭീരമായ പള്ളികള്‍ ഇപ്പോഴും കാലത്തെ അതിജീവിച്ചു നിലനില്‍ക്കുന്നു. കൗതുകമുള്ള കാര്യം എല്ലാ പള്ളികളിലും കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വലിയ ക്ലോക്ക് ടവറുകളുണ്ട് എന്നതാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് വാച്ചുകള്‍ക്കു ഖ്യാതി കേട്ട രാജ്യമാണല്ലോ. ഒരു പള്ളിക്കു മുകളില്‍ കണ്ട ക്ലോക്കിന് ബിഗ് ബെന്നിനേക്കാള്‍ വലുപ്പമുണ്ടായിരുന്നു. കാലത്തെയും സമയത്തെയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഘടികാരങ്ങള്‍ സദാ സ്പന്ദിച്ചു കൊണ്ടിരിക്കുന്ന ഒരു നഗരം!

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വികസന സങ്കല്‍പ്പത്തെക്കുറിച്ചു കൂടി പറയണം. നദികളുടെയും കായലുകളുടെയും നാടായ ഇവിടെ പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം വരുത്താത്ത വിധമാണ് എല്ലാ പദ്ധതികളും ആവിഷ്‌കരിച്ചിരിക്കുന്നത്. ഒഴുകുന്ന വെള്ളത്തില്‍പ്പോലും ജലവൈദ്യുത പദ്ധതികള്‍ കാണാം. അവിടത്തെ ഊര്‍ജ്ജോത്പാദനത്തിന്റെ 60 ശതമാനവും ഇത്തരം ചെറിയ ജലവൈദ്യുതപദ്ധതികളിലൂടെയാണ്. പുരോഗമനോന്മുഖമായ ഒരു വികസന സങ്കല്‍പ്പം അവര്‍ക്കുണ്ട് എന്ന് സൂചിപ്പിക്കുന്നവയാണ് ഓരോ പദ്ധതികളും. ഏതു മേഖലയിലായാലും പെര്‍ഫെക്ഷനാണ് അവരുടെ മുഖമുദ്ര. അത് എങ്ങിനെയാണ് അവര്‍ നേടുന്നത് എന്നറിയാനും ഈ യാത്രക്കിടെ അവസരമുണ്ടായി. യാത്രയിലെ രണ്ടു ദിവസം ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് ഒരു കമ്പനിയിലും പോകേണ്ടതുണ്ടായിരുന്നു. അവരുടെ ക്ഷണം വരുന്ന സമയത്തു തന്നെ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ സ്ഥാപനത്തില്‍ ഇത്ര അപ്രന്റീസുകള്‍ ഉണ്ട് എന്ന ഒരു വാചകം. എന്താണ് അതിലിത്ര പ്രത്യേകത എന്ന് അത്ഭുതപ്പെട്ടു. അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്, ഓരോ കമ്പനിയിലും നാലു വര്‍ഷമെങ്കിലും അപ്രന്റീസായി ജോലി ചെയ്താല്‍ മാത്രമേ അവിടെ എഞ്ചിനിയറിങ് പോലുള്ള ഉപരിപഠനത്തിന് അവസരം നല്‍കുകയുള്ളൂ. നമ്മുടെ നാട്ടിലെ എഞ്ചിനിയറിങ് പഠനരീതിയെക്കുറിച്ചോര്‍ത്ത് അപ്പോള്‍ സങ്കടം തോന്നി. പഠിക്കുന്ന സമയത്തെ ഒരു പ്രൊജക്റ്റ് വര്‍ക്കല്ലാതെ എന്തു പ്രായോഗിക പരിശീലനമാണ് നമ്മുടെ എഞ്ചിനിയര്‍മാര്‍ക്കു ലഭിക്കുന്നത്? അപ്രന്റീസ് എന്ന വാക്കിനു തന്നെ ആത്മാഭിമാനം നഷ്ടപ്പെട്ട നാടാണ് നമ്മുടേതാണ്. എന്തിലും പൂര്‍ണത തേടുന്ന പരിശീലനമാണ് അവരുടെ വികസനത്തിന്റെ അടിത്തറ.

