നാഷണല്‍ ജ്യോഗ്രഫിക്കിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി മുന്നില്‍; ഭയന്നു വിറച്ചുപോയി ഞാന്‍


കെ വിശ്വനാഥ്ഷർബത് ഗുല | ഫോട്ടോ: സ്റ്റീവ് മാക്കൂറി

രു ഏപ്രില്‍ മാസത്തിലായിരുന്നു അത്. ഹൈദരാബാദില്‍ ഒരു സുഹൃത്തിന്റെ വിവാഹം. അവന്റെ ക്ഷണം തീര്‍ച്ചയായും വരണമെന്നായിരുന്നു. അവധിക്കാലമായിരുന്നതിനാല്‍ തീവണ്ടികളിലൊന്നിലും റിസര്‍വേഷന്‍ കിട്ടുന്നില്ല. ഫ്‌ലൈറ്റ് ടിക്കറ്റിന് വലിയ ഡിമാന്റ് കാരണം ചാര്‍ജ് കുത്തനെ കൂടിയിരിക്കുന്നു. പക്ഷെ, വിവാഹത്തിന് പോവാതിരുന്നാല്‍ നല്ലൊരു സൗഹൃദം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നു വരും. അതു കൊണ്ട് എത്ര ബുദ്ധിമുട്ടിയായാലും പോവാന്‍ തീരുമാനിച്ചു. ഷൊര്‍ണൂരില്‍നിന്ന് ഹൈദരാബാദ് വരെ എമര്‍ജന്‍സി ക്വാട്ടയില്‍ ബെര്‍ത്ത് കിട്ടി. അവിടെയെത്തി കല്യാണത്തില്‍ പങ്കെടുത്തു. ഓഫീസില്‍ തിരക്കുള്ള സമയമായതു കൊണ്ട് അടുത്ത ദിവസം തന്നെ തിരിച്ചു പോരേണ്ടതുണ്ടായിരുന്നു. ഏറെ പരിശ്രമിച്ചതിന് ശേഷം കോയമ്പത്തൂര്‍ വരെയുള്ള ട്രെയിനില്‍ സീറ്റ് ഒത്തു കിട്ടി. രാത്രി പത്തു മണിയോടെയാണ് കോയമ്പത്തൂരെത്തിയത്. അവിടെ കനത്ത മഴ. കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ പുലര്‍ച്ചെ രണ്ടു മണിക്കാണ്. ഹൈദാരാബാദില്‍ നിന്നുള്ള ട്രെയിന്‍ വന്നത് കോയമ്പത്തൂര്‍ മെയിന്‍ റെയില്‍വേ സ്റ്റേഷനില്‍. കോഴിക്കോട്ടേക്ക് പോവുന്ന വണ്ടി നിര്‍ത്തുന്നത് ആ സ്റ്റേഷനില്‍നിന്ന് അകലെയുള്ള പോത്തന്നൂര്‍ സ്റ്റേഷനിലും. ഓട്ടോ പിടിച്ച് ഭാരംകൂടിയ ബാക്ക്പാക്കുമായി ഞാന്‍ പതിനൊന്നു മണിയോടെ ആ സ്റ്റേഷനിലെത്തി. അധികം വണ്ടികള്‍ വരാനില്ലാത്തതു കൊണ്ടാവാം സ്റ്റേഷന്‍ വിജനമാണ്. മഴ തകര്‍ക്കുന്നുണ്ട്.. അവിടെയങ്ങനെ മൂന്നു മണിക്കൂര്‍ കാത്തിരിക്കണം. സ്റ്റേഷനില്‍ ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയില്‍ കാര്യമായൊന്നും കഴിച്ചിരുന്നില്ല. അവിടെയാവട്ടെ ഒരു സ്റ്റാളും തുറന്നിട്ടുമില്ല. വിശപ്പ് അടക്കിപിടിച്ച് ഞാന്‍ വെയ്റ്റിങ് റൂമിലേക്ക് നടന്നു. അതിനകത്ത് മുനിഞ്ഞു കത്തുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ ഞാന്‍ മാത്രം. മഴക്ക് ശക്തി കൂടിവരുന്നു. എന്തെങ്കിലും കഴിക്കാന്‍ കിട്ടിയിരുന്നെങ്കില്‍!

എന്റെ പ്രാര്‍ഥന കേട്ടിട്ടെന്ന പോലെ ഒരു ചായവില്‍പ്പനക്കാരന്‍ അങ്ങോട്ടു വന്നു കയറി. എന്റെ നോട്ടത്തില്‍നിന്ന് കാര്യം ഗ്രഹിച്ചതു കൊണ്ടാവാം, പറയാതെ തന്നെ അരികില്‍ വന്ന് പേപ്പര്‍ ഗ്ലാസില്‍ ചായ പകര്‍ന്നു തന്നു. അയാളുടെ നീല ഷര്‍ട്ടിന്റെ താഴെ ഭാഗത്തുള്ള പോക്കറ്റില്‍ നിന്ന് ഒരു ചെറിയ പാക്കറ്റ് ടൈഗര്‍ ബിസ്‌ക്കറ്റും എടുത്തു തന്നു. അതിനു ശേഷം പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, 'ഫിഫ്റ്റീന്‍.' ഞാന്‍ കൃത്യമായ ചില്ലറ കൊടുത്തു. അതും വാങ്ങി അയാള്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു പോയി.

കുറേനേരം കൂടി വെയ്റ്റിങ് റൂമില്‍ ഇരുന്ന് മുഷിഞ്ഞപ്പോള്‍ ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി വെറുതെ നടന്നു. സ്റ്റേഷന്‍ മാസ്റ്റ്റുടെ മുറിയില്‍നിന്ന് ഫോണ്‍ ചെയ്യുന്ന ശബ്ദം കേള്‍ക്കുന്നു. അവിടേക്ക് ചെന്ന് ട്രെയിന്‍ കൃത്യസമയത്തല്ലേയെന്ന് ആരാഞ്ഞു. ഓണ്‍ടൈമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഷനില്‍ തിരക്കില്ലാത്തതു കൊണ്ടാവാം സ്റ്റേഷന്‍ മാസ്റ്റര്‍ പിന്നെയും സംസാരിക്കാന്‍ തുനിഞ്ഞു. ഭക്ഷണം കഴിച്ചോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ചായകുടിച്ച കാര്യം പറഞ്ഞു. അയാള്‍ എന്റെ മുഖത്തേക്ക് അവിശ്വാസത്തോടെ നോക്കി കൊണ്ടു ചോദിച്ചു. 'നിങ്ങള്‍ക്ക് ചായ തരാന്‍ ഒരു വെന്റര്‍ ഇവിടെ വന്നുവെന്നാണോ പറയുന്നത്?' ഞാന്‍ തലകുലുക്കിയപ്പോള്‍ അദ്ദേഹം തുടര്‍ന്നു. 'ഈ അസമയത്ത്, അതും ഈ മഴയത്ത് ചായയുമായി ഒരാള്‍ ഇവിടെ എങ്ങിനെ വരാനാണ്? വന്നിരുന്നെങ്കില്‍ ഞാനും ചായ കുടിക്കുമായിരുന്നല്ലോ ?' ഞാന്‍ അനാവശ്യമായി കള്ളം പറയുന്നത് എന്തിനാണെന്ന ഭാവത്തില്‍ സ്റ്റേഷന്‍മാസ്റ്റര്‍ തറപ്പിച്ച് നോക്കിയപ്പോള്‍ ഞാന്‍ വെയറ്റിങ് റൂമിലേക്ക് മടങ്ങി.

ചായ കുടിച്ചിരുന്ന പേപ്പര്‍ കപ്പും ബിസ്‌ക്കറ്റിന്റെ പാക്കറ്റും ഞാനവിടുത്തെ വെയ്സ്റ്റ് ബാസ്‌ക്ക്റ്റിലിട്ടിരുന്നു. വെറുതെ അതൊന്നു പോയി നോക്കി. ബാസ്‌ക്കറ്റ് കാലിയാണ്, ഒരു തുണ്ട് പേപ്പര്‍ പോലുമില്ല. എന്തോ പന്തികേട് തോന്നിയപ്പോള്‍ ഞാന്‍ അവിടെ നിന്നെഴുന്നേറ്റ് സ്റ്റേഷന്‍ മാസ്റ്ററുടെ മുറിക്കു മുന്നിലെ ബെഞ്ചില്‍ പോയിരുന്നു. വണ്ടി വരുന്നത് വരെ അവിടെ നിന്ന് മാറിയില്ല. ട്രെയ്നില്‍ കയറിയിട്ടും ഞാനാകെ ആശയകുഴപ്പത്തിലായിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞതില്‍ ന്യായമുണ്ടല്ലോ, എനിക്ക് മാത്രമായി ചായ തരാന്‍ അവിടെ ഒരു ടീ വെന്റര്‍ ആ മഴയത്ത് എങ്ങിനെയെത്തി, ആരായിരുന്നു അയാള്‍? ആലോചിക്കുമ്പോള്‍ ചെറിയ കാര്യം. പക്ഷെ അന്നത്തെ ഉറക്കം നഷ്ടമാവാന്‍ എനിക്കത് ധാരാളമായിരുന്നു.

സര്‍ബത് ഗുലയെ പോലൊരു ആത്മാവ്

ഇത്തരം ചില വിചിത്രമായ അനുഭവങ്ങള്‍ പല യാത്രകളിലും എനിക്കുണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും ഭയപ്പെടുത്തിയ ഒരു സംഭവം പറയാം. 2016-ലായിരുന്നു അത്. ഞാനും സുഹൃത്തായ ഫോട്ടോഗ്രാഫര്‍ ബി. മുരളീകൃഷ്ണനും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അസമിന്റെ തലസ്ഥാനമായ ഗുവാഹാട്ടിയില്‍ തങ്ങുകയായിരുന്നു. ആ നഗരം എന്റെ ഇഷ്ടയിടങ്ങളിലൊന്നാണ്. അരഡസന്‍ തവണയെങ്കിലും ഞാനവിടെ പോയിട്ടുണ്ട്. കുറച്ചു നല്ല സുഹൃത്തുക്കളും കോഴിയിറച്ചിയും അരിയും ചേര്‍ത്തുണ്ടാക്കുന്ന മോമോസ് പോലുള്ള വിഭവങ്ങളുമെല്ലാം എന്റെ ഗുവാഹാട്ടി പ്രണയത്തിന് കാരണമാണ്. വലിയ ട്രാഫിക് തിരക്കുകളില്ലാത്ത നഗരം. നമ്മള്‍ മലയാളികളെ അപേക്ഷിച്ച് അച്ചടക്കം കൂടുതലുള്ള മനുഷ്യര്‍. ക്യൂവിലൊക്കെ വളരെ ശാന്തരായി, കലഹമുണ്ടാക്കാതെ അവര്‍ എത്ര നേരം വേണമെങ്കിലും നില്‍ക്കും.

രാജ്യത്തെ വടക്കു കിഴക്കന്‍ മേഖലയുടെ സത്തയും സൗന്ദര്യവും സംസ്‌ക്കാരവും മനസ്സിലാക്കണമെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഗുവഹാട്ടി സന്ദര്‍ശിക്കണം. നഗരത്തിന് പുറത്തെ കമാഖ്യ ക്ഷേത്രവും ഞാന്‍ വീണ്ടും വീണ്ടും പോവാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. നഗരത്തില്‍നിന്ന് ടാക്സിയില്‍ കാല്‍ മണിക്കൂര്‍ യാത്രയേ ക്ഷേത്രത്തിലേക്കുള്ളൂ. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള നീലാചല്‍ കുന്നിന്‍ മുകളിലാണ് അത്. പുലര്‍ച്ചെ ഈ കുന്നിന്‍ മുകളിലേക്കുള്ള യാത്ര രസകരമാണ്. തണുത്തു വിറച്ച് കോടമഞ്ഞിനെ തൊട്ടുള്ള സഞ്ചാരം. ആരും കുറച്ചു നേരം കണ്ണെടുക്കാതെ നോക്കിയിരുന്നു പോവുന്ന ശില്‍പ്പചാരുത ക്ഷേത്രത്തിനുണ്ട്. വലിയ താഴികക്കുടത്തിന് പിറകിലേക്ക് വ്യാപിച്ചു കിടക്കുന്ന ക്ഷേത്രസമുച്ചയം. അതിനു മുകളില്‍ ചെറിയ താഴികക്കുടങ്ങള്‍ വേറെയുമുണ്ട്. ചുവരില്‍ ദേവീ ദേവന്‍മാരുടെ ശില്‍പ്പങ്ങള്‍- എല്ലാം ചേര്‍ന്ന് ഒരു പ്രത്യേക അനുഭൂതി നല്‍കും. ഭക്തിയുടെ പാരമ്യത്തില്‍ ദൈവനാമങ്ങള്‍ വിളിച്ചു കൊണ്ടു നീങ്ങുന്ന മനുഷ്യജാലത്തില്‍ ലയിച്ചു കൊണ്ടൊരു പ്രയാണം. വിശ്വാസവും ഭക്തിയും രണ്ടാണെന്ന് തിരിച്ചറിയുന്ന മുഹൂര്‍ത്തം...

ഇത്തവണയും നാലോ അഞ്ചോ മണിക്കൂര്‍ ചെലവഴിച്ച് ക്ഷേത്രം കണ്ടു മടങ്ങി. മടക്കയാത്രയില്‍ ഞാനാ ക്ഷേത്രത്തേയും ദേവിയേയും കുറിച്ച് കുറേ ചിന്തിച്ചു. കഥകള്‍ മെനയാന്‍ ഇഷ്ടമുള്ള മനസ്സിന് ഉടമയായതു കൊണ്ടാവാം, ചില നിഗൂഢതകള്‍ എനിക്ക് അനുഭവപ്പെടുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും ഇവിടുത്തെ വ്യത്യസ്തമായ ആചാരങ്ങളും തന്നെയാവാം കാരണം. ബ്രഹ്‌മാവിന്റെ പുത്രനായ ദക്ഷരാജാവിന്റെ മകളായി ആദിശക്തി സതിയെന്ന പേരില്‍ ജന്മമെടുത്തുവെന്നാണ് കമാഖ്യദേവിയുമായി ബന്ധപ്പെട്ട ഐതിഹ്യം. ശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് ശിവനെ സതി വിവാഹം കഴിക്കുന്നത് സമ്മതമായിരുന്നില്ല. എന്നാല്‍ സതി സ്വന്തം ഇഷ്ടപ്രകാരം ശിവനെ വിവാഹം ചെയ്തു.ഇതോടെ ദക്ഷന് ശിവനോടുള്ള ദേഷ്യം ഇരട്ടിയായി. അങ്ങനെയിരിക്കെ ഒരു മഹായാഗം നടത്താന്‍ ദക്ഷന്‍ തീരുമാനിച്ചു. ശിവനും സതിയും ഒഴികെയുള്ള ദേവീ ദേവന്മാര്‍ക്കും ഋഷിവര്യന്മാരെയുമെല്ലാം ദക്ഷന്‍ യജ്ഞത്തില്‍ സംബന്ധിക്കുവാന്‍ ക്ഷണിച്ചു. തന്റെ ഭവനത്തില്‍ നടക്കുന്ന യജ്ഞത്തില്‍ പങ്കെടുക്കാനുനുള്ള ആഗ്രഹം ശിവനെ സതി അറിയിച്ചു. സതിയെ പിന്തിരിപ്പിക്കാന്‍ ശിവന്‍ പരമാവധി ശ്രമിച്ചുവെങ്കിലും അവര്‍ തന്റെ തീരുമാനത്തില്‍നിന്നു വ്യതിചലിച്ചില്ല. ഒടുവില്‍ ശിവന്‍ തന്റെ വിശ്വസ്തസേവകനായ നന്തിയേയും ഭൂതഗണങ്ങളേയും സതിയുടെകൂടെ അയച്ചു. ദക്ഷന്‍ സതിയെ യാഗവേദിയിലേക്ക് സ്വീകരിച്ചില്ല. ശിവനെ പരമാവധി അപമാനിക്കുകയും ചെയ്തു. പതിയ്ക്കുനേരെയുള്ള അപമാനം സഹിക്കാനാവാതെ സതി തന്റെ യോഗശക്തിയില്‍നിന്ന് ഉദ്ഭവിച്ച അഗ്‌നിയില്‍ പ്രാണത്യാഗം ചെയ്തു.

പ്രിയതമയുടെ പ്രാണത്യാഗത്തില്‍ കുപിതനും ദുഃഖിതനുമായ ശിവന്‍ ദക്ഷനെ വധിച്ച് യജ്ഞം തടയുവാന്‍ വീരഭദ്രനെ അയച്ചു. വീരഭദ്രന്‍ ദക്ഷന്റെ തലയരിഞ്ഞു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവന്‍ ദക്ഷപത്‌നിയായ പ്രസൂതിയുടെയും മറ്റുള്ളവരുടേയും അപേക്ഷ മാനിച്ച് ദക്ഷനെ പുനഃര്‍ജീവിപ്പിക്കാന്‍ നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നല്‍കി ജീവന്‍ നല്‍കി. അജ്ഞതമൂലം താന്‍ ചെയ്ത അപരാധങ്ങള്‍ക്കെല്ലാം ശിവനോട് ദക്ഷന്‍ ക്ഷമ യാചിച്ചു. സതിയുടെ പ്രാണനറ്റ ശരീരം കണ്ട് വികാരാധീനനായ ശിവന്‍ ശരീരവും കയ്യിലേന്തി യാത്രയായി.ശിവനെ ദുഃഖത്തില്‍നിന്നു മോചിപ്പിക്കുന്നതിനായി ഭഗവാന്‍ വിഷ്ണു സുദര്‍ശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഖണ്ഡങ്ങള്‍ ഭൂമിയുടെ പല ഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠ ക്ഷേത്രങ്ങളായി മാറിയത്. ജനനേന്ദ്രിയമുള്‍പ്പെടെയുള്ള ഭാഗം വന്നു പതിച്ച ശക്തിപീഠമാണ് കമാഖ്യ എന്നാണ് വിശ്വാസം.

ശക്തയായ ദേവിയുടെ ക്ഷേത്രം ട്രാന്‍സ്ജെന്ററുകളുടെ പ്രധാന ആരാധനാലയമാണെന്ന് ഇത്തവണ അവിടെവെച്ച് പരിചയപ്പെട്ട തെലുങ്കനായ ഒരു ഭക്തന്‍ എന്നോട് പറഞ്ഞു. കമാഖ്യയുടെ സ്വാധീനമുള്ളതു കൊണ്ടുതന്നെ ഗുവഹാട്ടിയില്‍ താരതമ്യേനട്രാൻസ്‌ജെന്ററുകളുടെ എണ്ണം കൂടുതലുമാണെത്രെ. കടുത്ത വിശ്വാസിയല്ലാത്ത എനിക്ക് അയാളുടെ വെളിപ്പെടുത്തലുകള്‍ അത്രയ്ക്ക് ബോധിച്ചില്ല. പക്ഷെ, മടക്കയാത്രയില്‍ ഈ കാര്യങ്ങള്‍ ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നു. തിരിച്ച് ഹോട്ടലിലെത്തി ശേഷം ഒന്നു രണ്ട് സുഹൃത്തുക്കളെ കാണാന്‍ പോവാനുണ്ടായിരുന്നു. അവരെയെല്ലാം കണ്ട് തിരിച്ചെത്തുമ്പോള്‍ സമയം കുറേ വൈകി. ഹോട്ടലിലെ റെസ്റ്റോറന്റ് അടച്ചു പോയി. രാത്രി വൈകിയും ഭക്ഷണം ലഭിക്കുന്നതെരുവ് ഹോട്ടലിനരികില്‍ തന്നെയുണ്ട്. ഞാനും മുരളിയും അങ്ങോട്ടേക്ക് നടന്നു. തെരുവിലെ ലൈന്‍ മുറികളില്‍ ചെറിയ കടകള്‍. തരക്കേടില്ലെന്ന് തോന്നിയ ഒരു കടക്ക് മുന്നില്‍ ചെന്നു. ചപ്പാത്തിയും വറുത്ത കോഴിയിറച്ചിയും ഓഡര്‍ ചെയ്തു. വലിയ പ്ലേറ്റില്‍ ചൂടുള്ള എണ്ണയില്‍നിന്ന് കോരിയെടുത്ത് മസാല പുരട്ടിയ ഇറച്ചിയും ചപ്പാത്തിയും കിട്ടി. നല്ല വിശപ്പുണ്ടായിരുന്നതാനാല്‍ ആര്‍ത്തിയോടെ തിന്നു. മോമ്പൊടിയായി ഓരോ കോളയും കഴിച്ചു. കാശെത്രെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ തുക പറഞ്ഞു. മുരളി കൊടുത്തു കൊള്ളും. ഞാന്‍ പതുക്കെ മുന്നോട്ട് നടന്നു.

അല്‍പം മാറി ഇരുട്ടുള്ള ഭാഗത്ത് മഞ്ഞ സാരി ധരിച്ച ഉയരം കൂടിയ ഒരു സത്രീ. ചാരനിറമുള്ള കണ്ണുകള്‍ എന്നെ തീഷ്ണമായി നോക്കുന്നു. ഞാനവരുടെ മുഖത്തേക്ക് നോക്കി. മുമ്പെങ്ങോ കണ്ടതു പോലെ. മുമ്പ് നാഷണല്‍ ജ്യോഗ്രഫിക്കല്‍ മാഗസിന്റെ കവറില്‍ പ്രസിദ്ധീകരിച്ചതും അതുവഴി ഏറെ പ്രസിദ്ധയായി മാറിയവളുമായ അഫ്ഗാന്‍ പെണ്‍കുട്ടി ഷര്‍ബത് ഗുലയുടെ ഛായയുണ്ട് എന്റെ മുന്നില്‍ നില്‍ക്കുന്ന സ്ത്രീക്ക്. അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ വെച്ച് 1984-ല്‍ അമേരിക്കക്കാരനായ ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മാക്കൂറി എടുത്തതായിരുന്നു അഭയാര്‍ത്ഥിയായ ആ പെണ്‍കുട്ടിയുടെ ഫോട്ടോ. ഏറെ ശ്രദ്ധ നേടിയ ആ കവറില്‍ വന്ന പെണ്‍കുട്ടിയെ മാക്കൂറി വര്‍ഷങ്ങള്‍ക്ക് തേടിപ്പിടിച്ച് ചെന്ന് വീണ്ടും തന്റെ ക്യാമറയില്‍ പകര്‍ത്തി. അതിനകം മധ്യവയസ്‌കയായി മാറിയിരുന്ന ഗുലയുടെ ഫോട്ടോ വേട്ടയാടപ്പെടുന്ന അഭയാര്‍ത്ഥികളുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെടുത്തി വീണ്ടും ലോകശ്രദ്ധ നേടിയിരുന്നു.

ഞാന്‍ കണ്ട സ്ത്രീക്ക് ഗുലയുടെ അതേ ഛായ, അതേ തീഷ്ണമായ നോട്ടം. അതാണ് ശ്രദ്ധിക്കാന്‍ കാരണം. എനിക്ക് നേരിയ ഭയം തോന്നി. ഞാന്‍ വീണ്ടും മുരളിയുടെ അടുത്തേക്ക് നടന്നു. കടക്കാരന്‍ പറഞ്ഞ തുക വളരെ അധികമാണെന്ന് തോന്നിയതു കൊണ്ട് മുരളി അയാളുമായി തര്‍ക്കിക്കുകയായിരുന്നു. അതിനിടയില്‍ ഞാന്‍ ആ സ്ത്രീയെ കണ്ട കാര്യം പറഞ്ഞിട്ട് അവന്‍ ശ്രദ്ധിക്കുന്നില്ല. ഏതായാലും തര്‍ക്കം പരിഹരിച്ച് ഭക്ഷണത്തിന്റെ പണം നല്‍കിയ ശേഷം ഞാന്‍ അവനേയും കൂട്ടി ഹോട്ടല്‍ നില്‍ക്കുന്ന ഭാഗത്തേക്ക് നടന്നു. ആ സ്ത്രീ ഞാന്‍ കണ്ട അതേ സ്ഥലത്ത് നില്‍ക്കുന്നു. ഞാന്‍ മുരളിയോട് അവരെ നോക്കാന്‍ പറഞ്ഞു. കടക്കാരനോടു തോന്നിയ ദേഷ്യം വിട്ടു പോയിട്ടില്ലായിരുന്ന അവന്‍ ഉറക്കെ പറഞ്ഞു: ' ഞാനാരേയും കാണുന്നില്ല.' ഞങ്ങള്‍ക്ക് കുറച്ചകലെയായി ഇരുട്ടിലേക്ക് മാറി നില്‍ക്കുന്ന ആ സ്ത്രീയെ അവന്‍ കാണുന്നില്ലെന്നോ ? ഇത്തവണ എനിക്ക് നല്ല പേടി തോന്നി മുന്നില്‍ വേഗത്തില്‍ നടക്കുന്ന മുരളിക്കൊപ്പമെത്താന്‍ ഓടി.

Also Read

പാമ്പിൻസൂപ്പ് കണ്ണടച്ച് കോരിക്കുടിച്ചു; ...

ഇന്ത്യക്കാർ പൊതുവേ സ്വവർഗാനുരാഗികളാണല്ലോ, ...

2000രൂപയ്ക്ക് ഞണ്ട്കാൽ വാങ്ങുന്ന നിങ്ങൾക്ക് ...

എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി; ഇന്ത്യൻ ...

'വെള്ളം വേണ്ടേ?' സായിപ്പിന്റെ മറുപടി എന്നെ ...

ദൈവമേ, ഹോമോ സെക്ഷ്വലാണ് ഈ സന്ന്യാസി... ...

ട്രിപ്പ് കഴിഞ്ഞ തിരിച്ചു പോയെങ്കിലും വിയലേറ്റ ...

ഞാൻ വിശ്വാസിയല്ല, പാർട്ടി മെംബറാണ്; ബുദ്ധവിഹാരത്തിലേക്കുള്ള ...

Travel

ഒരു സത്യം പറയട്ടെ! താജ് മഹലിനേക്കാൾ ഇന്നുമെന്നെ ...

ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റെ പ്രധാന ഗെയ്റ്റ് രാത്രി പതിനൊന്ന് മണിയോടെ അടച്ച് താഴിട്ട് പൂട്ടും. പിന്നെ വശത്തുള്ള ചെറിയ ഗെയ്റ്റിന്റെ താഴ് ഗ്രില്ലിനുള്ളിലൂടെ അകത്തേക്ക് കൈയ്യിട്ട് തുറന്ന് വേണം ഉള്ളിലേക്ക് കയറാന്‍. റിസപ്ഷനിലേയും വരാന്തയിലേയും ലൈറ്റുകള്‍ ഓഫ് ചെയ്തിരിക്കുന്നു. ലിഫറ്റും നിശ്ചലമാണ്. എന്റെ മുറി നാലാം നിലയിലും മുരളിയുടേത് അഞ്ചാം നിലയിലുമാണ്. ഇരുട്ടത്ത് പടവുകള്‍ കയറുമ്പോള്‍ മുരളി എന്തൊക്കയോ സംസാരിക്കുന്നുണ്ട്. ഞാനാവട്ടെ ഒന്നും മിണ്ടിയില്ല.

നാലാം നിലയിലെത്തിയപ്പോള്‍ ഞാന്‍ മുറിക്കു മുന്നിലേക്ക് മൊബൈല്‍ ഫോണിന്റെ വെളിച്ചം തെളിയിച്ച് വേഗത്തില്‍ നടന്നു. വാതിലിന് അരികിലെത്തിയപ്പോള്‍ വരാന്തയിലെ ഗ്രീല്ലിലൂടെ പുറമെ നിന്ന് അരിച്ചെത്തിയ വെളിച്ചത്തില്‍ ഞാന്‍ വ്യക്തമായി കണ്ടു, താഴെ തെരുവില്‍ വെച്ചു കണ്ട അതേ സ്ത്രീ മുന്നില്‍ നില്‍ക്കുന്നു. അതേ തീഷ്ണമായ നോട്ടം. ആ കാഴ്ച്ചയില്‍ എന്റെ സപ്തനാഡികളും തളര്‍ന്നുപോയെന്ന് പറയുന്നതാണ് ശരി. വിറക്കുന്ന കൈകളോടെ കൈയ്യിലുള്ള താക്കോല്‍ കൊണ്ട് വാതില്‍ തുറന്ന് അകത്തേക്ക് കയറി, വാതിനരികിലുള്ള സ്വിച്ചില്‍ തപ്പി ലൈറ്റിട്ടു. പുറത്തേക്കുള്ള ലൈറ്റും തെളിയിച്ച ശേഷം അങ്ങോട്ട് നോക്കി, അവിടെ ആരുമില്ല. വാതില്‍ പെട്ടെന്നടച്ച് കുറ്റിയിട്ടു.

കല്‍ക്കരി ഖനികള്‍ ധാരാളമുള്ള പ്രദേശമാണ് ഗുവാഹാട്ടി. ഖനികളില്‍ നിന്നുള്ള ഒരു മോശം മണം ഏത് സമയത്തും അന്തരീക്ഷത്തിലുണ്ടാവും. രാത്രിയില്‍ ആ ഗന്ധം കൂടുതല്‍ രൂക്ഷമാവും. ആ രാത്രിക്ക് പതിവിലും കൂടുതല്‍ മണമുള്ളതായി എനിക്ക് തോന്നി. പുറത്തുനിന്ന് നായകള്‍ നിര്‍ത്താതെ കുരക്കുന്നുണ്ട്. ഞാന്‍ വല്ലാതെ ഭയന്ന് വിറക്കാന്‍ തുടങ്ങി. മൊബൈലില്‍ മുരളിയെ വിളിച്ചു. എന്റെ പരിഭ്രമം ശബ്ദത്തില്‍നിന്ന് അളന്നെടുത്ത അവന്‍ മുകളില്‍നിന്ന് ഓടിയെത്തി. കാര്യം പറഞ്ഞപ്പോള്‍ അവനും അല്‍പം ഭയന്നുവെന്ന് തോന്നുന്നു. താഴെവെച്ച് ഞാനാ സ്ത്രീയെ കാണിച്ചു കൊടുത്തപ്പോള്‍ കണ്ടിരുന്നില്ലെന്ന് അവന്‍ കട്ടായം പറഞ്ഞു. അന്ന് രാത്രിയില്‍ ഭയപ്പെടുത്തുന്ന കഥകള്‍ പറഞ്ഞ് ഞങ്ങള്‍ രണ്ടു പേരും എന്റെ മുറിയില്‍ തന്നെ കഴിച്ചുകൂട്ടി. അടുത്ത ദിവസം രാവിലെ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കൂടി നില്‍ക്കാതെ ആ ഹോട്ടല്‍ വെക്കേറ്റ് ചെയ്ത് മറ്റൊരു ഹോട്ടലില്‍ പോയി മുറിയെടുത്തു.

ആ സ്ത്രീ ഒരു പക്ഷെ ഒരു ആ ഹോട്ടലിലെ താമസക്കാരില്‍ ആരെയെങ്കിലും തേടി വന്ന സെക്സ് വര്‍ക്കറാവാം. മറ്റാരെങ്കിലുമാവാം. അല്ലെങ്കില്‍ ഇതെന്റെ തോന്നലുകളായി നിങ്ങള്‍ക്ക് തള്ളിക്കളയാം. പക്ഷെ, ആ രാത്രി അനുഭവിച്ച ഭയം.... അതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും എന്റെ ഉള്ളിലുണ്ട്.

ജയ്പൂര്‍ വണ്ടിയിലെ സ്ത്രീരൂപം

ഡല്‍ഹിയില്‍നിന്ന് ജയ്പൂരിലേക്കുള്ള തീവണ്ടി യാത്രക്കിടയില്‍ ഉണ്ടായ ഒരനുഭവം കൂടി ഇവിടെ പങ്കുവെക്കാം. അതും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള യാത്രയായിരുന്നു. ഞാന്‍ കയറിയ ടു ടയര്‍ എ സി കമ്പാര്‍ട്ട്മെന്റ് പൊതുവെ വിജനമാണ്. എന്റെ ബര്‍ത്തില്‍നിന്ന് നാലു ക്യാബിനുകള്‍ക്കപ്പുറം ഒരു സൈഡ് സീറ്റില്‍ ശരീരമാകെ വെള്ളത്തുണിയിട്ടു മൂടിയ ഒരു രൂപം ഇരിക്കുന്നു. ശരീരത്തിന്റെ വടിവുകള്‍ കൊണ്ട് സ്ത്രീയാണെന്ന് ഊഹിക്കാം. ഒരു തവണ ഞാന്‍ ടോയ്ലറ്റിലേക്ക് അവര്‍ക്കരികിലൂടെ നടന്നു പോയി. തിരിച്ചു വരുമ്പോള്‍ അവരവിടെയില്ല. കുറച്ചു കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ കുറച്ചു മാറി മറ്റൊരു സീറ്റില്‍ അവരിരിക്കുന്നു. അവരെ ശ്രദ്ധിക്കേണ്ടെന്ന് കരുതി കൈയ്യിയിരുന്ന പുസ്തകം, ഖാലിദ് ഹുസൈനിയുടെ നോവല്‍- കൈറ്റ്റണ്ണര്‍ എടുത്ത് വായിക്കാന്‍ തുടങ്ങി. നാലഞ്ച് പേജ് വായിച്ചപ്പോള്‍ എനിക്ക് വീണ്ടും അവരിരുന്ന ഭാഗത്തേക്ക് നോക്കാന്‍ തോന്നി. ആരെയും കാണാനില്ല.

കുറച്ചു കഴിഞ്ഞ് മറ്റൊരു സീറ്റില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. അവരിങ്ങനെ സീറ്റുകള്‍ തോറും പറന്നു നടക്കുന്ന പ്രതീതി. എനിക്കെന്തോ പന്തികേട് തോന്നി. ആ സ്ഥലത്ത് നിന്ന് കുറച്ചപ്പുറം നാലഞ്ചു പേര്‍ കൂടിയിരിക്കുന്ന ഒരിടത്തേക്ക് മാറി സൗകര്യപൂര്‍വം ഗ്ലാസിട്ട ജനാലക്കരികില്‍ ഇരുന്നു. പുറത്തെ കാഴ്ച്ചകള്‍ കണ്ട് രസം പിടിച്ച് അര മണിക്കൂര്‍ അങ്ങനെയിരുന്ന് കാണും. ജനാലയിലൂടെ പെട്ടെന്ന് ഞാനാ കാഴ്ച്ച കണ്ടു. കംപാര്‍ട്ടുമെന്റില്‍ നിന്ന് വെള്ളപുതച്ച ആ രൂപം പുറത്തേക്ക് ചാടുന്നു. അല്ല ചാടിയതല്ല, വേഗത്തിലോടുന്ന വണ്ടിയില്‍നിന്ന് അരികിലുള്ള കുറ്റിക്കാട്ടിലേക്ക് പറന്നതു പോലെയാണ് തോന്നിയത്. അതുകണ്ട് ഞാന്‍ ഒച്ചവെച്ചു. അടുത്ത സീറ്റിലിരിക്കുന്നവര്‍ എന്നെ നോക്കി. എനിക്കറിയാവുന്ന ഹിന്ദിയില്‍ ഞാനവര്‍ക്ക് കാര്യം വിശദീകരിച്ചു കൊടുത്തു. ഒരാള്‍ പറഞ്ഞു, ഞാനീ കംപാര്‍ട്ട്മെന്റില്‍ അങ്ങനെയൊരു സ്ത്രീയെ കണ്ടിട്ടില്ല. ഇനി അങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍ തന്നെ വല്ല സ്ത്രീയും വണ്ടിയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തതാവും. ടിക്കറ്റ് പരിശോധിക്കാന്‍ വന്ന ആളോട് ഞാനത് പറഞ്ഞപ്പോള്‍ അയാളുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു: 'പല നാട്ടിലൂടെ ഓടുന്ന ട്രെയിനല്ലേ, അങ്ങനെ പല കാഴ്ച്ചകളും കണ്ടെന്നു വരും. നിങ്ങള്‍ ശ്രദ്ധിക്കേണ്ട. '

തല്‍ക്കാലം ഈ സംഭവത്തിന്റെ പിന്നിലെ യുക്തിയെ കുറിച്ച് ഞാന്‍ വിശദീകരിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല. അതെന്റെ ഒരു കാഴ്ച്ചയായി മാത്രം നില്‍ക്കട്ടെ.

Content Highlights: column k viswanath travel kamakhya temple


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented