ട്രിപ്പ് കഴിഞ്ഞ തിരിച്ചു പോയെങ്കിലും വിയലേറ്റ വിജയിനെ മറന്നില്ല; ഖജുരാഹോയിലെ ക്ഷേത്രങ്ങളെയും


കെ. വിശ്വനാഥ്‌എന്റെ മകളാവാന്‍ മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയോട് സംസാരിക്കും തോറും എനിക്ക് ബഹുമാനം കൂടി വന്നു. ചെറുപ്രായത്തിലേ അനിയന്‍മാരെ വളര്‍ത്താന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന അവള്‍ എന്റെ മുന്നില്‍ വളര്‍ന്നു വലുതാവാന്‍ തുടങ്ങി. ജീവിതാനുഭവങ്ങളുടെ കാര്യത്തില്‍ അവള്‍ക്കു മുന്നില്‍ ഞാന്‍ ശിശു തന്നെ

വിയലേറ്റ വിജയിനും കുഞ്ഞിനുമൊപ്പം | ഫോട്ടോ: ബി മുരളീകൃഷ്ണൻ

'ബ്രദര്‍, ഹി റേപ്പ്ഡ് മി എഗൈന്‍.' വളരെ നിസ്സംഗയായാണ് റൂഷ് അതു പറഞ്ഞത്. എന്നിട്ട് തന്റെ മടിയിലിരിക്കുന്ന മകന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു. ഞാനാവട്ടെ കഷ്ടി അര മണിക്കൂര്‍ നേരം കൊണ്ട് എന്റെ മനസ്സിന് താങ്ങാവുന്നതിനുമപ്പുറത്തേക്ക്, സംഘര്‍ഷഭരിതമായ ജിവിത കഥ കേട്ടറിഞ്ഞ ആഘാതത്തില്‍ ഇരുന്നു പോയി.

രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയില്‍ വെച്ചാണ് റൂഷിനെ പരിചയപ്പെടുന്നത്. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയെ കണ്ട് അദ്ദേഹത്തിന്റെ ജീവിതകഥ മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കുന്നതിനായി കൊല്‍ക്കത്തയില്‍ താമസിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഹിമാലയത്തിന്റെ സമീപപ്രദേശമായ കൊല്‍ക്കത്തയില്‍, നേരത്തെ രാത്രിയെത്തുന്ന ഒരു ഡിസംബര്‍ മാസമായിരുന്നു അത്. ഇരുട്ട് പരക്കുന്നതോടെ മഹാനഗരത്തിലെ തെരുവുകള്‍ക്ക് ഒരു പ്രത്യേക ഭംഗി കൈവരും. ആ സമയത്ത് ആ വഴികളിലൂടെ നടക്കുക രസകരമാണ്. ഷൊര്‍ണൂരുകാരനായ ഒരു രവിയേട്ടന്‍ നടത്തിയിരുന്ന ഹോട്ടലിലായിരുന്നു എന്റെ താമസം ആ ഹോട്ടലിനടുത്ത് ഒരു ചെറിയ റെസ്റ്റോറന്റുണ്ട്. പലതരം പഴങ്ങളുടെ സത്ത് ചേര്‍ത്ത് തയ്യാറാക്കുന്ന രസികന്‍ ലസ്സികള്‍ കിട്ടും. അതില്‍ പൈനാപ്പിള്‍ ലസ്സി എനിക്ക് വല്ലാതങ്ങ് ഇഷ്ടമായി. വൈകുന്നേരം(രാത്രി) അഞ്ചു മണിക്ക് ഞാനവിടെ ചെന്നിരുന്ന് ലസ്സി കഴിക്കും. ചെല്ലുന്ന സമയത്ത് ആ റെസ്‌റ്റോറന്റില്‍ മിഠായികടലാസ്സുകളെ ഓര്‍മിപ്പിക്കുന്ന വര്‍ണവസ്ത്രങ്ങള്‍ ധരിച്ച വെള്ളക്കാരായിരിക്കും കൂടുതലും. അവരും പതിവുകാര്‍ തന്നെ. കൈയ്യില്‍ പുകയുന്ന സിഗരറ്റുമായി അവര്‍ ലസ്സി കഴിച്ചുകൊണ്ടിരിക്കുന്നത് ഞാന്‍ നോക്കിയിരിക്കും. ഇടയ്ക്ക് അവര്‍ തമാശകള്‍ പറഞ്ഞ് ഉറക്കെ ചിരിക്കുമ്പോള്‍ ഒന്നും മനസ്സിലാകാറില്ലെങ്കിലും ഞാനും പതുങ്ങി ചിരിക്കും. അവരുടെ സന്തോഷം കണ്ട് അസൂയപ്പെടും.ഒരു ദിവസം ലസ്സി കഴിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ അയഞ്ഞ പാവാടയും കുപ്പായവും ധരിച്ച സ്വര്‍ണമുടിയുള്ള ഒരു യുവതി ആ റെസ്‌റ്റോറന്റിന് താഴെയുള്ള ഓടക്കരികെ രണ്ട്‌രണ്ടര വയസ്സുള്ള ഒരാണ്‍കുട്ടിയെ മടിയിലിരുത്തി ഇരിക്കുന്നത് കണ്ടു. തൊട്ടരികില്‍ നിറംമങ്ങിയ ഫ്രോക്ക് ധരിച്ച ഒരു പെണ്‍കുട്ടിയും ഇരിക്കുന്നു. അവളുടെ എണ്ണമയമില്ലാത്ത മുടിയില്‍ യുവതി പതുക്കെ തടവുന്നുണ്ട്. ഇടയ്ക്ക് അവളുടെ മൂക്കില്‍ നിന്നൊലിച്ച മൂക്കള കൈകൊണ്ട് പിഴിഞ്ഞ് ബാഗില്‍ നിന്ന് ഒരു ടിഷ്യു എടുത്ത് തുടച്ചു കൊടുത്തു. കൗതുകം തോന്നി ഞാനവരുടെ അടുത്തേക്ക് ചെന്ന്, ഹലോ പറഞ്ഞു. പരിചയപ്പെടാന്‍ ശ്രമിച്ചപ്പോള്‍ യുവതി പറഞ്ഞു, 'നമുക്ക് സംസാരിക്കാം. പക്ഷെ ഒരു കണ്ടീഷന്‍ നിങ്ങള്‍ ഈ പെണ്‍കുട്ടിക്ക് ഒരു ലസ്സി വാങ്ങിക്കൊടുക്കണം.' ഞാന്‍ വീണ്ടും റെസ്റ്റോറന്റിനകത്തു കയറി ലസ്സി ആവശ്യപ്പെട്ടു. പുറത്തിരിക്കുന്ന പെണ്‍കുട്ടിക്കാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ റഫ്രിഡ്‌ജേറ്ററില്‍ നിന്ന് എടുത്തു കൊണ്ടു വന്ന ലസ്സി കൈപ്പിടിയുള്ള ചില്ലു ഗ്ലാസില്‍ നിന്ന് ഒരു പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഗ്ലാസിലേക്ക് പകര്‍ന്നു തന്നു. ഞാനതാ പെണ്‍കുട്ടിക്ക് കൊടുത്തു. അവള്‍ നന്ദിയോടെ എന്നെ നോക്കി ആര്‍ത്തിയോടെ കഴിക്കാന്‍ തുടങ്ങി.

ആതുര സേവനം ലക്ഷ്യമാക്കി, മദര്‍ തെരേസയുടെ നഗരമായ കൊല്‍ക്കത്തയില്‍ വന്നു താമസിക്കുന്ന കുറേയേറെ വിദേശികളുണ്ട്. അവരില്‍ ഒരാളാവും ആ യുതിയുമെന്ന് ഞാന്‍ ഊഹിച്ചിരുന്നു. എന്റെ ഊഹം തെറ്റിയില്ല. ചാരിറ്റി വളണ്ടിയര്‍ തന്നെയായിരുന്നു അവര്‍. സ്‌കോട്ട്‌ലണ്ടില്‍ ജനിച്ചു വളര്‍ന്ന റൂഷ് മദറിനെ കുറിച്ചും കൊല്‍ക്കത്തയെ കുറിച്ചും കേട്ടറിഞ്ഞുതന്നെയാണ് ഇങ്ങോട്ടു പോന്നത്. അവര്‍ എത്തുമ്പോഴേക്കും മദര്‍ മരിച്ചു കഴിഞ്ഞിരുന്നു. പക്ഷെ, അവര്‍ നഗരത്തില്‍ തന്നെ തങ്ങി. തെരുവില്‍ കിടക്കുന്ന കുട്ടികളെ സഹായിക്കാനായി ജീവിതം നയിച്ചു. ഒരു നഴ്‌സ് ആയിരുന്ന അവര്‍ ഇടയ്ക്ക് നാട്ടിലേക്ക് മടങ്ങി പോവും. അവിടെ ആസ്പത്രിയില്‍ ജോലി ചെയ്ത് പണമുണ്ടാക്കി വീണ്ടും തിരിച്ചു വരും. അതിനിടയ്ക്ക് ഈ നഗരത്തില്‍ വെച്ചു തന്നെ റൂഷിന്റെ ജീവിതത്തില്‍ വലിയൊരു ദുരന്തം സംഭവിച്ചു. മയക്കുമരുന്നിന് അടിമയായി മാറിയ ഒരു ജര്‍മന്‍ എഞ്ചിനിയറെ അവര്‍ പരിചയപ്പെടാനിടയായി. ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു റിഹാബിലിറ്റേഷന്‍ സെന്ററില്‍ റൂഷ് അയാളെ എത്തിച്ചു. പക്ഷെ ഒരു ദിവസം റൂഷിന്റെ താമസസ്ഥലത്തേക്ക് കയറി ചെന്ന ആ മനുഷ്യന്‍ ബലം പ്രയോഗിച്ച് അവളുമായി രതിയില്‍ ഏര്‍പ്പെട്ടു. എന്നിട്ടയാള്‍ എങ്ങോട്ടോ പോയി. ഗര്‍ഭിണിയായെന്നറിഞ്ഞള്‍ വയറ്റില്‍ വളരുന്ന ജീവന്‍ നശിപ്പിച്ചു കളയാന്‍ റൂഷിന്റെ ഉള്ളില്‍ അടിയുറച്ചു പോയിരുന്ന വിശ്വാസം അനുവദിച്ചില്ല. നാട്ടിലേക്ക് മടങ്ങിയ റൂഷ്് അവിടെ വെച്ച് ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. അവന് ഒരു വയസ്സ് തികയും മുമ്പേ കൊല്‍ക്കത്തയിലേക്ക് തിരിച്ചു വന്ന് തന്റെ പതിവ് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അതിനിടയില്‍ തന്റെ കുഞ്ഞിന്റെ അച്ഛനായ ആ ജര്‍മന്‍കാരന്‍ തരിച്ചെത്തി. അയാള്‍ അവളോട് കാല് പിടിച്ച് മാപ്പു ചോദിച്ചു. മയക്കുമരുന്നിന്റെ ലഹരിയില്‍ സംഭവിച്ചു പോയതായതു കൊണ്ട് റൂത്ത് അയാളോട് ക്ഷമിച്ചു. അതിനു ശേഷം അയാള്‍ അവളുടെ ആതുരക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് ഒപ്പം ജീവിക്കാനും തുടങ്ങി. കഥയിത്രയായപ്പോള്‍ ഞാന്‍ ചോദിച്ചു, ഇപ്പോള്‍ നിങ്ങള്‍ സന്തുഷ്ടയാണോ ? അവള്‍ പറഞ്ഞു, ' നോ. ഹി റേപ്പ്ഡ് മീ എഗൈന്‍.'
എന്ത്? ഞാന്‍ ചോദിച്ചു പോയി.
അവള്‍ പറഞ്ഞു, കഴിഞ്ഞ ആറു മാസമായി. അയാളെ കാണാനില്ല. ആ ചെകുത്താന്‍ വീണ്ടും മയക്കുമരുന്നുകളുടെ ലോകത്തേക്ക് ഊളിയിട്ടു കാണും.' റൂഷിനോട് എന്തു മറുപടി പറയണമെന്നറിയാതെ ഞാനുമാ ഓട വക്കത്തിരുന്നു പോയി.
യാത്രകള്‍ ഇത്തരം ചില മനുഷ്യരെ നമ്മള്‍ക്ക് കാണിച്ചു തരും. ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന് നമ്മളെ കൊണ്ട് വീണ്ടും വീണ്ടും ചിന്തിപ്പിക്കാനും ഇനിയും ജീവിക്കാനും പ്രേരിപ്പിക്കുന്ന അത്തരം ആളുകളെ കാണാനും പരിചയപ്പെടാനും കഴിയുന്നതാണ് ഒരു യാത്രികന്റെ സൗഭാഗ്യം. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ചില യാത്രകള്‍ക്കിടെ ഞാന്‍ കണ്ടു മുട്ടിയ റൂഷിനെയെ പോലുള്ള ചില പെണ്‍ജന്‍മങ്ങളെയാണ് ഇവിടെ കുറിച്ചുവെക്കുന്നത്.

ആനയുടെ അനിയന്‍മാര്‍

ബ്രസീലിലെ റിയോ ഡി ജനിറോയില്‍ നിന്ന് ക്രൈസ്റ്റ് റെഡീമര്‍ കാണാനുള്ള യാത്രയിലായിരുന്നു. ലോകത്തെ സപ്താദ്ഭുതങ്ങളില്‍ ഒന്നെന്ന് വാഴ്ത്തപ്പെടുന്ന, എഴുന്നൂറ് മീറ്റര്‍ ഉയരമുള്ളതും കൈകള്‍ വിടര്‍ത്തി നില്‍ക്കുന്നതുമായ ഈ ക്രിസ്തുപ്രതിമ കോര്‍കോവാഡോ എന്നു പേരായ മലയുടെ മുകളിലാണ്. രാവിലെ പതിനൊന്ന് മണിയോടെ മലമുകളിലേക്കുള്ള യാത്രക്കായി ബസ്സുകള്‍ പുറപ്പെടുന്നിടത്തെത്തി. കുറേയധികം മിനിബസ്സുകള്‍ ഒന്നിന് പിറകെ ഒന്നായാണ് യാത്രതിരിക്കുക. ഇരുപേര്‍ക്ക് കയറാവുന്ന ഒരു ബസ്സിന്റെ മുന്‍സീറ്റുകളില്‍ ഒന്നില്‍ ഞാനിരിപ്പുറപ്പിച്ചു. സീറ്റില്‍ ഒപ്പമുണ്ടായിരുന്നത് നല്ല കറുപ്പു നിറമുള്ള സാമാന്യം തടിയുള്ള ഒരു പെണ്‍കുട്ടി. എനിക്കും തടിയുണ്ടായിരുന്നതു കൊണ്ട് രണ്ടു പേരും ഒരുമിച്ച ആ സീറ്റിലിരിക്കാന്‍ ഏറെ ബുദ്ധിമുട്ടി. അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു ' ഫാറ്റ്‌മെന്‍ ആള്‍വെയ്‌സ് സഫര്‍ '
അവളെ പരിചയപ്പെട്ടു. ബ്രസീലുകാരിയാണ്. 1994ലെ ലോകകപ്പില്‍ ചാമ്പ്യന്‍മാരായ ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമിലംഗമായിരുന്ന ബബറ്റോയുടെ നാട്ടുകാരിയാണെന്നും എല്‍സാല്‍വഡോറിലെ ബബറ്റോയുടെ വീട്ടിനരികിലായിരുന്നു അവളുടെ അച്ഛന്റെ വീടെന്നും ചെറുപ്പത്തില്‍ ബബറ്റോക്കൊപ്പം അവളുടെ അച്ഛന്‍ പന്തുതട്ടി കളിച്ചിട്ടുണ്ടെന്നുമെല്ലാം അവള്‍ പറഞ്ഞു. രൂപം കൊണ്ട് പ്രായം തോന്നുമെങ്കിലും 17 വയസ്സേയുള്ളൂ അവള്‍ക്ക്. അപ്പോഴാണ് പേര് ചോദിച്ചത്. അവള്‍ പറഞ്ഞു. ആന.
ഞാന്‍ ചോദിച്ചു അന്ന എന്നല്ലേ .
അല്ല ആന തന്നെ. അവളുടെ മറുപടി.
'ഞങ്ങളുടെ നാട്ടില്‍ ആനയെന്നാല്‍ നിങ്ങളുടെ എലിഫെന്റാണ്' മടിച്ചു മടിച്ചാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. ' നിങ്ങളുടെ ഭാഷയില്‍ എന്റെ പേര് ശരിയായ അര്‍ത്ഥത്തിലാണ്. '
അവള്‍ തമാശയായെടുത്തെങ്കിലും ഞാന്‍ വല്ലാതായി.

ഞങ്ങള്‍ പിന്നെയും കുറേയേറെ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. ബസ് ക്രൈസ്റ്റ് റെഡീമറിന് അടുത്തെത്തി. അപ്പോഴേക്കും ശക്തമായ മഴയും കാറ്റും. മലമുകളില്‍ ചീറിയടിക്കുന്ന കാറ്റ് കാരണം മുന്നോട്ട് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ. പ്രതിമയുടെ അടിഭാഗത്തേക്കെത്താന്‍ കുറച്ചു പടവുകള്‍ കയറണം. പടുകൂറ്റന്‍ പ്രതിമയുടെ കാല്‍ ചോട്ടില്‍ നില്‍ക്കുമ്പോള്‍ ആദ്യം ഉണ്ടാകുന്ന ചിന്ത നമ്മളെത്ര നിസ്സാരരാണെന്നു തന്നെയാവും. കൈവിടര്‍ത്തി നില്‍ക്കുന്ന ക്രിസ്തുവിനെ നോക്കിനില്‍ക്കെ ആനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു.

തിരിച്ചിറങ്ങുമ്പോഴേക്കും മഴ അല്‍പം ശമിച്ചിരുന്നു. പക്ഷെ കാറ്റത്ത് പറന്നു വന്ന പ്ലാസ്റ്റിക് വസ്തുക്കളും കടലാസുകളും ചവറുകളും കൊണ്ട് വഴിയാകെ താറുമാറായിരിക്കുന്നു. പ്രതിമ കാണാനെത്തുന്ന സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഒരു റെസ്‌റ്റോറന്റിന്റെ മേല്‍ക്കൂര വരെ പറന്നു പോയിരിക്കുന്നു. തിരികെയുള്ള യാത്രക്കായി ബസ് പുറപ്പെടുന്ന സ്റ്റേഷനിലെത്തിയപ്പോള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞ ഒരു വാര്‍ത്തയായാണ് കേട്ടത്. കാറ്റത്ത് മരങ്ങള്‍ കടപുഴകി വീണ് അവിടെ നിന്ന് പുറത്തേക്കുള്ള റോഡ് ബ്ലോക്കായിരിക്കുന്നു. മിക്കവാറും മരങ്ങള്‍ മുറിച്ചു മാറ്റി റോഡ് ഗതാഗത യോഗ്യമാക്കാന്‍ പത്തു മണിക്കൂര്‍ വേണ്ടി വരുമെന്ന് ബസ് സ്റ്റേഷനിലെ ഒരു വളണ്ടിയര്‍ പറഞ്ഞു. എനിക്ക് അന്ന് അര്‍ദ്ധ രാത്രിയാണ് റിയോയില്‍ നിന്ന് സാവോപോളോയിലേക്കുള്ള വിമാനം. അന്ന് പോവാന്‍ കഴിഞ്ഞില്ലെങ്കില്‍ നാട്ടിലേക്കുള്ള എന്റെ യാത്രാ ഷെഡ്യൂള്‍ മുഴുവന്‍ തെറ്റും. വലിയ കാശും നഷ്ടമാവും. അങ്ങനെ വിഷമിച്ച് നില്‍ക്കുമ്പോള്‍ അടുത്ത് നിന്ന് ഒരു പൊട്ടിക്കരച്ചില്‍ കേട്ടു. ആനയാണ്. അടുത്തുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. കരച്ചില്‍ കുറച്ചടങ്ങിയപ്പോള്‍ ഞാനവളോട് കാര്യം തിരക്കി. അപ്പോഴാണ് അവളുടെ കഥ പറഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് മാതാപിതാക്കള്‍ ഒരു റോഡപകടത്തില്‍ മരിച്ചുപോയതാണ്. അതോടെ അവളുടെ രണ്ട് കൊച്ചനിയന്‍മാരെ സംക്ഷിക്കേണ്ട ചുമതല അവളുടേതായി. പകല്‍ സമയം സ്‌ക്കൂളില്‍ പഠിക്കാന്‍ പോവുന്ന അവള്‍ വൈകുന്നേരം ജീവിക്കാനായി ഒരു ബേക്കറിയിലും ആസ്പത്രിയിലുമായി ജോലി ചെയ്യുന്നുണ്ട്.

എട്ടു വയസ്സ് പ്രായമുള്ള ഇരട്ടകളാണ് അനിയന്‍മാര്‍. ഒരു ജോലിയുടെ ഇന്റര്‍വ്യൂവിനായി റിയോയില്‍ വന്നപ്പോള്‍ അനിയന്‍മാരേയും ഒപ്പം കൂട്ടി. അവരെ നഗരത്തിലെ ചിലവു കുറഞ്ഞ ഒരു ലോഡ്ജില്‍ മുറിയെടുത്ത് അവിടെയാക്കി ക്രൈസ്റ്റ് റെഡീമര്‍ കാണാന്‍ വന്നതാണ്. രാത്രി അവിടെ തിരിച്ചെത്തിയില്ലെങ്കില്‍ അനിയന്‍മാര്‍ വിഷമിക്കും. ഭക്ഷണം കവിക്കാനുള്ള തുക പോലും കൈയ്യില്‍ കാണില്ല. വലിയ കാറ്റിലും മഴയിലും നെറ്റ്‌വര്‍ക്ക് തകരാറിലായതിനാല്‍ ലോഡ്ജിലേക്ക് ഫോണ്‍വിളിച്ചിട്ട് കിട്ടുന്നുമില്ല. ' ആ ലോഡ്ജിലുള്ളവര്‍ ശ്രദ്ധിക്കാതിരിക്കില്ല. ' ഞാന്‍ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞു. ' അങ്ങനെയൊരു നല്ല ഹോട്ടലൊന്നുമല്ല അത്. കാശില്ലാത്തതു കൊണ്ട് അങ്ങനെയൊരിടത്ത് മുറിയെടുക്കേണ്ടി വന്നതാണ്.' ആന വിഷമത്തോടെ പറഞ്ഞു. ആശ്വസിപ്പിക്കാന്‍ വേണ്ടി ഞാന്‍ അര്‍ത്ഥമില്ലാത്ത ചില വാക്കുകള്‍ പറഞ്ഞു കൊണ്ടേയിരുന്നു.

എന്റെ മകളാവാന്‍ മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയോട് സംസാരിക്കും തോറും എനിക്ക് ബഹുമാനം കൂടി വന്നു. ചെറുപ്രായത്തിലേ അനിയന്‍മാരെ വളര്‍ത്താന്‍ വേണ്ടി കഠിനാദ്വാനം ചെയ്യുന്ന അവള്‍ എന്റെ മുന്നില്‍ വളര്‍ന്നു വലുതാവാന്‍ തുടങ്ങി. ജീവിതാനുഭവങ്ങളുടെ കാര്യത്തില്‍ അവള്‍ക്കു മുന്നില്‍ ഞാന്‍ ശിശു തന്നെ. അവളുടെ വിഷമം അറിഞ്ഞതോടെ എന്റെ പ്രശ്‌നങ്ങളൊന്നുമല്ലാതായി. ചേച്ചിയെ കാണാതെ വിഷമിച്ചിരിക്കുന്ന അനിയന്‍മാരെ കുറിച്ചായി എന്റെ ചിന്ത. അങ്ങനെ ഒരു രണ്ട് മണിക്കൂര്‍ കഴിഞ്ഞു കാണും. പെട്ടെന്ന് വളണ്ടിയര്‍ ഓടി വന്നു പറഞ്ഞു. ' നഗരത്തില്‍ നിന്നെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കഠിനാദ്വാനം ചെയ്തതു കൊണ്ട് വീണുകിടന്ന മരങ്ങളെല്ലാം വെട്ടിമാറ്റി. നമുക്കുടന്‍ യാത്ര പുറപ്പെടാന്‍ കഴിയും അതു കേട്ടതു ആന താങ്ക് ഗോഡ് എന്നു പറഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങള്‍ വേഗത്തില്‍ ബസ്സിലേക്ക് കയറി. ആന വീണ്ടും കഥകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന സുന്ദരി പെണ്‍കുട്ടിയായി. പിരിയാന്‍ നേരം എന്റെ ബാഗില്‍ നാട്ടിലേക്ക് കൊണ്ടു പോവാനായി കരുതി വെച്ചിരുന്ന ഒരു കാര്‍ട്ടണ്‍ ചോക്ലൈറ്റ് ഞാനവള്‍ക്കെടുത്തു കൊടുത്തു.' അനിയന്‍മാര്‍ക്ക് കൊടുക്കണം.' ഞാന്‍ പറഞ്ഞപ്പോള്‍ അവളുടെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞു. ഒരിക്കല്‍ കൂടി ആലിംഗനം ചെയ്ത് ഞങ്ങള്‍ പിരിഞ്ഞു. അതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആനയുടെ ചിരിയും കിലുകിലെ തുള്ളിത്തെറിക്കുന്ന വാക്കുകളും കണ്ണീരുമെല്ലാം മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

ഖജുരാഹോയിലെ വിയലേറ്റ

ഭാരതീയ ശില്‍പ്പകലയുടെ അവസാന വാക്കായ ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍ കാണാനുള്ള യാത്രക്കിടയിലാണ് വിചിത്രമായ രീതികളും കാഴ്ച്ചപ്പാടുമുള്ള ഒരു ഫ്രഞ്ചുകാരിയെ പരിചയപ്പെടുന്നത്. ഖജുര്‍ തടാകത്തിന്റെ തീരത്തുള്ള ബ്രഹ്മാവിന്റെ ക്ഷേത്രം കാണാന്‍ പോയതായിരുന്നു ഞാന്‍. എന്റെ രണ്ടാമത്തെ ഖജുരാഹോ യാത്രയായിരുന്നു അത്. ആദ്യ തവണ പോയപ്പോള്‍ വെറുതെ കാഴ്ച്ചകള്‍ കണ്ട് മടങ്ങിയതല്ലാതെ ക്ഷേത്രങ്ങളുടെ ചരിത്രത്തെയോ അവ പ്രതിനിധാനം ചെയ്യുന്ന സംസ്‌ക്കാരത്തെയോ കുറിച്ച് എനിക്ക് കാര്യമായി ബോധമുണ്ടായിരുന്നില്ല. രണ്ടാം തവണ കുറേകൂടി പഠിച്ച് വിശദമായി കാണുവാനുള്ള പടപ്പുറപ്പാടായിരുന്നു. അതുകൊണ്ടു തന്നെ ഓരോ ക്ഷേത്രവും സമയമെടുത്ത് കാണുകയും ഒരുപാട് ആളുകളോട് സംസാരിക്കുകയും ചെയ്തു. ബ്രഹ്മ ക്ഷേത്രത്തിന് തൊട്ടരികിലുള്ള പഴയ കെട്ടിടത്തിന് മുന്നില്‍ 'ഫ്രന്റ്‌സ് ഇന്‍ ഖജുരാഹോ' എന്ന ബോര്‍ഡ് വെച്ചിരിക്കുന്ന അധികം വലുതല്ലാത്ത ഒര ഇരുനില കെട്ടിടം കണ്ടപ്പോള്‍ അവിടെയൊന്ന് കയറണമെന്ന് തോന്നി. അപ്പോഴതാ മുന്നിലുള്ള ചെറിയ വാതില്‍ തുറന്ന് കൈയ്യില്‍ ഒരു കുഞ്ഞുമായി വിദേശ വനിത ഇറങ്ങി വരുന്നു. പരിചയപ്പെട്ടു. ഫ്രഞ്ചുകാരിയാണ്. പേര് വിയേലെറ്റേ. ഹൃദ്യമായ പെരുമാറ്റം. 'എങ്ങനെ ഇവിടെ ഈയൊരു അന്തരീക്ഷത്തിലേക്ക് നിങ്ങളെത്തിപ്പെട്ടു?' ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

വിയലേറ്റ പറഞ്ഞ ജീവിതം വിസ്മയകരമായിരുന്നു. വേണമെങ്കില്‍ ഒരു നല്ല സിനിമക്കുള്ള വകുപ്പുണ്ട്. നാട്ടില്‍ ചരിത്രത്തില്‍ ഗവേഷണം നടത്തികൊണ്ടിരുന്ന വിയലേറ്റ, 2005 ഓഗസ്തില്‍ ആദ്യമായി ഖജുരാഹോ കാണാനെത്തി. ഖജുരാഹോയിലെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ചുറ്റിനടന്ന കാണിച്ചു തരാന്‍ ഒരാളെ വേണ്ടിയിരുന്നു. അങ്ങനെയാണ് വിജയ് എന്ന ചെറുപ്പക്കാരനുമായി പരിചയപ്പെടുന്ന.് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത, എന്നാല്‍ അല്‍പസ്വല്‍പം ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു പതിനെട്ടുകാരന്‍. ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട വിജയ് അമ്മയും അനിയനും അഞ്ച് സഹോദരിമാരുമുള്ള വലിയ കുടുംബത്തിന്റെ ഭാരം ഒറ്റയ്ക്ക് തലയിലേറ്റുന്ന കഠിനാധ്വാനിയായിരുന്നു. അവന്റെ ജീവിതത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ വിയോക്ക് ആദരവ് തോന്നി. അത് ചെറിയൊരു ഇഷ്ടമായി വളര്‍ന്നു.

ഒരാഴ്ച്ച നീണ്ടുനിന്ന ഖജുരാഹോ ട്രിപ്പ് കഴിഞ്ഞ തിരിച്ചു പോയെങ്കിലും വിയോ വിജയിനെ മറന്നില്ല. രണ്ടര വര്‍ഷത്തിനു ശേഷം വീണ്ടും ഖജുരാഹോയില്‍ വന്നപ്പോള്‍ അവര്‍ ആദ്യം തിരിക്കിയത് വിജയിനെ ആയിരുന്നു. ഇത്തവണ ഒരു ഇന്ത്യന്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ ആഗ്രഹമുണ്ടെന്ന് വിയോ പറഞ്ഞു. വിജയ് ആവട്ടെ അതിന് തന്റെ വീട്ടില്‍ തന്നെ സൗകര്യമേര്‍പ്പെടുത്തി. വിജയിന്റെ കുടുംബത്തോടൊപ്പം താമസിച്ച് അവരുടെ ഭാഷയും ജീവിത രീതികളുമെല്ലാം പരിചയിച്ചതോടെ വിയോക്ക് തിരിച്ചു പോവാന്‍ തോന്നിയില്ല. വിജയിനെ വിവാഹം കഴിച്ച് ഇവിടെ താമസമാക്കുകയായിരുന്നു.
2016ല്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. പേര് ലീല. പിന്നെ ജീവിതം മുന്നോട്ട കൊണ്ടു പോവാന്‍ വരുമാനം വേണം. വിയോ മുന്‍കൈയ്യെടുത്ത് വിജയിന്റെ വീട് ഫ്രണ്ട്സ് ഇന്‍ കജുരാഹോ എന്ന പേരില്‍ ഹോംസ്‌റ്റേ ആക്കി മാറ്റിയിരിക്കുന്നു. രണ്ട മുറികളുണ്ട്. താഴെത്തെ മുറിക്ക് ദിവസ വാടക 500 രൂപ. മുകളിലത്തെ മുറിക്ക് 700 രൂപ. കൂടുതല്‍ ദിവസങ്ങള്‍ ഖജുരാഹോയില്‍ തങ്ങാന്‍ ഉദ്ദേശിച്ചെത്തുന്ന വിദേശ ടൂറിസ്റ്റുകളാണ് അധികവും ഇവിടെ വരുന്നത്. അതിഥികള്‍ക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ നല്‍കും.

വരുമാനം തികയാതെ വന്നപ്പോള്‍ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ചെറിയ സ്‌ക്കൂളും തുടങ്ങി. പിന്നാലെ വീടിനോട് ചേര്‍ന്ന് ലക്ഷ്മണാ ഹാന്‍ഡിക്രാഫ്റ്റ്‌സ് എന്ന പേരില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ഒരു ചെറിയ കടയും. മാന്യമായി ജീവിക്കാനുള്ള വരുമാനം കിട്ടുന്നുണ്ടെന്നും ഈ അവസ്ഥയില്‍ താന്‍ സന്തുഷ്ടയാണെന്നും വിയോ പറഞ്ഞു.

ശിവമ്മയും രംഗമ്മയും

ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള പ്രകൃതിദത്തമായ ഗുഹാസമുച്ചയം നിലകൊള്ളുന്ന ബേലത്തേക്കുള്ളയാത്രക്കിടയില്‍ പരിചയപ്പെട്ട രണ്ടു സ്ത്രീകളെ മറക്കാനാവില്ല. ഹൈദരാബാദില്‍ നിന്ന് 215 കിലോമീറ്റര്‍ പോന്നാല്‍ കുര്‍ണൂര്‍. കൂര്‍ണൂറില്‍ നിന്ന് തിരിഞ്ഞ് നൂറ്റിപ്പത്ത് കിലോമീറ്റര്‍ പോയാല്‍ ബേലത്തെത്തും. ആന്ധ്രയിലെ തനി ഗ്രാമീണരായ ചില മനുഷ്യരെ അറിയാനും ഇടപഴകാനും അവസരമുണ്ടായി എന്നതായിരുന്നു ആ യാത്രയുടെ ധന്യത. 35 കിലോമീറ്റര്‍ ചെന്നപ്പോള്‍ സിസിപ്പള്ളിയെന്ന ബോര്‍ഡ്. ചെറിയൊരു കവല. കൊടുംവെയിലത്ത് ഒരു ഇളനീര്‍ കച്ചവടക്കാരി, നാല്‍പതിനുമേല്‍ പ്രായം തോന്നിക്കുന്ന, കടുംവര്‍ണത്തിലുള്ള ചേലയണിഞ്ഞ ശിവമ്മ. ഇളനീര്‍ കുടിച്ച് കാശു കൊടുത്തപ്പോള്‍ തിരിച്ചുതരാന്‍ ചില്ലറയില്ല. ഒരു ഇളനീര്‍ കൂടി തലചെത്തിയെടുത്ത് നീട്ടി. വേണ്ട കാശ് വെച്ചോളൂ എന്നു പറഞ്ഞെങ്കിലും അവര്‍ പൊരുത്തപ്പെടുന്നില്ല. ഇളനീര്‍ വാങ്ങി ശിവമ്മക്കൊപ്പമുണ്ടായിരുന്ന മകള്‍ക്ക് കൊടുത്തു. അവളും മടിച്ചു നില്‍ക്കുന്നു. ഏറെ നിര്‍ബന്ധിച്ചപ്പോള്‍ വാങ്ങി, ഭംഗിയുള്ളൊരു ചിരി പകരം തന്നു. ശിവമ്മയെ പോലാണ് ആന്ധ്രയിലെ സ്ത്രീകളിലധികവും. വീട്ടുജോലികളുമായി അകത്തളങ്ങളില്‍ ഒതുങ്ങികൂടുന്നവരല്ല. പുറത്തിറങ്ങി പണിയെടുക്കുന്നവരാണ്. അല്ലെങ്കില്‍ ജീവിതം കഴിക്കാന്‍ അതിനു നിര്‍ബന്ധിതരായവരാണ്. ശിവമ്മ പതിനഞ്ചാം വയസ്സില്‍ വിവാഹിതയായതാണ്. തന്നേക്കാള്‍ പതിനഞ്ചു വയസ്സ് മുതിര്‍ന്ന ബന്ധുവായിരുന്നു വരന്‍. പത്തു വര്‍ഷമേ ദാമ്പ്യത്യം നീണ്ടു നിന്നുള്ളൂ. ഒരു കുഞ്ഞിനെ സമ്മാനിച്ച് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അമിത മദ്യപാനമായിരുന്നു കാരണം. ജീവിച്ചിരിക്കെ തന്നെ അയാളെ കൊണ്ട് വീട്ടിലേക്ക് വലിയ കാര്യമൊന്നും ഉണ്ടായിരുന്നില്ല. ശിവമ്മ ജോലിക്ക് പോയാണ് കുടുംബം പോറ്റിയതും ഭര്‍ത്താവിന് ചാരായം കഴിക്കാന്‍ കാശു നല്‍കിയിരുന്നതും.

തമിഴ്‌നാട്ടില്‍ നിന്ന് ലോറിയിലെത്തുന്ന ഇളനീര്‍ വാങ്ങി വഴിയാത്രികര്‍ക്ക് വില്‍ക്കുകയാണ് അവര്‍. ഒന്ന് വിറ്റാല്‍ നാലു രൂപ ലാഭം കിട്ടും. അങ്ങനെ ഇളനീര്‍ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് ശിവമ്മയും മകളും ജീവിക്കുന്നത്. ഗ്രാമത്തില്‍ സ്വന്തമായി ചെറിയ സ്ഥലവും വീടുമുണ്ട്. അമ്മയുടെ വകയായി കിട്ടിയ പരമ്പരാഗത സ്വത്താണത്. മകളെ പഠിപ്പിച്ച് എഞ്ചിനീയറാക്കണമെന്നാണ് മോഹം. അതിന് കുറേപണം വേണം. അതിനായി റോഡരികില്‍ ചെറിയൊരു ചായക്കടയിടുന്ന കാര്യവും പരിഗണനയിലുണ്ട്.

ബേലം ഗുഹ സന്ദര്‍ശിച്ച് തിരിച്ചു വരുമ്പോഴും വ്യത്യസ്ഥയായ മറ്റൊരു ഗ്രാമീണവനിതയെ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. അനന്ത്പൂരില്‍ ചെന്ന്് ബാംഗ്ലൂര്‍ ഹൈവേയില്‍ കയറാനായിരുന്നു ഞങ്ങളുടെ പദ്ധതി. രാത്രിയാവുമ്പോഴേക്കും അനന്ത്പൂരിലെത്തണം. അല്ലെങ്കില്‍ ചുറ്റിപ്പോവും. പക്ഷെ അത്ര വേഗത്തില്‍ പോവാനും വയ്യ. റോഡ് ഇടുങ്ങിയതാണ്. ചോളപ്പുല്ലും ഗ്രനൈറ്റ് ശിലകളുമായി വരുന്ന ട്രാക്ടറുകള്‍ക്ക് കടന്നുപോവാന്‍ കാര്‍ ഇടക്കിടെ ഒതുക്കിയിടേണ്ടി വന്നു. അഞ്ചോ ആറോ കിലോമീറ്റര്‍ വന്നതേയുള്ളൂ ശകടം പണിമുടക്കി. നിന്നത് ഒരു കൊച്ചുതെരുവിലാണ്. വര്‍ക്ക്‌ഷോപ്പ് പോയിട്ട് നല്ലൊരു മാടക്കട പോലുമില്ല. രാത്രി കാറില്‍ തന്നെ തങ്ങേണ്ടിവരും. വിശപ്പാണെങ്കില്‍ സഹിക്കാനുമാകുന്നില്ല. അടുത്തുള്ള വീട്ടില്‍ നിന്ന് ഓംലറ്റിന്റെ മണം. പതുക്കെ കയറി നോക്കി. ഒരു സ്ത്രീയും പതിനഞ്ച് വയസ്സ് തോന്നിക്കുന്ന മകനും ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യുന്നു. ഭക്ഷണത്തിനായി അപേക്ഷിച്ചു. ഭാഗ്യം അവര്‍ക്ക് ഹിന്ദി അറിയാം. 'ശരി, പണം തന്നാല്‍ ഭക്ഷണം തയ്യാറാക്കി തരാം.' അവര്‍ പറഞ്ഞു.
രംഗമ്മയെന്നാണ് അവരുടെ പേര്. ഞങ്ങള്‍ അവരുടെ ഒറ്റമുറി വീട്ടിനകത്തേക്ക് കയറിയിരുന്നു. ആ വീട്ടിനകത്ത് ഒരു കട്ടിലും അടുപ്പും കഴിഞ്ഞാല്‍ മൂന്നു, നാലു പേര്‍ക്ക് കുന്തിച്ചിരിക്കാനുള്ള ഇടമേയുള്ളൂ. വേള്‍ട്ടേജ് കുറഞ്ഞത് കാരണം മങ്ങിക്കത്തുന്ന ഒരു ബള്‍ബിന്റെ വെളിച്ചം മാത്രം. ആകെയൊരു മോശം മണവുമുണ്ട്. അതൊന്നും അപ്പോള്‍ പ്രശ്‌നമായി തോന്നിയില്ല. വിശന്നാല്‍ അതു മാറ്റാന്‍ മനുഷ്യന്‍ എന്തു ത്യാഗവും സഹിക്കും. അവരോട് സംസാരിക്കാന്‍ ശ്രമിച്ചു. പരിചയപ്പെട്ടാല്‍ പിന്നെ കാശു തരാതെ കടന്നു കളയുമെന്ന ഭയം കാരണമാവാം. അവര്‍ അടുക്കുന്നില്ല. പത്തു മിനുറ്റ് ഇരുന്നു കാണണം. ചൂടോടെ പൊറോട്ടയും ഓംലെറ്റും കിട്ടി. ഓംലെറ്റിന് ഒരു മലയാളി ടെച്ച്.

ഭക്ഷണം കഴിച്ച കാശെത്രയെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, അമ്പത് രൂപ. രണ്ട് ഓംലെറ്റും നാല് പൊറോട്ടയും കഴിച്ചിരുന്നു. അതിന് അമ്പത് രൂപ തീരെ കുറവല്ലേ? നൂറ് രൂപ വെച്ചോളാന്‍ പറഞ്ഞു. അവരാദ്യം സംശയത്തോടെ നോക്കിയെങ്കിലുംസന്തോഷത്തോടെ കൈപ്പറ്റി. ഭക്ഷണത്തിന്ഒരു മലയാളി രുചിയുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. ' എന്റെ ഭര്‍ത്താവ് മലയാളിയാണ്. അയാളുടെ രുചിക്കനുസരിച്ച് ഉണ്ടാക്കി ശീലമായതാണ്. '
രംഗമ്മയെ അവളുടെ പതിനഞ്ചാം വയസ്സില്‍ നാല്‍പതുകാരനായ ഒരു കര്‍ഷകന് വീട്ടുകാര്‍ കെട്ടിച്ചു കൊടുത്തതാണ്. പഠനത്തില്‍ മോശമല്ലാതിരുന്ന രംഗമ്മ അന്ന് പത്താം ക്ലാസിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പരീക്ഷയെഴുതാന്‍ പോലും ഭര്‍ത്താവ് സമ്മതിച്ചില്ല. പത്തു വര്‍ഷം അയാള്‍ക്കൊപ്പം ജീവിച്ചു. ഒരു പ്രളയകാലത്ത് വെള്ളത്തില്‍ വീണു മരിച്ചു പോയി. അയാളിലുണ്ടായ മകനാണ് ഒപ്പമുള്ളത്.

മൂന്നാല് വര്‍ഷത്തിന് ശേഷം അടുത്തുള്ള സിമന്റ് ഫാക്ടറിയില്‍ ലോഡെടുക്കാന്‍ വന്ന ലോറിയുടെ ഡ്രൈവറുമായി രംഗമ്മ അടുപ്പത്തിലായി. അയാള്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വിവാഹത്തിന് സമ്മതിച്ചു. തിരുന്നെല്‍വേലിക്കാരാനായ അയാള്‍ക്ക് അവിടെ വേറെ ഭാര്യയുണ്ടോയെന്ന സംശയം രംഗമ്മക്കുണ്ട്. അതെന്തായാലും വേണ്ടില്ല. കുടുംബം കഴിയാനുള്ള പണം അയാള്‍ നല്‍കുന്നുണ്ട്. അതാണ് ആശ്വാസം. തന്നെ പോലെയാണ് മകന്‍. പഠനത്തില്‍ മിടുക്കനാണ്. അവനെ ഒരു എഞ്ചിനിയറാക്കണം. അതിന് എന്ത് ത്യാഗം സഹിക്കാനും ഒരുക്കമാണ് രംഗമ്മ.

Content Highlights: k viswanath column part eight khajuraho


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented