കാത്തിരുന്നാല്‍ ഗുഹയില്‍നിന്നു പുള്ളിപ്പുലിയും ഇറങ്ങി വരും. കൊച്ചുകുട്ടികളെ അപ്പോള്‍ ഭയമില്ലാതെ ഗുഹയുടെ സമീപത്തായി കാണാം. പുള്ളിപ്പുലി അപ്പോള്‍ കുട്ടികളെയും ടൂറിസ്റ്റുകളായ മുതിര്‍ന്നവരെയും കണ്ടില്ലെന്നു നടിച്ചു മെല്ലെ നീങ്ങും. ക്യാമറകള്‍ മിഴികള്‍ തുറക്കുന്നു. ജീപ്പിലിരിക്കുന്ന ടൂറിസ്റ്റുകള്‍ ശ്വാസമടക്കിയിരിക്കും.
പുള്ളിപ്പുലികള്‍ മെല്ലെ നടന്നു നീങ്ങും. പിന്നീടു കാണാന്‍ കഴിഞ്ഞെന്നു വരില്ല. ഒരു പക്ഷെ, വീണ്ടും മറ്റൊരു ഗുഹാമുഖത്ത് പ്രത്യക്ഷപ്പെട്ടേക്കാം. രോഷമോ ചീറ്റലോ ചാട്ടമോ ഇല്ലാതെ പുള്ളിപ്പുലികള്‍ സമാധാനവും സഹവര്‍ത്തിത്വവും പ്രകടിപ്പിക്കുന്നു.
ബാംഗ്ലൂരില്‍ താമസിക്കുന്ന മലയാളിയായ പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍ മോഹന്‍ തോമസ് പുള്ളിപ്പുലികളുമായി നടത്തിയ മുഖാമുഖം വിസ്മയത്തോടെ വിവരിച്ചു. രാജസ്ഥാനിലെ ബേറ പാറക്കൂട്ടങ്ങലും ഗുഹകളുമാണു നിത്യേന സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ഉദയ്പൂരില്‍ നിന്ന് മൂന്ന് മണിക്കൂറെങ്കിലും യാത്ര ചെയ്താല്‍ ബേറ പാറക്കൂട്ടത്തില്‍ എത്താം.
ഇത് വനഭൂമിയാണോ?
അല്ല.
വെറും പാറക്കൂട്ടങ്ങള്‍. ഇടയില്‍ കുറ്റിക്കാടുകള്‍ കാണാം. ചെറിയ കാടിന്റെ പ്രതീതി. പാറകളില്‍ പലയിടങ്ങളിലും ഗുഹകള്‍ കാണാം. പുളളിപ്പുലികളുടെ സങ്കേതങ്ങളാണ് അവ. കുഞ്ഞും അമ്മയും സസുഖം കഴിയുന്നു. ബേറയില് പുള്ളിപ്പുലികള്‍ കുട്ടികളെയും ടൂറിസ്റ്റുകളെയും ആക്രമിച്ചതായി കേട്ടിട്ടില്ലെന്ന് മോഹന്‍ തോമസ് പറഞ്ഞു. ചില സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊക്കെ ഇപ്പോള്‍ ശമിച്ചിരിക്കുന്നു. പുള്ളിപ്പുലിയും മനുഷ്യരും പരസ്പരം സ്നേഹിച്ചു കഴിയുന്നതുപോലെ. അതുകൊണ്ടാണ് ഗുഹാമുഖങ്ങളുടെ സമീപത്തും കുട്ടികള്‍ കളിക്കുന്നത്.
ബേറ ഒരു കാര്‍ഷിക ഗ്രാമമാണ്. പശുവും ആടും ഗ്രാമത്തിലുണ്ട്. ചിലപ്പോള്‍ പുള്ളിപ്പുലിയിറങ്ങി ആടിനെ കൊല്ലാറുണ്ട്. അതോടെ നാട്ടുകാര്‍ ഒന്നിച്ചുനിന്ന് പുള്ളിപ്പുലികള്‍ക്ക് വിഷം കലര്‍ത്തിയ ഇറച്ചി വഴിയിലും പാറയിലും ഇട്ടുകൊടുത്തു. പുലികള്‍ കുറച്ചെണ്ണം അങ്ങിനെ ചത്തു. അതിന്ശേഷമാണ് സര്‍ക്കാരും നാട്ടുകാരും ചര്‍ച്ചക്കൊരുങ്ങിയത്. കാലികളെ പുലി കൊന്നാല്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്കാന് തുടങ്ങി. വിഷം കലര്‍ത്തിയ ഇറച്ചി അതോടെ വഴിയില്‍നിന്ന് അപ്രത്യക്ഷമായി.
പുള്ളിപ്പുലികള്‍ക്ക് ആവശ്യമായ ഇരകളെ ഇവിടെ കിട്ടുന്നില്ല. മ്ലാവോ പുള്ളിമാനോ ഇല്ല. ചിലപ്പോള്‍ പാറയില്‍നിന്ന് ഇറങ്ങിവന്ന് നായ്ക്കളെ കൊല്ലാറുണ്ട്. മയിലിനെയും കാട്ടുപന്നിയെയും ഇരകളാക്കുന്നു. ബേറ ഇപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രമായി മാറി. പുള്ളിപ്പുലികളെ കാണാന്‍ എത്തുന്നവര്‍ക്ക് ജീപ്പില്‍ പാറക്കൂട്ടങ്ങള്‍ ചുറ്റിക്കാണാം. ആരവല്ലി മലനിരകള്‍ തൊട്ടുരുമ്മി നില്‍ക്കുന്നതാണ് ബേറ ഗ്രാമം.
(മോഹന്‍ തോമസ് കഴിഞ്ഞ ഒരാഴ്ച ബേറയില് താമസിച്ച് എടുത്തതാണ് ചിത്രങ്ങള്‍. യാത്ര മാസികയില്‍ ഉത്തരധ്രുവത്തില്‍നിന്നുള്ള അദ്ദേഹത്തിന്റെ ധ്രുവക്കരടി ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)