കടുവയുടെ വിവിധ ഭാവങ്ങള്‍ - അതിന് പിന്നാലെയാണ് ആദിത്യ ഡിക്കി സിങ് പലപ്പോഴും.
എഞ്ചിനിയറായി ജീവിതമാരംഭിച്ച അദ്ദേഹം ഇപ്പോള്‍ ഇന്ത്യയിലെ പ്രശസ്തനായ വന്യജീവി ഫോട്ടോഗ്രാഫറാണ്. രണ്‍തംബോര്‍ കടുവാസങ്കേതവുമായി ( Ranthambore National Park ) കാല്‍നൂറ്റാണ്ടായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു.
കടുവകളുടെ എത്ര ചിത്രങ്ങള്‍ ഇപ്പോള്‍ താങ്കളുടെ ശേഖരത്തിലുണ്ട്?
'ഏതാണ്ട് രണ്ടുലക്ഷം കണ്ടേക്കും' - ആദിത്യ സിങ് മറുപടി പറഞ്ഞു.
ഏത് കാലാവസ്ഥയിലും ക്യാമറയുമായി ആദിത്യ സിങിനെ കടുവാസങ്കേതത്തില്‍ കാണാം. അവിടുത്തെ എല്ലാ കടുവകളെയും അദ്ദേഹത്തിന് തിരിച്ചറിയാം, കടുവകള്‍ക്ക് അദ്ദേഹത്തെയും.
കടുവകളുടെ വിവിധ ഭാവങ്ങള്‍ക്ക് താന്‍ പ്രാധാന്യം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. 'മാതൃഭൂമി ഓണ്‍ലൈനി'ന് നല്കിയ കടുവ ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയും:
'ചിന്താധീനനായ ഒരു ആണ്‍കടുവയെയാണ് ഇപ്പോള്‍ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത്'.
അതിന്റെ പശ്ചാത്തലം അദ്ദേഹം വിവരിച്ചു: 'പദംലാവോ എന്ന തടാകത്തിന് സമീപത്ത് വെച്ചാണ് കടുവയെ കണ്ടത്. അതൊരു മ്ലാവിനെ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ കിട്ടിയില്ല. അല്‍പ്പം വിശന്നുവലഞ്ഞ അവസ്ഥയിലായിരുന്നു കടുവ. ഇര കിട്ടാതെ വന്നപ്പോള്‍ അസ്വസ്ഥനായി അല്‍പ്പനേരം വിശ്രമിച്ചു. ജീപ്പിലിരുന്നാണ് കടുവായുടെ ചിത്രം പിടിച്ചത്'.
ചിന്താധീനനായ കടുവ മാത്രമല്ല, മനുഷ്യന്റെ ഒട്ടുമിക്ക ഭാവങ്ങളും കടുവയ്ക്കുണ്ട്. സന്തോഷവും രൗദ്രവും ബീഭത്സവും ദുഖവും അതില്‍ പെടും -അദ്ദേഹം പറഞ്ഞു.