ലാവ വിഴുങ്ങിയ രണ്ടു പുരാതന
റോമന്‍ നഗരാവശിഷ്ടങ്ങളിലൂടെ..


Photos: M.V.Shreyamskumar


' .......അനന്തരം യഹോവ സൊദോമിന്റെയും ഗോമോരയുടെയും മേല്‍ ഗന്ധകവും തീയും വര്‍ഷിപ്പിച്ചു. ആ പട്ടണങ്ങള്‍ക്കും സകല നിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി.....' (ഉല്‍പ്പത്തിപുസ്തകം 19 : 1-13)മുന്‍കൂട്ടി നിശ്ചയിച്ച വഴികളിലൂടെ ഒഴുകുന്ന യാത്രകള്‍ വിരസമാണ്. എന്തെങ്കിലുമൊന്ന് ഇടക്കുവെച്ച് സംഭവിക്കണം. യാത്രയെ മാറ്റിമറിക്കുന്ന എന്തെങ്കിലുമൊന്ന്. വീണുകിട്ടുന്ന ഒരപൂര്‍വ സൗഹൃദം, വഴിമാറി സഞ്ചരിക്കാനുള്ള ഒരു തോന്നല്‍, ഒരുള്‍വിളി.. അങ്ങിനെ എന്തെങ്കിലും. നേപ്പിള്‍സ് വിമാനത്താവളത്തില്‍ നിന്നു വാടകക്കെടുത്ത കാറിലെ യുവാവായ ഡ്രൈവര്‍ ഞങ്ങളുടെ മെഡിറ്ററേനിയന്‍ യാത്രയെ മാറ്റിമറിച്ചത് അത്തരമൊരനുഭവമാണ്്. വെറുമൊരു വിനോദയാത്രയായി ഒതുങ്ങിപ്പോവുമായിരുന്ന ആ ദിവസങ്ങളെ അയാള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാക്കി.


ഹോട്ടലിലേക്കു പോകാന്‍ ടാക്‌സി വേണോ എന്നു ചോദിച്ചാണ് അയാള്‍ ഞങ്ങളെ സമീപിക്കുന്നത്. കലപിലാ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഇറ്റാലിയന്‍ മാത്രമേ അറിയൂ എന്നു കണ്ടപ്പോള്‍ ഞങ്ങള്‍ പിന്മാറി. വിടാതെ കൂടിയ അയാള്‍ ചുറുചുറുക്കും ആരെയും ആകര്‍ഷിക്കുന്ന ചിരിയും നിര്‍ത്താത്ത സംസാരവും കൊണ്ട് ഞങ്ങളെ വീഴ്ത്തുക തന്നെ ചെയ്തു. ഒടുവില്‍ അയാളുടെ കാറില്‍ത്തന്നെ ഞങ്ങള്‍ എത്തിപ്പെട്ടു. അയാളിലൂടെ അഗാധമായി മനസ്സിനെ പിടിച്ചുലച്ച ഒരനുഭവലോകത്തും.

അയാളുടെ പേര് മാസിമോ റോസി. ഇരുപത്തഞ്ച് - മുപ്പത് വയസ്സു വരും. വെളുത്ത്, പൂച്ചക്കണ്ണുകളുള്ള ഒരു സുമുഖന്‍. ഇറ്റാലിയന്‍ കഴിഞ്ഞാല്‍ ഫുട്‌ബോളാണ് പിന്നെ അയാള്‍ക്കറിയുന്ന ഏകഭാഷ. അയാളുടെ കാറിലേക്കു കയറുമ്പോള്‍ തന്നെ ഉച്ചത്തിലുള്ള ഫുട്‌ബോള്‍ കമന്ററിയാണ് നിങ്ങളെ വരവേല്‍ക്കുക, തൂങ്ങിയാടുന്ന ഒരു പഌസ്റ്റിക്ക് ഫുട്‌ബോളും.

രണ്ടു മിനുട്ടു കൊണ്ട്, ഭാഷയൊന്നുമറിയാതെത്തന്നെ അയാള്‍ പറയുന്നതു മുഴുവന്‍ ഞങ്ങള്‍ക്കും ഞങ്ങള്‍ പറയുന്നതെല്ലാം അയാള്‍ക്കും മനസ്സിലാവുമെന്ന സ്ഥിതിയായി. ഞങ്ങളുടെ തുടര്‍ന്നുള്ള ദിവസത്തെ മെഡിറ്ററേനിയന്‍ യാത്രകളിലെ ഗൈഡും സാരഥിയും ബോഡിഗാര്‍ഡും എല്ലാമാവാനുള്ള കരാറും അയാള്‍ നേടിയെടുത്തു. പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ഞങ്ങള്‍ വിവരിച്ചു. അമാല്‍ഫി, പോസിറ്റാനോ, ട്രെന്റോ, സൊറന്റോ, കാപ്രി, ഡൊളാറോ ശിഖരം.. എല്ലാം സുഖവാസ കേന്ദ്രങ്ങള്‍.

നോ ഹെര്‍ക്കുലേനിയം? നോ പോംപെയ്? അയാള്‍ ചോദിച്ചു, പോംപെയും ഹെര്‍ക്കുലേനിയവും നേപ്പിള്‍സിനടുത്താണെന്ന അറിവുണ്ടായിരുന്നെങ്കിലും അത് ഞങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ ഉണ്ടായിരുന്നില്ല.

കഷ്ടം, സാര്‍.. അവിടെ പോവാതെ എന്തു മെഡിറ്ററേനിയന്‍ യാത്ര? ലിസ്റ്റില്‍ ആ രണ്ടു പേരുകള്‍ കൂടി അയാള്‍ കൂട്ടിച്ചേര്‍ത്തു. മസ്റ്റ് സീ, സര്‍.. മസ്റ്റ് സീ.. അയാള്‍ പറഞ്ഞു.

ആ നിര്‍ബന്ധമാണ് ഞങ്ങളുടെ യാത്രയെ മാറ്റിമറിച്ചത്. അല്ലെങ്കില്‍ എന്തൊരു വലിയ നഷ്ടമായേനെ എന്ന് പിന്നീടു ഞങ്ങള്‍ക്കും തോന്നി.

യാത്രയിലുടനീളം അയാള്‍ ആ സ്ഥലത്തെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. എല്ലാം മനസ്സിലാവുന്നില്ല. വെസൂവിയസിന്റെ കോപാഗ്‌നിയില്‍ ചാരമായി മാറിയ രണ്ടു നഗരങ്ങളാണ് അവയെന്നു മുമ്പേ അറിയാമായിരുന്നു. അതിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചാവാം അയാള്‍ പറയുന്നത്. കാറിലെ സിഡി പ്‌ളെയറില്‍ അതിനിടെ അയാളൊരു ഗാനം കേള്‍പ്പിച്ചു. . 'oh..your city lies in the dust.. my firend, your city lies in the dust..' സിറ്റീസ് ഇന്‍ ഡസ്റ്റ് ബാന്‍ഡിന്റെ മനസ്സിനെ പിടിച്ചുലക്കുന്ന ഗാനം. പോംപെയെക്കുറിച്ചുള്ളത്.
++++++++++

മെഡിറ്ററേനിയന്‍ കടല്‍ക്കരയിലേക്കാണ് ഞങ്ങളുടെ യാത്ര. ഇടുങ്ങിയ തെരുവുകളിലൂടെ. മുംബൈയെ അനുസ്മരിപ്പിക്കുന്ന തിക്കും തിരക്കും വഴിയില്‍. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് കാര്‍ വെസൂവിയസ് പര്‍വതത്തിന്റെ താഴ്‌വരയിലേക്കു കടന്നു. ഒരു വശത്ത് ഇടക്കിടെ ക്ഷോഭിക്കുന്ന കടല്‍. മറുവശത്ത് എപ്പോഴും തുറക്കാവുന്ന നെറ്റിക്കണ്ണു പൂട്ടി ഉറക്കം നടിച്ചു കിടക്കുന്ന അഗ്‌നിപര്‍വതം. ചെകുത്താനും കടലിനും നടുവില്‍, തകര്‍ന്നടിഞ്ഞ രണ്ടു നഗരാവശിഷ്ടങ്ങള്‍. ഹെര്‍ക്കുലേനിയവും പോംപെയും. രണ്ടു പ്രേതനഗരങ്ങള്‍. പഴയ ചിതലരിച്ച ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പോലെ. ഒരു ജനതയുടെ ചാരം മൂടിയ ഓര്‍മ്മകള്‍ അവിടെ തുമ്പികളായി പാറി നടക്കുന്നു. വിശദീകരണമില്ലാത്ത ഒരു ദുഖവും അഗാധമായ വേദനയും പൊടുന്നനെ ഞങ്ങളെ വന്നു മൂടി.

ഹെര്‍ക്കുലേനിയത്തിലേക്കാണ് ആദ്യം പോയത്. പിന്നീട് പോംപെയിലേക്കും. അവ തമ്മില്‍ അല്‍പ്പം ദൂരമുണ്ട്. പക്ഷെ, രണ്ടിടത്തും ഒരേ കാഴ്ചകള്‍. മനസ്സിനെ പിടിച്ചുലക്കുന്നവ. എറിഞ്ഞുടച്ച ചിതാഭസ്മകലശങ്ങള്‍ പോലെ ചാരവും കല്ലും വീണു മൂടിപ്പോയ വീടുകള്‍. തകര്‍ന്ന തെരുവുകള്‍, ഉടഞ്ഞ തലയോടുകള്‍, ലാവയൊഴുകി കരിഞ്ഞുപോയ ജീവന്റെ നാമ്പുകള്‍..

തകര്‍ന്ന ഒരു സാമ്രാജ്യത്തിന്റെ ചുടലമണ്ണിലാണ് ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ഇവ റോമിലെ തിരക്കേറിയ ജനപദങ്ങളായിരുന്നു. ഗ്രീക്കുകാരും സ്‌പെയിന്‍കാരും വെനീഷ്യരും സെര്‍ബുകളും കച്ചവടത്തിനായി തമ്പടിച്ച വീഥികള്‍. മിലാനില്‍ നിന്നെത്തിയ പട്ടാളക്കാരും കൊസോവോയില്‍ നിന്നു വന്ന വേശ്യകളും ജീവിതം കണ്ടെത്തിയ തെരുവുകള്‍. പണ്ഡിതരും ചിന്തകരും തപസ്സിരുന്ന ഗ്രന്ഥശാലകള്‍. ലോകത്തെവിടെയുമില്ലാത്ത സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നു പറഞ്ഞത് സാക്ഷാല്‍ ജൂലിയസ് സീസറായിരുന്നു. മികച്ച ജലവിതരണസമ്പ്രദായങ്ങളും മില്ലുകളും വാണിജ്യ കേന്ദ്രങ്ങളും റോഡുകളും മദ്യശാലകളും ജിംനേഷ്യവും ആംഫിതിയേറ്ററുകളുമെല്ലാം ഉണ്ടായിരുന്നു ഈ നഗരസമുച്ചയങ്ങളില്‍.

നേപ്പിള്‍സ് കടലിടുക്കുമായുള്ള ബന്ധമാണ് ഇവയെ പുരാതന റോമിലെ പ്രശസ്തമായ വാണിജ്യനഗരങ്ങളാക്കിയത്. ഉപനഗരമായ ഹെര്‍ക്കുലേനിയം പ്രത്യേകിച്ചും സഞ്ചാരികളുടെ പറുദീസയായിരുന്നു. ഗ്രീക്ക് നായകനായ ഹെര്‍ക്കുലീസിന്റെ പേരിലാണ് ഇത് അറിയപ്പെട്ടത്. നഗരവും വെസൂവിയസ് പര്‍വതവും സൃഷ്ടിച്ചത് ഹെര്‍ക്കുലീസാണത്രെ. ഒരേ കൈ കൊണ്ട് ഇരയേയും വേട്ടക്കാരനെയും സൃഷ്ടിച്ചതില്‍ ഹെര്‍ക്കുലീസ് പിന്നീട് ദുഖിച്ചിട്ടുണ്ടാവും. ഒറ്റ ദിവസം കൊണ്ട് വെസൂവിയസ് തന്റെ ഇരട്ട സഹോദരങ്ങളെ ചാരത്തില്‍ കുഴിച്ചു മൂടിയല്ലോ.

എ.ഡി. 79 ആഗസ്ത് 24നായിരുന്നു അത്. അന്നാണ് 800 വര്‍ഷമായി സമാധിയിലായിരുന്ന വെസൂവിയസ് അഗ്‌നിപര്‍വതം ആദ്യമായി ക്ഷോഭിച്ചത്. രണ്ടു ദിവസം നിറുത്താതെ അതു തീ തുപ്പി. ആയിരക്കണക്കിനു മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നു കുതിച്ച അതിന്റെ തീക്കൈകള്‍ ചുറ്റുമുള്ള നഗരത്തെ അപ്പാടെ വാരിയെടുത്തു വിഴുങ്ങി. അഗ്‌നിനദിയായി പ്രവഹിച്ച ലാവയില്‍ ഉരുകിയുരുകി മരിച്ചത് പതിനായിരക്കണക്കിനു മനുഷ്യരും അവര്‍ തീര്‍ത്ത നഗരവും സംസ്‌കാരവും. ചരിത്രത്തില്‍ നിന്ന് ആ നഗരനാമങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. 1600 വര്‍ഷങ്ങള്‍ക്കു ശേഷം, 1748ലാണത്രെ വളരെ യാദൃശ്ചികമായി ഈ നഗരാവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തുന്നത്. അതിന്റെ അവശിഷ്ടങ്ങളിലൂടെയാണ് ഞങ്ങളിപ്പോള്‍ സഞ്ചരിക്കുന്നത്. തെരുവുകളില്‍ നിന്നു തെരുവുകളിലേക്കു നടക്കുമ്പോള്‍ ശവങ്ങള്‍ക്കു മേലേ ചവുട്ടി നടക്കുന്നതു പോലെ ഒരു തോന്നല്‍. തീയില്‍ വേവുന്ന ആത്മാക്കളുടെ നിലവിളി നമ്മെ പൊതിയുന്നതു പോലെ ഉള്ളില്‍ ഒരാന്തല്‍.

എട്ടു നൂറ്റാണ്ടോളം ശാന്തമായിക്കിടന്ന വെസൂവിയസ് ഒരഗ്‌നിപര്‍വതമാണെന്ന കാര്യം പോലും ആര്‍ക്കും അറിയില്ലായിരുന്നു. ഒരു നാള്‍ പൊടുന്നനെ അതു പൊട്ടിത്തെറിച്ചപ്പോള്‍ പോംപെ നഗരം 20 മീറ്ററോളം ഉയരത്തില്‍ ലാവയും ചാരവും കൊണ്ടു മൂടിപ്പോയി! അവ മാത്രമല്ല, പ്രവിശ്യയിലെ സ്റ്റേബിയേ, ഒപ്‌ളോണ്ടിസ് തുടങ്ങിയ പല പ്രാന്തപ്രദേശങ്ങളും വെസൂവിയസിന്റെ ക്രോധാഗ്‌നിയില്‍ അന്നു ചാമ്പലായി. ഇറ്റാലിയന്‍ പണ്ഡിതനായ പ്ലിനി എഴുതി വെച്ചതെന്നു കരുതപ്പെടുന്ന രണ്ടു കത്തുകളാണ് പൊട്ടിത്തെറിയുടെ നേര്‍വിവരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ആഗസ്ത് 27 ന് ഉച്ചക്ക് ഒരു മണിക്കാണത്രെ വെസൂവിയസ് തീതുപ്പാന്‍ തുടങ്ങിയത്. ആകാശത്തേക്ക് ആയിരക്കണക്കിനു മീറ്റര്‍ ഉയരത്തില്‍ തീയും പുകയും പൊങ്ങി. വലിയ കല്ലുകളും തീക്കട്ടകളും ചാരമഴയും മേഘങ്ങളില്‍ നിന്നു പൊഴിഞ്ഞു. ഓടി രക്ഷപ്പെടാന്‍ പോലും കഴിയാതെ പോംപെയിലെ മനുഷ്യര്‍ കരിഞ്ഞമര്‍ന്നു. 400 ഡിഗ്രി ചൂടില്‍, 160 കിലോമീറ്റര്‍ വേഗത്തില്‍ ലാവ പോംപെക്കു മേല്‍ പതിച്ചു. വീടു വിട്ടു പുറത്തേക്കോടിയവരെ പ്രളയജലം പോലെ പുറകെ പാഞ്ഞുവന്ന ലാവ ഒരു വശത്തു നിന്നും ക്ഷോഭിച്ച കടല്‍ത്തിരകള്‍ മറുവശത്തു നിന്നും ആക്രമിച്ചു. ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിതാണ്ഡവങ്ങളിലൊന്ന്. എത്ര പേര്‍ മരിച്ചു എന്നതിന് വ്യക്തമായ കണക്കുകളൊന്നും എവിടെയുമില്ല. 1982ല്‍ എര്‍ക്കുലാനോയില്‍ ഉല്‍ഖനനം നടത്തുമ്പോള്‍ കണ്ടെത്തിയ ഒരു ബോട്ട് ഹൗസില്‍ മാത്രം 250 ജഡാവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കിടന്നിരുന്നുവത്രെ. കടല്‍ വഴി രക്ഷപ്പെടാന്‍ തീരത്തെ ബോട്ട് ഹൗസില്‍ അഭയം പ്രാപിച്ചവരെയാവണം ഒഴുകിയെത്തിയ ലാവ അഗ്‌നിനാവുകള്‍ നീട്ടി വിഴുങ്ങിയത്. കാലം ഉറഞ്ഞു പോയ ഒരു നിമിഷത്തിന്റെ ഫ്രീസ് ഫ്രെയിം!
++++++++++
പോംപെയും ഹെര്‍ക്കുലേനിയവും ഇന്ന് സഞ്ചാരികളുടെ ലോകമാണ്. കുഴിച്ചെടുക്കപ്പെട്ട നഗരത്തിന് പുതുമയുടെ മണം. ചാരത്തില്‍ നിന്നു തോണ്ടിയെടുത്ത കനല്‍ പോലെ അതു തിളങ്ങുന്നു. കരിങ്കല്‍ പാകിയ തെരുവുകള്‍. ഡിസൈന്‍ഡ് ഫ്‌ളോറിങ് ഉള്ള വീടുകള്‍. അദ്ഭുതപ്പെടുത്തുന്ന രൂപഭംഗിയും ശില്‍പ്പചാതുരിയും ആസൂത്രണമികവും. എഴുത്തിനു പകരം ചിത്രങ്ങളാണ്. ചിത്രങ്ങള്‍ക്ക് അര്‍ഥങ്ങളുണ്ടെന്ന് ആംഗ്യത്തിലൂടെ റോസ്സി പറഞ്ഞു. ഒരു ചുമരിലെ ചിത്രം നോക്കി സാല്‍വെ ലാച്‌രി എന്നയാള്‍ വായിച്ചു. വെല്‍ക്കം, മണി എന്നാണത്രെ അര്‍ഥം. പലിശക്കാരന്റെ വീടാവാം. മറ്റൊരിടത്ത് ഫുളോണിസ് എന്നെഴുതിയിട്ടുണ്ട്. അതു ലോണ്‍ഡ്രിയാണ്. പൂക്കടയ്ക്കും മദ്യക്കടയ്ക്കുമൊക്കെ ചിത്രങ്ങളിലൂടെ ദിശാസൂചന നല്‍കിയിട്ടുണ്ട്. ഒരു മതിലില്‍ കണ്ട പേര് ഇങ്ങിനെയായിരുന്നു: നിഗൂഢതകളുടെ വീട്. മനോഹരമായ ഒരു പുരാതന റോമന്‍ വില്ല. നഗരം തന്നെ നിഗൂഢതയായി മാറുമെന്നു ദീര്‍ഘവീക്ഷണം ചെയ്ത ആരോ ഇട്ട പേര്!

യുനെസ്‌കോ ഇതിനെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ച ശേഷം എല്ലായിടവും നടന്നു കാണാന്‍ അനുവാദമില്ല. ചില ഭാഗങ്ങള്‍ മാത്രം. ഉല്‍ഖനനം ഇപ്പോഴും തുടരുന്നുണ്ട്. ഓരോ കെട്ടിടങ്ങള്‍ക്കും നമ്പറിട്ട് ഓരോ പേരുകള്‍ എഴുതി വെച്ചിട്ടുണ്ട്. അരിസ്റ്റിഡീസിന്റെ വീട്, ആര്‍ഗസിന്റെ വീട്, ജെനീസിന്റെ വീട്, ആല്‍കോവിന്റെ വീട്, അഗസ്തസിന്റെ കോളേജ് എന്നിങ്ങനെ. അതെല്ലാം ചരിത്രകാലത്തും അങ്ങിനെത്തന്നെയായിരുന്നു എന്ന് കണ്ടുപിടിച്ചിട്ടുണ്ടത്രെ. ഒരു കെട്ടിടത്തിനു മുന്നില്‍ റോസ്സി നിന്നു. ജൂലിയസ് സീസറുടെ ഭാര്യാപിതാവ്, ലൂഷ്യസ് കാല്‍പേര്‍ണിയസിന്റെ വീടായിരുന്നു അത്. എര്‍ക്കുലാനോയില്‍ അന്നു കത്തിയമര്‍ന്നവയില്‍ വേശ്യത്തെരുവുകള്‍ മാത്രമല്ല, ചക്രവര്‍ത്തിയുടെ ഈ വേനല്‍ക്കാല വസതിയും ഉള്‍പ്പെട്ടു. ചരിത്രത്തിന് പക്ഷഭേദങ്ങളില്ല, അതെല്ലാവരെയും ഒരേ അളവുള്ള പട്ടടകളില്‍ അടക്കുന്നു.

ഇവിടെ നിന്നു ആര്‍ക്കിയോളജിക്കാര്‍ കണ്ടെടുത്ത നിരവധി തലയോട്ടികളും ശരീരഭാഗങ്ങളും നേപ്പിള്‍സിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 1600 കൊല്ലം കഴിഞ്ഞിട്ടും ശരീരഭാഗങ്ങള്‍ കിട്ടിയതെങ്ങിനെ എന്ന ചോദ്യം മനസ്സില്‍ നിറഞ്ഞു നിന്നു. അഗ്‌നിപര്‍വതസ്‌ഫോടനത്തില്‍ സംഭവിക്കുന്ന പൈറോക്ലാസ്റ്റിക് പ്രവാഹത്തില്‍ വലിയ കല്ലുകള്‍ക്കും മറ്റുമിടയില്‍ ഗ്യാസ് ചേംബറുകള്‍ രൂപപ്പെടുമത്രെ. അതില്‍ പെട്ടുപോയതുകൊണ്ടാവണം മൃതദേഹങ്ങള്‍ ചീഞ്ഞളിയാതെ വര്‍ഷങ്ങളോളം നിന്നത്. അന്നത്തെ തീമഴയില്‍ വന്നു പതിച്ച കല്ലുകളുടെ വലുപ്പവും ഭാരവും അറിയാതെ ഓര്‍ത്തുനോക്കിയപ്പോള്‍ നട്ടെല്ലിലൊരു തീപ്പൊരി മിന്നി.

മടങ്ങാന്‍ സമയമായി. ഒപ്പമുണ്ടായിരുന്ന ശശിക്കും ഭാസിക്കും ബൈജുവിനും അവിടെ നിന്നു മടങ്ങാന്‍ മടി. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പോയിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു സ്ഥലം ആദ്യമായാണ് അവരും കാണുന്നത്. മനസ്സു കൊണ്ട് ഞങ്ങള്‍ റോസ്സിക്കു നന്ദി പറഞ്ഞു. അയാള്‍ വാശി പിടിച്ചില്ലെങ്കില്‍ ഒരു പക്ഷെ ഞങ്ങള്‍ ഇവിടെ വരില്ലായിരുന്നു.

നേരം ഇരുട്ടുന്നു. ചരിത്രത്തിലെ പട്ടടകളിലൂടെ നടത്തി ആത്മജ്ഞാനം പകര്‍ന്നു തന്ന പകല്‍ അവസാനിക്കുന്നു. പുറത്തേക്കു നടക്കുമ്പോള്‍ ഒരു തെരുവിലേക്കു തിരിയുന്നിടത്തു കുറെപ്പേര്‍. അവര്‍ കൂടി നിന്ന് ആര്‍ത്തുവിളിക്കുകയാണ്. ചെറുപ്പക്കാരാണ്. റോസ്സിയും അവരോടൊപ്പം കൂടി, ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അവിടെ ചെന്നു നോക്കിയപ്പോള്‍ കരിങ്കല്ലു പാകിയ നടവഴിയില്‍, നിലത്തു കൊത്തി വെച്ചിരിക്കുന്നു, വലിയൊരു പുരുഷലിംഗത്തിന്റെ ചിത്രം! പോംപെയെക്കുറിച്ചു പഠിച്ചിട്ടുള്ള അവര്‍ കുറെ നേരമായി അതു തേടിനടക്കുകയായിരുന്നുവത്രെ. അതു കണ്ടു പിടിച്ചതിന്റെ ആഹ്ലാദപ്രകടനത്തിലേക്കാണ് ഞങ്ങള്‍ എത്തിപ്പെട്ടത്. ഇത് ഒരു ട്രാഫിക് സൈന്‍ ബോര്‍ഡാണ്, സര്‍. വലത്തോട്ടു തിരിഞ്ഞാല്‍ വേശ്യത്തെരുവ് എന്നാണര്‍ഥം. ഒരാള്‍ പറഞ്ഞു തന്നു. ആ തെരുവിലെ അക്കാലത്തെ ഈവനിങ് ട്രാഫിക്കോര്‍ത്താണ്് റോസ്സിയുടെ ചിരി.

അപ്പോള്‍ ഞാനോര്‍ത്തത് മറ്റൊന്നായിരുന്നു. മനുഷ്യന്‍ സ്ഥാപിക്കുന്ന കൊച്ചു സൈന്‍ ബോര്‍ഡുകള്‍ വായിച്ച് വഴിമാറിപ്പോകുന്നവയല്ല മഹാദുരന്തങ്ങള്‍. പോംപെയിലെ വേശ്യത്തെരുവിലൂടെ മാത്രമല്ല, കൂലംകുത്തി വന്ന ലാവ ഒഴുകിയത്. ലൂഷ്യസ് കാല്‍പേര്‍ണിയസ്സുമാരുടെ കൊട്ടാരവീഥികളും അതു ചുട്ടു ചാമ്പലാക്കി.

ഉല്‍പ്പത്തി പുസ്തകത്തില്‍ പറയുന്ന സൊദോമും ഗൊമോറയും ഈ നഗരങ്ങള്‍ തന്നെയാണോ ആവോ. ആര്‍ക്കറിയാം? തീ വിഴുങ്ങുമ്പോള്‍ അടയാളങ്ങള്‍ അവശേഷിക്കാറില്ലല്ലോ.

മടങ്ങുമ്പോള്‍ ഡാര്‍ വില്യംസിന്റെ പ്രശസ്തമായ ഗാനമായിരുന്നു റോസ്സിയുടെ കാറില്‍. ദിസ് വാസ് പോംപെയ്.. പോംപെയെക്കുറിച്ചുണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രശസ്തമായ ഗാനം..

'..... I think about Pompeii when I feel an end is near,
Just before the rain and every time you disappear.
.... .... .... .... ....
Once I had a sadness, the sadness turned to trust,
The trust turned into ashes and to layers and dust,
A century, a day .... .... .... This was Pompeii..'