അമറുള (Amarula)
രണ്ട് പതിറ്റാണ്ട് മുമ്പ് നവംബര്‍ മാസത്തെ ഒരു സന്ധ്യയായിരുന്നു അത്. പഞ്ചാബിലെ ജലന്ദറില്‍ ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നു. മുബൈയിലെ ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തിരുന്ന പാലക്കാടുകാരനായ സുഹൃത്ത് എന്നെ തേടിയെത്തി. കുശലാന്വേഷണത്തിനിടെ അവന്‍ ചോദിച്ചു. -' വിശ്വന്‍ ബാംഗ് കഴിച്ചിട്ടുണ്ടോ?' ഞാന്‍ സത്യം പറഞ്ഞു, 'നാട്ടിലെ പട്ടാളക്കാരായ സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ കഴിച്ചിട്ടോ കണ്ടിട്ടോയില്ല.'
എന്നാല്‍ വാ. ഇവിടെയടുത്ത് ബാംഗിന്റെ പാല്‍ കിട്ടുന്ന ഒരിടമുണ്ട്. നല്ലതാണെന്ന് കേള്‍ക്കുന്നു. പോയി നോക്കാം.'- അവന്‍ പറഞ്ഞു. സംഗതി നിയമവിരുദ്ധമല്ലേയെന്ന് എനിക്കൊരു സംശയം. അതിനും അവന് മറുപടിയുണ്ടായിരുന്നു. ' അതൊക്കെയങ്ങ് നാട്ടില്‍. ഇവിടെയത് വിശിഷ്ടമായ പാനീയമാണ്.'
അവന്‍ തന്ന ഉറപ്പില്‍ ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടു. ഹോട്ടലില്‍ നിന്ന് താഴെയിറങ്ങി പുറത്തു നില്‍ക്കുന്നുണ്ടായിരുന്ന സൈക്കിള്‍ റിക്ഷയില്‍ കയറി. റിക്ഷ ചവിട്ടുന്ന ബീഹാറി യുവാവ് സീറ്റിലിരുന്നും നിന്നും ആഞ്ഞുചവിട്ടി ഞങ്ങളെ മുന്നോട്ടു നയിച്ചു. കുറേ പോയപ്പോള്‍ മനസ്സിലായി അടുത്തൊന്നുമല്ല ആ സ്ഥലം. സമയം സന്ധ്യയാവുന്നു. നവംബറിലെ തണുപ്പാണ് എന്റെ താടിയെല്ലുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി. തിരക്കിട്ട് ഹോട്ടലില്‍ നിന്നിറങ്ങുമ്പോള്‍ രോമക്കുപ്പായമെടുക്കാന്‍ മറന്നിരുന്നു. തണുപ്പിന്റെ പീഢ പുറത്തുകാണിക്കാതെ ഞാനിരുന്നു. നഗാരാതിര്‍ത്തി പിന്നിട്ട് കൊയ്ത്തുകഴിഞ്ഞ ഗോതമ്പ് പാടങ്ങള്‍ പരന്നു കിടക്കുന്ന പ്രദേശത്തേക്ക് റിക്ഷ ഞെരങ്ങി നീങ്ങുന്നു. പാടങ്ങള്‍ക്ക് നടുവിലൂടെ പോവുന്ന അത്ര തിരക്കില്ലാത്ത റോഡിലൂടെയാണ് യാത്ര. തണുപ്പിപ്പോള്‍ താങ്ങാനാവുന്നില്ല. റിക്ഷാക്കാരന്‍ ദയ തോന്നി കീറിപ്പറിഞ്ഞ ഒരു കരിമ്പടമെടുത്തു എനിക്കു തന്നു. വിയര്‍പ്പും എണ്ണയും ചേര്‍ന്ന മനംമടുപ്പിക്കുന്ന മണം കൂസാതെ ഞാനതെടുത്തു പുതച്ചു. തുളച്ചു കയറുന്ന തണുപ്പില്‍ നിന്ന നേരിയ തോതില്‍ മോചനമായി.
റോഡില്‍ നിന്ന് അല്‍പം മാറി വിശാലമായ വയലിന് നടുക്ക് വലിയൊരു ഷെഡ്. അതിനുള്ളില്‍ ചെറിയൊരു ഹോട്ടല്‍ പോലുള്ള സംവിധാനം. ധാബയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പഞ്ചാബി ഭക്ഷണശാലയാണ്. ഷെഡിന് വെളിയില്‍ മുന്നിലായി കുറേ ചൂടി വരിഞ്ഞ കട്ടിലുകള്‍ ഇട്ടിരിക്കുന്നു. അതിലിരുന്ന് കുറേ പേര്‍ ഭക്ഷണം കഴിക്കുന്നുണ്ട്. ചാര്‍പായ എന്നു വിളിക്കുന്ന ഈ ചൂടിക്കട്ടിലുകളാണ് ധാബയിലെ ഡൈനിങ് ടേബിള്‍ കം കസേര. ഷെഡില്‍ നിന്ന് വലിച്ചു കെട്ടിയ ഇലക്ട്രിക് വയറുകളുടെ അറ്റത്തായി കുറച്ചു ബള്‍ബുകള്‍ പ്രകാശിക്കുന്നു.
ഒരു ചാര്‍പായക്കു മുകളില്‍ ഞങ്ങള്‍ രണ്ടു പേരും ചെന്നിരുന്നു. അരികില്‍ നിലത്തായി വിനയത്തോടെ ഞങ്ങളുടെ ഡ്രൈവറും. തലയില്‍ കിളിക്കൂടു പോലെ മുടി കെട്ടിവെച്ച സര്‍ദാര്‍ജി പയ്യന്‍ വന്നു, കഴിക്കാന്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചു. റോട്ടിയും ദാലും ഒപ്പം ഓരോ ഗ്ലാസ് പാലും ഓഡര്‍ ചെയ്തു. റോട്ടിക്ക് നല്ല രുചിയായിരുന്നു. പരിപ്പ് കറിക്കൊപ്പം കക്കിരിയും ഉള്ളിയും മുള്ളങ്കിയും അരിഞ്ഞിട്ട സാലഡും കൊണ്ടു വന്നു. കഴിച്ചു തുടങ്ങിയപ്പോഴാണ് പാല്‍ കൊണ്ടു വന്നത്. പാലിനൊപ്പം ബാംഗ് ഇല അരച്ചുണ്ടാക്കിയ ഓരോ പച്ച ഉരുളകളും. പാലില്‍ അതെടുത്ത് സര്‍ദാര്‍ജി പയ്യന്‍ കലക്കി തന്നു. മധുരമിട്ട പാലില്‍ ബദാം അരച്ചു ചേര്‍ത്തിട്ടുണ്ട്. റോട്ടി കഴിക്കുകയായിരുന്ന റിക്ഷാ ഡ്രൈവര്‍ പാലിന്റെ ഗ്ലാസിലേക്ക് നോക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്കും ഒരു ഗ്ലാസ് കൊടുക്കാന്‍ പറഞ്ഞു. നല്ല രുചി തോന്നി. പിന്നെയും ഓഡര്‍ ചെയ്തു. ചെറുചിരിയോടെ വെയിറ്റര്‍ കൊണ്ടു വന്നു തന്നു. ഞങ്ങള്‍ രണ്ടു പേരും മൂന്നു ഗ്ലാസ് വീതം കുടിച്ചു കാണും. ഇപ്പോള്‍ ഞാന്‍ കമ്പിളി പുതച്ചിട്ടില്ല. പക്ഷെ തണുപ്പ് തോന്നുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഭക്ഷണത്തിന്റെ വില പഞ്ചാബി ദിന പത്രത്തില്‍ നിന്ന് കീറിയെടുത്ത കടലാസിന്റെ അരികില്‍ എഴുതി കൊണ്ടുവന്ന് തന്നു. ആ തുകയും ഒപ്പം തരക്കേടില്ലാത്ത ടിപ്പും കൊടുത്തപ്പോള്‍ വെയിറ്റര്‍ പയ്യന്‍ ഹാപ്പിയായി. പിന്നെയും ഞങ്ങള്‍ സംസാരിച്ചു കൊണ്ട് ചാര്‍പായയില്‍ തന്നെയിരുന്നു. നല്ല രസം. ഭുമി ശരിക്കും കറങ്ങുന്നുണ്ടെന്ന് മനസ്സിലായി തുടങ്ങി. ഉറക്കവും വരുന്നുണ്ട്. കട്ടിലിലേക്ക് ചായ്ഞ്ഞത് എപ്പോഴാണെന്ന് ഓര്‍മയില്ല. ഗാഢമായ ഉറക്കമായിരുന്നു അത്. മുഖത്ത് നല്ല വെയിലടിച്ചപ്പോഴാണ് ഉണര്‍ന്നത്. ഉണരുമ്പോള്‍ ചാര്‍പായയില്‍ ഞാനും എന്റെ സുഹൃത്തും കെട്ടിപിടിച്ച് കിടക്കുകയാണ്. അവനേയും വിളിച്ചുണര്‍ത്തി. സമയം രാവിലെ പത്തര മണിയായി കാണും. അടുത്ത ചാര്‍പായയില്‍ ഇരിക്കുന്ന വലിയ ടര്‍ബനുള്ള സര്‍ദാര്‍ജി ഉറക്കെ തമാശ പറഞ്ഞു ചിരിക്കുന്നു. രാവിലെ ലോറി നിര്‍ത്തി ധാബയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വന്നതാണ്. ചമ്മലോടെ ഞങ്ങള്‍ എഴുന്നേറ്റു. കട്ടിലിനരകില്‍ തലേദിവസത്തെ പോലെ തന്നെ കുന്തിച്ചിരിക്കുന്നുണ്ട് നമ്മുടെ റിക്ഷാക്കാരന്‍. ഞങ്ങളെ കണ്ടപ്പോള്‍ ചാടിയെഴുന്നേറ്റ് പോവാമെന്ന് ചോദിച്ചു. അയാളോട് ശരിക്കും ബഹുമാനം തോന്നി. വേണമെങ്കില്‍ രാത്രി ഞങ്ങളഉടെ കീശയില്‍ നിന്ന് കാശുമെടുത്ത് അയാള്‍ക്ക് സ്ഥലം വിടാമായിരുന്നു. ഞങ്ങളെ തിരിച്ചെത്തിക്കണമെന്ന ഉത്തരവാദിത്വ ബോധത്തോടെ അയാള്‍ ആ പാടത്ത് തന്നെ കിടന്നുറങ്ങിക്കാണണം.
റിക്ഷയില്‍ തന്നെ ഹോട്ടലിലേക്ക് തിരിച്ചു പോവുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ഇത്രയ്ക്ക് കിക്കുള്ള സാധനമാണോ ബാംഗ് എന്നതായിരുന്നു. അപ്പോഴാണ് സുഹൃത്തിന്റെ വായില്‍ നിന്ന് ആ സത്യം ഞാനറിഞ്ഞത്. 'ബാംഗ് എന്നു പറയുന്നത് നമ്മുടെ കഞ്ചാവ് തന്നെയാണ്. അതിന്റെ ഇലയാണ് പാലില്‍ അരച്ചു കലക്കി നമ്മള്‍ കുടിച്ചത്. 'അവന്റെ ചിരിക്കുന്ന മുഖത്തേക്ക് ചെറിയ പരിഭവത്തോടെ നോക്കി ഞാന്‍ കാഞ്ഞിലശ്ശേരി തേവരെ (നാട്ടിലെ അമ്പലത്തിലെ ശിവന്‍) വിളിച്ച് മാപ്പപേക്ഷിച്ചു. യാത്രകള്‍ ഒരു ലഹരിയാണ്. പക്ഷെ പല യാത്രകളിലും മനസ്സിനെ മയക്കുന്ന ഇത്തരം ലഹരികള്‍ എന്നെ തേടിയെത്താറുണ്ട്. അതിനെ കുറിച്ച് ഇനിയും ചില കഥകള്‍ പറയാനുണ്ട്.
മദ്യപിക്കേണ്ടത് എങ്ങിനെയാണെന്നതിന്റെ പ്രാഥമിക പാഠം പറഞ്ഞു തന്ന സ്‌കോട്ട്‌ലന്‍ഡുകാരനായ ഗുരുവിനെയാണ് ആദ്യം സ്മരിക്കേണ്ടത്. 2004-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ഒരു ടെസ്റ്റ് മല്‍സരം മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്യുന്നതിനായി മുംബൈയില്‍ പോയിരുന്നു. കൊളാബയിലെ വൈ.ഡബ്ല്യു.സി.എയുടെ ഇന്‍ര്‍നാഷണല്‍ സെന്ററിലാണ് മുറി തരപ്പെട്ടത്. രണ്ടാള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള മുറിയാണ്. മുറി തരുമ്പോഴേ അവര്‍ പറഞ്ഞിരുന്നു. 'ഓരോ മുറിയിലും രണ്ട് കട്ടില്‍ കാണും. ഒന്ന് നിങ്ങള്‍ക്കാണ്. ഇനിയും അതിഥികള്‍ വരുകയാണെങ്കില്‍ അവരുമായി റൂം ഷെയര്‍ ചെയ്യേണ്ടി വരും. ' മിക്കവാറും അങ്ങനെയാരും വരാനിടയില്ല എന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞപ്പോള്‍ ഞാനവിടെ തങ്ങാന്‍ തീരുമാനിച്ചു. രണ്ടു ദിവസം അങ്ങിനെ കടന്നു പോയി. മൂന്നാമത്തെ ദിവസം രാത്രി വാതിലില്‍ മുട്ടു കേട്ടു. വാതില്‍ തുറന്നപ്പോള്‍ ഒരു സായിപ്പ്. മുറി ഷെയര്‍ ചെയ്യാന്‍ വന്നതാണ്. എനിക്ക് നീരസം തോന്നിയെങ്കിലും അത് പുറത്തു കാണിക്കാതെ ഞാനയാളെ സ്വാഗതം ചെയ്തു. രാത്രി ശല്യപ്പെടുത്തിയതിന് ക്ഷമ ചോദിച്ച് അയാള്‍ അകത്തു കയറി പാര്‍പ്പ് തുടങ്ങി. ഞങ്ങള്‍ പരിചയപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് വന്ന ആര്‍കിടെകറ്റാണ്. പേര് ഡാം. ഓസ്ലോയില്‍ താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ആവശ്യാര്‍ഥം മുംബൈയില്‍ വന്നതാണ്. ഉറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ ഡാം എന്നോട് ചോദിച്ചു, 'മേ ഐ ഓഫര്‍ യു എ ഡ്രിങ്ക്? ' താങ്കള്‍ക്ക് ഞാനൊരു ഡ്രിങ്ക് തരട്ടേയെന്ന്. ചോദിക്കുന്നത് സ്‌കോട്ടുലന്‍ഡുകാരനാണ്. അവിടെ നിന്ന് കൊണ്ടു വന്ന നല്ല സ്‌കോച്ച് വിസ്‌കി കാണും. ഞാന്‍ സന്തോഷത്തോടെ ചോദിച്ചു 'വൈ നോട്ട്?' ഡാം ചിരിച്ചു കൊണ്ട് ബാഗില്‍ നിന്ന് തടിയന്‍ കുപ്പി പുറത്തെടുത്തു. ഓള്‍ഡ് മങ്ക് റം. 'മുംബൈയില്‍ എപ്പോള്‍ വന്നാലും ഞാനിത് വാങ്ങും. എനിക്കിത് വളരെ ഇഷ്ടമാണ്.'
റമ്മെങ്കില്‍ റം എന്നായി ഞാന്‍. ഡാം മുറിയിലുണ്ടായിരുന്ന രണ്ട് ഗ്ലാസുകളില്‍ മദ്യം പകര്‍ന്നു. ഒന്ന് എനിക്ക് നേരെ നീട്ടി, ചിയേഴ്‌സ് പറഞ്ഞു. ഞാന്‍ അയാളുടെ മുഖത്തേക്ക് സംശയ ഭാവത്തില്‍ നോക്കി. ഡാമിന് ഒരു ഭാവഭേദവുമില്ല.
ഞാന്‍ ചോദിച്ചു 'വെള്ളം വേണ്ടേ?'
ഡാമിന്റെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. 'റമ്മില്‍ ആരെങ്കിലും വെള്ളം ചേര്‍ക്കുമോ? ' സിനിമയില്‍ ഇന്നസെന്റ് അഭിനയിക്കുന്നതു പോലത്തെ കാട്ടാസ് കുടിയനാണല്ലേ? എന്നായി എന്റെ സംശയം. ഡാം പക്ഷെ വിശദീകരിച്ചു തന്നു. ഓരോ മദ്യവും കഴിക്കേണ്ട ഓരോ രീതിയുണ്ട്. റം വെള്ളം ചേര്‍ക്കാതെ ചുണ്ടോടപ്പിച്ച് അല്‍പാല്‍പ്പമായി ചുണ്ടില്‍ പടരാനനുവദിച്ച് നാവു കൊണ്ട് നുണഞ്ഞെടുക്കണം. എന്നിട്ട് എനിക്കിത് കാണിച്ചു തന്നു. അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാനും വെള്ളം ചേര്‍ക്കാതെ വെള്ളമടിച്ചു. ഒരു കാര്യം മനസ്സിലായി അങ്ങനെ കഴിക്കുമ്പോള്‍ റമ്മിന് വീര്യമേറും. ഒരോ ലാര്‍ജും സ്‌മോളും കൊണ്ട് ഞാന്‍ ഫിറ്റായി. ഉറങ്ങും മുമ്പ് ഡാം പറഞ്ഞു, ' നിങ്ങള്‍ ഇന്ത്യക്കാര്‍ ഏത് മദ്യവും ഒരേപോലെ വെള്ളം ചേര്‍ത്താണ് കഴിക്കുക. ഓരോന്നിനും ഓരോ രീതിയുണ്ട്. വിസ്‌കി ഐസ് മാത്രമിട്ട് ഓണ്‍ ദ റോക്‌സായി കഴിക്കണം. ബ്രാണ്ടിക്ക് അല്‍പം സോഡയാവാം. 'ഓരോന്നും എങ്ങനെ കഴിക്കണമെന്ന് എനിക്ക് എന്റെ അച്ഛന്‍ ചെറുപ്പത്തിലേ പറഞ്ഞു തന്നതാണ്.' ഡാമിന്റെ നല്ലവനായ അച്ഛനെ സ്മരിച്ചു കൊണ്ടാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്.
മധുരമുള്ള കൈപിരിഞ്ഞ
ഓരോ രാജ്യത്തിനും ഓരോ തരം മദ്യങ്ങളുണ്ട്. ബ്രസീലില്‍ വെച്ച് പരിചപ്പെട്ട കൈപിരിഞ്ഞ (caipirinha) എന്ന കോക്ടൈല്‍ ഡ്രിങ്ക്‌സ് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സാവോപോളോയിലെ ഒരു റെസ്‌റ്റോറന്റില്‍ വെച്ചാണ് ഇത് ആദ്യമായി രുചിച്ചത്. നല്ല വിശപ്പോടെ ചെന്നു കയറിയപ്പോള്‍ പുഴുങ്ങി റോസ്റ്റ് ചെയ്ത കോഴിയിറച്ചിക്കും വറുത്ത കപ്പക്കുമൊപ്പം നിറയെ ഐസ് ക്യൂബുകളും ചെറുനാരങ്ങാ കഷണങ്ങളുമുള്ള ഒരു പാനീയം കൊണ്ടു വെച്ചു. വെയറ്ററോട് ചോദിച്ചപ്പോള്‍ പറഞ്ഞു, 'ബ്രസീലിന്റെ സ്വന്തം കോക്ടെയ്‌ലായ കൈപിരിഞ്ഞ ആണെന്ന്. എടുത്തു രുചിച്ചു നോക്കിയപ്പോല്‍ മധുരമുണ്ട്. ചെറുനാരങ്ങുടെ രുചിയുമുണ്ട്. മദ്യം കഴിക്കുന്നതു പോലെയേ തോന്നിയില്ല. വിശപ്പിനൊപ്പം ദാഹവും ശമിക്കണമല്ലോ? രണ്ട് തവണ കൂടി ഓഡര്‍ ചെയ്തു. വിശപ്പും ദാഹവും പമ്പ കടന്നു. ഒപ്പം ഞാന്‍ കിക്കാവുകയും ചെയ്തു.
കഴിച്ചു കഴിഞ്ഞപ്പോള്‍ കൈപിരിഞ്ഞ ഉണ്ടാക്കുന്ന കൗണ്ടറിലേക്ക് ഞാന്‍ ചെന്നു. കുഞ്ഞുങ്ങളെ പോലെ നിഷ്‌ക്കളങ്കമായ മുഖമുള്ള ഒരു മനുഷ്യന്‍ രണ്ട് സ്റ്റീല്‍ ഗ്ലാസുകളുടെ മുഖങ്ങള്‍ പരസ്പരം ചേര്‍ത്തു വെച്ച് കൈകൊണ്ട് താളാത്മകമായി കുലുക്കി കൊണ്ടിരിക്കുന്നു. അതിനു ശേഷം ഗ്ലാസിലെ പാനീയം മറ്റൊരു ചില്ലുഗ്ലാസിലേക്കൊഴിക്കുന്നു. അയാളോട് ചങ്ങാത്തം കൂടിയപ്പോള്‍ അതിന്റെ നിര്‍മാണ രഹസ്യം പറഞ്ഞു തന്നു. തനത് പോര്‍ചുഗീസ് മദ്യമായ കഷാസെ (Cachaça) കൊണ്ടാണ് കൈപിരിഞ്ഞ ഉണ്ടാക്കുന്നത്. മിക്കവാറും വൈറ്റ് റം തന്നെ. കരിമ്പില്‍ നിന്നുണ്ടാക്കുന്ന നിറമില്ലാത്ത മദ്യം. ഒരു ചെറുനാരങ്ങയെടുത്ത് തൊലി ചെത്തികളഞ്ഞ് നാലുകഷണങ്ങളാക്കി സ്റ്റീല്‍ ഗ്ലാസിനകത്തിടുന്നു. പിന്നാലെ സാമാന്യം വലിയൊരു സ്പൂണില്‍ പഞ്ചസാരയും. അതിനു ശേഷം മരത്തിന്റെ ഒരു ദണ്ട് ഗ്ലാസിനകത്തേക്ക് താഴ്ത്തി ചെറുനാരങ്ങാ കഷ്ണങ്ങള്‍ ഉടഞ്ഞുപോവും വിധം ശക്തിയോടെ തിരിച്ച് പഞ്ചസാരയുമായി മിക്‌സ് ചെയ്യുന്നു. അതിലേക്ക് അറുപത് മില്‍ കഷാസെയും ഗ്ലാസ് നിറയുവോളം ഐസ് ക്യൂബുകളും ചേര്‍ക്കുന്നു. പിന്നെ കൂടുതല്‍ വാവട്ടമുള്ള ഒരു സ്റ്റീല്‍ ഗ്ലാസിനകത്തേക്ക് ആദ്യത്തെ ഗ്ലാസിന്റെ മുഖം കടത്തിവെച്ച് ശക്തിയായി നമ്മുടെ കുലുക്കിസര്‍ബത്ത് ഉണ്ടാക്കും പോലെ കുലുക്കിയെടുക്കുന്നു. മദ്യവും ഐസും നാരങ്ങാനീരും പഞ്ചസാരയും നന്നായി മികസ് ആവും വരെ രണ്ട് മിനുറ്റ് ഇങ്ങനെ ചെയ്ത ശേഷം വടിയന്‍ ചില്ലുഗ്ലാസിനകത്തേക്ക് പകരുന്നു.-കൈപിരിഞ്ഞ റെഡി. കൈപ്പരിഞ്ഞ ഉണ്ടാക്കാനുള്ള കഷാസ ബ്രസീലിലെ ഏത് കടകളിലും ന്യായവിലയ്ക്ക് ലഭ്യമാണ്.
ആനയുടെ മദ്യം
.jpg?$p=1e3f417&&q=0.8)
ദക്ഷിണാഫ്രിക്കയുടെ ലഹരി അമറുള്ളയിലാണ്. ജോഹനാനസ്ബര്‍ഗിലെ ഒരു ഡാന്‍സ് ബാറില്‍ വെച്ചാണ് ചോക്ലേറ്റ്ഡ്രിങ്ക് പോലുള്ള ആ പാനീയം കിട്ടുന്നത്. ആല്‍ക്കഹോള്‍ ഡ്രിങ്ക് ആണെന്ന് പറയാതെ പരമ്പരാഗത ആഫ്രിക്കന്‍ പാനീയമെന്ന നിലയിലാണ് അത് എനിക്ക് ഡാന്‍സ്ബാറിലെ പെണ്‍കുട്ടി സെര്‍വ് ചെയ്തത്. കുടിച്ചു നോക്കുമ്പോള്‍ നല്ല രുചി. ഐസ്‌ക്രീം ഷെയ്ക്ക് പോലെ. രണ്ട് ഗ്ലാസുകള്‍ കാലിയാക്കിയപ്പോള്‍ ചെറിയ ലഹരി. അടുത്തിരുന്ന ആഫ്രിക്കന്‍ സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അയാള്‍ വിശദീകരിച്ചു തന്നു. ആഫ്രിക്കന്‍ മെറൂളയെന്ന മരത്തിന്റെ ഫലത്തില്‍ നിന്നാണ് ഉണ്ടാക്കുന്നത്. മധുരം ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്ന മദ്യത്തിന്റെ പേര് അമറുള (Amarula)ന്നാണ്. ഐസ്‌ക്രീം ചേര്‍ത്താണ് അത് സെര്‍വ് ചെയ്യുക. മെറുളയുടെ വിളഞ്ഞുനില്‍ക്കുന്ന പഴം തിന്നാന്‍ ആഫ്രിക്കന്‍ ആനകളെത്തും. അത് കഴിച്ച് കിറുകി നടക്കുന്ന ആനകള്‍ ആഫ്രിക്കന്‍ കാടുകളിലെ കാഴ്ച്ചയാണ്.
.jpg?$p=9c617e3&&q=0.8)
വൈനില്‍ ആണ്ട് ഒരു ദിവസം
You are boozed... അഞ്ചാമത്തെ വൈന്‍ഗ്ലാസ് ചുണ്ടോടടുപ്പിക്കുമ്പോള്‍ അറിയാതെ ഒന്നു തുളുമ്പിപ്പോയപ്പോള്‍ അതുകണ്ട് അരികില്‍നിന്നിരുന്ന വിളമ്പലുകാരനായ പയ്യന്‍ മന്ദഹസിച്ചുകൊണ്ട് പിറുപിറുക്കുന്നു. ഇപ്പോഴേ നിങ്ങള്‍ പൂസാണ്. കൂടുതല്‍ അടിച്ച് കുളമാക്കേണ്ട പഹയാ... എന്നാണ് അപ്പറഞ്ഞതിന്റെ അര്‍ഥം. ദക്ഷിണാഫ്രിക്കയിലെ സ്റ്റെല്ലന്‍ബോഷ് നഗരത്തിലെ ഡെലയര്‍ ഗ്രാഫ് വൈന്‍ എസ്റ്റേറ്റില്‍ വൈന്‍ രുചിക്കാന്‍വേണ്ടിത്തന്നെ വന്നതാണ്. ആറ് വ്യത്യസ്ത രുചിയും സ്വഭാവമുള്ള വൈന്‍ ആണ് രുചിച്ചുനോക്കാന്‍ തന്നത്. സംഗതി കിടിലന്‍. ഈ ഭൂമിയില്‍ ഉത്പാദിപ്പിക്കുന്നതില്‍ ഏറ്റവും മികച്ചതും രുചികരവുമായ വൈനുകളില്‍ ഗ്രാഫിന്റെ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്നു. കേപ്ടൗണില്‍നിന്ന് അമ്പത് കിലോമീറ്റര്‍ കിഴക്കുള്ള പ്രകൃതിരമണീയമായ ഇടമാണ് സ്റ്റെല്ലന്‍ബോഷ്. ഓക്കുമരങ്ങളും മുന്തിരിത്തോട്ടങ്ങളും അതിരിടുന്ന വൃത്തിയും വെടിപ്പുമുള്ള പട്ടണം. കലാനഗരം കൂടിയാണിത്. പെയിന്റിങ്ങുകളും ശില്പങ്ങളും വില്പനയ്ക്ക് വെച്ചിരിക്കുന്ന വലിയ കടകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നഗരത്തിന് പുറത്ത് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയുന്ന ഇടങ്ങളിലാണ് വീഞ്ഞ് ഉത്പാദനകേന്ദ്രങ്ങള്‍. അമ്പതുലക്ഷം ലിറ്ററിലധികം വീഞ്ഞ് പ്രതിവര്‍ഷം ഇവിടെ ഉണ്ടാക്കുന്നുവെന്നാണ് കണക്ക്. സ്റ്റെല്ലന്‍ബോഷിലെ പ്രധാന വൈന്‍ എസ്റ്റേറ്റുകളില്‍ ഒന്നാണ് ഗ്രാഫ്. വിവിധ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റിയയ്ക്കപ്പെടുന്ന വ്യത്യസ്ത ഫ്ളേവറുകളിലുള്ള വീഞ്ഞുകള്‍ ഗ്രാഫിന്റെതായുണ്ട്.
Also Read
ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ ഉടനീളം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഗൈഡ് കം ഡ്രൈവര്‍ ഹാവ്ലിനാണ് വിശിഷ്ടമായ വൈന്‍ ഉത്പാദിപ്പിക്കുന്ന ഡെലയര്‍ ഗ്രാഫ് വൈന്‍ എസ്റ്റേറ്റിലേക്ക് വഴികാട്ടിയത്. നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന മുന്തിരിത്തോട്ടങ്ങള്‍. രാസവളം തീരെ ഉപയോഗിക്കാതെ വളര്‍ത്തിയെടുക്കുന്ന മികച്ചയിനം മുന്തിരിയാണ് ഗ്രാഫിന്റെ വൈന്‍ വിശിഷ്ടമാക്കി തീര്‍ക്കുന്നതെന്ന് ഹാവ്ലിന്‍. മുന്തിരിത്തോട്ടങ്ങളും ഓക്കുമരങ്ങളും നിറഞ്ഞുനില്‍ക്കുന്ന കുന്നിനു മുകളിലാണ് ഗ്രാഫിന്റെ ആസ്ഥാനവും വൈന്‍ ഉത്പാദനകേന്ദ്രവും. മനോഹരമായി അലങ്കരിച്ച ഓഫീസ്. അതിനോട് ചേര്‍ന്നുതന്നെ വൈന്‍ മൂപ്പെത്താന്‍ സംഭരിച്ചുവെച്ചിരിക്കുന്ന വീപ്പകള്‍. ഓക്കുമരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ ധാരാളമായി ഉണ്ടെങ്കിലും യൂറോപ്പില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഓക്ക് ബാരലുകളിലാണ് വൈനായി മാറാന്‍ മുന്തിരിച്ചാറ് സംഭരിച്ചുവെക്കുന്നത്. ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് ഇതിനു കാരണമായി ഹാവ്ലിന്റെ സുഹൃത്തും ഗ്രാഫ് എസ്റ്റേറ്റിലെ എക്സിക്യുട്ടീവുമായ സുന്ദരി മിസ് സ്നൈഡര്‍ പറഞ്ഞത്. വിളഞ്ഞ് പാകമാവുന്ന മുന്തിരി ചതച്ച് പഞ്ചസാരയും അല്പം യീസ്റ്റും ചേര്‍ത്ത് ഓക്ക് ബാരലുകള്‍ക്കകത്ത് അടച്ചുവയ്ക്കുകയാണ് വൈന്‍നിര്‍മാണത്തിന്റെ പ്രാഥമിക രീതി. ഫ്ളേവറും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ചില ചേരുവകള്‍ കൂടിയുണ്ട്. പക്ഷേ, അത് ഓരോ വൈന്‍ നിര്‍മാതാവിനും വ്യത്യസ്തമാവും. അത് രഹസ്യവുമാണ്. അടിസ്ഥാനപരമായി വെളുത്ത വൈനെന്നും ചുവപ്പ് വൈനെന്നുമായി രണ്ടുതരം വൈനുകളാണുള്ളത്. കറുത്തയിനം മുന്തിരിയില്‍നിന്ന് ഉണ്ടാക്കുന്നതാണ് റെഡ് വൈന്‍. ഇളംപച്ചമഞ്ഞ നിറത്തിലുള്ള മുന്തിരിയില്‍നിന്നാണ് വൈറ്റ്വൈന്‍ ഉത്പാദിപ്പിക്കുന്നത്. വൈറ്റ് വൈന്‍ എന്നാണ് പേരെങ്കിലും ഇതിന് നിറമില്ല. മിക്കവാറും പച്ചവെള്ളംപോലെ തോന്നിക്കും. ഓക്ക് ബാരലുകള്‍ക്കകത്ത് മൂന്നുവര്‍ഷംവരെ സൂക്ഷിച്ചശേഷമാണ് മിക്കവാറും വൈന്‍ ബോട്ടിലുകളിലാക്കുന്നത്.
ഇതിനു പുറമേ റോസ്, സ്പാര്‍ക്കിലിങ്, ഡെസര്‍ട്ട്, ഫോര്‍ട്ടിഫൈഡ് എന്നീ ഇനങ്ങളിലും വൈന്‍ നിര്‍മിക്കുന്നുണ്ട്. റോസ് വൈന്‍ നിര്‍മിക്കുന്നത് കറുത്ത മുന്തിരിയില്‍നിന്നുതന്നെയാണ്. പക്ഷേ, മുന്തിരി ചതച്ചശേഷം അവയുടെ തൊലി നീക്കംചെയ്യുന്നതുകൊണ്ടാണ് നിറംമങ്ങി റോസാവുന്നത്. ഏതുതരം മുന്തിരിയില്‍നിന്നും സ്പാര്‍ക്കിലിങ് വൈന്‍ ഉണ്ടാക്കാം. കാര്‍ബണ്‍ ഡയോക്സൈഡ് കുമിളകള്‍ കൂടുതലായി വൈന്‍ ബാരലില്‍ ചേരുന്നതുകൊണ്ടാണ് ഈ നിറമാറ്റം. മുന്തിരിച്ചാര്‍ വൈന്‍ ആയി മാറുമ്പോള്‍ തന്നെ കാര്‍ബണ്‍ ഡയോക്സൈഡ് ഉണ്ടാവും അതിനു പുറമേ കൂടുതല്‍ കുമിളകള്‍ ഉണ്ടാക്കാനുള്ള മാര്‍ഗം ഓരോ വൈന്‍നിര്‍മാതാവിനും ഉണ്ട്. കൂടുതല്‍ മധുരമുള്ളതാണ് ഡെസേര്‍ട്ട് വൈന്‍. ഇതിന് പല മാര്‍ഗങ്ങളുണ്ട്. വളരെ വൈകി വിളവെടുക്കുന്ന മുന്തിരിയില്‍ മധുരത്തിന്റെ അംശം കൂടുതലായിരിക്കും. വൈന്‍ ആയി മാറുന്ന സമയത്ത് ബ്രാന്‍ഡിയോ മറ്റു മദ്യമോ ചേര്‍ത്താണ് ഫോര്‍ട്ടിഫൈഡ് വൈന്‍ ഉണ്ടാക്കുന്നത്. കൂടുതല്‍ കാലം സൂക്ഷിച്ചുവയ്ക്കാവുന്നതാണ് ഫോര്‍ട്ടിഫൈഡ് വൈന്‍.
ഓരോ വൈനിന്റെയും നിര്‍മാണരീതിയും ഗുണമേന്മയും വിവരിച്ചുതന്നശേഷം മിസ് സ്നെഡര്‍ ഞങ്ങളെ മുന്തിരിത്തോട്ടങ്ങള്‍ കാണിക്കുന്നതിനായി ഷാര്‍ലെ എന്നുപേരുള്ള യുവാവിനെ ഏര്‍പ്പാടക്കി. ഗോള്‍ഫ് കോഴ്സുകളില്‍ ഉപയോഗിക്കുന്നതരം ഇലക്ട്രിക് ബഗ്ഗിയില്‍ ഇരുത്തി അയാള്‍ മുന്തിരിവിളയുന്ന പാടങ്ങളിലേക്ക് കൊണ്ടുപോയി. അറ്റ്ലാന്റിക് സമുദ്രത്തില്‍നിന്നുള്ള കാറ്റും നല്ല സൂര്യപ്രകാശവുമേറ്റ് വിളയുന്ന മികച്ച ഇനം മുന്തിരികളാണിതെന്ന് അഭിമാനത്തോടെ ഷാര്‍ലെ പറഞ്ഞു. അതെന്തായാലും ഈ മുന്തിരിപ്പാടങ്ങള്‍ സന്ദര്‍ശകര്‍ക്ക് മനോഹരമായ കാഴ്ച സമ്മാനിക്കുന്നു.
തിരിച്ചെത്തിയശേഷം കരുതലോടെ ക്രമീകരിച്ച വിശാലമായ റെസ്റ്റോറന്റിലേക്ക് ഹാവ്ലിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ആനയിക്കപ്പെട്ടു. അതിനുശേഷം ഓരോ ഇനങ്ങളുടെയും ഗുണഗണങ്ങളും വിവരിച്ചുതന്നശേഷം വൈന്‍ഗ്ലാസുകള്‍ നിറച്ചു. വ്യത്യസ്ത രുചിയുള്ള പല അനുഭവങ്ങള്‍ സമ്മാനിക്കുന്ന ആറിനം വൈനുകളാണ് ഞങ്ങള്‍ രുചിച്ചുനോക്കിയത്. ഒന്നിന് വെറും ചവര്‍പ്പ്, മറ്റൊന്നിന് മധുരംകലര്‍ന്ന ചവര്‍പ്പ്, അല്‍പം പുളിയുള്ളതുമുണ്ട്. ഒന്ന് അനുഭവപ്പെടുന്നത് നാവിലാണെങ്കില്‍ മറ്റൊന്ന് തൊണ്ടയില്‍ തീഷ്ണത സമ്മാനിക്കുന്നു. ആള്‍ക്കഹോളിന്റെ അംശം വൈനില്‍ തീരെ കുറവാണ്. പക്ഷേ, വിവിധയിനം വൈനുകള്‍ രുചിച്ചു കഴിയുമ്പോള്‍ ചെറിയൊരു ലഹരിയും കടുത്ത വിശപ്പും അനുഭവപ്പെട്ടു.
ടെക്കീലയെന്ന മെക്‌സിക്കന്‍ ലഹരി
ആഫ്രിക്കക്കാരുടെ അമറുള പോലെ ഒരു സസ്യത്തില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്നതാണ് മെക്‌സിക്കന്‍ മദ്യമായ ടെക്കീലയും. ബ്രസീലിലെ റിയോ ഡി ജനിറോയില്‍ വെച്ചാണ് ഒറിജിനല്‍ ടെക്കീലയെ പരിചയപ്പെടുന്നത്. ഒരു നൈറ്റ്ക്ലബ്ബില്‍ വെച്ചായിരുന്നു അത്. തിരക്കും ബഹളവുമുള്ള നൈറ്റ്ക്ലബ്ബില്‍ അപരിചിതരായ കുറേ പേര്‍ക്കൊപ്പമിരുന്ന് ടെക്കീലയെ അനുഭവിച്ചതിന്റെ ഓര്‍മ തന്നെ രസകരമാണ. നിറമില്ലാത്ത ഈ മദ്യം ഐസ് ക്യൂബുകളും ചെറുനാരാങ്ങാ നീരും പൈനാപ്പിള്‍ ജ്യൂസും കലര്‍ത്തി കോക്‌ടെയിലായി തന്നെയാണ് സെര്‍വ് ചെയ്്തത്. നാടന്‍ പട്ടചാരായത്തിന്റെ കുത്തല്‍ പൈനാപ്പിളും ചെറുനാരാങ്ങാ നീരും ചേര്‍ന്ന് മറികടന്നു. ഞാനിരിക്കുന്നതിന് തൊട്ടടുത്തുള്ള ടേബിളില്‍ ഇരുന്ന് ആറു പേര്‍ മല്‍സരിച്ച് കഴിക്കുന്നതും ഒരാള്‍ കിറുങ്ങി വീഴുന്നതും കണ്ടു. മല്‍സത്തില്‍ എട്ടോ പത്തോ ഷോട്ടുകള്‍ കൂളായി കഴിച്ച ഒരു തടിയന്‍ വിജയിയായി. അയാളുടെ ബില്ല് പരാജയപ്പെട്ടവര്‍ ചേര്‍ന്ന് പേ ചെയ്യണം. അതാണ് മല്‍സരത്തിന്റെ നിയമം. വിജയിയായ മനുഷ്യന്‍ ബഹളം വെച്ചുകൊണ്ട് വേച്ച് വേച്ച് നടന്നു പോയി.
.jpg?$p=5abc1db&&q=0.8)
മെക്‌സിക്കോയിലെ ഒരു നഗരത്തിന്റ പേരാണ് ടെക്കീല. ലാവ ഒഴികിയെത്തുന്ന കുന്ന് അഥവാ അഗ്നിപര്‍വതമെന്നാണ് മെക്‌സിക്കന്‍ ഭാഷയില്‍ ഈ വാക്കിന്റെ അര്‍ത്ഥം. ടെക്കീലയില്‍ വളരുന്ന അക്കാവെ എന്ന ഒരു സസ്യത്തില്‍ നിന്നാണ് ഈ മദ്യം ഉണ്ടാക്കുന്നത്. നമ്മുടെ കൈതചക്ക ഉണ്ടാവുന്ന ചെടി പോലുള്ള സസ്യമാണ് അക്കാവെ. ആ ചെടിയില്‍ ഉണ്ടാവുന്ന കീമ എന്ന വലുപ്പമുള്ള ചക്കയില്‍ നിന്നാണ് ഈ മദ്യം ഉണ്ടാക്കിയെടുക്കുന്നത്.
ശ്രീലങ്കക്കാരും പൊതുവേ നല്ല തോതില്‍ മദ്യം ഉപയോഗിക്കുന്നവരാണ്. തെങ്ങിന്‍ കള്ളില്‍ നിന്ന് വാറ്റിയെടുക്കുന്ന അറാക്ക് ആണ് അവരുടെ നിത്യോപയോഗ ലഹരി പാനീയം. നമ്മുടെ നാട്ടിലെ പോലെ അവിടെ റാക്ക് നിരോധിക്കപ്പെട്ടിട്ടില്ല. വലിയ കമ്പനികള്‍ റാക്ക് ബ്രാന്റ് ചെയ്ത് മാര്‍ക്കറ്റിലിറക്കുന്നു. താരതമ്യേന നല്ല ലഹരിയുള്ള ഈ മദ്യം സുലഭമായി ലഭിക്കുന്നുണ്ട്.
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും ആരോഗ്യത്തിന് ഹാനികരമാണ്.
Content Highlights: k viswanath column part six


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..