golden temple
ജലന്ദറില്‍ ബസ്സിറങ്ങിയ ശേഷം രണ്ട് ദിവസം താമസിക്കാന്‍ മുറിയന്വേഷിച്ച് നടക്കുകയായിരുന്നു ഞാന്‍. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കാര്യമാണ്. ഇന്റര്‍നെറ്റ് സംവിധാനങ്ങളൊക്കെ വ്യാപകമാവുന്നതിനും മുമ്പ്. നമുക്ക് വേണ്ട സൗകര്യങ്ങളുള്ള ഹോട്ടല്‍ മുറികള്‍ കൈയ്യിലുള്ള കാശിനൊത്ത് തിരഞ്ഞ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊന്നുമില്ല. ഒന്നു രണ്ട് ഹോട്ടലില്‍ കയറി. നഗരത്തിലെ ഗുരുദ്വാരയില്‍ എന്തോ ആഘോഷം നടക്കുന്നതു കാരണം തീര്‍ത്ഥാടകരുടേയും സഞ്ചാരികളുടേയും തിരക്കുണ്ട്. മുറികള്‍ക്കെല്ലാം മുടിഞ്ഞ വാടക. റെയില്‍വേ സ്റ്റേഷനിലെ വെയ്റ്റിങ് റൂമില്‍ താമസമാക്കേണ്ടി വരുമെന്ന് സംശയിച്ചു പോയി. ആകുലനായി നടക്കുമ്പോഴാണ് പാനിപൂരി വില്‍പ്പനക്കാരനായ സര്‍ദാര്‍ജി ഒരു വഴി പറഞ്ഞു തന്നത്. നഗരത്തിലെ തിരക്കുകളില്‍ നിന്ന് മാറി കുറച്ച് ഉള്ളിലേക്ക് പോയാല്‍ ഒരു ലോഡ്ജുണ്ട് നല്ല വൃത്തിയുള്ള മുറിയാണ്, വാടകയും കുറവ്. ഞാന്‍ സര്‍ദാര്‍ജി പറഞ്ഞിടത്തേക്ക് സൈക്കിള്‍ റിക്ഷ പിടിച്ചു. പത്തു മിനുറ്റ് സൈക്കിള്‍ പെഡലില്‍ ആഞ്ഞുചവിട്ടി മധ്യവയസ്കനായ ബീഹാറി ഒരു വയലിന്റെ കരയില്‍ റിക്ഷ നിര്‍ത്തി. ഇനി വിളഞ്ഞുനില്‍ക്കുന്ന ഗോതമ്പ് ചെടികള്‍ക്കിടയിലൂടെ പാടത്ത് കൂടെ മുക്കാല്‍ കിലോമീറ്റര്‍ നടക്കണം. ബാഗുമെടുത്ത് നടക്കാന്‍ തുടങ്ങി. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ ഒരു ചെറിയ കട കണ്ടു. സറ്റേഷനില്‍ ട്രെയിനിറങ്ങി കുറേ നേരം അലഞ്ഞു നടന്നതു കാരണം നല്ല തലവേദന ഉണ്ടായിരുന്നു. കടുപ്പമുള്ള ചായ കുടിച്ചാല്‍ ആശ്വാസം കിട്ടുമായിരിക്കും. 'ചായ് മിലേഗാ? ' ഞാന്‍ ചോദിച്ചു. കടക്കാരന് സര്‍ദാര്‍ജി തല കുലുക്കി. ഗ്ലാസിന്റെ കാല്‍ഭാഗത്തോളം വരുന്ന തേയിലയില്‍ കൊഴുപ്പുള്ള തിളച്ചപാല്‍ ഒഴിച്ച് സ്പെഷ്യല്‍ ചായ ഉണ്ടാക്കി തന്നു. ഞാനാ ചായ കുടിക്കുമ്പോള്‍ മുഴിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച പത്തോ പന്ത്രണ്ടോ വയസ്സ് തോന്നിക്കുന്ന ഒരു ആണ്‍കുട്ടി മുന്നില്‍ വന്നു നിന്നു. ' സര്‍ക്കസ് ദിഖാവൂംഗാ സാബ് ദസ് റുപ്പിയേ ദേ.'
പത്തു രൂപ തന്നാല്‍ സര്‍ക്കസ് കാണിച്ചു തരമെന്നാണ് ഒട്ടിയ വയറിനു മേല്‍ കീറിയ ഹാഫ്ട്രൗസര് ധരിച്ച പയ്യന് പറയുന്നത്. എനിക്കെന്തെങ്കിലും പറയാന്‍ കഴിയും മുമ്പ് അവന് അടുത്തുള്ള കലുങ്കിന് മുകളില്‍ ടെലിഫോണ്‍ ലൈനിനോ മറ്റോ വേണ്ടി ഉറപ്പിച്ചിരുന്ന ഇരുമ്പ് പോസറ്റിന്റെ അറ്റത്തേക്ക് വലിഞ്ഞു കയറി. അതില്‍ ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്ത് നിന്ന് തലയില്‍ കൈയ്യിലുണ്ടായിരുന്ന പ്ലാസറ്റിക് പാട്ട വെച്ച് അഭ്യാസങ്ങള്‍ക്ക് മുതിര്‍ന്നു. വേണ്ട താഴെയിറങ്ങിയാല്‍ കാശ് തരാമെന്ന് ഞാന്‍ പറയാന്‍ തുടങ്ങിയതാണ്. അതിനു മുമ്പ് അവന് ബാലന്‍സ് തെറ്റി താഴേക്ക് പതിച്ചു. അഞ്ചോ ആറോ മീറ്റര്‍ ഉയരത്തില്‍ നിന്ന് അടുത്തുള്ള പാടത്തേക്കാണ് വീണത്. ഞാനും എനിക്ക് ചായ തന്ന കടക്കാരനും അവിടെയുണ്ടായിരുന്ന മറ്റൊരാളും അങ്ങോട്ടു ഓടിച്ചെന്നു. അവനെ പോക്കിയെടുത്തു. അര്‍ദ്ധ ബോധാവസ്ഥയിലാണ്. താഴെ പാടത്ത് നേരത്തെ വെള്ളം കെട്ടിനിന്ന് ചതുപ്പ് പരുവത്തിലായതു കൊണ്ടാവണം വലിയ പരിക്കില്ല. ചെളിയില്‍ പുതഞ്ഞ് അവന്റെ നിക്കര്‍ ഊരിപ്പോയിരിക്കുന്നു. അവനെ ചായക്കടയുടെ മുന്നിലുള്ള ബെഞ്ചില്‍ കിടത്തി മുഖത്ത് ഒന്നുരണ്ട് തവണ വെള്ളം തളിച്ചപ്പോള്‍ കണ്ണ് തുറന്നു. കടക്കാരന് നല്കിയ ചൂടുള്ള ചായ അവന് ആര്‍ത്തിയോടെ കുടിച്ചു.
അടുത്തുള്ള ഗ്രാമത്തിലെ പയ്യനാണ്. അച്ഛന് മുമ്പ് പഞ്ചാബില്‍ തീവ്രവാദം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് അത്തരമൊരു സംഘടനക്കൊപ്പം ചേര്‍ന്നതായിരുന്നു. പോലീസ് വെടിവെപ്പില്‍ മരിച്ചുപോയെന്നാണ് കരുതുന്നത്. അന്ന് കൈകുഞ്ഞായിരുന്ന ഈ പയ്യനെ പിന്നീട് അമ്മ ജോലി ചെയ്താണ് വളര്‍ത്തിയത്. ഇപ്പോള്‍ അമ്മ രോഗബാധിതയാണ്. പണിക്ക് പോവാനാവില്ല. അവരുടെ കൂടി ജീവന് നിലനിര്‍ത്തേണ്ട ബാധ്യത ഈ കുഞ്ഞിന്റെ ചുമലിലാണ്. കഥ കേട്ടപ്പോല്‍ വല്ലാത്ത ദു:ഖം തോന്നി. എന്റെ കൈയ്യിലുണ്ടായിരുന്ന തുകയില്‍ നിന്ന് ഒരു നൂറ് രൂപ നല്കിയപ്പോള് അവന് നന്ദിയോടെ നോക്കി. കൂടുതല്‍ നല്‍കണമെന്നുണ്ടായിരുന്നു. അപ്പോഴത്തെ എന്റെ അവസ്ഥ അതിന് അനുവദിച്ചില്ല. എന്റെ മുഖത്തെ സങ്കടം തിരിച്ചറിഞ്ഞ കടക്കാരന് പറഞ്ഞു. ' വിഷമിക്കേണ്ട സഹോദരാ, ഇങ്ങനെ വളരുന്ന കുട്ടികള്‍ ഭാവിയില്‍ വലിയ ആളുകളായി മാറും. എന്റെ മുന്നനുഭവങ്ങള്‍ അതാണ്.'
എന്നിലെ സഞ്ചാരിയെ എന്നും വിളിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്്്. കുറേ നല്ല ഇടങ്ങള്‍, നന്മയുള്ള മനുഷ്യര്‍, രസമുള്ള ഓര്‍മകള്‍. പക്ഷെ പഞ്ചാബിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് അങ്ങോട്ടേക്കുള്ള എന്റെ ആദ്യ യാത്രയില്‍ കണ്ടുമുട്ടിയ ആ പയ്യന്റെ ദൈന്യത തളംകെട്ടി നില്ക്കുന്ന കണ്ണുകളാണ്.
ജലന്ദറിലെ ഗുരുദ്വാരകളും ഗോതമ്പ് പാടങ്ങളും വ്യത്യസ്ഥ രുചികള്‍ പകരുന്ന ധാബകളും ഒരിക്കലും അവസാനിക്കാത്ത കൗതുകങ്ങളുടെ ഉറവിടമാണെനിക്ക്. അവിടുത്തെ കുറേ ഗുരുദ്വാരകള്‍ ഞാന്‍ സന്ദര്‍ശിച്ചു. അവിടേക്ക് എത്തുന്ന മനുഷ്യരുടെ കണ്ണുകളിലും ചര്യകളിലും നിറയുന്ന ഭക്തിയുടെ ഭാവങ്ങള്‍ ലോകത്തെവിടെയൊക്കയോ ഉള്ള ഭിന്ന മതങ്ങളുടെ ആരാധാനാലയങ്ങളില്‍ കണ്ടു പരിയചയിച്ചവ തന്നെയായിരുന്നു. അമ്പലങ്ങളിലേക്കും പള്ളികളിലേക്കുമെല്ലാം വിശ്വാസത്തോടെ കടന്നു ചെല്ലുന്ന മനുഷ്യര്‍ ഒരേപോലെയാണെന്ന് തോന്നിയിട്ടുണ്ട്. കണ്ണടച്ച് ജപിക്കുകയും വണങ്ങുകയും നിലത്തിരുന്ന് വിശുദ്ധഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്യുന്ന അവര്‍ ദൈവത്തിനു മുന്നില്‍ ആത്മസമര്‍പ്പണം നടത്തി നിഷ്കളങ്കരായി മാറുന്നു. പിന്നെന്തിനാണ് ഭിന്ന മതങ്ങള്‍ക്ക് വ്യത്യസ്ഥ ദൈവങ്ങളും ആരാധാനാലയങ്ങളുമെന്ന് ചിന്തിച്ചു പോവാറുമുണ്ട്.
മല്ലൂസിങ്ങ് !
അതീവശുദ്ധിയോടെ സൂക്ഷിക്കുന്ന വിശാലമായ ഗുരുദ്വാരകളാണ് ജലന്ദറിലേത്. ഭക്തര്‍ കര്‍സേവയെന്ന നിലയില്‍ നിരന്തരം അടിച്ചുവാരിയും തുടച്ചും മിനുക്കിക്കൊണ്ടിരിക്കുന്നു. ഗുരുവിനെ വാഴ്ത്തി മധുരശബ്ദത്തില്‍ അവര്‍ പാടുന്ന കീര്‍ത്തനങ്ങള്‍ കേട്ട് കുറച്ചുനേരം ഗുരുദ്വാരകള്ക്കുള്ളില് ഇരിക്കുന്നത് തന്നെ ആഹ്ലാദകരമായ അനുഭവമാണ്. സിഖുകാരുടെ പരമോന്നതമായ ആരാധനാ കേന്ദ്രമായ സുവര്‍ണക്ഷേത്രം കാണണമെന്ന മോഹം ശക്തമായത് ജലന്ദറിലെ ഗുരുദ്വാരകളിലൂടെ നടത്തിയ പര്യടനത്തിന് ശേഷമാണ്. പലകാലത്തായി നാല് തവണ സുവര്‍ണക്ഷേത്രം കാണുന്നതിന് ഞാന്‍ അമൃത്സറിലേക്ക് പോയി. ഒരു സത്യം പറയട്ടെ താജ് മഹലിനേക്കാള്‍ ഇന്നുമെന്നെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്നത് സുവര്‍ണക്ഷേത്രമാണ്. അവിടെയുള്ള കെട്ടിടങ്ങളേക്കാള്‍ അങ്ങോട്ട് അടുപ്പിക്കുന്നത് അവിടെയെത്തുന്ന ഭക്തപരവശരായ മനുഷ്യര്‍ തന്നെ. യാത്രകള്‍ സ്ഥലങ്ങളിലേക്കല്ല മനുഷ്യരിലേക്കാണ് നടക്കേണ്ടതെന്ന് വിശ്വസിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ആത്മാവാണ് ഞാന്‍.
ഒന്നര ദശകം മുമ്പ് നിറഞ്ഞ കൗതുകത്തോടെ നടത്തിയ ആദ്യ അമൃത്സര്‍ യാത്രയില്‍ സുഹൃത്തും ഫോട്ടോഗ്രാഫറുമായ എസ്.എല്‍ ആനന്ദും കൂട്ടുണ്ടായിരുന്നു. 1984ല്‍ ജര്‍ണൈല്‍ സിങ്ങ് ബിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിനുള്ളില്‍ തമ്പടിച്ചിരുന്ന തീവ്രവാദികളെ തുരത്താന്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ സൈനിക നീക്കത്തെ (ഓപ്പറേഷന് ബ്ലൂസ്റ്റാര്‍) കുറിച്ച് വായിച്ചും കേട്ടുമറിഞ്ഞ കാര്യങ്ങളായിരുന്നു മനസ്സില്‍. പുറമെ നിന്നെത്തുന്ന സന്ദര്‍ശകരോട് ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ എങ്ങനെ പെരുമാറുമെന്ന ചെറിയൊരു ആശങ്ക. ആകാശത്തിന് നല്ല തിളക്കമുള്ള ഒരു പ്രഭാതത്തിലാണ് ക്ഷേത്രത്തിന് മുന്നില്‍ ഞങ്ങള്‍ ചെന്നിറങ്ങുന്നത്. ക്ഷേത്രത്തിന് മുന്നിലെ അമൃത് സരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിലെ ജലാശയത്തില്‍ പ്രതിഫലിച്ചിരിക്കുന്ന സ്വര്‍ണ നിറമുള്ള ക്ഷേത്രത്തിന്റെ പ്രതിബിംബമാണ് ആദ്യം കണ്ണിലുടക്കിയത്. പ്രഭാതസൂര്യന്റെ പൊലിമയില്‍ ആകെ സ്വര്ണമയം. ആ ആദ്യ കാഴ്ച്ചയില്‍ തന്നെ എല്ലാം ആശങ്കകളും അകന്നു. മനുഷ്യനിര്‍മിതമായ തടാകത്തിന് നടുവില്‍ സ്വര്ണനിറത്തില് പണിതുയര്‍ത്തിയ ക്ഷേത്രം, മാര്‍ബിള്‍ പതിച്ച നിലങ്ങള്‍, ചിത്രമെഴുതിയ മേല്‍ക്കൂരകള്‍, കൊത്തുപണികള്‍ ചെയ്ത ചുമരുകള്‍, രത്ന ശേഖരങ്ങള്‍... അങ്ങനെ മനസ്സ് നിറക്കുന്ന കാഴ്ച്ചകള്‍!

ശ്രീ ഹര്‍മന്ദിര്‍ സാഹിബ് എന്ന് അറിയപ്പെടുന്ന സുവര്‍ണ ക്ഷേത്രം രണ്ട് നിലകളുള്ള മാര്‍ബിളില്‍ തീര്‍ത്ത ഗുരുദ്വാരയാണ്. പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സിഖ് സമുദായത്തിന്റെ അഞ്ചാമത്തെ ഗുരുവായിരുന്ന അര്ജന് ദേവ്ജിയാണ് ഈ ഗുരുദ്വാര നിര്‍മിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യം മഹാരാജാ രഞ്ജിത്ത് സിങ്ങ് ഇതിന്റെ മേല്‍ക്കൂരയില്‍ സ്വര്‍ണപാളികള്‍ പതിപ്പിച്ചതോടെയാണ് ഗോള്‍ഡന്‍ ടെമ്പിള്‍ അഥവാ സുവര്‍ണ ക്ഷേത്രം എന്നറിയപ്പെട്ടു തുടങ്ങിയത്. ഇവിടെയെത്തുന്ന ആയിരകണക്കിന് സന്ദര്‍ശകര്‍ക്ക് ദിവസവും ഭക്ഷണം നല്‍കുന്നുണ്ട്. രാവിലെ ആറു മണിക്ക് തുറക്കുന്ന ക്ഷേത്രം അടക്കുന്നത് അര്‍ദ്ധരാത്രി രണ്ട് മണിക്ക് മാത്രമാണ്.
ക്ഷേത്രത്തിനകത്തേക്ക് സര്‍വമതസ്ഥര്‍ക്കും പ്രവേശനാനുമതിയുണ്ട്. പുറത്ത് നിന്ന് വാങ്ങാന്‍ കിട്ടുന്ന തൂവാല പോലുള്ള തുണി കൊണ്ട് തല മറക്കണമെന്ന് മാത്രം. ക്ഷേത്രത്തിനടുത്തേക്ക് ചെന്നപ്പോള്‍ അന്തരീക്ഷത്തെ പൊതിഞ്ഞു നില്ക്കുന്ന സ്വര്‍ണപ്രഭ ഞങ്ങളെ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ എത്തിച്ചു. സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബ് സൂക്ഷിച്ച് വെച്ചിരിക്കുന്നത് ഈ ക്ഷേത്രത്തിനകത്താണ്. അത് സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് നടക്കുന്നതിനിടെ ഞങ്ങള്‍ സംസാരിക്കുന്നത് ഒരു സര്‍ദാര്‍ജി ശ്രദ്ധിക്കുന്നത് പോലെ തോന്നി. തോന്നലായിരിക്കും മലയാളത്തില്‍ ഞങ്ങള്‍ സംസാരിക്കുന്നത് എങ്ങനെ പഞ്ചാബിക്ക് മനസ്സിലാവാനാണ്? പക്ഷെ അയാളതാ വെളുക്കെ ചിരിച്ചു കൊണ്ട് അരികിലേക്ക് വരുന്നു. ' സുഖം തന്നെയല്ലേ? ' പച്ച മലയാളത്തിലുള്ള ചോദ്യം കേട്ടപ്പോള്‍ തോന്നിയത് ഫാന്‍സിഡ്രസ്സ് മല്‍സരത്തില്‍ സര്‍ദാര്‍ജിയുടെ വേഷം കെട്ടിവന്ന മലയാളിയാണെന്നാണ്. ഞങ്ങളുടെ അമ്പരപ്പ് തിരിച്ചറിഞ്ഞ അയാള്‍ പറഞ്ഞു. 'എനിക്ക് നന്നായി മലയാളമറിയാം. എനിക്കെന്നല്ല, മലയാളം നന്നായി സംസാരിക്കുന്ന പഞ്ചാബികള്‍ ഏറെയുണ്ട്. '
രസകരമായിരുന്നു അയാള്‍ പറഞ്ഞ കഥ. മൊഹീന്ദര്‍ എന്നാണ് അയാളുടെ പേര്. ഡല്‍ഹിയില്‍ ഇലക്ട്രിക് മോട്ടോറുകളുടെ സ്പെയര്‍ പാര്‍ട്സ് നിര്‍മ്മിക്കുന്ന ഒരു ചെറിയ കമ്പനിയുടെ ഉടമയാണ്. ഒരിക്കല്‍ ഇന്ത്യയുടെ ഒരു ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം കാണുന്നതിനായി കൊച്ചിയില്‍ വന്നിരുന്നു. അന്ന് യാദൃശ്ചികമായി പരിചയപ്പെട്ട കൊല്ലത്തുകാരനായ കച്ചവടക്കാരനില്‍ നിന്ന് തന്റെ ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ മാര്‍ക്കറ്റുണ്ടെന്ന് മനസ്സിലാക്കിയത്. അതിനു ശേഷം കച്ചവടാവശ്യങ്ങള്‍ക്ക് പലതവണ ഇവിടെ വന്ന്, മാസങ്ങളോളം താമസിക്കുകയും ചെയ്തു. അതിനിടെ പരിചയപ്പെട്ട കൊച്ചിക്കാരിയായ പെണ്സുഹൃത്തില് നിന്നാണ് മലയാളം പഠിച്ചത്. മൊഹീന്ദറാണ് പിന്നെ ഞങ്ങള്‍ക്കൊപ്പം വന്ന് സുവര്‍ണ ക്ഷേത്രം ചുറ്റിനടന്ന് കാണിച്ചു തന്നത്. അതിനിടയില്‍ രുചികരമായ പ്രസാദവും അദ്ദേഹം സംഘടിപ്പിച്ചു തന്നു. പിരിയുമ്പോള്‍ മൊഹീന്ദര്‍ പറഞ്ഞു, 'പഞ്ചാബാ വികാ ഖുസാ രഹോ' സംശയത്തോടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ചിരിച്ചു കൊണ്ട് അതിന്റെ അര്‍ത്ഥം മലയാളത്തില്‍ പറഞ്ഞു തന്നു. പഞ്ചാബില്‍ നിങ്ങളുടെ ജീവിതം ആനന്ദകരമാവട്ടെ. പോരുമ്പോള്‍ ഞാനോര്‍ത്തു, മലയാളത്തിലത്താതെ ആ ഒരൊറ്റ വാചകം മാത്രമേ മൊഹീന്ദര്‍ ഞങ്ങളോട് പറഞ്ഞുള്ളൂ. അന്ന് മല്ലൂസിങ് എന്ന മലയാളം സിനിമ ഇറങ്ങിയിരുന്നില്ല. അല്ലെങ്കില്‍ മൊഹീന്ദറിനെ ഞാനങ്ങനെ വിളിച്ചേനേ !
Also Read
പാഴ്വസ്തുക്കളുടെ ഉദ്യാനം !
പഞ്ചാബില്‍ നിങ്ങളെ ഏറെ ആകര്‍ഷിക്കുന്ന നഗരം ചണ്ഡീഗഡാവും. കാരണം ഏറെ വൃത്തിയും വെടിപ്പുമുള്ള നഗരമാണത്. ട്രാഫിക്ക് തിരക്കുകളില്ലാതെ സ്വസ്ഥമായി സഞ്ചരിക്കാവുന്ന വിശാലമായ റോഡുകളും ഈ നഗരത്തെ സഞ്ചാരികളുടെ ഇഷ്ടലക്ഷ്യമാക്കി മാറ്റുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് ഉണ്ടാക്കിയെടുത്ത നഗരമായതു കൊണ്ടാണിതെല്ലാം.
രണ്ട് സംസ്ഥാനങ്ങളുടെ പഞ്ചാബിന്റേയും ഹരിയാണയുടേയും തലസ്ഥാനമാണ് ചണ്ഡീഗഢ്. എന്നാല്‍, രണ്ട് സംസ്ഥാനങ്ങളുടേയും ഭാഗമല്ല. കേന്ദ്ര ഭരണ പ്രദേശമാണ്. ഇങ്ങനെ ഒരുപാട് സവിശേഷതകളുള്ള നഗരത്തിലേക്കുള്ള ആദ്യ യാത്ര ഒരു മുന്നൊരുക്കവുമില്ലാതെയാണ് ഞാന്‍ നടത്തിയത്. മുറി പോലും ബുക്ക് ചെയ്തിരുന്നില്ല. പലര്‍ച്ചെ നാലു മണിക്കാണ് ട്രെയിനിറങ്ങിയത്. നല്ല തണുപ്പുണ്ട്. തണുപ്പ് കാലം തുടങ്ങിയിരുന്നില്ല എന്നതു കൊണ്ട് രോമക്കുപ്പായമൊന്നും കരുതിയിരുന്നുമില്ല. മുന്നില്‍ കണ്ട ഓട്ടോയില്‍ ചാടികയറി നല്ലൊരു ഹോട്ടലിലേക്ക് പോവണമെന്ന് പറഞ്ഞു. സിറ്റിസെന്ററിലേക്ക് കുറച്ചു ദൂരമുണ്ട്. ഓട്ടോക്കാരന് കഴുത്തറക്കുന്ന ചാര്‍ജ് വാങ്ങുമെന്നും വലിയ വാടകയുള്ള ഹോട്ടലില്‍ കൊണ്ടുവിട്ട് ക്രൂരമായി വഞ്ചിക്കുമെന്നും ഉറപ്പിച്ചിരുന്നു. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. വലിയ വാടകയില്ലാത്ത, എന്നാല്‍ വൃത്തിയുള്ള മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഹോട്ടലുകളിലേക്കാണ് കൊണ്ടു പോയത്. ഒരോയിടത്തും മുറിയില്ലെന്ന് പറയുമ്പോള്‍ ഒപ്പം വന്ന് വിലപേശി മുറി ശരിയാക്കി തന്നു. ഓട്ടോക്കൂലിയും ന്യായമായ തുക തന്നെ. അമരേഷ് പുരിയാണെന്ന് സംശയിച്ച ഓട്ടോക്കാരന് 'അതിഥി ദേവോ ഭവ' എന്ന് പറഞ്ഞു തൊഴുതു നില്ക്കുന്ന അമീര്ഖാനായ അനുഭവം. ചണ്ഡീഗഢുകാര് പൊതുവെ നല്ലവരാണ്.( മറിച്ചുള്ള അനുഭവം ഉണ്ടായാല്‍ എന്നെ പഴിക്കരുത്. മുന്‍കൂട്ടി ഹോട്ടലുകളും പ്രീപെയ്ഡ് കൗണ്ടറില്‍ ചെന്ന് ടാക്സിയുമെല്ലാം ബുക്ക് ചെയ്ത് പോവുന്നതാണ് ഏത് നഗരത്തിലും ഉചിതം. എന്റേത് ഒരു പരീക്ഷണം ആയിരുന്നു. ഭാഗ്യത്തിന് വിജയം കണ്ടു.) രാജ്യത്തിന്റെ സ്വാതന്ത്യ ലബ്ദിക്കു ശേഷം യൂറോപ്പില്‍ നിന്നുള്ള വാസ്തു വിദഗ്ധരെ കൊണ്ട് രൂപ കല്‍പ്പന ചെയ്തെടുത്ത നഗരമാണിത്. വീതി കൂടിയ റോഡുകള്‍, ഈ റോഡുകളില്‍ നിന്ന് അകലത്തില്‍ പണി കഴിപ്പിച്ച കെട്ടിടങ്ങള്‍, ഇടക്കിടെ വെച്ചു പിടിപ്പിച്ച മരങ്ങള്‍, ധാരാളം ഒഴിഞ്ഞ ഇടങ്ങളും ഇങ്ങനെയാണ് ഈ നഗരം. വീടുകളുടേയും കടകളുടേയും കെട്ടിടങ്ങള്‍ വിശാലവും മിക്കവാറും സമാന സ്വഭാവമുള്ളവയുമാണ്. ചപ്പു ചവറുകള്‍ പൊതുസ്ഥലത്ത് കൂടി കിടക്കുന്നില്ല എന്നത് തന്നെ വലിയ ആശ്വാസമാണ്.
.jpg?$p=9cbed27&&q=0.8)
ചണ്ഡീഗഢിലെ ഏറ്റവും പ്രധാന ആകര്‍ഷണം റോക്ക് ഗാര്‍ഡനാണ്. ചെടികളോ പൂക്കളോ ഇല്ലാത്ത പൂന്തോട്ടമാണിത്. ഒരുപക്ഷെ ഇതുപോലൊന്ന് ലോകത്ത് മറ്റൊരിടത്തും ഉണ്ടാവില്ല. വീടുകളിലും ഫാക്ടറികളിലും നിന്ന് ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കള് കൊണ്ടാണ് നാല്‍പ്പത് ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന റോക്ക് ഗാര്ഡന് ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ ഏകദേശ രൂപം കിട്ടും. ഗാര്‍ഡനിലെ പ്രവേശന കവാടത്തില്‍ തന്നെ ഈ ഗാര്ഡന് നിര്‍മ്മിച്ചത് നെക് ചന്ദ് ആണെന്ന് ഒരു വലിയ പാറയില്‍ എഴുതിവെച്ചിരിക്കുന്നു. ആരാണ് ഈ നെക് ചന്ദ് എന്ന് ചോദിച്ചു പോവും. അവിടെ വെച്ച് കണ്ടു മുട്ടിയ സ്കൂള്‍ അധ്യാപകനാണ് അതിന് ഉത്തരം തന്നത്. നഗരത്തിലെ സ്ക്ൂളിലെ വിദ്യാര്‍ത്ഥികളുമായി ഗാര്ഡന് കാണാനെത്തിയതാണ് അമരീന്ദര്‍ എന്ന ചെറുപ്പക്കാരനായ ആ ഹൈസ്കൂള്‍ അധ്യാപകന്. ഇപ്പോള്‍ പാകിസ്താനിലുള്ള ശകര്ഗഢില് ജനിച്ച നെക് ചന്ദ് സൈനി വിഭജന സമയത്ത് ഇന്ത്യയിലേക്ക് അഭയാര്ത്ഥികലായി വന്ന കുടുംബത്തില്‍ അംഗമായിരുന്നു. ചണ്ഡീഗഢില്‍ പുതിയ നഗരം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയപ്പോള്‍ പൊതു മാരാമകത്ത് വകുപ്പില്‍ ജോലിക്കു ചേര്‍ന്ന നെക് ചന്ദ് നേരംപോക്കെന്ന നിലയില്‍ പാഴ്വസ്തുക്കള് കൊണ്ട് ചെറിയ ശില്പ്പങ്ങള് നിര്‍മ്മിച്ചു തുടങ്ങുകയായിരുന്നു. പിന്നീട് നഗരത്തിലെ പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും വീടുകളില്‍ നിന്ന് വലിച്ചെറിയുന്ന വസ്തുക്കളും ശേഖരിച്ച് അവ തനിക്ക് വേണ്ടരീതിയില്‍ മാറ്റം വരുത്തി ശില്‍പ്പങ്ങളും കൗതുക വസ്തുക്കളുമാക്കി മാറ്റി. സുഖ്നാ തടാകത്തിന് സമീപമുള്ള കാട്ടിനടുത്തെ ഒഴിഞ്ഞ സ്ഥലത്തായിരുന്നു ഈ നിര്‍മ്മാണം. നിയമപ്രകാരം ഒരു നിര്‍മ്മാണവും നടത്താന്‍ പാടില്ലാത്ത സ്ഥലമായിരുന്നു ഇത്. അതുകൊണ്ട് തന്നെ തികച്ചും രഹസ്യമായായിരുന്നു നെക്ചന്ദിന്റെ കരകൗശല പ്രവര്‍ത്തികള്‍. ഒടുവില്‍ 1975ല്‍ സര്‍ക്കാര്‍ അധികൃതര്‍ ഇതു കണ്ടെത്തുമ്പോഴേക്കും ഏക്കര്‍ കണക്കിന് സ്ഥലത്ത് പാഴ്വസ്തുക്കള് കൊണ്ടുള്ള ശില്പ്പങ്ങള് നിറഞ്ഞ് കഴിഞ്ഞിരുന്നു. അനധികൃതമായ ഈ നിര്‍മ്മാണം നശിപ്പിച്ചു കളയാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഈ നിര്‍മ്മാണം കാണാനെത്തിയ ചണ്ഡീഗഡ് നഗരവാസികളില്‍ കൂടുതല്‍ പേരും ഇത് സംരക്ഷിക്കപ്പെടേണ്ട കലാരൂപങ്ങളാണെന്ന് വാദിച്ചു.
.jpg?$p=3572201&&q=0.8)
തുടര്‍ന്ന് സര്‍ക്കാര്‍ ആ പ്രദേശത്തെ പൊതുജനങ്ങള്‍ക്കുള്ള പാര്‍ക്കായി പ്രഖ്യാപിച്ചു. നെക് ചന്ദിനെ റോക്ക് ഗാര്‍ഡന്റെ എഞ്ചിനിയറായി നിയമിക്കുകയും ചെയ്തു. റോക്ക് ഗാര്ഡന് വികസിപ്പിച്ചെടുക്കാന്‍ വേണ്ടത്ര തൊഴിലാളികളേയും നല്കി. എന്നാല്‍ 1996ല്‍ നെക് ചന്ദ് ഇന്ത്യക്ക് പുറത്തുപോയ സമയത്ത് ഒരു സംഘം അക്രമികള്‍ ഈ ഗാര്ഡന് നശിപ്പിക്കാന്‍ ശ്രമിച്ചു. അതോടെ ഇതിന്റെ സംരക്ഷണത്തിനായി റോക്ക് ഗാര്ഡന് സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചു. നെക് ചന്ദിന്റെ നേതൃത്വത്തില്‍ പിന്നെയും വികസന പ്രവര്‍ത്തനങ്ങല്‍ നടന്നു. ഇന്ന് ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിര കണക്കിനാളുകള്‍ സന്ദര്‍ശനത്തിനെത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായി റോക്ക് ഗാര്ഡന് മാറിക്കഴിഞ്ഞു. ചണ്ഡീഗഢ് സന്ദര്ശനത്തിനെട്ടുന്ന സഞ്ചാരികളെ നഗരവാസികള്‍ അഭിമാനത്തോടെ ക്ഷണിച്ചു കൊണ്ടു പോവുന്ന ഇടമായി റോക്ക് ഗാര്ഡന് മാറുന്നത് കാണാനുള്ള ഭാഗ്യം നെക് ചന്ദിനുണ്ടായി. രാജ്യം പത്മശ്രീ ബഹുമതി നല്കി ആദരിച്ച് ഈ കലാകാരന് 2015ലാണ് അന്തരിച്ചത്.
രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് റോക്ക് ഗാര്‍ഡനിലെ സന്ദര്‍ശന സമയം. ടിക്കറ്റ് എടുത്ത് അകത്ത് കടന്നാല്‍ തുടക്കത്തില്‍ കാണുന്ന കാഴ്ച്ചകള്‍ നിങ്ങളെ അത്രയ്ക്ക് വിസ്മയിപ്പിച്ചെന്നു വരില്ല. പക്ഷെ മുന്നോട്ടു പോവും കൗതുകം വര്‍ദ്ധിച്ചു വരുന്ന രീതിയിലാണ് പാഴ്വസ്തുക്കളില് നിന്നുണ്ടാക്കിയെടുത്ത കലാരൂപങ്ങളുടെ വിന്യാസം. വളപ്പൊട്ടുകളും ഫ്യൂസായ ബള്‍ബുകളും സ്വിച്ചും ഹോള്‍ഡറും പൊട്ടിയ ചായകോപ്പകളും കൊണ്ടെല്ലാം ഉണ്ടാക്കിയ ശില്പ്പങ്ങള് കാഴ്ച്ചക്കാരെ അദ്ഭുതപ്പെടുത്തുന്നു. ഇടയ്ക്ക് കുനിഞ്ഞു മാത്രം മുന്നോട്ടു പോകാവുന്ന കവാടങ്ങള്‍ അതിനപ്പുറം വെള്ളച്ചാട്ടങ്ങള്‍ നീരൊഴുക്കുകള്‍ തലയുര്‍ത്തി നില്ക്കുന്ന പലതരത്തിലുള്ള ശില്പ്പങ്ങള്. കൃത്രിമമായി ഉണ്ടാക്കിയെടുത്ത നീരൊഴുക്കുകള്‍ തീര്‍ച്ചയായും മനം കുളിര്‍പ്പിക്കുന്നു. ഗാര്‍ഡന്റെ അവസാന ഘട്ടത്തോടടുക്കുമ്പോള്‍ ഒരോയിടങ്ങളിലായി ഒരുക്കിവെച്ചിരിക്കുന്നു നൂറ് കണക്കിന് ഒരേപോലുള്ള ശില്പ്പങ്ങള്. മാനുകള്‍, ഫുട്ബോളര്‍മാര്‍, പാവാടക്കാരികള്‍ എല്ലാം ഇരുന്നൂറും മുന്നൂറും ശില്പ്പങ്ങള് നിരന്നു നില്ക്കുന്നു. അടുത്തുപോയി നോക്കുമ്പോള്‍ മനസ്സിലാവും പൊട്ടിയ കപ്പുകളും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയപ്പോള്‍ ഉപേക്ഷിച്ച കോണ്‍ക്രീറ്റുമെല്ലാം ഉപയോഗിച്ച് പണിതവയാണവ. പാഴ്വസ്തുക്കളുടെ സൗന്ദര്യം. ശൂന്യതയില്‍ നിന്ന് പിറവികൊള്ളുന്ന കലാരൂപങ്ങള്‍....
.jpg?$p=986ec81&&q=0.8)
സ്വച്ഛസുന്ദരം, സുഖ്ന
ചണ്ഡീഗഢിന്റെ ജീവന് സുഖ്നാ തടാകത്തിന് ചുറ്റുമാണ്. ഈ താടാകത്തിന് മുന്നിലൂടെ രണ്ടു തവണയെങ്കിലും നടന്നു പോവാതെ നഗരവാസികളുടെ ദിവസം പൂര്ണമാവുന്നില്ലെന്ന് ഞങ്ങളുടെ ടാക്സി ഡ്രൈവര്‍ ബച്ചന് ഭായി എന്തിനെന്ന് മനസ്സിലാവാത്ത വലിയൊരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു. ഉല്‍സാഹികളും ഉല്ലാസപ്രിയരുമാണ് ചണ്ഡീഗഢുകാര്. ചിരിക്ക് ഒരു ക്ഷാമവുമില്ല. വിശാലമായ തടാകത്തിന്റെ കര പാര്‍ക്ക് പോലെ ഒരുക്കിവെച്ചിരിക്കുന്നു. തടാകത്തിലേക്ക് നോക്കി കഥകളും കാര്യങ്ങളും പറഞ്ഞിരിക്കുന്നവര്‍ നട്ടുച്ചയ്ക്ക് പോലും ഏറെയുണ്ട്. പൊതുവെ തണുപ്പു കൂടുതലുള്ള ഇടമാണ്. വെയിലുകായാനെത്തിയവരാണ് പലരും. തടാകത്തിന്റെ കരയും റോഡുമെല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ചവറുകള്‍ നിക്ഷേപിക്കാന്‍ ഡസ്റ്റ് ബിന്നുകള്‍ ഏറെയുണ്ട്. സാക്ഷരതയിലല്ല കാര്യം, സാമൂഹിക ബോധത്തിലാണ്. കേരളത്തിലെ നഗരങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് വൃത്തിയുള്ള ഇടമാണിത്. വൈകുന്നേരങ്ങളില്‍ തടാകത്തില്‍ ബോട്ട് യാത്രയ്ക്ക് സൗകര്യമുണ്ട്. പെഡല്‍ ചവിട്ടിയും തുഴഞ്ഞും നീങ്ങുന്ന ബോട്ടുകളാണിവ. മോട്ടോര്ബോട്ടുകള്ക്ക് നിരോധനമുണ്ട്. ഹിമാലയത്തിന്റെ താഴ്വരയിലുള്ള ശിവാലിക് കുന്നുകളില്‍ നിന്ന് താഴോട്ടൊഴുകുന്ന നീരൊഴുക്കില്‍ ഡാം കെട്ടി 1958ല്‍ ഉണ്ടാക്കിയ റിസര്‍വോയറാണ് ഒന്‍പത് കിലോമീറ്റര്‍ ചുറ്റളവുള്ള ഈ തടാകം. നഗരത്തിലെ മ്യൂസിയവും ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എ ഡി രണ്ടാം നൂറ്റാണ്ട് തൊട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ഘനനം ചെയ്തെടുത്ത ശിലാ വിഗ്രഹങ്ങളും ലോഹ പ്രതിമകളും ഏറെയുണ്ട് ഇവിടെ. സ്വാതന്ത്രത്തിനു മുമ്പ് ലാഹോറിലെ മ്യൂസിയത്തിലായിരുന്നു ഇവിടുത്തെ ശേഖരങ്ങള്‍ മിക്കതും. വിഭജനത്തിന് ശേഷം ആ മ്യൂസിയത്തില്‍ നിന്നുള്ള ഇന്ത്യയുമായി ബന്ധപ്പെട്ട സ്മാരകങ്ങള്‍ ഇങ്ങോട്ട് കൊണ്ടു വരികയായിരുന്നു.
Content Highlights: k viswanath travel column part nine golden temple amritsar chandigarh jalandhar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..