കാൻഡിയിലേക്കുള്ള വഴിയിൽ കശുവണ്ടി വിൽക്കുന്ന പെൺകുട്ടി | ചിത്രങ്ങൾ: മധുരാജ്
കൊളംബോ കടപ്പുറത്തുകൂടെ നടക്കുമ്പോള്‍ നിരനിരയായി ഇട്ടിരിക്കുന്ന സിമന്റു ബെഞ്ചുകള്‍ക്ക് മുകളില്‍ വരിവരിയായി ഇളകിയാടുന്ന പല നിറത്തിലുള്ള കുടകളെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കുട വെയിലിനെ മറയ്ക്കാനാണെന്നാണ് വെപ്പ്. സത്യത്തില്‍ മറയ്ക്കുന്നത് മറ്റുചിലതാണ്. കുടകള്‍ക്കടിയില്‍ ജോടികളായിരിക്കുന്ന കമിതാക്കളുടെ അടക്കിപിടിച്ചുള്ള സംസാരവും ഒറ്റപ്പെട്ട ശില്‍ക്കാര ശബ്ദങ്ങളും ഉയരുന്നു. വര്‍ണക്കുടകള്‍ക്ക് കീഴെ പ്രണയം പൂത്തുലയുന്നു. കട്ടുറുമ്പുകളില്ലാത്ത സ്വര്‍ഗത്തില്‍ ആനന്ദിക്കുകയാണവര്. സമയം ഒന്‍പത് മണിയായതേയൂള്ളൂ. അപ്പോഴേക്ക് തന്നെ എല്ലാ ബെഞ്ചുകളും നിറഞ്ഞു കഴിഞ്ഞു. അരികിലൂടെ നിസ്സംഗനെന്ന ഭാവേന നടന്നു പോവുമ്പോള്‍ ഒരു പച്ചക്കുടക്കടിയില് നിന്ന് 'പോടാ അതു പോയി നിന്റെ തന്തയോട് പറയ്' എന്നൊരു വാചകം കേട്ടു. കേരളത്തില്‍ നിന്ന് അധിക ദൂരമില്ലാത്ത ഇടമാണെങ്കിലും അന്യരാജ്യത്ത് മലയാളം കേള്‍ക്കുമ്പോഴുള്ള ഒരു ആകാംക്ഷ എന്നെ പിടികൂടി. ഇവിടെ വന്ന് ഇങ്ങനെ പ്രണയിക്കുന്ന മലയാളികള്‍ ആരെന്നറിയാന്‍ ഒരു വൃത്തികെട്ട ആകാംക്ഷ. പക്ഷെ, കുടക്കീഴില് സ്വര്‍ഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അവരോടെങ്ങനെ ചോദിക്കും? ആ ചിന്ത കുഴിച്ചുമൂടി മുന്നോട്ടു നടന്നു. പത്തുമിനിറ്റ് കാഴ്ച്ചകള്‍ കണ്ട് തിരിച്ചു നടക്കുമ്പോള്‍ അതാ മലയാളം പേശുന്ന മിഥുനങ്ങള്‍ എതിരെ വരുന്നു.
അടുത്തെത്തിയപ്പോള്‍ ചോദിച്ചു, 'മലയാളികളാണല്ലേ?' താരതമ്യേന സുമുഖനായ യുവാവ് അതിശയത്തോടെ ചോദിച്ചു. 'എങ്ങനെ മനസ്സിലായി? 'ലോകത്തെവിടെ വെച്ചായാലും മലയാളിയെ കണ്ടാല്‍ തിരിച്ചറയാനാവുമല്ലോ?' -സൗകര്യപൂര്‍വം ഞാന്‍ കള്ളം പറഞ്ഞു. മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്തൊരു വാട്ടം. നാട്ടിലെവിടെയാണെന്ന് അവള് ചോദിച്ചു. കോഴിക്കോടാണെന്ന് പറഞ്ഞപ്പോള്‍ അവളുടെ പരിഭ്രമം വര്‍ധിച്ചപോലെ. കാര്യങ്ങള്‍ സംസാരിച്ചു വന്നപ്പോള്‍ അതിന്റെ കാരണം വ്യക്തമായി. അവളും കോഴിക്കോട്ടുകാരിയാണ്. ഡിഗ്രി വരെ പഠിച്ച ശേഷം ഒരു ജോലി കിട്ടി ലങ്കയിലേക്ക് പോന്നതാണ്. ഇവിടെ വെച്ച് പ്രണയത്തിലായ യുവാവാണ് ഒപ്പം. അയാള്‍ ഒരു ട്രാവല്‍സ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. രണ്ടു പേരും വ്യത്യസ്ഥ മതസ്ഥരാണ്. നാട്ടില്‍ ബന്ധുക്കളറിഞ്ഞാല് പ്രശ്നമാവുമോയെന്ന ഭയമുണ്ട്. അതാണ് പെണ്‍കുട്ടിയുടെ പരിഭ്രമത്തിന് കാരണം. പറഞ്ഞു വന്നപ്പോള്‍ ആ പെണ്‍കുട്ടി എന്റെ ഒരു സുഹൃത്തിന്റെ ബന്ധുവാണ്. ഞാന്‍ പറഞ്ഞ് നാട്ടിലാരും അറിയില്ലെന്ന് ഉറപ്പു നല്‍കിയതോടെ അവളുടെ പരിഭ്രമം മാറി.
അവരുടെ പ്രണയ കഥ കേട്ടിരിക്കാന്‍ നല്ല രസം. രണ്ടു പേരും അവര്‍ക്കൊപ്പം ജോലി ചെയ്യുന്ന സംഘത്തിനൊപ്പം ചെറിയ വീടുകള്‍ വാടകക്കെടുത്ത് ജീവിക്കുകയാണ്. അതുകൊണ്ടു തന്നെ പരസ്പരം കണ്ടുമുട്ടാനും പ്രണയിക്കാനും കുടയുടെ തണല്‍ തന്നെ ശരണം. ജോലിയുള്ളതു കൊണ്ട് ഞായറാഴ്ച്ചയേ അവസരമുള്ളൂ. അവധി ദിവസം കടപ്പുറത്ത് കറുത്തമ്മമാരുടേയും പരീക്കുട്ടിമാരുടേയും തിരക്കായിരിക്കും. ബെഞ്ച് ഫ്രീയായി കിട്ടാന്‍ വിഷമമാണ്. അതിരാവിലെ തന്നെ കാമുകന് കുടയുമായി വന്ന് ഇടംപിടിക്കും, എന്നിട്ട് ബെഞ്ചില്‍ വിരിഞ്ഞിരുന്ന് കാമുകിയെ കാത്തിരിക്കും. അവള് വന്നാല്‍ ഒരുമിച്ച് രണ്ടോ മൂന്നോ മണിക്കൂര്‍ പ്രണയ സല്ലാപവും കുടയുടെ മറവില്‍ സാധ്യമായ ലാളനകളും. 'നാട്ടിലെ പോലെ ഇവിടെ കുടക്കടയില്‍ ഇരിക്കുന്നവരെ ആരും എത്തി നോക്കില്ല. അതൊരു ആശ്വാസമാണ്. ഇനി ആരെങ്കിലും നോക്കുന്നുണ്ടെങ്കില്‍ അതു മലയാളിയാണെന്ന് ഉറപ്പിക്കണം.' - അവള് അങ്ങിനെ പറഞ്ഞപ്പോല്‍ ഞാന്‍ ശരിക്കും ഞെട്ടിത്തരിച്ച് ചമ്മിനിന്നു. അതു പ്രകടമാക്കാതെ അവരോടുള്ള ചങ്ങാത്തം പെട്ടെന്ന് അവസാനിപ്പിച്ച് തിരിഞ്ഞു നടന്നു. ഇനിയെന്ന് ഞാന്‍ നന്നാവുമെന്ന ആകുലതയോടെ.
%20(1).jpg?$p=eb58ce1&w=610&q=0.8)
കുഞ്ഞുനാളിലേ കൊളംബിനെ കുറിച്ചുള്ള കുറേ കഥകള്‍ കേട്ടിരുന്നു. കൂട്ടുകാരി സുഹ്റയുടെ ബാപ്പ കൊളംബിലായിരുന്നു. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കലേ നാട്ടില്‍ വരൂ. ബാപ്പ വന്നാല്‍ സുഹ്റക്ക് ഒടുക്കത്തെ കിബറാണ്. കുഞ്ഞുവിരലിലെ നഖങ്ങളില്‍ നിറക്കൂട്ട്, തിളങ്ങുന്ന പച്ചപ്പാവാട, നീളന്‍ പെന്സിലുകള്...ഒരു ദിവസം അവളുടെ ബാപ്പയെ കണ്ടു. വെളുത്തു തടിച്ച കൊമ്പന് മീശക്കാരന്. പളപളപ്പുള്ള വെള്ള മുണ്ടും ഷര്‍ട്ടും. കാലില്‍ കരകര ശബ്ദമുണ്ടാക്കുന്ന കറുത്ത ഷൂ. അത്തറിന്റെ രൂക്ഷ ഗന്ധവും. മുണ്ടിനൊപ്പം ഷൂ ധരിച്ച ഒരാളെ ആദ്യമായി കാണുകയായിരുന്നു. സുഹ്റ പറഞ്ഞു, അതാണ് കൊളംബ് സ്റ്റൈല്‍.
എന്റെ ആദ്യ ലങ്കന്‍ യാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട് ബണ്ഡാരനായകെ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കുമ്പോള്‍ നോക്കിയത് അതായിരുന്നു, ആരെങ്കിലുമുണ്ടോ സുഹ്റയുടെ ബാപ്പയെ പോലെ വെളുത്ത മുണ്ടിനൊപ്പം കറുത്ത ഷൂ ധരിച്ചിട്ട്. കൊളംബോയിലെ ഒരു മാസത്തോളം നീണ്ട വാസത്തിനിടെ പലപ്പോഴും അതു തിരഞ്ഞു. കുഞ്ഞുനാളില്‍ മനസ്സില്‍ പതിഞ്ഞ ചില ഇമേജുകള്‍ അങ്ങിനെയാണ്. ഈ നഗരത്തെ കുറിച്ച് സുഹ്റ പറഞ്ഞുകേട്ട നിറം പിടിപ്പിച്ച പല കഥകളും മറക്കാന്‍ കഴിയുന്നില്ല. കൊളംബോയില്‍ തേടി നടന്നത് സുഹ്റ വിവരിച്ചു തന്ന നിറങ്ങളും ഗന്ധങ്ങളും തന്നെയായിരുന്നു. അവള് പറഞ്ഞതു പലതും അവിടെ കാണാനായില്ലെങ്കിലും നിരാശപ്പെടേണ്ടി വന്നില്ല. സുഹ്റ മനസ്സില്‍ വരച്ചിട്ട അദ്ഭുത ലോകത്തോളം കൗതുകമുള്ളൊരു നഗരം തന്നെ കൊളംബ്...
നീണ്ടു കിടക്കുന്ന കടപ്പുറം തന്നെയാവും ഈ നഗരത്തിന്റെ ജീവന്. സുന്ദരമായ ഈ കടല്ത്തീരങ്ങളിലാണ് നഗരവാസികളുടെ ഓരോ ദിവസവും ആരംഭിക്കുന്നതും ഒടുങ്ങുന്നതും. അവരുടെ മോഹങ്ങളും പ്രണയങ്ങളും സ്വപ്നങ്ങളുമെല്ലാം നേരം പോവുംതോറും പല ഭാവങ്ങള്‍ പ്രകടമാക്കുന്ന ഈ തീരം ഏറ്റുവാങ്ങുന്നു. കൊളംബോയിലെ കടലിനെ അറിഞ്ഞു തുടങ്ങേണ്ടത് ഗാള്‍ ഫെയ്സ് ബീച്ചില്‍ നിന്നാണ്. താജ് സമുദ്ര, ഗലധാരി, ഹില്ട്ടന്, ഗാള്‍ ഫെയ്സ് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മുന്നില്‍ പരന്നുകിടക്കുന്ന ഈ തീരത്ത് ആളൊഴിഞ്ഞ നേരമില്ല. അതിരാവിലെ തന്നെ സജീവമാവുന്ന കടപ്പുറം. ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങള്‍, വഴിവാണിഭക്കാര്‍, തട്ടുകടകള്‍ പോലുള്ള ഭക്ഷണശാലകള്‍. അതിനിടയിലാണ് ഇളകിയാടുന്ന പ്രേമക്കുടകള്.
സന്ധ്യകളിലാണ് ഗാള്ഫെയ്സിന് സൗന്ദര്യത്തികവെത്തുന്നത്. അസ്തമയ സൂര്യന്റെ ചാരുതയില്‍ കടലും തീരവും ഇളം പുവപ്പ് നിറത്തില്‍ കുളിച്ചു നില്ക്കുന്നു. തട്ടുകടകള്‍ക്കു ചുറ്റും നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ 'കൊളംബോ സ്പെഷ്യല്‍' ആസ്വദിക്കാനെത്തിയ സുഹൃദ് സംഘങ്ങള്‍. പരിപ്പുവടയില്‍ ചെമ്മീനും കൊഞ്ചും ഒട്ടിച്ചുവെച്ച് ഫ്രൈ ചെയ്തിരിക്കുന്നു. ഇതിന് നല്ല ഡിമാന്റാണ്. കൊഞ്ചു വട വാങ്ങി പരീക്ഷിച്ചു നോക്കി. മോശമല്ല, പക്ഷെ ചെമ്മീന്‍ തൊലി പൊളിക്കാതെ അതേപടി ഫ്രൈ ചെയ്തതാണ്. വയറിന് കുഴപ്പമുണ്ടാവുമോ? അല്പം മാത്രം കഴിച്ച് അത് കളഞ്ഞു. കൊത്തു പൊറോട്ട ലങ്കക്കാരുടെ ദേശീയ വിഭവമാണ്. പൊറോട്ട ചെറിയ കഷ്ണങ്ങളായി നുറുക്കി ചിക്കനോ ബീഫോ പച്ചക്കറിയോ മുട്ടയോ ചേര്‍ത്ത് ചട്ടിയില്‍ ഫ്രൈ ചെയ്തെടുക്കുന്നു. ബാര്‍ബിക്യൂ ചിക്കന്‍ കഴിക്കാന്‍ എത്തിയിരിക്കുന്നത് അടുത്തുള്ള സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്ന ജര്‍മന്‍, ഇംഗ്ലീഷ് ടൂറിസ്റ്റുകളാണ്. സുന്ദരികളായ ഒരു സംഘം പെണ്‍കുട്ടികള്‍ മേശക്കു ചുറ്റുമിരുന്ന് കൊത്തു പൊറോട്ട ഓഡര്‍ ചെയ്ത് ബഹളം വെക്കുന്നു. നഗരത്തിലെ കോളേജ് വിദ്യാര്‍ഥിനികളാണ്. കൗമാരത്തിന്റെ ആഘോഷം.
അല്പം അകലെ വേള്‍ഡ് ട്രേഡ് സെന്റര്‍. അമേരിക്കയിലെ ട്രേഡ് സെന്ററിന്റെ മാതൃകയില്‍ നിര്‍മിച്ചതാണിത്. അഞ്ഞൂറടിയോളം ഉയരത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഇരട്ട കെട്ടിടങ്ങള്‍ പ്രകാശത്തില്‍ കുളിച്ചു നില്ക്കുന്നു, ഭംഗിയുള്ള കാഴ്ച്ച. നാല്പത് നിലകള്‍ വീതമുണ്ട് ഇവയ്ക്ക്. ലങ്കയിലെ ഏറ്റവും മികച്ച വ്യാപാര സമുച്ചയങ്ങളാണ് ഇവ. തൊട്ടടുത്താണ് പഴയ ഡച്ച് ഹോസ്പിറ്റല്‍. ഡച്ചുകാര്‍ നിര്‍മിച്ച പഴയ മാതൃകയിലുള്ള വിശാലമായ കെട്ടിടം. ഇതിന് ഒരു യൂറോപ്യന്‍ കൊട്ടാരത്തിന്റെ ഛായയാണ്. 1681-ല്‍ നിര്‍മിച്ചതാണ് ഈ കെട്ടിടം. 1658 മുതല്‍ 1796 വരെ ശ്രീലങ്കയെ കോളനിയാക്കിയിരുന്ന ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി അവരുടെ ഓഫീസര്‍മാരുടേയും മറ്റു ജീവനക്കാരുടേയും ആരോഗ്യ സംരക്ഷണം മുന്‍ നിര്‍ത്തി പണിത ആശുപത്രിയായിരുന്നു ഇത്. അക്കാലത്ത് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം. അന്ന് ഇവിടെ അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ക്കുള്ള കുപ്പായങ്ങള്‍ തൂത്തുകുടിയില്‍ നിന്നാണ് കൊണ്ടു വന്നിരുന്നതെന്ന് അവിടെ വെച്ചു പരിചയപ്പെട്ട ശ്രീലങ്കക്കാരനായ സുഹൃത്ത് രവി സില്‍വ ചരിത്ര രേഖകള്‍ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു. സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം ഈ കെട്ടിടം പോലീസ് സ്റ്റേഷനാക്കി. 96-ല്‍ തമിഴ് പുലികള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. അതിനു ശേഷം പഴയ മാതൃകയും ശൈലിയും നഷ്ടമാവാതെ തന്നെ ഈ കെട്ടിടം പുതുക്കിപ്പണിതു. 2011-ല്‍ ഇത് ഒരു ഷോപ്പിങ് സമുച്ചയമാക്കി മാറ്റി. അവിടെയുള്ള റസ്റ്റോറന്റുകളില്‍ ഇരുന്ന് ഒരു കപ്പ് ചായ നുണയുന്നത് വ്യത്യസ്ഥമായ അനുഭവമാണ്. നടുമുറ്റത്ത് നിരത്തിയിട്ടിരിക്കുന്ന മേശയ്ക്കു ചുറ്റുമിരുന്ന് സല്ലാപം, അതിനൊപ്പം ചായയും. പ്രാചീനവും പ്രൗഢ ഗംഭീരവുമായ ഒരന്തരീക്ഷം...
ശ്രീലങ്കയിലെ വലിയ ക്രിക്കറ്റ് താരങ്ങളായിരുന്ന മഹേല ജയവര്‍ധനെയും കുമാര്‍ സംഗക്കാരയും ചേര്‍ന്ന് നടത്തുന്ന റസ്റ്റാറന്റ്, ക്രാബ് മിനിസ്റ്ററിയും ഇവിടെത്തന്നെ. ശ്രീലങ്കന്‍ കടലില്‍ നിന്നു പിടികൂടുന്ന ഞണ്ടുകള്‍ കൊണ്ടുള്ള വിഭവങ്ങളാണ് ഇവിടെ ചൂടോടെ സെര്‍വ് ചെയ്യുന്നത്. വലിയ വില കൊടുത്തു വാങ്ങിക്കഴിച്ച ആ ഞണ്ടിറച്ചിയും ഒരനുഭവം. അതുകഴിച്ച് പുറത്തിറങ്ങിയപ്പോള്‍ ബ്രിട്ടീഷ് സ്റ്റൈലില്‍ വസ്ത്രം ധരിച്ച് തലയില്‍ ഹാറ്റൊക്കെ വെച്ചു നടക്കുന്ന ഒരു ലങ്കന്‍ പൗരനെ കണ്ടുമുട്ടി. എന്നെ ഭയപ്പെടുത്തുകയോ ലജ്ജിപ്പിക്കുകയോ ചെയ്ത ഒഴുക്കുള്ള ആംഗലേയത്തില്‍ അയാള്‍ ചോദിച്ചു. 'ഒരു അഞ്ഞൂറ് രൂപ തരുമോ? കുറച്ച് ബിയര്‍ കുടിക്കാനാണ് 'പിച്ചക്കാരന് ഭക്ഷണത്തിനു വേണ്ടി പണം ചോദിക്കാം. പക്ഷെ, മദ്യപിക്കുന്നതിനായി ഇരക്കുന്നുവോ? അതും ഒരു വലിയ തുക.' - എന്നിലെ സദാചാരവാദി സടകുടഞ്ഞെഴുന്നേറ്റ് തീതുപ്പി. (സത്യത്തില്‍ അത് അത്ര വലിയ തുകയാണോയെന്ന് അറിയില്ല. അഞ്ഞൂറ് ലങ്കന്‍ രൂപ ഇന്ത്യന്‍ രൂപയിലേക്ക് മാറുമ്പോള്‍ ഇരുന്നൂറേ വരുള്ളൂ.) എന്റെ ഭാവമാറ്റത്തില്‍ സഹതപിക്കും പോലെ മുഖം ചുളിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. 'കാശില്ലാത്തവന് മദ്യപിക്കുന്നത് കുറ്റമാണെന്ന് നിങ്ങളെ ഏത് പുസ്തകമാണ് പഠിപ്പിച്ചത്.? 'അയാള്‍ പാന്റ്സ് ഉയര്‍ത്തികാണിച്ചു. വലതുകാല്‍ മരംകൊണ്ടുള്ളതാണ്. മുമ്പ് ലങ്കയില്‍ നിരന്തരം നടന്നു കൊണ്ടിരുന്ന ബോംബ് സ്ഫോടനങ്ങളില്‍ ഒരു കാലും രണ്ട് മക്കളും നഷ്ടപ്പെട്ട മനുഷ്യനാണ്. ഒരു കാലത്ത് നല്ല നിലയില്‍ ജീവിച്ചയാള്‍. തമിഴ്പുലികളുടെ ക്രൗര്യം രണ്ടു വര്ഷമയാളെ ചിത്തരോഗാശുപത്രിയില്‍ കിടത്തി. അങ്ങനെ അയാളൊരു യാചകനായി മാറി. തന്റെ ആരാധ്യപുരുഷനായിരുന്ന ബുദ്ധനെ പോലെ ഭിക്ഷയെടുത്ത് ജീവിതം കഴിക്കുന്നു. കഥ പറഞ്ഞു കഴിഞ്ഞ ശേഷം എന്റെ അഹന്തയ്ക്ക് നേരെ ഒരു ചോദ്യമെറിഞ്ഞു. രണ്ടായിരം രൂപക്ക് ഒരു ഞണ്ടിന്‍കാല്‍ കഴിക്കുന്ന മഹാനായ നിങ്ങള്‍ക്ക് കാലില്ലാത്തൊരുവന് ബിയര്‍ കഴിക്കാന്‍ അഞ്ഞൂറ് രൂപ തന്നുകൂടേ? മനസ്സു കൊണ്ട് ആ മനുഷ്യാത്മാവിനോട് മാപ്പു ചോദിച്ച് പേഴ്സില്‍ നിന്ന് ആയിരം രൂപയെടുത്തു കൊടുത്തു.
ഒരു ബിയര്‍ കഴിക്കാന്‍ പിച്ചതെണ്ടുന്ന ഒറ്റക്കാലന് പാര്‍ക്കുന്ന ആ നഗരത്തിലെ രാത്രികള്‍ സംഭവ ബഹുലവും ഉല്ലാസകരവുമാണ്. നൈറ്റ് ക്ലബ്ബുകളും കാസിനോകളും മസാജ് പാര്‍ലറുകളും ബീച്ച് റസ്റ്റാറന്റുകളും. ഓരോരുത്തരുടെ അഭിരുചിക്കൊത്ത് എവിടെ പോവണമെന്ന് തീരുമാനിക്കാം. സകല ഉല്ലാസമാര്ഗ്ഗങ്ങളും ഇവിടെ അനുവദനീയമാണ്. ഇന്ത്യക്ക് ഇത്രയ്ക്ക് അടുത്തുകിടക്കുന്ന രാജ്യമാണെങ്കിലും സദാചാരത്തിന്റേയും ധാര്‍മികതയുടേയും സംസ്കാരത്തിന്റേയും തലങ്ങളില്‍ വലിയ അന്തരമുണ്ട്. രാത്രി ജീവിതം ഉല്ലാസപ്രദമാക്കാന്‍ ബാങ്കോക്കും മക്കാവുവും പോലെ പറ്റിയ ഇടമാണ് ഇടമാണ് കൊളംബോയും.
%20(1).jpg?$p=48fde8e&w=610&q=0.8)
അന്നത്തെ രാത്രി ഞാന്‍ അവസാനിപ്പിച്ചത് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മൗണ്ട് ലവനിയ ബീച്ച് ഹോട്ടലിലാണ്. 'കൊളോണിയല്‍ ഹെറിറ്റേജ് ഹോട്ടല്‍' എന്ന് അതിന്റെ മാനേജ്മെന്റ് വിശേഷിപ്പിക്കുന്ന ഈ സ്റ്റാര്‍ ഹോട്ടല്‍ കാഴ്ചയ്ക്കുള്ള വക നല്കുന്നു. ഹോട്ടലിനകത്തു കൂടെ കയറിയിറങ്ങിയാല്‍ കടല്‍ത്തീരത്ത് ഒരുക്കിയ അവരുടെ റസ്റ്റാറന്റിലെത്തും. കാല്‍പ്പനികമായ അനുഭവം. നേര്‍ത്ത നിലാവുള്ള കടപ്പുറത്ത് പഴയ തോണികൊണ്ട് നിര്‍മിച്ച മേശക്ക് ചുറ്റും പൂഴിയില്‍ കാലൂന്നി ഞങ്ങളിരുന്നു. മേശപ്പുറത്ത് മേശവിളക്കിന്റെ കുഴലിനുള്ളില്‍ വെച്ച മെഴുകുതിരിയുടെ അരണ്ട വെളിച്ചം. ഡിന്നര്‍ അമ്പതു മില്ലി വോഡ്ക്കയില്‍ സോഡയൊഴിച്ചു കൊണ്ടു തുടങ്ങി. ലങ്കയില്‍ മദ്യത്തിന്റെ അളവില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. അമ്പതു മില്ലി സ്മോളും നൂറ് മില്ലി ലാര്ജുമാണ്. നമുക്കത് മുപ്പതും അറുപതുമാണല്ലോ ?
വോഡ്ക്ക ഒന്നു ചൂടുപിടിപ്പിക്കുമ്പോഴേക്കും ശ്രീലങ്കക്കാരുടെ പരമ്പരാഗത വസ്ത്രം ധരിച്ച രണ്ടു പാട്ടുകാര്‍ ഓടിയെത്തി. ഒരാളുടെ കൈയ്യില്‍ ഗിറ്റാര്‍, മറ്റേയാളുടെ കൈയ്യില്‍ ശ്രീലങ്കന്‍ ഡ്രം. സിംഹളീസ് പാട്ടിലാണ് അവര്‍ തുടങ്ങിയത്. ഞങ്ങള്‍ ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോള്‍ 'സുഹാനാ സഫര്‍...' ആലപിച്ചു. ടിപ്പ് വാങ്ങി നന്ദി പറഞ്ഞ് അടുത്ത ടേബിളിലേക്ക്. അവിടെ പുതുതായി വിവാഹിതരായ ദമ്പതികള്‍ പരസ്പരം കണ്ണുകളിലേക്ക് നോക്കിയിരിക്കുന്നു. അവര്‍ക്കു വേണ്ടി പ്രണയ ഗാനങ്ങളാണ് പാടുന്നത്.
Also Read
പൂഴി മണലിലൂടെ ലുങ്കിയും ബ്ലൗസും ധരിച്ച പെണ്‍കുട്ടികള്‍ ഓടി നടക്കുന്നു. അവരാണ് വെയിറ്റര്‍മാര്‍. ഞങ്ങള്ക്കരികിലെത്തിയ സുന്ദരിയായ പെണ്‍കുട്ടി പറഞ്ഞു. റസ്റ്റാറന്റിനകത്ത് വന്നാല്‍ കടല്‍ വിഭവങ്ങള്‍ കണ്ട് ഓര്‍ഡര്‍ ചെയ്യാം. തുറന്ന ഹാള്‍ പോലെ കെട്ടിയുയര്‍ത്തിയ റസ്റ്റാറന്റിനകത്ത് ചെന്നപ്പോള്‍ കണ്ണാടിക്കൂട്ടിനകത്ത് പിടയ്ക്കുന്ന വിഭവങ്ങള്‍, പലതരം മല്‍സ്യങ്ങളും ഞണ്ടും വലിയ കൊഞ്ചും. ഒരോന്നിന്റേയും വില എഴുതി വെച്ചിരിക്കുന്നു. ഓഡര്‍ ചെയ്താല്‍ നമ്മുടെ മുന്നില്‍ വെച്ച് മുറിച്ച് വൃത്തിയാക്കി പാകം ചെയ്തു തരും. തൂക്കിയാണ് വിലയിടുന്നത്. 250 ഗ്രാം ട്യൂണ വാങ്ങി കഴിച്ചാണ് തിരിച്ചു പോന്നത്. അടുത്ത ദിവസവും ഞാന്‍ നിശാ സഞ്ചാരത്തിന് ഇറങ്ങി. ഇത്തവണ നേരെ നൈറ്റ് ക്ലബ്ബിലേക്ക്. ചിലവേറിയ ഏര്‍പ്പാടാണ്. ബിയറിനും മറ്റു പാനീയങ്ങള്‍ക്കും തീവില. ഉച്ചത്തിലുള്ള സംഗീതത്തിനൊത്ത് നൃത്തം ചവിട്ടാം. ചുവടു വെക്കാന്‍ സുന്ദരികളായ പെണ്‍കുട്ടികളേയും ഒപ്പം കൂട്ടാം. പക്ഷെ അവര്‍ ഓഡര്‍ ചെയ്യുന്ന എനര്‍ജി ഡ്രിംഗ്സിന് അന്യായ വില നല്‍കണം.
ചൂതാട്ടം നിയമ വിധേയമാക്കിയ രാജ്യമാണ് ലങ്ക. കൊളംബോയില്‍ സ്റ്റാര്‍ ഹോട്ടലുകളോട് ചേര്‍ന്ന് കുറേയേറെ കാസിനോകളുണ്ട്. ഇതില്‍ പ്രസിദ്ധമായ സിനമെന്‍ ലെയ്ക്ക് ഹോട്ടലിലെ കാസിനോയിലേക്ക് എന്നെ കൊണ്ടു പോയത് വര്‍ഷങ്ങളായി കൊളംബോയില്‍ ടൂറിസം മേഖലയില്‍ ജോലിചെയ്യുന്ന വടകരക്കാരന് ശ്രീകുമാറാണ്. ശ്രീകുമാറിന് ഈ നഗരം കൈവെള്ളയിലെ പന്തു പോലെയാണ്. ഹാളിനകത്തേക്ക് കടക്കുമ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് ചോദിക്കുന്നു, 'നിങ്ങള്‍ വിദേശിയോ ലങ്കക്കാരനോ?' കാര്യം ഇതാണ് വിദേശികള്‍ക്കേ കാസിനോയില്‍ കയറി ചൂതാടാന്‍ അനുവാദമുള്ളൂ. പക്ഷെ കാസിനോക്കകത്ത് ഞങ്ങള്‍ കണ്ടുമുട്ടിയ പലരും ലങ്കക്കാര്‍ തന്നെയായിരുന്നു. അകത്ത് അമ്പതു ടേബിളുകളിലെങ്കിലും ചൂതാട്ടം നടക്കുന്നുണ്ട്. കൗണ്ടറില്‍ ചെന്ന് പണം കൊടുത്ത് ഏതെങ്കിലും നിറത്തിലുള്ള പ്ലാസ്റ്റിക് ടോക്കണുകള്‍ വാങ്ങണം. ടേബിളുകള്‍ക്ക് മുകളിലെ വിവിധ നമ്പറുകള്‍ എഴുതിയ കളങ്ങളില്‍ നിങ്ങള്‍ക്ക് ഈ ടോക്കണുകള്‍ വെക്കാം. അതിനു ശേഷം മേശപ്പുറത്തു തന്നെ ഉറപ്പിച്ച വീല്‍ കറങ്ങാന്‍ തുടങ്ങും. വീലിലൂടെ ഒരു ഗോലിയും കറങ്ങുന്നു. വീല്‍ കറങ്ങി നില്ക്കുമ്പോള് ഗോലി ചെന്നു വീഴുന്നത് ഏത് സംഖ്യയിലാണെന്നതാണ് വിജയിയെ നിര്‍ണയിക്കുന്ന ഘടകം. നിങ്ങള്‍ ടോക്കണ്‍ വെച്ച സംഖ്യയാണ് അതെങ്കില്‍ കൂടുതല്‍ ടോക്കണുകള്‍ തരും. ഒടുവില്‍ നിങ്ങളുടെ കയ്യിലുള്ള ടോക്കണുകള്‍ കൗണ്ടറില്‍ നല്കി പണമാക്കി മാറ്റാം. രണ്ടായിരം ലങ്കന്‍ രൂപ കൈയ്യിലെടുത്തു വെച്ച് ഞാന്‍ കളിക്കാനിറങ്ങി. അഞ്ചു പ്രാവശ്യം ഞാന്‍ ടോക്കണ്‍ വെച്ച സംഖ്യയില്‍ തന്നെ ഗോലി വന്നു വീണു. എന്റെ രണ്ടായിരം പന്ത്രണ്ടായിരമായി മാറി. ഇനിയും കളിക്കാനുള്ള ഒരു ആവേശം. ടോക്കണ്‍ വീണ്ടും വെക്കാന്‍ തനിയുമ്പോള് ശ്രീകുമാര്‍ കൈയ്യില്‍ കടന്നുപിടിച്ചു. എന്റെ കണ്ണുകളിലേക്ക് നോക്കി ശ്രീകുമാര്‍ പറഞ്ഞു.- ' മതി'.
ഇയാളാരാ എന്നെ തടയാന്‍ എന്ന് ചിന്തിച്ച് ദേഷ്യം വന്നെങ്കിലും ഞാന്‍ ശ്രീകുമാറിനെ അനുസരിച്ചു. പുറത്തു കൈവെച്ചു കൊണ്ട് ശ്രീകുമാര്‍ പറഞ്ഞു.-' അനിയാ, കാസിനോകളെ കുറിച്ച് ഒരു അനുഭവമുണ്ടാവട്ടെയെന്ന് കരുതിയാണ് നിങ്ങളെ ഇവിടെ കൊണ്ടു വന്നത്. കളിച്ചോളാന്‍ പറഞ്ഞതും അതുകൊണ്ടു തന്നെ. മധുരം തിന്നാനെത്തുന്നവര്ക്ക് ആദ്യം കൈനിറയെ പലഹാരങ്ങള്‍ കിട്ടും. പിന്നെ അതിന് കയ്പ്പായി മാറും. വല്ലാതെ കയ്ച്ചാലും പക്ഷെ തീറ്റി നിര്‍ത്താനാവില്ല. അതാണ് കാസിനോകളിലെ അനുഭവം. കുറച്ച് പൈസ കിട്ടിയപ്പോള്‍ നിങ്ങളുടെ കണ്ണിലെ ആര്‍ത്തി ഞാന്‍ കണ്ടു. അതപകടമാണ്. സകല പണവും പോവും. പിന്നെ നാട്ടിലേക്ക് തിരിച്ചുപോവാന്‍ കടം വാങ്ങേണ്ടി വരും. മുമ്പ് ഞാനൊരുപാട് കളിച്ചു നോക്കിയതാ. സമ്പാദ്യം കുറേകളഞ്ഞിട്ടുണ്ട്.'
കാസിനോയില്‍ കളിക്കാനെത്തുന്നവര്‍ക്ക് ഭക്ഷണവും ഡ്രിങ്സും സൗജന്യമാണ്. പക്ഷെ പണം മുടക്കി കളിക്കാതെ ഭക്ഷണം കഴിക്കാന്‍ മാത്രമായി എത്തുന്നവരെ പിടികൂടി പുറത്താക്കാന്‍ കറുത്ത വസ്ത്രം ധരിച്ച കുറേ മസിലന്മാര് അവിടെയിവിടെയായി നില്‍ക്കുന്നുണ്ട്. ഇത്തരം ആളുകളെ നേരത്തെ നൈറ്റ്ക്ലബ്ബുകളിലും കണ്ടിരുന്നു. ഞങ്ങള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സാമാന്യം തടിച്ച സുന്ദരിയായ ഒരു സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചു. അവര്‍ ഓടി നടന്ന് ഓരോ വീലിലും പോയി ടോക്കണ്‍ വെച്ചു കൊണ്ടിരിക്കുന്നു. ടോക്കണ്‍ തീരുമ്പോള്‍ പുതിയത് വാങ്ങാനായി കൗണ്ടറിലേക്ക് ഓടുന്നു. ശ്രീകുമാറിന് ആളെ അറിയാം. എല്ലാ ശനിയാഴ്ച്ചകളിലും മുംബൈയില്‍ നിന്നു വന്ന് ഇവിടെ താമസിച്ച് ചൂതാട്ടം നടത്തി തിരിച്ചു പോവുന്ന ഗുജറാത്തി സ്ത്രീയാണത്. വലിയ ഏതോ വ്യവസായിയുടെ മകളാണ്. ചിലപ്പോള്‍ കൈനിറയെ പണം കിട്ടും. മറ്റു ചിലപ്പോള്‍ പാപ്പരായി മടങ്ങും. രണ്ടായാലും ഉത്സാഹത്തിന് ഒരു കുറവുമില്ല. ശരിയാണ് ഞാന്‍ ശ്രദ്ധിച്ചു അവരുടെ ചുണ്ടുകളില്‍ ഗൂഢമായ ഒരു ചിരിയുണ്ട്.
കൊളംബോയിലെത്തി സ്വര്‍ഗ്ഗത്തിന്റെ വാതില്‍ അന്വേഷിക്കുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസത്തിനായി നിറയെ മസാജ് സെന്ററുകളുണ്ട് പലതരം മസാജുകള്‍ ഉണ്ട്. സാധാരണ ഫൂട്ട് മസാജ് മുതല്‍ ബോഡി ടു ബോഡി മസാജ് വരെ. ചിലത് ആയുര്‍വേദ മസ്സാജുകള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീകളും പുരുഷന്മാരും മസ്സാജ് ചെയ്തു തരും. തായ്, ചൈനീസ്, ലങ്കന്‍ യുവതികളുടെ മസ്സാജിന് വ്യത്യസ്ത നിരക്ക് ആണ് ഈടാക്കുന്നത്. പല മസ്സാജുകളും സെക്സ് ടൂറിസത്തിന്റെ ഗണത്തില്‍ പെടുത്താവുന്നതും. മസ്സാജിന് ശേഷമുള്ള ഹാപ്പി എന്‍ഡിങ്ങിന് പ്രത്യേകം പണം നല്‍കണമെന്നു മാത്രം.
കാന്‍ഡിയിലേക്ക്
വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് കൊളംബോയില്‍ നിന്ന് കാന്‍ഡിയിലേക്ക് യാത്രതിരിച്ചത്. കൊളംബോയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മുറ്റത്തിറങ്ങി മുന്നില്‍ നിര്ത്തിയിട്ടിരിരുന്ന ടൊയോട്ട വാനിന്റെ ഡ്രൈവറുമായി അല്പനേരം വിലപേശി. കാന്‍ഡിയിലേക്ക് 130 കിലോമീറ്റര്‍. ഒരു ദിവസം താമസിച്ച് തിരിച്ചുവരാന്‍ 15000 ശ്രീലങ്കന്‍ രൂപയാണ് ഡ്രൈവര്‍ പറഞ്ഞത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി കണക്കുകൂട്ടി നോക്കിയപ്പോള്‍ ഡീല്‍ മോശമല്ലെന്ന് ഉറപ്പിച്ചു. എട്ടു പേര്‍ക്ക് സുഖകരമായി ഇരിക്കാവുന്ന വിശാലമായ വാനില്‍ ഞങ്ങള്‍ മൂന്നുപേര്‍ക്ക് രാജകീയ യാത്ര... വര്‍ഷങ്ങളായി ശ്രീകുമാര്‍ തന്നെയാണ് ഈ യാത്രയിലും ഞങ്ങളെ നയിക്കുന്നത്. ശ്രീകുമാറിന് സിംഹളീസ് ഭാഷയറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതു വലിയ നേട്ടം തന്നെ! രാവിലെ ആറു മണിക്ക് കൊളംബോ വിട്ടു.
.jpg?$p=e566035&w=610&q=0.8)
ഒറ്റവരിയിലാണെങ്കിലും മോശമല്ലാത്ത റോഡ്. റോഡില്‍ തിരക്കുകൂടി വരും മുമ്പ് കൊളംബോയ്ക്ക് പുറത്തുകടന്നു. ഇനിയൊരു അഞ്ചുമിനുറ്റ് കണ്ണടച്ചിരിക്കുക. തുറക്കുമ്പോഴേക്കും കേരളത്തില്‍ എത്തിക്കഴിഞ്ഞു. നോക്കിന്നിടത്തൊക്കെ തെങ്ങും കവുങ്ങും പറങ്കിമാവും. റോഡരികിലെ കടകള്‍ക്കും വീടുകള്‍ക്കും എല്ലാമുണ്ട് കേരളാ ടച്ച്. ബ്രേക്ക്ഫാസ്റ്റ് കഴിക്കാനിറങ്ങിയ കടയില്‍ വെള്ളയപ്പവും ഇടിയപ്പവും പുട്ടും. ചൂടുള്ള മീന്‍കറിയും റെഡി. രാവിലെ മീന്‍കറിയും കൂട്ടി പുട്ടും വെള്ളയപ്പവും ശാപ്പിടുന്നവര്‍ മല്ലൂസ് മാത്രമല്ലെന്ന് മനസ്സിലായി. ഹോപ്പറെന്നാണ് വെള്ളയപ്പത്തിന് പറയുന്നത്. ആപ്പമെന്നു പറഞ്ഞാലും മനസ്സിലാവും. ഇടിയപ്പം സ്ട്രിങ് ഹോപ്പറാണ്. പുട്ടിന് തനി കോഴിക്കോടന്‍ ശൈലിയില്‍ പിട്ടെന്ന് പറഞ്ഞാല്‍ മതി. പിട്ടിനോട് തന്നെയാണ് ലങ്കക്കാര്‍ക്ക് കൂടുതല്‍ ഇഷ്ടം.
എങ്ങനെ നമ്മുടെ പുട്ടും വെള്ളയപ്പവും ഇവിടെയെത്തി? സീതയെ തട്ടികൊണ്ടു പോയപോലെ ഏതോ രാവണന് തട്ടിയെടുത്തതാവും. കാന്‍ഡിയിലേക്കുള്ള വഴിയിലെ ഓരോ കൊച്ചു തെരുവുകളും ഓരോ ഉല്‍പ്പന്നത്തില്‍ സ്പെഷ്യലൈസ് ചെയ്ത പോലെ. ഒരിടത്ത് എല്ലാ കടകളിലും പൈനാപ്പിള്‍ മാത്രം. അടുത്ത തെരുവ്, കശുവണ്ടിക്ക് മാത്രമാണ്. ഇരുകൈകളിലും കശുവണ്ടി പാക്കറ്റുകളുമായി നിറമുള്ള ഫ്രോക്ക് ധരിച്ച സുന്ദരി പെണ്‍കുട്ടി ഞങ്ങളുടെ വണ്ടിക്കരികിലേക്ക് വരുന്നു. അവളുടെ സൗന്ദര്യത്തില്‍ മയങ്ങിപോയതാവാം. ഡ്രൈവറുടെ കാല് ബ്രേക്കിലമര്‍ന്നു. മടക്കികെട്ടിയ മുടി അഴിച്ചിട്ടാല്‍ നിലത്തിഴയും. സാച്ചിയെന്നാണ് അവളുടെ പേര്. ഞങ്ങള്‍ എത്ര കശുവണ്ടി പാക്കറ്റുകള്‍ വാങ്ങിയെന്ന് കണക്കില്ല. അടുത്ത തെരുവ് പപ്പായ കച്ചവടക്കാരുടേതാണ്. അതിനടുത്തത് തക്കാളിത്തെരുവ്.
ദാഹമുണ്ട് എല്ലാവര്ക്കും. വഴിയില്‍ ഒരു ഇളനീര് കച്ചവടക്കാരിയുടെ ക്ഷണം. ഇളനീരിനൊപ്പം മധുരമുള്ള ഓറഞ്ചും റംബൂട്ടാനും. റംബൂട്ടാന് ഇവിടെ സുലഭമാണ്. വലിയ തോട്ടങ്ങള്‍ തന്നെയുണ്ട്. നാനൂറ് രൂപ മുടക്കിയപ്പോള്‍ ദാഹം പമ്പ കടന്നു. അമ്പേപൂസെ ഗ്രാമത്തിലാണ് ഉച്ചഭക്ഷണം. റോഡരികില്‍ ചെറിയോരു കുന്നിന് മുകളില്‍ മനോഹരമായൊരു ഗസ്റ്റ് ഹൗസ്. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ബുഫെ ലഞ്ച് ഒരുക്കിയിരിക്കുന്നു. അവിടെയെത്തിയിരിക്കുന്നത് അധികവും ചൈനീസ് ടൂറിസ്റ്റുകളാണ്. ശ്രീലങ്കയില്‍ എങ്ങും ഇപ്പോള്‍ കൂടുതലായി എത്തുന്നത് ചൈനയില്‍ നിന്നുള്ള സഞ്ചാരികള്‍ തന്നെ. ഫാഹിയാന്റെ പിന്തുടര്ച്ചക്കാര് !
%20(1).jpg?$p=2625d73&w=610&q=0.8)
കുത്തരിയുടെ ചോറും മീന്‍ കറിയും ബീന്‍സും തേങ്ങാപൂളും ചേര്‍ത്ത ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും ചേര്‍ത്തുള്ള വിഭവ സമൃദ്ധമായ ബുഫെ ലഞ്ച് ! ചൈനക്കാര്‍ക്ക് ചൈനീസ് ഭക്ഷണവും വിളമ്പുന്നു. അവിടെ വെച്ച് എനിക്കൊരു ചൈനീസ് കൂട്ടുകാരിയെ കിട്ടി. തല്ക്കാലം ഫെന്‍ എന്നു വിളിച്ചോളാന്‍ പറഞ്ഞു. ബുദ്ധനോടുള്ള ഭക്തിയാണ് ഫെന്നിനെ ലങ്കയിലെത്തിച്ചത്. ബുദ്ധന് പിറന്ന നേപ്പാളിലെ ലുംബിനിയിലും അശോകന് സ്ഥാപിച്ച ബുദ്ധസ്തൂപമുള്ള ബീഹാറിലെ സാഞ്ചിയിലും എല്ലോറയിലുമെല്ലാം പോയ ശേഷമാണ് ഫെന്‍ ഇവിടെ വന്നിരിക്കുന്നത്. ബുദ്ധനോടുള്ള ഇഷ്ടം ഫെനിനെ ഇന്ത്യന്‍ ആരാധികയായാക്കി മാറ്റിയിരിക്കുന്നു. ' ഇന്ത്യയില്‍ ജനിച്ച നിങ്ങള്‍ ഭാഗ്യവാനാണ് ' അതു കേട്ടപ്പോല്‍ എന്റെ കണ്ണുനിറഞ്ഞു പോയി. ആദ്യമായായിരുന്നു ഒരു ചൈനക്കാരി അങ്ങനെ പറയുന്നത് ഞാന്‍ കേട്ടത്. ലോകത്തെവിടെ പോയാലും ചൈനക്കാരെ കണ്ടുമുട്ടാറുണ്ട്. ലോകത്ത് ഏറ്റവുമധികം യാത്രചെയ്തു കൊണ്ടിരിക്കുന്നവര്‍ അവരാണെന്ന് തോന്നുന്നു. ഫെന്‍ ബീജിങ്ങില്‍ ബീസിനസുകാരിയാണ്. ഉണക്ക മാംസത്തിന്റെ കച്ചവടം. ഓരോ വര്‍ഷവും ലഭിക്കുന്ന ലാഭം യാത്ര ചെയ്തു തീര്‍ക്കുന്ന രീതിയിലാണ് ജീവിതം. വിവാഹിതയായിരുന്നു. പിന്നീട് പിരിഞ്ഞു. ഒരു മകനുണ്ട്. അവന് സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയായി. എല്ലാ അര്‍ത്ഥത്തിലും ഫെന്‍ ഇപ്പോളൊരു ഫ്രീ സ്പിരിറ്റാണ്. ബുദ്ധന്റെ വഴിയെ സഞ്ചരിക്കുന്നതിലാണ് ഇഷ്ടം. ഇപ്പോഴങ്ങനെ ചെയ്യുന്നു.
ലങ്കയില്‍ നിന്ന് ഇനി ജപ്പാനിലേക്കാണ്. ഫെന്നിന് ലങ്കയിലെ ഭക്ഷണം ഇഷ്ടമാണ്. പക്ഷെ തേങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന ഒന്നും കഴിച്ചു കൂടാ. പൊതുവെ ചൈനക്കാര്‍ അങ്ങിനെയാണ്. അവര്‍ക്ക് നാളികേരം അലര്‍ജിയാണ്. ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. മലകളും കുന്നുകളും നിറഞ്ഞ പ്രദേശത്തു കൂടെ നീണ്ടു കിടക്കുന്ന റോഡ് മലകള്‍ കയറിപോവുന്നു. നമ്മുടെ പഴശ്ശിരാജാവിനെ പോലെ വൈദേശിക ആക്രമണത്തെ ചെറുത്തുനിന്ന ഒരു വീരന് ഇവിടുത്തുകാര്ക്കുമുണ്ടായിരുന്നു. സുറ സറദിയല്. മലയ്ക്ക് മുകളില്‍ ഒളിച്ചിരുന്ന് ബ്രീട്ടീഷ് സൈന്യത്തെ ഗറില്ലാ മുറയില്‍ ആക്രമിച്ച് നിലംപരിശാക്കിയ ശ്രീലങ്കന്‍ റോബിന്‍ഹുഡിന്റെ കഥപറഞ്ഞ് ഊറ്റം കൊള്ളുന്നു തദ്ദേശീയ ജനത. ആ ചെറുത്തുനില്‍പ്പിനെ പരാജയപ്പെടുത്താന്‍ ബ്രിട്ടീഷുകാരനായ ക്യാപ്റ്റന്‍ ഡോസനാണ് കാന്‍ഡിയിലേക്കുള്ള ഈ റോഡ് നിര്‍മിച്ചത്. അധിനിവേശങ്ങള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കും പോരാട്ടങ്ങള്‍ക്കും എല്ലാ നാട്ടിലും ചില സമാനതകള്‍ ഉണ്ട്. കടുഗെണ്ണാവ എന്നു പേരുള്ള ചെറിയൊരു ടൗണ്‍ഷിപ്പ് എത്തി. കാന്‍ഡിയിലേക്കുള്ള പ്രവേശന കവാടമാണത്. ആ പട്ടണത്തെ കുറിച്ച് എം.ടി വാസുദേവന്‍ നായര്‍ എഴുതിയത് ഓര്‍മവന്നു. കഥാനായകന് കടുഗെണ്ണാവിയിലെ ഹോട്ടലില്‍ അച്ഛനെ തിരഞ്ഞു ചെല്ലുന്നതായിരുന്നു ആ കഥ.
പ്രകൃതിരമണീയമെന്നെല്ലാം എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന സുന്ദര ദൃശ്യമാണ് കാന്‍ഡി. അരികിലേക്കെത്തും തോറും ആ ഭംഗി കൂടിവരുന്നതേയുള്ളൂ. വലിയൊരു തടാകം. അതിനു ചുറ്റും കുന്നിന് ചെരിവുകളില്‍ ബ്രിട്ടീഷ് മാതൃകയില്‍ നിര്‍മിച്ച ഓടിട്ട കെട്ടിടങ്ങള്‍. അവയെ ചുറ്റി നിറയെ മരങ്ങള്‍. മുന്നോട്ടു നടക്കുമ്പോള്‍ കാലത്തിന് സംഭവിച്ച ഓര്‍മത്തെറ്റുപോലെ ഇടുങ്ങിയ റോഡിനിരുവശത്തും പഴയ മാതൃകയിലുള്ള കെട്ടിടങ്ങളുടെ നിര. പഴമയുടെ ഗന്ധം പരത്തുന്ന ഈ നഗരം കൊളോണിയല്‍ ഗൃഹാതുരത്വത്തിന്റെ പ്രതീകമാണ്. പഴയ കാലത്തേക്കുള്ള ആ നടപ്പ് പൂര്‍ത്തിയാക്കി സന്ധ്യ മയങ്ങുമ്പോഴേക്കും തടാകക്കരയില്‍ തിരിച്ചെത്തി. ഇപ്പോള്‍ ഈ തടാകത്തെ ആരോ വിവിധ നിറങ്ങള്‍ കൊണ്ട് ചായം പിടിപ്പിച്ചിരിക്കുന്നു. ആ ചായക്കൂട്ടിലേക്ക് നോക്കി നിശബ്ദരായി ഇരിക്കുന്ന ഒട്ടേറെ പേരുണ്ട്. പ്രണയവും സ്നേഹവും മോഹങ്ങളും പങ്കുവെച്ചുകൊണ്ടുള്ള ഇരിപ്പ്. അവിടെവെച്ച് പരിചയപ്പെട്ട ബ്രിട്ടീഷുകാരനായ സഞ്ചാരി ഇവാന് പറഞ്ഞു, 'എനിക്കെന്തൊ, ഈ തടാകക്കരയില്‍ മുമ്പെങ്ങോ വന്നപോലെ തോന്നുന്നു. ശരിക്കും നൊസ്റ്റാള്‍ജിക്കാവുന്നു ഞാന്‍.' മുജ്ജന്മ്മത്തില് ഇവാന് ജീവിച്ചിരുന്നത് കാന്ഡിയിലായിരുന്നുവെന്ന നിഗമനത്തിലെത്തിയാണ് ഞങ്ങള്‍ പിരിഞ്ഞത്.
നുവാറ ഏലിയയെന്ന സൗന്ദര്യം
കാന്‍ഡിയില്‍ നിന്നാണ് നുവാറ ഏലിയയിലേക്ക് പോയത്. ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയ വേനല്‍ക്കാല സുഖവാസകേന്ദ്രമാണത്. സിംലയെയും മൂന്നാറിനെയും വെല്ലുന്ന ദൃശ്യഭംഗിയുള്ള ഇടം. രാത്രിയിലാണ് അവിടെയെത്തിയത്. രോമകുപ്പായങ്ങള്ക്ക് തടുക്കാനാവാത്ത കൊടിയ തണുപ്പ്. മുറിയിലെത്തിയ ശേഷം ബാത്ത് റൂമിലെ ഷവറിന്റെ ടാപ്പ് ഓണ്‍ ചെയ്ത് ശരീരത്തിലേക്ക് വെള്ളം വീഴ്ത്തിയപ്പോള്‍ ഉണ്ടായ അനുഭവം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനും വയ്യ. തണുത്തുറഞ്ഞ് ഐസു പോലുള്ള വെള്ളം ! നിന്ന നില്പ്പില് മരവിച്ചു പോവുമെന്നാണ് തോന്നിയത്. കുറ്റം എന്റേതു തന്നെ. ഹീറ്റര്‍ ഓണ്‍ചെയ്ത ശേഷം വെള്ളം ചൂടാവാനുള്ള സാവകാശം കോടുത്തില്ല. പിന്നെ പതുക്കെ വെള്ളത്തിന് ചൂടു കയറി വന്നു. ശരീരം സാധാരണ അവസ്ഥയിലെത്തി. കട്ടിലില്‍ രണ്ടു കമ്പിളിപുതപ്പുകള് ഒരുമിച്ചിട്ടു മൂടി കിടന്നപ്പോള്‍ തണുപ്പു ശമിച്ചു. അതിന്റെയൊരു സുഖം കൊണ്ടു തന്നെയാവാം രാവിലെ ഉറക്കമുണര്‍ന്നത് വൈകിയാണ്. മുറിയുടെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴുള്ള കാഴ്ച്ച അതിസുന്ദരമെന്നേ തല്ക്കാലം പറയാനുള്ളൂ. മൂന്നാറിനേയും ഊട്ടിയേയും പിന്നിലാക്കുന്ന ദൃശ്യഭംഗി! വലിയൊരു തടാകം, പുല്‍മേടുകള്‍, പൂക്കള്‍, കുന്നുകള്‍... കുളിയും തേവാരവും പെട്ടെന്നു കഴിച്ച് പുറത്തേക്കിറങ്ങി. ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിതമാണ് ഈ സുഖവാസസ്ഥലം. ഇംഗ്ലീഷ് മാതൃകയിലാണ് കെട്ടിടങ്ങളും മൈതാനങ്ങളുമെല്ലാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ലിറ്റില്‍ ഇംഗ്ലണ്ട് എന്നാണ് നുവാറ എലിയയുടെ വിളിപ്പേര്.
സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. നുവാറ എലിയ എന്നത് നാട്ടുകാര്‍ പറഞ്ഞു പറഞ്ഞാണ് നുറേലിയ ആയത്. താരതമ്യേന നല്ല ഉഷ്ണമുള്ള നഗരമാണ് കൊളംബോ. അവിടെ നിന്ന് 180 കിലോമീറ്റര്‍ മാത്രം അകലെയുള്ള നുറേലിയയില്‍ കൊടും തണുപ്പും. ഈ തണുപ്പു തന്നെയാണ് മുമ്പ് ലങ്കയെ കോളനിയാക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാരെ ഇങ്ങോട്ട് ആകര്‍ഷിച്ചത്. ഇവിടുത്തെ ബ്രിട്ടീഷ് ഭരണ മേധാവിയായിരുന്ന മേജര്‍ ജോണ്‍ ഡോയന്‍ 1819-ലാണ് ഈ സുഖവാസ കേന്ദ്രം കണ്ടെത്തിയത്. വേട്ടയ്ക്കെത്തിയ ഡോയന്റെ സംഘം നുറേലിയയുടെ സൗന്ദര്യത്തില്‍ അഭിരമിച്ചു പോയി. പൊതുവേ ശീതജീവികളായ ബ്രിട്ടീഷുകാര്‍ നുറേലിയയെ വേനല്‍ക്കാല വസതിയാക്കി മാറ്റുകയായിരുന്നു. ഞങ്ങള്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങി നടക്കുന്നത് നിറയെ കടകളും ഷോപ്പിങ് സെന്ററുകളുമുള്ള ചെറിയൊരു തെരുവിലൂടെയാണ്. റെഡിമെയ്ഡ് തുണിത്തരങ്ങളും ലെതര്‍ ഷൂകളും വില്‍ക്കുന്ന കടകള്‍ക്കിടയില്‍ മുന്തിയ ഇനം ശ്രീലങ്കന്‍ ചായയുടെ ഔട്ട്ലെറ്റുകളും. നുറേലിയയില്‍ വന്‍തോതില്‍ തേയില കൃഷിയുണ്ട്. മുന്തിയ ഇനം ഗ്രീന്‍ ടീയും വ്യത്യസ്ത ഫ്ളേവറിലുള്ള തേയിലകളും വില്‍പ്പനയ്ക്കുണ്ട്. ഓറഞ്ച്, ആപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങളുടെ ഫ്ളേവറുള്ള ചായപ്പൊടിയും ഈ കടകളിലുണ്ട്. സമയമിപ്പോള്‍ രാവിലെ ഒന്‍പതു മണി. സൂര്യകിരണങ്ങള്‍ പതുക്കെ തണുപ്പകറ്റി തുടങ്ങിയിരിക്കുന്നു.
പ്രഭാതസവാരി രസംപിടിപ്പിക്കുന്നതാണ്. നടക്കും തോറും തണുപ്പിന്റെ കാഠിന്യം കുറഞ്ഞുവരുന്നു. കാഴ്ച്ചകളാവട്ടെ മനോഹരങ്ങളാണ്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ നക്ഷത്ര ഹോട്ടലുകള്‍ മിക്കതും കൊളോണിയല്‍ പ്രൗഢി പേറുന്നു. ഒരു കിലോമീറ്റര്‍ നടന്നു കാണും, മനോഹരമായ തടാകത്തിന്റെ കരയിലേക്കാണ് എത്തിപ്പെടുന്നത്. തടാകക്കരയില്‍ പച്ചപ്പുല്ലിന്റെ വിരിപ്പ്. കൊച്ചു കൊച്ചു പൂന്തോപ്പുകള്‍. അതിനിടയിലൂടെ സൈക്കിള്‍ സവാരിക്കുള്ള പാത. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെ പേര് സൈക്കിള്‍ സവാരിക്ക് ഇറങ്ങിയിട്ടുണ്ട്. തടാകക്കരയില്‍ ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നു 'ഗ്രിഗറി ലെയ്ക്ക്' 1873ല്‍ ബ്രിട്ടീഷ് ഗവര്‍ണറായിരുന്ന സര് വില്യം ഗ്രിഗറിയാണ് ഈ തടാകത്തെ മോടി പിടിപ്പിച്ചത്.
തടാകക്കരയിലെ പച്ചപ്പുല്‍ വിരിപ്പില്‍ വെറുതെ മലര്‍ന്നു കിടന്നു. അറിയാതെ മയങ്ങിപ്പോയി. സുറാംഗിണി.. സുറാംഗിണി.. എന്ന ചിരപരിചിതമായ പാട്ടു കേട്ടാണ് ഉണര്‍ന്നത്. യുവാക്കളുടെ ഒരു ചെറിയ സംഘം അല്പമകലെ തമ്പടിച്ചിരിക്കുന്നു. ഗിറ്റാറും ചെറിയ ഡ്രമ്മുകളുമായി ഒരു ഗാനമേള. അവര്‍ പാടുന്ന പാട്ട് സുപരിചിതമായ ഒന്നാണ്, 'സുറാംഗിണി.. സുറാംഗിണി..' ശീലങ്കന്‍ പോപ്പ് ഗായകന് എ.ഇ. മനോഹരന് ഏഴുപതുകളില്‍ പാടി തകര്‍ത്ത സിംഹളീസ് ഗാനമാണത്. ശ്രീലങ്കന്‍ റേഡിയോയിലൂടെ ലോകം മുഴുവന്‍ പ്രസിദ്ധമായി തീര്‍ന്നു. ഈ പാട്ടിന്റെ തമിഴ് പതിപ്പ് ഇളയരാജ സംഗീതം നല്കി 'അവര്‍ എനക്കെ സ്വന്തം' എന്ന തമിഴ് സിനിമയില്‍ അവതരിപ്പിച്ചതോടെ അത് ഇന്ത്യയിലെങ്ങും ഇന്‍സ്റ്റന്റ് ഹിറ്റായി മാറുകയായിരുന്നു.
%20(1).jpg?$p=41dc951&w=610&q=0.8)
ഞങ്ങള്‍ ഈ ഗായകരെ പരിചയപ്പെട്ടപ്പോള്‍ അവര്‍ സുറാംഗണിയുടെ തമിഴ് പതിപ്പിലേക്ക് സ്വിച്ചോവര്‍ ചെയ്തു. ഇന്ത്യക്കാര്‍ക്ക് ഈ പാട്ട് ഏറെ പ്രിയപ്പെട്ടതാണെന്നും തമിഴില്‍ മലേഷ്യ വാസുദേവനും രേണുകയും ഹിന്ദിയില്‍ ആശാ ബോസ്ലെയും പാടിയിട്ടുണ്ടെന്നും അവര്‍ക്കറിയാം. ഒരു സിംഹളീസ് ഗാനം ഇങ്ങനെ ഇന്ത്യയില്‍ പ്രസിദ്ധമായി മാറിയതില്‍ അവര്‍ അഭിമാനം കൊള്ളുകയും ചെയ്തു. ഉച്ച കഴിഞ്ഞതോടെ വെയില് മങ്ങി. നീലാകാശത്തില്‍ വെണ് മേഘക്കീറുകള്‍, നീലജലാശയം, പച്ചപ്പുല്‍ മൈതാനം, ചുറ്റും പച്ച വിരിച്ച കുന്നുകള്‍, കാടുകള്‍... എല്ലാം ചേര്‍ന്ന് മനോഹരമായ ക്യാന്‍വാസ്. മറ്റെല്ലാം മറന്ന് കുറേനേരം ഇരുന്നുപോയി. തടാകത്തിന് തൊട്ടരികിലുള്ള ഹോട്ടലില്‍ നിന്നൊരു മേളം. പരമ്പാരാഗത ശ്രീലങ്കന്‍ രീതിയില്‍ വസ്ത്രങ്ങളും ചമയവുമായി ഡ്രമ്മടിച്ച് പാട്ടുപാടി ചുവടുവെക്കുന്ന നര്‍ത്തകര്‍. ഒരു പിറന്നാള്‍ ആഘോഷമാണ്. നിറങ്ങളില്‍ നീരാടി നില്ക്കുന്ന അതിഥികളും നര്‍ത്തകരും ഉല്‍സവ ഛായ പകരുന്നു.
ഗ്രിഗറി തടാകത്തില്‍ നിന്ന് അല്പമകലെയാണ് വിശാലമായ ഗോള്‍ഫ് ഗ്രൗണ്ട്. പുറമെ മനോഹരമായ റെയ്സ് കോഴ്സ്, ഹില്‍ ക്ലബ്ബ്- എല്ലാം തനി ഇംഗ്ലീഷ് സ്റ്റൈലില്‍ നിര്‍മിച്ചിരിക്കുന്നു. നുവാറ എലിയ അനുഭവിച്ചു തീര്‍ക്കാന്‍ മൂന്നു ദിവസമെങ്കിലും വേണം. ഇവിടുത്തെ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും തന്നെ കാഴ്ച്ചക്കുള്ള വിഭവങ്ങളാണ്. കൊളോണിയല്‍ നിര്‍മിതികളാണ് മിക്കവയും. സിംഹളീസ് പുതുവര്‍ഷാഘോഷ വേളയില്‍, ഏപ്രില്‍ മാസത്തിലാണ് നുറേലിയ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം. ഈ കാര്‍ണിവല്‍ വേളയില്‍ ഫ്ളവര്‍ ഷോയും കുതിരപ്പന്തയവും കാര്‍, ബൈക്ക് റെയ്സുകളും നേവിയുടെ ബോട്ട് റെയ്സും എല്ലാം അരങ്ങേറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു.
സീതായനം
കൊളംബോയിലെ ജൂലിയാന ഹോട്ടലിലെ മിനി ബാറില്‍ രാത്രി പതിനൊന്നു മണിയ്ക്ക് കയറിച്ചെന്നത് മിനിമം അജണ്ടയുമായാണ്. തണുപ്പകറ്റാന്‍ എന്തെങ്കിലും വേണം. മേശക്കരികില്‍ ഇട്ടിരിക്കുന്ന കസേരയില്‍ ചെന്നിരുന്നപ്പോള്‍ മെനു കാര്‍ഡുമായി വന്നത് പരമ്പരാഗത ലങ്കന്‍ ശൈലിയില്‍ ചേല ചുറ്റിയ എണ്ണക്കറുപ്പുള്ള സുന്ദരി പെണ്‍കുട്ടി. അവളെ കണ്ടപാടെ മധു പറഞ്ഞു, 'കറുപ്പിന്റെ ഏഴഴകാണ്, ഇവളായിരിക്കുമോ ശൂര്‍പ്പണഖ?' എത്ര നിയന്ത്രിച്ചിട്ടും അങ്ങനെ സംശയിച്ചു പോയ കാര്യം അവളോട് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. 'ശൂര്‍പ്പണഖയോ, അതാരാ?' -നിഷ്ക്കളങ്കമായ മറുചോദ്യം. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ രാവണനെ കുറിച്ച് അവള് കേട്ടിട്ടുണ്ട്. ശൂര്‍പ്പണഖയെ അറിയില്ല. പിന്നെ രാവണന്, ശൂര്‍പ്പണഖ, കുംഭകര്ണന്, വിഭീഷണന്... തുടങ്ങിയ പേരുകളൊന്നും ലങ്കയില്‍ ഇന്ന് പതിവുള്ളതല്ലെന്ന് അവള് പറഞ്ഞപ്പോള്‍ അല്‍പ്പം നിരാശ തോന്നി. രാവണന് ശ്രീലങ്കയുടെ ആദ്യ പ്രസിഡന്റാണെന്ന ധാരണ തെറ്റി. രാവണന് എന്നു പലതവണ പറയുന്നത് കേട്ട് അടുത്ത ടേബിളില്‍ ആഘോഷമായി മദ്യപിച്ചു കൊണ്ടിരുന്ന യുവാവ് അരിയസിരി, വോഡ്ക്ക നിറച്ച ഗ്ലാസുമായി ഞങ്ങളുടെ ടേബിളിലേക്ക് മാറിയിരുന്നു. പരിചയപ്പെട്ട ശേഷം അരിയസിരി പ്രഖ്യാപിച്ചു 'ഇന്നത്തെ ബില്‍ ഞാന്‍ പേ ചെയ്യും.'
ശ്രീലങ്കയിലെ ബുദ്ധമത വിശ്വാസികള്‍ക്ക് രാമായണത്തെ കുറിച്ച് വലിയ ധാരണയില്ല. പക്ഷെ താനങ്ങനെയല്ലെന്ന് അരിയസിരി പറഞ്ഞു. സീതയെ അടിച്ചുകൊണ്ടു വന്ന രാവണന് ഒരു രസികനല്ലേയെന്നാണ് അയാളുടെ ചോദ്യം. ലങ്കക്കാരനായ രാവണനെ അരിയസിരി വാനോളം വാഴ്ത്തി. ശ്രീലങ്കയിലെ രാമായണ സര്ക്യൂട്ടിനെകുറിച്ച് വിശദമായ പ്രഭാഷണം തന്നെ നടത്തിയാണ് അരിയസിരി അന്നത്തെ കുടിയവസാനിപ്പിച്ചത്. ബില്‍ പേ ചെയ്യാമെന്ന വാക്ക് അക്ഷരം പ്രതി യാഥാര്‍ത്ഥ്യമാക്കിയ അരിയസിരിയെ വാഴ്ത്തി അര്‍ദ്ധ രാത്രിയില്‍ ഹോട്ടല്‍ മുറിയിലേക്ക് പോവുമ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു, രാമായണ പഥങ്ങളിലൂടെ ഒരു പര്യടനം.
.jpg?$p=8fc5c31&w=610&q=0.8)
നുറേലിയയുടെ ഹൃദയ ഭാഗത്തു നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് സീതാ എലിയ. ഇവിടെയാണ് അശോക വനം. റോഡരികില്‍ സീതാ അമ്മന്‍ ക്ഷേത്രം. പിന്നില്‍ ഒരു ചെറിയ കാട്. അശോക വനത്തിന് താഴെ ചെറിയ പച്ചക്കറി പാടങ്ങള്‍. അവിടെ ഉരുളക്കിഴങ്ങും ബീറ്റ്റൂട്ടും കാരറ്റും വിളയുന്നു. ക്ഷേത്രത്തിന് മുന്നില്‍ ഇറങ്ങി നില്ക്കുമ്പോള് അതാ വീണ്ടും ശൂര്‍പ്പണഖയും മണ്ഡോദരിയും തോഴിമാര്‍ക്കൊപ്പം വരുന്നു. സീതയുടെ ക്ഷേത്രത്തിലേക്ക് ഒന്നു കണ്ണെറിഞ്ഞ് എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് അവര്‍ പോയി. മധു ക്യാമറ ഫോക്കസ് ചെയ്യുന്നതു കണ്ട് മണ്ഡോദരി ഒരു പുഞ്ചിരി കൂടി സമ്മാനിച്ചു. തമിഴ് മാതൃകയില്‍ വര്ണാഭമാക്കിയ കൊച്ചു ക്ഷേത്രത്തിലേക്ക് കാലെടുത്തു വെച്ചു. സീത ഒറ്റയ്ക്കല്ല. രാമന് അരികില്‍ ഇരിക്കുന്നു. തൊഴുതു വണങ്ങി ഹനുമാന് മുന്നിലും. അങ്ങനെയാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലെ പ്രധാന പൂജാരി പൂജ കഴിഞ്ഞ് ശ്രീകോവിലില്‍ നിന്ന് ഇറങ്ങിവന്നു. അദ്ദേഹമാണ് അശാകവനത്തിലെ സീതാചരിതം വിശദമാക്കി തന്നത്. ക്ഷേത്രത്തിന് എതിര് വശത്തെ മല ചൂണ്ടി അദ്ദേഹം പറഞ്ഞു, ഫോട്ടോയെടുത്ത് തിരിച്ചുപിടിച്ചു നോക്കിയാല്‍ ഹനുമാന്റെ മുഖം പോലെ തോന്നും. അവിടെയായിരുന്നു രാവണന്റെ കോട്ട. ക്ഷേത്രത്തിന് തൊട്ടരികില്‍ ഒരു അരുവി. ഈ അരുവിയിലായിരുന്നു രാവണന്റെ തടവുകാരിയായിരുന്നപ്പോള് സീത കുളിച്ചിരുന്നത്. സീതയ്ക്ക് തണലേകിയ അശോക മരത്തിന്റെ സ്ഥാനത്ത് മുളച്ച അശോക മരവും ഹനുമാന്റെ കാല്‍പ്പാടുകളും പൂജാരി കാണിച്ചു തന്നു. അരുവിയുടെ നടുവിലുള്ള പാറക്കല്ലിലാണ് കൂറ്റന്‍ കാല്‍പ്പാടുകളുള്ളത്. സീതയെ കണ്ട ശേഷം ഇന്ത്യയിലേക്ക് ഹനുമാന് തിരിച്ചുചാടിയത് ഇവിടെ വെച്ചാണെന്നും. അങ്ങനെ ചാടുന്നതിനായി ശക്തിയോടെ കാലൂന്നിയപ്പോഴാണ് പാറ കുഴിഞ്ഞ് കാല്‍പ്പാടുകള്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു -എല്ലാം വിശ്വാസങ്ങള്‍.
%20(1).jpg?$p=84d79ff&w=610&q=0.8)
അശോക വനത്തിലും ചുറ്റുമുള്ള പ്രദേശത്തും മണ്ണിന് കറുത്ത നിറമാണ്. സീതയെ കണ്ട് തിരിച്ചുപോവും മുമ്പ് ഹനുമാന് ലങ്ക ചുട്ടെരിച്ചതു മൂലമാണ് മണ്ണ് ഇങ്ങനെ കറുത്തു പോയതെന്നാണ് വിശദീകരണം. ചെറിയൊരു ക്ഷേത്രമാണിത്. പക്ഷെ സമീപ കാലത്ത് ഇന്ത്യയില്‍ നിന്നുള്ള വിശ്വാസികള്‍ ധാരാളമായി എത്തുന്നു. ക്ഷേത്രത്തിന്റെ ചുവരുകളില്‍ രാമകഥയും ദശാവതാരവും ചിത്രത്തില്‍ നിറഞ്ഞിരിക്കുന്നു. സീതയ്ക്ക് വഴിപാടുകള്‍ നടത്താം. നൂറു രൂപ നല്കി രസീതാക്കിയാല് പൂജാരി ശ്രീകോവിലില്‍ പൂജിച്ച കിരീടം തലയില്‍ കൊണ്ടുവെക്കും. സീതാദേവി നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു ഇനി നിങ്ങള്‍ ഹനുമാന്റെ സംരക്ഷണത്തിലാണ്. ലങ്കയിലെ ഒരു രാവണനേയും ഭയക്കേണ്ടതില്ല.
ഹനുമാന്റെ മല
കൊളംബോയില്‍ നിന്ന് ഗാളിലേക്കുള്ള യാത്രയ്ക്കിടെ കണ്ടുമുട്ടിയ ജര്മന്കാരന് വോള്ഫ്റാമാണ് ലങ്കയിലെ ഹനുമാന് കുന്നിലേയ്ക്ക് ഞങ്ങളെ ക്ഷണിക്കുന്നത്. ഗാളിലെ ഉനവട്ടനയില് വുള്ഫ്റാമും ശ്രീലങ്കക്കാരിയായ ഭാര്യയും ചേര്‍ന്ന് ഒരു ഗസ്റ്റ് ഹൗസ് നടത്തുന്നുണ്ട്. ഉനവട്ടനയിലെ റുമസ്സാല കുന്ന് ഇന്ത്യക്കാരുടെ വാനരദൈവവുമായി ബന്ധപ്പെട്ടതാണെന്നു മാത്രമേ വുള്ഫ്റാം പറഞ്ഞുള്ളൂ. ഗാളിലെത്തിയപ്പോള് ആദ്യം പോയത് റുമസ്സാലയിലേക്കാണ്. ഒന്ന, വെട്ടൂന എന്നീ സിംഹളീസ് വാക്കുകളാണ് ഉനവട്ടനയായി മാറിയത്. ഒന്ന വെട്ടൂന എന്നാല്‍ 'അവിടെയാണ് അതു വീണത്' എന്നര്‍ത്ഥം. റൂമസ്സാല സിഹളയില് സുന്ദരമായ പാറയാണ്. ഉനവട്ടനയുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്നത് രണ്ടു വീഴ്ച്ചകളാണ്. ആദ്യത്തേത് ഹനുമാനെക്കുറിച്ചാണ്. രാമ-രാവണ യുദ്ധസമയത്ത് ലക്ഷ്മണനും അനേകം വാനര സൈനികരും അമ്പേറ്റു മരിച്ചുവീണപ്പോള്‍ അവര്‍ക്ക് പുനര്‍ജനി നല്കാന് മൃത സഞ്ജിവിനി എന്ന ഔഷധച്ചെടി വേണമെന്നായിരുന്നു വൈദ്യന് വിധിച്ചത്. മൃതസഞ്ജീവിനി ഉള്ളത് ഹിമാലയത്തിലെ ഒരു പര്‍വ്വതത്തിലാണ്. ഹനുമാന് മൃതസഞ്ജീവിനി തേടി അങ്ങോട്ടു പോയി. പര്‍വതം കണ്ടെത്താനായെങ്കിലും മൃതസഞ്ജീവിനി ഏതെന്ന് മനസ്സിലായില്ല. അപ്പോള്‍ പര്‍വതം തന്നെയെടുത്ത് ഹനുമാന് ലങ്കയിലേക്ക് പറന്നു. അതിനിടയില്‍ പര്‍വ്വതത്തിന്റെ ചെറിയ ഭാഗങ്ങള്‍ പലയിടത്തായി അടര്‍ന്നു വീണുവെന്നാണ് കഥ. അതിലൊരു ഭാഗമാണത്രെ ഉനവട്ടയിലെ റുമസ്സാല കുന്ന്.
വീഴ്ച്ചയെ കുറിച്ചുള്ള രണ്ടാമത്തെ കഥ ഇങ്ങനെയാണ്. മറ്റേതോ ഗ്രഹത്തിന്റേയോ ഉപഗ്രഹത്തിന്റേയോ ഭാഗമാണിതെന്നാണ്. ചുറ്റുമുള്ള പ്രദേശത്തെ ഭൂപ്രകൃതിയോടും ഘടനയോടും യോജിക്കുന്നില്ല റുമസ്സാല എന്നതാണ് ഇങ്ങനെ മുകളില്‍ നിന്നു പതിച്ച ഖണ്ഡമാണെന്ന നിഗമനങ്ങള്‍ക്ക് ആധാരം. ഏതായാലും ഹനുമാന്റെ കൈയ്യില്‍ നിന്നു പതിച്ച മരുത്വാ മലയുടെ ഭാഗമാണിതെന്ന് വിശ്വസിക്കാനാണ് തദ്ദേശവാസികള്‍ക്ക് ഇഷ്ടം.
.jpg?$p=55d4312&w=610&q=0.8)
കഥകള്‍ എന്തുതന്നെയായാലും ഭംഗിയുള്ള കാഴ്ച്ചയും അനുഭവവുമാണ് റുമസ്സാല. ഗാള്‍ ബീച്ചിന് സമീപമാണ് പച്ച പുതച്ച് നില്ക്കുന്ന ഈ കുന്ന്. റുമസ്സാല വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്ന ബോര്‍ഡിന് മുന്നിലാണ് ഞങ്ങളുടെ കാര്‍ ചെന്നു നിന്നത്. ഇനിയങ്ങോട്ട് നടന്നു കയറണം. ഒറ്റയടിപാതയ്ക്ക് ഇരു വശവും അങ്ങിങ്ങായി വീടുകള്‍ കാണാനുണ്ട്. ശീതള പാനീയങ്ങളും ബിസ്ക്കറ്റും വില്‍ക്കുന്ന ചെറിയൊരു കടയും ഇടയ്ക്കു കണ്ടു. കുന്നിന്റെ മുകളില്‍ മരുത്വാ മലയും കൈയ്യിലേന്തി നില്ക്കുന്ന ഹനുമാന്റെ പ്രതിമയും ബുദ്ധമത വിശ്വാസികളുടെ പഗോഡയും. കുന്നിന്റെ ഉച്ചിയില്‍ നിന്നു നോക്കുമ്പോള്‍ കടല്‍ തടാകം പോലെ. സര്‍ഫിങ് ഉള്‍പ്പെടെയുള്ള ജലകേളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കാണാനുണ്ട്. ഇനി കടല്‍തീരത്തേക്ക് ഇറക്കമാണ്. മുന്നോട്ടു പോവുംതോറും വനം നിബിഡമായി വരുന്നു. ഔഷധ ചെടികള്‍ ഏറെയുണ്ട് ഈ കാട്ടില്‍. മൃതസഞ്ജീവനിയുമുണ്ടാവും. അത് ഏതെന്ന് കണ്ടെത്താനാണ് പ്രയാസമെന്ന് വനത്തിനരികില്‍ പാര്‍ക്കുന്ന അഷാനെയുടെ വിധഗ്ധാഭിപ്രായം. മത്സ്യബന്ധനമാണ് ജോലി. ലക്ഷണമൊത്ത പ്രകൃതി സ്നേഹിയാണ്. ഈ വനത്തിനരികില്‍ താമസിക്കുന്നവര്‍ക്ക് രോഗങ്ങളൊന്നും വരില്ലെന്നാണ് അയാളുടെ അഭിപ്രായം. രാമായണത്തില്‍ പറഞ്ഞതില്‍ എന്തോ ചില വാസ്തവങ്ങള്‍ ഉണ്ട് എന്നു തന്നെയാണ് അഷാനെയുടെ വിശ്വാസം...
കാട്ടിലൂടെ കടല്‍ക്കരയിലേക്കുള്ള ഇറക്കം നല്ലൊരു അനുഭവമാണ്. പലതരം പക്ഷികളുടെ പാട്ടു കേട്ട് കാഴ്ച്ചകള്‍ കണ്ടു നടക്കുമ്പോള്‍ ഇലപ്പടര്പ്പുകള്ക്കിടിയില് നിന്ന് രണ്ടു പേര് എഴുന്നേറ്റു നിന്നു. 19-20 വയസ്സു തോന്നിക്കുന്ന കൗമാരപ്രണയികള്. പതിവു വഴിയിലൂടെ മാറി കാട്ടിനകത്തു കൂടെയുള്ള ഞങ്ങളുടെ വരവ് അവരൊട്ടും പ്രതീക്ഷിച്ചതല്ല. അവരുടെ മുഖത്ത് അപ്പോള്‍ കണ്ടത് 'സൈക്കിളില്‍ നിന്നു വീണ ചിരി' ആയിരുന്നു. മരങ്ങള്‍ക്കിടയിലൂടെ നടന്നിറങ്ങി ചെല്ലുന്നത് കടല്‍ത്തീരത്തേക്കാണ്. മരങ്ങള്‍ നിറഞ്ഞ സുന്ദരതീരം. പൂഴിമണലിലൂടെ നടന്നപ്പോള്‍ കടലില്‍ തോണിയിറക്കാന്‍ ഒരുമ്പെടുന്ന രണ്ടു മൂന്നു പേരെ കണ്ടു. ഓസ്ട്രേലിയയില്‍ നിന്നെത്തിയ ദമ്പതികള്‍ തിരകളില്ലാതെ തടാകം പോലെ ശാന്തമായ കടല്‍ വെള്ളത്തിലിറങ്ങി കിടക്കുന്നു. ലോകത്തെ ഏറ്റവും സുന്ദരമായ കടല്‍ത്തീരങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഗാള്‍ ബീച്ചിന്റെ ഭാഗമാണിതും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..