സ്യൂറിക്കിലെ പകല്‍നടത്തം ആഹ്ലാദകരമായ ഒരനുഭവമായിരുന്നു. യാത്ര തടാകക്കരയിലൂടെയാണ്. ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് പടര്‍ന്നുകയറുന്ന പാതകള്‍. വേനലിലായിരുന്നു യാത്ര. നല്ല കാലാവസ്ഥ. എവിടെ നോക്കിയാലും പാലങ്ങളും ജലധാരകളും ഉല്ലാസനൗകകളും. 1200ലധികം ജലധാരകളുണ്ട് ഈ നഗരത്തില്‍. ഹെറിറ്റേജ് സൗധങ്ങളുടെ ഒരു പറുദീസ. മ്യൂസിയങ്ങളുടെയും ആര്‍ട്ട് ഗ്യാലറികളുടെയും തീയേറ്ററുകളുടെയും നഗരം. സ്യൂറിക്കിലെ പോലീസ് ആസ്ഥാനം പോലും ഒരു മ്യൂസിയത്തിന്റെ സ്വഭാവസവിശേഷതകള്‍ ഉള്ളതാണ്. അവിടെ ഞങ്ങള്‍ പോയി. മ്യൂസിയംപോലുള്ള പോലീസ് ആസ്ഥാനം എന്നു കേട്ടപ്പോള്‍ തോന്നിയ കൗതുകം. വര്‍ണപ്പകിട്ടാര്‍ന്ന പെയിന്റിങ്ങുകളാണ് അതിന്റെ ചുമരുകള്‍ നിറയെ. പണ്ടാരോ ചെയ്തതാണ്. പോലീസ് സ്‌റ്റേഷനുകള്‍ സൗഹാര്‍ദത്തിന്റെ സന്ദര്‍ശന കേന്ദ്രങ്ങളാക്കണമെന്ന ആശയത്തിന്റെ സാക്ഷാല്‍ക്കാരം. എല്ലാം വളരെ കളര്‍ഫുള്‍ ആയ പെയിന്റിങ്‌സ്. എനിക്കാ നിറങ്ങള്‍ അത്ര ഇഷ്ടപ്പെട്ടില്ല. എങ്കിലും ആ കോണ്‍സെപ്റ്റ് ഇഷ്ടപ്പെട്ടു.

സ്വിറ്റ്‌സര്‍ലന്‍ഡിലൂടെ സഞ്ചരിക്കുമ്പോള്‍ പല രാജ്യങ്ങളിലൂടെ കടന്നു പോകുന്നതു പോലെ തോന്നും. കാരണം, സംസ്‌കാരങ്ങളുടെ സങ്കരഭൂമിയാണ് നാലു രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട സ്വിറ്റ്‌സര്‍ലന്‍ഡ്്. ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്കു നടുക്ക്, ആല്‍പ്‌സിന്റെ മടിയില്‍ കിടക്കുന്ന ഈ സുന്ദരഭൂമിയുടെ മനസ്സ് ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടാണ് കിടക്കുന്നത്. ഓരോ മേഖലയിലും ഭാഷയും സംസ്‌കാരവും ഭക്ഷണശീലം പോലും വ്യത്യസ്തമാണെന്നു കാണാം. സ്യൂറിക്ക് അതില്‍ ജര്‍മന്‍ സ്വാധീനമുള്ള മേഖലയാണ്. ഞങ്ങളുടെ സുഹൃത്തും ഗൈഡുമായ തോമസ് ഓബ്‌നോര്‍ ഒരു ജര്‍മന്‍കാരനായിരുന്നു. പതിവു ജര്‍മന്‍കാരുടെ മുരടത്തരമില്ലാത്ത ഒരാള്‍. ഞങ്ങള്‍ക്കു വേണ്ടി സ്വിറ്റ്‌സര്‍ലന്‍ഡിനെക്കുറിച്ച് എല്ലാം പഠിച്ചാണ് തോമസ് വന്നത്. ഒരാഴ്ചക്കാലം ഞങ്ങള്‍ക്കൊപ്പം തോമസ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചിലവഴിക്കുകയും ചെയ്തു.
++++++++++തോമസാണ് പറഞ്ഞത്, സ്യൂറിക്കില്‍ നിന്ന് ലുസേണിലേക്ക് റോഡ് മാര്‍ഗം ഒരു യാത്ര പോകാം. അതു വലിയൊരനുഭവമായിരിക്കും. സത്യത്തില്‍ ലുസേണ്‍ അതുവരെ ഞങ്ങളുടെ യാത്രാ പഌനില്‍ ഉണ്ടായിരുന്നില്ല. തോമസ് അതു പറഞ്ഞപ്പോള്‍ പൊടുന്നനെ ഒരു കാര്യം ഓര്‍മ്മ വന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു യാത്ര പുറപ്പെടുമ്പോള്‍ എവിടെയൊക്കെ പോകുന്നുണ്ട് എന്ന് അച്ഛന്‍ ചോദിച്ചത്. സ്യൂറിക്കില്‍ പോകുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ എങ്കില്‍ ലൂസാനില്‍ കൂടി പോകുന്നതു നന്നായിരിക്കും എന്ന് അച്ഛന്‍ പറഞ്ഞു. ലോകത്തേറ്റവും സുന്ദരമായ സ്ഥലം എന്നു പറയാന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല. കഴിയുമെങ്കില്‍ കാണുക. ഞാനും നിന്റെ അമ്മയും കൂടി ഒരിക്കല്‍ അവിടെ പോയിട്ടുണ്ട്. ഇപ്പോള്‍ നീയും കവിതയും കൂടിയാണല്ലോ പോകുന്നത്. അതിനാല്‍ കഴിയുമെങ്കില്‍ അവിടെ പോവുക. അത്ര മാത്രമേ അച്ഛന്‍ പറഞ്ഞുള്ളൂ.

തോമസിന്റെ വാക്കുകള്‍ പൊടുന്നനെ മനസ്സില്‍ ഉടക്കി. അതൊരു നിയോഗം പോലെ തോന്നി. ലുസേണ്‍ വെറുമൊരു സ്ഥലമല്ല. അച്ഛന്‍ വെറുതെ നിര്‍ദേശിച്ചതുമല്ല. അച്ഛന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ അതു വായിച്ചിട്ടുണ്ട്. മറന്നു പോയ ആ വരികള്‍ അപ്പോള്‍ എങ്ങിനെയെന്നറിയില്ല, ഒരു വെളിപാടു പോലെ ഓര്‍മ്മയിലെത്തി. അമ്മയുമൊത്ത് ലുസേണില്‍ പോയതിന്റെ ഹൃദയസ്പൃക്കായ ആ വിവരണം ഏതാണ്ടിങ്ങനെയായിരുന്നു: അതിമനോഹരമായ സ്ഥലമാണ് ലുസേണ്‍. നീലത്തടാകങ്ങള്‍, പച്ച പുതച്ച താഴ്‌വരകള്‍, ചുറ്റും മഞ്ഞുമലകള്‍. പ്രകൃതി വരച്ച ഏറ്റവും റൊമാന്റിക്കായ ചിത്രം പോലെ. അവിടെ എല്ലാം മറന്ന് പ്രകൃതിയില്‍ ലയിച്ചു നില്‍ക്കെ അച്ഛന്‍ അമ്മയോടു ചോദിക്കുന്നു. ഇവിടെ നില്‍ക്കുമ്പോള്‍ എന്തു തോന്നുന്നു. ഇതൊക്കെ കാണാന്‍ സാധിച്ചതില്‍ ആഹ്ലാദം തോന്നുന്നില്ലേ? അപ്പോള്‍ അമ്മ പറയുന്നു. എന്തോ, എനിക്കിപ്പോള്‍ ഇതിലൊന്നും അര്‍ഥം തോന്നുന്നില്ല. ഇന്നു നിങ്ങളെന്റെ കൂടെയുണ്ട്. എന്നെ എവിടെയും കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ ഞാനാഗ്രഹിച്ചപ്പോഴൊന്നും നിങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നില്ല. നിങ്ങള്‍ ഓടി നടക്കുകയായിരുന്നു. രാജ്യസേവനവും രാഷ്ട്രീയവും സാമൂഹ്യപ്രവര്‍ത്തനവുമായി. അന്നു ഞാനൊറ്റക്കായിരുന്നു. എന്റെ മകന്‍ മരിച്ചപ്പോഴായിരുന്നു എനിക്കു നിങ്ങള്‍ കൂടെയുണ്ടാവണമെന്ന് ഏറ്റവും ആഗ്രഹം തോന്നിയത്. അന്നു പോലും നിങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇതൊന്നും ആസ്വദിക്കാന്‍ എനിക്കാവുന്നില്ല. ഇടിമിന്നലെന്ന പോലെ അച്ഛനെ അടിമുടി പൊള്ളിച്ച വാക്കുകളായിരുന്നു അത്. ഒരു വലിയ തിരിച്ചറിവിലേക്ക് വഴി കാട്ടിയ വാക്കുകള്‍. ജീവിതകാലം മുഴുവന്‍ നിഴല്‍ പോലെ കൂടെ നടന്നവരെ നോക്കാന്‍ സമയം കണ്ടെത്താന്‍ കഴിയാതെ പോയിട്ട് ഇപ്പോള്‍ ജീവിതത്തിന്റെ ആനന്ദങ്ങള്‍ക്ക് നിറം മങ്ങിത്തുടങ്ങുന്ന സമയത്ത് ഇവിടെയൊക്കെ വന്നിട്ടെന്തു കാര്യം എന്ന അമ്മയുടെ ചോദ്യത്തിന് നല്‍കാന്‍ ഒരുത്തരവും അച്ഛനുണ്ടായിരുന്നില്ല. ബുദ്ധിയുടെയും ചിന്തയുടെയും ഉന്നതമായ ലോകത്തിന് പ്രായോഗിക ജീവിതത്തിന്റെ സമസ്യകള്‍ക്കു മുന്നില്‍ ഉത്തരമില്ലാതാവുന്ന അവസ്ഥയുടെ നേരനുഭവമായിട്ടാണ് അച്ഛനാ രംഗം വിവരിച്ചിരിക്കുന്നത്.

എന്തു കൊണ്ടാണെന്നറിയില്ല, പൊടുന്നനെ ലുസേണിലേക്കു പോകണം എന്ന് എനിക്കു തോന്നി. ഉല്‍ക്കടമായ ഒരാഗ്രഹം. അച്ഛനും അമ്മയും നിന്നു സംസാരിച്ച സ്ഥലത്ത് പോകണം. ആ തടാകക്കരയില്‍ നില്‍ക്കണം. വെറുതെ, ഒന്നു കാണാന്‍ മാത്രം. എന്നാല്‍ നമുക്ക് കാറില്‍ പോകാം. തോമസ് പറഞ്ഞു. ആ തടാകക്കരയിലൂടെ പോകാന്‍ കാര്‍ യാത്രയാണ് നല്ലത്. സ്വിസ് ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന വളരെ പുരാതനമായ ആ വഴി അങ്ങിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സ്യൂറിക്ക് തടാകത്തിന്റെ കരയിലൂടെ നീളുന്ന വഴി. 35 കിലോമീറ്റര്‍ നീളമുള്ള സ്യൂറിക്ക് തടാകവും പ്രാചീനമായ മുഖഭാവങ്ങളുള്ള ഒരു പട്ടണവും മനോഹരമായ നിരവധി ഗ്രാമദൃശ്യങ്ങളും പിന്നിട്ട് ലുസേണിലേക്കു നീളുന്ന വളഞ്ഞുപുളഞ്ഞ രാജപാത. തടാകങ്ങള്‍ക്കു പിന്നാലെ തടാകങ്ങള്‍. മലകള്‍ക്കു പിന്നാലെ മലകള്‍. തുരുത്തുകള്‍ക്കു പിന്നാലെ തുരുത്തുകള്‍. തുരങ്കങ്ങള്‍ക്കു പിന്നാലെ തുരങ്കങ്ങള്‍. എവിടെ നോക്കിയാലും ജലപാതങ്ങള്‍. ശ്വാസമിടിപ്പു പോലും നിലച്ചു പോകുന്ന ലാന്‍ഡ്‌സ്‌കേപ്പ്. ഇടയ്ക്ക് എപ്പോഴോ വഴി തടാകം മുറിച്ചു കടക്കുന്നുണ്ട്. അപ്പുറം കടന്നപ്പോള്‍ അതാ, പിന്നെയും ഒരു തടാകം!

മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ ലുസേണില്‍ ഞങ്ങളെത്തി. അച്ഛന്റെ വിവരണങ്ങള്‍ക്കുമപ്പുറമുള്ള സൗന്ദര്യമുണ്ടായിരുന്നു ലുസേണ്. ഇവിടെ വന്നില്ലെങ്കില്‍ നഷ്ടമായേനെ എന്നു തോന്നി. തടാകവും മഞ്ഞുമലകളും മുട്ടിയുരുമ്മുന്ന സ്വര്‍ഗീയസൗന്ദര്യം വഴിയുന്ന ഭൂമി. സ്യൂറിക്കിനേക്കാളും ജനീവയേക്കാളുമൊക്കെ മനോഹരം. ഒരു പകലും രാത്രിയും ഞങ്ങള്‍ ലുസേണില്‍ ചിലവഴിച്ചു. നഗരവീഥികളിലും മലഞ്ചെരിവുകളിലും അലഞ്ഞുതിരിഞ്ഞു. കമനീയമായ പാലങ്ങളും പുരാതനമായ ഹെറിറ്റേജ് ഗൃഹങ്ങളും സന്ദര്‍ശിച്ചു. മ്യൂസിയങ്ങളും ഗ്യാലറികളും കണ്ടു. ലുസേണ്‍ സഞ്ചാരികളെ ഹൃദയം കൊണ്ടാണ് സ്വീകരിക്കുന്നത്.

അവ്യക്തമായ ഒരു വേദന അപ്പോഴെല്ലാം ഉള്ളില്‍ തിങ്ങിനിന്നു. സുന്ദരമായ കാഴ്ച ഒരേ സമയം തീവ്രമായ അനുഭൂതിയിലേക്കും അകാരണമായ വേദനയിലേക്കും മനുഷ്യനെ നയിക്കുന്ന അനുഭവം ആദ്യമായി തിരിച്ചറിഞ്ഞു. തടാകക്കരയില്‍ നിന്നപ്പോള്‍ മനസ്സ് വെറുതെ വിറകൊണ്ടു. അച്ഛനും അമ്മയും സംസാരിച്ചു നിന്നത് ഈ തടാകക്കരയിലെവിടെയോ ആവണം. തിരിച്ചറിവിന്റെ ഒരു മിന്നല്‍പ്പിണരില്‍ വേദനിച്ച് അച്ഛന്‍ നിന്നത് ഇവിടെയാവണം. സ്വച്ഛസുന്ദരമായ ജലാശയത്തില്‍ പോയ കാലത്തിന്റെ വേദനകള്‍ മാത്രം നിഴലിടുന്നതു നോക്കി നെടുവീര്‍പ്പിട്ട് അമ്മ നിന്നതും ഇവിടെയാവണം. എനിക്കവിടെ കണ്ണുകളടച്ച് വെറുതെ നില്‍ക്കണമെന്നു തോന്നി. മുന്നില്‍ കാലത്തിന്റെ നീലത്തടാകം. പിന്നില്‍ മൗണ്ട് പീലാത്തിയൂസ്. ചുറ്റും ആല്‍പ്‌സിന്റെ ശിഖരങ്ങള്‍. മേലേ വിങ്ങിപ്പൊട്ടാറായി നില്‍ക്കുന്ന മേഘങ്ങള്‍. സാധാരണ ഗതിയില്‍ ആരും വ്യാമുഗ്ധരായിപ്പോകുന്ന സ്ഥലം. പക്ഷെ മനസ്സ് അശാന്തമായിരുന്നു. എത്ര റൊമാന്റിക്കായ സ്ഥലത്തും മനുഷ്യന്റെ മനസ്സ് എങ്ങിനെയാണ് പെരുമാറുക എന്നു പറയാന്‍ പറ്റില്ല. എല്ലാം പഠിച്ച അച്ഛനെ അദ്ദേഹം പഠിക്കാന്‍ മറന്നു പോയ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ വിധി കണ്ടുവെച്ച സ്ഥലം ഇതായിരുന്നു! ഇത്ര മനോഹരമായ സ്ഥലത്തു നിന്ന് പഠിക്കാന്‍ കഴിഞ്ഞതു കൊണ്ടാവുമോ പിന്നീട് കുറെക്കൂടി മികച്ച അച്ഛനാവാന്‍ അദ്ദേഹം ശ്രമിച്ചത് എന്നും ഇപ്പോള്‍ സംശയം തോന്നുന്നു. കാലം സുദീര്‍ഘമായ യാത്രകളില്‍ നമ്മെ എവിടെയൊക്കെ കൊണ്ടു നിര്‍ത്തുന്നു. എന്തെല്ലാം പഠിപ്പിക്കുന്നു!

പൊടുന്നനെ ഉള്ളില്‍ തിരതള്ളിവന്ന ഒരാന്തലോടെ ഞാന്‍ കവിതയെ ഒളികണ്ണിട്ടു നോക്കി. അവള്‍ തടാകത്തിലേക്കു നോക്കി നില്‍ക്കുകയായിരുന്നു. ഒന്നും മിണ്ടാതെ. നിനക്കിപ്പോള്‍ എന്തു തോന്നുന്നു എന്നു ചോദിക്കാന്‍ അപ്പോള്‍ എനിക്കു ധൈര്യം വന്നില്ല.


Travel Info

Switzerland


For Visa

Check this link: http://www.vfs-chin.com/mumbai/index.aspx

Visa Fee:

The visa fee for Consulate of Switzerland, Mumbai:
Short Stay Category: Adults Rs. 4200/-
Children between 6 and 12 years Rs.2400
Language Gradation charges: Rs.4200/-
Postal/Referral Fee: Rs.300/-
Written Objection Rs.8400/-

Contact

Consulate General of Switzerland, 102 Maker Chambers IV, 10th Floor, 222, Jamnalal Bajaj Marg, Nariman Point, Mumbai 400 021, India, Ph: +91 22 22 88 4563/ 64/ 65, 22 83 1738, Fax: +91 22 22 85 6566, 22 85 0626
Opening Hours: Monday to Friday 08:30 -11:30. Saturday and Sunday closed.


Some Useful Links

Swiss Tourism: http://www.myswitzerland. com/en/ home.html
Consulate General Mumbai: http://www.eda.admin.ch/ mumbai
Swiss Airlines: http://www.swiss.com/web/EN


Flights to Switzerland

Following Airlines operate from India to Zurich
Air France, Air India, All Nippon Airways, Austrian Airlines, British Airways Plc, Egyptair, El Al Israel Airlines, Emirates Airlines, Jet Airways, Kingfisher Airlines, Lufthansa, Qatar Airways, Singapore Airlines, Sn Brussels Airlines, Swiss Thai Airways Intl Ltd, Turkish Airlines.
Fares start from 20,000 onwards.
Contact information on Zurich Airport: Zurich (ZRH) Airport Unique (Flughafen Zurich AG), 8058 Zurich-Flughafen, Switzerland, Ph: (043) 816 2211, Fax: (043) 816 5010.


Travel Info

Zurich

Zurich is renowned as the lifestyle capital on the water. It offers the unique mix of pleasure, nature and culture. The finest culinary highlights, unlimited shopping pleasure, over 50 museums and more than 100 galleries, Switzerland's liveliest nightlife, numerous events and countless green oases in the center of the city tempt guests to linger and enjoy. For details: http://www.zuerich.com/en/

Contact

Hotel booking and Travel advice service from Zürich Tourism: Open 365 days a year: Mon-Fri 8am-7pm. Sat/Sun/Public Holidays: 8am-noon and 1pm-5pm.

Stay

Hotel Reservations: Ph: +41 (0) 44 215 40 40, Fax: +41 (0) 44 215 40 44
Hotel Group Reservations: Ph: +41 (0) 44 215 40 66, Fax: +41 (0) 44 215 40 44, hotel@zuerich.com,
Tourist Information: Ph: +41 (0) 44 215 40 00, Fax: +41 (0) 44 215 40 44
information@zuerich.com,
Tourguide office: Ph: +41 (0) 44 215 40 88, Fax: +41 (0) 44 215 40 80
tourguide@zuerich.com


Travel Info

Luzern

Luzern, the gateway to central Switzerland, sited on Lake Luzern, is embedded within an impressive mountainous panorama. Thanks to its attractions, its souvenir and watch shops, the beautiful lakeside setting and the nearby excursion mountains of the Rigi, Pilatus and Stanserhorn, the town is a destination for many travel groups and individuals on their journey through central Switzerland. For details check official site of Luzern Tourism: http://www.luzern.com/en/welcome.cfm

Contact

Luzern Tourismus AG, Tourist Board, Zentralstrasse 5 ,CH-6003 Luzern.
Ph +41 (0)41 227 17 17. Fax +41 (0)41 227 17 20
luzern@luzern.com aLucerne Tourism Ltd., Bahnhofstrasse 3, Postfach, CH-6002, Luzern.
Ph: +41 (0)41 227 17 17. Fax +41 (0)41 227 17 18. luzern@luzern.comaTourist Information: Zentralstrasse 5, CH-6003 Luzern.Ph: +41 (0)41 227 17 17, Hotel Reservation +41 (0)41 227 17 27. Fax +41 (0)41 227 17 20.luzern@luzern.com