ഞാന്‍ വിശ്വാസിയല്ല, പാര്‍ട്ടി മെംബറാണ്; ബുദ്ധവിഹാരത്തിലേക്കുള്ള വഴി തിരക്കിയപ്പോള്‍ യാന്‍ഷു പറഞ്ഞു


കെ വിശ്വനാഥ്ചൈനയിലെ ബുദ്ധവിഹാരത്തിലെ ഭിക്ഷു

ബീഹാറിലെ പാറ്റ്നയില്‍നിന്ന് രാത്രി തീവണ്ടിയില്‍ കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലാണ് സൂസന്ന പാറ്റിനെ കാണുന്നത്. പാറ്റ്നയിലെ മാര്‍ച്ച് മാസത്തെ ചൂടില്‍ രണ്ടു ദിവസം മുഴുവന്‍ അലഞ്ഞു നടന്നതു കാരണം കടുത്ത ക്ഷീണവും കണ്ണുകളില്‍ ഉറക്കവുമായി സ്ലീപ്പര്‍ ക്ലാസ് ബെര്‍ത്തില്‍ കിടന്ന് ഒന്ന് മയങ്ങാന്‍ ശ്രമിച്ച എന്നെ സൂസന്നയുടെ കലപില ശബ്ദം അലോസരപ്പെടുത്തിയതായിരുന്നു തുടക്കം. വെള്ളത്തൊലിക്കാരിയായ അവരോട് ഒന്നു മിണ്ടാതിരിക്കാമോയെന്ന് അല്‍പം അവജ്ഞയോട് തന്നെ ഞാന്‍ ചോദിച്ചു. അവര്‍ സോറി പറഞ്ഞ് നിശബ്ദയായി. ഞാന്‍ ഉറക്കത്തിലേക്ക് വഴുതി. അടുത്ത ദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ എതിര്‍വശത്തെ ബെര്‍ത്തില്‍ ചിരിച്ചു കൊണ്ട് അവളിരിക്കുന്നു. രാത്രിയില്‍ കടുപ്പത്തോടെ സംസാരിച്ചതില്‍ എനിക്ക് പശ്ചാത്താപം തോന്നി. ക്ഷമ ചോദിച്ചു. ഒരു പൊട്ടിച്ചിരി മാത്രമായിരുന്നു മറുപടി. ഞങ്ങള്‍ പരിചയപ്പെട്ടു. ലക്സംബര്‍ഗുകാരിയാണ് സൂസന്ന. 25 വയസ്സുള്ള അഭിഭാഷകയാണ്. പ്രസിദ്ധ ജര്‍മന്‍ എഴുത്തുകാരന്‍ ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ വായിച്ച് ബുദ്ധന്റെ ആശയങ്ങളില്‍ ആഭിമുഖ്യം തോന്നി ബുദ്ധമതം സ്വീകരിച്ചു. ചൈനയിലേയും ശ്രീലങ്കയിലേയും ഇന്ത്യയിലേയും ബുദ്ധമത സ്മാരകങ്ങളും വിഹാരങ്ങളുമെല്ലാം സന്ദര്‍ശിക്കുന്നതിന് ഇറങ്ങിപ്പുറപ്പെട്ടതാണിപ്പോള്‍. സാഞ്ചിയും സാരാനാഥും സന്ദര്‍ശിച്ച് വരികയാണ്. അടുത്ത ലക്ഷ്യം കൊല്‍ക്കത്തിയിലെ ചൈനീസ് ബുദ്ധക്ഷേത്രവും.

എന്താണ് ബുദ്ധമതത്തോട് ആഭിമുഖ്യം തോന്നാന്‍ കാരണമെന്ന് അവളോട് ചോദിച്ചു. ആ ചോദ്യത്തിന് കാത്തിരുന്ന പോലെ അവള്‍ തന്റെ ജീവിതകഥ പറയാന്‍ തുടങ്ങി. ലക്സംബര്‍ഗിലെ ഒരു ജൂത കുടുംബത്തില്‍ ഡോക്ടര്‍ ദമ്പതികളുടെ മകളായിട്ടാണ് ജനനം. പതിനാലാം വയസ്സില്‍ സഹപാഠിയായ ഒരു പയ്യനുമായി പ്രണയത്തിലാവുകയും ഗര്‍ഭം ധരിക്കുകയും ചെയ്തു. ഗര്‍ഭചിദ്രം നടത്തേണ്ടി വന്നത് ആ പെണ്‍കുട്ടിയെ വല്ലാതെ വേദനിപ്പിച്ചു. ചെറുപ്രായത്തില്‍ സംഭവിച്ച ആ ഷോക്കായിരിക്കണം തനിക്ക് സംഭവിച്ച പരിവര്‍ത്തനത്തിന്റെ മൂലകാരണമെന്ന് സൂസന്‍ പറഞ്ഞു. അഭിഭാഷകയായി ജോലി ചെയ്യുന്നതില്‍നിന്ന് ലഭിക്കുന്ന പ്രതിഫലത്തില്‍നിന്ന് പണം സ്വരൂപിച്ചാണ് അവള്‍ യാത്ര ചെയ്യുന്നത്. എന്നേക്കാള്‍ പ്രായം കുറഞ്ഞ സൂസനുമായുള്ള സംസാരം എന്നെ ഏറെ ചിന്തിപ്പിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആ കൂടിക്കാഴ്ച്ച. അന്ന് ഞാന്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട ഇടങ്ങളൊന്നും സന്ദര്‍ശിച്ചിരുന്നില്ല. ഞാന്‍ തീരുമാനിച്ചു, എല്ലായിടത്തും പോണം.

ശ്രീ ദലദ മലിഗവ ക്ഷേത്രത്തിലെ ബുദ്ധപ്രതിമ

പരിത്യാഗിയായ സിദ്ധാര്‍ത്ഥ ഗൗതമനെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴായിരിക്കും. കപിലവസ്തുവിലെ രാജാവായിരുന്ന ശുദ്ധോദനന്റെ പുത്രന്‍ സിദ്ധാര്‍ത്ഥന്‍ രാജ്യവും കുടുംബവും ഉപേക്ഷിച്ച് നാടുവിട്ടതിനെ കുറിച്ച് ച്രിത്രകഥാ പുസ്തകത്തില്‍ വായിച്ചപ്പോഴും ആ രാജകുമാരന്‍ അങ്ങനെ ചെയ്തതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല. കാരണം വിരക്തിയെന്ന വാക്കിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ മാത്രമുള്ള വളര്‍ച്ച അന്നെനിക്കുണ്ടായിരുന്നില്ല. പോകെപ്പോകെ, സിദ്ധാര്‍ത്ഥന്‍ പരിണമിച്ച് ബുദ്ധനായി മാറിയതിന് പിന്നിലെ ആത്മീയരഹസ്യം ഏറെക്കുറെ വെളിപ്പെട്ടു വന്നപ്പോള്‍ ഈ ഭൂമിയിലെ പരശതം നിസ്സാരരായ ജീവികളെ പോലെ ഞാനും ബുദ്ധചിന്തകളില്‍ ആകൃഷ്ടനായി. ചില പുസ്തകങ്ങള്‍ വായിച്ചതോടെ ബുദ്ധനോട് ആരാധന തോന്നുകയും ചെയ്തു. പിന്നീട് ഞാന്‍ നടത്തിയ സഞ്ചാരങ്ങളിലെല്ലാം ബൂദ്ധപഥങ്ങളും അജണ്ടയില്‍ ഇടംപിടിച്ചു.

ലങ്കയിലെ ബുദ്ധന്‍മാര്‍

ശ്രീലങ്ക ബുദ്ധമതത്തിന് ഏറെ വേരോട്ടമുള്ള നാടാണ്. അവിടുത്തെ ഏത് പ്രധാന ജനവാസ കേന്ദ്രത്തില്‍ പോയാലും വിഹാരമോ സ്തൂപമോ ഉള്‍പ്പെടെ ബുദ്ധനുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്മാരകം കാണും. എന്റെ ലങ്കന്‍ യാത്രകളില്‍ ഏറ്റവും കൗതുകകരമായി തോന്നിയത് കാന്‍ഡിയിലെ ശ്രീ ദലദ മലിഗവ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബുദ്ധന്റെ പല്ലുകളെക്കുറിച്ചുള്ള ഐതിഹ്യമാണ്. അവിടെവെച്ച് പരിചയപ്പെട്ട സുഹൃത്ത് ബന്ധുകയാണ് എന്നെ ആ ക്ഷേത്രത്തിലേക്ക് നയിച്ചത്. 2500 വര്‍ഷങ്ങള്‍ക്ക് ജീവിച്ചിരുന്ന ബുദ്ധന്റെ പല്ലുകള്‍ ഇന്നും നശിക്കാതെ നിലനില്‍ക്കുന്നുവെന്നത് സ്വാഭാവികമായും എന്നില്‍ സംശയം ജനിപ്പിച്ചു. അത് ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിലുള്ളത് ബുദ്ധന്റെ പല്ലുകള്‍ തന്നെയാണെന്നും ഒരിക്കല്‍ അതു കാണാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും ബന്ധുക വീറോടെ വാദിച്ചു. ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബുദ്ധന്റെ പല്ല് തന്നെയാണതെന്ന് എങ്ങനെ ഉറപ്പിക്കാനാവുമെന്ന എന്റെ ചോദ്യം പൊതുവെ ശാന്തശീലനായ ബന്ധുകയെ പ്രകോപിപ്പിച്ചെന്നു തോന്നുന്നു. 'വെറുതെ ഏതെങ്കിലും ഒരാളുടെ പല്ലെടുത്ത് ഇങ്ങനെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ആരാധിക്കാന്‍ മാത്രം മണ്ടന്‍മാരാണ് ഞങ്ങളെന്നാണോ നിങ്ങള്‍ കരുതുന്നത്?'- അയാളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി. പ്രതിഫലം ഇഛിക്കാതെ ഒരു ഗൈഡിന്റെ റോള്‍ സ്വയം ഏറ്റെടുത്ത ബന്ധുകയോട് പിന്നെ തര്‍ക്കിക്കാന്‍ നിന്നില്ല. ശ്രീലങ്കയേയും ബുദ്ധമതത്തേയും കുറിച്ച് ആധികാരികമായ അറിവുണ്ട്, പക്ഷെ ക്ഷിപ്രകോപിയും തൊട്ടാവാടിയുമായ ചെറുപ്പക്കാരനാണ് അയാള്‍.

കാന്‍ഡിയിലെ ശ്രീ ദലദ മലിഗവ ക്ഷേത്രം

വിശാലമാണ് ശ്രീ ദലദ മലിഗവ ക്ഷേത്രത്തിന്റെ വളപ്പ്. താലങ്ങളില്‍ പുഷ്പങ്ങളുമായി വെളുത്ത വസ്ത്രം ധരിച്ച ഭക്തര്‍ (സുന്ദരികളായ ഭക്തകളാണ് അധികവും) ചുണ്ടുകളില്‍ പ്രാര്‍ഥനാഗീതങ്ങളുമായി അടിവെച്ചു നീങ്ങുന്നു. ക്ഷേത്ര ചുവരില്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ കാണുന്ന രീതിയിലുള്ള കൊത്തുപണികള്‍, ശില്‍പ്പങ്ങള്‍. വലിയ കരിങ്കല്‍ തൂണുകളും മരം കൊണ്ടുള്ള ചിത്രപ്പണികളും. ക്ഷേത്രത്തിനകത്ത് ദര്‍ശനത്തിനായി വലിയ നിര. ഭക്തര്‍ക്കൊപ്പം യുറോപ്പിലും ചൈനയിലും നിന്നുള്ള ടൂറിസ്റ്റുകളും ക്യൂ നില്‍ക്കുന്നു. പടവുകള്‍ കയറി മുകളിലേക്ക് പോയാല്‍ ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്ന ശ്രീകോവില്‍. ശ്രീകോവിലിനു മുന്നില്‍ വളഞ്ഞ ദണ്ഡു കൊണ്ടു ഉടുക്കു പോലുള്ള ഇരട്ട ചെണ്ടകളും കുഴലുകളുമായി മേളം. പരമ്പരാഗത വസ്ത്രമണിഞ്ഞവരാണ് ഈ മേളക്കാര്‍. രണ്ടു സന്യാസിമാര്‍ ചേര്‍ന്ന് ശ്രീകോവില്‍ തുറന്നു. വെളുത്ത വസ്ത്രം ധരിച്ച നാലുപേര്‍ അവര്‍ക്കൊപ്പം അകത്തേക്ക് പോവുന്നു. ചെണ്ടമേളവും മന്ത്രോച്ചാരണങ്ങളും ഉച്ചസ്ഥായിയിലായി. ശ്രീകോവിലും പിന്നിട്ട് മുന്നോട്ടു പോയാല്‍ നിലത്ത് കരിങ്കല്‍ പാളികള്‍ പതിപ്പിച്ച വലിയ മണ്ഡപം. പൂര്‍ണമായും ഇന്ത്യന്‍ ക്ഷേത്ര മാതൃകയിലുള്ളതാണിത്. ചുവരില്‍ ബുദ്ധന്റെ പല്ല് ശ്രീലങ്കയില്‍ എത്തിചേര്‍ന്നതിന്റേയും വിവിധ കാലത്തെ ഭരണാധികാരികള്‍ കൈമാറി സൂക്ഷിച്ചതിന്റേയും ചിത്രങ്ങളും വിവരണങ്ങളും.

ബുദ്ധന്‍ നിര്‍വാണം പ്രാപിച്ച ശേഷം കലിംഗ രാജ്യത്ത് ബുദ്ധന്റെ പല്ല് സൂക്ഷിച്ചുവെച്ചിരുന്നുവെന്നും അവിടുത്തെ രാജാവായ ഗുഹാശിവ ശത്രുക്കള്‍ ഇതു നശിപ്പിച്ചുകളയുമെന്ന ഭയം കാരണം ശ്രീലങ്കയിലേക്ക് കൊടുത്തയച്ചുവെന്നുമാണ് വിശ്വാസം. എ.ഡി. നാലാം നൂറ്റാണ്ടില്‍ ഗുഹാശിവ രാജാവിന്റെ മകള്‍ ഹേമമാലിനിയും അവരുടെ ഭര്‍ത്താവായ ദന്ത രാജകുമാരനും ചേര്‍ന്നാണത്രേ ഈ പല്ല് ലങ്കയിലേക്ക് കൊണ്ടുവന്നത്. ശത്രുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നു ഭയന്ന് ഇത് ഹേമമാലിനിയുടെ മുടിക്കെട്ടിനുള്ളില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. അനുരാധപുരയിലെ അന്നത്തെ രാജാവായ കീര്‍ത്തി ശ്രീ മേഘവര്‍ണന് കൈമാറി. അദ്ദേഹം അത് സൂക്ഷിച്ചുവെച്ചു. വിശുദ്ധദന്തം സൂക്ഷിച്ചുവെക്കുന്ന രാജാവിനും രാജ്യത്തിനും ഐശ്വര്യമുണ്ടാവുമെന്നാണ് ലങ്കക്കാരുടെ വിശ്വാസം. പില്‍ക്കാലത്ത് കാന്‍ഡിയിലെ രാജവംശത്തിന് ഈ ദന്തം കൈമാറി ലഭിച്ചു. എ ഡി. 1707-മുതല്‍ കാന്‍ഡിയില്‍ ഭരണം നടത്തിയ വീര നരേന്ദ്ര സിംഹയാണ് ഇത് സുരക്ഷിതമായി സൂക്ഷിച്ചുവെക്കുന്നതിന് വേണ്ടി ഇപ്പോഴത്തെ ക്ഷേത്രം നിര്‍മിച്ചത്.

ശ്രീ ദലദ മലിഗവ ക്ഷേത്രത്തിലെ ബുദ്ധപ്രതിമ

1998-ല്‍ തമിഴ്പുലികള്‍ ഈ ക്ഷേത്രം ആക്രമിച്ചിരുന്നു. അന്നത്തെ ബോംബ് സ്ഫോടനത്തില്‍ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചു. കേടുപാടുകള്‍ തീര്‍ത്ത് ഇപ്പോള്‍ പുതുക്കി പണിഞ്ഞിട്ടുണ്ട്. വര്‍ഷത്തിലൊരിക്കല്‍ എസാല പെരഹേര ഉല്‍സവ സമയത്ത് ദന്തം പുറത്തെടുത്ത് എഴുന്നള്ളിക്കും. ജൂലായ് അവസാനമോ ആഗസ്ത് ആദ്യമോ വരുന്ന പൗര്‍ണമിയോടനുബന്ധിച്ചാണ് ഈ ഉല്‍സവം. അലങ്കരിച്ചു നിര്‍ത്തിയ കൊമ്പനാനയുടെ പുറത്താണ് എഴുന്നള്ളിപ്പ്. ആനയെ അനുഗമിച്ച് നര്‍ത്തകരുടേയും വാദ്യമേളക്കാരുടേയും സംഘമുണ്ടാവും. ലോകത്തെ തന്നെ ഏറ്റവും വലിയ ബുദ്ധ ഉത്സവമാണിത്. ലക്ഷക്കണക്കിന് ആളുകള്‍ ഉല്‍സവത്തില്‍ പങ്കുകൊള്ളുന്നു. ക്ഷേത്രത്തോട് ചേര്‍ന്ന ഹാളില്‍ ഒരു കൂറ്റന്‍ ആനയുടെ ശരീരം സ്റ്റഫ് ചെയ്തു വെച്ചിട്ടുണ്ട്. അരനൂറ്റാണ്ട് വിശുദ്ധദന്തം എഴുന്നള്ളിച്ച രാജ എന്ന ആനയാണിത്. ബന്ധുക ആദരവോടെ രാജയേയും വണങ്ങി. ഈ ക്ഷേത്രത്തിന് സ്വന്തമായി ഇന്നും ആനകളുണ്ട്. ഉത്സവ ദിവസത്തില്‍ ഘോഷയാത്രകളില്‍ ഈ ആനകളെല്ലാം അണിനിരക്കും. കേരളീയരെ പോലെ ആനകളെ സംരക്ഷിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും അവയെ കുറിച്ച് പറഞ്ഞ് ഊറ്റം കൊള്ളുന്നതിലും ലങ്കക്കാരും മുന്‍പന്തിയിലാണ്.

ക്ഷേത്രസമുച്ചയം ചുറ്റിനടന്നു കാണാന്‍ നാലു മണിക്കൂറിലധികം എടുത്തു. എന്നിട്ടും തിരിച്ചുപോരുമ്പോള്‍ എന്തൊക്കയോ കാണാന്‍ ബാക്കിയായി പോയെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. പ്രാചീന ലങ്കയുടെ തലസ്ഥാനമായിരുന്ന അനുരാധപുരയും വലിയ ബുദ്ധമതകേന്ദ്രമാണ്. ബുദ്ധമതവിശ്വാസികളുടെ ആത്മീയതലസ്ഥാനമായി പരിഗണിക്കപ്പെടുന്ന പട്ടണമാണ് അനുരാധപുര. നിരവധി ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളും പഠനകേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇവിടുത്തെ ജെതവനരമയ സ്തൂപം ഏറെ ആകര്‍ഷകമാണ്. ഒരു പടുകൂറ്റന്‍ കൂട കമിഴ്ത്തിയിട്ട പോലെ തോന്നിക്കുന്ന ചാരനിറത്തിലുള്ള സ്തൂപമാണിത്. 400 അടിയിലേറെ ഉയരത്തില്‍ ഇഷ്ടികകൊണ്ട് നിര്‍മിച്ചതാണിത്. മൂന്നാം നൂറ്റാണ്ടില്‍ അനുരാധപുരയിലെ രാജാവായിരുന്ന മഹാസേനനാണ് ഇതിന്റെ പണി തുടങ്ങിവെച്ചത്. പൂര്‍ത്തിയായത് അദ്ദേഹത്തിന്റെ മകന്‍ മേഘവര്‍ണന്റെ കാലത്തും.

25 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ സ്തൂപത്തിന്റെ നിര്‍മാണത്തിന് ഒന്‍പതു കോടിയിലധികം ഇഷ്ടികകള്‍ വേണ്ടിവന്നു. പ്രാചീനകാലത്ത് നിര്‍മിക്കപ്പെട്ട, ലോകത്തെ തന്നെ ഏറ്റവും ഉയരവും വിസ്താരവുമുള്ള സമുച്ചയങ്ങളില്‍ ഒന്നാണിത്. ലങ്കയിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമത പഠന കേന്ദ്രവുമായിരുന്നു ഇത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ചോളരാജാക്കന്മാര്‍ ഈ സ്തൂപം ആക്രമിച്ച് കേടുവരുത്തിയിരുന്നു. സ്തൂപത്തിന്റെ മുകള്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും പന്ത്രണ്ടാം നൂറ്റാണ്ടില്‍ പരാക്രമബാഹു എന്ന രാജാവ് സ്തൂപത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു. ബി.സി. നാലാം നൂറ്റാണ്ട് മുതല്‍ എ.ഡി. പതിനൊന്നാം നൂറ്റാണ്ടുവരെ സിംഹളരാജവംശത്തിന്റെ തലസ്ഥാനമായിരുന്നു അനുരാധപുര. 40 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ നഗരത്തില്‍ ബുദ്ധവിഹാരങ്ങളുടെയും കൊട്ടാരങ്ങളുടെയും അവശിഷ്ടങ്ങള്‍ ഉത്ഖനനം ചെയ്ത് സംരക്ഷിച്ചിരിക്കുന്നു. ഒട്ടേറെ ക്ഷേത്രങ്ങളും സ്തൂപങ്ങളുമുള്ള, ചരിത്രകുതുകികള്‍ക്കും ഗവേഷകര്‍ക്കും വലിയ താത്പര്യം സൃഷ്ടിക്കുന്ന ഈ പ്രാചീനനഗരം ഇന്ന് യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളില്‍ ഒന്നാണ്. അനുരാധപുരയില്‍ നടത്തിയ ഉത്ഖനനത്തില്‍ കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന മ്യൂസിയത്തിലും ഞാന്‍ പോയി. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിക്കപ്പെട്ട മ്യൂസിയമാണിത്. നാലാം നൂറ്റാണ്ടിലെ മനോഹരമായ ചുമര്‍ച്ചിത്രങ്ങള്‍, മാര്‍ബിളില്‍ തീര്‍ത്ത ബുദ്ധപ്രതിമകള്‍, ഗ്രാനൈറ്റ് കല്ലുകള്‍, രാജ്ഞിമാര്‍ ധരിച്ചിരുന്ന ആനക്കൊമ്പില്‍ തീര്‍ത്ത ആഭരണങ്ങള്‍, മണ്‍പാത്രങ്ങള്‍... ഇങ്ങനെ വിപുലമായ ശേഖരമാണ് മ്യൂസിയത്തില്‍. പക്ഷേ, ഫോട്ടോയെടുക്കാന്‍ അനുവാദമില്ല.

ബുദ്ധമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം പാവനമായ ബോധിവൃക്ഷവും അനുരാധപുരയിലുണ്ട്. ഗൗതമന് ജ്ഞാനോദയം ലഭിച്ച ഗയയിലെ ബോധിവൃക്ഷത്തിന്റെ തൈ എന്നു വിശ്വസിക്കപ്പെടുന്ന ഒരു കൂറ്റന്‍ ആല്‍മരവും അതിനോടു ചേര്‍ന്ന ക്ഷേത്രവും. അശോകചക്രവര്‍ത്തിയുടെ മകളായ സംഘമിത്ര ഇന്ത്യയില്‍നിന്നു കൊണ്ടുവന്ന തൈ ആണെന്നാണ് വിശ്വാസം. അതെന്തായാലും 2217 വര്‍ഷം പ്രായമുള്ള ആല്‍മരമാണിതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

അനുരാധപുരയിലെ ബുദ്ധസ്തൂപം

ബോധിവൃക്ഷത്തണലില്‍നിന്ന് അവിടുത്തെ ടൂറിസ്റ്റ് ഗൈഡ് എന്നെ നയിച്ചത് മറ്റൊരു ബുദ്ധക്ഷേത്രത്തിലേക്കായിരുന്നു; ഇസുരുമുനിയക്ഷേത്രം. ചെറിയൊരു തടാകക്കരയിലൂടെ പടവുകള്‍ കയറിവേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍. രണ്ടു വലിയ പാറകള്‍ക്കു നടുവിലാണ് ഈ ക്ഷേത്രം. ബി. സി. 250 മുതല്‍ 210 വരെ അനുരാധപുരയില്‍ ഭരണം നടത്തിയിരുന്ന ദേവനാംപിയ തിസ്സയുടെ കാലത്താണ് ഈ ക്ഷേത്രം നിര്‍മിച്ചത്. അകത്തുള്ള വലിയ ബുദ്ധപ്രതിമ നിലത്ത് കിടക്കുന്ന രീതിയിലാണ്. അതിനപ്പുറമുള്ള ഹാളില്‍ കല്ലില്‍ കൊത്തിയ മനോഹരമായ ഒരു ശില്പവും. പ്രേമചേഷ്ടയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രണയിനികളുടെ ശില്പമാണിത്. പ്രായേണ ചെറുതെങ്കിലും മനോഹരമായ ക്ഷേത്രം.

ഇസുരുമുനിയ

ചൈനയിലെ ബുദ്ധന്‍മാര്‍

ബുദ്ധമത അനുയായികള്‍ ഏറെയുള്ള രാജ്യമാണ് ചൈനയും. പക്ഷെ ചൈനക്കാരുടെ വിശ്വാസത്തിന് ഒരു രഹസ്യസ്വഭാവമുണ്ട്. ഞാന്‍ അവിടുത്തെ വ്യവസായ നഗരമായ ഗ്വാങ്ഷൂവില്‍ വെച്ച് പരിചയപ്പെട്ട പെണ്‍സുഹൃത്ത് യു യാന്‍ഷുവിനെ കുറിച്ച് പറഞ്ഞാല്‍ അതിനെ കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാവും.

യു യാന്‍ഷുവിനോട് നഗരത്തിലെ ഗുവാങ്‌സിയോ ബുദ്ധവിഹാരത്തിലേക്കുള്ള വഴി തിരക്കിയപ്പോള്‍ ലഭിച്ച മറുപടി രസകരമായിരുന്നു. 'സോറി ഞാന്‍ മത വിശ്വാസിയല്ല, പാര്‍ട്ടി മെംബറാണ്.' അദ്ഭുതം തോന്നി. കാരണം യാന്‍ഷു 21 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ്. സണ്‍ യാറ്റ് സെന്‍ യൂണിവേഴ്‌സിറ്റിയില്‍ മീഡിയ സ്റ്റഡീസില്‍ ഡിഗ്രിക്ക് പഠിക്കുന്നു. ഇത്ര ചെറുപ്പത്തിലൊക്കെ പാര്‍ട്ടി മെംബര്‍ഷിപ്പ് കിട്ടുമോ? സംശയം തോന്നിയെങ്കിലും ചോദിക്കാന്‍ മടി. പകരം ഒപ്പമുണ്ടായിരുന്ന അവളുടെ യുവസുഹൃത്തിനോട് ചോദിച്ചു ' നിങ്ങളും പാര്‍ട്ടി മെംബറാണോ ? ' ആ ചോദ്യം പക്ഷെ യാന്‍ഷുവിനെ ചൊടിപ്പിച്ചു. അവളുടെ സുന്ദരമായ മുഖം ചുവന്ന് തുടുത്തു. എങ്കിലും അവള്‍ തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. കുഴപ്പം ഇംഗ്ലീഷിന്റേതാണ്. ബുദ്ധമത വിശ്വാസിയാണോ എന്നാണ് എന്റെ ചോദ്യം അവള്‍ കേട്ടത്. മതവിശ്വാസത്തിന്റെ കാര്യം അങ്ങനെ പരസ്യമായി സംസാരിക്കുന്ന പതിവ് ചൈനീസ് സമൂഹത്തിലില്ല. ചെറുപ്പക്കാരില്‍ ഭൂരിഭാഗം പേരും തങ്ങള്‍ക്ക് എന്തെങ്കിലും മതമുണ്ടോയെന്ന് പോലും അറിയാത്തവരാണ്, സംഗതി മതമില്ലാത്ത ജീവന്‍ തന്നെ. വിശ്വാസമുള്ളവര്‍ തന്നെ അത് തുറന്ന് പറയാറുമില്ല.

ചൈനയിലെ ബുദ്ധവിഹാരം

ഗുവാങ്‌സിയോയിലേക്കുള്ള വഴി മനസ്സിലാക്കി മെട്രോ ട്രെയിന്‍ പിടിക്കാന്‍ തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഹോങ്കോങില്‍ നിന്നുള്ള പത്രപ്രവര്‍ത്തകന്‍ തിമോത്തിയോട് യാന്‍ഷു ചൂടായ കാര്യം പറഞ്ഞു. അപ്പോള്‍ ശബ്ദം താഴ്ത്തിയാണ് അയാള്‍ സംസാരിച്ചത്. ' ഞാന്‍ കാത്തലിക് വിശ്വാസിയാണ്. എന്റെ വീടിനടുത്ത് ചര്‍ച്ചില്ല. പുതുതായി ഒരെണ്ണം പണിയാന്‍ അനുവാദം കിട്ടില്ല. പകരം ഞങ്ങള്‍ക്ക് ' അണ്ടര്‍ ഗ്രൗണ്ട് ചര്‍ച്ചുകളുണ്ട്. ഞായറാഴ്ച്ച പ്രാര്‍ഥന അവിടെയാണ്. 'അങ്ങനെ ഒരു പുതിയ വാക്ക് കൂടി കിട്ടി- അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച്. പഴയ കമ്യൂണിസ്റ്റ് നേതാക്കളെ പോലെ പാതിരിമാരും അണ്ടര്‍ഗ്രൗണ്ടിലാണോ ആവോ ? തിമോത്തിയുടെ മൊത്തത്തിലുള്ള പരിഭ്രമം കണ്ടപ്പോള്‍ അത് ചോദിക്കാന്‍ തോന്നിയില്ല.

Also Read

പാമ്പിൻസൂപ്പ് കണ്ണടച്ച് കോരിക്കുടിച്ചു; ...

ഇന്ത്യക്കാർ പൊതുവേ സ്വവർഗാനുരാഗികളാണല്ലോ, ...

2000രൂപയ്ക്ക് ഞണ്ട്കാൽ വാങ്ങുന്ന നിങ്ങൾക്ക് ...

എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി; ഇന്ത്യൻ ...

'വെള്ളം വേണ്ടേ?' സായിപ്പിന്റെ മറുപടി എന്നെ ...

ദൈവമേ, ഹോമോ സെക്ഷ്വലാണ് ഈ സന്ന്യാസി... ...

ട്രിപ്പ് കഴിഞ്ഞ തിരിച്ചു പോയെങ്കിലും വിയലേറ്റ ...

മൂന്ന് ട്രെയിന്‍ മാറിക്കയറി ഗുവാങ്‌സിയോ മോണ്‍സ്ട്രിയില്‍ എത്തിയപ്പോള്‍ പക്ഷെ ചൈനക്കാരോട് ബഹുമാനമാണ് തോന്നിയത്. മതവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെങ്കിലും ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ കാണിക്കുന്ന താല്‍പര്യം കണ്ടുപഠിക്കണം. ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള ആരാധനാലയങ്ങളില്‍ ഒന്നാണ് ഈ മോണ്‍സ്ട്രി. ക്രിസ്തുവിന് മുമ്പ് മുന്നൂറിനും നാനൂറിനും ഇടക്ക് ഇന്ത്യയില്‍ നിന്നെത്തിയ ഒരു ബുദ്ധ സന്യാസിയാണ് ഇത് സ്ഥാപിച്ചത്. പിന്നീട് ക്വിങ് രാജാക്കന്‍മാരുടെ കാലത്ത് അത് ഇപ്പോള്‍ കാണുന്ന രീതിയില്‍ വിശാലമായ വളപ്പില്‍ പുതുക്കിപണിയുകയായിരുന്നു. രണ്ടായിരത്തിലധികം പഴക്കമുള്ള ഈ ബുദ്ധവിഹാരത്തില്‍ പാരമ്പര്യ രീതിയില്‍ തന്നെയുള്ള പ്രാര്‍ഥനകളും ആരാധനയും നടക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ അവിടെ വന്ന് ചന്ദനത്തിരികള്‍ കത്തിച്ച് കുമ്പിട്ട് മടങ്ങുന്നു. വിവിധ രീതിയുലുള്ള കൂറ്റന്‍ ബുദ്ധ വിഗ്രഹങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നവയാണ്. പൊട്ടിച്ചിരിക്കുന്ന ബുദ്ധന്‍മാരും തായ് ശൈലിയിലുള്ള ബുദ്ധന്‍മാരുമെല്ലാമുണ്ട്. മോണ്‍ടസ്ട്രി വളപ്പിലേക്ക് കടക്കുമ്പോള്‍ കാണുന്നത് വാളുമായി ചൈനീസ് സ്റ്റൈലില്‍ രൗദ്ര ഭാവം പൂണ്ട്‌നില്‍ക്കുന്ന മൂന്ന് നാല് അംഗരക്ഷകരുടെ കൂറ്റന്‍ പ്രതിമകളാണ്. കണ്ണെടുക്കാതെ നോക്കിനിന്നു പോവുന്ന കാഴ്ചകള്‍.

ചൈനയിലെ ബുദ്ധവിഹാരത്തിലെ ശില്‍പ്പങ്ങള്‍

മോണ്‍സ്ട്രി ചുറ്റിനടന്ന് കാണുമ്പോള്‍ കാര്യങ്ങള്‍ പറഞ്ഞുതന്നുകൊണ്ടിരുന്ന ബുദ്ധ സന്യാസി എടുത്തുപറഞ്ഞ കാര്യം, സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് മോശമായ ഇടപെടലുകള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നതായിരുന്നു. പക്ഷെ, അവിടുത്തെ മാസ്റ്റര്‍ ഡി ജിങ്ങിനെ കാണാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ ചെന്നപ്പോള്‍ പട്ടാള വേഷത്തില്‍ തന്നെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനും ഒപ്പമിരിക്കുന്നു. സന്യാസിയും പട്ടാളവും ചേര്‍ന്നാണ് അവിടെ ഭരണം. രണ്ടു പേരും മസിലുപിടിച്ചിരിക്കുന്നു. 'എന്തിന് വന്നു, എന്താണ് ഉദ്യേശം? ' ഇങ്ങനെ രണ്ടു മൂന്ന് ചോദ്യങ്ങള്‍. ഒരു പാവം വഴിപോക്കനാണ് എന്നു പറഞ്ഞ് തടിയൂരി. പുറത്തിറങ്ങുമ്പോള്‍ പ്രാര്‍ഥനാ ഹാളില്‍ നിന്ന് അത്യുച്ചത്തിലുള്ള ശരണം വിളികള്‍. പട്ടാളക്കാരന്‍ പുരികം ചുളിച്ച് അങ്ങോട്ടേക്കൊന്ന് നോക്കി അത്രമാത്രം. പുറത്തേക്കിറങ്ങിയപ്പോള്‍ പക്ഷെ ലോകത്ത് ഏത് അമ്പലത്തില്‍ പോയാലും സംഭവിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍. തല മുണ്ഡനം ചെയ്ത്, കാവി ഉടുപ്പിട്ട രണ്ടു പേര്‍ പിടികൂടി. മോണ്‍സ്ടി പുതുക്കി പണിയാന്‍ സംഭാവന വേണം. പത്ത് യുവാന്‍ കൊടുത്തപ്പോള്‍ അമ്പതെങ്കിലും വേണമെന്നായി. മറ്റു രണ്ടുപേര്‍കൂടി പതുക്കെ അടുത്തേക്ക് വരുന്നു. അതുകണ്ടുനിന്ന യാന്‍ഷു സഹായത്തിനെത്തിയതു കൊണ്ടാണ് കൂടുതലായി ധനനഷ്ടവും മാനഹാനിയും സംഭവിക്കാഞ്ഞത്.

സാഞ്ചിയിലെ ബുദ്ധന്‍മാര്‍

ക്രിസ്തുവിനു മുന്‍പ് 268 മുതല്‍ 232 വരെ വിശാലമായ മൗര്യസാമ്രാജ്യത്തിന്റെ അധിപനായിരുന്ന അശോക ചക്രവര്‍ത്തിക്ക് ഇന്ത്യയില്‍ ബുദ്ധമതം വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ടായിരുന്നു. അദ്ദേഹം സാഞ്ചിയില്‍ പടുത്തുയര്‍ത്തിയ സ്തൂപവും വിഹാരങ്ങളും ഇന്നും വലിയ ചരിത്രവിസമയങ്ങളായി നിലകൊള്ളുന്നു. അശോകസാമ്രാജ്യത്തിന്റെ തലസ്ഥാനം പാടലീപുത്ര (ബിഹാറിലെ പട്‌ന) ആയിരുന്നുവെങ്കിലും ബുദ്ധമതകേന്ദ്രം എന്ന നിലയില്‍ സാഞ്ചിക്കും തുല്യപ്രാധാന്യം ലഭിച്ചിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബുദ്ധമതം ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന കാലത്ത് (ക്രിസ്തുവിനു മുന്‍പ് നാലുമുതല്‍ ഒന്നുവരെ നൂറ്റാണ്ടുകള്‍) നിര്‍മിക്കപ്പെട്ട പ്രധാനപ്പെട്ട മൂന്നു വലിയ സ്തൂപങ്ങളില്‍ ഏറ്റവും മനോഹരമായതാണ് സാഞ്ചിയിലേത്. വാസ്തുവിദ്യാമികവും ശില്പഭംഗിയുംകൊണ്ട് സാഞ്ചിയിലെ സ്തൂപം വേറിട്ടുനില്ക്കുന്നു.

സാഞ്ചിയിലെ സ്തൂപം

മധ്യപ്രദേശിലേക്ക് യാത്ര തിരിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്ന് സാഞ്ചിതന്നെയായിരുന്നു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൗണ്ടറില്‍നിന്ന് 30 രൂപയുടെ പ്രവേശനടിക്കറ്റെടുത്തുവേണം സ്തൂപങ്ങള്‍ നിലകൊള്ളുന്ന വളപ്പിനകത്തേക്കു കയറാന്‍. അന്‍പതടി ഉയരമുള്ള പ്രധാന സ്തൂപം അകലെനിന്നേ മനോഹരമായ കാഴ്ചയാണ്. അണ്ഡാകൃതിയിലാണെങ്കിലും ഈജിപ്തിലെ പിരമിഡുകളെ അനുസ്മരിപ്പിക്കുന്ന നിര്‍മിതിയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നി. ക്രിസ്തുവിനു മുന്‍പ് മൂന്നാം നൂറ്റാണ്ടില്‍ അശോകന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഈ സ്തൂപത്തിനുള്ളില്‍ ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കംചെയ്തിരിക്കുന്നുവത്രേ. പൗരാണികഭാരതത്തിന്റെ കലാവൈശിഷ്ട്യത്തിന്റെ നിദര്‍ശനമായി ആകാശത്തേക്ക് ഉയര്‍ന്നുനില്ക്കുന്ന വലിയ ഗോളം. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവുമുള്ള ശിലാനിര്‍മിതിയാണ് ഈ സ്തൂപം. ഭൂമിയെ ഉള്‍ക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിര്‍മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തെ അണ്ഡം എന്നാണ് വിളിക്കുന്നത്. അണ്ഡത്തിനു മുകളിലായി 50 അടി വ്യാസമുള്ള അടിത്തറയില്‍ ചതുരാകൃതിയില്‍ ഹര്‍മികയും നിര്‍മിച്ചിരിക്കുന്നു. അതിനു മുകളില്‍ കൊടിമരമുണ്ട്. മുകളില്‍ത്തന്നെ മൂന്നു തട്ടുകളായി നില്ക്കുന്ന കുടകളുടെ രൂപവുമുണ്ട്. ബുദ്ധമതവിശ്വാസമനുസരിച്ച് ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന ഈ കുടകളെ 'ഛത്രാവലി' എന്നു വിളിക്കുന്നു.

സാഞ്ചി മ്യൂസിയത്തിലെ ബുദ്ധശില്‍പം

ദീര്‍ഘചതുരാകൃതിയിലുള്ള കല്ലുകള്‍ അടുക്കിവെച്ച് പടുത്തുയര്‍ത്തിയ സ്തൂപത്തിനു പിന്നിലെ മനുഷ്യാധ്വാനത്തെക്കുറിച്ച് ചിന്തിക്കാതെ വയ്യ. നമ്മുടെ രാജ്യത്തെ പ്രാചീനജനതയുടെ കലാബോധത്തിനും ഇച്ഛാശക്തിക്കും ഉത്തമനിദര്‍ശനമാണിത്.
വലിയ സ്തൂപത്തിന്റെ നാലുവശത്തും 'തോഹന്‍' എന്നു വിളിക്കപ്പെടുന്ന കവാടങ്ങളുണ്ട്. ഉയരംകൂടിയ രണ്ടു തൂണുകള്‍. അവയ്ക്കു മുകളില്‍ വിലങ്ങനെ വിട്ടുവിട്ടു നില്ക്കുന്ന മൂന്നു ബീമുകള്‍, അതാണ് ഈ കവാടങ്ങളുടെ പ്രാഥമികരൂപം. രണ്ടു തൂണുകള്‍ക്കു മുകളിലും നാലുഭാഗത്തേക്കും നോക്കിനില്ക്കുന്ന സിംഹങ്ങളുള്ള അശോകസ്തംഭം. ഇന്ത്യയുടെ മുഖ്യ പ്രതീകമായി മാറിയ അശോകസ്തംഭം കണ്ടെത്തിയത് ഇവിടെയും സാരാനാഥിലുമുള്ള അശോകസ്തംഭങ്ങളില്‍നിന്നാണ്. ഓരോ കവടത്തിലെയും തൂണുകള്‍ക്കും ബീമുകള്‍ക്കും മേല്‍ വ്യത്യസ്തമായ കൊത്തുപണികള്‍. ആനകളും കുതിരകളും സാലഭഞ്ജികമാരും എല്ലാമുണ്ട്. ജാതകകഥകളും ബുദ്ധന്റെ ജീവിതവും ബുദ്ധമതത്തിന്റെ ചരിത്രവുമെല്ലാം കല്ലില്‍ ഉളികൊണ്ട് കൊത്തിവെച്ചിരിക്കുന്നു. ബുദ്ധമതത്തിന്റെ തുടക്കംതൊട്ടുള്ള വിവരങ്ങളും സംഭവവികാസങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കവാടം കടന്ന് സ്തൂപത്തിനരികിലേക്കു ചെല്ലണം. അവിടെ കാണുന്ന പടവുകള്‍ കയറി സ്തൂപത്തെ ചുറ്റി 16 അടി ഉയരത്തില്‍ നിലകൊള്ളുന്ന നടപ്പാതയിലെത്താം. ഈ നടപ്പാതയിലൂടെ സ്തൂപത്തെ പ്രദക്ഷിണം ചെയ്യാം. നടപ്പാതയുടെ വശങ്ങളിലായി കുറെ ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയുടെ പേര്. വലിയ സ്തൂപത്തിന് വടക്കുകിഴക്കുഭാഗത്ത് ചെറിയൊരു സ്തൂപമുണ്ട്. ഇതിനടുത്തേക്കു ചെല്ലാന്‍ ഒരു കവാടമേയുള്ളൂ. അതേപോലെ മുകളില്‍ ഒരു കുട മാത്രം. ഈ സ്തൂപത്തിനുള്ളില്‍ ബുദ്ധന്റെ രണ്ടു പ്രധാന ശിഷ്യന്മാരുടെ ഭൗതികാവശിഷ്ടങ്ങളുണ്ട്. മൂന്നാമതൊരു സ്തൂപംകൂടി ഇപ്പോള്‍ ഇവിടെ നിലനില്ക്കുന്നുണ്ട്. പ്രധാന സ്തൂപത്തിനരികില്‍ത്തന്നെ തകര്‍ന്നുകിടക്കുന്ന മറ്റു സ്തൂപങ്ങളുടെയും വിശാലമായ ബുദ്ധവിഹാരങ്ങളുടെയും അവശിഷ്ടങ്ങളും കാണാനുണ്ട്.

മേല്‍ക്കൂരയുള്‍പ്പെടെ കരിങ്കല്ലില്‍ തീര്‍ത്ത ഒരു ബുദ്ധവിഹാരത്തിന്റെ ചെറിയ ഭാഗം ഇപ്പോഴും നിലനില്ക്കുന്നു. ഇതിനുള്ളില്‍ വലിയ കേടുപാടുകള്‍ സംഭവിക്കാത്ത നിലയില്‍ ധ്യാനനിരതനായ ബുദ്ധന്റെ പ്രതിമയുമുണ്ട്. ഇവയില്‍ എല്ലാം അശോകന്റെ കാലത്ത് നിര്‍മിക്കപ്പെട്ടവയല്ല. ക്രിസ്തുവിനുശേഷം നാലാംനൂറ്റാണ്ടില്‍ ഗുപ്തവംശ രാജാക്കന്മാര്‍ സാഞ്ചിയുള്‍പ്പെടെയുള്ള പ്രദേശത്ത് ഭരണം കൈയാളിയ കാലത്ത് നിര്‍മിക്കപ്പെട്ടവയാണ് പലതും. അവരുടെ കാലത്ത് നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കാണുന്നുണ്ട്. വലിയ കല്ലുകളില്‍ കൊത്തിയുണ്ടാക്കിയവയാണ് ഈ ക്ഷേത്രങ്ങളും. ഈ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ നമ്മള്‍ അറിയാതെ ചരിത്രാതീതകാലത്തേക്ക് എത്തിപ്പെട്ടപോലെ തോന്നിപ്പോവും. ബുദ്ധനും അശോകനും ഹ്യുയാന്‍സാങ്ങുമെല്ലാം മുന്നിലൂടെ നടന്നു പോവും പോലെ.

Content Highlights: k viswanath travel column part eight buddhist temple monasterys


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented