വന്യജീവി ഫോട്ടോഗ്രാഫർ എൻ.എ. നസീറിനൊപ്പം കോഴിക്കോട് ജില്ലയുടെ കടലോരത്തിലൂടെ ഒരു ട്രെക്കിങ്


എഴുത്ത്: ജി.ജ്യോതിലാല്‍. ചിത്രങ്ങള്‍: എന്‍.എ.നസീര്‍

ഇളകിമറിയുന്ന കടലിന്റെ തുടർച്ചയായി പുഴയിലും ഓളങ്ങൾ. അതു മുറിച്ച് അക്കരയ്ക്ക്. മീൻപിടിത്തക്കാരും മണൽ വാരുന്നവരുമായി പുഴ രാവിലെ തന്നെ സജീവമായിരുന്നു. അഞ്ച് മിനിറ്റ് കൊണ്ട് അക്കരെയെത്തി.

-

ടത്തം തുടങ്ങുകയാണ്. കാടായകാടെല്ലാം ട്രെക്കിങ് നടത്തി മൃഗങ്ങളേയും പ്രകൃതിയേയും അറിഞ്ഞവർ. വഴിമാറിയൊരു ട്രെക്കിങ്ങിന് ഒരുങ്ങുകയാണിവിടെ. കടലോരത്തൂ കൂടെ ഒരു ജില്ലയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കാൽനടയായൊരു യാത്ര. കടലിനേയും കടലോര ജീവിതങ്ങളേയും കണ്ടുകണ്ടങ്ങിനെ...

ബേപ്പൂര്, ഉരുവിന്റെ ഊര്

കോഴിക്കോടിന്റെ മാപ്പ് നോക്കിയാലറിയാം. ചാലിയാറിനപ്പുറം കുറച്ചുഭാഗം കോഴിക്കോടാണ്. ബാക്കി മലപ്പുറത്തും. കടലുണ്ടി പക്ഷി സങ്കേതം മലപ്പുറത്തും അതിന്റെ ഇങ്ങേക്കര കോഴിക്കോടും. കോഴിക്കോടിന്റെ ഭൂമിശാസ്ത്രപരമായ ആ അതിരിൽ നിന്നുമായിരുന്നു തുടക്കം. പഴയ റെയിൽവേ ചാലിയത്തു നിന്നായിരുന്നു. അതിന്റെ ചില അവശിഷ്ടങ്ങൾ ഇവിടെ കാണാം. ചാലിയം കോട്ടയുടെ അടുത്തെത്തി. അവിടെ കോട്ടയെന്നു പറയാൻ ഇപ്പോൾ അവശിഷ്ടങ്ങൾ ഒന്നുമില്ല. ഒരു ബോർഡ് ആർക്കും വേണ്ടാതെ കിടപ്പുണ്ട്. കടലോരത്ത് കക്കവാരുന്ന സ്ത്രീകളും, കല്ലുമ്മക്കായ പറിക്കാൻ കടലിലേക്കിറങ്ങാനൊരുങ്ങുന്നവരും. ജീവിതം ആരംഭിക്കുകയായി. സ്വിമ്മിങ് ഡ്രസ്സണിഞ്ഞ് മുഖത്ത് മാസ്‌ക് ധരിച്ച് കയ്യിൽ കാറ്റു നിറച്ച ട്യൂബുമായി ഷംസീർ കടലിലേക്കിറങ്ങി. അകലെ അയാൾ ഒരു പൊട്ടുപോലെ മറയും വരെ നോക്കി നിന്നു.

കുവൈത്ത് ജീവിതം മതിയാക്കി നാട്ടിലെത്തിയ ബാബുരാജ് വലയുമായി രാവിലെയിറങ്ങിയതാണ്. രാവിലെയൊരു നടത്തവും വലവീശലും. അത് എന്നും മുടക്കാറില്ല. മീൻ കിട്ടിയില്ലെങ്കിലും ഇതൊരു ഹരം. പിന്നെ ''എനിക്ക് കൂട്ടാനുള്ള മീൻ എന്തായാലും കിട്ടും.'' ബാബുരാജ് പറഞ്ഞു. കോട്ടയുടെ ചിത്രങ്ങൾ എടുത്ത് നടന്ന് ഞങ്ങൾ ചാലിയം ജംഗാർ സർവ്വീസിനടുത്തെത്തി. അവിടെ മാതൃഭൂമി ലേഖകൻ എം. പത്മനാഭൻ കാത്തിരിപ്പുണ്ടായിരുന്നു. ഐ എൻ ടി യു സി നേതാവ് കൂടിയായ പപ്പേട്ടൻ ഉണ്ടെങ്കിൽ ബേപ്പൂരിനെ അറിയാൻ മറ്റാരും വേണമെന്നില്ല. സുധീർ ബാബുവിന്റെ കടയിൽ നിന്ന് പുട്ടും അയല മുളകിട്ടതും കഴിച്ച് തുറമുഖവും കണ്ടു. തുറമുഖത്ത് അന്ന് മിനിക്കോയിയിൽ നിന്നുള്ള കപ്പൽ അടുക്കുന്നുണ്ടായിരുന്നു. ദ്വീപിലേക്കുള്ള കൺസ്ട്രക്ഷൻ മെറ്റീരിയലുകൾ കപ്പലിൽ കയറ്റുന്നു. അവിടെ നിന്നും നേരെ ബേപ്പൂരിന്റെ ഐക്കണായ ഉരു നിർമ്മാണ കേന്ദ്രത്തിലേക്ക് പപ്പേട്ടൻ ഞങ്ങളെ നയിച്ചു. അവിടെ വലിയൊരു ഉരു പൂർത്തിയായികൊണ്ടിരിക്കുന്നു. എടത്തൊടി സത്യന്റെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. സത്യൻ അവിടെയുണ്ടായിരുന്നു. ഇത് ഖത്തർ രാജവംശത്തിനുവേണ്ടി തയ്യാറാവുന്ന ഉരുവാണ്. ഞാൻ കുറേക്കാലം ഖത്തറിലും ജോലി നോക്കിയിരുന്നു.

ഇപ്പോൾ നാട്ടിൽ അവിടുള്ള അറബികൾക്കുവേണ്ടിയാണ് മിക്ക ഉരുവും നിർമ്മിക്കുന്നത്. പണ്ടിവിടെ ആനയുള്ള തറവാട് എന്നു പറയുന്നതുപോലെയാണ് അവർക്ക് ഇത്ര വലിപ്പമുള്ള ഉരു എന്നത്. ഇവിടെ നിന്ന് പൂർത്തിയാവുന്ന ഉരു ദുബായിലെത്തിച്ച് അവിടെ നിന്ന് ഇന്റീരിയര് വർക്കും ചെയ്യും. അതിനും കോടികളാവും. പൂർത്തിയായ ഉരു രാജാക്കൻമാരുടെ അതിഥികളേയും കൊണ്ട് ഉല്ലാസ സഞ്ചാരത്തിനാണ് ഉപയോഗിക്കുന്നത്. ആഢംബരങ്ങളുടെ അവസാനവാക്കാണ് അവർക്ക് ഉരു. ബേപ്പൂരിന്റെ സ്വന്തം മറൈൻ എഞ്ചിനിയറിങ് വിസ്മയം കൂടിയാണിത്. മനക്കണക്കിന്റെ പുറത്താണ് ഉരു തയ്യാറാവുന്നത്. തയ്യാറായ ഉരു പിന്നെ മറൈൻ എഞ്ചിനിയറിങ്ങിന്റെ അംഗീകാരം കിട്ടാനായി യോഗ്യതയുള്ളവരുടെ സർട്ടിഫിക്കറ്റ് സ്വന്തമാക്കും. യഥാർഥ ശിൽപികൾ കടലാസിനു പുറത്താകും. എന്നാലും ബേപ്പൂരും ഇവിടുത്തെ ഉരു നിർമ്മാതാക്കളും ഇന്നും എന്നും ഒരു വിസ്മയം തന്നെയാണ്.

Beypore

കപ്പലിനെ കുപ്പിക്കുള്ളിലാക്കുന്നവർ

ബേപ്പൂരിൽ തന്നെയാണ് കപ്പലിനെ കുപ്പിക്കുള്ളിലൊതുക്കുന്ന വിദ്യയുള്ളത്. അങ്ങിനെ മുളംതണ്ടുകളും ഈറ ചീളുകളും കൊണ്ട് കുപ്പിക്കുള്ളിൽ പായ്കപ്പലുകൾ തീർക്കുന്ന മണിയുടെയും കൃഷ്ണന്റെയും വീട്ടിലും പോയി. വളരെ ക്ഷമയും സൂഷ്മതയും വേണ്ട തൊഴിൽ. അതിസമർഥമായി കപ്പലിനെ കുപ്പിക്കുളളിലാക്കുന്ന ഈ വിദ്യ ഒന്നു കാണേണ്ടതു തന്നെയാണ്. പിന്നെ ബേപ്പൂർ സുൽത്താന്റെ വീടു കണ്ടു. സുൽത്താൻ നാടുനീങ്ങിയെങ്കിലും ആ സാഹിത്യസ്മരണകൾ അവിടെ നിറഞ്ഞുനിൽക്കുന്നു. വീണ്ടും നടത്തം തുടങ്ങി. ഗോതീശ്വരം കടപ്പുറത്ത് കാറ്റാടിമരങ്ങൾ തണൽവിരിച്ച വഴികളിലൂടെ നടന്നു. തൊട്ടടുത്തൊരു ബീച്ച് റിസോർട്ടുണ്ട്. വഴികളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒരു പ്രശ്‌നമായി തോന്നിയത്. മാറാടിലൂടെ നടക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത വന്നു പൊതിയുന്നതറിയാം. ഒരു ദുരന്തത്തിന്റെ ഓർമ്മകളിൽ കണ്ണീരിന്റെ ഉപ്പുരസം പുരണ്ടിരിക്കുന്നു. കടൽകാറ്റിൽ തുരുമ്പെടുത്തുപോയ സ്പർശം പദ്ധതിയുടെ കെട്ടിടങ്ങൾ ഒരു കറുത്ത അധ്യായത്തിന്റെ ഓർമ്മയായി മനസിനെ നൊമ്പരപ്പെടുത്തുന്നു. നടന്നു നടന്ന് കോതിയെത്തി. രണ്ട്‌ പേരിരുന്ന് വലനെയ്യുന്നു. ചൂള പിടിക്കാനുള്ള വലയാണിത്. കടലിന്റെ റാണിയല്ലേ ചൂള. വലനെയ്യുന്നവരുടെ അടുത്തുണ്ടായിരുന്ന ഷാഫി പറഞ്ഞു. ഷാഫി തിരുവനന്തപുരത്തു നിന്നെത്തി കോതിക്കാരനായി മാറിയതാണ്. ഇവിടെ നിന്നും കല്യാണം കഴിച്ച് 91 മുതൽ ഇവിടുന്ന് മീൻപിടിക്കാനും പോവുന്നു.

സമയം ഉച്ചയാവാറായി. വലനെയ്യുന്നവരും അവിടെയുണ്ടായിരുന്നവരും എഴുനേറ്റ് പള്ളിയിൽ പോവാനുള്ള ഒരുക്കത്തിലായി. ഞങ്ങൾ മുന്നോട്ടും. എരിപൊരി വെയിലിൽ ദാഹം കത്തികയറാൻ തുടങ്ങി. അപ്പോഴാണ് മുന്നിലൊരു സർവത്ത് കട. കടക്കാരൻ അകത്താണ്. രണ്ട് സോഡാ സർവത്ത് വേണം. ഹൃദ്യമായ ചിരിയോടെ അയാൾ വരവേറ്റു. ആ ​ഗ്ലാസ്സ് ഒന്നു എടുത്തുതരാമോ? ആ വെള്ളം...ആ സോഡ... അങ്ങിനെ എല്ലാം നമ്മളു തന്നെ എടുത്തുകൊടുക്കണം. ഇനി സർവ്വത്തുണ്ടാക്കി നിങ്ങളു തന്നെയങ്ങ് കുടിക്കോ-നസീർ ചോദിച്ചു. ഹൃദ്യമായൊരു ചിരിയായിരുന്നു മറുപടി. എന്തായാലും ദാഹം ശമിച്ചു. ഇനി വിശപ്പാണ് പ്രശ്‌നം. കോതിപ്പാലത്തിലൂടെ കല്ലായിപ്പുഴ കടലിനോട് ചേരുന്നയിടം കടന്ന് കോഴിക്കോട്ടെത്തി. ലഞ്ച് ഹൗസിൽ നിന്നൊരു ഉച്ചഭക്ഷണവും കഴിച്ച് കോഴിക്കോട് കടപ്പുറത്തെ കാറ്റാടി തണലിൽ ഒരു ഉച്ചമയക്കം.

ഒരു പാട് ചരിത്രവും കഥകളും ഉറങ്ങികിടക്കുന്ന മണൽതരികളാണിവിടെ. തെക്കുഭാഗത്തെ പാറയ്‌ക്കൊരു കടൽകൊള്ളക്കാരന്റെ കഥ പറയാനുണ്ട്. കുപ്രസിദ്ധനായ കടൽകൊള്ളക്കാരൻ ക്യാപ്റ്റൻകിഡ് തന്റെ കൊടുംപാതകങ്ങൾക്ക് തുടക്കം കുറിച്ചത് ഇവിടെയാണ്. കോഴിക്കോട് തുറമുഖത്തു നിന്ന് ഒരു കപ്പൽ മഡഗാസ്‌കറിലേക്ക് തട്ടികൊണ്ടുപോയി. ഇവിടെ വെള്ളത്തിനടിയിൽ കുറൈറ്റീവ് എന്ന പാറക്കെട്ടുകൾ ഉണ്ട്. ഇം​ഗ്ലീഷ് കമ്പനിയുടെ ഈ പേരിലുള്ള കപ്പൽ മുട്ടിതകർന്നതു കൊണ്ടാണത്രേ ഈ പേര് വന്നത്. ആകാശവാണി ഇവിടെയാണ്. തിക്കോടിയനും എൻ എൻ കക്കാടും എന്നുവേണ്ട സാഹിത്യവും പാട്ടും കഥയുമെല്ലാമായ കോഴിക്കോടൻ ആകാശവാണിക്കാലം സമ്പന്നമായിരുന്നു. മലഞ്ചരക്കുകൾ കയറ്റുമതി ചെയ്ത സമ്പന്നതയുടെ ഭൂതകാലത്തിലേക്ക് സാംസ്‌കാരിക തനിമകളുടെയും കലയുടെയും ഇറക്കുമതിയും നടന്നിരുന്ന മണ്ണും ഇവിടെയാണ്. സായാഹ്നത്തിൽ ഈ കരയും സമുദ്രമാവും. ജനസമുദ്രം. വീണ്ടും നടന്ന് പുതിയാപ്പ ഫിഷിങ് ഹാർബറിൽ സായാഹ്നം ചെലവഴിച്ചു. പുത്തൻമത്തിയും ചെമ്മീനുമായിരുന്നു അന്ന് മാർക്കറ്റിലെ താരങ്ങൾ. ലേലം മുറുകി, മീനുമായി ലോറികൾ നാടിന്റെ നാനാഭാഗങ്ങളിലേക്ക് കുതിക്കുകയായി. അന്നത്തെ യാത്ര അവിടെ അവസാനിപ്പിച്ചു.

Ship in the Bottle

രണ്ടാം ദിവസം

പിറ്റേന്ന് രാവിലെ അടുത്ത സെക്ഷൻ ആരംഭിക്കുകയായി. നസീറിന്റെ ശിഷ്യൻമാരിലൊരാളായ അജിത്ത് കൂടെ വന്നു. ഫോട്ടോഗ്രാഫിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങളും ഈ ഗുരുവിൽ നിന്ന് പഠിക്കുന്ന അനേകരിൽ ഒരാളാണ്. കോഴിക്കോട് യുണിവേഴ്സ്റ്റിയിലെ ഗവേഷക വിദ്യാർഥി കൂടിയായ അജിത്. പുതിയാപ്പയിൽ നിന്ന് അടുത്ത് വെങ്ങാലി ഗേറ്റിനപ്പുറം കുടുംബശ്രീക്കാരുടെ വക നല്ലൊരു നാടൻ ഹോട്ടലുണ്ടെന്നറിഞ്ഞ് ആദ്യം അങ്ങോട്ട് വെച്ചുപിടിച്ചു. വെള്ളാപ്പം തയ്യാറാവുന്നതേയുള്ളൂ. കറിയായിട്ടില്ല. പാലും പഞ്ചസാരയും കൂട്ടി തരാം. ശാന്താ ഏടത്തി പറഞ്ഞു. സന്തോഷായി. ചെറുപ്പത്തിൽ എത്രവട്ടം ഇങ്ങനെ വെള്ളാപ്പം തിന്നിരിക്കുന്നു. ചായയും കൂടിച്ച് വീണ്ടും കടപ്പുറത്തേക്ക്. ഇവിടെ വാട്ടർ അതോറിറ്റിയുടെ ഒരു ഗസറ്റ് ഹൗസുണ്ട. കടലിന്റെ മനോഹാരിത ആസ്വദിക്കാന് പറ്റിയ ഇടം. വലതുവശത്ത് പുതിയാപ്പ തുറമുഖം. ചെങ്കൽ പാറകൾ നിറഞ്ഞ വലതുവശം. തിരമാലകളുടെ നിത്യസല്ലാപത്തിൽ രൂപം മാറിയ ശിലാരൂപങ്ങൾ. ഗസ്റ്റ്ഹൗസിന്റെ ഓരം പറ്റിയ നടപ്പാതയിലൂടെ ഞങ്ങൾ നടന്നു. ആരുടെയൊക്കെയോ പറമ്പിലെ ഒറ്റയടിപ്പാതകൾ. കല്ലിട്ട വഴികൾ, കല്ലുമ്മക്കായതോട് നിറഞ്ഞ വഴികൾ. അങ്ങിനെയങ്ങിനെ...

Beach 2

പോലീസുണ്ട്, മോക്ഡ്രില്ലാണ്

ചെട്ടിക്കുളത്തെ്തതിയപ്പോൾ കരയിൽ പോലീസുകാരും നാട്ടുകാരും ഇരിക്കുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടാവുമെന്നു കരുതി. മണൽ എടുക്കരുതെന്ന ബോർഡും കണ്ടപ്പോൾ ഓ മണൽകടത്തായിരിക്കും പ്രശ്‌നമെന്നു തോന്നി. എന്നാൽ പോലീസുകാർ വന്നത് അതിനായിരുന്നില്ല. അതൊരു മോക്ഡ്രില്ലിന്റെ ഭാഗമാണ്. കടലിൽ നിന്ന് ഭീകരവാദികൾ വന്നാൽ എങ്ങിനെ പെരുമാറണം കൈകാര്യം ചെയ്യണമെന്നതിന്റെ പരിശീലനം. ഈ മണൽ ബോർഡ് പിന്നെന്തിനാണ്. അത് ഇവിടം പണ്ട് ഞങ്ങളെല്ലാം കളിച്ചുകൊണ്ടിരുന്ന മൈതാനമായിരുന്നു. എന്നാൽ മണൽലോബി മണൽ കടത്തി കടത്തി കടലിങ്ങ് പോന്നു. ഇനിയും തുടർന്നാൽ ഞങ്ങളുടെ വീടൊന്നും ബാക്കിയുണ്ടാവില്ല. റസിഡന്റ് അസോസിയേഷൻ സെക്രട്ടറിയായ കുഞ്ഞിരാമേട്ടൻ പറഞ്ഞു. അവിടെ കടല് നല്ല മണലാണ് കൊണ്ടിടുന്നത്. അത് വാരിപോവുന്നത് കൊണ്ട് നല്ലൊരു തീരവും നഷ്ടമാവുന്നു. താമസിക്കാനല്ലെങ്കിലും കൂറ്റൻ മണിമാളികകൾ തീർക്കുന്നതിൽ നമുക്കൊരു നാണക്കേടുമില്ലല്ലോ. കടൽതീരത്തു തന്നെ ഇത്തരം വീടുകൾ ഏറെ കാണാം. നാടൻ ഫുട്‌ബോൾ മൈതാനവും സൊറ പറഞ്ഞിരിക്കാൻ മരകൊമ്പിൽ തീർത്തിരിക്കുന്ന ഇരിപ്പിടങ്ങളുമെല്ലാം കടൽതീരത്തെ സായാഹ്നജീവിത ചിത്രങ്ങളാണ്.

വെയിലു മൂക്കാൻ തുടങ്ങി. പക്ഷെ നടത്തത്തിനു ഉഷാറ് കുറഞ്ഞില്ല. എലത്തൂർ എത്താറായ്. അവിടെ കോരപ്പുഴ കടക്കണം. അതിന് കൂറേ ദൂരം പോയി കോരപ്പുഴ പാലം കടന്ന് തിരിച്ചുവരേണ്ടിവരും. കോരപ്പുഴ കടലിൽ ചേരുന്നിടത്ത് രൂപം കൊണ്ട മണൽതട്ടും പരിസരവും നല്ല സ്ഥലമാണ്. നിറയെ ഞെണ്ടുകളും പക്ഷികളും വരവേൽക്കുന്നു. ഞണ്ടുകൾ മാളത്തിലേക്കോടിയൊളിക്കുന്നതിന്റെയും പക്ഷികൾ ഇരയെ കൊത്തിയെടുക്കുന്നതിന്റെയും കൂട്ടത്തോടെ പറക്കുന്നതിന്റെയുമെല്ലാം ദൃശ്യചാരുതകൾ കണ്ട് കണ്ട് മനം നിറയവെ, വല നിറയെ മീനുമായൊരു വള്ളം കരയ്ക്കടുത്തു. അവരതിനെ ഫ്രീസറിലാക്കികൊണ്ടിരിക്കുകയാണ്. അക്കരെ കടക്കാൻ ഒരു വള്ളം കിട്ടുമോ? അവരോട് ചോദിച്ചു. ഞങ്ങൾ വള്ളം കയറ്റി കഴിഞ്ഞു. അവിടെ മീൻ പിടിക്കാനിറങ്ങുന്നവരാരെങ്കിലും കാണും അവരോട് ചോദിച്ചു നോക്കൂ. ഉസ്മാൻകോയയുടെ ജീവിതവീക്ഷണം വലയൊരുക്കി തോണിയിലെ വെള്ളം കോരികളഞ്ഞൊരാൾ തീരത്തുണ്ടായിരുന്നു. ഒരു ലുങ്കിയും മുഷിഞ്ഞ ഷർട്ടും തലക്കുടയും വെച്ച് അന്നത്തെ മീനുമായി പോവാൻ തയ്യാറെടുക്കുകയാണയാൾ.
''ഞങ്ങളെയൊന്ന് അക്കരെ കടത്തിതരാമോ''
''പിന്നെന്താ''
വല നിറഞ്ഞ ഒറ്റയാൾ തോണിയിൽ ഞങ്ങൾ അമർന്നിരുന്നു. പടിയിൽ ഇരിക്കണ്ട, താഴെയിരുന്നാൽ മതി. ചെറിയവള്ളമായതുകൊണ്ട് അതാ നല്ലത്. അയാൾ പറഞ്ഞു. ഷൂ ഊരിയിട്ട് വള്ളത്തിൽ അമർന്നിരിക്കുമ്പോൾ ചെറുതായി നനയുന്നുണ്ടായിരുന്നു. പക്ഷെ അനങ്ങാൻ പാടില്ല. ബാലൻസ് തെറ്റും. തോണി മറിഞ്ഞെന്നുമിരിക്കും. അയാൾ തുഴയാൻ തുടങ്ങി. ഒപ്പം വർത്തമാനവും. ആരു സഹായം ചോദിച്ചാലും എന്നെക്കൊണ്ട് ആവുന്നതാണെങ്കിൽ ചെയ്തിരിക്കും. അതാണ് എന്റെ പോളിസി. പിന്നെ എനിക്ക് ശത്രുക്കളില്ല. അന്നത്തെ വകയ്ക്ക് വേണ്ടി അധ്വാനിക്കുന്നു അതിൽ ആനന്ദവും കണ്ടെത്തുന്നു. മൂ്ന്നു മക്കളുള്ളതിന്റെ കല്യാണവും കഴിഞ്ഞു. അവരും എപ്പോഴും എന്നോടൊപ്പം തന്നെയുണ്ടാവും. മക്കളും കൊച്ചുമക്കളുമായി സന്തോഷമായി കഴിയുന്നു. ആരോടും അസൂയയും വിദ്വേഷവും വെച്ചുപുലർത്താതിരുന്നിൽ സന്തോഷത്തിന് മറ്റെങ്ങും പോവേണ്ടതില്ല. ഉസ്മാൻകോയ ഈ പത്തുതുഴ ദൂരത്തിനുള്ളിൽ തന്റെ ജീവിതവും ജീവിതവീക്ഷണവും പങ്കുവെച്ചു കഴിഞ്ഞു.

Beach 3

നടത്തം ചരിത്രത്തിലേക്ക്

വിശാലമായ പറമ്പാണ് പിന്നെ. കടൽഭിത്തിയാണ് അതിര്. കുറച്ചുനേരം ഭിത്തിയിൽ കയറിയിരുന്ന് വിശ്രമിച്ചു. കയ്യിലുണ്ടായിരുന്ന നിലക്കടല കൊറിച്ചു. പിന്നെ നടത്തം തുടർന്നു. കണ്ണൻകടവ് എന്നു പറഞ്ഞാൽ ഏതാണ്ട് ചെട്ടിക്കുളത്തിന് പടിഞ്ഞാറ്. അവിടെ അടുത്തവീട്ടിൽ നിന്നു കിട്ടിയ പപ്പായ ക്ഷീണം മാറ്റി. ജർമ്മൻകാരനായ ഒരാൾ ഡിസൈൻ ചെയ്ത വീട് കണ്ടു. ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്. നേരത്തെ വാടകയ്ക്ക് കൊടുക്കാറുണ്ടായിരുന്നു. ഏതാനും ചില റിസോർട്ടുകൾ ഉയർന്നിട്ടുണ്ട്. കല്ലുമ്മക്കായ ആണ് പ്രധാനം എന്ന് തീരത്ത് കൂട്ടിയിട്ടിരിക്കുന്ന തോടുകൾ പറയുന്നുണ്ട്.

നടന്ന് നടന്ന് ഞങ്ങളിപ്പോൾ ചരിത്രത്തിനടുത്തെത്തി. കാപ്പാട്. അറിയാമല്ലോ. വാസ്‌കോഡഗാമ കാലുകുത്തിയ സ്ഥലമെന്നു നമ്മൾ ചരിത്ര പുസ്തകത്തിൽ പഠിച്ച സ്ഥലം. എന്നാൽ ഇവിടെ നങ്കൂരമിടുക മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതിനും വടക്ക് മാറി പന്തലായനിയിലാണ് വാസ്‌കോഡഗാമ ആദ്യമിറങ്ങിയതെന്ന് ചരിത്രകാരൻമാർ തന്നെ തിരുത്തിയിട്ടുണ്ടിപ്പോൾ.. ഏതായാലും വാസ്‌കോഡഗാമ വന്നതിന്റെ ഓർമ്മയ്ക്ക് ഒരു സ്തൂപമുണ്ടിവിടെ. പിന്നെ വിനോദസഞ്ചാരവികസനത്തിനായി തീർത്ത കാററാടി തണലും ഇരിപ്പിടങ്ങളും ഹോട്ടലുകൾ ഉണ്ടെങ്കിലും ഒന്നിലും ചോറില്ല. നേരെ പൂക്കാട് പോയി ഹോട്ടൽ സൈകയിൽ നിന്ന് ഉച്ചയൂണും കഴിച്ച് തിരിച്ച് വന്ന് കാറ്റാടിതണലിൽ ക്ഷീണം ഇറക്കിവെച്ചു. പോക്കുവെയിൽ കതിരണിയാൻ തുടങ്ങിയപ്പോൾ വീണ്ടും നടത്തം തുടർന്നു.

തൂവ്വപ്പാറയിലെ റിസോർട്ടുകളും താണ്ടി നടനടയോ നട. വഴിക്ക് പോലീസുകാരെ കാണുന്നുണ്ടായിരുന്നു. അവരുടെ ചോദ്യം ചെയ്യലുമുണ്ടായിരുന്നു. വായിക്കുന്ന പോലീസുകാർക്ക് മാത്രം നസീറിനെ അറിയാം. അല്ലാത്തവർക്ക് എന്ത് നസീർ എന്ത് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ എന്ന മട്ട്. വൈകുന്നേരം കൊണ്ട് കൊയിലാണ്ടി ഹാർബറിലെത്തി. പൂർത്തിയായിട്ടില്ല അതിന്റെ പണി. എന്നാലും കുഴപ്പമില്ല. ഒരു സായാഹ്ന ചായ അവിടെ നിന്നാക്കി. അതു കഴിഞ്ഞ് നഗരത്തിലോട്ട് പോന്നു. അവിടെ ഹോട്ടൽ വാസം. രാത്രി മമ്മാസിൽ നിന്നൊരു ഭക്ഷണവും.

Birds

മൂന്നാംദിവസം, പാറപ്പള്ളിയും ഉരുപുണ്യകാവും

പിറ്റേന്ന് രാവിലെ പന്തലായനി കടപ്പുറത്ത് നിന്നു തന്നെ തുടങ്ങി. നടന്നു വരുമ്പോൾ ചെറിയൊരു തോട് കടലിൽ ചേരുന്നിടത്ത് വലിയൊരു കുന്ന് പാറപ്പള്ളിയായെന്നു മനസിലായി. അവിടെ ചൂണ്ടയിട്ടിരുന്നവർ അരികിലെ കുന്നിലൂടെ കയറിപോരാൻ പറഞ്ഞു. കുന്നു കയറി വേരുപാലം കടന്ന് പാറപ്പള്ളിയിലേക്ക് കയറി. അവിടെ സ്മരകശിലകളുടെയും ചന്ദനമരങ്ങളുടെയും ഇടയിലൂടെ കബർസ്ഥാനിലേക്ക് . ഒരുകൂട്ടം വിശ്വാസികൾ പ്രാർഥനാ നിരതരായിരിക്കുന്നു. ഞങ്ങൾ മാറി നിന്നു. ക്യാമറ എടുക്കാമോ എന്ന ശങ്കയുണ്ടായിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ അവരോട് ചോദിച്ചു. അവരീ നാട്ടുകാരേ അല്ല. പിന്നെ പള്ളിയുമായി ബന്ധപ്പെ്ടട ഒരാളെ കണ്ടു. പുറത്ത് എടുക്കുന്നതിന് കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങിനെ നടന്ന് നടന്ന് മലയിറങ്ങി. അവിടെ ചായക്കടയിൽ നിന്ന് പുട്ടും പഴവും പഞ്ചസാരയും കൂട്ടി തലേദിവസം രാത്രി എട്ടുമണിക്ക് തുടങ്ങിയ നിരാഹാരം അവസാനിപ്പിച്ചു. അഥവാ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.

മുന്നിൽ കടലും കണ്ട് നടക്കാൻ നല്ല റോഡ് നീണ്ടു നിവർന്നും വളഞ്ഞ് തിരിഞ്ഞും കിടക്കുന്നു. കഥകളും കാര്യവും പറഞ്ഞ് നട തുടങ്ങി. ചെളി കലർന്ന മണ്ണിൽ ഞണ്ടുകളുടെ കരവിരുതിൽ തീർത്ത ശിൽപഭംഗി കണ്ട് നസീറിന്റെ ക്യാമറകൾക്ക് അടങ്ങിയിരിക്കാനായില്ല. എന്നും കാടും കാണുന്നതുകൊണ്ടാവാം. പുതിയ കാഴ്ചകളിലേക്കത് മിഴി തുറന്നു കൊണ്ടേയിരുന്നു.

ഉരുപുണ്യകാവ്-പിതൃക്കൾക്ക് മോക്ഷം നൽകാൻ വിശ്വാസികൾ തിലോദകവുമായെത്തുന്ന സ്ഥലം. കടലോരത്ത് കുന്നിനു മുകളിലുള്ള ഈ ക്ഷേത്രം മനോഹരമാണ്. സാഗരങ്ങൾ സോപാനസംഗീതം പാടുന്ന പ്രകൃതി. ഇലകൊഴിച്ച് ശിഖരങ്ങൾ വിരുത്തി നിൽക്കുന്ന പാലമരത്തിന് എത്രയോ പ്രായമായി. മുന്നിലുള്ള പാറപ്പുറങ്ങൾ ഞണ്ടുകളുടെ താവളമാണ്. ക്ഷേത്രത്തിനടുത്താണ് പുലയൻകല്ല്, അതിനും ഒരു കഥയുണ്ട്. പ്രത്യേക മണമുള്ള കല്ലാണിത്. പാറയിൽ പറ്റി പിടിച്ച് വളരുന്ന പുല്ലിന്റെ മണമാണത്. തൊട്ടടുത്ത് ശ്രീ ശ്രീ രവിശങ്കറിന്റെ ചെറിയൊരു ആശ്രമമുണ്ട്.
ഇവിടെ കടലിൽ ഒരു കപ്പൽ മുങ്ങികിടപ്പുണ്ട്. വേലിയിറക്കത്തിൽ അതിന്റെ പുകകുഴൽ പൊങ്ങി കാണാം. കല്ലുമ്മക്കായ പറിക്കുന്നവർ ഇതിൽ പറ്റിപിടിച്ച കല്ലുമ്മക്കായകൾ പറിക്കാറുമുണ്ട്.

ക്ഷേത്രഭാരവാഹികളോട് കുശലം പറഞ്ഞ് പുറത്തിറങ്ങുമ്പോൾ അവിടേയും പോലീസ്. മോക്ഡ്രില്ലിനു കാത്തിരിക്കുന്നവർ. അവിടെ വെച്ച് നസീറിന്റെ മറ്റൊരു ശിഷ്യൻ അദിത്ത് ഒപ്പം കൂടി. കടൽഭിത്തിയിൽ നിന്ന് താഴെയിറങ്ങി മണലിൽ ഞണ്ടുകൾ തീർക്കുന്ന ഡിസൈൻ ഒപ്പിയെടുത്തുകൊണ്ട് നടത്തം തുടർന്നു. പാറക്കെട്ടുകളും ചുമന്ന മണ്ണുളള ഉയർന്ന പ്രദേശവുമാണ് ഇവിടെ കടലിനോട് ചേർന്നുള്ളത്. മുത്താഴത്തെത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കടുത്തിരിക്കുന്നത് കണ്ടു. വലയിൽ കുരുങ്ങിയ മീനെടുത്തു കൊണ്ടിരിക്കുകയാണവർ. തൊട്ടടുത്ത് വലിയൊരു പഴയ വീട്. അതൊരു ചായക്കടയാണെന്ന് തൊഴിലാളികൾ പറഞ്ഞു. അവർക്കൊപ്പം മീനെടുക്കുന്നതും നോക്കി അൽപം സംസാരിച്ചിരുന്നു. മുഹമ്മത്, അയാള് ഖത്തറിൽ നിന്ന് വന്നതാണ്. ലീവിന് വന്നാൽ വെറുതെയിരിക്കാറില്ല. ഇവിടെ കടലിലിറങ്ങും. ഖത്തറിലും അയാൾ കടലിൽ തന്നെയാണ്. അവിടെ കടലു നികത്തി ഒരു ദ്വീപ് പണിതുകൊണ്ടിരിക്കുന്നിടത്ത് ബോട്ടോടിക്കുന്ന ജോലിയാണയാൾക്ക്. കടലൂർ ലൈറ്റ് ഹൈസ് കണ്ട് കൊണ്ടായിരുന്നു യാത്ര. പക്ഷെ പിന്നെയത് കാഴ്ചയിൽ നിന്ന മറഞ്ഞു. തൊ്ട്ടടുത്താണെങ്കിലും കാണാൻ വയ്യ. കുന്നുപോലെയുള്ള സ്ഥലത്ത് പൂച്ചവാൽപുല്ലുകൾ വളർന്നു നിൽക്കുന്നതിനിടയിലൂടെ നടന്നു കോടിക്കൽ എത്തി. അവിടെയും ഒരു ഫിഷിങ് ഹാർബറുണ്ട്. അതു കഴിഞ്ഞാണ് കല്ലേത്ത് കടപ്പുറം വരുന്നത്.

Crab

ഇവിടെയുമുണ്ടൊരു ഡ്രൈവ് ഇൻ ബീച്ച്

കല്ലേത്ത് ഡ്രൈവ് ഇൻ ബീച്ചാണ്. മുഴപ്പിലങ്ങാടിന്റെ അത്ര വരില്ലെങ്കിലും ഇപ്പോൾ ഇവിടെ ധാരാളം ബൈക്കുകളും കാറുകളും കടൽവെള്ളത്തിലൂടെ ഡ്രൈവ് ചെയ്യാനെത്തുന്നു. വൈകുന്നേരങ്ങളിൽ ധാരാളം സന്ദർശകരും വരാറുണ്ട്. പണ്ട് വ്യാവസായിക പ്രതാപത്തിന്റെ ഓർമ്മകളും ഈ നാടിന് പങ്കുവെക്കാനുണ്ട്. തിക്കോടി അങ്ങാടി എന്നറിയപ്പെട്ടിരുന്ന ഇവിടെ ചെറിയൊരു തുറമുഖ പട്ടണം ആയിരുന്നു. തിക്കോടി തോട് കടലിൽ ചേരുന്നതിവിടെയാണ്. ആ തോട്ടിലൂടെ അന്ന് തോണികളിൽ തേങ്ങയും കൊപ്രയും മലഞ്ചരക്കുകളും അകലാപ്പുഴ വഴി നാടിന്റെ നാനാഭാഗങ്ങളിലേക്ക് അങ്ങോട്ടും ഇങ്ങോട്ടുമായി ഒഴുകിയിരുന്ന ഒരു പ്രതാപകാലം പഴമക്കാരുടെ സ്മരണകളിലുണ്ട്. വലിയ മുസ്‌ളീം തറവാടുകളും ഇവിടെ കാണാം. പലതും തകർന്നു കിടക്കുകയാണ്. കാർട്ടൂണിസ്റ്റ് ബി എം ഗഫൂറിന്റെയും എഴുത്തുകാരിയായ ബി എം സുഹറയുടെയുമൊക്കെ തറവാടായ കല്ലേത്ത് വീട് ഇവിടെ കാണാം. കല്ലേത്ത് എത്തുമ്പോൾ ഉച്ചയായി. ഇനി ഭക്ഷണം കഴിക്കണം. കടപ്പുറത്തെ ഹോട്ടലുകളിൽ ഊണു കിട്ടുന്നയിടം ഇല്ല. നേരെ തിക്കോടിക്ക് പിടിച്ചു. അവിടെ മത്തിയും കൂട്ടിയൊരു നാടൻ ഊണ്. പിന്നെ കടാപ്പുറത്തൊരു വിശ്രമം. വീണ്ടും നടത്തം.

Thodu

തിക്കോടിത്തോട്

നല്ല തെളിഞ്ഞ വെള്ളവുമായി ഒഴുകുകയാണ് തോട്. വേലിയേറ്റമായതിനാൽ കടൽ ഇങ്ങോട്ടാണ് ഒഴുകുന്നത്. അത് മുറിച്ചുകടക്കണം. ഷൂ അഴിച്ചു കയ്യിൽ പിടിച്ച് തോടിന്റെ മുട്ടറ്റം വെള്ളത്തിലൂടെ അക്കരെ കടന്നു. വീണ്ടും നടന്ന് നടന്ന് വിശാലമായ റോഡിലെത്തി. അവിടെ റോഡിന്റെ ഇരുവശങ്ങളിലും കല്ലുകൾ നാട്ടി വെള്ളയും കറുപ്പും പെയിന്റടിച്ച് മനോഹരമാക്കിയിട്ടുണ്ട്. പോവുന്ന വഴിക്കൊരു ബന്ധു വീടുണ്ട്. അവിടെ രാജേട്ടനോട് വിളിച്ചൊരു ചായ തയ്യാറാക്കിവെക്കാൻ പറഞ്ഞു. പക്ഷെ നടന്നു നടന്ന് ആ സ്ഥലം കടന്നു പോയതറിഞ്ഞില്ല. വഴിക്കൊരു പോലീസ് ജീപ്പ് വന്നു. ഉം എന്താ എങ്ങോട്ടാ എന്നൊക്കെ ചോദ്യം പോലീസ് സ്‌റ്റൈലിൽ. നിങ്ങള് ജയശ്രിയുടെ ഭർത്താവല്ലേ. ഞാൻ ജയശ്രിയുടെ അയൽക്കാരനാണ്. അവളുടെ ആങ്ങളയുടെ സുഹൃത്താണ്. പരിചയവും ബന്ധവും പറഞ്ഞതോടെ മസിൽ അയഞ്ഞു. ഇത് പയ്യോളി കടപ്പുറമാണ്. പി ടി ഉഷ ഓടി പഠിച്ച തീരം. പിന്നെയും നടന്ന് ആ റോഡ് മറ്റൊരു റോഡുമായി ചേരുന്നിടത്തെത്തി. കല്ലതിരുകൾ തീരുന്ന അവിടെ ഇരിങ്ങൽ പയ്യോളി റോഡ് എന്നെഴുതി വെച്ചിരിക്കുന്നു. ങ്ഹേ നമ്മൾ കൊളാവിയെത്തി. രാജേട്ടനെ വിളിച്ച് സോറി പറഞ്ഞു. പിന്നെ കൊളാവിമുക്കിലെ കടയിൽ നിന്ന് ചായയും കടിയും കഴിച്ചു. അവിടെ നിന്നും വീട്ടിലേക്ക് പോയി. നാളെ വരാമെന്നും പറഞ്ഞ്...

Beach 4

പൂട്ടിപ്പോയ ആമസംരക്ഷണകേന്ദ്രം

ഞങ്ങൾ നടന്ന് കൊളാവിപ്പാലത്തെ ആമ സംരക്ഷണകേന്ദ്രത്തിനടുത്തെത്തി. അതിപ്പോൾ പ്രവർത്തിക്കുന്നില്ല. ഒരു കാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതാണ്. പിന്നെ വിദേശഫണ്ടൊക്കെ വന്ന് സംഗതി വല്യ സംഭവമായി തുടങ്ങിയപ്പോൾ തമ്മിൽ തല്ലും പ്രശ്‌നങ്ങളുമായി. ഒരു രാത്രി ഒരു പറ്റം ആളുകൾ അവിടെയുണ്ടായിരുന്ന ആമയേയും മറ്റും എടുത്ത് കടലിട്ടു. അതോടെ ആ പ്രസ്ഥാനവും പൂട്ടിപ്പോയി.

Beach 5

ബാബുവിന്റെ കഥ

കൊളാവിപ്പാലത്തൊരു ചെറിയ ഹോംസ്‌റ്റേയുണ്ട്. മുല്ലക്കുളം എന്നാണ് പേര്. വലിയ പ്രസ്ഥാനമായിട്ടില്ല. പരിചയക്കാർക്ക് താമസിക്കാൻ കൊടു്ക്കും. നടത്തുന്നത് ബാബുവാണ്. രാത്രിക്കുള്ള ഭക്ഷണം വീട്ടിൽ നിന്നും പെങ്ങളു കൊണ്ടുവന്നു. ചപ്പാത്തിയും മീൻകറിയും കൂട്ടി അത്താഴവും കഴിച്ച് കടലും പുഴയും ചേരുന്ന ആ ദശാസന്ധിയിൽ ആ രാത്രി വർത്തമാനങ്ങളിലേക്ക് നീങ്ങി.

ബാബുവിന്റെ കഥയായിരുന്നു രസം. അദ്ദേഹം തന്റെ അനുഭവങ്ങളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോയി. ബാബു ഒരു പ്രിന്റിംഗ് പ്രസ് നടത്തുകയാണ്. ഒരു ദിവസം അതിനടുത്തുള്ള ഒരു എസ് ടി ഡി ബൂത്തിൽ ഒരു സ്ത്രീ ആരെയോ വിളി്ച്ച് വളരെ ടെൻഷനോടു കൂടി സംസാരിക്കുന്നു. അപകടവും ഹോസ്പിറ്റലും പ്രശ്‌നങ്ങളുമൊക്കെയാണ് ഹിന്ദിയിൽ അവർ പറയുന്നത്. ഹിന്ദി അറിയാവുന്ന ബാബു ഇടപെട്ടു. അല്ലെങ്കിലും ഇത്തരം വിഷയങ്ങൾ കേട്ടാൽ ബാബു ഇടപെടും.

മഹാരാഷ്ട്രയിൽ നിന്നുള്ള അവരുടെ വണ്ടി ഇവിടെ വെച്ച് അപകടത്തിലായതാണ്. പരിക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പോലീസും കേസുമെല്ലാമുള്ളതുകൊണ്ട് തന്നെ ഭാഷയറിയാത്ത ഈ നാട്ടിൽ അവർ ടെൻഷനിലാണ്. ബാബു അവരെ ആശ്വസിപ്പിച്ചു. അവർക്കൊപ്പം മെഡിക്കൽ കോളേജിൽ ചെന്ന് ചികിത്സയൊക്കെ ഏർപ്പാടാക്കി. പോലീസ് സ്‌റ്റേഷനിൽ ചെന്ന് കേസിന്റെ കാര്യങ്ങളും പരിഹാരമാക്കി. അവർക്ക് വീട്ടിൽ നിന്ന് നല്ല ഭക്ഷണവും ഉണ്ടാക്കി കൊടുത്തു. അങ്ങിനെ മഹാരാഷ്ട കുടുംബം മുംബയൈ്ക്ക് തിരിച്ചു പോയി. ഒരു നാൾ ബാബുവിനൊരു കോൾ. മുംബൈയിൽ നിന്നാണ്. ബാബുവിനും കുടുംബത്തിനുമുള്ള എയർ ടിക്കറ്റ് അയക്കുന്നു. മുംബൈ എയർപോർട്ടിൽ വണ്ടിയുമായി ഒരാൾ കാത്തിരിപ്പുണ്ടാവും. എന്തായാലും വരണം. അതായിരുന്നു ആവശ്യം. അങ്ങിനെ ബാബു ആദ്യമായി വിമാനത്തിലേറി.

മുംബൈയിലിറങ്ങിയ ബാബു തന്നെ കൂട്ടികൊണ്ടുവരാൻ വന്ന വണ്ടി കണ്ട് ഞെട്ടി. ആഢംബരത്തിന്റെ അങ്ങേതലക്കലുള്ള ഒരു കാർ. 'അതിൽ എങ്ങിനെ ഇരിക്കുമെന്നായിരുന്നു എന്റെ ശങ്ക. ഒര്യാന ഞാനതിൽ ഇരുന്നെന്നു പറഞ്ഞാ മതി.'' താമസിക്കാന് സ്റ്റാർ ഹോട്ടൽ കറങ്ങാൻ ആഢംബര കാർ. മുംബൈയിലെ തെരുവും കാഴ്ചകളും കണ്ട് ബാബു അമ്പരന്നു. ശരത്പവാറിന്റെ മരുമകളുടെ ഭർത്താവും കുടുംബവുമാണ് അന്ന് അപകടത്തിൽ പെട്ടത്. അവരെയാണ് ഞാൻ സഹായിച്ചത്. മുംബൈയിലെ വലിയ കക്ഷികൾ. ബാബുവിന് ചിത്രം തെളിഞ്ഞു. ഒന്നു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബാബുവിനൊരു ശങ്ക. കിഡ്‌നി വല്ലോം അടിച്ചുമാറ്റാൻ ക്ഷണിച്ചുകൊണ്ടുവന്നതായിരിക്കുമോ. ഛെ അങ്ങിനെ മനസിൽ പോലും സങ്കൽപിക്കരുതെന്നും മനസ് പറഞ്ഞു. നന്ദിയുടെയും സ്‌നേഹത്തിന്റെയും അനുരണനങ്ങളാണ് ഇതൊക്കെയും. ഇങ്ങിനെയും മനുഷ്യരുണ്ടിവിടെ..

ആ സ്‌നേഹം ഇന്നും തുടരുന്നു. ഇപ്പോഴും ഇടയ്ക്ക് വിമാന ടിക്കറ്റ് അയച്ചുകൊടുക്കും. മുംബൈയ്ക്ക് ചെല്ലാൻ. വെറും കയ്യോടെ പോയാൽ പോരാ. കരിക്കും കൊണ്ട് ചെല്ലണം. അന്ന് ആസ്പത്രിയിൽ കിടക്കുമ്പോൾ ബാബു കൊടുത്തയച്ച കരിക്കുൾക്ക് അത്ര മധുരമുണ്ടായിരുന്നു. ഹോം സ്‌റ്റേയുടെ പടിഞ്ഞാറ് കടലും കിഴക്ക് പുഴ പടർന്നൊഴുകിയ വെള്ളക്കെട്ടുമാണ്. നിറയെ കണ്ടലുകളുമുണ്ട്. ബാബു കുഴിച്ചിട്ട കണ്ടലുകളും കൂട്ടത്തിലുണ്ട്. മുറ്റത്തൊരു തുളസിക്കാടും.

Beach 6

നാലാംനാൾ

രാവിലെ എഴുന്നേറ്റപ്പോൾ മൂരാട് പുഴ കടക്കാൻ എന്താണൊരു മാർഗം എന്നാലോചിച്ചിരിക്കുമ്പോഴും ബാബു സഹായഹസ്തം നീട്ടി. പരിചയമുള്ള ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ പോയി തോണി കൊണ്ടുവരാൻ ഏർപ്പാടാക്കി. രാവിലെ അസീസ് മാഹി നസീറിനെ കാണാൻ വന്നു. മാഹിയിൽ യാത്ര അവസാനിപ്പിക്കുക്കുമ്പോള്‍ മാഷിന്റെ വീട്ടിൽ വരണമെന്നും പറഞ്ഞു. ഞങ്ങളോടൊപ്പം സാൻഡ്ബാങ്കസ് വരെ മാഷും വന്നു.

Beach 7

സാൻഡ്ബാങ്ക്‌സ്

കൊളാവി മുനമ്പിലേക്ക് നടക്കുമ്പോൾ ബാബുവും ഒപ്പം വന്നു. ഒരു വശം ഇളകിമറിയുന്ന കടൽ. മറുവശം കുറ്റ്യാടിപ്പുഴ കൊണ്ടുവന്നു നിക്ഷേപിച്ച മണൽപരപ്പ്. നദി കരകവിയുമ്പോൾ ഒഴുകുന്ന ചെറുതോടുകൾ. അക്കരെ സാൻഡ്ബാങ്ക്‌സിലെ ബം​ഗ്ലാവും നടപ്പാതകളും. ചെറുതോട് കടന്ന് മണൽപരപ്പിലൂടെ നടക്കുമ്പോൾ ദൂരം അശോകന്റെ തോണി കണ്ടു. അതിൽ കയറി ചെറിയൊരു തോടു കടന്നു. വീണ്ടും മണൽപരപ്പ്. നിങ്ങൾ നടന്ന് അപ്പുറം വാ. ഞാനങ്ങോട്ട് വരാം. അശോകൻ തോണിയും തുഴഞ്ഞ് കറങ്ങിവരുമ്പോഴേക്കും ഞങ്ങൾ മണൽപരപ്പിനപ്പുറത്ത് പുഴയുടെ കരയിലെത്തി. ഇളകിമറിയുന്ന കടലിന്റെ തുടർച്ചയായി പുഴയിലും ഓളങ്ങൾ. അതു മുറിച്ച് അക്കരയ്ക്ക്. മീൻപിടിത്തക്കാരും മണൽ വാരുന്നവരുമായി പുഴ രാവിലെ തന്നെ സജീവമായിരുന്നു. അഞ്ച് മിനിറ്റ് കൊണ്ട് അക്കരെയെത്തി. ഇതാണ് സാൻഡ്ബാങ്കസ്. പേര് അന്വർഥമായിരുന്നു ഒരു കാലം വരെ. ഇപ്പോൾ കടൽഭിത്തിയായതുകാരണം മണൽ കാണാനില്ല. പിന്നെ ഇരിപ്പിടങ്ങളും വിളക്കുകളുമെല്ലാമായി വിനോദസഞ്ചാര വികസന പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. തൊട്ടുത്തുള്ള ബിർളയുടെ വക ബംഗ്‌ളാവ് നശിച്ചുകൊണ്ടിരിക്കുകയാണ്. സംഗതി കേസിലാണ്.

Beach 8

വയസൻ കളബ്ബിലെ നിർബന്ധിത പപ്പടം

പ്രഭാതഭക്ഷണം ഇവിടെയാക്കാം. അപ്പോഴേക്കും നസീറിന്റെ ശിഷ്യൻമാർ രണ്ട്‌പേരും അന്നെത്തി. അങ്ങിനെ കോറം തികഞ്ഞു. പേരില്ലാത്തൊരു ഹോട്ടൽ. അവിടെ പ്രായമുള്ള മൂന്നു പേരാണ് ഭക്ഷണമൊരുക്കുന്നതും വിളമ്പുന്നതും എല്ലാം. വയസൻ കളബ്ബ് എന്നൊക്കെ നാട്ടുകാർ കളിയാക്കി പറയാറുണ്ട്. അതിലൊന്നും വലിയ കാര്യമില്ല. നല്ല പെരുമാറ്റം നല്ല ഭക്ഷണം- സംഗതി കൊള്ളാം

കഴിച്ചുകൊണ്ടിരിക്കെ സ്‌നേഹപൂർവ്വം ബാബു ഏട്ടൻ അടുത്തു വരും. അൽപം ബീഫ് ചാർ ഒഴിക്കട്ടേന്ന് ചോദിക്കും. ആ സ്‌നേഹം കാണുമ്പോൾ എങ്ങിനെ വേണ്ടെന്നു പറയും. ഇതാ ഈ പപ്പടം കൂടിയൊന്നു കൂട്ടി നോക്ക്. അടുത്ത പപ്പടം. ബില്ലു വരുമ്പോ ഈ സ്‌നേഹം ഉണ്ടാവുമോ നസീർ ചോദിച്ചു. ഓ അതൊന്നും കാണില്ല. ഞങ്ങളെത്ര കാലായി ഇത് സഹിക്കുന്നു. നാട്ടുകാരനായ ഒരു സഹചായകുടിയൻ പറഞ്ഞു. അസീസ് മാഷ് ആദ്യം എഴുന്നേറ്റു. ബിൽ കൊടുക്കാനാണ്. മാഷ് അങ്ങിനെയാണ് ബിൽ മറ്റാരും കൊടുക്കുന്നത് ഇഷ്ടമല്ല. എട്ട് പുട്ട്, മീൻ കറി, ഒരു ബീഫ്, പിന്നെ ഒരു നിർബന്ധിത പപ്പടവും. കഴിച്ചതിന്റെ എണ്ണം പറഞ്ഞു കൊടുത്തു. വലിയ ബില്ലൊന്നുമില്ല.

മാഷ് മാഹിക്ക് വണ്ടി കയറി. വൈകുന്നേരം മാഹിയിൽ വെച്ച് കാണാമെന്ന ഉറപ്പോടെ. ഞങ്ങൾക്കുള്ള സായാഹ്നഭക്ഷണം എന്തായാലും ഉറപ്പിച്ചു. അത് ഗംഭീരമായിരിക്കുമെന്നും മാഷെ അടുത്തറിയുന്നവർക്കറിയാം. അല്ലെങ്കിലും പൊതുവെ മാഹിയിലും തലശ്ശേരിയിലും അതിഥി സത്കാരം അൽപം കൂടുതലാണ്. വിഭവം കൊണ്ടവർ പള്ള നിറച്ചുകളയും. സ്‌നേഹം കൊണ്ട് മനസ്സും.

Beach 9

രക്തസാക്ഷികൾ ഉറങ്ങുന്ന മണ്ണ്

വടകരയിൽ കടൽപ്പാലം അനാഥമായി കിടപ്പുണ്ട്. പണ്ടിവിടെ കൊപ്ര കൊണ്ടുപോവാൻ ഉരുക്കളും ചെറിയ കപ്പലുകളും ധാരാളം വരാറുണ്ടായിരുന്നു. വലിയ മഞ്ചിലാക്കി തണ്ട് വലിച്ചാണ് ഉൾക്കടലിൽ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ചരക്കെത്തിച്ചിരുന്നു. അന്ന് തണ്ട് വലിക്കാൻ പോയ കൂട്ടത്തിലാണ് ഞാൻ. മീൻ പിടിച്ച വരുന്ന ബാലകൃഷ്‌ണേട്ടൻ കഥ പറഞ്ഞു.വഴിക്കൊരു കല്യാണ വീട് കണ്ടു. കയറി കഴിച്ചാലോ എന്നു തോന്നി. പിന്നെ എങ്ങിനെയായിരിക്കും സ്വീകരിക്കുകയെന്നു പറയാൻ പറ്റില്ലല്ലോ. ഞങ്ങൾ നടന്നു. സർബത്ത് കടയിൽ നിന്നൊരു ഉപ്പിട്ട നാരങ്ങവെള്ളം കുടിച്ചു.

ഇവിടെയുണ്ടൊരു കൊയിലാണ്ടി. അതും കടന്ന് ഒഞ്ചിയത്തെത്തി. ധീര രക്തസാക്ഷികൾ ഉറങ്ങുന്ന മണ്ണ്. കടൽതീരത്തുള്ള ഈ മണ്ണിലാണ് അവരെ അടക്കം ചെയ്തിരിക്കുന്നത്. അറക്കൽ പൂരം നടക്കുന്ന അറക്കൽ ദേവീ ക്ഷേത്രം കണ്ടു. ഇവിടെ ഗംഭീരവെടിക്കെട്ടു നടക്കാറുണ്ട്. ഏപ്രിൽ മാസത്തിലാണ് സാധാരണ ഉത്സവം നടക്കാറ്. നട്ടുച്ചയായി. വിശപ്പിന്റെ പൂരമായി. ഭക്ഷണം കിട്ടാൻ മെയിൻ റോഡിലേക്ക് തന്നെ പോവണം. മുക്കാളിയിൽ ദേശീയപാതയോരത്തെ റീനാ ഹോട്ടലിൽ നല്ല ഭക്ഷണം കിട്ടും. നാട്ടുകാരിലൊരാൾ പറഞ്ഞു. ശരിയാ തനിനാടൻ നല്ല ഭക്ഷണം. പൊരിച്ച മീനും കറിയുമെല്ലാം വീട്ടിലുണ്ടാക്കുന്നപോലെ തന്നെ രുചികരം. ആരോഗ്യത്തിനിണങ്ങിയത്.

തിരിച്ചെത്തി വിശ്രമിക്കാതെ തന്നെ നടത്തം തുടർന്നു. നസീറിനിപ്പോൾ ആവേശം കൂടിയിരിക്കുകയാണ്. കാട്ടിൽ മാത്രമല്ല കടലോരത്തുമുണ്ട് ജൈവവൈവിധ്യങ്ങൾ. ഉടുമ്പും കീരിയും ഞണ്ടും, കടൽപക്ഷികളും നിറഞ്ഞ ലോകം. പ്‌ളാസ്റ്റിക്കും മാലിന്യ്ങ്ങളും വലിച്ചെറിയുന്ന പരിസ്ഥിതി വിരുദ്ധരുടെയും ലോകമാണത്. കടലോരത്ത് വീട് കൊണ്ടുവെച്ച് വീട് കടലെടുത്തെന്ന് വിലപിച്ച് ഇരിങ്ങൽ പാറപോലുള്ള കൂറ്റൻ കരിങ്കൽ പാറകൾ നാം കടലിൽ കൊണ്ട് തള്ളി കാശടിച്ച് മാറ്റി. തീരനിയമം പണ്ടേ കൊണ്ടുവരേണ്ടതാണെന്നും കടലിൽ കല്ലിട്ടല്ല കണ്ടലും കാടും വളർത്തി കടലാക്രമണം തടയാമെന്നും നാം തിരിച്ചറിഞ്ഞില്ലല്ലോ എന്ന സത്യവും ഈ യാത്ര ബോധ്യപ്പെടുത്തുന്നുണ്ട്.

ചോമ്പാല ഫിഷിങ് ഹാർബർ. യന്ത്രവത്കൃത ബോട്ടുകളിൽ നിന്നുള്ള ഓയിൽ പരന്ന് വികൃതമായിട്ടുണ്ടിവിടെ വെള്ളം. ഇവിടെ മത്സ്യബന്ധനം തകൃതിയാണ്. ബോട്ടുകൾ അടുക്കുന്നതുകൊണ്ട് തന്നെ കച്ചവടവും പൊടിപൊടിക്കുന്നു. ഉച്ചഭക്ഷണം ഇവിടെ കിട്ടും. ഹാർബറിനപ്പുറം വിശാലമായ കാറ്റാടിക്കാടുണ്ട്. കടലോരത്ത് വിശാലമായ മണൽപരപ്പും. തീരത്തു കൂടെ തന്നെ നടന്നു. വെയിലിനെ തോൽപ്പിക്കാൻ മുഖം മൂടിയും തൊപ്പിയുമണിഞ്ഞ് വേഗം വേഗം നടന്നു. ചോമ്പാലതോട് കടന്ന് വീണ്ടും നടത്തം. ചിലയിടത്ത് ആർ എസ് എസ്സിന്റെ കൊടിയും മറ്റിടത്ത് സിപിഎംന്റെ കൊടിയുമായിരുന്നു ഇതുവരെ കണ്ടതെങ്കിൽ ഇവിടുന്നങ്ങോട്ട് എസ് ഡി പി ഐ യുടെ കൊടികളാണ് കൂടുതലും. കടൽകാറ്റിലാടുന്ന കൊടികളിൽ ഒരോ പ്രദേശത്തിന്റെയും രാഷ്ട്രീയശക്തി തിരിച്ചറിയാം.

Beach 9

അഴിയുടെ ഊരിൽ

അഴിയൂരെത്തി. മയ്യഴി പുഴ കടലിൽ ചേരുന്ന അഴിയുടെ ഊര്. കോഴിക്കോട് ജില്ല ഇവിടെ അവസാനിക്കുകയാണ്. ഫ്രഞ്ച് അധിനിവേശത്തിന്റെ ചരിത്രവുമായി, മയ്യഴിപ്പുഴയുടെ തീരങ്ങൾ കാത്തിരിക്കുന്നു. അടരവുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വന്നു വിളിച്ചാലും എന്നു അൽഫോൺസച്ചൻ പാടിയത് ഈ നാടിനെ പറ്റിയാണ്. എം മുകുന്ദന്റെ നാടാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കഥാപാത്രങ്ങൾ ഈ തീരത്തുണ്ട്. അവരേയും കണ്ട് നാലുദിവസത്തെ യാത്രയ്ക്ക് വിരാമമിടുകയാണ്.

Beach 10

നമ്മക്ക് കേരളം മുഴുവൻ ഇങ്ങനെ നടക്കണം. നസീർ പറഞ്ഞു. ഞങ്ങളെല്ലാം അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പിന്നെ അസീസ് മാഷിന്റെ വീട്ടിലേക്ക് മാർച്ചു ചെയ്തു. ഒരു കുളിയും പള്ള നിറയെ വിഭവങ്ങളും.. വെയിലേറ്റ് കരുവാളിച്ച ശരീരവും നടന്ന് നടന്ന് ഉഷാറായ മനസുമായി മടക്കയാത്ര. വാസരശ്രീ കന്യകയെ വാരി വാരി പുണരുമ്പോൾ സാഗരത്തിൻ ഉൻമാദം പാടുന്നു. മനസറിഞ്ഞ് വെച്ച പോലെ ബസ്സിലെ പാട്ട്...

Content Highlights: Kozhikode Beach, Trekking with Wildlife Photographer NA Naseer, Beach Travel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented