ഓര്‍ഡിനറിയില്‍ ഗവിയായതും ഇയ്യോബിന്റെ പുസ്തകത്തിലെ ബംഗ്ലാവ് പരിസരമായതും ഒരേ സ്ഥലം


ജി.ജ്യോതിലാല്‍

അകത്തെ ദര്‍ബാര്‍ ഹാളില്‍ കടന്നതും ധര്‍മലിംഗം വന്നു. കൊട്ടാരത്തിന്റെ ഇപ്പോഴത്തെ കാവല്‍ക്കാരന്‍. സഹോദരിയും കൂട്ടിനുണ്ട്. കാര്‍ബണിലെ കൊച്ചുപ്രേമന്റെ യഥാര്‍ഥ രൂപം താനാണെന്നാണ് ധര്‍മലിംഗം പറയുന്നത്.

ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ ലൊക്കേഷനായ എസ്റ്റേറ്റ് ബംഗ്ലാവ്

കുട്ടിക്കാനത്തേക്ക് ഒരു കൂട്ടുകാരന്‍ വിളിച്ചപ്പോള്‍ സുഖശീതള പ്രകൃതിയില്‍ കുറച്ചുസമയം ചെലവഴിക്കാം എന്നതായിരുന്നു ലക്ഷ്യം. തേയിലത്തോട്ടങ്ങളുടെ നിമ്നോന്നത ഭംഗിയും പരുന്തുംപാറയും പാഞ്ചാലിമേടും പോലുള്ള സുന്ദരമുനമ്പുകളും കാണാം. ഒരുപാട് സിനിമകളിലായി കണ്ടുപതിഞ്ഞ ലൊക്കേഷനുകളും മനസ്സില്‍ നിറഞ്ഞു. ഓര്‍ഡിനറിയില്‍ ഗവിയായതും കാര്‍ബണിലെ കാട്ടിനുള്ളിലെ പഴമയും ദുരൂഹതയും നിറഞ്ഞ കൊട്ടാരമായതും ഇയ്യോബിന്റെ പുസ്തകത്തിലെ എസ്റ്റേറ്റ് ബംഗ്ലാവായതുമെല്ലാം കുട്ടിക്കാനത്തെയും പരിസരത്തെയും സ്ഥലങ്ങളായിരുന്നല്ലോ. എന്നാല്‍ കുട്ടിക്കാനത്ത് രണ്ടുദിവസം പിന്നിടുകയും വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തപ്പോള്‍ കഥ മാറി. തിരുവിതാംകൂറിന്റെ വേനല്‍ക്കാല ചരിത്രം ഉറങ്ങുന്ന മണ്ണിലൂടെയായി യാത്ര.

പണ്ടിവിടം ചങ്ങനാശ്ശേരി രാജവംശത്തിന്റെ കീഴിലായിരുന്നു. തിരുവിതാംകൂര്‍ രാജാവ് കീഴടക്കിയതാണ്. നാട്ടുരാജ്യങ്ങള്‍ മൂന്നും ഒന്നായതും അത് കേരളമായതും എല്ലാം ചരിത്രത്തിന്റെ ഓര്‍മകള്‍. കുട്ടിക്കാനത്ത് ഈ ഓര്‍മകള്‍ക്ക് ഒരു കുളിരുണ്ട്.

പീരുമേടും കുട്ടിക്കാനവും തേയിലത്തോട്ടങ്ങള്‍കൊണ്ട് സമൃദ്ധമാണ്. പച്ചപ്പിന്റെ ഈ ആരോഹണാവരോഹണങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നു മുതലാളിമാരും തൊഴിലാളികളും. പൊതുവെ തേയില വ്യവസായം ക്ഷീണത്തിലാണെങ്കിലും അതിന്നും സജീവമായിത്തന്നെ തുടരുന്നുണ്ടിവിടെ. ചെറുതും വലുതുമായി 48 ചായത്തോട്ടങ്ങളാണ് ഇവിടെയുള്ളത്. ടാറ്റയും ഹാരിസണ്‍ മലയാളവുമാണ് പ്രമുഖര്‍. പിന്നെ ചെറുകിട തോട്ടങ്ങള്‍ ഏറെയുണ്ട്. കേരളത്തിലെ രാഷ്ട്രീയ വ്യാപാര സാമൂഹിക പ്രമുഖര്‍ക്ക് ഏറ്റവും അധികം ഭൂമിയും വേനല്‍ക്കാല വസതികളും ഉള്ളത് പീരുമേട്ടിലാണ്.

Kuttikkanam 1
കുട്ടിക്കാനത്തെ പൈന്‍കാടുകള്‍

റോസ്ഗാര്‍ഡനില്‍നിന്ന് അധികം ദൂരമില്ല അമ്മച്ചിക്കൊട്ടാരത്തിലേക്ക്. അതുകൊണ്ട് ആദ്യം അങ്ങോട്ടേക്ക് പുറപ്പെട്ടു. ജീപ്പായിരുന്നു വാഹനം. രാജുവായിരുന്നു സാരഥി. കാടതിരാക്കിയ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കൊട്ടാരത്തിനടുത്തെത്തി. മരങ്ങള്‍ ചില്ലവീശി തണലൊരുക്കി നില്‍ക്കുന്നിടത്ത് വണ്ടി നിര്‍ത്തി. കൊട്ടാരത്തില്‍ വിവാഹ വീഡിയോ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇവിടെ പ്രധാനമായും നടക്കുന്നത് ഷൂട്ടിങ് തന്നെ. കാര്‍ബണിനുശേഷം ലൂസിഫറിന്റെ ഷൂട്ടിങ്ങും നടന്നിരുന്നു.

അകത്തെ ദര്‍ബാര്‍ ഹാളില്‍ കടന്നതും ധര്‍മലിംഗം വന്നു. കൊട്ടാരത്തിന്റെ ഇപ്പോഴത്തെ കാവല്‍ക്കാരന്‍. സഹോദരിയും കൂട്ടിനുണ്ട്. കാര്‍ബണിലെ കൊച്ചുപ്രേമന്റെ യഥാര്‍ഥ രൂപം താനാണെന്നാണ് ധര്‍മലിംഗം പറയുന്നത്. പാതി മലയാളത്തിലും പാതി തമിഴിലുമാണ് സംസാരം. 53 കൊല്ലമായി താനിവിടെ കാവല്‍ നില്‍ക്കുന്നു. കാട്ടിനുള്ളില്‍ ഒരു ഏകാന്തവാസം. വീട് ചുറ്റിനടന്നുകണ്ടു. പുറത്ത് ചില മാന്‍ഹോളുകള്‍ കാണുന്നു. ദാസികള്‍ക്ക് കൊട്ടാരം വൃത്തിയാക്കാന്‍വേണ്ടി വരാനുള്ള വഴിയാണത്രെ. അകത്ത് മരക്കുറ്റികള്‍ കണ്ടു. തൊട്ടുനോക്കിയപ്പോഴാണ് മനസ്സിലായത്, സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയ വെറും പൊള്ളയായ സൃഷ്ടിയാണത്. പൊക്കിയെടുത്ത് ബാഹുബലിയായി നടിച്ചൊരു പടവുമെടുത്തു. ലൂസിഫറിനുവേണ്ടി മോഹന്‍ലാല്‍ പൊക്കിയ മരക്കുറ്റിയാണത്രെ. അമ്മച്ചിക്കൊട്ടാരം എന്ന ഈ വേനല്‍ക്കാല വസതിയുടെ കാര്യം കഷ്ടമാണ്. അന്ന് രാജാവ് വാണിരുന്ന കൊട്ടാരം ഒരു വ്യക്തിയുടെ കൈയിലായതിനാല്‍ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അമ്മച്ചിക്കൊട്ടാരം കൈമറിഞ്ഞ് കൈമറിഞ്ഞ് ഇപ്പോള്‍ എറണാകുളത്തുള്ള ഒരു വ്യക്തിയുടെ കൈയിലാണ്. രാജവംശം ഇതൊരു ട്രസ്റ്റിന് കൈമാറി. അവര്‍ വിറ്റാണ് ഇപ്പോഴുള്ള വ്യക്തിയുടെ കൈയിലെത്തിയത്. ഇതിനിടയില്‍ കൊട്ടാരത്തിലെ വിലപിടിപ്പുള്ള പല വസ്തുക്കളും ആരുടെയൊക്കെയോ കൈകളിലെത്തിക്കഴിഞ്ഞിരുന്നു.

പുരാവസ്തു സംരക്ഷണവകുപ്പ് ഏറ്റെടുക്കേണ്ട ഒരു കെട്ടിടമാണിതെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും വൈകിയാല്‍ കെട്ടിടം നില്‍ക്കുന്നിടത്ത് ചില അവശിഷ്ടങ്ങള്‍ മാത്രമേ കാണൂ. ദിവാന്‍ താമസിച്ചിരുന്ന ബംഗ്ലാവിലും പോയി. അതും ഒരു വ്യക്തിയുടെ കൈയിലാണ്. ഒരു അമേരിക്കന്‍ മലയാളിയുടെ. ചരിത്രത്തോട് താത്പര്യമുള്ളതുകൊണ്ടാവാം. അദ്ദേഹം കെട്ടിടത്തിന്റെ തനിമ നിലനിര്‍ത്തിയിട്ടുണ്ട്. പഴയകാല തറയൊക്കെ അതേപടി കാണാം. ഡ്രൈവര്‍ സജിയുടെ ബന്ധുവായതുകൊണ്ട് മാത്രമാണ് അങ്ങോട്ട് പോവാനും കാണാനും പറ്റിയത്.

രാജകൊട്ടാരം ഇപ്പോള്‍ വ്യക്തിയുടെ കൈയിലാണ്. അതിനടുത്തുള്ള ബംഗ്ലാവ് സഞ്ചാരികള്‍ക്ക് താമസിക്കാന്‍ കൊടുക്കാറുണ്ട്. അവിടെ പോയി നിന്ന് കൊട്ടാരം ഒരുനോക്കുകണ്ടു. ഈ കൊട്ടാരവും അമ്മച്ചിക്കൊട്ടാരവും തമ്മില്‍ ഭൂഗര്‍ഭപാതയിലൂടെ പണ്ട് ബന്ധിപ്പിച്ചിരുന്നെന്ന് പറയുന്നു. ഇന്ന് ഏതായാലും വഴിയില്ല. രാജാവിനും റാണിക്കും തൊഴാനായി അന്ന് നിര്‍മിച്ചതാണ് പീരുമേട് ടൗണിനടുത്തുള്ള ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കുട്ടിക്കാനത്തെ രാജാ റാണി കൊട്ടാരങ്ങളില്‍നിന്ന് ഏകദേശം ഏഴുകിലോമീറ്റര്‍ ദൂരം കാണും ഈ അമ്പലത്തിലേക്ക്. ക്ഷേത്രവും തുരങ്കംവഴി ബന്ധിപ്പിച്ചിരുന്നു. ഇരുവശങ്ങളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.

കൊട്ടാരത്തിനടുത്തുനിന്ന് പീര്‍മുഹമ്മദ് ദര്‍ഗയിലേക്ക് അധികം ദൂരമില്ല. ജീപ്പ് അങ്ങോട്ട് വിട്ടു. ഇന്ത്യയിലേക്കുള്ള ഇസ്ലാംമത പ്രചാരണചരിത്രവുമായി ബന്ധപ്പെടുന്നു ഈ ദര്‍ഗ. പച്ച പെയിന്റടിച്ച് കാടിന്റെ പശ്ചാത്തലത്തോട് ചേര്‍ന്നുനില്‍ക്കുന്ന കൊച്ചു നിര്‍മിതി. കാറ്റിന് പ്രാര്‍ഥനയുടെ താളം. ഒരു സഞ്ചാരചരിത്രംകൂടി ഈ മഹാരഥന്റെ സ്മരണകളില്‍ അലയടിക്കുന്നുണ്ട്. പേര്‍ഷ്യയില്‍നിന്ന് വന്നതാണ് പീര്‍മുഹമ്മദ്. പീരുമേട് എന്ന പേരിനുപിന്നില്‍ പീര്‍മുഹമ്മദ് എന്ന ഈ മതപ്രചാരകന്റെ ഓര്‍മകളാണ്. അതല്ല നിറയെ പേരമരമുണ്ടായിരുന്നയിടം ആയതിനാല്‍ പേരമേട് പിന്നെ പീരുമേടായതാണെന്ന മറ്റൊരു അഭിപ്രായവും ഉണ്ട്. തൊട്ടടുത്തെ പാറപ്പുറത്ത് കയറിയാല്‍ നല്ലൊരു വ്യൂ പോയിന്റ് കൂടിയാണിവിടം.

തിരുവിതാംകൂര്‍ രാജ്യത്തിന്റെ രാജമുദ്രയുള്ള കോടതിയും പഴയ പോലീസ് സ്റ്റേഷന്റെ ബോര്‍ഡ് അതേപടി സൂക്ഷിക്കുന്ന പോലീസ് സ്റ്റേഷനും ഇവിടെയുണ്ടെന്നുകേട്ട് അതു കാണാന്‍പോയി. 1905-ല്‍ റവന്യൂ സെറ്റില്‍മെന്റ് തുടങ്ങി. അപ്പോഴാണ് പോലീസ് സ്റ്റേഷന്‍ തുടങ്ങുന്നത്. താലൂക്ക് കച്ചേരി തഹസില്‍ മജിസ്ട്രേറ്റും ട്രിബ്യൂണലുമായി മാറി. തഹസില്‍ മജിസ്ട്രേറ്റിന്‍ കീഴില്‍ ചില നിയമപരമായ അധികാരങ്ങളോടെ വില്ലേജ് ഓഫീസും തുടങ്ങി. തഹസില്‍ദാര്‍ക്കായിരുന്നു കോടതിയുടെ ചുമതല. ഇവിടെ പ്രത്യേകം ജയില്‍ ഉണ്ടായിരുന്നില്ല. പീരുമേട് പോലീസ് സ്റ്റേഷന്‍ സെല്ലില്‍ തന്നെയായിരുന്നു കുറ്റംതെളിഞ്ഞവരെ സൂക്ഷിച്ചിരുന്നത്. 1914-ലാണ് പൂര്‍ണ സൗകര്യങ്ങളോടെയുള്ള താലൂക്ക് കച്ചേരി തുടങ്ങിയത്. 1959-ല്‍ പീരുമേട് സബ് ജയിലും നിലവില്‍വന്നു.

കോടതിക്കടുത്ത് ഒരു കിലോമീറ്റര്‍ പോയാല്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ വെടിമരുന്നുപുര കാണാമെന്നു പറഞ്ഞു. ആയുധങ്ങളില്‍ നിറയ്ക്കാന്‍ വെടിമരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നിടം. പഴയ കെട്ടിടത്തെ ഒരു മരം വിഴുങ്ങിയിരിക്കുന്നു. മേല്‍ക്കൂരയ്ക്ക് കഴുക്കോലുപോലെ വേരുകളാണ്. അതിലൂടെ ആകാശം കാണാം. എല്ലാ വെടിമരുന്നുകളെയും വിഴുങ്ങി വളരാന്‍ കൊതിക്കുന്ന പ്രകൃതിയുടെ പ്രശാന്തത ഇതോര്‍മപ്പെടുത്തുന്നുണ്ട്. തൊട്ടുമുന്നില്‍ ഒരങ്കണവാടി പ്രവര്‍ത്തിക്കുന്നു. അവിടെ പുതിയ തലമുറ പഠിച്ചുവളരുന്നു. വിസ്മൃതിയിലാവുന്ന ചരിത്രത്തെ വേണ്ടവണ്ണം സംരക്ഷിക്കാനുള്ള നടപടിയും ഇവിടെയില്ലെന്നത് ഖേദകരമായി തോന്നി.

Kuttikkanam 2
തിരുവിതാംകൂര്‍ രാജവംശത്തിന്റെ വെടിമരുന്നുപുര

എല്‍.എം.എസ്. എന്നൊരു സ്ഥലമുണ്ടിവിടെ. ഇതിന്റെ പൂര്‍ണരൂപം എന്താണെന്ന് ഇവിടെ താമസിക്കുന്ന റോസ്ഗാര്‍ഡനിലെ കുക്കായ ജോസിനോട് ചോദിച്ചു. പുള്ളി കൈമലര്‍ത്തിയപ്പോള്‍ പഴയ പത്രപ്രവര്‍ത്തകന്‍ കൂടിയായ റോസ്ഗാര്‍ഡന്‍ ഉടമ ബോബി രംഗത്തെത്തി. ലഗ്ഗ് ഓഫ് മട്ടണ്‍ ഷോലെ എന്നാണ്. ബ്രിട്ടീഷുകാര്‍ ഇട്ട പേരാണ്. കേഴയാടുകള്‍ ധാരാളം ഉണ്ടായിരുന്ന സ്ഥലമായിരുന്നു അത്. അങ്ങിനെയാവാം ഈ പേര് ചാര്‍ത്തിക്കൊടുത്തത്. ഗ്ലെന്‍മേരി, വെബ്ലി, ടെഗ്ഫോര്‍ഡ്, വുഡ്ലാന്റ്സ്, ലാഡ്രം, ഹെയിലി ബെറിയ, ആഷ്ലി, സ്റ്റാഗ് ബ്രൂക്, ഗ്രാന്‍ബി... ഇംഗ്ലണ്ടില്‍ പോയതാണെന്ന് തെറ്റിദ്ധരിക്കണ്ട. എല്ലാം ഈ പീരുമേട്ടില്‍ത്തന്നെ. ആന്‍ഡമാനില്‍ മലപ്പുറം സ്മരണകളുമായി വേങ്ങരയും കോട്ടയ്ക്കലുമെല്ലാം ഉള്ളപോലെ ബ്രിട്ടീഷ് സ്മരണകളുമായി ഈ സ്ഥലപ്പേരുകളും പീരുമേട്ടിലെ ഇംഗ്‌ളീഷ് പ്രതാപചരിത്രം അയവിറക്കുന്നു.

വിശ്വാസത്തിന്റെ വലിയൊരു ഭൂമികയും കുട്ടിക്കാനത്തും പരിസരങ്ങളിലുമായുണ്ട്. പീര്‍ മുഹമ്മദ് ദര്‍ഗയ്ക്കും, ശ്രീകൃഷ്ണക്ഷേത്രത്തിനും പുറമെ ക്രൈസ്തവ വിശ്വാസികളുടെ പട്ടുമല പള്ളിയാണ് പ്രശസ്തം. ദൂരെനിന്നേ ഈ പള്ളി കാണുമ്പോള്‍ പട്ടുമല എന്ന പേരിനര്‍ഥം മനസ്സിലാകും. ഒരു പച്ചപ്പട്ട് വിരിച്ചിട്ടപോലുള്ള തേയിലത്തോട്ടത്തിന് നടുവിലായി നിലകൊള്ളുന്ന ഗംഭീര പള്ളിയാണിത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ ജര്‍മനിയില്‍നിന്നുള്ള ഒരു സംഘം പള്ളിയിലുണ്ടായിരുന്നു. വിദേശ സഞ്ചാരികള്‍ ധാരാളം എത്തുന്നു ഇവിടെ. കേരളത്തില്‍നിന്നു മാത്രമല്ല ഇതരസംസ്ഥാനത്തുനിന്നും ധാരാളം തീര്‍ഥാടകര്‍ എത്തുന്നിടമാണിത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ നടക്കുന്ന എട്ടുനൊയമ്പു തിരുനാള്‍ പ്രസിദ്ധമാണ്.

150 വര്‍ഷം പഴക്കമുള്ള പള്ളിക്കുന്ന് സെന്റ് ജോസഫ് പള്ളിയും ഇതുപോലെ തന്നെയാണ്. ഒട്ടേറെ ബ്രിട്ടീഷുകാര്‍ അന്ത്യനിദ്രകൊണ്ട ഈ പള്ളിശ്മശാനത്തില്‍ ആ കുഴിമാടങ്ങളില്‍ പൂക്കള്‍ അര്‍പ്പിക്കാനും സ്മരണാഞ്ജലികള്‍ ഏകാനും പലരും എത്താറുണ്ട്. തീര്‍ഥാടനത്തിനൊപ്പം ഒരു സെമിത്തേരി ടൂറിസത്തിന് സാധ്യതയുള്ള പള്ളിയാണിത്. വിശ്വാസത്തിന്റെ മറ്റൊരു കേന്ദ്രം അദ്ഭുത കുരിശാണ്. ക്രിസ്ത്യാനികളേക്കാള്‍ മറ്റുമതസ്ഥരാണ് ഈ അദ്ഭുത കുരിശ് കാണാന്‍ അനുദിനം എത്തുന്നത്. ആഷ്ലി എസ്റ്റേറ്റിനോടുചേര്‍ന്ന് റോഡരികില്‍ ഒരു മരത്തണലിലാണ് ഈ കുരിശ്. വെള്ളിയാഴ്ച ഉച്ചയ്ക്കുമുന്‍പും വൈകീട്ടും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്ന ഇവിടെ രോഗശാന്തി, കാര്യസാധ്യം തുടങ്ങി വിശ്വാസികള്‍ ഒട്ടേറെ അത്ഭുതസാക്ഷ്യങ്ങള്‍ പങ്കുവെക്കുന്നു. കുരിശിനോടുള്ള മത്സരമാണോ എന്നറിയില്ല നേരേ എതിരിലുള്ള എസ്റ്റേറ്റില്‍ ഒരു അമ്പലം പണിയാനുള്ള ശ്രമവും നടക്കുന്നുണ്ട്.

Kuttikkanam 3
പീരുമേട് മുന്‍സിഫ് - മജിസ്ട്രേറ്റ് കോടതി

സായാഹ്നം ചെലവഴിക്കാന്‍ എവിടെ പോകണമെന്നായിരുന്നു അടുത്ത ചിന്ത. ഇന്ന് പാഞ്ചാലിമേടാവട്ടെ. നാളെ പരുന്തുംപാറയും. അങ്ങനെ പാഞ്ചാലിമേട്ടിലെത്തി. ഉയരത്തില്‍ ചുറ്റുവട്ടത്തുള്ള മലനിരകളൊക്കെ കാണാന്‍ പാകത്തില്‍ വിശാലമായൊരു കാഴ്ചത്തുരുത്താണ് പാഞ്ചാലിമേട്. മഹാഭാരതവുമായി ബന്ധപ്പെടുത്തി പഞ്ചപാണ്ഡവര്‍ വനവാസകാലത്ത് വന്ന സ്ഥലവും പാഞ്ചാലി കുളിച്ച കുളവും എന്നൊക്കെ ഐതിഹ്യബന്ധം ചാര്‍ത്തിയിട്ടുണ്ടീ മലനിരകള്‍ക്ക്. അതെന്തായാലും സായാഹ്നം ചെലവഴിക്കാന്‍ പറ്റിയൊരിടം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചെറിയ ട്രക്കിങ് പാതയുണ്ട് അകത്ത്. ഒരു ജലസംഭരണിയും കരയിലൊരു പൂന്തോട്ടവും കുറുകെ ഒരു തൂക്കുപാലവുമെല്ലാമായി പുതിയ ടൂറിസം പദ്ധതികള്‍ കടലാസിലായിട്ടുണ്ട്. പിറ്റേദിവസം വൈകീട്ടാണ് പരുന്തുംപാറയിലേക്ക് പോയത്. സായാഹ്നസൂര്യന്‍ ചക്രവാളത്തില്‍ എണ്ണച്ചായാചിത്രങ്ങള്‍ ഒരുക്കികൊണ്ടിരിക്കെ, താഴെ താഴ്വരയില്‍ ആ സൗന്ദര്യം നുകരാന്‍ ആയിരങ്ങളുണ്ടായിരുന്നു. പല ചലച്ചിത്രങ്ങളിലും ഡ്രോണ്‍ ഷോട്ടുകളിലൂടെ കണ്ട് മനസ്സില്‍ ഇടംപിടിച്ച സ്ഥലം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇപ്പോള്‍ ധാരാളം പേരെത്താറുണ്ടിവിടെ. ഇവിടെനിന്ന് മുന്നോട്ട് പോകുംവഴിയാണ് ഗ്രാന്‍ബി എസ്റ്റേറ്റും ഫാക്ടറിയും. ഏരിയല്‍ വ്യൂവില്‍ പരുത്ത് ചിറകുവിടര്‍ത്തി നില്‍ക്കുംപോലെ ആയതുകൊണ്ടാണ് പരുന്തുംപാറ എന്ന പേരുവന്നത്. കൈവരികളും നടപ്പാതകളും പോലീസ് ഔട്ട്പോസ്റ്റും അല്ലറ ചില്ലറ കച്ചവടക്കാരുമായി വിനോദസഞ്ചാരികള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടിവിടെ.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മുന്‍കൈയെടുത്ത് തുടങ്ങിയ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എന്ന എന്‍.ജി.ഒ. പ്രശസ്തമാണ്. സൊസൈറ്റിയുടെ സഹ്യാദ്രി മ്യൂസിയം ഒന്നു കാണേണ്ടതാണ്. അതു കാണാനാണ് പോത്തുപാറയിലേക്ക് പോയത്. മ്യൂസിയത്തിലൂടെ ഒന്നു ചുറ്റിവരുമ്പോള്‍ പീരുമേടിന്റെയും ഇടുക്കിയുടെയും ചരിത്രത്തിലൂടെ മാത്രമല്ല സഹ്യപര്‍വതത്തിലെ ജീവിതചിത്രങ്ങളും തെളിയും. പീരുമേട്ടിലെത്തിയാല്‍ ഇത് കാണാന്‍ മറക്കരുത്. റോസ് ഗാര്‍ഡന്റെ തൊട്ടുതാഴെ റോഡിലേക്കിറങ്ങി നടന്നപ്പോള്‍ ചെറിയൊരു ഡാമും ഒരു തുരങ്കമുഖം കമ്പിവേലികൊണ്ട് പൂട്ടിയിട്ടിരിക്കുന്നതും കണ്ടു. ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം തിരിച്ചുവിടുന്ന പദ്ധതിയുടെ തുരങ്കമുഖമാണത്. വുഡ്ലാന്‍ഡ് വഴി പഴയ പാമ്പനാറിലേക്ക് തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ ഒരു യാത്രപോകാം.

ബന്ധപ്പെടാനുള്ള ചില നമ്പരുകള്‍ കൂടി. സഹ്യാദ്രി ഇക്കോഷോപ്പ്-9072368480. സഹ്യാദ്രി ആയുര്‍വേദ ഹോസ്പിറ്റല്‍-9495915562. റോസ് ഗാര്‍ഡന്‍ റെസിഡന്‍സി-0486 9232240.

Content Highlights: Gavi in Ordinary movie, and Bunglow in Iyyobinte Pusthakam Movie, Kuttikkanam Travel, Ammachikkottaram, Panchalimedu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented