അന്തോണിയോ റൊബർത്തോയും മാർഗരറ്റും
നമസ്കാര്‍ ഭ്രാതെ... കൈകൂപ്പികൊണ്ടാണ് മുന്നില്‍ നില്‍ക്കുന്ന സായിപ്പ് പറയുന്നത്. ശരിക്കും അമ്പരന്ന് പോയി. ഇന്ത്യക്കാരെ കാണുമ്പോള്‍ വിദേശികള്‍ നമസ്‌തെയെന്നു പറയാറുണ്ട്. പക്ഷെ ഇപ്പോള്‍ ശുദ്ധമായ സംസ്‌കൃത ഉച്ചാരണത്തോടെ ഭ്രാതെ എന്നൊക്കെ വിളിക്കുമ്പോള്‍ അമ്പരക്കാതിരിക്കുന്നതെങ്ങനെ. അതുകൊണ്ടു തന്നെ അയാളുടെ പേര് ചോദിച്ചു. മറുപടി എന്നെ വീണ്ടും ഞെട്ടിച്ചുകളഞ്ഞു. നരസിംഹ ശര്‍മ എന്നാണത്രെ പേര് ! ബ്രസീലിലെ ഏറ്റവും വലിയ നഗരമായ റിയോഡി ജിറോയിലെ ഇപ്പനേമയില്‍ വെച്ചാണ് ശര്‍മയെ കാണുന്നത്. അവിടെ ജനിച്ചു വളര്‍ന്ന പോര്‍ച്ചുഗീസ് വംശജനായ സായിപ്പാണ് കക്ഷി.
എന്റെ മുഖത്തെ അമ്പരപ്പ് കണ്ടപ്പോള്‍ ശര്‍മ വിശദീകരിച്ചു. ലിയാന്‍ഡ്രോ എന്നായിരുന്നുവത്രെ പഴയ പേര്. യോഗയും സംസ്‌കൃതവും പഠിച്ച ശേഷമാണ് നരസിംഹ ശര്‍മ എന്ന പേര് സ്വീകരിച്ചത്. മാര്‍ക്കറ്റിങ്ങില്‍ ബിരുദമെടുത്ത് ആ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ 2001ലാണ് ലിയാന്‍ഡ്രോ യോഗയിലേക്കും സംസ്‌കൃതത്തിലേക്കും ആകൃഷ്ടനാവുന്നത്. പിന്നെ റിയോയില്‍ തന്നെയുണ്ടായിരുന്ന ഒരു ഗുരുവില്‍ നിന്ന് യോഗ പഠിച്ചു. അതോടെ കൂടുതലായി ഭാരതീയ സംസ്‌കാരത്തിലേക്ക് ആകൃഷ്ടനായി. സംസ്‌കൃതവും വേദാന്തവും പഠിക്കാന്‍ തുടങ്ങി. സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യരില്‍നിന്നാണ് വേദാന്തവും സംസ്‌കൃതവും പഠിച്ചത്. തനിക്ക് ചെറുപ്പത്തിലെപ്പോഴോ നഷ്ടമായ ആത്മീയത തിരിച്ചുതന്നത് യോഗയാണെന്നും പിന്നെ അത് ഒരു ജീവിതരീതിയായി മാറിയെന്നും ശര്‍മ പറഞ്ഞു. ശര്‍മയെ പരിചയപ്പെടുത്തി തന്നത് ബ്രസീലില്‍ ചെന്ന് വിവാഹിതനായി അവിടെ സ്ഥിരതാമസമാക്കിയ സുഹൃത്ത് ആനന്ദ്‌ജ്യോതിയാണ്. പരിചയപ്പെട്ട ഉടന്‍ ശര്‍മ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അടുത്ത ദിവസം ആനന്ദ്‌ജ്യോതിക്കൊപ്പം ശര്‍മയുടെ വീട്ടിലേക്ക് ചെന്നു.
.png?$p=d350a01&&q=0.8)
പൊതുവെ സമ്പന്നരായ ആളുകള്‍ താമസിക്കുന്ന ഇപ്പനേമയിലെ ഒരു അപ്പാര്‍ട്ടുമെന്റിലാണ് അദ്ദേഹത്തിന്റെ താമസം. മറ്റൊരു യോഗാടീച്ചറില്‍ നിന്ന് വിലയ്ക്കു വാങ്ങിയ സരസ്വതി സ്റ്റുഡിയോ എന്ന പേരിലുള്ള യോഗാസെന്റര്‍ നടത്തുന്നു. വീട്ടില്‍ ഭാര്യ വനേസാ റോബര്‍ട്ടും മൂന്നു വയസ്സുകാരന്‍ മകന്‍ മിഗ്വലുമുണ്ടായിരുന്നു. വനേസക്കും സംസ്‌കൃതമറിയാം. സംസ്‌കൃതം പോയിട്ട് ഹിന്ദി പോലും നേരെ ചെവ്വേ പറയാനാറിയാത്ത ഞാന്‍ അവര്‍ക്കു മുന്നില്‍ തലകുനിച്ചു. സുന്ദരനായ കുഞ്ഞുമിഗ്വലിനെ എടുക്കാന്‍ ഞാന്‍ കൈനീട്ടി. ' ഓം നമ:ശിവായ എന്നു പറഞ്ഞു കൊണ്ട് അവന്‍ എന്റെ അരികിലേക്ക് വന്നു. വാരിയെടുത്ത് ഞാനൊരു ഉമ്മ കൊടുത്തു. സാധാരണ ബ്രസീലുകാരെ പോലെ ഷോര്‍ട്‌സും ടീഷര്‍ട്ടുമാണ് ലിയാന്‍ഡ്രോയുടെ വേഷം. പൂണൂല്‍ ധരിച്ചിട്ടുണ്ട്. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ടാണ് അയാള്‍ മറുപടി പറഞ്ഞത്. 'മുമ്പ് മുണ്ഡനം ചെയ്ത് ശിഖ വെച്ചിരുന്നു. എന്റെ ആ രൂപം ഇവിടെയുള്ളവര്‍ക്ക് വലിയ കൗതുകമായിരുന്നു. പിന്നെ വേഷത്തിലൊന്നും വലിയ കാര്യമില്ലെന്ന് തോന്നിയപ്പോള്‍ അതു വേണ്ടെന്നു വെച്ചു. ലിയാന്‍ഡ്രോയുടെ ജീവിത രീതി യോഗ അനുശ്വാസിക്കുന്ന രീതിയിലാണ്. മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ചു. തികഞ്ഞ സസ്യാഹാരിയാണ്. ഞങ്ങളെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ചോറും പയറുകറിയും മുളക് ഉപ്പിലിട്ടതും കപ്പയും എല്ലാം ചേര്‍ന്ന ഭക്ഷണം വയറ് നിറച്ച് കഴിച്ചു. ശര്‍മയുടെ സരസ്വതി സ്റ്റുഡിയോക്ക് പുറമേ വേറെയും ധാരാളം യോഗാസെന്ററുകള്‍ റിയോയിലുണ്ട്.
റിയോയില്‍ വെച്ച് മറ്റു ചില സുഹൃത്തുക്കളെ കൂടി എനിക്കു ലഭിച്ചു. ആനന്ദ് ജ്യോതി വഴി തന്നെ പരിചയപ്പെട്ട വൃദ്ധദമ്പതികളായ അന്തോണിയോ റൊബര്‍ത്തോയും മാര്‍ഗരറ്റും സ്‌നേഹപൂര്‍വം അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ചെന്നുകയറുമ്പോള്‍ ആദ്യം കണ്ടത് സ്വീകരണമുറിയുടെ വാതിലിനുമുന്നില്‍ വെച്ച ആള്‍വലിപ്പമുള്ള ബുദ്ധപ്രതിമകളാണ്. വീട്ടിനകത്ത് വെണ്ണക്കല്ലില്‍ കൊത്തിയ ശയ്യാവലംബനായ ഗണപതിയുമുണ്ട്. വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചിഹ്നങ്ങള്‍ ഈ ബ്രസീലുകാരുന്റെ വീട്ടില്‍ എങ്ങനെവന്നു? അന്തോണിയോ ചിരിച്ചു കൊണ്ടു പറഞ്ഞു. 'ഇന്ത്യന്‍ ദൈവങ്ങള്‍ ഇവിടെയും പ്രസിദ്ധരാണ്. റിയോയില്‍ വര്‍ഷം തോറും നടക്കുന്ന കാര്‍ണിവലുകളില്‍ ശിവന്റേയും മറ്റും കൂറ്റന്‍ രൂപങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കാറുണ്ട്.' അന്തോണിയോ സത്യത്തില്‍ ഫ്രഞ്ചുകാരനാണ്. പത്തുമുപ്പത് വര്‍ഷംമുമ്പ് റിയോയില്‍ വന്ന് അവിടത്തുകാരിയായ മാര്‍ഗരറ്റിനെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയതാണ്. പോര്‍ച്ചുഗീസിനും ഫ്രഞ്ചിനും പുറമേ ഇംഗ്ലീഷും ജര്‍മന്‍ ഭാഷകളും അദ്ദേഹം സംസാരിക്കും.
വിലകൂടിയതും പുരാതനവുമായ ഛായാചിത്രങ്ങളും ശില്പങ്ങളുംകൊണ്ട് അലങ്കരിച്ച വലിയ അപ്പാര്‍ട്ട്മെന്റില്‍ നിറയെ അഞ്ചോ ആറോ വലിയ പൂച്ചകളുണ്ട്. തെരുവില്‍നിന്ന് മാര്‍ഗരറ്റ് എടുത്തുവളര്‍ത്തിയവയാണവ. ബ്രസീലുകാര്‍ക്ക് അരുമകളോട് ഇഷ്ടം കൂടുതലാണ്. റിയോയില്‍ അന്തോണിയോവിന് പ്ലാസ്റ്റിക് സര്‍ജറിക്കായി ഉപയോഗിക്കുന്ന സിലിക്കോണ്‍ ഉദ്പാദിപ്പിക്കുന്ന സ്ഥാപനമുണ്ട്. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് സര്‍ജറി നടക്കുന്ന രാജ്യം ബ്രസീലാണ്. നിതംബത്തിന്റെ ഭംഗിയിലും വലുപ്പത്തിലും ഏറെ അഭിമാനിക്കുന്നവരാണ് ബ്രസീലുകാര്‍. നിതംബം ഇളക്കിയുള്ള സാംബാ നൃത്തം സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടാവാം അത്. ഇന്ത്യയില്‍ നിന്നുള്ള നടിമാര്‍ നിതംബഭംഗിക്കായി ബ്രസീലില്‍ വന്ന് സര്‍ജറി നടത്തി തിരിച്ചു പോവാറുണ്ടന്നെ് ഗ്ലോറിയ പറഞ്ഞു. തുറന്ന മനസ്സോടെ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന നര്‍മപ്രിയനാണ് അന്തോണിയോ. രാജ്യാതിര്‍ത്തികളിലും വര്‍ണത്തിലും ഭാഷയിലുമൊന്നും അര്‍ത്ഥമില്ലെന്നും മനുഷ്യകുലം ഒന്നു മാത്രമാണെന്നും വിശ്വസിക്കുന്ന ഒരു ഫ്രഞ്ചുകാരന്‍. ജീവിതകാലത്തിനിടെ വ്യത്യസ്ഥ രാജ്യങ്ങളില്‍ വസിക്കുന്ന, ഭിന്ന സംസ്‌ക്കാരങ്ങള്‍ക്ക് ഉടമകളായ ആളുകളായി സൗഹൃദം സ്ഥാപിക്കാനും അവരെ സത്ക്കരിക്കാനും കഴിഞ്ഞാല്‍ അത് മഹാഭാഗ്യമായി കരുതുന്ന നല്ലമനുഷ്യന്‍.
റിയോ ഡി ജെനിറോയില്‍ യാത്രചെയ്യാന്‍ ഏറ്റവും സൗകര്യപ്രദവും ചെലവു കുറഞ്ഞതുമായ മാര്‍ഗം മെട്രോ ട്രെയിന്‍ സര്‍വീസാണെന്ന് അവിടെയെത്തി ഏറെ കഴിയും മുമ്പെ ബോധ്യപ്പെട്ടിരുന്നു. ടാക്‌സികള്‍ക്ക് ഉയര്‍ന്ന വാടക നല്‍കണമെന്നത് മാത്രമല്ല, ഡ്രൈവര്‍മാര്‍ക്ക് പോര്‍ച്ചുഗീസ് മാത്രമെ വശമുള്ളൂയെന്നതും നഗരത്തിനകത്തെ യാത്രയ്ക്ക് ട്രെയിന്‍ തിരഞ്ഞെടുക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. മാത്രമല്ല, ഏതൊരു നഗരത്തിലെയും ജനതയെയും അവരുടെ ജീവിതത്തെയും അടുത്തറിയാനും കൂടുതല്‍ ഉപകരിക്കുക ട്രെയിന്‍ യാത്രകളാണ്. അതുകൊണ്ടുതന്നെ, റിയോയിലെ ട്രെയിന്‍ യാത്രകള്‍ അവിടുത്തെ മനുഷ്യരെ അടുത്തറിയാന്‍ വലിയ അവസരമാണ് ഒരുക്കിയത്. അങ്ങനത്തെ ഒരു യാത്രയിലാണ് ഞാന്‍ സാന്ദ്രാ കിങ്ങിനെയും സഹോദരിയേയും പരിചയപ്പെട്ടത്. ഇരുപതില്‍ താഴെ പ്രായം തോന്നിക്കുന്ന സാന്ദ്രയും സഹോദരിയും അവരുടെ കാമുകന്‍മാരുമൊത്താണ് ഞാന്‍ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ടുമെന്റില്‍ വന്നു കയറിയത്. എനിക്ക് എതിരെയുള്ള സീറ്റില്‍ ചെന്നിരുന്ന അവര്‍ പെട്ടെന്ന് തന്നെ തിരക്കിലായി. പരസ്പരം തൊട്ടും തലോടിയും ചുണ്ടുകള്‍ കോര്‍ത്തും പരിസരം മറന്ന് കാമുകന്‍മാര്‍ക്കൊപ്പം ആഹ്ളാദിക്കുന്നു. ഇതെല്ലാം ഇവിടുത്തെ പതിവുകാഴ്ചകളാണെന്നതിനാല്‍ ഞാനല്ലാതെ മറ്റാരും അവരെ ശ്രദ്ധിക്കുന്നേയില്ല. ഇടയ്ക്ക് എന്റെ അരികില്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു. കാമുകന്റെ കരവലയത്തില്‍നിന്ന് വിടുതല്‍ നേടി സാന്ദ്ര അതില്‍ വന്നിരുന്നു. എന്നിട്ട് അല്‍പം അകലെ നില്‍ക്കുകയായിരുന്ന വൃദ്ധദമ്പതികളെ കൈകാട്ടി വിളിച്ചു. അവര്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും പെണ്‍കുട്ടി നിര്‍ബന്ധപൂര്‍വം അവരെ ആ സീറ്റുകളിലേക്ക് ഇരുത്തി. അതിനുശേഷം കാമുകന്റെ അരികിലേക്ക് തന്നെ ചെന്നിരുന്ന് മുമ്പ് ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി പുനരാരംഭിച്ചു. അരികിലിരുന്ന വൃദ്ധദമ്പതികളുമായി ഞാന്‍ പരിചയപ്പെട്ടു. അവര്‍ക്ക് ഇംഗ്ലീഷ് കഷ്ടിയാണ്. എങ്കിലും കാര്യങ്ങള്‍ ഗ്രഹിക്കാനായി. സാന്ദ്രയും സാഹോദരിയും ഈ വൃദ്ധദമ്പതികളുടെ മക്കളാണ്. കുടുംബസമേതം ഒരു ചെറിയ ഉല്ലാസയാത്ര. പെണ്‍കുട്ടികള്‍ അവരുടെ ആണ്‍ സുഹൃത്തുക്കളെയും ഒപ്പം വിളിച്ചെന്നു മാത്രം. അല്‍പം പിടിച്ചുപറിയും പോക്കറ്റടിയുമെല്ലാം ഉള്ള നഗരമാണിത്. തടിമിടുക്കുള്ള രണ്ട് ആണ്‍കുട്ടികള്‍ ഒപ്പമുണ്ടാവുന്നത് നല്ലതിനാണല്ലോ?
%20(1).jpg?$p=af4c3b6&&q=0.8)
ജീവിതത്തെ ആഘോഷിക്കുന്നവരാണ് ബ്രസീലുകാര്‍. തുറന്ന ലൈംഗികത അവരുടെ സവിശേഷതയാണ്. ഇക്കാര്യത്തില്‍ ഫ്രഞ്ചുകാരെപോലും ഇവര്‍ പിന്നിലാക്കുന്നു. റോഡരികില്‍, പാര്‍ക്കില്‍, തീവണ്ടിയില്‍, ബസ്സില്‍... അങ്ങനെ എല്ലായിടത്തും പരിസരം മറന്ന് പരസ്പരം ചുണ്ടുകള്‍ കോര്‍ത്ത് പുണര്‍ന്നു നില്‍ക്കുന്ന ശരീരങ്ങളെ നമുക്ക് കാണാം. ഇത്തരം കാഴ്ചകള്‍ ഭാരതീയമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന നമ്മുടെ സ്വത്വബോധത്തെ അമ്പരപ്പിച്ചെന്നു വരും. പക്ഷേ, ബ്രസീലിയന്‍ സംസ്‌കാരത്തെയും ജീവിതത്തെയും കുറിച്ച് കൂടുതലറിയുമ്പോള്‍ സ്വതന്ത്ര ജീവിതത്തോടും വിശാല വീക്ഷണത്തോടും സംസ്‌കാരത്തോടും മതിപ്പ് തോന്നിത്തുടങ്ങും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ബ്രസീലില്‍ തീരെയില്ലെന്നു തന്നെ പറയാം. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പുരുഷന് തുല്യവും ചിലപ്പോള്‍ അതിലേറെയും പരിഗണന നല്‍കുന്ന സമൂഹമാണിത്.
അഞ്ചു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വഴിതെറ്റി വന്ന പോര്‍ച്ചുഗീസ് കപ്പലുകള്‍ ബ്രസീലിയന്‍ തീരത്തടിഞ്ഞതുമുതലാണ് ബ്രസീല്‍ എന്ന വിശാല രാജ്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. കപ്പലിറങ്ങിവന്ന വെള്ളക്കാരെക്കണ്ട് അപരിഷ്‌കൃതരായ മണ്ണിന്റെ മക്കള്‍ കാടുകള്‍ക്കകത്തേക്ക് ഓടിയൊളിച്ചു. കച്ചവടക്കാരായ പോര്‍ച്ചുഗീസുകാര്‍ ആമസോണിലെ മഴക്കാടുകളിലും മണ്ണിനടിയിലും ഒളിഞ്ഞിരുന്ന സമ്പത്ത് അന്വേഷിച്ചറിഞ്ഞ് കവര്‍ന്നെടുത്ത് അനുഭവിച്ചു. അവിടെ അധിവസിച്ചിരുന്ന ഗോത്രവര്‍ഗക്കാര്‍ തടസ്സമാണെന്നു തോന്നിയപ്പോള്‍ അവരെ കൂട്ടത്തോടെ അരിഞ്ഞുവീഴ്ത്തി. വര്‍ഷങ്ങള്‍ നീണ്ട കൂട്ടക്കൊലകള്‍ക്കു ശേഷം അവരില്‍ പത്തിലൊന്നുപോലും അവശേഷിച്ചില്ല. ബ്രസീല്‍ പോര്‍ച്ചുഗീസുകാരുടെ രണ്ടാംവീടായി. ഗോത്ര വര്‍ഗക്കാരുടെ സാംസ്‌കാരിക ഭൂമികയ്ക്കു മുകളില്‍ കെട്ടിപ്പടുത്ത വെള്ളക്കാരന്റെ സാമ്രാജ്യത്തിന് സവിശേഷമായ രുചിയും വാസനയുമുണ്ട്. പോര്‍ച്ചുഗീസ് സംസ്‌കാരം പറിച്ചു നടുകയായിരുന്നില്ല ബ്രസീലില്‍. അവിടേക്ക് കുടിയേറിയ സ്‌പെയിന്‍കാരന്റെയും ആഫ്രിക്കക്കാരന്റെയുമെല്ലാം തനതായ സംഭാവനകള്‍ ആ സംസ്‌കാരത്തിലേക്ക് ഉള്‍ച്ചേര്‍ന്നു കിടക്കുന്നു. ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലും കലയിലും സംഗീതത്തിലും അഭിരുചികളിലുമെല്ലാം ഈ സങ്കര സംസ്‌കാരത്തിന്റെ സാന്നിധ്യമറിയാം. പ്രകൃതി വിഭവങ്ങള്‍കൊണ്ട് സമ്പന്നമെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ബ്രസീല്‍. വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരന്റെ ജീവിതം ദുഷ്‌ക്കരമായി മാറ്റുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് 30 റിയാല്‍ (ഏകദേശം 610 ഇന്ത്യന്‍ രൂപ) എങ്കിലും വേണം. ഒരു ലിറ്റര്‍ വെള്ളത്തിന് ആറ് റിയാല്‍ (126 രൂപ) വില വരും. എങ്കിലും ജീവിതത്തെ ധീരമായി നേരിടുകയാണ് ബ്രസീലുകാര്‍.
കുട്ടിക്കുറ്റവാളികള്‍
തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണമാണ് രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്. കുട്ടിക്കുറ്റവാളികളുടെ വിഹാരരംഗമാണ് പ്രധാന നഗരങ്ങളായ റിയോയിലെയും സാവോപോളോയിലെയും തെരുവുകള്‍. ബ്രസീലിലെ ഏറ്റവും പ്രസിദ്ധനായ സംവിധായകന്‍ ഫെര്‍ണാണ്ടോ മെയ്രേലെസ് തന്റെ സിറ്റി ഓഫ് ഗോഡ് എന്ന സിനിമയില്‍ വരച്ചുകാണിച്ചതു പോലെയാണ് ഈ നഗരങ്ങളിലെ അവസ്ഥ. മെട്രോ സ്റ്റേഷനുകളിലെയും മറ്റും ടിക്കറ്റ് കൗണ്ടറുകളില്‍ പണം നല്‍കുന്നതിനും ടിക്കറ്റ് വാങ്ങുന്നതിനുമുള്ള ദ്വാരം തീരെ ചെറുതാണ്. കൈ അതിലൂടെ അകത്തേക്ക് ഇടാനാവില്ല. പണവും ടിക്കറ്റുമെല്ലാം നീക്കിക്കൊടുക്കാനേ പറ്റൂ. ആ ദ്വാരത്തിലൂടെ പിസ്റ്റള്‍ കടത്തി കൗണ്ടറിലുള്ള ആളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് ഒഴിവാക്കാനാണിത്. ഒളിമ്പിക്‌സിനിടെ തന്നെ കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള പലരും പിടിച്ചുപറിക്ക് വിധേയരായി. റിയോയിലെ ലോകപ്രസിദ്ധമായ ഫുട്‌ബോള്‍ സ്റ്റേഡിയം മാരക്കാനയുടെ പരിസരത്തും മറ്റും പുറത്തുനിന്നു വരുന്നവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. 15ഉം 16ഉം വയസ്സ് മാത്രം പ്രായമുള്ള മീശ മുളയ്ക്കാത്ത പിള്ളേര്‍ പിസ്റ്റളുമായാണ് വരിക. അവര്‍ക്ക് ആവശ്യം ഒന്നേയുള്ളൂ, പണം. കൊടുത്തില്ലെങ്കില്‍ പേഴ്‌സും മൊബൈലുമെല്ലാം പിടിച്ചുപറിച്ച് ഓടിയെന്ന് വരും. പിസ്റ്റള്‍ ഉപയോഗിക്കുന്നത് അപൂര്‍വം സന്ദര്‍ഭങ്ങളിലാണ്. നിങ്ങളുടെ പിറകില്‍ മുട്ടിച്ചുവെച്ച് ഭീഷണിപ്പെടുത്താനുള്ളതാണ് അത്. ചിലപ്പോള്‍ അതില്‍ ഉണ്ട തന്നെ കാണില്ല!
ഇറച്ചിയും മീനും
Also Read
ബ്രസീലുകാരുടെ തനത് ഭക്ഷണവുമായി പൊരുത്തപ്പെട്ടു പോവാന്‍ ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞെന്നു വരില്ല. ഇറച്ചിയും മീനുമെല്ലാം ധാരാളമായി കഴിക്കും. പക്ഷേ, ഒട്ടും മസാലയില്ലാതെ വേവിച്ചെടുക്കുന്ന ഈ വിഭവങ്ങള്‍ നമ്മുടെ രസനയ്ക്ക് വഴങ്ങിയെന്നു വരില്ല. കപ്പ കിട്ടും. വലിയ കഷണങ്ങളായി വെട്ടി നുറുക്കി എണ്ണയില്‍ പൊരിച്ചെടുക്കും. ഇതിലും മസാലയൊ മുളകോ ഇല്ല. ചോറ് കിട്ടും. പക്ഷേ, അരി അല്‍പ്പം കടുപ്പമുള്ളതാണ്. നമ്മള്‍ പയറു കറി ഉണ്ടാക്കുന്ന പോലെ വലിയ ബീന്‍സ് മണികള്‍ കൊണ്ട് കറിയുണ്ടാക്കും. പച്ചിലകള്‍ വേവിക്കാതെതന്നെ ധാരാളമായി കഴിക്കും. ഉരുളക്കിഴങ്ങും ധാരാളമായി കഴിക്കുന്നു. എണ്ണയില്‍ വറുത്തെടുത്ത കപ്പയ്‌ക്കൊപ്പം നല്‍കുന്ന കൈപ്പരിനയാണ് അവരുടെ വെല്‍ക്കം ഡ്രിങ്ക്‌സ്. കഷാസ എന്ന നാടന്‍ ചാരായത്തില്‍ ചെറുനാരങ്ങയുടെ കഷണങ്ങളും പഞ്ചസാരയും ഐസുമിട്ട് ഉണ്ടാക്കുന്ന കൈപ്പരിന വീര്യമേറിയ പാനീയമാണ്. മദ്യം ബാറുകളില്‍ മാത്രമല്ല. തട്ടുകടയില്‍പോലും വിളമ്പുന്നു. പക്ഷേ, മദ്യപിച്ച് പൂസായി നടക്കുന്ന ആളുകളെ റോഡരികിലും മറ്റും കാണില്ല. കഴിച്ചാല്‍ വയറ്റില്‍ കിടക്കും.
അല്‍പം മലയാളം
പോര്‍ച്ചുഗീസ് ഭാഷ മനസ്സിലാക്കിയെടുക്കുക നമ്മളെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാണ്. ഇവിടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്നവര്‍ തീരെ കുറവാണുതാനും. എങ്കിലും അവരുടെ സംസാരത്തിനിടെ ചില വാക്കുകള്‍ നമുക്ക് മനസ്സിലാക്കി എടുക്കാന്‍ കഴിയും. മലയാളത്തിലും പോര്‍ച്ചുഗീസിലും ചില സമാന പദങ്ങളുണ്ട്. ചായ(ചാ), കസേര(കദേര), ജനാല(ജനേല), മേശ(മേസ), പാത്രം(പ്രാത്തോ), കോപ്പ(കോപ്പോ), തൊപ്പി(തോപ്പോ) ഇങ്ങനെ ഒട്ടേറെ വാക്കുകള്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നപ്പോള്‍ നമ്മള്‍ പഠിച്ചെടുത്ത പോര്‍ച്ചുഗീസ് വാക്കുകളുടെ തദ്ഭവമാണ് നമ്മള്‍ ഉപയോഗിക്കുന്നത്. നമ്മുടെ ചക്കയ്ക്കും മാങ്ങയ്ക്കും അവിടെ അങ്ങനെത്തന്നെയാണ് പറയുന്നത്. ഈ പഴങ്ങളും വാക്കുകളും അവര്‍ ഇവിടെനിന്നു കൊണ്ടുപോയതാണ്. കുരുമുളക് ധാരാളമായി കേരളത്തില്‍നിന്നു കൊണ്ടുപോയിരുന്നെങ്കിലും അവിടെ ഇതിന് പറയുന്നത് തികച്ചും വ്യത്യസ്തമായ വാക്കാണ്. പിമന്തിരോ എന്നാണ് കുരുമുളകിന് പറയുന്നത്.
റിയോയില്‍ നിന്ന് സാവോപോളോയിലേക്കാണ് ഞാന്‍ പോയത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സാന്നിധ്യം സാവോപോളോയിലും പ്രകടമായിരുന്നു. യോഗയും ആയുര്‍വേദരീതിയിലുള്ള ഉഴിച്ചിലും ഇന്ത്യന്‍ ഭക്ഷണവുമെല്ലാം ഇപ്പോള്‍ ഈ നഗരവാസികള്‍ക്കും പരിചിതമാണ്. സാവോപോളോയില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ അനുയായികള്‍ നടത്തുന്ന മാധവഹരി എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലേക്ക് ആനന്ദ് ജ്യോതി തന്നെയാണ് എന്നെ നയിച്ചത്. അവിടെ വെച്ച് കണ്ടുമുട്ടിയവരില്‍ പലരും ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നവരായിരുന്നു. ലോകനാഥനെന്നും ശ്രീദേവിയെന്നും പരിചയപ്പെടുത്തിയ ദമ്പതികളുടെ വസ്ത്ര ധാരണവും സംസ്‌കൃതത്തിലും ഹിന്ദിയിലുമുള്ള സംഭാഷണവും ശരിക്കും അദ്ഭുതപ്പെടുത്തി. ബ്രസീലില്‍ ജനിച്ചുവളര്‍ന്നവരാണ് ഇവര്‍. ആയുര്‍വേദത്തിന്റെ ചിട്ടപ്രകാരം തിരുമ്മല്‍ പഠിച്ച ലോകനാഥ, സാവോയില്‍ ഒരു മസ്സാജ് സെന്റര്‍ നടത്തുന്നുണ്ട്. ഈ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ അധികവും ബ്രസീലുകാര്‍ തന്നെ.
ചോറും പക്കവടയും കറികളും പായസവുമെല്ലാം രുചിയോടെ കഴിച്ച് അവര്‍ മടങ്ങുന്നു. കറുപ്പ് നിറത്തിലുള്ള ആഫ്രിക്കന്‍ അരി കൊണ്ടുള്ള പായസമായിരുന്നു ആ റെസ്റ്റോറന്റിലെ ഹൈലൈറ്റ്. ബ്രസീലുകാര്‍ ഏത് ഭക്ഷണ രീതിയോടും പെട്ടെന്ന് പൊരുത്തപ്പെടുന്നവരാണെന്ന് തോന്നി. അല്ലെങ്കിലും ഭിന്നസംസ്‌ക്കാരത്തേയും ഭക്ഷണത്തേയും ജീവിതരീതിയേയും ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ളവരാണ് കൂടുതല്‍ വലിയ മനുഷ്യരെന്നതാണ് യാത്രകള്‍ എന്ന പഠിപ്പിച്ച പാഠം.
Content Highlights: k viswanath column part four brazil travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..