ദൈവമേ, ഹോമോ സെക്ഷ്വലാണ് ഈ സന്ന്യാസി... ഞാനൊന്ന് പതറിപ്പോയി


കെ. വിശ്വനാഥ്

8 min read
Read later
Print
Share

തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ഇങ്ങനെ വ്യത്യസ്തരായ മനുഷ്യരെ നമ്മള്‍ കണ്ടുമുട്ടും. വിചിത്രമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. പരിചയപ്പെടുന്ന ചില മനുഷ്യരുമായുള്ള ബന്ധം തുടര്‍ന്നെന്നും വരും. അത്തരം ചില കൗതുകകരമായ മനുഷ്യരേയും ബന്ധങ്ങളേയും കുറിച്ചാണ് ഇവിടെ എഴുതുന്നത്. 

ഡൽഹിയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ പരിചയപ്പെട്ട ഉത്തരേന്ത്യക്കാരായ വിദ്യാർഥികൾക്കൊപ്പം

പെണ്‍കുട്ടി ഏങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ അവളുടെ ചുവപ്പ് ഉടുപ്പിലേക്ക് പടര്‍ന്നു. തീവണ്ടിയുടെ ചടുലതാളത്തില്‍ കരച്ചില്‍ മുങ്ങിപ്പോയെങ്കിലും പാതിമയക്കത്തില്‍നിന്ന് കണ്ണുതുറന്ന എന്നെ ആ കാഴ്ച വല്ലാതെ അസ്വസ്ഥനാക്കി. 'എന്തുപറ്റി കുട്ടീ?' അവളോട് ഞാന്‍ ചോദിച്ചു. എന്റെ കണ്ണിലേക്ക് അവള്‍ തുറിച്ചു നോക്കിയതല്ലാതെ മറുപടിയൊന്നും പറയുന്നില്ല. മലയാളിയായിരിക്കില്ല. ഇംഗ്ലീഷ് ആ കുട്ടിക്ക് മനസ്സിലാവാനുള്ള സാധ്യതയുമില്ല. പിന്നെ എനിക്ക് കഷ്ടിയായെങ്കിലും അറിയാവുന്ന ഏക ഭാഷയായ ഹിന്ദുസ്ഥാനിയില്‍ ഒരു കാച്ച് കാച്ചി. 'ക്യാ ഹോ ഗയി ലഡ്കീ' ഏങ്ങലടിക്കുന്നതിനിടെ അവളൊരു മറുചോദ്യം. 'മേരീ മാ കിതര്‍ ഹേ ? '

അവളുടെ അമ്മ എവിടെ പോയെന്ന് എനിക്കങ്ങനെയറിയാം. പക്ഷേ, പത്തില്‍ താഴെ പ്രായമുള്ള ആ പെണ്‍കുട്ടിയോട് ഞാനതെങ്ങിനെ പറയും? കേരളാ എക്സ്പ്രസ്സിന്റെ ആ സെക്കന്റ് എ.സി കംപാര്‍ട്ട്‌മെന്റില്‍ ആ പെണ്‍കുട്ടിക്ക് ആ ചോദ്യം ചോദിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. പന്ത്രണ്ട് വര്‍ഷം മുമ്പ് കേരളാ എക്സ്പ്രസ്സില്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. റെയില്‍പാളത്തിന്റെ ജോലി നടക്കുന്നതിനാല്‍ കേരളാ എക്സ്പ്രസ്സ് വഴിമാറി ഉലകം ചുറ്റി സഞ്ചരിക്കുന്നതു കാരണം ഡല്‍ഹിയിലെത്താന്‍ സാധാരണയില്‍ നിന്ന് പന്ത്രണ്ട് മണിക്കൂര്‍ അധികമെടുക്കും. അതുകൊണ്ട് ആരും ആ ട്രെയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നില്ല. ഇതറിയാതെ ബുക്ക് ചെയ്തു പോയതുകൊണ്ടാണ് തീവണ്ടിയിലെ വിജനമായ കംപാര്‍ട്ടുമെന്റില്‍ ഞാന്‍ അകപ്പെട്ടത്. ഒറ്റയ്ക്കുള്ള വിരസമായ ആ യാത്രയില്‍ പകല്‍ സമയത്തും ഞാന്‍ നീണ്ട ഉറക്കത്തിലായിരുന്നു. പാന്‍ട്രിയില്‍ നിന്നുള്ള സപ്ലയര്‍മാര്‍ വരും എനിക്കെന്തൊക്കെ ഭക്ഷണം വേണമെന്ന് ചോദിക്കും. ഞാന്‍ പറയുന്ന ഭക്ഷണം കൃത്യസമയത്ത് കൊണ്ടെത്തിക്കും. പിന്നെ തിരക്ക് തീരെയില്ലാത്തതുകൊണ്ട് ആ കംപാര്‍ട്ട്‌മെന്റിന്റെ ടോയ്‌ലെറ്റുകളെല്ലാം വളരെ ക്ലീന്‍ ആണ്. അങ്ങനെ നോക്കുമ്പോള്‍ രാജകീയമായൊരു യാത്രാനുഭവം.

ഞാന്‍ വാച്ചിലേക്ക് നോക്കി സമയം നട്ടുച്ച ഒന്നര മണി. ആന്ധ്രയിലെ ഏതോ ഉള്‍ഗ്രാമത്തിലൂടെയാണ് തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. ഈ പെണ്‍കുട്ടിയുടെ സങ്കടത്തിന് ഞാനെന്ത് മറുപടി പറയും? അവളോട് ഞാന്‍ സംസാരിച്ചു നോക്കി. ശീതള്‍ എന്നാണ് കുട്ടിയുടെ പേര്. മുമ്പുള്ള ഏതോ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പേരക്ക വില്‍പനക്കാരിയായ അമ്മയ്‌ക്കൊപ്പം ആ കംപാര്‍ട്ട്‌മെന്റില്‍ കയറിയതാണ്. അതിനിടെ ട്രെയിന്‍ ഇളകി. തിരിഞ്ഞുനോക്കുമ്പോള്‍ അമ്മയെ കാണാനുമില്ല. ശീതള്‍ പരിഭ്രമിച്ചു നില്‍ക്കെ ട്രെയിന്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ടുപോയി. അതാണ് സംഭവത്തിന്റെ രത്‌നച്ചുരുക്കം.

മൊബൈല്‍ ഫോണുകള്‍ വ്യാപകമാവാത്ത കാലം. ശീതളിന്റെ പേരക്കാവില്‍പ്പനക്കാരിയായ അമ്മയ്ക്ക് ഫോണ്‍ ഉണ്ടോയെന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്റെ കൈയ്യില്‍ സെല്‍ഫോണുണ്ട്. പക്ഷേ, കേരളത്തിന് പുറത്തേക്കെത്തിയാല്‍ റോമിങ്ങ് ശരിയാവുന്നുമില്ല. അതുകൊണ്ടുതന്നെ ആരെയും വിളിച്ച് സഹായം ചോദിക്കാനാവില്ല. കരഞ്ഞുകൊണ്ടിരിക്കുന്ന അവളെ എങ്ങനെ ആശ്വസിപ്പിക്കും ? ഒരുവഴിയും തെളിയുന്നില്ല. ഉത്തരേന്ത്യക്കാരനായ ടി.ടി അടുത്ത കംപാര്‍ട്ട്‌മെന്റിലുണ്ട്. കടുംപിടുത്തക്കാരനാണെന്ന് അതിനകം തെളിയിച്ച അയാളോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അപ്പോഴാണ് പാന്‍ട്രി കാറില്‍ ജോലി ചെയ്യുന്ന, അതിനകം എന്റെ സുഹൃത്തുക്കളായി മാറിയ രണ്ടുപേരെ കുറിച്ച് ഓര്‍ക്കുന്നത്. കരയുന്ന പെണ്‍കുട്ടിക്ക് എന്റെ കൈയ്യിലുണ്ടായിരുന്ന ലിംകാ ബോട്ടില്‍ കൊടുത്തു. അതുകുടിച്ച് ദാഹം മാറ്റി എന്റെ സീറ്റിലിരിക്കാന്‍ പറഞ്ഞു. ഏങ്ങിക്കരയുന്നതിനിടയിലും അവള്‍ ശീതളപാനീയത്തിന്റെ മധുരം നുണഞ്ഞു. പാന്‍ട്രി കാറില്‍ ചെന്ന് സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. അവര്‍ എന്റെ കൂടെ വന്നു. അവര്‍ രണ്ടുവഴിക്ക് കംപാര്‍ട്ട്‌മെന്റിലൂടെ ശീതളിന്റെ അമ്മയെ തിരഞ്ഞിറങ്ങി. ഒരാള്‍ പെട്ടെന്ന് തിരിച്ചുവന്നു, അടുത്തു തന്നെയുള്ള മറ്റൊരു എ.സി കംപാര്‍ട്ട്‌മെന്റില്‍ ഒരു സ്ത്രിയെ രണ്ട് പോലീസുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നു. ഞാനും ശീതളും അയാള്‍ക്കൊപ്പം ആ കംപാര്‍ട്ട്‌മെന്റിലേക്ക് ചെന്നു. ഒരു യുവതിയെ രണ്ട് തെലുങ്കന്മാാരായ പോലീസുകാര്‍ ചേര്‍ന്ന് ചോദ്യം ചെയ്യുന്നു. ഒരുവന്‍ അവരുടെ കൈകള്‍ കൂട്ടിപ്പിടിച്ചിരിക്കുന്നു. അയാളുടെ ഉദ്ദേശ്യം അത്ര നല്ലതല്ലെന്ന് വ്യക്തമാണ്. അതുകണ്ടതും ശീതള്‍ വാവിട്ട് കരയാന്‍ തുടങ്ങി. അതവളുടെ അമ്മ തന്നെ. ഞാന്‍ അറിയാവുന്ന ഭാഷയിലൊക്കെ പോലീസുകാരോട് സംസാരിച്ചു നോക്കി. തനിക്കിതിലെന്ത് കാര്യമെന്നാണ് അവരുടെ നിലപാട്.

എ.സി കംപാര്‍ട്ട്‌മെന്റില്‍ ടിക്കറ്റില്ലാതെ അതിക്രമിച്ചു കയറിയ ഒരുവളെ തങ്ങള്‍ പിടികൂടിയിരിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. എങ്കില്‍ ടി.ടിയെ ഏല്‍പ്പിക്കുകയല്ലേ വേണ്ടതെന്ന് ഞാന്‍ ചോദിച്ചു. വാദപ്രതിവാദം മുറുകി. സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് അവര്‍ പരാതി പറഞ്ഞാല്‍ കുഴപ്പമാവുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവരയഞ്ഞു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അവരെയവര്‍ വിട്ടു. ശീതളും അമ്മയും എന്റെ കംപാര്‍ട്ട്‌മെന്റിന് പുറത്തുള്ള ഇടനാഴിയിലേക്ക് എനിക്കൊപ്പം വന്നു. നാലഞ്ച് വര്‍ഷം മുമ്പ് മധ്യപ്രദേശില്‍ നിന്ന് കെട്ടിട നിര്‍മാണ തൊഴിലാളിയായ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം വിശാഖപട്ടണത്ത് വന്ന് താമസമാക്കിയതാണ്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ജോലിസ്ഥലത്ത് വെച്ച് കണ്ടുമുട്ടിയ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു അവള്‍ക്കൊപ്പം പോയി. പിന്നെ മക്കളെ നോക്കേണ്ട ചുമതല ആ അമ്മ ഒറ്റക്ക് ഏറ്റെടുത്തു. മൂത്തത് മകനാണ്. നന്നായി പഠിക്കും. നഗരത്തിലെ എഞ്ചിനിയറിങ്ങ് കോളേജില്‍ പഠിക്കുന്നു. അവനിലാണ് എല്ലാ പ്രതീക്ഷകളും. രാവും പകലും അധ്വാനിച്ചിട്ടായാലും അവനെ നല്ല നിലയിലാക്കണം. ശീതളിനെ പഠിപ്പിക്കാനൊന്നും കഴിഞ്ഞിട്ടില്ല. പക്ഷേ, മകന് ജോലി കിട്ടിയാല്‍ അവളെ അവന്‍ വളര്‍ത്തിക്കൊള്ളും. വില്‍ക്കാന്‍ കൊണ്ടുവന്ന പേരക്ക പോലീസുകാര്‍ പുറത്തേക്ക് എറിഞ്ഞുകളഞ്ഞു. വിശപ്പടക്കാന്‍ പോലും കൈയ്യില്‍ കാശില്ല. അവരുടെ കദനകഥയറിഞ്ഞ് പാന്‍ട്രിയിലുള്ളവര്‍ എല്ലാവരും കൂടി കുറച്ച് പണം സമാഹരിച്ചു. ഞാനും ചെറിയൊരു തുക നല്‍കി. അപ്പോള്‍ അങ്ങോട്ടുവന്ന മറ്റൊരാള്‍ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് നൂറ് രൂപ തന്നു. മറ്റാരുമല്ല ഞാന്‍ നേരത്തെ പറഞ്ഞ കടുംപിടുത്തക്കാരന്‍ ടി ടി. എല്ലാം കൂടി ആയിരത്തി ഇരുന്നൂറ് രൂപ സമാഹരിച്ചു. ശീതളിന്റെ അമ്മയ്ക്ക് നല്‍കി. അവര്‍ പറഞ്ഞു, മകന്റെ അഞ്ചു മാസത്തെ ഹോസ്റ്റല്‍ ഫീയടക്കാന്‍ ആ തുക മതിയെന്ന്. അടുത്ത സ്റ്റേഷനില്‍ നല്ലവനായ ടി.ടി ആ അമ്മയേയും മകളേയും ഇറക്കി. അതിനു മുമ്പ് പാന്‍ട്രി മാനേജര്‍ ഒരു പൊതിയുമായി ഓടി വന്നു. ശീതളിനും അമ്മക്കും കഴിക്കാന്‍ ചൂടുള്ള ബിരിയാണി!

തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ഇങ്ങനെ വ്യത്യസ്തരായ മനുഷ്യരെ നമ്മള്‍ കണ്ടുമുട്ടും. വിചിത്രമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. പരിചയപ്പെടുന്ന ചില മനുഷ്യരുമായുള്ള ബന്ധം തുടര്‍ന്നെന്നും വരും. അത്തരം ചില കൗതുകകരമായ മനുഷ്യരേയും ബന്ധങ്ങളേയും കുറിച്ചാണ് ഇവിടെ എഴുതുന്നത്.

പിച്ചക്കാരനും സന്യാസിയും

2004ലായിരുന്നു അത്. പകല്‍ വണ്ടിയില്‍ കോഴിക്കോട് നിന്നും ഗോവയിലേക്കുള്ള യാത്ര. കണ്ണൂര്‍ സ്റ്റേഷനില്‍ വെച്ച് ജട പിടിച്ച തലമുടിയുള്ള ഒരു പിച്ചക്കാരന്‍ ഞാനിരിക്കുന്ന കംപാര്‍ട്ട്‌മെന്റിലേക്ക് വന്ന് എനിക്കെതിരെ സീറ്റിലിരുന്നു. കീറിപ്പറഞ്ഞ അയാളുടെ വസ്ത്രങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു. അയാളിരുന്ന സീറ്റിനരികില്‍ ഇരിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ ചാടിയെഴുന്നേറ്റു. അവര്‍ പച്ചമലയാളത്തില്‍ അയാള്‍ക്ക് നേരെ നോക്കി തെറി പറഞ്ഞു. പക്ഷേ, ഏകദേശം നാല്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ആ മനുഷ്യന് ഒരു കുലുക്കവുമില്ല. അയാളവരെ ഗൗനിക്കുന്നേയില്ല. ആ യുവാക്കള്‍ കുറച്ചകലെയുള്ള സീറ്റിലേക്ക് മാറിയിരുന്നു. ആ യാചകനെ ഞാന്‍ അല്‍പം ഈര്‍ഷ്യയോടെ തന്നെ നോക്കികൊണ്ടിരിക്കുമ്പോള്‍ ടി.ടി വന്നു. എനിക്കാശ്വാസമായി. ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന യാചകനെ ഇപ്പോള്‍ പുറത്താക്കും. പക്ഷേ, ടി ടി അടുത്തെത്തിയപ്പോള്‍ അയാള്‍ കീശയില്‍ നിന്ന് ടിക്കറ്റെടുത്ത് കാണിച്ചു. ടിക്കറ്റ് നോക്കിയ ശേഷം ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ വൃത്തിയോടെ വന്നുകൂടെ എന്നു ചോദിച്ചു. അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല. എന്റെ അടുത്തേക്ക് വന്നപ്പോള്‍ ടി.ടി പറഞ്ഞു, 'നിങ്ങള്‍ക്ക് അസൗകര്യമുണ്ടെങ്കില്‍ വൃത്തിഹീനനായി യാത്രചെയ്യുന്ന ആളേക്കുറിച്ച് ഡ്യൂട്ടിയിലുള്ള പോലീസുകാരോട് പരാതിപ്പെടാം.' എനിക്കപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല.

ടി.ടി പോയപ്പോള്‍ അയാളുടെ കയ്യിലുള്ള സഞ്ചിയില്‍ (അതോ ഭാണ്ഡമോ ?) നിന്ന് അയാള്‍ ഒരു പത്രം വലിച്ചെടുത്തു. അത് കണ്ടപ്പോല്‍ ഞാന്‍ ശരിക്കും സ്തബ്ധനായി. അതന്നത്തെ ഹിന്ദു പത്രമായിരുന്നു! അയാള്‍ ആ പത്രം വായിക്കാനും തുടങ്ങി. ഇംഗ്ലീഷ് വായിക്കുന്നത് പോയിട്ട്, പറയാനറിയുന്ന ഒരു ഇന്ത്യന്‍ പിച്ചക്കാരനെ ഞാനാദ്യമായി കാണുകയായിരുന്നു. ഏതായാലും ആ കാഴ്ച കണ്ടപ്പോള്‍ എന്നിലെ പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നു. നല്ല ഒരു ഹ്യുമന്‍ ഇന്‍ട്രസ്റ്റ് സ്റ്റോറിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ വൃത്തിഹീനനായി നടക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അയാളത് ഗൗനിച്ചതേയില്ല. ഭ്രാന്തനാണെന്ന് ഞാനുറപ്പിച്ച് ഞാന്‍ കണ്ണടച്ചിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു, ഏതോ ഗര്‍ത്തത്തില്‍ നിന്ന് പുറപ്പെട്ടുവരും പോലെ അയാളുടെ ശബ്ദം, ' I dont think, am ditry.' നല്ല ആക്‌സന്റിലുള്ള ഇംഗ്ലീഷിലാണ് മറുപടി. അതോടെ ഞാന്‍ ക്ലീന്‍ ബൗള്‍ഡായി. പിന്നെ അയാള്‍ എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി, ' നിങ്ങള്‍ക്ക് വൃത്തിയുണ്ടെന്ന് നിങ്ങള്‍ കരുതുന്നുവോ? നല്ല വസ്ത്രം ധരിച്ചതുകൊണ്ടോ രണ്ട് നേരം കുളിച്ചതുകൊണ്ടോ വൃത്തിയുണ്ടാവില്ല. മനസ്സിലാണ് വൃത്തിവേണ്ടത്. ജീര്‍ണ വസ്ത്രം ധരിച്ചതിന്റേ പേരില്‍ മാത്രം നിങ്ങള്‍ കാണിച്ച അവജ്ഞയും ഇപ്പോള്‍ ഇംഗ്ലീഷ് പത്രം വായിക്കുന്നത് കണ്ടപ്പോഴുള്ള അദ്ഭുതവുമെല്ലാം നിങ്ങള്‍ക്ക് വൃത്തിയുള്ള മനസ്സില്ലെന്നതിന്റെ സൂചനയാണ്. ' ഇത്തരത്തിലുള്ള അയാളുടെ ഭാഷണത്തില്‍ ഞാന്‍ ആകെ തളര്‍ന്നുപോയി. എങ്കിലും അയാളെക്കുറിച്ച് അറിയാന്‍ വേണ്ടി ഞാന്‍ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. അയാള്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ ആ കഥ ഇങ്ങനെയാണ്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ആ മനുഷ്യന്റെ പേര് കപാലി. പഠിക്കാന്‍ മിടുക്കനായിരുന്നു. എഞ്ചിനിയറിങ്ങില്‍ ബിരുദമെടുത്ത ശേഷം ഒന്നുരണ്ട് വാഹന നിര്‍മാണ കമ്പനികളില്‍ ജോലി ചെയ്തു. അതിനിടെ തന്റെ ഗാമത്തില്‍ വലിയൊരു വെള്ളപ്പൊക്കമുണ്ടായി. വാര്‍ത്തയറിഞ്ഞ് അവിടേക്ക് ചെന്ന കപാലിയെ കാത്തിരുന്നത് വലിയ ദുരന്തവാര്‍ത്തായായിരുന്നു. തന്റെ അച്ഛനും അമ്മയും ഏക സഹോദരിയും വെള്ളപ്പൊക്കത്തില്‍ കാണാതായവരുടെ കൂട്ടത്തില്‍ പെടുന്നു. കുടുംബവീടും കൃഷിയിടവും നശിച്ചു. അന്ന് ഇറങ്ങി നടന്നതാണ്. പിന്നെ ഒരിടത്തും സ്ഥിരമായി നിന്നിട്ടില്ല. ട്രെയിനുകളും ബസ്സുകളും മാറിമാറി കയറി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. എത്തിപ്പെടുന്നിടത്ത് കിട്ടുന്ന ജോലി ചെയ്യും. കിടക്കാന്‍ കടത്തിണ്ണയായാലും മതി. ഭക്ഷണത്തിന്റെ കാര്യത്തിലും നിര്‍ബന്ധമില്ല. ഒരു പണിയും കിട്ടിയില്ലെങ്കില്‍ പിച്ചയെടുക്കും.

Also Read
column

വിരോധം ശത്രുരാജ്യക്കാരുമായി സെക്‌സ് ചെയ്ത് ...

പാമ്പിൻസൂപ്പ് കണ്ണടച്ച് കോരിക്കുടിച്ചു; ...

2000രൂപയ്ക്ക് ഞണ്ട്കാൽ വാങ്ങുന്ന നിങ്ങൾക്ക് ...

എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി; ഇന്ത്യൻ ...

'വെള്ളം വേണ്ടേ?' സായിപ്പിന്റെ മറുപടി എന്നെ ...

'അപ്പോള്‍ നിങ്ങള്‍ സന്യാസിയാണോ യാചകനാണോ?' ഞാന്‍ ചോദിച്ചു പോയി. എന്റെ കണ്ണുകളിലേക്ക് സഹതാപത്തോടെ നോക്കി കപാലി പറഞ്ഞു. 'രണ്ടും തമ്മില്‍ ഒരു വ്യത്യാസവുമില്ല മനുഷ്യാ' അയാള്‍ മംഗലാപുരമെത്തിയപ്പോള്‍ ഇറങ്ങി. ആ സമയത്ത് അയാളുടെ പഴകിയ സഞ്ചിയില്‍നിന്ന് ഒരു പുസ്തകം നിലത്തു വീണു. അതിന്റെ പേര് വായിക്കാന്‍ എനിക്ക് കഴിയും മുമ്പ് ആ പുസ്തകം കൈയ്യിലെടുത്ത് അയാള്‍ തിരിഞ്ഞുനോക്കാതെ നടന്നു. അതിന്റെ കവറിലെ ചിത്രം മാത്രം ഞാന്‍ കണ്ടു. ആചാര്യ വിനോഭാവെയുടെ മുഖമായിരുന്നു അത്.

ഇനി വേഷം കൊണ്ട് സന്ന്യാസിയായ മറ്റൊരു മനുഷ്യന്റെ കഥ പറയാം. ഹൈദരാബാദിലേക്കുള്ള ശബരി എക്സ്പ്രസ്സ് ട്രെയിനില്‍ വെച്ചായിരുന്നു അത്. ഞാന്‍ ഷൊര്‍ണൂരില്‍ വെച്ചാണ് കയറിയത്. വര്‍ഷം രണ്ടായിരത്തിപ്പത്തിന് മുമ്പാണ്. സെക്കന്റ് എ.സി കംപാര്‍ട്ട്‌മെന്റില്‍ എന്റെ അടുത്ത സീറ്റില്‍ കാഷായം ധരിച്ച്, താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു മനുഷ്യന്‍. ഹിന്ദിയാണ് ഭാഷ. എന്റ പേര് ചോദിച്ചു. ഞാനത് പറഞ്ഞപ്പോള്‍ ആദരപൂര്‍വം മുകളിലേക്ക നോക്കി കൊണ്ടുപറഞ്ഞു. 'സാക്ഷാല്‍ പരമശിവന്റെ നാമം. നിങ്ങള്‍ പേരു കൊണ്ടു തന്നെ അനുഗ്രഹീതനാണ്.' പ്രസിദ്ധമായ ഒരു ആത്മീയ സംഘത്തില്‍ അംഗമാണയാള്‍. സംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വന്ന് ഹൈദരാബാദിലേക്ക് തിരിച്ചു പോവുന്നു. കുറേയേറെ വേദാന്തവും തത്വചിന്തയും പറഞ്ഞു. അതൊന്നും മനസ്സിലാവുന്ന പ്രായമല്ലാത്തതു കൊണ്ട് ഞാനത് കാര്യമായി ശ്രദ്ധിച്ചില്ല. രാത്രി ഭക്ഷണത്തിന്റെ ഓഡറെടുക്കാന്‍ വന്ന പയ്യനോട് ഞാന്‍ ചപ്പാത്തിയും ചിക്കന്‍ കറിയും ആവാമെന്ന് പറഞ്ഞപ്പോല്‍ അദ്ദേഹം പറഞ്ഞു. 'പുണ്യഭൂമിയായ ഭാരതത്തില്‍ ജനിച്ച നിങ്ങള്‍ സസ്യാഹാരിയാവുന്നതാണ് ഉത്തമം.' ഞാനത് തലകുലുക്കി അംഗീകരിച്ചു. അനന്തരം അദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് ആത്മീയ സംഘം ഉദ്‌ഘോഷിക്കുന്ന ദര്‍ശനങ്ങളെ കുറിച്ച് പറയുന്ന ഒരു തടിയന്‍ പുസ്തകവുെമടുത്തു തന്നു. ഞാനത് കൈനീട്ടി സ്വീകരിച്ചു. കുറച്ചു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സന്ന്യാസിയുണ്ട് ടോയ്‌ലറ്റിന് പുറത്ത് നിന്ന് നല്ല മണമുള്ള സിഗരറ്റ് വലിക്കുന്നു. 'സ്വാമി സിഗരറ്റ് വലിക്കുന്നത് പാപമല്ലേ?' ഞാന്‍ ചോദിച്ചു. പുകച്ചുരുളുകള്‍ പുറത്തേക്ക് വിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. 'പുകവലി പാപമാണെന്ന് ഹിന്ദുക്കളുടെ ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. പരമശിവന്‍ പുകവലിക്കുമായിരുന്നുവെന്ന് പുരാണങ്ങളില്‍ സൂചനയുണ്ട്. നമ്മുടെ പ്രാചീനകാലത്തെ ഋഷിവര്യന്‍മാരും അങ്ങനെ ചെയ്യുമായിരുന്നു.' അതുകേട്ടപ്പോള്‍ അല്‍പാല്‍പം പുകവലിക്കുന്ന ശീമുണ്ടായിരുന്ന എനിക്ക് അവരോടൊക്കെ ആദരവ് തോന്നി.

രാത്രി ഭക്ഷണത്തിന് മുമ്പ് അല്‍പനേരം സ്വാമി പത്മാസനത്തിലിരുന്ന് ധ്യാനിച്ചു. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ഞാന്‍ നോണ്‍ വെജ് കഴിക്കുന്നതില്‍ അദ്ദേഹത്തിന് ഒട്ടും അലോസരമുള്ളതായി തോന്നിയതുമില്ല. പിന്നെയായിരുന്നു കഥയുടെ ക്ലൈമാക്‌സ്. ഉറങ്ങാന്‍ പോവുന്നതിന് മുമ്പ് എന്റെ അരികിലേക്ക് വന്ന് ശബ്ദം കുറച്ച് എന്നോട് അദ്ദേഹം ചോദിച്ചു. '' ഞാനുമായി സെക്‌സ് ചെയ്യാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ ? ദൈവമേ ഹോമോസെക്ഷ്വലാണ് ഈ സന്ന്യാസി.' ഞാനാദ്യം പതറിപ്പോയെങ്കിലും ചിരിച്ചു കൊണ്ടു തന്നെ മറുപടി പറഞ്ഞു, ' ഇല്ല സ്വാമി ആരുമായും അത്തരമൊരു പരിപാടിക്ക് എനിക്ക് താല്‍പര്യമില്ല.' ഓ.കെ എന്നുപറഞ്ഞ് അയാള്‍ തന്റെ ബെര്‍ത്തില്‍ കയറി കിടന്നു. കൂര്‍ക്കം വലി കേട്ടു തുടങ്ങിയപ്പോള്‍ ഞാനും ഉറങ്ങാന്‍ കിടന്നു. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോല്‍ തലേദിവസത്തെ ചോദ്യോത്തരങ്ങളുടെ ആഘാതമൊട്ടും പ്രകടമാക്കാതെ തന്നെ ഞാനും സ്വാമിയും പെരുമാറി. അദ്ദേഹം പ്രാതലിന് ഉപ്പുമാവും ഞാന്‍ ബ്രഡ് ഓംലെറ്റും കഴിച്ചു. പക്ഷെ യാത്ര അവസാനിക്കാറായപ്പോല്‍ തലേ ദിവസം എനിക്കദ്ദേഹം തന്നിരുന്ന ഇംഗ്ലീഷ് പുസ്തകം ഞാന്‍ തിരിച്ചുകൊടുത്തു. ' സ്വാമി എനിക്കിത് ആവശ്യമില്ല. ആവശ്യമുള്ള മാറ്റാര്‍ക്കെങ്കിലും കൊടുത്തേക്കൂ.' ഒട്ടും പരിഭവം പ്രകടമാക്കാതെ അദ്ദേഹമത് വാങ്ങി ബാഗില്‍ വെച്ചു.

തീവണ്ടിയിലെ ജ്യോതിഷി

പതിനഞ്ച് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ പരിചയപ്പെട്ട രസികന്മാരായ ഒരു സംഘം കോളേജ് വിദ്യാര്‍ത്ഥികളെക്കുറിച്ച് കൂടി പറയാം. പഞ്ചാബിലെ കോളേജില്‍ നിന്ന് കൊച്ചിയിലേക്ക് അവധി ആഘോഷത്തിന് വരുന്ന നാലു കൂട്ടുകാരായിരുന്നു അവര്‍. എല്ലാവരും ഉത്തരേന്ത്യക്കാരാണ്. ട്രെയിനില്‍ കയറിയ ഉടന്‍ അവര്‍ ഞാനുമായി കൂട്ടായി. എന്റെ കൈയ്യില്‍ സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ വലിയൊരു കുപ്പിയുണ്ട്. സത്യത്തില്‍ സോഫ്റ്റ് ഡ്രിങ്ക്‌സില്‍ മദ്യം മിക്‌സ് ചെയ്ത് വെച്ചതായിരുന്നു. ആരുടേയും ശ്രദ്ധയില്‍ പെടാതെ അല്‍പാല്‍പമായി കഴിക്കാം. പക്ഷേ, പെട്ടെന്നു തന്നെ അതിലൊരാള്‍ക്ക് കാര്യം മനസ്സിലായി. അയാളത് എന്നോട് ചോദിച്ചു വാങ്ങി കുറച്ചു കഴിച്ച് ഒരു കള്ളച്ചിരിയോടെ തിരിച്ചു തന്നു. അതിനിടയില്‍ അടുത്തുള്ള ബെര്‍ത്തുകളിലൊന്നില്‍ യാത്രചെയ്യുകയായിരുന്ന മലയാളി ദമ്പതികള്‍ക്കൊപ്പമുള്ള നാലോ അഞ്ചോ വയസ്സ് പ്രായമുള്ള ഒരു ആണ്‍കുട്ടി ഓടിവന്ന് എന്റെ കൈയ്യിലുള്ള സോഫ്റ്റ് ഡ്രിങ്ക്‌സ് കുപ്പിക്ക് നേരെ കൈനീട്ടി. ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ നില്‍ക്കുമ്പോള്‍ അവന്റെ അച്ഛന്‍ പറഞ്ഞു, 'കുറച്ചു കൊടുത്തോളൂ, കുഴപ്പമില്ല.' എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ പരുങ്ങിയപ്പോള്‍ ആ പയ്യന്‍മാരെല്ലാം ചേര്‍ന്ന് ഉറക്കെ ചിരിക്കാന്‍ തുടങ്ങി. ആ കുഞ്ഞിന്റെ അച്ഛനും പെട്ടെന്ന് കാര്യം പിടികിട്ടി. അയാളും ആ കൂട്ടച്ചിരിയില്‍ പങ്കുചേര്‍ന്നു. അതിനിടെ അവരില്‍ ഒരാള്‍ പറഞ്ഞു, 'നിങ്ങള്‍ക്ക് വിവേകാനന്ദന്റെ ഛായയുണ്ട്.' അതിനു ശേഷം അവന്റെ കൈയ്യിലുണ്ടായിരുന്ന ഷാള്‍ കൊണ്ട് എനിക്കൊരു തലപ്പാവ് കെട്ടിത്തന്നു. അങ്ങനെ കളിച്ചും ചിരിച്ചും ഞങ്ങളുടെ യാത്ര പുരോഗമിക്കുമ്പോള്‍ അവന്‍ എന്നോട് പറഞ്ഞു, 'എനിക്കല്‍പം ജ്യോതിഷം അറിയാം. നിങ്ങളെ കുറിച്ചൊരു കാര്യം പറയട്ടെ. യാത്ര കഴിഞ്ഞ് നാട്ടില്‍ തിരിച്ചു ചെല്ലുമ്പോള്‍ നിങ്ങളെ ഒരു സന്തോഷ വാര്‍ത്ത കാത്തിരിക്കുന്നുണ്ടാവും.' ഞാനത് ചിരിച്ചു തള്ളി. പക്ഷേ, അവന്റെ പ്രവചനം ഫലിച്ചു. യാത്ര കഴിഞ്ഞ് ഓഫീസില്‍ തിരിച്ചു ചെന്നപ്പോള്‍ അങ്ങനെയൊരു കാര്യം സംഭവിച്ചു. ഓര്‍ത്തുപോവുകയാണ് ആ ജ്യോതിഷി ഇപ്പോള്‍ എവിടെയുണ്ട് ആവോ ?

Content Highlights: k viswanath column part seven train travels

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented