ചൈനയിലെ ലൈംഗിക തൊഴിലാളികൾ ഒരു പോലീസ് റെയ്ഡിനിടെ
വാതിലില്‍ തുടര്‍ച്ചയായ മുട്ടുകേട്ടാണ് രാത്രി ഉറക്കമെഴുന്നേറ്റത്. പരിഭ്രമത്തോടെ വാതില്‍ തുറന്നപ്പോള്‍ സാമാന്യം നല്ല ഉയരമുള്ള വെള്ളക്കാരി. ഇറുകിപ്പിടിച്ച കുഞ്ഞുട്രൗസറും ബ്രേസിയറും മാത്രമേ ധരിച്ചിട്ടുള്ളൂ. ഇടതുകൈയ്യിന്റെ വിരലുകള്‍ക്കിടയില്‍ എരിയുന്ന സിഗരറ്റ്. നന്നായി മദ്യപിച്ചിച്ചുണ്ട്. കാലുകള്‍ നിലത്തുറക്കുന്നില്ല. തുറന്ന വാതിലിലൂടെ മുറിക്കകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ കുറകെ നിന്നു കൊണ്ട് ഞാന്‍ ചോദിച്ചു; വാട്ട് ഡു യു വാണ്ട്? അവരുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു: ' ഡോണ്ട് യു വാണ്ട് ടു സെക്‌സ് വിത്ത് മി?' നോയെന്നും ഔട്ട് എന്നും അലറി വിളിച്ചുകൊണ്ട് വാതില്‍ വലിച്ചടച്ചു.
ഞങ്ങള്‍ രണ്ടു പേരാണ് മുറിയില്‍. ഞാനും ഫോട്ടോഗ്രാഫര്‍ മധുരാജും. 2014-ല്‍ മാതൃഭൂമിക്ക് വേണ്ടി ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് കവര്‍ ചെയ്യുന്നതിനായി ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ചെന്നതാണ്. അവിടുത്തെ പ്രസിദ്ധമായ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നു. രാത്രി ഏറെ വൈകിയാണ് അന്ന് ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴായിരുന്നു വാതിലിലെ മുട്ടു കേട്ട് ഞെട്ടിയുണര്‍ന്നത്. സത്യത്തില്‍ ആ സ്ത്രീയുടെ വരവും ആടിയാടിയുള്ള നില്‍പ്പും ചോദ്യവുമെല്ലാം ഞങ്ങളെ വല്ലാതെ ഉലച്ചു കളഞ്ഞു. പിന്നെ ആ രാത്രി ശരിയായി ഉറങ്ങാനായില്ല.
നേരം പുലര്‍ന്നപ്പോള്‍ ആദ്യം ചെയ്തത് തലേദിവസം രാത്രിയിലെ ഈ 'ഭയങ്കര' സംഭവത്തെ കുറിച്ച് റിസപ്ഷനില്‍ പരാതിപ്പെടുകയാണ്. പക്ഷെ, റിസപ്ഷനിസ്റ്റ് ചിരിച്ചുകൊണ്ടു പറഞ്ഞു: ' സര്‍, ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത ഒരു ഉസ്‌ബെക്കിസ്ഥാന്‍കാരിയാണ്. മുമ്പ് ഒരു റഷ്യക്കാരന്‍ ടൂറിസ്റ്റിനൊപ്പം ഇവിടെ വന്നതാണ്. എന്തോ കലഹം കാരണം ആ മനുഷ്യന്‍ ഇവരെയിവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അതിനു ശേഷം അനധികൃതമായി ഈ നഗരത്തില്‍ താമസിക്കുകയാണ്. താങ്കളെ പോലുള്ള ഉദാരമതികളുടെ കാരുണ്യത്തിലാണ് ജീവിതം. അപകടകാരിയൊന്നുമല്ല. ഇന്നലെ അവര്‍ക്ക് റൂം മാറിപ്പോയതായിരിക്കും.' ആ മറുപടി കേട്ടപ്പോള്‍ അയാളോടുള്ള ദേഷ്യത്തേക്കാള്‍ ആ സ്ത്രീയോടുള്ള സഹതാപമാണ് തോന്നിയത്. പിന്നെയൊന്നും പറയാതെ തലകുനിച്ച് മുറിയിലേക്ക് മടങ്ങി. രാഷ്ട്രീയ അസ്ഥിരതയും യുദ്ധങ്ങളും വറുതിയുമെല്ലാം കാരണം ഇങ്ങനെ തെരുവിലാക്കപ്പെടുന്ന ഇത്തരം മനുഷ്യരുടേത് കൂടിയാണ് ഈ വിശാലലോകം.
രതിയെ കുറിച്ച് സംസാരിക്കുന്നത് തന്നെ പാപമായി കരുതുന്ന ഒരു നാട്ടില്‍ ജനിച്ച് ഏകപത്‌നീവ്രതം മുറുകെ പിടിക്കുന്ന ഉത്തമപുരുഷരേയും പതിവ്രതകളായ സ്ത്രീകളേയും കുറിച്ചുള്ള കഥകള്‍ കേട്ടു വളര്‍ന്ന തലമുറയുടെ പ്രതിനിധി എന്ന നിലയ്ക്ക് യാത്രകള്‍ക്കിടെ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ ആദ്യമാദ്യം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അത്തരം ചില ഷോക്കുകളും രതിസംബന്ധമായി തന്നെ സംഭവിക്കുന്ന ചില ആഹ്ലാദങ്ങളും ഭീതിയും എല്ലാം ചേര്‍ന്നതാണ് ഓരോ യാത്രികന്റേയും സഞ്ചാരപഥങ്ങള്‍. ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും അപരിചിതരില്‍നിന്ന് വളരെ പെട്ടെന്ന് ഉയരുന്ന കുശലാന്വേഷണങ്ങള്‍ ഇണചേരാനുള്ള അവസരങ്ങളുമായി ബന്ധപ്പെട്ടാവും. ശ്രീലങ്കയെ കുറിച്ചു തന്നെ പറയാം. കേരളത്തില്‍നിന്ന് ഏതാനും കിലോ മീറ്ററുകളേ ലങ്കയിലേക്കുള്ളൂ. ഇടയ്‌ക്കൊരു കടലിടുക്കുണ്ടെന്ന് മാത്രം. പക്ഷെ, സദാചാരബോധത്തിലും പെരുമാറ്റരീതികളിലും കേരളവും ലങ്കയും തമ്മില്‍ കടലകലമുണ്ട്.
Also Read
കാമിനിമാരില്‍ സദാ അനുരക്തനായി കൊണ്ടിരുന്ന രാവണന്റെ നാടായിരുന്നതു കൊണ്ടാണാവോ സെക്‌സ് ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യം വളരെ ഉറക്കെ തന്നെ ചോദിക്കുന്ന മനുഷ്യരാണ് ലങ്കയില്‍. അവിടെ വിമാനമിറങ്ങി ഹോട്ടലിന്റെ ലോബിയിലേക്ക് കയറി ചെല്ലുമ്പോള്‍ തന്നെ ആ ചോദ്യം ഞാന്‍ നേരിട്ടു. ' സര്‍ ഒറ്റക്കാണോ വന്നത്, കൂട്ടു വേണോ?' നാണം കലര്‍ന്ന ഒരു ചിരിയോടെ ഒരു പയ്യന്റെ ചോദ്യം. അവന് നല്ലൊരു ചിരി സമ്മാനിച്ച് റിസപ്ഷനിലേക്ക് ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടി റെക്കമന്റ് ചെയ്യുന്നു. 'കൊള്ളാവുന്ന പയ്യനാണ് സര്‍, അവനെ വിശ്വസിക്കാം.' വൈകുന്നേരം ഹോട്ടലില്‍നിന്ന് പുറത്തേക്ക് പോവുമ്പോഴും അവനെത്തി. 'വളരെ സേഫാണ് സര്‍ ചൈനീസ്, യൂറോപ്യന്‍, ലങ്കന്‍ മൂന്നുമുണ്ട്. '- ഇരുപതില്‍ താഴെ മാത്രം പ്രായം തോന്നിക്കുന്ന ആ പയ്യന്‍ സാമാന്യം ഭംഗിയായി വസ്ത്രം ധരിച്ചിരുന്നു. അവന്റെ ചുവന്ന ടീഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരിക്കുന്ന വാചകം ഞാന്‍ ഉറക്കെ വായിച്ചു. ' വെല്‍ക്കം ടു ഹെവന്‍'

പ്രതീക്ഷയോടെ വീണ്ടുമവന്‍ എന്നെ നോക്കി. 'സര്‍ വൈകീട്ട് എട്ടു മണിയോടെ മുറിയിലെത്തും. രാവിലെ ആറു മണിക്ക് മടങ്ങും.' സന്തോഷിപ്പിക്കാനെത്തുന്ന മാലാഖമാര്‍ക്ക് (അവന്‍ അങ്ങിനെയാണ് പറഞ്ഞത്) അയ്യായിരം രൂപ തൊട്ട് മുകളിലേക്കാണ് ഫീസ്. ചൈനീസിനാണ് നിരക്ക് കുറവ്. യൂറോപ്യന്‍സിന് വളരെ കൂടുതലും. രണ്ടിനും ഇടയിലാണ് ലങ്കന്‍ മാലാഖമാരുടെ ഫീസ്. അവന്‍ ഒരു ഉപദേശം കൂടി തന്നു. 'ലങ്കന്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ചൈനീസിന് വായ്‌നാറ്റമുണ്ടാവും. യൂറോപ്യന്‍സ് വലിയ ഡിമാന്റിങ്ങാണ്. ഫീസിന് പുറമെ ഉയര്‍ന്ന തുക ടിപ്‌സ് നല്‍കേണ്ടി വരും. ' ചൈനീസ് എന്നതു കൊണ്ട് അവന്‍ ഉദ്ദേശിച്ചത് ബാങ്കോക്കിലും ഫിലിപ്പെന്‍സിലും നിന്നെത്തിയവരെയാണ്. യൂറോപ്യന്‍സ് മിക്കവാറും പഴയ റഷ്യന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ളവരും. രതിയുടെ വന്യമായ പാഠങ്ങള്‍ അഭ്യസിച്ചവരാണ് ചൈനീസ്, യൂറോപ്യന്‍ മാലാഖമാര്‍- പ്രൊഫഷണല്‍സ്. തദ്ദേശീയരായ ലങ്കന്‍ കുട്ടികളാവട്ടെ താരതമ്യേന അമച്വറുകളും.
തീരദേശ നഗരമായ കൊളംബോയില്‍നിന്ന് 161 കിലോ മീറ്റര്‍ അകലെയുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ നുവറേലിയയില്‍ ചെന്നപ്പോള്‍ ഇത്തരം ക്ഷണങ്ങള്‍ക്ക് വ്യത്യസ്തമായ രീതികളും പദപ്രയോഗങ്ങളുമുണ്ടെന്നു തിരിച്ചറിഞ്ഞു. നുവറേലിയയില്‍ കടുത്ത തണുപ്പായിരുന്നു. അവിടുത്തെ ഹോട്ടലില്‍ മുറിയെടുത്ത് അല്‍പം കഴിഞ്ഞപ്പോള്‍ കട്ടികൂടിയ ബ്ലാങ്കറ്റുകളുമായി റൂം ബോയി വന്നു. അപ്പോള്‍ എന്റെ പല്ലുകള്‍ തണുപ്പുകൊണ്ട് കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. ബ്ലാങ്കറ്റ് തന്ന ശേഷം ചെറുചിരിയോടെ അവന്റെ ഉപദേശം, ' സര്‍ ഈ പുതപ്പൊന്നും ഇവിടെ മതിയാവില്ല. വേണമെങ്കില്‍ ജീവനുള്ള പുതപ്പ് ഏര്‍പ്പാടാക്കാം. മണിക്കൂറിന് ആയിരം രൂപ വെച്ച് തന്നാല്‍ മതി. ' ഞാന്‍ സംശയഭാവത്തില്‍ അവന്റെ മുഖത്തേക്ക് നോക്കി. ' ഭയക്കേണ്ട. എച്.ഐ.വി പരിശോധനക്കുള്ള കിറ്റ് തരാം. മാത്രമല്ല അവര്‍ കോണ്ടം കൊണ്ടുവരും.' സത്യത്തില്‍ അത്തരമൊരു ഓഫര്‍ ആദ്യമായിട്ടായിരുന്നു.
കടമിഴിയില്‍ കമലദളം
ചൈന കര്‍ശനമായ നിയമങ്ങളും നിരീക്ഷണ സംവിധാനങ്ങളുമുള്ള രാജ്യമാണ്. മാലാഖമാരുമായുള്ള ഇടപാടുകള്‍ പൊതുവെ ദുഷ്‌ക്കരമാണെന്നാണ് വെപ്പ്. പക്ഷെ ഗോങ്ചായ് നഗരത്തിലെ എന്റെ പാര്‍പ്പിന്റെ നാലാം ദിവസം മാലാഖമാരുടെ ദൂതന്‍ എന്നെ തേടിയെത്തി. സംഗതി ഒളിയും മറയും വേണം. കാരണം ഇത് കമ്യൂണിസ്റ്റ് ചൈനയാണ്. അണ്ടര്‍ഗ്രൗണ്ട് സംവിധാനമാണ്. നമ്മളെ അവര്‍ കൊണ്ടു പോവുന്നത് മദ്യപിക്കാനെന്ന പേരിലാണ്. നഗരത്തിന്റെ തിരക്കുകളില്‍നിന്നു മാറി സാധാരണ വീടു പോലൊരു കെട്ടിടം. അകത്തേക്ക് ചെന്നപ്പോള്‍ ഒരു പാനോല്‍സവത്തിന്റെ സെറ്റപ്പ്. വിളമ്പല്‍ക്കാരികളെല്ലാം കാണാന്‍ തരക്കേടില്ലാത്ത മംഗോളിയന്‍ മുഖമുള്ള യുവതികള്‍.
പാനോല്‍സവം നടക്കുന്ന ഹാളിന് വശത്ത് മൂന്നു മുറികളുണ്ട്. മദ്യപിച്ചു കൊണ്ടിരുന്ന ഒരു വെള്ളക്കാരന്‍ ഒരു യുവതിയേയും കൂട്ടി അകത്തേക്ക് പോയി. അപ്പോള്‍ എന്നെ അവിടേക്ക് കൊണ്ടുപോയിരുന്ന യുവാവ് മുഖത്തേക്ക് നോക്കി കണ്ണുകാണിച്ചു. അപ്പോഴാണ് എന്നെ ഞെട്ടിച്ചുകളഞ്ഞ ഒരു സംഭവം ഉണ്ടായത്. 'കടമിഴിയില്‍ കമലദളം, കവിളിണയില്‍ സംഗീതം....' ആ വരികള്‍ ഉറക്കെ ചൊല്ലി കൊണ്ട് ഒരു മുറിയില്‍നിന്ന് പൂക്കളുടെ ചിത്രമുള്ള അയഞ്ഞ പൈജാമയും ടീഷര്‍ട്ടും ധരിച്ച ഒരു മധ്യവയസ്‌കന്‍ ഇറങ്ങി വരുന്നു. എന്റെ മുഖത്തെ അമ്പരപ്പ് കണ്ടതു കൊണ്ടാവാം നേരെ വന്ന് ചോദിച്ചു. ' മലയാളിയാണല്ലേ ?' ഞാന്‍ പരിചയപ്പെട്ടു. കോട്ടയത്തുകാരനാണ്. ചൈനയില്‍നിന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഗള്‍ഫിലേക്കും കേരളത്തിലേക്കും കൊണ്ടുപോയി വില്‍ക്കുന്ന കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. രണ്ട് വര്‍ഷമായി ഈ നിലയത്തിലെ സന്ദര്‍ശകനാണ്. പിരിയുമ്പോള്‍ അദ്ദേഹം പറഞ്ഞു. 'ബ്രദര്‍, ഒന്നും പേടിക്കേണ്ട. ഇവിടം സേഫാണ്. കാണേണ്ടവരെയൊക്കെ വേണ്ട പോലെ കണ്ടിട്ടാണ് ഇതിന്റെ ഉടമകള്‍ ബിസിനസ് റണ്‍ ചെയ്യുന്നത്. 'പിന്നെ വില പിടിച്ച ഒരു ഉപദേശവും. ' ചൂസ് റഷ്യന്‍സ് ഓണ്‍ലി.'
.jpg?$p=6b20ea4&&q=0.8)
ഇന്ത്യക്കാരെന്നാല്‍ സ്വവര്‍ഗ്ഗരതിക്കാര്‍
ഒരു വിദേശയാത്ര കഴിഞ്ഞ് ലണ്ടനില്‍നിന്ന് ബാംഗ്ലൂരിലേക്കുള്ള വിമാനയാത്രക്കിടയിലാണ് വടക്കന്‍ അയര്‍ലണ്ടുകാരനായ ലോതറിനെ പരിചയപ്പെടുന്നത്. ഫ്‌ളൈറ്റിലെ നടുസീറ്റിലാണ് ഞാനിരിക്കുന്നത്. ഇടതുവശത്ത് മലയാളിയായ നഴ്‌സ്. അവള്‍ക്ക് ഒരു ഇരുപത്തിയഞ്ച് വയസ്സ് കാണും. ലണ്ടനില്‍ ജോലി ചെയ്യുകയാണ്, നാട്ടില്‍ വിവാഹാലോചന നടക്കുന്നു. വരനെ കാണുന്നതിനു വേണ്ടിയുള്ള വരവാണ്. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ അവളുടെ ചോദ്യം. ' അങ്കിള്‍ നാട്ടിലെവിടെയാ? ' ഞാന്‍ ശരിക്കും ഷോക്കായി. കാരണം അന്നെനിക്ക് നാല്‍പ്പത്തിരണ്ടു വയസ്സേയുള്ളൂ. ചേട്ടാ എന്ന വിളി പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അങ്കിള്‍ എന്നു കേള്‍ക്കേണ്ടി വന്നതിലെ ഞെട്ടല്‍ പറയാതെ തന്നെ അറിയാമല്ലോ ? ആ സംബോധനക്ക് പിന്നിലെ ചേതോവികാരം എനിക്ക് പിടികിട്ടി. മലയാളി സ്ത്രീകള്‍ക്ക് നാട്ടുകാരായ പുരുഷന്‍മാരോടുള്ള വിശ്വാസക്കുറവ് തന്നെ. ഏതായാലും ആ വിളിയോടെ ഞാന്‍ അവളോട് 'കട്ടീസാ'യി.
വലതു വശത്തിരിക്കുന്ന ലോതറിലേക്ക് ഞാന്‍ തിരിഞ്ഞു. ലോതര്‍ ചോദിക്കുന്നു. 'നിങ്ങള്‍ ബാംഗ്ലൂരില്‍ ലാന്‍ഡ് ചെയ്ത ശേഷം എങ്ങോട്ടാണ് പോവുന്നത്?' ഞാന്‍ പോവേണ്ടയിടം പറഞ്ഞുകൊടുത്തു. അപ്പോള്‍ ലോതര്‍ പറയുന്നു ' ഞാനും ഏകദേശം ആ വഴിക്കാണ്. നമുക്ക് ഒരു ടാക്‌സി ഷെയര്‍ ചെയ്താലോ?' അയ്യേ ഇത്രക്ക് പിശുക്കന്‍ സായിപ്പോയെന്ന് മനസ്സില്‍ കരുതിയെങ്കിലും ഞാന്‍ തലകുലുക്കി സമ്മതിച്ചു. ലണ്ടനിലെ പ്രസിദ്ധമായ ആനിമേഷന്‍ പ്രൊഡക്ഷന്‍ കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറായി ജോലി ചെയ്യുന്ന അദ്ദേഹം എട്ടു മാസം ജോലി ചെയ്ത് സമ്പാദിച്ച തുകയുമായി ഇന്ത്യയും പാകിസ്താനും ചൈനയും കാണാന്‍ ഇറങ്ങി പുറപ്പെട്ടതാണ്. കുറച്ച് പണം കൊണ്ട് പരമാവധി സ്ഥലങ്ങള്‍ കാണുകയെന്നതാണ് ലക്ഷ്യം. അത്ര ദീര്‍ഘകാലം ലീവ് കിട്ടില്ലെന്നതു കൊണ്ട്, ജോലി രാജി വെച്ചാണ് ലോതര്‍ പുറപ്പെട്ടിരിക്കുന്നത്.
ഇനി തിരിച്ചു ചെന്നാല്‍ തന്റെ പഴയ കമ്പനിയില്‍ അല്ലെങ്കില്‍ മറ്റൊരിടത്ത് ജോലി കിട്ടും. എല്ലാ വര്‍ഷവുമുള്ള പതിവാണിത്. മരിക്കും മുമ്പ് ജനിച്ചുവീണ ഗ്രഹത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും കണ്ടു തീര്‍ക്കാന്‍ അതേയുള്ളൂവത്രെ പോംവഴി. സംസാരത്തിനിടെ ലോതര്‍ രസകരമായൊരു കാര്യം ചോദിച്ചു. 'നിങ്ങള്‍ ഇന്ത്യക്കാര്‍ പൊതുവേ സ്വവര്‍ഗരതിക്കാരണല്ലോ, അതിനെന്താ കാരണം? ' മറുപടി പറയാനാവാതെ ഞാന്‍ കുഴങ്ങി. എങ്കിലും ഞാന്‍ ചോദിച്ചു 'എന്താ അങ്ങനെ തോന്നാന്‍?' മുമ്പ് രണ്ടു തവണ ലോതര്‍ ഇന്ത്യയില്‍ വന്നിട്ടുണ്ട്. അപ്പോഴെല്ലാം താമസിച്ച ഹോട്ടലുകളില്‍ പൊതുവായി കണ്ട കാര്യം. രണ്ട് ഇന്ത്യന്‍ പുരുഷന്‍മാര്‍ ഒരുമിച്ച് ഒരു മുറിയില്‍ താമസിക്കുന്നതാണ്. 'ഞങ്ങളൊക്കെ ഒരു സ്ത്രീയും പുരുഷനും കൂടി ഒരു മുറിയില്‍ താമസിക്കാറുണ്ട്. അങ്ങനെയല്ലെങ്കില്‍ ഒറ്റക്ക് താമസിക്കും. പക്ഷെ, എവിടെ പോയാലും നിങ്ങള്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ ഇണക്കുരുവികളെ പോലെ ഒരേ മുറിയില്‍ താമസിക്കും.' ലോതറിന്റെ ധാരണ ഞാനെങ്ങനെ തിരുത്തി കൊടുക്കും? തല്‍ക്കാലം ഞാനയാള്‍ക്ക് മുന്നില്‍ മൗനിയായി. ഉറക്കം നടിച്ച് സീറ്റില്‍ ചാരിക്കിടന്നു.
ലാറ്റിനമേരിക്ക-ആനന്ദമാര്‍ഗികകളുടെ സ്വര്‍ഗം
ലൈംഗികതയെ ആഘോഷമാക്കി മാറ്റുന്നവരാണ് ബ്രസീലും അര്‍ജന്റീനയുമെല്ലാം ഉള്‍പ്പെടുന്ന ലാറ്റിനമേരിക്കന്‍ മേഖലയിലെ ജനതയെന്ന് തോന്നിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് അവിടെയെത്തിപ്പെടുന്ന യാത്രികന് മുന്നില്‍ എല്ലാം പുതുമയുള്ള മായക്കാഴ്ച്ചകളാവും. നഗ്നതയെ ആരാധിക്കുന്ന മനുഷ്യരാണവരെന്ന് തോന്നിയിട്ടുണ്ട്. പകല്‍വെളിച്ചത്തില്‍ തുണിയഴിച്ച് നടക്കാന്‍ മടയില്ലാത്തവര്‍. സംസ്‌ക്കാരശൂന്യരെന്നാവും തുടര്‍വാചകമായി നമുക്ക് മനസ്സില്‍ വരിക. പക്ഷെ, ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തീരെ കുറവാണവിടെ. പൊതുയിടങ്ങളില്‍ അവര്‍ പെരുമാറുന്ന രീതി കണ്ടു പഠിക്കേണ്ടതുമാണ്.
എന്റെ ബ്രസീല്‍ യാത്രക്കിടയില്‍ ഉണ്ടായ അത്തരം അനുഭവങ്ങളെ കുറിച്ച് പറയാം. ഒരു ദിവസം രാത്രി വൈകി ഞാന്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ചെന്നു കയറി. രണ്ടാം നിലയിലെ വരാന്തയിലൂടെ നടക്കുമ്പോള്‍ എന്റെ മുറിയുടെ ഡോറില്‍നിന്ന് അല്‍പമകലെയായി അരയ്ക്ക് മുകളിലോട്ട് നഗ്നരായ നിലയില്‍ ഒരു യുവാവും യുവതിയും ആലിംഗനം ചെയ്ത് ചുംബിച്ചു കൊണ്ടു നില്‍ക്കുന്നു. എത്ര നിയന്ത്രിച്ചിട്ടും എനിക്കങ്ങോട്ട് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലായപ്പോള്‍ യുവാവ് തിരിഞ്ഞു നോക്കാതെ തന്നെ സോറി പറഞ്ഞു. ഇറ്റ്‌സ് ഓ കെയെന്ന് മാത്രം പറഞ്ഞ് ഞാന്‍ മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറി.
മനസ്സിനെ ശാന്തമാക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. പുറത്തുനിന്ന് ശബ്ദം കേള്‍ക്കുമ്പോള്‍ പതുക്കെ വാതില്‍ തുറന്ന് ഒളിഞ്ഞു നോക്കാന്‍ തോന്നുന്നു. പക്ഷെ, മാന്യനായ ലോകസഞ്ചാരിയുടെ മൂടുപടം സ്വയമെടുത്തണിഞ്ഞ ഞാന്‍ പ്രലോഭനങ്ങളെ അതിജീവിച്ചു. അഞ്ചോ ആറോ മിനുറ്റുകള്‍ കൂടിയേ പുറത്തു നിന്നുള്ള ശബ്ദം നീണ്ടു നിന്നുള്ളു. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ വാതിലില്‍ മൃദുവായ മുട്ടു കേട്ടു. പൂര്‍ണവസ്ത്രധാരികളായി നല്ല തറവാടികളെ പോലെ അവര്‍ രണ്ടു പേരും നില്‍ക്കുന്നു. യുവതി ഒരു ചോക്ലൈറ്റ് എടുത്തു നീട്ടിക്കൊണ്ട് താങ്ക്‌സ് പറഞ്ഞു. ഞാനത് പ്രണയപൂര്‍വം കൈപ്പറ്റി മുറിയിലെ ഫ്രിഡ്ജിലെടുത്തു വെച്ചു. അടുത്ത ദിവസം മാറ്റാര്‍ക്കെങ്കിലും നല്‍കാനാവുമെന്ന പ്രതീക്ഷയോടെ.

ഞാന്‍ താമസിച്ചിരുന്ന മുറിയുടെ വശത്തെ ചുമര് ചില്ല് കൊണ്ടാണ്. അതിലൂടെ നോക്കിയാല്‍ ഒരു സ്വിമ്മിങ് പൂള്‍ കാണാം. അതിനരികില്‍ ഒരു മദ്യശാലയും. ബാറിന്റെ കൗണ്ടറില്‍നിന്ന് മദ്യം വാങ്ങി കഴിച്ച് അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് ആണും പെണ്ണും സ്വിമ്മിങ് പൂളിലേക്കിറങ്ങും. അല്‍പം വോഡ്ക നുകര്‍ന്നു കൊണ്ട് ആ കാഴ്ച്ചകള്‍ കുറച്ചു നേരം കണ്ടിരുന്നതിനേ ശേഷമേ ഞാന്‍ ഉറങ്ങാറുള്ളൂ. അങ്ങനെയൊരു ദിവസം എന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ ഒരു സംഭവം അരങ്ങേറി. നിയോണ്‍ ബള്‍ബുകള്‍ പ്രഭചൊരിയുന്ന സ്വിമ്മിങ് പൂളിന്റെ വശത്തെ പടവുകളില്‍ പിടിച്ചുനിന്ന് പൂര്‍ണ നഗ്നരായി തന്നെ രണ്ടു പേര്‍ രതിയില്‍ ഏര്‍പ്പെടുന്നു. ആതിനേക്കാള്‍ എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം, ആ പൂളില്‍ നിറയെ ആളുകള്‍ ഉണ്ടെന്നതും അവരാരും അങ്ങനെയൊരു സംഭവം അവിടെ നടക്കുന്നുണ്ടെന്നത് ശ്രദ്ധിക്കുന്നില്ല എന്നതുമായിരുന്നു.
മറ്റൊരു ദിവസം ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ എതിര്‍വശത്തിരിക്കുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സി ധരിച്ച ഒരു പെണ്‍കുട്ടി എന്റെ ശ്രദ്ധയില്‍പെട്ടു. അവളുടെ കൈയ്യിലെ കടലാസ് പാക്കറ്റില്‍ കപ്പ വറുത്തുണ്ടാക്കിയ ബ്രസീലിയന്‍ വിഭവവും കോക്ക് കാനുമുണ്ട്. തിന്നുകയും കുടിക്കുകയും ചെയ്യുന്നതിനിടെ ആരോടോ പോര്‍ചുഗീസ് ഭാഷയില്‍ (ബ്രസീലുകാരുടെ സംസാരഭാഷ പോര്‍ചുഗീസാണ്) ഉച്ചത്തില്‍ സെല്‍ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നു. അതിനിടെ ട്രെയിന്‍ ഒരു സ്‌റ്റേഷനില്‍ നിന്നു. ആ കംപാര്‍ട്ടുമെന്റിലേക്ക് മാറഡോണയുടെ വലിയ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ച മധ്യവയസ്‌കനായ മനുഷ്യന്‍ കയറി വന്നു. അര്‍ജന്റീന ഫാനും ബ്രസീലിയന്‍ ഫാനും തമ്മില്‍ എങ്ങനെ ഇടപെടുമെന്നായി അപ്പോള്‍ എന്റെ ചിന്ത.
അയാള്‍ ആ യുവതിക്ക് അടുത്തു തന്നെ ചെന്നിരുന്നു. പെണ്‍കുട്ടി ഫോണ്‍ വിളിക്കുന്നത് അവസാനിപ്പിച്ചപ്പോള്‍ അവളോട് എന്തോ പറഞ്ഞു. അവളാവട്ടെ വലിയ താല്‍പര്യമില്ലാത്തതു പോലെയിരിക്കുന്നു. കുറച്ചു കൂടി കഴിഞ്ഞപ്പോല്‍ തന്റെ ബാക്ക്പാക്കില്‍നിന്ന് ഒരു പാക്കറ്റ് ലെയ്‌സ് എടുത്ത് പൊട്ടിച്ച് അയാള്‍ അവള്‍ക്ക് ഓഫര്‍ ചെയ്തു. അതെടുത്തു കഴിക്കുകയായിരുന്ന അവളുടെ ചെവിയില്‍ അയാള്‍ എന്തോ സ്വകാര്യം പറയുന്നുന്നു. രണ്ട് മിനുറ്റ് കഴിഞ്ഞേ കാണുള്ളൂ. രണ്ടു പേരും ലിപ്‌ലോക്ക് ചെയ്യാന്‍ തുടങ്ങി. ദീര്‍ഘമായ ആ ചുംബനം അവസാനിക്കും മുമ്പേ അടുത്ത സ്റ്റേഷനെത്തി. രണ്ടുപേരും കൈകള്‍ കോര്‍ത്ത് പിടിച്ച് ട്രെയിനിന് പുറത്തേക്ക് നടക്കുന്നു. അതുവരെ അപരിചിതരായിരുന്ന അവര്‍ക്കിടയില്‍ പ്രണയം അങ്കുരിച്ചതും മൊട്ടിട്ടതും ഞാന്‍ നോക്കിനില്‍ക്കെ എത്ര പെട്ടെന്നായിരുന്നു!

ബ്രസീലില്‍നിന്ന് തിരിച്ചു പോരുന്നതിന് രണ്ട് ദിവസം മുമ്പാണ് റിയോയിലെ ബിക്കിനി ബാറില്‍ പോയത്. സംഗതി മദ്യശാലയാണ്, പക്ഷെ, വിളമ്പുന്നവര്‍ ബിക്കിനി ധരിച്ച യുവതികളായിരിക്കും. സിഗരറ്റിന്റെ പുക പരന്ന, അരണ്ട വെളിച്ചമുള്ള ബാറിനകത്ത് സുന്ദരികളായ യുവതികള്‍ ഓര്‍ഡര്‍ എടുക്കാനെത്തും. വിലയല്‍പം കൂടുതലാണ്. വാങ്ങി കഴിക്കുന്നതിന് പുറമെ ഒന്ന് വിളമ്പുകാരിക്കും ഓഫര്‍ ചെയ്യാം. അതിന്റെ പണം കൊടുത്താല്‍ മതി. അങ്ങനെ ചെയ്താല്‍ അവര്‍ അവിടെ വെച്ചു തന്നെ നന്നായി സ്‌നേഹിക്കും. കൂടുതല്‍ ഡ്രിങ്ക്‌സ് ഓഫര്‍ ചെയ്താല്‍ സ്‌നേഹിക്കാന്‍ വേണ്ടി ബാറിനോട് ചേര്‍ന്നുള്ള മുറികളിലേക്ക് ക്ഷണിക്കും.
തികച്ചും നിയമവിധേയമായി പോലീസിന്റെ നിരീക്ഷണത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇത്തരം ബിക്കിനി ബാറുകള്‍. വസ്ത്രം ധരിച്ചു നടക്കുന്നതില്‍ നാണം തോന്നിയ സന്ദര്‍ഭം കൂടി ബ്രസീലില്‍ എനിക്കുണ്ടായി. റിയോയിലെ പ്രസിദ്ധമായ കോപാ കബാന ബിച്ചിലായിരുന്നു അത്. ആ ബീച്ചിലുണ്ടായിരുന്ന മനുഷ്യരില്‍ മിക്കവരും അടിവസ്ത്രങ്ങളേ ധരിച്ചിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ ടോപ്പ് ലെസ്സായോ നൂല്‍ബന്ധമില്ലാതെയോ കിടക്കുന്നു. പാര്‍ക്കില്‍ ഉല്ലസിക്കാനെത്തുന്ന പോലെ കുടുംബസമേതം വന്നവരാണ് മിക്കവരും, അവിടെ വെച്ചുതന്നെ ഭക്ഷണം കഴിക്കുന്നു. താടി നീട്ടി വളര്‍ത്തിയ ഒരു ബുദ്ധിജീവി കുറച്ചകലെ പൂര്‍ണനഗ്നനായി വെയിലത്ത് മലര്‍ന്നു കിടന്ന് മാര്‍ക്കേസിന്റെ മുഖചിത്രമുള്ള തടിയന്‍ പുസ്തകം വായിക്കുന്നു. പ്രായമായവരും അല്ലാത്തവരും കുട്ടികളും എല്ലാവരും ഇങ്ങനെ ഇഴുകിചേര്‍ന്ന് തുണിയില്ലാതെ നടക്കുന്ന ഈയിടവും നമ്മുടെ ഭൂമിയില്‍ തന്നെയാണ്.
ഛലോ കൊല്‍ക്കത്ത, ഓ മുംബൈ
ലൈംഗികതയെ കുറിച്ച് സംസാരിക്കാനും പ്രകടമാക്കാനും വലിയ മടിയില്ലാത്ത രണ്ട് ഇന്ത്യന്‍ നഗരങ്ങള്‍ ഉണ്ട് എന്റെ അനുഭവത്തില്‍. കൊല്‍ക്കത്തയും മുംബൈയും. എന്റെ കൊല്‍ക്കത്ത യാത്രകളില്‍ ഉണ്ടായ ചില അനുഭവങ്ങള്‍ കൂടി ഇവിടെ പങ്കുവെക്കാം. പഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ താരവും നായകനുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവചരിത്രം തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ തിനെട്ടു വര്‍ഷം മുമ്പ് ഞാന്‍ കൊല്‍ക്കത്തയില്‍ താമസിക്കുന്നു. എന്റെ അന്നത്തെ പ്രായം ലൈംഗികതയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും വലിയ കൗതുകം പുലര്‍ത്തുന്ന മട്ടിലായിരുന്നു. രാത്രി വൈകി മെട്രോ ട്രെയ്‌നില്‍ എക്‌സ്പ്ലനേഡ് സ്റ്റേഷനില്‍ വന്നിറങ്ങി കുറച്ചകലെയുള്ള ഞാന്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് നടക്കുകയാണ്. രാത്രിയുടെ വിജനതയില്‍ മഹാനഗരത്തെ ആസ്വദിച്ചുള്ള നടപ്പ് ഹരം കൊള്ളിക്കുന്നതായിരുന്നു.
ഒരു വളവ് തിരിഞ്ഞ് മുന്നോട്ടു നടക്കുമ്പോള്‍ സാരിയുടുത്ത ഒരു കൂട്ടം സ്ത്രീകള്‍ എതിരെ വരുന്നു. ഭയമോ ആംകാംഷയോ കൊണ്ട് എന്റെ നെഞ്ചിടിപ്പേറി. അവര്‍ അതാ എന്റെ നേരെ തന്നെ വരുന്നു. ഒറ്റനോട്ടത്തില്‍ സുന്ദരികളാണ്. ഞാന്‍ പെട്ടെന്നു നിന്നു. അവര്‍ എന്നെ വളഞ്ഞു. ഹിന്ദിയെന്നോ ബംഗാളിയെന്നോ മനസ്സിലാവാത്ത ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു. ഒരുത്തി എന്നെ ആലിംഗനം ചെയ്തു. മറ്റുള്ളവര്‍ കൈമുട്ടി പാടുന്നു. ആദ്യത്തവളുടെ ഊഴം കഴിഞ്ഞപ്പോള്‍ മറ്റൊരുത്തി വന്ന് കവിളില്‍ ചുംബിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഓടാനും കഴിയുന്നില്ല. ഒടുവില്‍ അവര്‍ കാശ് ചോദിച്ചു. വെപ്രാളത്തോടെ കീശയില്‍ നിന്ന് പേഴ്‌സെടുത്ത് കൈയ്യില്‍ കിട്ടിയ നോട്ടുകള്‍ അഞ്ചു പേര്‍ക്കുമായി നല്‍കി. പിന്നെ അവര്‍ അനുഗ്രഹം ചൊരിയുന്നു. ഹിന്ദിയില്‍ ഒരുത്തി പറഞ്ഞത്, എനിക്ക് ആരോഗ്യമുള്ള ആണ്‍കുട്ടിയുണ്ടാവുമെന്നാണെന്ന് മനസ്സിലായി. ഉറക്കെ ചിരിച്ചു കൊണ്ട് അവര്‍ നടന്നുപോയി.
അടുത്ത ദിവസം രാവിലെ കൊല്‍ക്കത്തയിലെ സുഹൃത്ത് നിര്‍മലിനോട് ഞാനാ കഥ പറഞ്ഞു. നിര്‍മല്‍ ചിരിച്ചു കൊണ്ടു പറഞ്ഞു, 'മണ്ടാ അവര്‍ ട്രാന്‍സ്‌ജെന്ററുകളാണ്. പാവങ്ങളാണ്. കാശ് കൊടുത്തില്ലെങ്കിലും ഒന്നും ചെയ്യില്ല.' ഗുവാഹട്ടിയിലെ കമോഖ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌ജെന്ററുകളുടെ ഒരു ഗ്രൂപ്പ് തന്നെയുണ്ട്. അവരില്‍ ചിലര്‍ ഉപജീവനത്തിനായി കൊല്‍ക്കത്തയില്‍ വന്ന് താമസിക്കുകയാണ്. അന്നതെനിക്ക് ഒരു പുതിയ അറിവായിരുന്നു. കൊല്‍ക്കത്തയില്‍ പീന്നീട് പോയപ്പോഴെല്ലാം ഇത്തരം ഗ്രൂപ്പുകളെ ഞാന്‍ കണ്ടിരുന്നു. രാജ്യത്തെ മറ്റുനഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ട്രാന്‍സ്‌ജെന്ററുകളോട് മെച്ചപ്പെട്ട സമീപനം പുലര്‍ത്തുന്നവരാണ് കൊല്‍ക്കത്തക്കാര്‍ എന്നു തോന്നിയിട്ടുണ്ട്.

കൊല്‍ക്കത്തയേക്കാള്‍ ലൈംഗികതയോട് തുറന്ന സമീപനമുള്ള നഗരമാണ് മുംബൈ. ഓരോ മുംബൈ യാത്രയും ഇത്തരുണത്തില്‍ എനിക്കോരോ പാഠമായിരുന്നു. ഏറ്റവും കൂടുതല്‍ ലൈംഗിക തൊഴിലാളികളുള്ളതും സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായിരുന്നതുമായ നഗരം മുംബൈയാണ്. മഹാനഗരത്തിലെ വഴിയോരങ്ങളിലൂടെ ഏത് അര്‍ദ്ധരാത്രിയിലും സ്ത്രീകള്‍ക്ക് ഇറങ്ങി നടക്കാന്‍ കഴിയുന്നു എന്നതു തന്നെ വലിയ കാര്യമല്ലേ? മാത്രമല്ല തെരുവിലെ പാതയോരങ്ങളില്‍ വിരി വിരിച്ച് സ്വസ്ഥമായി കിടന്നുറങ്ങുന്നവരില്‍ ഏറെ സ്ത്രീകളെ കാണാം. ഇങ്ങനെ സ്ത്രീകള്‍ സുരക്ഷിതരാവുന്ന അവസ്ഥ നഗരത്തിലുണ്ടായതിന് കാരണം എന്താവും?
അക്കാര്യത്തില്‍ മുംബൈ അവിടുത്തെ ലൈംഗിക തൊഴിലാളികളോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന മലായാളിയായ അലക്‌സ് അച്ചായന്‍ പറഞ്ഞത്. പുരുഷന്‍മാരുടെ ലൈംഗികദാഹം തീര്‍ക്കാന്‍ ലൈംഗിക തൊഴിലാളികള്‍ ഉള്ളതു കൊണ്ടു മറ്റു സ്ത്രീകള്‍ സുരക്ഷിതരാണെന്ന വാദം ഉയത്തിയ അച്ചായനോട് കുറേ തര്‍ക്കിച്ചു. ഒടുവില്‍ അച്ചായന്‍ പറഞ്ഞു, ' നിങ്ങള്‍ എനിക്കൊപ്പം വന്നോളൂ. നഗരത്തിലെ ചുവന്ന തെരുവ് നിങ്ങള്‍ക്ക് കാണിച്ചു തരാം.'
സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ച ദിവസം രാത്രിയായിരുന്നു ഞങ്ങള്‍ ചുവന്ന തെരുവ് കാണാന്‍ പുറപ്പെട്ടത്. അച്ചായന്‍ ഒരു ഓമ്‌നി വാനുമായി വന്നു. സച്ചിന്റെ അവസാന ടെസ്റ്റ് മല്‍സരം കവര്‍ ചെയ്യുന്നതിനു വേണ്ടി വന്നിരുന്ന പത്രപ്രവര്‍ത്തക സംഘമായിരുന്നു ഒപ്പമുണ്ടായിരുന്നത്. എനിക്കു പുറമെ മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ ബി. മുരളീകൃഷ്ണന്‍, മാതൃഭൂമി ന്യൂസ് ചാനലിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ എബി ടി. എബ്രഹാം, അന്ന് മാതൃഭൂമി ചാനലിന്റെ ക്യാമറാമാനായിരുന്ന സിനു (ജിബൂട്ടി എന്ന മലയാള സിനിമയുടെ സംവിധായകന്‍), മനോരമ ന്യൂസ് ചാനലിന്റെ ക്യാമറാമാന്‍ ഋതികേശ് എന്നിവരായിരുന്നു ഞങ്ങള്‍.
അച്ചായന്‍ ഞങ്ങളെ കാമാത്തിപുരയിലേക്ക് കൊണ്ടുപോയി. പോകുംവഴി ഞങ്ങള്‍ക്ക് ചില നിര്‍ദേശങ്ങളും നല്‍കി. കാമാത്തിപുരയില്‍ പണക്കാര്‍ സുഖം തേടിയെത്തുന്ന വലിയ ചില കേന്ദ്രങ്ങളിലേക്കാണ് പോവുന്നത്. നിങ്ങള്‍ പത്രപ്രവര്‍ത്തകരാണെന്ന ഒരു സൂചനയും നല്‍കരുത്. ക്യാമറയോ റെക്കോഡറോ ഒന്നും കൈയ്യിലെടുക്കരുത്. സെക്‌സ് ചെയ്യുക എന്ന ഒറ്റ ഉദ്യേശത്തോടെ വന്നവരാണെന്ന് അവര്‍ക്ക് തോന്നണം. ആദ്യം പോയത് ഒരു പഴയ രണ്ടു നില കെട്ടിടത്തിലേക്കാണ്. കോണിപ്പടവുകള്‍ കയറി ഞങ്ങള്‍ ഒന്നാം നിലയിലെത്തി. പടവുകള്‍ക്ക് മുകളില്‍ ഇരുപത് വയസ്സ് തോന്നിക്കുന്ന, ജീന്‍സും ടീഷര്‍ട്ടും ധരിച്ച ഒരു യുവാവിരിക്കുന്നു. സണ്ണി ഡിയോളിന്റെ ചെറുപ്പകാലത്തെ ഛായ അനുസ്മരിപ്പിക്കുന്ന അവന്റെ ജീന്‍സിനു പിറകില്‍ തിരുകിവെച്ചൊരു റിവോള്‍വര്‍ എന്റെ കണ്ണില്‍ പെട്ടു. അതിലേക്കാണ് എന്റെ നോട്ടമെന്ന് മനസ്സിലാക്കിയപ്പോള്‍ അവന്‍ ചുണ്ടുകോട്ടിയൊന്ന് ചിരിച്ചു.
മറ്റൊരു പയ്യന്‍ വന്ന് ഞങ്ങളെ എയകണ്ടീഷന്‍ഡ് ആയ ഒരു മുറിയിലേക്ക് ആനയിച്ചു. അവിടുത്തെ സോഫയില്‍ ഇരുത്തി. അയാള്‍ അകത്തേക്ക് എന്തോ വിളിച്ചു പറഞ്ഞു. അല്‍പം കഴിഞ്ഞ് ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന ചുവപ്പു നിറമുള്ള കര്‍ട്ടന്‍ നീങ്ങി. എട്ടു യുവതികള്‍ മുന്നില്‍ നില്‍ക്കുന്നു. പതിനാറോ പതിനേഴോ വയസ്സുള്ളവര്‍ തൊട്ട് നാല്‍പ്പതിനടുത്ത് പ്രായമുള്ളവര്‍ വരെ കാണും. രണ്ടോ മൂന്നോ പേര്‍ ജീന്‍സും ടീഷര്‍ട്ടും ഇട്ടിരിക്കുന്നു. ചിലര്‍ പാവാട. ഒരു പെണ്‍കുട്ടി ഹിന്ദി സിനിമയിലെ ഐറ്റം ഡാന്‍സറെ പോലെ വസ്ത്രം ധരിച്ചിരിക്കുന്നു. എല്ലാവരും സുന്ദരികള്‍ തന്നെ. ചിരിക്കുകയാണെന്ന ഭാവത്തില്‍ നില്‍ക്കുന്ന അവരുടെ മുഖത്തേക്ക് നോക്കുമ്പോള്‍ മനസ്സാക്ഷിയുള്ള ആര്‍ക്കും വേദന തോന്നും. മറിച്ചൊരു വികാരം ആര്‍ക്കെങ്കിലും ഉണ്ടാവുമോ ആവോ ? ഇത്തരത്തിലുള്ള ഒരു കേന്ദ്രത്തിലേക്ക് കൂടി അച്ചായന്‍ ഞങ്ങളെ കൊണ്ടു പോയി. അവിടെനിന്നു തിരിച്ചിറങ്ങുമ്പോള്‍ എബി അടക്കം പറഞ്ഞു, ' വിശ്വാ, നമ്മള്‍ വരേണ്ടായിരുന്നു. ശരിക്കും സങ്കടം തോന്നുന്നു.' മറ്റുള്ളവരുടെ അവസ്ഥയും അതു തന്നെയായിരുന്നു.
.jpg?$p=f589e3a&&q=0.8)
ഞങ്ങളുടെ ദുഃഖത്തിന് ആക്കം കൂട്ടുന്ന ചില കാര്യങ്ങള്‍ കൂടി അച്ചായന്‍ പറഞ്ഞു. ' പലരും കാമുകന്മാരാല്‍ ചതിക്കപ്പെട്ട് ഇവിടെയെത്തിപ്പെട്ടവരാണ്. വേറെ ഒരു വഴിയുമില്ലാത്തതിനാല്‍ ദുരിതജീവിതം നയിക്കുന്നവര്‍. അവരെ പ്രാപിക്കാന്‍ എത്തുന്നവര്‍ നല്‍കുന്ന കാശിന്റെ ചെറിയൊരു ഭാഗമേ അവര്‍ക്ക് കിട്ടുള്ളൂ. നല്ലൊരു തുക നടത്തിപ്പുകാരും ഏജന്റുമാരും തട്ടിയെടുക്കും.' കേരളത്തില്‍നിന്ന് ഗുജറാത്തില്‍ പോയി താമസിച്ചിരുന്ന ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെ കാമുകന്‍ ചതിച്ച് ഇവിടെയെത്തിക്കുകയും ആരെല്ലാമോ ചേര്‍ന്ന് രക്ഷിച്ച് അവളെ മാതാപിതാക്കള്‍ക്ക് അടുത്തെത്തിച്ചെങ്കിലും അവര്‍ അവളെ സ്വീകരിക്കാതിരിക്കുകയും ചെയ്ത ഒരു കദനകഥ കൂടി അലകസ് അച്ചായന്‍ പറഞ്ഞു. അവളെ പിന്നീട് കാമാത്തിപുരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നത്രെ.
പോരുന്ന വഴിക്ക് റോഡരികില്‍ ഇരുന്ന് ശരീരം പ്രദര്‍ശിപ്പിച്ച് യാചന പോലെ കക്ഷികളെ ക്ഷണിക്കുന്ന പ്രായം കൂടിയ സ്ത്രീകളെ കൂടി അച്ചായന്‍ കാണിച്ചു തന്നു. അത്തരം കാഴ്ച്ചകളും അച്ചായന്റെ വാക്കുകളും സത്യത്തില്‍ ഞങ്ങളെയാകെ തളര്‍ത്തി കളഞ്ഞു. ലൈംഗിക വേഴ്ച്ചകള്‍ എത്രത്തോളം ആനന്ദകരമാണോ അത്രത്തോളം ദുഃഖകരമാണെന്ന തിരിച്ചറിവുമായാണ് അവിടെനിന്ന് മടങ്ങിയത്. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് കയറുമ്പോള്‍ റിസപ്ഷനിസ്റ്റിന്റെ മുന്നിലുണ്ടായിരുന്ന ബുദ്ധപ്രതിമയുടെ പതിവിലേറെ ശാന്തമെന്ന് തോന്നിക്കുന്ന മുഖത്തേക്ക് ഞാനൊന്നു നോക്കി. കുമാരനാശാന്റെ കരുണയെന്ന കാവ്യത്തിലെ ഉപഗുപ്തനാണ് ബുദ്ധനെന്ന് എനിക്കപ്പോള്‍ തോന്നി.
Content Highlights: k viswanath column part three sex tourism brazil sri lanka


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..