Photo:P. Jayesh| Mathrubhumi Library
താന്‍ ദിവസങ്ങള്‍ കൊണ്ട് കൊത്തിയുണ്ടാക്കിയ കുഞ്ഞു ഗണപതിയെ പ്രതിഷ്ഠിക്കാന്‍ അനുവാദം കിട്ടാതെ വിഷാദവാനായി ആല്മരത്തണലില് നില്ക്കുന്ന 'പെരുന്തച്ചന് മുന്നില്‍ ഇവിടെ പ്രതിഷ്ഠിച്ചോളൂ എന്ന് ആശ്വാസ വചനവുമായി കിഴക്കേക്കര ക്ഷേത്രാധികാരി....
തെക്കര്‍ക്ക് കൃഷ്ണനാട്ടം മനസിലാവില്ലെന്ന് സാമൂതിരി പറഞ്ഞതില്‍ ദുഃഖിതനായി ഗണപതി സന്നിധിയില്‍ കുളക്കടവില്‍ ഇരിക്കുമ്പോള്‍ രാമനാട്ടം മനസിലുദിച്ചു, കൊട്ടാരക്കര തമ്പുരാന്. കഥകളിയുടെ ആദിരൂപങ്ങള്‍ കുളത്തിലെ ഓളങ്ങള്‍ക്കൊപ്പം ആടിത്തെളിഞ്ഞു ആ മനോമുകുരത്തില്‍. ഇപ്പോള്‍ ജീവിതപ്രാരാബ്ദങ്ങളുമായി ആയിരങ്ങള്‍ ഗണപതിക്കരികില്‍ എത്തുന്നു. പ്രണവസ്വരൂപനായ ഗണപതി തിരുമുന്നില്‍ സങ്കടങ്ങളുടെ കെട്ടഴിച്ച് ശാന്തരായി മടങ്ങുന്നു. ശിവനും പാര്‍വ്വതിയും ഗണപതിയും ചേരുന്ന ഇവിടം വിശ്വാസികള്‍ക്ക് കൈലാസമാ
ണ്. സഞ്ചാരികള്‍ക്കും ചരിത്ര ഐതിഹ്യ കുതുകികള്‍ക്കും പ്രിയപ്പെട്ട ഇടം. കൊട്ടാരക്കര ഗണപതി ക്ഷേത്രം.
ഉണ്ണിയപ്പപ്പരുമ
കോവിഡ് നിയന്ത്രണങ്ങള്‍ക്കും മുന്പൊരിക്കലാണ് പോയത്. അതിരാവിലെ തന്നെ വിഘ്നേശ്വരനെ കണ്ടുവണങ്ങാന്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. തൊഴുതു വണങ്ങി ഉണ്ണിയപ്പം വാര്ക്കുന്നിടത്തേക്ക് ചെന്നു. അതും നോക്കി ഏറെ നേരം ഇരുന്നു. ഒപ്പം ഉണ്ണിയപ്പത്തിന്റെയും അമ്പലത്തിന്റെയും ഐതിഹ്യമാധുര്യവും നുകര്‍ന്നു.
ഇളയിടത്ത് രാജവംശത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും കാരണക്കാരനായ പരമേശ്വരന് കുടികൊള്ളുന്ന പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് എത്തിയതായിരുന്നു പെരുന്തച്ചന്. ദാരുവേലയുടെ വിശ്രമവേളകളില്‍ മനസിലുണര്‍ന്ന ഗണപതിരൂപം തൊട്ടടുത്ത് കിടന്ന വരിക്കപ്ലാവിന്റെ വേരില്‍ കൊത്തി. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോഴേക്കും മനോഹരമായൊരു കുഞ്ഞുഗണപതിയും ജനിച്ചു. പക്ഷേ, പടിഞ്ഞാറ്റിന്‍കര ക്ഷേത്ര അധികാരി ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാന്‍ അനുവദിച്ചില്ല.
അങ്ങനെ ഗണപതിയെയും കയ്യില്‍ വെച്ച് കിഴക്കേക്കരയിലെ ശിവക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ ഇരിക്കുമ്പോഴാണ് ക്ഷേത്രമേല്‍ശാന്തി അതുവഴി വന്നത്. തന്റെ ആഗ്രഹം അദ്ദേഹത്തോട് പറഞ്ഞു. അവിടെ പ്രതിഷ്ഠിച്ചോളാന് അനുവാദവും കിട്ടി. പ്രധാന കോവിലിന് പുറത്ത് തെക്കോട്ട് ദര്‍ശനമായി തച്ചന് തന്റെ ഉണ്ണിഗണപതിയെ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തില്‍ നിവേദ്യം കഴിഞ്ഞപ്പോള്‍ മേല്‍ശാന്തിയുടെ കയ്യില്‍ കിട്ടിയത് കുറച്ച് ഉണ്ണിയപ്പം. തച്ചന്റെ ഗണപതിക്ക് ഉണ്ണിയപ്പം നൈവേദ്യം നല്കി. ആരാധിച്ചു. അങ്ങിനെ തച്ചന്റെ ഗണപതിയും ഉണ്ണിയപ്പത്തിന്റെ കീര്‍ത്തിയും നാള്‍ക്കുനാള്‍ ഉയരാന്‍ തുടങ്ങിയെന്നും ഐതിഹ്യം
അമ്പലപ്പുഴ പാല്പായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര ഉണ്ണിയപ്പവും. കൊട്ടാരക്കരയില്‍ മിക്ക വീടുകളിലെയും വിശേഷാല്‍ ചടങ്ങുകള്‍ക്ക് ഉണ്ണിയപ്പം എത്തും.
പണ്ട് ഉണ്ണിയപ്പം ചുടുമ്പോള്‍ കിലോമീറ്ററുകള്‍ക്കകലെ വരെ മണം പൊങ്ങിപ്പരക്കുമായിരുന്നത്രേ. അന്ന് തിരുവല്ലയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കുന്ന പനിയന് ശര്‍ക്കര, പാചകത്തിന് വെളിച്ചെണ്ണയും നെയ്യും സമാസമം എന്നിങ്ങനെയായിരുന്നത്. ഇപ്പോള്‍ ശര്‍ക്കരയുടെ ഗുണനിലവാരം കുറഞ്ഞതൊക്കെ രുചിയെ ബാധിച്ചിട്ടുണ്ടെന്ന് പഴമക്കാര്‍ പറയുമെങ്കിലും ഈ വിഘ്നേശ്വര നിവേദ്യത്തിന്റെ കീര്‍ത്തി അനുദിനം കൂടുന്നു.
അളവുകള്‍ രഹസ്യമാക്കിവെക്കുമെങ്കിലും ചേരുവകള്‍ പുറത്തുപറയാന്‍ മടിയില്ല. അരിപ്പൊടി, ശര്‍ക്കര പാനി, ചുക്ക് പൊടി, ഏലക്കാപ്പൊടി, പാളയന്തോടന് പഴം, നാളികേരം, നെയ്യ് എന്നിവയാണ് ചേരുവകള്‍. ഇപ്പോള്‍ വെളിച്ചെണ്ണയിലാണ് പാചകം. മേമ്പൊടിയായി പഞ്ചസാര തൂവും. 36 കുഴിയുള്ള എട്ട് കാരയിലായി ഒരു സമയം 6400 ഉണ്ണിയപ്പം ചുട്ടെടുക്കാം . ഒരു പാക്കറ്റ് 10 എണ്ണം, 30 രൂപ. രാവിലെ 6.30 മുതല്‍ 11.15 വരെയും വൈകീട്ട് 5.05 മുതല്‍ 7.45 വരെയും ഉണ്ണിയപ്പം ലഭിക്കും.
മറ്റൊരു ചടങ്ങു കൂടി ഉണ്ണിയപ്പവുമായി ബന്ധപ്പെട്ട് ഇവിടെയുണ്ട്. ഉദയാസ്തമയപൂജ ആണത്. ഇഷ്ട കാര്യസിദ്ധിക്കായി നടത്തുന്നു. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ഇത്. ഉദയം മുതല്‍ അസ്തമയം വരെ ഉണ്ണിയപ്പം വാര്‍ത്ത് നിവേദിക്കുന്ന ഈ ചടങ്ങിനു പിന്നിലും ഒരു കഥയുണ്ട്. കുട്ടികളില്ലാത്ത ദുഖം പേറി നടന്ന കൊട്ടാരക്കര തമ്പുരാന് ഉണ്ണി പിറന്നാല്‍ ഉണ്ണിഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടാമെന്ന് പെരുന്തച്ചന് വാക്കുകൊടുത്തു. ഉണ്ണി പിറന്നപ്പോള്‍ ഉണ്ണിയപ്പം എത്ര വാര്‍ത്തിട്ടും ഗണപതിയെ മൂടാന്‍ തികയാതായി. ദുഖിതനായ തമ്പുരാന് ഉദയം മുതല്‍ അസ്തമയം വരെ ഉണ്ണിയപ്പം ഉണ്ടാക്കി ഗണപതിക്ക് നൈവേദ്യമൊരുക്കാമെന്ന് നമുരുകി പ്രാര്‍ഥിച്ചു. അന്നു മുതലാണ് ഈ പൂജ ആരംഭിച്ചത്.
ഈ ദിവസങ്ങളില്‍ പൂജ നടത്തുന്നവര്‍ക്കു മാത്രമാണ് ഉണ്ണിയപ്പം. 2041 വരെ എല്ലാ ഉദയാസ്തമയ പൂജകളും ബുക്ക് ചെയ്തിരിക്കുകയാണ്. ശങ്കരന് നമ്പൂതിരിയാണ് ഇപ്പോഴത്തെ മേല്‍ശാന്തി. കീഴ്ശാന്തിയായ മൈലം നീലമന താഴേമഠം വേണു പോറ്റിക്കാണ് ഉണ്ണിയപ്പത്തിന്റെ ചുമതല.
'എന്റെ അച്ഛനും മുത്തച്ഛനുമൊക്കെ ഇവിടെ മേല്‍ശാന്തിയായിരുന്നു. കുടുംബപരമായി ഞങ്ങള്‍ ഗണപതിദാസരാണ്.' വേണു പോറ്റി പറഞ്ഞു. ''അച്ഛന് ഇരിക്കുന്ന കാലത്താണ് ഇവിടെ സ്വര്‍ണ കൊടിമരം വരുന്നത്. എനിക്കാണെങ്കില്‍ അപൂര്‍വ ഭാഗ്യം കൂടി കിട്ടി. ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ നറുക്കെടുപ്പിലൂടെ ഉണ്ണിയപ്പത്തിന്റെ ചുമതല ലഭിക്കുന്ന ആദ്യത്തെ ആളാവാനുള്ള ഭാഗ്യം.'
ഉണ്ണിയപ്പ പെരുമയും ക്ഷേത്ര വിശേഷങ്ങളും കേട്ട് പുറത്തിറങ്ങി. ക്ഷേത്രാന്തരീക്ഷം മനസിനെ ശാന്തമാക്കുന്നതാണ്. കുളം ഇപ്പോള്‍ വിനോദ സഞ്ചാര വകുപ്പ് കൂടി ഏറ്റെടുത്ത് മോടി പിടിപ്പിച്ചിട്ടുണ്ട്. വട്ടശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമരുളി പരമശിവന്, പടിഞ്ഞാറോട്ട് പാര്‍വ്വതിയും തെക്കോട്ട് ഗണപതിയും.
ഐതിഹ്യപ്പെരുമയും കീര്‍ത്തിയും കൊണ്ട് അച്ഛനേക്കാള്‍ പ്രശസ്തനായത് ഇവിടെ മകനാണ്. പണ്ട് മണികണ്ഠേശ്വര ക്ഷേത്രം ആയിരുന്നു. പെരുന്തച്ചന്റെ ഗണപതി പ്രതിഷ്ഠ നടത്തിയതോടെയാണ് മഹാക്ഷേത്രമായത്. മേടത്തിലെ തിരുവാതിരയ്ക്കാണ് ഉത്സവം. 11 നാള് നീണ്ടു നില്ക്കുന്ന ഉത്സവത്തിന് ദേശക്കാരെല്ലാം എത്തുന്നു. ഉത്സവം കൊടിയേറിയാല്‍ ദേശക്കാര്‍ അവിടം വിട്ട് പോവരുതെന്നും വിശ്വാസം ഉണ്ടായിരുന്നു.
കഥകളിയുടെ ആദിരൂപമായ രാമനാട്ടത്തിന്റെ ഉദ്ഭവകേന്ദ്രമെന്ന നിലയില്‍ ക്ഷേത്രത്തിലെ ഉത്സവനാളുകളില്‍ ആട്ടവിളക്കുകളും തെളിയുന്നു. ഒപ്പം വിവിധ കലാപരിപാടികള്‍ കൊണ്ടും അമ്പലമുറ്റം കലാസാന്ദ്രമാവും. തീര്‍ഥക്കുളത്തിലെ ആറാട്ടിനു ശേഷമാണ് കൊടിയിറക്കം. പ്രദക്ഷിണവും കഴിഞ്ഞ് കുളക്കരയില്‍ കുറച്ചുനേരം ഇരുന്നു. ഉണ്ണിയപ്പത്തിന്റെ രുചിയറിഞ്ഞു. മേല്‍പ്പൊടി തൂകി പഞ്ചസാര തരികള്‍ ഒരു തീര്‍ഥയാത്രയുടെ മധുരമായി നാവില്‍ നിറയുന്നുണ്ടായിരുന്നു.
ഇവിടേക്ക് കോഴിക്കോട് നിന്നാണെങ്കില്‍ 319 കിലോമീറ്റര്‍. ആലപ്പുഴ ചങ്ങനാശ്ശേരി തിരുവല്ല ചെങ്ങന്നുര്‍ വഴി പോവാം. തിരുവനന്തപുരത്തു നിന്നാണെങ്കില്‍ 72 കി.മി. കെ.എസ് ആര്.ടി.സി ബസുകള്‍ ധാരാളം ഉണ്ട്. കൊട്ടാരക്കര റെയില്‍വേസ്റ്റേഷനാണ് ഏറ്റവും അടുത്തുളള റെയില്‍വേ സ്റ്റേഷന്. അര കിലോമീറ്റര്‍ ദൂരം.
Content Highlights: Kottarakkara Ganapathy Temple, Kottarakkara Unniyappam, Mathrubhumi Yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..