പാമ്പിന്‍സൂപ്പ് കണ്ണടച്ച് കോരിക്കുടിച്ചു; ആകെ ഒരു വിമ്മിട്ടം, നാവില്‍ പശ പോലെ ഒട്ടിപ്പിടിച്ചു..


By കെ. വിശ്വനാഥ്

23 min read
Read later
Print
Share

അങ്ങനെ ഒരുപാട് കഥകളില്‍ കേട്ടറിഞ്ഞ മഞ്ഞമുഖമുള്ള മനുഷ്യരുടെ നാട്ടിലേക്ക് കന്നിയാത്രക്ക് എനിക്ക് അവസരമൊരുങ്ങിയത് 2010 നവംബര്‍ മാസത്തിലായിരുന്നു. ചെന്നൈയില്‍ നിന്ന് മലേഷ്യന്‍ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ ആദ്യം കുലാലംപൂരിലേക്ക്. അവിടെനിന്ന് ഗോങ്‌ചോയിലേക്ക്. യാത്ര ചൈനയിലേക്കായതു കൊണ്ടു തന്നെ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. ചൈനക്കാര്‍ ശത്രുക്കളായ ഇന്ത്യക്കാരെ കാണുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു ചിന്ത.

വിൽപ്പനക്ക് വെച്ചിരിക്കുന്ന പാമ്പുകൾ, പാമ്പിൻ സൂപ്പ് തയ്യാറാക്കുന്ന ഷെഫ്

നിങ്ങള്‍ ദുര്‍മന്ത്രവാദം ചെയ്യാറുണ്ടോ? ആദ്യമായി പരിചയപ്പെട്ട ഉടന്‍ ആ പെണ്‍കുട്ടിയുടെ ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അവള്‍ വീണ്ടും ചോദിക്കുന്നു ' അതെന്താ ചെയ്യാത്തത് ? മണിച്ചിത്രത്താഴ് സിനിമയിലെ ഗംഗ നകുലനോട്, അല്ലിക്ക് സാരിയെടുക്കാന്‍ ഞാന്‍ പോയാലെന്താ? എന്നു ചോദിച്ച ടോണിലായിരുന്നു അത്. ഞാന്‍ പകച്ചിരുന്നു. പക്ഷെ ആ പെണ്‍കുട്ടിക്ക് ഭാവമാറ്റമൊന്നുമില്ല. അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ കാരണമെന്താണെന്ന് വിനയപൂര്‍വം ഞനവരോട് ചോദിച്ചു. അവര്‍ പറഞ്ഞു- 'ഇന്ത്യക്കാരുടെ സ്‌ക്കൂള്‍ സിലബസ്സില്‍ മന്ത്രവാദവും പഠിപ്പിക്കുന്നുണ്ടെന്നാണല്ലോ കേട്ടത്.' അത്രയും കേട്ടതോടെ എനിക്ക് ഹരം കയറി. 'പറയൂ, പിന്നെന്തൊക്കെ കേട്ടിട്ടുണ്ട് ഞങ്ങള്‍ ഇന്ത്യക്കാരെ കുറിച്ച് ? '

ആ ചോദ്യത്തിന് കാത്തിരുന്ന പോലെ അവള്‍ വാചാലയായി. ശവഭോഗം നടത്തുന്ന നിരക്ഷരായ മനുഷ്യര്‍, സകല കല്ലിനേയും ആരാധിക്കുന്ന അന്ധവിശ്വാസികള്‍, വിശ്വാസത്തിന്റെ പേരില്‍ പരസ്പരം കൊന്നു തീര്‍ക്കുന്ന ജനത.... ആരോപണങ്ങള്‍ പെരുമഴയായി. അവളുടെ പേര് ചോയു. ചില്ലറക്കാരിയല്ല. എക്കണോമിക്സിൽ ഉന്നതബിരുദം നേടിയ ശേഷം ഒരു മള്‍ട്ടിനേഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. 'ഞങ്ങളെ കുറിച്ച് ഇത്തരം വിവരങ്ങള്‍ നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്?' അവള്‍ പഠിച്ചിരുന്ന കോളേജിലെ പ്രൊഫസര്‍ മുമ്പെങ്ങോ ഇന്ത്യയില്‍ പോയിരുന്നുവെന്നും അയാള്‍ പറഞ്ഞാണ് ഈ 'യഥാര്‍ത്ഥ ചിത്രം' കിട്ടിയതെന്നും ചോയു പറഞ്ഞു. അവളെ തിരുത്താന്‍ പോയിട്ട് കാര്യമില്ലെന്ന് ഉറപ്പായിരുന്നതു കൊണ്ട് ഞാന്‍ തലകുലുക്കി സമ്മതിച്ചു. തന്റെ ലോക പരിജ്ഞാനെത്തെ കുറിച്ചോര്‍ത്ത് അവള്‍ ചാരിതാര്‍ഥ്യമടഞ്ഞു. ഒടുവില്‍ കൈകൊടുത്തു പിരിയുമ്പോള്‍ അവള്‍ പറഞ്ഞു, 'അത്രയ്ക്ക് വിചിത്രമായ ആ നാടൊന്ന് കാണണമെന്നുണ്ട്.'

ചൈനാ സന്ദര്‍ശനിത്തിനിടെ, ഗോങ്‌ചോയില്‍ നിന്ന് ഹനാനിലേക്കുള്ള യാത്രക്കിടയില്‍ ബസ്സില്‍ വെച്ചാണ് ചോയുവിനെ കണ്ടുമുട്ടിയത്. വിവരസാങ്കേതിക വിദ്യയും വാര്‍ത്താവിനിമയ സംവിധാനവും ഇത്രയ്ക്ക് പുരോഗമിച്ചിട്ടും തൊട്ടടുത്ത രാജ്യത്തെ കുറിച്ചു പോലും ഭാഗികവും അതിശയോക്തി കലര്‍ന്നതുമായ വിവരങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ പ്രചരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ചോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെടുക മാത്രം ചെയ്തു. ചൈനയിലേക്ക് യാത്ര തിരിക്കുമ്പോള്‍ പാകിസ്താനോടുണ്ടായിരുന്ന സംശയത്തോളം വരില്ലെങ്കിലും മറ്റൊരു ശത്രു രാജ്യത്തേക്കുള്ള യാത്രയായി തന്നെയാണ് കണക്കാക്കിയിരുന്നത്. എന്റെ ചെറുപ്പത്തില്‍ ചൈനയില്‍ യുദ്ധതടവുകാരനായി മാസങ്ങളോളും കഴിയേണ്ടി വന്ന അമ്മാവനില്‍ നിന്നു കേട്ട കഥകളായിരുന്നു അതിനു കാരണം. മഞ്ഞമുഖമുള്ള ചൈനക്കാര്‍ മനുഷ്യത്വമില്ലാത്ത ചതിയന്‍മാരാണെന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആ കഥകള്‍. ഞാന്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1962-ല്‍ നടന്ന ഇന്ത്യ-ചൈന യുദ്ധംത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട പട്ടാളക്കാരില്‍ എന്റെ ബാലാമ്മാവനും ഉണ്ടായിരുന്നു. യുദ്ധശേഷം കുറച്ചു മാസക്കാലത്തേക്ക് അമ്മാവനെ കുറിച്ച് വിവരങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും മരിച്ചുപോയെന്നു പോലും കരുതിയിരുന്നുവെന്നും അമ്മ പറഞ്ഞു കേട്ടിരുന്നു. ഒടുവില്‍ തടവില്‍ നിന്ന് മോചിതനായ അമ്മാവന്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഒരു ദിവസം വീട്ടില്‍ വന്നു കയറി. അടുത്ത അങ്ങാടിയില്‍ ബസ്സിറങ്ങിയ അമ്മാവനെ നാട്ടുകാര്‍ ഭാരതമാതാവിന് ജയ് എന്നു വിളിച്ച് തോളില്‍ ചുമന്നു കൊണ്ടു വരികയായിരുന്നുവത്രെ. ചൈനീസ് ജയിലില്‍ ഇന്ത്യന്‍ സൈനികരെ ദിവസങ്ങളോളം പട്ടിണിക്കിട്ടുവെന്നും വിശന്ന് വലഞ്ഞിരിക്കുമ്പോള്‍ ഉപ്പിട്ട ചായയും പാമ്പിനെ തുണ്ടങ്ങളാക്കി വേവിച്ചതുമാണ് കൊടുത്തിരുന്നതെന്നും അമ്മാവന്‍ പറഞ്ഞതോര്‍ക്കുന്നു. അറപ്പുകാരണം കഴിക്കാതിരിക്കുമ്പോള്‍ അവര്‍ വഴക്കു പറയുമായിരുന്നുവത്രെ. വിശന്നിരിക്കുമ്പോള്‍ വലിക്കാന്‍ കഞ്ചാവ് ബീഡി കൊടുത്തിരുന്ന കാര്യവും അമ്മാവന്‍ പറഞ്ഞു. ഇന്ത്യന്‍ പട്ടാളക്കാരെ കഞ്ചാവ് വലിപ്പിച്ച് ഒന്നിനും കൊള്ളാത്തവരാക്കി തീര്‍ക്കനുള്ള ചതിയന്‍മാരുടെ ഐഡിയ ആയിരുന്നുവത്രെ അത്.

അങ്ങനെ ഒരുപാട് കഥകളില്‍ കേട്ടറിഞ്ഞ മഞ്ഞമുഖമുള്ള മനുഷ്യരുടെ നാട്ടിലേക്ക് കന്നിയാത്രക്ക് എനിക്ക് അവസരമൊരുങ്ങിയത് 2010 നവംബര്‍ മാസത്തിലായിരുന്നു. ചെന്നൈയില്‍ നിന്ന് മലേഷ്യന്‍ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ ആദ്യം ക്വാലാലംപൂരിലേക്ക്‌. അവിടെനിന്ന് ഗോങ്‌ചോയിലേക്ക്. യാത്ര ചൈനയിലേക്കായതു കൊണ്ടു തന്നെ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. ചൈനക്കാര്‍ ശത്രുക്കളായ ഇന്ത്യക്കാരെ കാണുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു ചിന്ത. അതുകൊണ്ടു തന്നെ വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലെ മംഗോളിയന്‍ മുഖത്തേക്ക് ഞാന്‍ ഒന്ന് പാളിനോക്കി. ഏതായാലും എനിക്കൊരു ചൈനക്കാരനെ വേണം. മറ്റൊന്നിനുമല്ല ആ മണ്ണില്‍ കാലുകുത്തും മുമ്പ് അവിടുത്തെ നാട്ടുനടപ്പുകളെയും രീതികളെയും കുറിച്ച് ഒരു ഏകദേശ രൂപം ഉണ്ടാക്കുന്നത് നല്ലതാണ്. പലതവണ ചെരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും ചിരിച്ചിട്ടും 'പഹയന് ' ഒരു ഭാവമാറ്റവുമില്ല. ഒടുവില്‍ അയാള്‍ക്ക് നേരെ തിരിഞ്ഞിരുന്ന് സ്വയം പരിചയപ്പെടുത്തി. അപ്പോഴും ഒരു പ്രതികരണവുമില്ല. 'ഓ ചൈനക്കാരനല്ലേ, ആംഗലേയ ഭാഷ പിടിയുണ്ടാവില്ല. അതിന്റെ കോംപ്ലക്‌സാവും.' ഞാനും പിന്നെ മിണ്ടാന്‍ പോയില്ല.

ചെറിയൊരു മയക്കത്തിലേക്ക് വീഴുമ്പോള്‍ കൈകളില്‍ ഒരു നനത്ത സ്പര്‍ശം, ചീനന്‍ എന്റെ മുഖത്തേക്ക് നോക്കിചിരിക്കുന്നു. മംഗോളിയന്‍ ആക്‌സന്റ് കലര്‍ന്നതെങ്കിലും സ്ഫുടമായ ഇംഗ്ലീഷില്‍ സംസാരിക്കുന്നു. 'ഓ, പൊട്ടനല്ല അല്ലേ?' എന്ന ഭാവത്തില്‍ അല്‍പം ഈര്‍ഷ്യത്തോടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഉറക്കെ പൊട്ടിച്ചിരിക്കുന്നു. ആകാശത്ത് ആറായിരം അടി ഉയരത്തില്‍ ഇന്ത്യാ-ചൈനാ ബന്ധത്തിലെ മഞ്ഞുരുകി. മറ്റു രാജ്യങ്ങള്‍ക്ക് പക്ഷെ, അതത്ര പിടിച്ചില്ലെന്ന് തോന്നുന്നു, അടുത്ത സീറ്റുകളില്‍ നിന്ന് പുലര്‍ച്ചയിലെ ഉറക്കത്തിന് ഭംഗം വരുത്തിയ ചീനന് നേരെ രൂക്ഷമായ നോട്ടങ്ങള്‍. അവരോട് കണ്ണിറുക്കി കാണിച്ച് ഇനി മിണ്ടില്ലെന്ന് ആംഗ്യം കാണിച്ച് എന്നോട് പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി. ചോദിക്കാതെ തന്നെ ആദ്യം എന്നെ മൈന്‍ഡ് ചെയ്യാതിരുന്നതിന്റെ കാരണം വിശദീകരിച്ചു. ' ഒന്നുമില്ല, വെറുതെ. ഞാന്‍ മിണ്ടാതിരുന്നാല്‍ നിങ്ങളുടെ പ്രതികരണം എന്താവുമെന്നറിയാന്‍ ശ്രമിച്ചതാണ്.' ആള്‍ രസികനാണ്. ലോക സഞ്ചാരിയായ കച്ചവടക്കാരന്‍. പുതിയ തലമുറയിലെ പാഹിയാന്‍. ഏതായാലും ചൈനക്കാര്‍ അരസികന്‍മാരാണെന്ന ധാരണ അവിടെയെത്തുന്നതിന് മുമ്പേ തകര്‍ന്നു. പേരു ചോദിച്ചപ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നി. ഷൂ, ഹൂ എന്നിങ്ങനെ ചില ശബ്ദങ്ങള്‍ മാത്രം. പല തവണ ആവര്‍ത്തിച്ചപ്പോഴും എനിക്കത് പിടികിട്ടുന്നില്ല എന്ന് മനസിലാക്കി പാഹിയാന്‍ പറഞ്ഞു, 'സാരമില്ല, എന്നെ നിങ്ങള്‍ സുഹൃത്തെന്ന് മാത്രം വിളിച്ചോളൂ.'

ചൈനയെക്കുറിച്ചുള്ള മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ ഓരോ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും, നേരത്തെ താക്കിത് ചെയ്ത്‌വിട്ട സഹയാത്രികരുടെ നിദ്രക്ക് ഭംഗം വരുമെന്നത് പോലും ഓര്‍ക്കാതെ പാഹിയാന്‍ കുലുങ്ങിച്ചിരിക്കുന്നു. 'ഒരു പക്ഷെ , ഇന്ന് ലോകത്ത് ഏറ്റവും അധികം തെറ്റിധരിക്കപ്പെട്ട രാജ്യവും ജനതയും ഞങ്ങളാവും.' -ചിരിച്ചുകൊണ്ട് തന്നെ പാഹിയാന്‍ പറഞ്ഞു. യാത്രയവസാനിക്കും മുമ്പ് പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് പഴ്‌സെടുത്ത് രണ്ട് ചൈനീസ് കറന്‍സികള്‍ വലിച്ചെടുത്തു, എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു, ' വെച്ചോളൂ, അവിടെയിറങ്ങി കറന്‍സി മാറ്റിയെടുക്കാന്‍ സമയം പിടിക്കും അതിന് മുമ്പ് ഫോണ്‍ചെയ്യാനും മറ്റും ഉപകരിക്കും.' ചൈനീസ് സഹായം ഇങ്ങനെ ഏകപക്ഷീയമായി സ്വീകരിക്കുന്നത് എങ്ങനെ, ഇന്ത്യയുടെ മാനം പോവില്ലേ ? എത്ര നിര്‍ബന്ധിച്ചിട്ടും അത് വാങ്ങിയില്ല. പകരം രണ്ട് ചൈനീസ് ചോക്ലൈറ്റുകള്‍ മാത്രം സ്വീകരിച്ച് രാജ്യത്തിന്റെ മാനം കാത്തു.


ഗോങ്‌ചോ വിമാനതാവളത്തില്‍ ഇറങ്ങിയതിന് ശേഷവും ചൈനക്കാരുടെ ആതിഥ്യവും സ്‌നേഹപ്രകടനങ്ങളും മതിയാവോളം അനുഭവിച്ചു. എവിടെ പോയാലും 'ദൂ യൂ നീദ് എനി ഹെല്‍പ് ' എന്ന ചോദ്യവുമായി ആരെങ്കലുമെത്തിയിരുന്നു. പക്ഷെ പലരും നമ്മള്‍ ഇംഗ്ലീഷില്‍ പറയുന്നത് മനസ്സിലാവാതെ ബുദ്ധിമുട്ടുന്നു. ഇംഗ്ലീഷ് പഠനത്തിന് പൊതുവെ ചൈനക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നാതാണ് കാരണം. അവരുടെ വ്യവഹാരങ്ങളെല്ലാം ചൈനീസിലാണ്. കമ്പ്യൂട്ടറിന്റേയും മൊബൈല്‍ ഫോണിന്റേയുമെല്ലാം യൂസര്‍ ലാംഗ്വേജുപോലും ചൈനീസാണ്. നമ്മള്‍ പറയുന്നത് മനസ്സിലാവാതെ വരുമ്പോള്‍ അവര്‍ വിഷമിക്കും. അപ്പോള്‍ അവരുടെ മുഖത്ത് പ്രടമാവുന്ന നിസ്സാഹായത കാണുമ്പോള്‍ വിഷമം തോന്നും. അവരെയിങ്ങനെ ബുദ്ധിമുട്ടിക്കാതിരിക്കാനെങ്കിലും ചൈനീസ് പഠിക്കാമായിരുന്നു എന്ന് തോന്നിപ്പോവും.

ഇംഗ്ലീഷ് പ്രയോഗങ്ങളില്‍ ചൈനക്കാര്‍ക്ക് സംഭവിക്കുന്ന തെറ്റുകള്‍ കാരണം എന്റെ ഒരു സുഹൃത്തിന് ഉണ്ടായ അനുഭവം ഏറെ രസകരമായിരുന്നു. ചൈനയില്‍ വിമാനമിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ലഗേജ് വിമാനത്തില്‍ നിന്ന് കിട്ടിയില്ല. മറ്റെങ്ങോട്ടോയുള്ള വിമാനത്തിലായി പോയി അതു ലോഡ് ചെയ്തത്. അബദ്ധം മനസ്സിലാക്കിയ വിമാന കമ്പനി അധികൃതര്‍ ഉടന്‍ തന്നെ അത് എത്തിച്ചുകൊടുക്കാമെന്ന് വാക്കുകൊടുത്തു. തല്‍ക്കാലത്തേക്ക് ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ പണവും അവര്‍ നല്‍കി. അതുവരെ കഥ ശുഭം. പക്ഷെ വസ്ത്രങ്ങള്‍ വാങ്ങാന്‍ നഗരത്തിലെ ഒരു സ്റ്റോറില്‍ പോയി. കടയിലെ വില്‍പ്പനക്കാരന്‍ പറയുന്നു, 'വണ്‍സ് യൂസ്ഡ്' അണ്ടര്‍വെയറുകളേയുള്ളൂ. ഒറ്റ തവണയാണെങ്കിലും മറ്റൊരാള്‍ ഉപയോഗിച്ച അണ്ടര്‍വെയര്‍ വില്‍ക്കുന്നത് ശരിയാണോയെന്ന് വിനയത്തോടെ അദ്ദേഹം ചോദിച്ചു. പക്ഷെ കടക്കാരന് കൂസലില്ല. അങ്ങനെ സംസാരിച്ചു വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. ഒരിക്കല്‍ ഉപയോഗിച്ച അണ്ടര്‍വെയറല്ല. ഒരിക്കല്‍ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കാവുന്ന തരത്തിലുള്ള 'യൂസ് ആന്റ് ത്രോ'അണ്ടര്‍വെയറുകളായിരുന്നു അവ. ആ കഥ കേട്ട് മതിയാവോളം ചിരിച്ചതിന് അടുത്ത ദിവസം തന്നെ എനിക്കും കിട്ടി ഒരു മുട്ടന്‍ പണി. താമസിക്കുന്ന ഹോട്ടലിലെ ഭക്ഷണത്തോടുള്ള വിരക്തി കാരണം ഏതെങ്കിലും റെസ്റ്റോറന്റില്‍ കയറി ലഞ്ച് കഴിക്കാമെന്നു കരുതി. ഇന്ത്യന്‍ ഭക്ഷണം കിട്ടുമോയെന്ന അന്വേഷണത്തിലായിരുന്നു ഞാന്‍. പക്ഷെ പ്രതീക്ഷിച്ചതിലുമധികം നീണ്ടു പോയി ആ നടപ്പ്. അതിനിടെ എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടി. അടുത്തുള്ള ഒരു കടയില്‍ കയറി സിഗരറ്റ് വാങ്ങി. എന്നിട്ട് ടോയ്‌ലറ്റ് എവിടെയാണെന്ന് അന്വേഷിച്ചു. അവരുടെ കടയില്‍ ചെന്ന ഒരു ഉപഭോക്താവെന്ന നിലയ്ക്ക് അവരുടെ ടോയ്‌ലറ്റ് ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അത്. പക്ഷെ, ടോയ്‌ലറ്റെന്നും യൂറിനലെന്നും ബാത്ത്‌റൂമെന്നുമെല്ലാം പറഞ്ഞിട്ട് അവര്‍ക്ക് മനസ്സിലാവുന്നില്ല. അവിടെ നിന്ന് ഇറങ്ങി മറ്റൊരു കടയില്‍ കയറി. അവിടെയും ഇതേ അവസ്ഥ. അപ്പോഴേക്കും എനിക്ക് ശങ്ക കലശലായി. ഇനി പിടിച്ചു നില്‍ക്കാനാവില്ലെന്ന അവസ്ഥ. നമ്മുടെ നാട്ടിലെന്ന പോലെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ കടുത്ത പിഴ കിട്ടുമെന്നുറപ്പ്. ഒടുവില്‍ പരവശനായി ഞാന്‍ ഒരു ഹോട്ടലിലേക്ക് ഓടിക്കയറി. എന്റെ മുഖത്തെ പരിഭ്രാന്തി കണ്ട ഒരു സ്ത്രീ ഗ്ലാസ് വെള്ളവുമായി വന്നു. വെള്ളമല്ല വേണ്ടത് ടോയ്‌ലറ്റാണെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും അവര്‍ക്കും മനസ്സിലാവുന്നില്ല. ഗത്യന്തരമാല്ലാതെ ഞാന്‍ പാന്റ്‌സിന്റെ സിബ് താഴോട്ടും മുകളിലോട്ടുമാക്കി കാണിച്ചു. കാര്യം പിടികിട്ടിയ അവര്‍ ഉറക്കെ ചിരിച്ചു കൊണ്ട് എന്നെ ടോയ്‌ലറ്റിന് അരികിലേക്ക് നയിച്ചു. അകത്തു കയറി മൂത്രമൊഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ആ സ്്ത്രീയും മറ്റു രണ്ടു പേരും എന്റെ പരവേശത്തെ കുറിച്ച് സംസാരിച്ച് ചിരിക്കുന്നത് ഞാന്‍ കേട്ടു. വിജയശ്രീലാളിതനായ പുറത്തേക്കിറങ്ങിയ എന്നെ ഒരു കപ്പ് മധുരമിടാത്ത കട്ടന്‍ ചായ തന്ന് അവര്‍ സത്കരിച്ചു.

നടുക്കണ്ടം തിന്നൂ ഞാന്‍

Also Read
column

വിരോധം ശത്രുരാജ്യക്കാരുമായി സെക്‌സ് ചെയ്ത് ...

വീട്ടിലുണ്ടാക്കുന്ന എന്തെങ്കിലും ഭക്ഷണം കഴിക്കാന്‍ ചെറുപ്പത്തില്‍ ഞാന്‍ മടിച്ചിരുന്ന കാലത്ത് അമ്മ എന്റെ നേരെ തൊടുത്തു വിട്ടിരുന്ന രണ്ട് പഴഞ്ചൊല്ലുകളുണ്ട്. നല്ലത് നായക്കറിയില്ല എന്നതായിരുന്നു അതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് പാമ്പിനെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കണ്ടം തിന്നണമെന്നും. അന്നൊക്കെ എന്നെ ആകര്‍ഷിച്ചത് നല്ലത് തിരിച്ചറിയാത്ത നായയല്ല. പാമ്പിനെ തിന്നുന്ന നാട്ടുകാരാണ്. അത് ചൈനക്കാരാണെന്ന് ബാലാമ്മാവന്‍ പറഞ്ഞ പട്ടാളകഥകളില്‍ നിന്ന് എനിക്ക് ബോധ്യം വരികയും ചെയ്തിരുന്നു. ചൈനയില്‍ പോവുമ്പോള്‍ എന്റെ ബക്കറ്റ്‌ലിസ്റ്റിലെ ആഗ്രഹങ്ങളിലൊന്ന് അവിടുത്തെ വിചിത്രമായ ഭക്ഷണങ്ങളുടെ രുചിയറിയുക എന്നതായിരുന്നു. അതുകൊണ്ടു തന്നെ അവിടെയെത്തി തൊട്ടടുത്ത ദിവസം തന്നെ അത്തരം ഭക്ഷണങ്ങള്‍ വിളമ്പുന്ന റസ്റ്റോറന്റില്‍ ചെന്നുകയറി. സൂപ്പിലാണ് തുടങ്ങിയത്. വിളമ്പുകാരന്‍ വിശദീകരിച്ചു തന്നു. ഫാമില്‍ വളര്‍ത്തുന്ന ചെറിയ പാമ്പുകളെ കൊണ്ടുണ്ടാക്കുന്നതാണ്. ഓര്‍ഡര്‍ ചെയ്തു. ഇളം ചൂടോടെ സൂപ്പ് മുന്നിലെത്തി. തുടക്കക്കാരനാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാവാം പാമ്പിന്റെ കഷണങ്ങള്‍ മുഴുവന്‍ കോരികളഞ്ഞ് തെളിഞ്ഞ സൂപ്പാണ് കൊണ്ടുവന്നത്. പക്ഷെ, അതിലേക്ക് നോക്കിയപ്പോള്‍ ചില ചിത്രങ്ങള്‍ തെളിയുന്നതു പോലെ. ചെറുപ്പം കാലം തൊട്ടേ കണ്ട പലതരം പാമ്പുകള്‍ അതില്‍ നീന്തിത്തുടിക്കുന്നു. ഇത്ര വരെയെത്തിയിട്ട് പിന്‍മാറുന്നതെങ്ങനെ ? കണ്ണടച്ച് സ്പൂണ്‍ കൊണ്ട് കോരി കുടിച്ചു. മൂന്നു നാല് സ്പൂണ്‍ കഴിച്ചിരിക്കണം. ആകെ ഒരു വിമ്മിട്ടം. നാവില്‍ സൂപ്പ് പശ പോലെ ഒട്ടിപ്പിടിക്കുന്നുവോ? തലയുയര്‍ത്തി നോക്കുമ്പോള്‍ അമ്മയുടെ തറവാടിന്റെ കുലദൈവമായ നാഗം പടമെടുത്ത് മുന്നില്‍ നില്‍ക്കും പോലെ. അന്നത്തെ പരീക്ഷണം പെട്ടെന്ന് അവസാനിപ്പിച്ച് ബില്‍ സെറ്റില്‍ ചെയ്ത് ഇറങ്ങി നടന്നു. ഹോട്ടല്‍ മുറിയില്‍ പോയി കിടന്നു. ഛര്‍ദിക്കാന്‍ വരുന്നു.

ഭക്ഷണം ഓരോ നാട്ടുകാര്‍ക്കും ഓരോന്നാണ്. നമ്മള്‍ കോഴിയേയും ആടിനേയും പോത്തിനേയും തിന്നുന്നു. പാമ്പിനേയും നായയേയും തിന്നുന്നില്ല. അതുകൊണ്ടു തന്നെ ഒരു നാട്ടിലെ ഭക്ഷണത്തോടും അനാദരവ് കാട്ടരുത്. മാത്രമല്ല പല നാട്ടിലെ മനുഷ്യര്‍ ഇങ്ങനെ പലതരം ഭക്ഷണങ്ങള്‍ കഴിക്കുന്നതു കൊണ്ടാണ് ലോകത്ത് മുഴുപട്ടിണിയില്ലാത്തത്. ലോകത്തെ എല്ലാ മനുഷ്യരും സസ്യാഹാരികളായിരുന്നെങ്കിലോ? എല്ലാവര്‍ക്കും കഴിക്കാന്‍ ആവശ്യമായ ധാന്യവും കിഴങ്ങുകളും കൃഷി ചെയ്ത് ഉണ്ടാക്കാനാവുമായിരുന്നോ? ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നതു കൊണ്ടു തന്നെ കഴിച്ച ഭക്ഷണം ഛര്‍ദിക്കാതെ ദഹിപ്പിച്ചു കളഞ്ഞു. പക്ഷെ പാമ്പിന്‍ സൂപ്പിന്റെ പശിമ കുറേ മണിക്കൂറുകള്‍ നാവില്‍ തങ്ങിനില്‍ക്കുന്ന പോലെ തോന്നി.

പക്ഷെ ഒരനുഭവം കൊണ്ടൊന്നും പഠിക്കുന്ന പ്രകൃതക്കാരനല്ല ഞാന്‍. പാമ്പുരുചിയുമായുള്ള എന്റെ പരീക്ഷണം അവസാനിച്ചില്ല. മൂന്നു ദിവസം കഴിഞ്ഞ് ഗോങ്‌ചോയിലെ ഷുജിയാങ് അഥാവാ പേള്‍ എന്ന് പേരായ നദിയുടെ തീരത്തുള്ള വലിയ മാര്‍ക്കറ്റിലൂടെ നടക്കുമ്പോള്‍ വൈനും മറ്റു പാനീയങ്ങളും വില്‍ക്കുന്ന ഒരു ചെറിയ കടക്ക് മുന്നില്‍ സാമാന്യം തിരക്കു കണ്ടു. അടുത്തേക്ക് ചെന്നു നോക്കിയപ്പോള്‍ വലിയ ഭരണിയില്‍ സൂക്ഷിച്ചിരിക്കുന്ന വൈന്‍ കഴിക്കാനെത്തിയവനാണ്. സുതാര്യമായ ഭരണിക്കകത്ത് പാമ്പിനെ തന്നെ ഇട്ടു വെച്ചിരിക്കുന്നു. ചൈനക്കാരും വിദേശികളുമായ ഒരുപാടു പേര്‍ വാങ്ങി കുടിക്കുന്നുണ്ട്. അവര്‍ക്കു കുടിക്കാമെങ്കില്‍ എന്തുകൊണ്ട് എനിക്കു പറ്റില്ലെന്ന അഹന്ത വീണ്ടുമുണര്‍ന്നു. നേരത്തെ തന്നെ അതു രുചിച്ചു നോക്കിയിരുന്ന ഇന്ത്യക്കാരനെന്ന് തോന്നിച്ച ഒരാളെ പരിചയപ്പെട്ടു. ഡല്‍ഹിയില്‍ നിന്നു വന്ന ഒരു ഡോക്ടര്‍ പരേഖ്്. വിവാഹ ശേഷം ഭാര്യക്കൊപ്പം മധുവിധു യാത്രയിലാണ്. അയാള്‍ പറഞ്ഞു, ' കഴിച്ചാല്‍ ചിലര്‍ക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടാവുമെന്ന് പറഞ്ഞു കേട്ടിരുന്നു. ഞാന്‍ കഴിച്ചിട്ട് പത്തു പതിനഞ്ച് മിനുറ്റായി. കുഴപ്പമൊന്നുമില്ല. ഏതായാലും കുറച്ചു കഴിച്ചാല്‍ മതി.' പരേഖിനെ വിശ്വസിച്ച് ഞാനും ഓഡര്‍ ചെയ്തു. ഗ്ലാസില്‍ പകര്‍ന്നു തന്ന മദ്യം ചുണ്ടോടുപ്പിച്ചു മണത്തു നോക്കി. എന്താണെന്ന് വിശദീകരിക്കാന്‍ കഴിയാത്ത ഗന്ധം. കണ്ടു കവിള്‍ കുടിച്ചു. ദുസ്വാദൊന്നും തോന്നിയില്ല. ബാക്കിയുള്ളത് ഒഴിച്ചു കളഞ്ഞു. അവിടെ നിന്ന് മുന്നോട്ടു നടന്നപ്പോള്‍ തേളുകളെ വറുത്തു വെച്ചിരിക്കുന്ന ഒരു കട കൂടി കണ്ടു. ചൈനക്കാരേക്കാള്‍ മറ്റു രാജ്യക്കാരാണ് അവിടെ കൂട്ടം കൂടി നില്‍ക്കുന്നത്. ഒരു സായിപ്പ് തേളിനെ വാങ്ങി അല്‍പം മാത്രം കഴിച്ച് ബാക്കി കളഞ്ഞു. അതു കണ്ട് അടുത്തേക്ക് ചെന്നെങ്കിലും സായിപ്പിന്റെ ധൈര്യം എനിക്കില്ലാതെ പോയി. ഭക്ഷണ കാര്യത്തില്‍ 'സര്‍വജ്ഞപീഠം' കയറാനുള്ള ആ ഒരു പടവില്‍ പിഴച്ചുവെങ്കിലും അടുത്ത ദിവസങ്ങളിലും ഞാന്‍ പരീക്ഷണങ്ങള്‍ തുടന്നു കൊണ്ടിരുന്നു. നീരാളി(ഒക്ടോപ്പസ്), മുതല, ആമ തുടങ്ങിയ ജീവികളേയും അലങ്കരിച്ച തീന്‍മേശകളില്‍ ഞാന്‍ ഭക്ഷണമാക്കി. പാമ്പിനെ ഭക്ഷിക്കുകയും തേളിനെ തിന്നുന്നത് നേരില്‍ കാണുകയും ചെയ്തതു കൊണ്ടാവാം അതിലൊന്നും എനിക്ക് വലിയ പരിഭ്രമമോ ആവേശമോ അനുഭവപ്പെട്ടില്ല.

ചീനക്കാരുടെ രുചികളില്‍ ഇന്ത്യക്കാര്‍ക്ക് വഴങ്ങാത്ത ഒന്ന് പന്നിയിറച്ചിയോടും നെയ്യോടുമുള്ള അതിയായ താല്‍പര്യമാണ്. പന്നിയിറച്ചി ധാരാളമായി കഴിക്കും. പന്നിയില്‍ നിന്നു കിട്ടുന്ന നെയ്യിലാണ് പാചകം. റെസ്‌റ്റോറന്റുകളുടെ അടുക്കളക്കടുത്തേക്ക് പോവുമ്പോഴേ പന്നിനെയ്യുടെ രൂക്ഷമായ ഗന്ധം പരക്കും. വീടുകളിലാവട്ടെ പാചകത്തിനായി പന്നിനെയ്യ് കുപ്പിയിലൊഴിച്ച് വെച്ചിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മള്‍ മലയാളികള്‍ക്ക് ഇഷ്ടമുള്ള ചില വിഭവങ്ങളും ചൈനയിലെ റെസ്റ്റോറന്റുകളില്‍ ലഭ്യമാണ്. ഒരു ബുഫെ ടേബിളില്‍ വെച്ചാണ് ഞാനത് കണ്ടെത്തിയത്. - നമ്മുടെ കഞ്ഞി. എടുത്ത് കഴിച്ചു നോക്കി, സത്യത്തില്‍ ഇത്രയ്ക്ക് രുചിയുള്ള കഞ്ഞി അടുത്തകാലത്തൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. കഞ്ഞിക്കൊപ്പം കൂട്ടാന്‍ കയ്പ്പ് കുറവുള്ള പാവക്കയുടെ ഉപ്പേരിയും കിട്ടി. സംഗതി ചൈനയില്‍ മുമ്പേ ഉള്ളതാണെന്നും സൂ എന്നാണ് പേരെന്നും അവര്‍ പറഞ്ഞു തന്നു. നമ്മുടെ കഞ്ഞി ആരാണാവോ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ചൈനയില്‍ എത്തിച്ചത് ? പാഹിയാനോ ഹുയാന്‍ സാങോ ?

മൃഗശല പോലൊരു മാര്‍ക്കറ്റ്

ചൈനക്കാരുടെ വ്യത്യസ്ഥവും താരതമ്യേന വിചിത്രവുമായ ഭക്ഷണശീലം പരിചയിച്ചതോടെ ഇത്തരം ഭക്ഷണങ്ങള്‍ക്കു വേണ്ട അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന മാര്‍ക്കറ്റ് ഒന്നു കാണണമെന്ന മോഹമുദിച്ചു. നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിലൊന്നായ ലോശിയിലെ ഞായറാഴ്ച്ച മാര്‍ക്കറ്റ് കാണുന്നതിനായി എന്നെ കൊണ്ടുപോയത് അവിടെ കച്ചവടാവാശ്യങ്ങള്‍ക്കായി ചെന്ന് താമസമുറപ്പിച്ച ഗൂഡല്ലൂരുകാരന്‍ സലാമാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ മാര്‍ക്കറ്റില്‍ വലിയ തിരക്കായിരുന്നു. കൈയ്യില്‍ നീളന്‍ സഞ്ചികളുമായി തലങ്ങും വിലങ്ങും നടക്കുന്ന വീട്ടമ്മമാര്‍. വില്‍പ്പനക്കാരും മിക്കവരും സ്ത്രീകള്‍ തന്നെ. പച്ചക്കറി, മല്‍സ്യ മാര്‍ക്കറ്റുകളാണ് ആദ്യം. അത് കഴിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോള്‍ സംഗതികളുടെ സ്വഭാവം മാറും. വൃത്തിയില്‍ സൂക്ഷിച്ചിരിക്കുന്ന മാര്‍ക്കറ്റാണ്. നമ്മുടെ അങ്ങാടികളില്‍ പതിവുള്ള നാറ്റമോ അഴുക്കു കൂനയോ ഇല്ല. കശാപ്പ് ചെയ്യുന്ന ജീവികളുടെ അവശിഷ്ടങ്ങള്‍ അപ്പപ്പോള്‍ തന്നെ വണ്ടിയില്‍ ദുരെയെങ്ങോട്ടോ കൊണ്ടു പോകുന്നു. പച്ചക്കറികള്‍ സാധാരണയില്‍ കവിഞ്ഞ് വലുപ്പമുള്ളതും പുതിയതുമാണ്. ആട്, പന്നി, കോഴി, താറാവ്, മൂരി. ഇതൊക്കെയാണ് ഇറച്ചിമാര്‍ക്കറ്റിന്റെ തുടക്കത്തില്‍ കണ്ടത്. മുന്നോട്ട് നീങ്ങിയപ്പോഴാണ് സംഗതികളുടെ സ്വഭാവം മാറിയത്. ചെറിയ പാമ്പുകളെ ബക്കറ്റിലും ചില്ല് പാത്രങ്ങളിലും വെള്ളത്തിലിട്ട് സൂക്ഷിച്ചിരിക്കുന്നു. വലിയവ കമ്പിവലക്കുള്ളിലാണ്. ഇടത്തരം വലുപ്പത്തിലുള്ള പാമ്പിന് സാമാന്യം നല്ല വിലയുണ്ട്. പ്രധാനമായും വിഷമില്ലാത്ത പാമ്പുകളെയാണ് ഇറച്ചിയാക്കുന്നത്. ഒരു ഭീമന്‍ പട്ടിയുടെ മുറിച്ചെടുത്ത തല മുന്നിലേക്ക് നീട്ടുകയാണ് ഒരു കച്ചവടക്കാരി. 'തേസ്തി, തേസ്തി... എന്ന് തനിക്കറിയാവുന്ന മുറിഇംഗ്ലീഷില്‍ അവര്‍ പറയുന്നു.

മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നായയുടെ മാംസം

സമീപത്ത് ഒരു പട്ടിയുടെ അരക്കുമുകളിലോട്ടുള്ള ഭാഗം തലകീഴായി തൂക്കിയിട്ടിരിക്കുന്നു. പിന്‍കാലുകള്‍ രണ്ടും വിറ്റു കഴിഞ്ഞു. തണുപ്പുകാലത്ത് ശരീരം ചൂടാക്കാന്‍ പട്ടിയിറച്ചി തിന്നുന്നത് നല്ലതാണത്രെ. മുതലയിറച്ചിക്കാണ് കൂടുതല്‍ ഡിമാന്റ്. ഒരു മുതലയെ വെട്ടിയാല്‍ അര മണിക്കൂറു കൊണ്ട് അത് തീരും. മുതലയിറച്ചി പൊരിക്കുന്നതാണത്രെ ഉത്തമം. തൊട്ടപ്പുറത്തുള്ള പാത്രങ്ങളിലെ വെള്ളത്തില്‍ ആമകളും തവളകളുമാണ്. തവളയുടെ കാലുകള്‍ മാത്രമല്ല മറ്റുഭാഗങ്ങളും ഇറച്ചിയാക്കും. കോഴിയുടെ കാലും വിരലുകളും ചൈനക്കാര്‍ കളയില്ല. അത് പ്രത്യേകമെടുത്ത് വില്‍പ്പനക്ക് വെച്ചിരിക്കുന്നു. താഴെ റസ്റ്റാറന്റില്‍ കോഴികാല്‍ (നമ്മള്‍ പറയുന്ന ലെഗ്പീസല്ല, വിരലുകള്‍ ഉള്‍പ്പെടെ ഇറച്ചിയില്ലാത്ത കാല്‍ഭാഗം) പൊരിച്ച് സോസും പുരട്ടി വില്‍ക്കുന്നു. അവിടെ സാല്‍മണ്‍ മല്‍സ്യം വിശിഷ്ടവിഭവമാണ്. മല്‍സ്യം നേര്‍ത്ത പീസുകളായി അരിഞ്ഞ് വേവിക്കാതെ തന്നെ സോസ് പുരട്ടി കഴിക്കാന്‍ വെച്ചിരിക്കുന്നു. കൗണ്ടറിലിരിക്കുന്ന പയ്യന്‍ ഒരു രഹസ്യം പറഞ്ഞു തന്നു. പച്ചക്ക് കഴിക്കുമ്പോഴാണ് സാല്‍മണ്‍ മല്‍സ്യത്തിന് രുചി കൂടുതല്‍. ഏതായാലും പട്ടികളേയും പാമ്പുകളേയും തെരുവിലോ കുറ്റിക്കാടുകളിലോ നിന്ന് പിടിക്കുന്നതല്ല. ഫാമുകളില്‍ വളര്‍ത്തുന്നതാണ്. അല്ലെങ്കില്‍ തന്നെ അവിടെയൊന്നും മനുഷ്യനല്ലാത്ത ഒരു ജന്തു പോലും അലഞ്ഞു നടക്കുന്നത് കാണാനില്ല.

മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന മുതലയിറച്ചി

ചൈനക്കാരുടെ ആനന്ദമാര്‍ഗ്ഗങ്ങള്‍

നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്ന രാജ്യമാണ് കമ്യൂണിസ്റ്റ് ചൈന. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലുമെല്ലാം കര്‍ശന നിയന്ത്രണങ്ങളുണ്ട്. റോഡരികിലും പാടങ്ങളിലും പൊതു സ്ഥലങ്ങളിലുമെല്ലാം നിറയെ ക്യാമറകളാണ്. പൊതുഇടങ്ങളില്‍ പോലീസുകാരുടെ സാനിധ്യവും വളരെ കൂടുതലാണ്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്ന ഉറപ്പു വരുത്താനാണിത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരു ജനതക്ക് സന്തുഷ്ടിയോടെ ജീവിക്കാനാവുമോ? ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് നിന്നു ചെല്ലുന്ന ആര്‍ക്കും ഇങ്ങനെയൊരു സംശയം സ്വാഭാവികമായും ഉണ്ടാവും. ചൈനക്കാര്‍ ആനന്ദം കണ്ടെത്തുന്ന വഴികളെന്തൊക്കായാണ് എന്നൊരു അന്വേഷണവും ഞാന്‍ നടത്താതിരുന്നില്ല. അതിനുള്ള പരിശ്രമത്തിനിടെ പരിചയപ്പെട്ട കുറേ ആളുകളില്‍ ഒന്നു രണ്ടു പേരെ കുറിച്ചു പറായാം. എണ്‍പതു പിന്നിട്ട കെതാങ് അമ്മാവനാണ് ഒരാള്‍. സ്വന്തം വീടിന്റെ പടിക്കല്‍ തന്നെയിരുന്ന് ദിവസം അമ്പത്, അറുപത് യുവാനെങ്കിലും സമ്പാദിക്കുന്നുണ്ട് അദ്ദേഹം. സാങ്ചി എന്നു പേരായ ഗെയിമാണ് കെതാങ് അമ്മാവന്റെ വരുമാന മാര്‍ഗം. കെതാങ്ങിനോട്് ആര്‍ക്കും കളിക്കാം. തോല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് അമ്പത് യുവാന്‍ കിട്ടും. മറിച്ച് നിങ്ങള്‍ തോറ്റാല്‍ അമ്മാവന് അഞ്ച് യുവാന്‍ കൊടുത്താല്‍ മതി. ആള്‍തിരക്കുള്ള തെരുവിലൂടെ കാഴ്ച്ചകള്‍ കണ്ടു നടക്കുമ്പോഴാണ് അമ്മാവനെ കണ്ടുമുട്ടിയത്. മുന്നില്‍ വെച്ചിരിക്കുന്ന കാര്‍ബോര്‍ഡ് പെട്ടിയില്‍ കറുപ്പ്, ചവപ്പ് നിറങ്ങളിലുള്ള ചൈനീസ് ചിത്രലിപികള്‍ ആലേഖനം ചെയ്തതും മരംകൊണ്ട് നിര്‍മിച്ചതുമായ ഒരു ബോര്‍ഡ് വെച്ചിരിക്കുന്നു. അതില്‍ കാരംസിലെ കോയിനുകള്‍ പോലുള്ള കരുക്കളുുണ്ട്. ഇതിനു മുന്നിലാണ് ഒരു പ്ലാസ്റ്റിക്ക് സ്റ്റൂളില്‍ കെതാങ് അമ്മാവന്‍ ഇരിക്കുന്നത്. മറു ഭാഗത്ത് മറ്റൊരു സ്റ്റൂള്‍. അത് പ്രതിയോഗിക്ക് ഇരിക്കാനുള്ളതാണ്. അമ്മാവന്‍ അധികം സംസാരിക്കില്ല. കളിക്കാന്‍ വരുന്നവര്‍ മുന്നിലിരിക്കും. കളികഴിഞ്ഞാല്‍ പണം നല്‍കുന്നത് പരസ്യമായിട്ടല്ല. അതിന് അതിന്റേതായ രീതികള്‍ ഉണ്ട്. കാരണം ഇങ്ങനെ പണം വെച്ചുകളിക്കുന്നത് ചൈനയില്‍ നിയമ വിരുദ്ധമാണ്. അമ്മാവനോട് കളിക്കാന്‍ ഊഴം കാത്ത് മൂന്നു,നാലുപേര്‍ നില്‍ക്കുന്നു. സത്യത്തില്‍ അവരാരും ജയിക്കുമെന്ന പ്രതീക്ഷയിലല്ല. ദിവസം പത്തോ പന്ത്രണ്ടോ ഗെയിം കളിക്കുന്ന കെതാങ് അമ്മാവന്‍ മാസത്തില്‍ ഒരു മല്‍സരമൊക്കയേ തോല്‍ക്കാറുള്ളൂ. എന്നാലും ദിവസവും മല്‍സരിക്കാന്‍ ആളെത്തും. കാരണം എപ്പോഴെങ്കിലും അമ്മാവനെ ഒന്നു തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു സംഭവമാണ്.

കെതാങ് അമ്മാവന്‍ കളിക്കിടെ

കെതാങ് അമ്മാവന്റെ കളി കുറച്ച് നേരം നോക്കി നിന്നപ്പോള്‍ മനസ്സിലായി, നമ്മുടെ ചതുരംഗം പോലെ ചെസ്സിന്റെ ഒരു പ്രാഗ്രൂപമാണിത്. ബോര്‍ഡില്‍ 64 കളങ്ങള്‍. ഓരോ പക്ഷത്തും 16 വീതം കരുക്കള്‍ തന്നെ. ചൈന വിവിധ രാജ്യങ്ങളുമായി പോരടിച്ചിരുന്ന രാജ്യഭരണ കാലത്ത് ഉദയം കൊണ്ട 'വാര്‍ഗെയിം' ആണിത്. ചെസ്സിലേയും ചതുരംഗത്തിലേയും പോലെ എതിര്‍ പക്ഷത്തിന്റെ സൈന്യത്തലവനെ അടിയറവ് പറയിക്കുന്നതോടെ പോരാട്ടം അവസാനിക്കുന്നു. സമനിലയിലും മല്‍സരം അവസാനിപ്പിക്കാം. കെതാങ് അമ്മാവന്‍ വളരെ ഫാസ്റ്റ് ആണ്. പത്ത് മിനുറ്റിനുള്ളില്‍ രണ്ട് പ്രതിയോഗികളെ കീഴടക്കി കഴിഞ്ഞു. അവര്‍ രഹസ്യമായി സഹായിയെ പണമേല്‍പ്പിച്ച് മടങ്ങി. പിന്നെ ബോര്‍ഡിന് അരികില്‍ വെച്ച സിഗരറ്റ് പാക്കറ്റില്‍ നിന്ന് ഒന്നെടുത്ത് കത്തിച്ച് പുകയൂതികൊണ്ട് എനിക്ക് നേരെ തിരിഞ്ഞു. വാ ഒരു കൈ നോക്കാം എന്ന മട്ടില്‍. ഞാന്‍ കൈകൂപ്പി തൊഴുത് അമ്മാവന് നമസ്തെ പറഞ്ഞു. അപ്പോള്‍ ഒരു സിഗരെറ്റെടുത്ത് എനിക്കു നീട്ടി. അപ്പോഴേക്കും പുതിയൊരാള്‍ കളിക്കാനെത്തി.

അതേ തെരുവില്‍ വെച്ച് മറ്റൊരു വ്യത്യസ്ഥജന്‍മത്തെ കൂടി കണ്ടുമുട്ടി. മൊബൈല്‍ ഫോണ്‍ കൊണ്ടു നടന്നു വില്‍ക്കുന്ന മുപ്പതുകാരനായ യുവാവ്. വഴിവാണിഭം നിയമവിരുദ്ധമായതു കൊണ്ടോ എന്തോ അയാള്‍ പേരു പറയാന്‍ തയ്യാറല്ല. വടക്കന്‍ ചൈനയിലെ ഗ്രാമത്തിലെ കര്‍ഷകന്റെ മകനാണ്. സണ്‍യാറ്റ് സന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വന്നതാണ്. പിന്നെ തിരിച്ചു പോവാതെ നഗരത്തില്‍ തന്നെ തങ്ങി. സത്യത്തില്‍ ഗ്രാമത്തില്‍ നിന്നുള്ളവര്‍ക്ക് നഗരത്തില്‍ വന്ന് താമസിക്കാന്‍ പ്രത്യേക പെര്‍മിറ്റ് വേണം. അതുകൊണ്ടു തന്നെ ഇവിടെയിങ്ങനെ താമസിക്കുന്നതില്‍ റിസ്‌ക്കുണ്ട്. ചെറിയ വിലയ്ക്ക് സംഘടിപ്പിക്കുന്ന സെക്കന്റ്ഹാന്റ് ഐ ഫോണുകളും മറ്റും നടന്നു വില്‍ക്കുകയാണ്. നിത്യജീവിതം കഴിഞ്ഞു പോവാനുള്ള പണം ലഭിക്കുന്നുണ്ട്. കുറേശ്ശെയായി പണം സമ്പാദിച്ച് എങ്ങനെയെങ്കിലും യു.എസ്സിലേക്കോ ഓസ്‌ട്രേലിയയിലേക്കോ പോവണം. അവിടെ ജോലി നേടണം.- അതാണയാളുടെ സ്വപ്‌നം.

പെണ്‍ചൈന

ചൈന ഭരിക്കുന്നത് ആണുങ്ങളാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും എല്ലാം ആണുങ്ങള്‍ തന്നെ. പക്ഷെ അതു പുറത്തു കാണുന്ന കാഴ്ച്ച മാത്രമാണ്. പെണ്‍കരുത്തിലാണ് ഇപ്പോള്‍ ചൈന കുതിക്കുന്നത്. ചൈനീസ് സമൂഹത്തില്‍ പെണ്ണുങ്ങള്‍ക്ക് പ്രകടമായ മേധാവിത്വമുണ്ട്. നഗരത്തിലൂടെ യാത്ര ചെയ്താല്‍ തന്നെ അത് വ്യക്തമാണ്. അവിടെയെത്തി മൂന്ന്, നാല് ദിവസം കൊണ്ട് തന്നെ ഞാനൊരു ഒരു കാര്യം മനസ്സിലാക്കി. യാത്രക്കിടെ എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ സ്ത്രീകളെ സമീപിക്കുന്നതാണ് നല്ലത്. പുരുഷനോടാണ് നിങ്ങള്‍ വഴി ചോദിച്ചതെങ്കില്‍ അയാള്‍ നിന്ന് പരുങ്ങും. അന്തവും കുന്തവുമുണ്ടാവില്ല. മറിച്ച് സ്ത്രീകളാണെങ്കില്‍ വഴി കൃത്യമായി പറഞ്ഞുതരിക മാത്രമല്ല അടുത്ത പോയന്റ് വരെ നിങ്ങളുടെ കൂടെ വരികയും ചെയ്യും. കഠിനാധ്വാനികളും എന്തിനും പോന്നവരുമാണ് ചൈനീസ് പെണ്ണുങ്ങള്‍. തമാശകള്‍ പറയാനും ആസ്വദിക്കാനും മിടുക്ക് ഇവിടെ പെണ്ണുങ്ങള്‍ക്കാണ് കൂടുതല്‍. ചൈനീസ് യുവാക്കള്‍ പൊതുവെ അരസികന്‍മാരും നാണംകുണുങ്ങികളുമാണെന്നാണ് അനുഭവം.

ഒരു പലചരക്ക് കടയിലെ കച്ചവടക്കാരി

കുടുംബത്തിലും സമൂഹത്തിലും ഏത് കാര്യത്തിലും മുന്‍കൈ എടുക്കുന്നത് പെണ്ണുങ്ങള്‍ തന്നെ. ചൈനീസ് പെണ്‍കുട്ടികള്‍ ചെറുപ്പത്തിലേ ഭാവിയെ കുറിച്ച് പ്ലാന്‍ചെയ്യും. കുടുംബം കെട്ടിപ്പടുക്കുന്നതും അവള്‍ തന്നെ. വടക്കന്‍ ചൈനയില്‍ നിന്നുതന്നെയുള്ള ലീ യു എന്നു പേരായ 19-കാരി പെണ്‍കുട്ടിയേയും കാമുകനേയും ഒരുമിച്ചാണ് പരിചയപ്പെട്ടത്. കാര്‍ഷിക യൂണിവേഴ്സിറ്റിയില്‍ അര്‍ബന്‍ പ്ലാനിങ്ങില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു അവള്‍. തന്റെ ബോയ്ഫ്രണ്ട് ഒന്നിനും പോരായെന്നാണ് അവനെ മുന്നില്‍ നിര്‍ത്തി തന്നെ ലീ പറഞ്ഞത്. 'ഒരു ചുണയുമില്ലാത്തവന്‍' അത് കേട്ടപ്പോഴേക്കും നാണത്തോടെ അവന്‍ നടന്നു കളഞ്ഞു. അപ്പോഴും ലീ പറയുന്നു. 'സാരമില്ല, കുറച്ച് കഴിഞ്ഞാലിങ്ങു വരും.' ലീക്ക് വലിയ സ്വപ്‌നങ്ങളുണ്ട്. കോഴ്സ് കഴിഞ്ഞ് നല്ലൊരു ജോലി സമ്പാദിക്കണം. പറ്റുമെങ്കില്‍ അവനെ തന്നെ കെട്ടണം. അവനും ജോലി കിട്ടും. രണ്ടു പോര്‍ക്കും കൂടെ താമസിക്കാന്‍ നല്ലൊരു അരപ്പാര്‍ട്ട്‌മെന്റ് നഗരത്തില്‍ സ്വന്തമാക്കണം. ചെറിയ തുക ഒന്നും പോരാ. പത്ത് ലക്ഷം യുവാന്‍, അതായത് ഏകദേശം 60 ലക്ഷത്തിലധികം രൂപ വേണം സാരമില്ല ബാങ്ക് ലോണ്‍
കിട്ടും.- എല്ലാം ലീ പ്ലാന്‍ ചെയ്തു കഴിഞ്ഞു. ലീയുമാരാണ് ചൈനയില്‍ നിറയെ. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ട കാഴ്ച്ച, ഗൗരവത്തോടെ മസില് പിടിച്ചിരിക്കുന്ന പയ്യന്‍. അവന്റെ അരികില്‍ ഇരുന്ന് ഒരു പെണ്‍കുട്ടി അവനെ ചേര്‍ത്തുപിടിക്കുന്നു. അപ്പോള്‍ പയ്യന് നാണം വരും. മറ്റാരെങ്കിലും കാണുന്നുമോയെന്ന് പാളി നോക്കും. അവള്‍ക്ക് പക്ഷെ, ഒട്ടും പരിഭ്രമമില്ല. ഞാനും എന്റെ ബോയ്ഫ്രണ്ടും, അതില്‍ മറ്റുള്ളവര്‍ക്കെന്ത് കാര്യമെന്ന നിലയില്‍ ആരെയും കൂസാത്ത ഭാവം. പിന്നെയും അവനെ ചേര്‍ത്തുപിടിക്കുമ്പോള്‍ അവന്‍ കുതറുന്നു. അപ്പോള്‍ അവള്‍ ഉറക്കെ പൊട്ടിച്ചിരിക്കുന്നു. നമ്മുടെ കേരളത്തിലാണെങ്കില്‍ എന്താവും അവസ്ഥ ? ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ' തല തെറിച്ച പെണ്ണ്, അസ്സല് അടികൊടുക്കണം '- അമ്മാവന്‍മാര്‍ പറയും. പക്ഷെ ട്രെയിനില്‍ എന്റെ അടുത്തിരിക്കുന്ന വൃദ്ധദമ്പതികള്‍ ആ കാഴ്ച്ച കണ്ട് പരസ്പരം മുഖത്തേക്ക് നോക്കി ഊറിച്ചിരിക്കുന്നു. അവര്‍ക്കുമുണ്ടാവണം ചില പഴയ ഓര്‍മകള്‍.

സുരൂപ് ചൈനക്കാരിയായ ഭാര്യക്കും മകനും ഭാര്യാമാതാവിനുമൊപ്പം

വിദേശികളായ ആണുങ്ങളെ വിവാഹം കഴിച്ച് ചൈനീസ് പെണ്‍കുട്ടികള്‍ ഏറെയുണ്ട്. മറിച്ചുള്ള അവസ്ഥ തുലോം കുറവാണ്. അങ്ങനെ ചൈനീസ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കിയ ഒരു മലയാളിയേയും ഞാന്‍ കണ്ടുമുട്ടി. കൊടുങ്ങല്ലൂരുകാരന്‍ സ്വരൂപ്. ഗോങ്‌ചോ നഗരത്തിന് സീചാങ്ങിലാണ് വീട്. സ്വരൂപിന്റെ ഭാര്യ ചൈനക്കാരിയാണ്, ലീ നാ. ചൈനീസ് പേരാണെങ്കിലും ചേര്‍ത്തു വിളിച്ചാല്‍ അസ്സല് മലയാളം പേര്. ഒരു മകനുമുണ്ട്, കേര് കൃഷ് ലീ. സ്വരൂപ് ഇന്ത്യന്‍ പൗരനാണ് ലീനയും കൃഷും ചൈനീസ് പൗരന്‍മാരും. ഒരു ഇന്റര്‍നാഷണല്‍ ഫാമിലി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാലത്ത് ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ടതാണ് സ്വരൂപ് ലീനയെ. പിന്നീട് ബസിനസ് ആവശ്യത്തിന് ചൈനയില്‍ വന്നപ്പോള്‍ കണ്ടുമുട്ടി. ലീ നക്ക് പ്രത്യേകിച്ച് മതമൊന്നുമില്ല. അതുകൊണ്ട് വിവാഹത്തിന് പ്രതിബന്ധങ്ങളൊന്നുമില്ലായിരുന്നു. പക്ഷെ ചൈനയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത് പെണ്ണിന്റെ ഗ്രാമത്തിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്യൂറോവില്‍ തന്നെയാവണം. അതിന് മുമ്പ് പയ്യന്‍ വേറെ വിവാഹം ചെയ്തിട്ടില്ലെന്ന് സര്‍ട്ടിഫിക്കറ്റ് വേണം. സ്വരൂപിന്റെ അച്ഛന്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നല്‍കിയ സത്യ വാങ്മൂലം ചൈനക്കാര്‍ സര്‍ട്ടിഫിക്കറ്റായി അംഗീകരിച്ചു. അവരുടെ പെണ്ണിനെ മാഷുടെ മോന് വിവാഹം ചെയ്തു കൊടുത്തു. ഇപ്പോള്‍ സ്വരൂപിന്റെ ബിസിനസില്‍ പങ്കാളിയാണ് ലീന. ലീനയുടെ അമ്മ ഹുവാങ് യുങും ഇവര്‍ക്കൊപ്പമുണ്ട്. ചരിത്രത്തില്‍ പോസ്റ്റ് ഗ്രാജേവേറ്റായ ലീ ന ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കും. കൃഷിനാവട്ടെ കൊച്ചു പ്രായത്തില്‍ തന്നെ ചൈനീസിനും ഇംഗ്ലീഷിനും പുറമെ അല്‍പം മലയാളവും പിടിയുണ്ട്. നാട്ടില്‍ പത്രപ്രവര്‍ത്തകനായിരുന്ന സ്വരൂപ് മലയാളത്തില്‍ എഴുതാപ്പുറങ്ങള്‍ എന്ന പേരില്‍ ഒരു നോവലും എഴുതിയിട്ടുണ്ട്. തനിനാടന്‍ മോരു കറിയും ലീനയുടെ ചൈനീസ് വിഭങ്ങളും ചേര്‍ത്തുള്ള ഊണും കഴിഞ്ഞ് പോരാന്‍ നേരത്താണ് ഒരു കാര്യം ശ്രദ്ധയില്‍പെട്ടത്‌, സ്വരൂപിന്റെ മുറിയില്‍ കൊടുങ്ങല്ലൂരമ്മയുടെ ചെറിയൊരു ഫോട്ടോ. നാട്ടില്‍ കൊടുങ്ങല്ലൂരമ്പലത്തിന് തൊട്ടടുത്താണ് സ്വരൂപിന്റെ വീട്.

അംബരചുംബികളുടെ നാട്

ആകാശം മുട്ടുന്ന കെട്ടിടങ്ങളാണ് ചൈനീസ് നഗരത്തില്‍ നിറയെ. ലോകത്തെ ഏത് വലിയ നഗരത്തേയും ഇക്കാര്യത്തില്‍ അതിശയിപ്പിക്കും. അമ്പതും അറുപതും നിലകളുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍. സ്വകാര്യ കമ്പനികളുടെ ഓഫീസ് സമുച്ചയങ്ങളും ഫ്‌ളാറ്റുകളുമാണ് മിക്കതും. കമ്യൂണിസ്റ്റ് ചൈനയില്‍ ഇത്രത്തോളം സ്വകാര്യസ്വത്ത് അനുവദിക്കുമോയെന്ന സംശയം സ്വാഭാവികമായും ഉണ്ടാവാം. അതങ്ങിനെയാണ്, കാലത്തിനൊത്ത് ചൈന മാറിക്കഴിഞ്ഞു. കോടീശ്വരന്‍മാരും ശതകോടീശ്വരന്‍മാരും ഇന്ന് ചൈനയില്‍ ഏറെയുണ്ട്.

എന്നാല്‍ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ ഇവര്‍ക്കുമേലുണ്ട്. ഒരാള്‍ സ്വന്തമാക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റേയും കെട്ടിടങ്ങളുടേയും നിശ്ചിത വര്‍ഷത്തേക്കാണ് നല്‍കുന്നത്. സാധാരണ ഒരു ഫ്‌ളാറ്റ് ഒരാള്‍ വാങ്ങിയാല്‍ അതിന്റെ സമ്പൂര്‍ണ ഉടമസ്ഥാവകാശം 70 വര്‍ഷത്തേക്കാണ്. ആ കാലം കഴിഞ്ഞാല്‍ വീണ്ടും സര്‍ക്കാരിലേക്ക് നികുതിയും മറ്റ് ഫീസുകളും അടച്ച് വീണ്ടും ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കണം. മണ്ണിന്റെ ഉടമസ്ഥാവകാശം ചൈനീസ് ഗവണ്‍മെന്റിനാണ്. പിന്നെ ഏത് സമയത്ത് വേണമെങ്കിലും സ്ഥലം ഒഴിപ്പിച്ചെടുക്കാനുള്ള അവകാശം ഗവണ്‍മെന്റിനുണ്ട്. നഗരങ്ങളില്‍ വീടുകള്‍ തീരെ കുറവാണ്. പുതുതായി പണികഴിപ്പിക്കുന്നതെല്ലാം ഫ്‌ളാറ്റുകള്‍ തന്നെ. പൊള്ളുന്ന വിലയാണ് മുന്നു ബെഡ്‌റൂമുകളുള്ള വിശാലമായ ഫ്‌ളാറ്റുകള്‍ക്ക് ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ വരുമത്രെ. പക്ഷെ ബാങ്കുകള്‍ വലിയ തുകക്കുള്ള ഭവന വായ്പകള്‍ നല്‍കുന്നുണ്ട്. മൂന്നു ബെഡ്‌റൂമുള്ള വലിയ ഫ്‌ളാറ്റുകള്‍ക്ക് പതിനായിരത്തിലധികം യുവാന്‍ മാസവാടക കിട്ടും. ഇനി ഫ്‌ളാറ്റുകള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യണമെങ്കില്‍ സര്‍ക്കാറിന്റെ തന്നെ നിയന്ത്രണത്തിലുള്ള റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളുണ്ട്. അവിടെ രജിസ്റ്റര്‍ ചെയ്താല്‍ കാര്യം നടക്കും. വിദേശ വ്യവസായികളെ ചൈന രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്ന ബിസിനസില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എന്ത് സഹായവും ചെയ്തുകൊടുക്കും. ഇങ്ങനെ വന്ന് താമസമാക്കുന്ന വിദേശികര്‍ക്ക് ഇവിടെ ഫ്‌ളാറ്റ് വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ വളരെ ഉദാരമാണ്.

ചൈനീസ് ഡോക്ടര്‍

ഹോട്ടല്‍ മുറിയില്‍ വെച്ച് ചെറിയൊരു തലകറക്കം പോലെ. ബ്ലഡ്പ്ലഷര്‍ കൂടിയതാവുമോയെന്ന് സംശയം. ഒരു ഡോക്ടറെ കാണണമെന്നു തോന്നി. എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയില്‍! ഇത് ഡോക്ടര്‍ ലൂ ചിയന്‍ ഫെ. നാന്‍ജു എന്നു പേരായ തെരുവിലാണ് ഡോക്ടറുടെ ക്ലിനിക്ക്. ക്ലിനിക്ക് എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ചില സങ്കല്‍പ്പങ്ങളുണ്ടാവും. അതുമായി പക്ഷെ ഒട്ടും പൊരുത്തപ്പെടില്ല ഇത്. ആദ്യനോട്ടത്തില്‍ ഒരു സ്റ്റേഷനറി കടയെന്നേ തോന്നൂ. ഒരു ചെറിയ പീടികമുറി. നിറയെ ഷെല്‍ഫുകള്‍. അതില്‍ വര്‍ണശബളമായ ലേബലുകള്‍ ഉള്ള കുറേ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ അടക്കിവെച്ചിരിക്കുന്നു. അതിനിടയില്‍ മേശയും കസേരയുമിട്ട് കഴുത്തില്‍ സ്റ്റെതസ്‌കോപ്പുമായി ഫെ ഇരിക്കുന്നു. മറ്റൊരു കസേരയില്‍ ഒരു ചെറുക്കനും. ഞങ്ങള്‍ കയറി ചെയ്യുമ്പോള്‍ രണ്ടുപേരും ചേര്‍ന്ന് മുന്നിലുള്ള പേപ്പര്‍ പ്ലേറ്റില്‍ നിന്ന് നീളമുള്ള കോലുകൊണ്ട് എന്തോ ചൈനീസ് വിഭവം തോണ്ടിയെടുത്ത് തിന്നുകയാണ്. പുതിയ രോഗിയെ കണ്ടപ്പോള്‍ ഡോക്ടര്‍ വിനയത്തോടെ എഴുന്നേറ്റു നിന്നു. ഇരിക്കാന്‍ പറഞ്ഞു. സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഫെ മുന്‍കൂര്‍ ജാമ്യമെടുത്തു, ' നോ ഇംഗ്ലീസ് ചൈനീസ് ഓന്‍ലി.' പിന്നെ സംസാരിച്ചത് എന്റെയൊപ്പമുണ്ടായിരുന്ന മലയാളി സുഹൃത്ത് സലാമാണ്.

സലാം പറഞ്ഞത് ശ്രദ്ധയോടെ കേട്ട ശേഷം ഫൂ സ്റ്റെതസ്‌കോപ്പ് എടുത്ത് എന്നെ പരിശോധിക്കാന്‍ തുടങ്ങി. ബി പി യും നോക്കി. അഞ്ച് മിനുറ്റ് നീണ്ടു പരിശോധന. അതിനു ശേഷം പറഞ്ഞു, ' ഒക്കെ ' ഞാന്‍ കീശയില്‍ നിന്ന് പണമെടുക്കാന്‍ നോക്കിയപ്പോള്‍ ഡോക്ടര്‍ തടഞ്ഞു. സലാം പറഞ്ഞു ' നിങ്ങള്‍ക്ക് പരിശോധന ഫ്രീയാണ്. മരുന്ന് വേണമെങ്കില്‍ മാത്രം പണം കൊടുത്താല്‍ മതി. ' ഫൂ മേശപ്പുറത്ത് നിന്ന് മത്തങ്ങയുടെ ചിത്രമുള്ള ഒരു പാക്കറ്റെടുത്ത് നീട്ടി. ഞാന്‍ പറഞ്ഞു ' ഞാന്‍ മത്തങ്ങ തിന്നോളാം. മത്തങ്ങാമരുന്ന് വേണ്ട.' ആ പേക്കറ്റ് നിരസിച്ചപ്പോഴും ഡോക്ടര്‍ക്ക് പരിഭവമില്ല. കുഞ്ഞിക്കണ്ണുകള്‍ ഇറുക്കി ചിരിക്കുന്നു. അപ്പോള്‍ കൂടെയുള്ള പയ്യന്‍ മറ്റൊരു പാക്കറ്റ് എടുക്കുന്നു. അവനാണ് ഫാര്‍മസിസ്റ്റ്.

ക്ലിനിക്കില്‍ ചൈനീസ് ഡോക്ടര്‍

ഷെല്‍ഫിലിരിക്കുന്ന പാക്കറ്റുകള്‍ ശരിക്കും ശ്രദ്ധിച്ചത് അപ്പോഴാണ്. പലതിലും പച്ചക്കറികളുടെ ചിത്രമാണ്. ചിലത് ചൈനീസ് മരുന്നുകളാണ്. ചിലത് ഫുഡ് സപ്ലിമെന്‍ുകളും. ഞാന്‍ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍, ഓരോന്നിലേക്കും വിരല്‍ചൂണ്ടി ഡോക്ടര്‍ പറഞ്ഞു തുടങ്ങി ' ഗെഡാ കാപ്സ്യൂള്‍സ് , സ്പിരിലുന എനര്‍ജി...' ഷുഗറും ബിപിയും കുറക്കാനുള്ളവയാണ് ആധികവും. ആകെയുള്ള സെറ്റപ്പ് കണ്ടപ്പോള്‍ എനിക്കൊരു സംശയം - വ്യാജനാണോ ? സലാം പറഞ്ഞു ' അല്ലേയല്ല. ചൈനയിലെ മെഡിക്കല്‍ ഡിഗ്രിയെടുത്ത ഡോക്ടര്‍ തന്നെ. പുറത്ത് ബോര്‍ഡില്‍ ഡിഗ്രിയും എഴുതിവെച്ചിട്ടുണ്ട്. ഇങ്ങനെയാണ് ചൈനീസ് ഡോക്ടര്‍മാര്‍. അലോപ്പതി മരുന്നും ചൈനീസ് മരുന്നും കൊടുക്കും. '

ആളുടെ മട്ട് കണ്ട് വിലയിരുത്തേണ്ടെന്നും പുലിയാണെന്നും ആശാന്റെ ചികില്‍സ ഫലിക്കാറുണ്ടെന്നും സലാം പറഞ്ഞു. ചൈനീസ് ഭാഷയില്‍ തന്നെ മെഡിസിന്‍ പഠനം നടത്താമെന്നതു കൊണ്ടാവാം ആംഗലേയം പിടിയില്ലാത്തത്. പട്ടണത്തിലെ പ്രധാന ഡോക്ടറാണ്. ദിവസവും മുപ്പത് രോഗികളെങ്കിലും ചികില്‍സ തേടിയെത്തുന്നുണ്ട്. മോശമല്ലാത്ത തുക ഫീസ് ലഭിക്കുന്നു. മരുന്ന് വിറ്റതിന്റെ ലാഭം വേറെയും. ജലദോഷം മുതല്‍ കാന്‍സര്‍ വരെ ഏത് രോഗവും
ഫെ ഡോക്ടര്‍ ചികില്‍സിക്കും.

ഡ്രാഗണെ തേടി

ചൈനയില്‍ വന്നിട്ട് ഡ്രാഗണെ കാണാതെ തിരിക്കുന്നതെങ്ങനെ ? നിനച്ചിരിക്കാതെയാണ് ഡ്രാഗണിന്റെ ' വീടായ' താവോയിസ്റ്റ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്. ഏറെ പ്രാചീനവും ഏറ്റവും വിശാലവുമായ ചുന്‍യാങ് താവോയിസ്റ്റ് ക്ഷേത്രത്തിലേക്കാണ് ഞാന്‍ പോയത്. കോമിക്ക് കഥാപാത്രങ്ങളെ പോലെ താടിയും മീശയുമുള്ള ദൈവങ്ങള്‍ നിരന്നിരിക്കുന്നു. ദെവങ്ങള്‍ക്ക് അധികാരങ്ങള്‍ വിഭജിച്ചു നല്‍കിയിരുക്കുകയാണ്. ഒരോ ദൈവങ്ങളോടും ചോദിക്കേണ്ട കാര്യങ്ങള്‍ ഭിന്നമാണ്. പാമ്പ്ദൈവം, കോഴിദൈവം എന്നിങ്ങനെ ഭിന്ന ഭാവത്തിലും രൂപത്തിലുമുള്ള ദൈവങ്ങള്‍. തമിഴ് സിനിമയിലെ നായകരെ പോലെ വര്‍ണശബളമായ വസ്ത്രങ്ങള്‍ ധരിച്ചവരും വീരശൂര പരാക്രമികളുമാണ് ഇവര്‍. സമ്പന്നമായ പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളാണ് ഈ ക്ഷേത്രത്തില്‍ കാണുന്നത്. താവോയിസ്റ്റ് മതത്തിന് ചൈനയില്‍ സര്‍വനാശം സംഭവിച്ചിട്ടില്ല. പഴയ പ്രഭാവം മങ്ങിപ്പോയിരിക്കുന്നു എന്നുമാത്രം. ഇപ്പോഴും ചൈനയില്‍ നിറയെ താവോയിസ്റ്റ് ക്ഷേത്രങ്ങളുണ്ട്.

താവോ ദൈവങ്ങളുടെ ശില്‍പങ്ങള്‍

രാജ്യത്ത് ഇന്നും അമ്പതിനായിരത്തോളം താവോയിസ്റ്റ് സന്യാസികളുണ്ടെന്ന് ചുന്‍യാങ് ക്ഷേത്രത്തിലെ പ്രാധാന സന്യാസിയായ യോങ് പറഞ്ഞു. ബി സി അഞ്ചാം നൂറ്റാണ്ടില്‍ ലവോത്സു എന്നമാസ്റ്ററാണ് തോവോയിസം സ്ഥാപിച്ചതെന്നാണ് വിശ്വാസം. മറ്റൊരു ചൈനീസ് ഗുരുവും സൈദ്ധാന്തികനുമായ കണ്‍ഫ്യൂഷസിന്റെ സമകാലികനാണ് ലവോത്സു. മരണാനന്തരം അനശ്വരരായി മാറിയ ചക്രവര്‍ത്തിമാരാണ് തോവോയിസ്റ്റുകള്‍ ആറാധിക്കുന്ന ദൈവങ്ങളില്‍ ചിലര്‍. ഇതില്‍ പ്രഥമഗണനീയനായ ഹുവാങ് ചക്രവര്‍ത്തിയുടെ വാഹനമായിരുന്നുവത്രെ ഡ്രാഗണ്‍. ഡാഗണിനെ വിശാലമായ ലോകത്തേക്ക് തുറന്ന് വിട്ടത് ഹുവാങ് ആയിരുന്നുവത്രെ. ഹുവാങ് പിന്നീട് അനശ്വരമായ ആത്മാവും അതുവഴി താവോയിസ്റ്റുകളുടെ ആരാധനാ മൂര്‍ത്തിയുമായി മാറി. എട്ട് പ്രധാന മൂര്‍ത്തികളും 68 ദൈവങ്ങളും ചുന്‍യാങ് ക്ഷേത്രത്തിലുണ്ട്. അവരെ പൂജിക്കുന്നതിനായി ചന്ദനത്തിരികളുമായി വിശ്വാസികള്‍ വന്നുകൊണ്ടിരിക്കുന്നു. ഒരു കോമ്പൗണ്ടില്‍ തന്നെ നാല് ക്ഷേത്രങ്ങളുണ്ട്. നാലാമത്തെ ക്ഷേത്രത്തിലാണ് വിവിധ കാര്യങ്ങളില്‍ സ്പെഷലൈസ്ഡ് ആയ 68 ദൈവങ്ങള്‍ നിരന്നിരിക്കുന്നത്. നീണ്ടതാടിക്കാരനായ ദൈവത്തെ കാണിച്ച് യോങ് സന്യാസി പറഞ്ഞു. ' ഇത് സുന്‍ സിമിയോവോ, മെഡിസിന്‍ ഇന്‍ചാര്‍ജ് ആണ്.' തൊട്ടടുത്ത് കടലുകളുടെ മുഴുവന്‍ സംരക്ഷകയായ പെണ്‍ദൈവം, തിയാം ഹോയ്. എന്തായാലും ഈ പ്രതിമകളുടെ ശില്‍പ്പ ഭംഗി അനുപമമാണ്. ചൈനക്കാരുടെ സര്‍ഗ വൈഭവത്തെ നമിക്കാതെ വയ്യ.

വിവാഹം ചൈനയില്‍ നടക്കണം

ഗോങ്‌ചോയിലെ തന്നെ കൊച്ചു പട്ടണമാണ് ഹുവാഷൂ. അവിടുത്തെ കമ്യൂണിറ്റി ഹാള്‍ ചൈനീസ് വിവാഹങ്ങളുടെ സ്ഥിരം വേദിയാണ്. ദിവസവും രണ്ടോ മൂന്നോ വിവാഹങ്ങള്‍ ഉണ്ടാവും. കമ്യൂണിറ്റി ഹാളിന് പുറത്ത് പേള്‍ നദിക്കരയിലെ കാഴ്ച്ചകള്‍ രസകരമാണ്. വിവാഹശേഷം നടക്കുന്ന ഫോട്ടോ ഷൂട്ടുകള്‍ അവിടെയാണ്. ചൈനക്കാരുടെ പാരമ്പര്യ വിവാഹ വേഷത്തില്‍ നവദമ്പതികള്‍ ഫോട്ടോഹ്രാഫര്‍മാര്‍ക്കു മുന്നില്‍ പോസ് ചെയ്യുന്നു. ഏതോ ചൈനീസ് സിനിമയിലെ ദൃശ്യങ്ങള്‍ പോലെ.

പരസ്പരം ആലിംഗനം ചെയ്തും ചുംബിച്ചും നവദമ്പതികള്‍ അഭിനയിച്ച് തകര്‍ക്കുകയാണ്. അതിനിടയില്‍ ഞാനും ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഫേട്ടോഗ്രാഫര്‍ക്ക് അത് അത്ര രസിച്ച മട്ടില്ല. അയാള്‍ അരുതെന്ന് കൈകൊണ്ട് കാണിച്ചു. ഞാന്‍ വിനീതനായി മാറിനിന്നു. അല്‍പ നേരമങ്ങിനെ നിന്നപ്പോള്‍ നവവരന് അലിവ് തോന്നി. കൈകാട്ടിവിളിച്ച് ഫോട്ടോയെടുത്തോളാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പേര് ഫെ ലെ യു. ഒരു ഇലക്ട്രോണിക്സ് കമ്പനിയിലെ ജീവനക്കാരനാണ്. മൂപ്പരുടെ രണ്ടാം വിവാഹമാണത്രെ. എന്തോ നിസ്സാര കാര്യത്തിന് ആദ്യഭാര്യ പിണങ്ങിപ്പോയി, പിന്നെ വന്നില്ല. ഫെയും വിട്ടു കൊടുത്തില്ല. ഒപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകയുമായി വിവാഹം ഉറപ്പിച്ചു. അതങ്ങ് നടത്തി. ചൈനയില്‍ കല്യാണത്തിന് ജാതിയും മതവുമൊന്നും പ്രശ്നമല്ല. ഫെക്ക് അങ്ങനെ മതമൊന്നുമില്ല. നവവധു ബുദ്ധ മത വിശ്വാസിയാണ്. അതവളുടെ കാര്യം. അതില്‍ ഫെക്ക് വിരോധവുമില്ല.

ചൈനീസ് വധൂവരന്‍മാര്‍ക്കൊപ്പം ലേഖകന്‍

മുമ്പുകാലത്ത് ചൈനയില്‍ ഏറെയും വീട്ടുകാര്‍ പറഞ്ഞുറപ്പിക്കുന്ന അറേഞ്ച്ഡ് വിവാഹങ്ങളായിരുന്നു. വിവാഹ മോചനങ്ങള്‍ ഏറെ വിരളവുമായിരുന്നു. പക്ഷെ കാലം മാറി. പുതുചിന്തകളും സംസ്‌കാരവും ചൈനീസ് സമൂഹത്തെ ശക്തമായി സ്വാധീനിക്കാന്‍ തുടങ്ങിയതോടെ പ്രണയ വിവാഹങ്ങള്‍ കൂടി. ഓരോരുത്തരും സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനും തുടങ്ങി. പാരമ്പര്യ വിശാസങ്ങളുടെ കെട്ടുവിട്ടതോടെ വിവാഹ മോചനങ്ങളും പെരുകുന്നുണ്ട്. വിവാഹത്തിന്റെ പേരിലുള്ള ആര്‍ഭാടങ്ങളിലും ചൈനക്കാര്‍ പിന്നിലല്ല. വിവാഹ സല്‍ക്കാരത്തിനു വേണ്ടി വലിയ തുക ചെലവിടുന്നു. പക്ഷെ ഒന്നുണ്ട്. ഇന്ത്യക്കാരെ പോലെ ആഭരണങ്ങള്‍ നിര്‍ബന്ധമില്ല. സ്വര്‍ണത്തോട് ചൈനീസ് പെണ്‍കുട്ടികള്‍ക്ക് ഭ്രമമില്ല എന്നത് തന്നെ അതിന് പ്രധാന കാരണം. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞു നടക്കുന്നവര്‍ തീരെ വിരളമാണ്.

സ്ത്രീധനമെന്നതും നടപ്പില്ല. സമൂഹത്തില്‍ കുറേകൂടി സ്ത്രീകള്‍ക്ക് മുന്‍തൂക്കവും അധികാരവുമുണ്ട് എന്നത് തന്നെ കാരണം. സ്ത്രീകള്‍ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിനെ പൊതുവേ മാതാപിതാക്കളോ സമൂഹമോ എതിര്‍ക്കാറുമില്ല. അതുമല്ല, പങ്കാളിയെ കണ്ടെത്തുന്നതില്‍ മുന്‍കൈ എടുക്കുന്നത് പുരുഷനേക്കാള്‍ സ്ത്രീകളാണ്. ഫെയുടെ കാര്യത്തിലെന്ന പോലെ വിവാഹ മോചനവും അവരുടെ മുന്‍കൈയ്യിലാണ് നടക്കുന്നത്. ഈ അറുബോറന്‍ ഭര്‍ത്താക്കന്‍മാരെ എന്തിന് സഹിക്കണം എന്നതാണ് അവരുടെ നിലപാട്. ജോലിയില്ലാത്ത സ്ത്രീകള്‍ തീരെ കുറവാണ്. ഓഫീസിലായാലും ഫാക്ടറിയിലായാലും പാടത്തായാലും പുരുഷന്‍മാര്‍ക്കൊപ്പം തന്നെ വരും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം. എന്നാല്‍ മത വിശ്വാസികളുടെ എണ്ണം ചൈനയില്‍ വര്‍ധിച്ചു വരികയാണ്. പക്ഷെ മത വിശ്വാസം വിവാഹത്തെ അത്രക്കങ്ങ് സ്വാധീനിച്ചു തുടങ്ങിയിട്ടില്ല. വിവാഹ ശേഷവും രണ്ട് മതങ്ങളില്‍ വിശ്വസിച്ച് ജീവിക്കുന്ന ദമ്പതികള്‍ ധാരാളമുണ്ട്.

മക്കളുടെ എണ്ണത്തില്‍ ചൈനയില്‍ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ നിയന്ത്രണമുണ്ട്. കുട്ടികളുടെ എണ്ണം ഒന്നില്‍ കൂടുതല്‍ വേണ്ടെന്നാണ് പൊതുവായ നിലപാട്. ജനസംഖ്യ വളരെ കൂടുതലാണെന്നതു തന്നെ കാരണം. പിന്നെ ഒന്നിലധികം കുട്ടികള്‍ ഉണ്ടാവുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളും നിലവിലുണ്ട്. മിക്കവാറും കുടുംബങ്ങളില്‍ ഒരു കുഞ്ഞ് മാത്രം. ജനസംഖ്യാ നിയന്ത്രണത്തിനായി എല്ലാ വഴികളും പരീക്ഷിച്ച ശേഷം ചൈനീസ് ഭരണകൂടം ചെയ്തത് ഇതായിരുന്നു. കുടുംബത്തില്‍ ഒരു കുഞ്ഞുമാത്രം എന്ന ആശയം രാജ്യം മുഴുവന്‍ പ്രചരിപ്പിച്ചു. രണ്ടാമത്തെ കുഞ്ഞുണ്ടാവുന്നത് നിരുല്‍സാഹപ്പെടുത്തുന്ന നിയമങ്ങളും കൊണ്ടുവന്നു. രണ്ടാമത് ഒരു കുഞ്ഞു വേണമെങ്കില്‍ നഗരങ്ങളില്‍ 30000 യുവാന്‍ ഫൈന്‍ അടക്കണം.

വിവാഹ ശേഷം കുഞ്ഞ് വേണമെന്ന് തീരുമാനിച്ചാല്‍ പ്രാദേശിക ഭരണ കേന്ദ്രമായ അഡ്മിനിസ്ട്രേഷന്‍ ബ്യൂറോയില്‍ പോയി റജിസ്റ്റര്‍ ചെയ്ത് 'ബേബി ബുക്ക്' വാങ്ങണം. കുട്ടി ജനിക്കാനുള്ള അനുമതി പത്രമാണ് ഫലത്തില്‍ ഇത്. ഗര്‍ഭധാരണം തൊട്ട് പ്രസവം വരെയുള്ള കാര്യങ്ങള്‍ ഇതില്‍ കൃത്യമായി രേഖപ്പെടുത്തണം. ഭാവിയില്‍ കുട്ടിയുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ ഭംഗിയായി നടക്കണമെങ്കില്‍ ബേബി ബുക്ക് കൂടിയേ തീരൂ. രണ്ടാമത്തെ കുഞ്ഞിനായി ബേബി ബുക്ക് കിട്ടണമെങ്കില്‍ 3000 യുവാന്‍ ഫൈന്‍ അടക്കണം. മൂന്നാമത്തെ കുഞ്ഞിനായി ശ്രമിക്കുന്നത് തികഞ്ഞ അക്രമമായി തന്നെ കണക്കാക്കും. ഫൈന്‍ ഇരട്ടിയാവും. എന്നാല്‍ ഫൈന്‍ കുറച്ച് കിട്ടാന്‍ ചില ചെപ്പടി വിദ്യകള്‍ പരീക്ഷിക്കുന്നവരുണ്ട്. നഗരങ്ങളിലാണ് താമസമെങ്കിലും ഗ്രാമത്തിലെ ബ്യൂറോയില്‍ പോയി ബേബി ബുക്ക് സംഘടിപ്പിക്കുകയാണ് ഒരു മാര്‍ഗം. അവിടെയാണെങ്കില്‍ ഫൈന്‍ കുറവാണ്. 500 യുവാന് കാര്യം നടക്കും. ഒന്നിലധികം കുട്ടികള്‍ എന്ന ഏര്‍പ്പാട് സമ്പന്നര്‍ക്ക് മാത്രം നടപ്പുള്ള കാര്യമാണ് എന്ന് ചുരുക്കം.

രണ്ടാമത്തെ കുഞ്ഞിന് വിദ്യാഭ്യാസ കാര്യത്തിലും മറ്റും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പലതും നിഷേധിക്കപ്പെടും. ഒരു പ്രസവത്തില്‍ രണ്ട് കുട്ടികള്‍ ജനിക്കുകയാണെങ്കില്‍ ഇങ്ങനെയുള്ള പ്രശ്‌നമില്ല. ഇരട്ട കുട്ടികള്‍ ജനിക്കുന്ന അമ്മമാരെ പൊതുവേ ഭാഗ്യവതികളായി കണക്കാക്കുന്നു. പക്ഷെ ചൈനയില്‍ താമസിക്കുന്ന വിദേശ പൗരന്‍മാര്‍ക്ക് കുഞ്ഞ് ജനിക്കുകയാണെങ്കില്‍ ഇങ്ങനെ ബേബി ബുക്ക് വേണ്ട. പക്ഷെ കുഞ്ഞിന് ചൈനീസ് പൗരത്വം ലഭിക്കില്ല എന്നു മാത്രം. കുടുംബത്തില്‍ ഒരു കുഞ്ഞു മാത്രമേയുള്ളൂവെന്നത് ഒറ്റ കുഞ്ഞിന്റെ വ്യക്തിത്വ രൂപീകരണത്തെയും മാനസികാരോഗ്യത്തേയും ബാധിക്കുന്നുവെന്ന പഠനങ്ങള്‍ ഏറെ പുറത്ത് വന്നിരുന്നു. അതിന് കണ്ടെത്തിയിരിക്കുന്ന പരിഹാരം ഈ കുഞ്ഞുങ്ങള്‍ക്ക് ചെറുപ്പത്തിലേ പരസ്പരം ഇടപെടാനും ഒരുമിച്ച് കളിക്കാനുമുള്ള അവസരം സൃഷ്ടിക്കുകയെന്നതാണ്. ഹൗസിങ് കോളനികളിലും ഫ്ളാറ്റുകളിലും എല്ലാം ചില്‍ഡ്രന്‍സ് പാര്‍ക്കുകള്‍ നിര്‍ബന്ധമാണ്.

ഇതൊക്കെമാണെങ്കിലും ജനസംഖ്യാ പെരുപ്പം ഇപ്പോഴും ചൈന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി തന്നെ തുടരുന്നു. ബസ്സുകളിലും ട്രെയിനുകളിലും തിരക്ക് അസഹ്യമായ രീതിയിലാണ്. കാലു കുത്താനിടയില്ലാത്ത രീതിയിലാണ് സാധാരണ യാത്രകള്‍. കാറുകള്‍ റോഡിലിറക്കുന്നതിലുമുണ്ട് നിയന്ത്രണം. ഒരു ദിവസം ഒറ്റഅക്ക നമ്പറിലുള്ള കാറുകളാണ് റോഡിലിറക്കേണ്ടതെങ്കില്‍ അടുത്ത ദിവസം ഇരട്ട നമ്പറിലുള്ള കാറുകളേ ഇറക്കാവൂ. ദിവസവും കാറില്‍ തന്നെ യാത്രചെയ്യണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഒറ്റ നമ്പറിലുംഇരട്ട നമ്പറിലുമുള്ള ഓരോ കാറുകള്‍ സംഘടിപ്പിക്കേണ്ടി വരും.

സുലഭം മദ്യം

മദ്യപാനം കുറ്റമായി കരുതുന്നവരല്ല ചൈനക്കാര്‍. അതുകൊണ്ടു തന്നെ മദ്യത്തോടുള്ള അഭിനിവേശവും കുറവാണ്. ഒരു കുപ്പി നാടന്‍ മദ്യത്തിന് എന്ത് വില വരുമെന്ന് അറിയാത്തതു കൊണ്ട് കരുതലോടെയാണ് മുന്നില്‍ കണ്ട റിടെയില്‍ ഷോപ്പില്‍ കയറിയത്. സ്റ്റൈലായി തന്നെ വിവരം പറഞ്ഞു, ഒരു കുപ്പി ചൈനീസ് നാടന്‍ മദ്യം വേണം. കച്ചവടക്കാരി സുന്ദരിയായ പെണ്‍കുട്ടി, തിളങ്ങുന്ന ലേബലുകളുള്ള വലിയൊരു കുപ്പി പുറത്തേക്കെടുത്തു വെച്ചു. ഞാന്‍ വില ചോദിച്ചു. '3000 ആര്‍ എന്‍ ബി'. ആര്‍ എന്‍ ബി യുവാന്‍ തന്നെ. ചൈനീസ് പീപ്പിള്‍സ് മണിയെന്നതിന്റെ ചൈനീസ് ചുരുക്കമാണ്. കണക്കുകൂട്ടി നോക്കി. ഹെന്റമ്മോ, ഒരു കുപ്പിനാടന് ഇരുപതിനായിരത്തിലധികം രൂപ. പാവപ്പെട്ട കുടിയന്‍മാര്‍ എങ്ങനെ ജീവിക്കും ? ഞാന്‍ നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ അവള്‍ പറഞ്ഞു, കുറഞ്ഞ വിലക്കുള്ളതുമുണ്ട്, 2500 ആര്‍ എന്‍ ബി., 2000 ആര്‍ എന്‍ ബി. അപ്പോഴും ഞാന്‍ വാങ്ങുന്നില്ലെന്ന് കണ്ട് തനി ലോക്കലാണല്ലേ എന്ന മട്ടില്‍ അവള്‍ എന്നെയൊന്ന് നോക്കി. എന്നിട്ട് പറഞ്ഞു, ' ഇനിയും വില കുറഞ്ഞതുണ്ട്, നാല് ആര്‍ എന്‍ ബി മുതല്‍ 5000 ആര്‍ എന്‍ ബി വരെ ചൈനീസ് വാറ്റിന് വിലയുണ്ട്. നെല്ലില്‍ നിന്ന് വാറ്റിയെടുക്കുന്ന ഈ നാടന്‍ മദ്യത്തിന് ജോ എന്നാണ് പേര്. മിക്കതും നിറമില്ലാത്തതാണ്. നിറമില്ലാത്ത ഈ മദ്യത്തിന് ബെയ്ജോ എന്നു പറയും.

ഏതായാലും നാടന്‍ വാറ്റ്‌ അടിക്കാന്‍ നമ്മുടെ നാട്ടിലേത് പോലെ ഒളിച്ചും മറഞ്ഞും ഒന്നും പോവണ്ട. റീട്ടെയില്‍ ഷോപ്പുകളിലും പോവണമെന്നില്ല. സൂപ്പര്‍മാര്‍ക്കറ്റിലും സാധനം കിട്ടും. ഞാന്‍ കയറിയ റീട്ടെയില്‍ ഷോപ്പിന് തൊട്ടടുത്തുള്ളത് പാമ്പിനെ പൊരിച്ചു വില്‍ക്കുന്ന കടയാണ്. റീടെയില്‍ ഷോപ്പില്‍ നിന്ന് കുപ്പിയും വാങ്ങി, പാമ്പ് കടയിലേക്ക് കയറുന്നു. പൊരിച്ച പാമ്പും വാറ്റും- ബെസ്റ്റ് കോമ്പിനേഷന്‍ ! ചൈനയില്‍ മദ്യം വില്‍ക്കാനും വിളമ്പാനും നമ്മുടെ നാട്ടിലേത് പോലെ പ്രത്യേകിച്ച് ലൈസന്‍സ് ഒന്നും വേണ്ട. റോഡരികില്‍ ഇരുന്ന് കഴിച്ചാലും പ്രത്യേകിച്ച് ആരും മൈന്‍ഡ് ചെയ്യില്ല. നാടന്‍ മാത്രമല്ല, ഇന്ത്യയില്‍ കിട്ടുന്ന സകലതരം മദ്യവും സകല ബ്രാന്‍ഡും ഇവിടെ കിട്ടുന്നു. വില അല്‍പം കൂടുതലാണെന്ന് മാത്രം.

സൂപ്പര്‍മാര്‍ക്കറ്റിലും പെട്ടിക്കടയിലും വരെ മദ്യം ലഭിക്കുമെന്നതു കൊണ്ട് തിക്കിതിരക്കാതെ മദ്യം വാങ്ങാം. താരതമ്യേന അച്ചടക്കമുള്ള ജനതയാണെന്നതു കൊണ്ടുതന്നെ മദ്യപിച്ച് വഴിയരികില്‍ കിടക്കുന്ന പതിവില്ല ചൈനക്കാര്‍ക്ക്. മയക്കുമരുന്നുകള്‍ക്ക് നിരോധനമുണ്ടെങ്കിലും ഹെറോയിനും മറ്റും സുലഭമായി ലഭിക്കും. അതിന് ചരിത്രപരമായ കാരണമുണ്ട് താനും. 17-ാം നൂറ്റാണ്ടില്‍ രാജഭരണകാലത്ത് ചൈനയുടെ പല ഭാഗങ്ങളിലും നിലയുറപ്പിച്ചിരുന്ന ബ്രിട്ടീഷുകാര്‍ വന്‍തോതില്‍ വിലകുറഞ്ഞ കറുപ്പ് ഇവിടെയത്തിച്ചിരുന്നു. തദ്ദേശീയരെ കറുപ്പ് തീനികളാക്കി മാറ്റി വില കൂടിയ പട്ട് ഉള്‍പ്പെടെയുള്ള വിശിഷ്ടവസ്തുക്കള്‍ കടത്തിക്കൊണ്ടു പോവുകയെന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. അങ്ങനെ പല നഗരങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരുടെ കറുപ്പ് കൂനയായി മാറുകയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ട് വരെ ഇത് തുടര്‍ന്നു. ഇരുപതാം നൂറ്റാണ്ടില്‍ രാജഭരണം അവസാനിപ്പിച്ച് അധികാരത്തില്‍ വന്ന ചൈനയുടെ ആദ്യ പ്രസിഡന്റ് സണ്‍ യാറ്റ്സെനും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും ലഹരിയില്‍ നിന്ന് ഗ്വാങ്ഷൂ ജനതയെ മോചിപ്പിക്കാന്‍ പരിശ്രമിക്കുകയായിരുന്നു.

എന്നാലും ബ്രിട്ടീഷുകാര്‍ സമ്മാനിച്ച ലഹരി വസ്തുക്കളോടും ചൂതാട്ടത്തോടുമുള്ള ആഭിനിവേശം ഇപ്പോഴും അവരെ പൂര്‍ണമായി വിട്ടുമാറിയിട്ടില്ല. പുകയിലയും ചവച്ച് റോഡരികിലൂടെ നടക്കുന്ന അലസരായ ആണുങ്ങളെ ചൈനീസ് തെരുവുകളില്‍ എത്ര വേണമെങ്കിലും കാണാം. പൊതുവെ അലസന്‍മാരാണ് ഇവിടുത്തെ ആണുങ്ങള്‍ എന്നാണ് അനുഭവം. അതിനു കാരണവും ലഹരി വസ്തുക്കളോടുള്ള അഭിനിവേശമാണത്രെ.

ആമിര്‍ ഫാന്‍!

ഒരു ബസ് യാത്രക്കിടയില്‍ ബസില്‍ അടുത്തിരിക്കുകയായിരുന്ന സ്ത്രീ അപ്രതീക്ഷിതമായി ഒരു ചോദ്യം ' യു നോ ആമിര്‍ ഖാന്‍ ? ഐ ആം ബിഗ് ഫാന്‍ ഓഫ് ഹിം. ' എനിക്ക് ആശ്ചര്യം തോന്നി. ആമിര്‍ ഖാന് ഇങ്ങ് ചൈനയിലും ആരാധകരോ ? ഏതായാലും ഞാന്‍ പറഞ്ഞു, ആമിര്‍ നമ്മുടെ സ്വന്തം കക്ഷി, മച്ചാന്‍ മാതിരി. കുടുങ്ങി, അപ്പോഴേക്കും അവര്‍ക്ക് ആമിറിന്റെ ഫോണ്‍ നമ്പര്‍ വേണം. ഇന്ത്യയില്‍ വരാനും ആഗ്രഹമുണ്ട്. ഈ ആഗ്രഹത്തിന് പിന്നിലും ആമിറിനോടുള്ള സ്നേഹം തന്നെ. അവരുടെ പേര് ഫോറസ്റ്റ് യുസൂലിന്‍. റേഡിയോ ഗ്വാങ്ഡോങിന്റെ റിപ്പോര്‍ട്ടറാണ്. സംസാരിച്ച് വന്നപ്പോഴാണ് വെട്ടിലായെന്ന് മനസ്സിലായത്. എന്നേക്കാള്‍ ആമിറിന്റെ സിനിമകള്‍ ഫോറസ്റ്റ് കണ്ടിട്ടുണ്ട്. ത്രീ ഇഡിയറ്റ്സിനെ കുറിച്ചായിരുന്നു കൂടുതല്‍ സംസാരിച്ചത്. അത് കണ്ടിട്ട് കരഞ്ഞുപോയത്രെ. മറ്റൊരു കാര്യം കൂടി അവര്‍ പറഞ്ഞു, ആമിറിന് ജാക്കി ചാന്റെ ഛായയുണ്ട്. ഖാനെ കുറിച്ച് പറഞ്ഞുപറഞ്ഞ് ഫോറസ്റ്റ് കാട് കയറുന്നു. അപ്പോഴേക്ക് ബസ് എനിക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തി. ഞാന്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടു.

അടുത്ത ദിവസം ചൈനക്കാര്‍ക്ക് ആമിറിനോടുള്ള ഭക്തി ഒന്ന് പരീക്ഷിച്ച് നോക്കാന്‍ തീരുമാനിച്ചു. ഞാന്‍ അന്വേഷിച്ച് നോക്കിയ മിക്കവര്‍ക്കും ആമിറിനെ അറിയാം. തിയേറ്ററുകളില്‍ ചൈനീസ് സബ് ടൈറ്റിലോടെ ആമിറിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നല്ല കളക്ഷനും കിട്ടിയിരുന്നു. ഹിന്ദി സിനിമകള്‍ ചൈനീസ് ഭാഷയിലാക്കി തന്നെ തിയേറ്ററുകളില്‍ എത്തുന്നതിന് പുറമെ ഡി വിഡികള്‍ ഒറിജിനലും വ്യാജനു യഥേഷ്ടം ലഭിച്ചിരുന്നു. ആമിറിനോളം വരില്ലെങ്കിലും ഷാറൂഖിനുമുണ്ട് ആരാധകര്‍. ചൈനക്കാര്‍ സത്യത്തില്‍ അത്രക്ക് സിനിമാകമ്പമുള്ളവരല്ല. ചൈനീസ് സിനിമകള്‍ അധികം തിയേറ്ററുകളില്‍ ഓടുന്നില്ല. മൊഴിമാറ്റിയ ഇംഗ്ലീഷ് സിനിമകളോടാണ് കൂടുതല്‍ ഇഷ്ടം. ജാക്കിചാനും ജറ്റ്ലീയുമാണ് വലിയ ഹീറോസ്. ആമിര്‍ സമീപകാലത്ത് വലിയ ക്രെയ്സ് ആയി മാറിയിരിക്കുന്നു. ഇന്ത്യക്കാരോട് ചീനന് സ്‌നേഹമില്ലെന്ന് ആര് പറഞ്ഞു,

Content Highlights: k viswanath column part two china travel

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented