ചിറകടിച്ചുയരുകയാണ് ചിമ്മിനി. വനയാത്രകളില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍. ഈ കാട്ടില്‍ ഒരു രാത്രിയെങ്കിലും താമസിക്കാത്തവര്‍ക്ക് കാടിന്റെ ഗഹനതയും സൗന്ദര്യവും അറിയാനാവില്ല. ചിമ്മിനിയുടെ ചിന്നിത്തൂവുന്ന ചന്തങ്ങളിലൂടെ...ആനപ്പോര്. കൊമ്പുകള്‍ കോര്‍ത്ത്, വന്‍മലകള്‍ കൂട്ടിമുട്ടും പോലെ കാട്ടാനകള്‍ പോരാടുന്ന വേദി. പേര് അന്വര്‍ഥം. രാത്രി മുഴുവന്‍ അടുത്തും അകലെയുമല്ലാതെ മുഴങ്ങുന്നു ചിന്നംവിളികള്‍.. വേനല്‍ക്കാലത്ത് ജലാശയത്തിന്റെ ജലനിരപ്പ് താഴും. അപ്പോള്‍ മണ്ണും ചെളിയും കല്‍പ്പടവുകള്‍ പോലെ പ്രത്യക്ഷപ്പെടും. പടവുകള്‍ ആനക്കൂട്ടം ചവിട്ടി മെതിക്കും. വഴിനീളെ ആനക്കാല്‍ അടയാളങ്ങള്‍ തെളിയും. അവ കല്ലുകള്‍ പോലെ ദൃഢം. നീലമേലാപ്പില്‍ നിലാവു നിറയുന്ന രാത്രികളില്‍ ജലാശയത്തിന്റെ നീലിമ വഴിയുന്ന സൗന്ദര്യത്തിലേക്ക് ആനകള്‍ കൂട്ടത്തോടെ വന്നിറങ്ങും. നീരാടും. കൊമ്പുകുത്തും. അപ്പോള്‍ ജലാശയം കലങ്ങും. അന്തരീക്ഷത്തിനു ഭാവം പകരും.

പടവുകള്‍ പിന്നിട്ട് അല്‍പ്പം കയറിയപ്പോള്‍ ആഴത്തില്‍ ട്രഞ്ചുകള്‍ കണ്ടു. അതിന്റെ സുരക്ഷയില്‍, കുടപിടിച്ചു നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കടിയില്‍, ചെറിയൊരു കൂടാരം. അപ്പോള്‍ തയ്യാറാക്കിയത്. എല്ലാം കൂടെ വന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൈയിലുണ്ട്. ഒരു വീടൊരുക്കാന്‍ അല്‍പ്പനേരമേ വേണ്ടൂ. ശാന്തഗംഭീരമായ അന്തരീക്ഷം. പ്രകൃതി സ്‌നേഹികള്‍ക്കും സാഹസികര്‍ക്കും കാട്ടില്‍ താമസിക്കാനുളളതാണ് കൂടാരം.


ഇവിടെ ഒരു സ്ഥിരം കൂടാരം ഉണ്ടായിരുന്നു. ആഴത്തിലുള്ള ട്രഞ്ചുകള്‍ വരും മുമ്പ് ഒരു കൊമ്പന്റെ രോഷം അതിനെ ഇടിച്ചു നിരത്തിയതാണ്. കൂടാരത്തിന്റെ ചെറിയ ഭിത്തി തകര്‍ത്തു. അടുത്തുള്ള മരങ്ങളും പിഴുതെറിഞ്ഞു. കൊമ്പന്റെ കലിയുടെ അടയാളങ്ങള്‍ പലതും ഇപ്പോഴും ബാക്കി കിടക്കുന്നു. എന്നാല്‍ ഇനി ആനപ്പോരിലെ താമസം ഭയപ്പാടില്ലാത്തതാണ്. ആനന്ദത്തോടെ ട്രഞ്ചിന്റെ സുരക്ഷിതത്വത്തില്‍ കഴിയാം. രാത്രി മുഴങ്ങുന്ന ചിന്നംവിളികള്‍ ആസ്വദിച്ച് ഭയപ്പെടാതെ കിടന്നുറങ്ങാം.

ട്രഞ്ചുകള്‍ക്ക് ആഴം കൂട്ടി, കൂടാരം മോടി പിടിപ്പിക്കുന്ന തിരക്കിലാണ് വനം വകുപ്പ്. പ്രകൃതിപ്രേമികള്‍ക്ക് അവ ഉടന്‍ നല്‍കും. സുഖകരമായ ചുറ്റുപാട്. എപ്പോഴും തഴുകാനെത്തുന്ന തണുപ്പുള്ള തെന്നല്‍. ജലാശയത്തിനരികെ അങ്ങിങ്ങു കാണുന്ന വൃക്ഷങ്ങളില്‍ നീര്‍ക്കാക്കയും കൃഷ്ണപ്പരുന്തും.

ചിമ്മിനി വന്യമൃഗസങ്കേതത്തിലെ ആനപ്പോരില്‍ നിന്നുള്ള കാഴ്ച്ചയാണിത്. ചിമ്മിനി ഡാമിലൂടെ ദീര്‍ഘമായ തോണി യാത്ര ചെയ്താലെത്തുന്ന സ്ഥലമാണ് ആനപ്പോര്. പശ്ചിമഘട്ടത്തിലെ ധന്യമായ ജൈവവൈവിധ്യ മേഖലകളില്‍ ഒന്ന്. പ്രകൃതി സ്‌നേഹികളുടേയും സഞ്ചാരികളുടേയും പുതിയൊരു സങ്കേതമായി ചിമ്മിനി ഇക്കോ പ്രോജക്റ്റിനു കീഴിലെ ആനപ്പോര് ടൂറിസം മാറുകയാണ്. അതോടെ ചിമ്മിനി പുതിയ ചിറകുകള്‍ വിരിക്കും. ട്രെക്കിങ്ങും രാത്രിവാസവും ഇക്കോ പഠനവും പക്ഷിനിരീക്ഷണവും വന്യമൃഗക്കാഴ്ചകളുമെല്ലാം ചേര്‍ന്ന വിപുലമായ ഇക്കോ ടൂറിസം പരിപാടികളാണ് ഇവിടെ ഒരുങ്ങുന്നത്. ഗൈഡുകളെയും താമസിക്കാനുള്ള ടെന്റുകളും യാത്രാബോട്ടും എല്ലാം ഫോറസ്റ്റ് വകുപ്പ് നല്‍കും. നൂതനമായ ഈ വിനോദ-പഠന പാക്കേജിന് പച്ചക്കൊടി കിട്ടിക്കഴിഞ്ഞു. ഉടനെ ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ പദ്ധതിയുടെ ത്രില്‍ മുന്‍കൂട്ടി അറിയാനാണ് 'യാത്രാ'സംഘം ആനപ്പോരിലെത്തിയത്.

ചിമ്മിനി ജലസേചന പദ്ധതിയിലുള്ള അണക്കെട്ടിലൂടെയാണ് ആനപ്പോരിലേക്കു പോകേണ്ടത്. മനോഹരമായ നീലജലാശയം. വനം വകുപ്പിന്റെ ഐ.ബിക്ക് താഴെ നിന്ന് ചെറിയൊരു ബോട്ടില്‍ കയറി ഇരുപതു മിനുട്ട് സഞ്ചരിച്ചാല്‍ ആനപ്പോരില്‍ എത്താം. അതിനു മുമ്പ് മറ്റൊരു താവളമുണ്ട്. മാങ്കുഴി. അവിടെ നിലാവും മഴയും കാറ്റും മാറിമാറിക്കളിക്കുന്ന ജലാശയത്തിന്റെ കരയില്‍, ഇരുപതടി ഉയരത്തില്‍ മരത്തില്‍ ഒരു കൂടാരം ഒരുങ്ങിക്കഴിഞ്ഞു. ഇവിടെയും പത്തു പേര്‍ക്കു സുഖമായി താമസിക്കാം.

ആനകളും കാട്ടുപോത്തുകളുമാണ് ചിമ്മിനിയിലെ പ്രധാന കാഴ്ച്ചകള്‍. വേനലില്‍ തടാകത്തിലെ ജലനിരപ്പു താഴുമ്പോള്‍ വന്യമൃഗങ്ങളെ കൂടുതല്‍ കാണാം. കടുവയും പുള്ളിപ്പുലിയും, കാട്ടുനായ്ക്കളും മ്ലാവും കാട്ടുപന്നിയും പല ഭാഗങ്ങളില്‍ നിന്നും വന്ന് വെള്ളം കുടിക്കും.

സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥകള്‍ക്കായി നടത്തുന്ന പ്രകൃതി പഠന ക്ലാസാണ് ചിമ്മിനിയുടെ മുഖമുദ്ര. വനം വകുപ്പ് ലക്ച്ചര്‍ ക്ലാസുകളും സ്ലൈഡ് ഷോകളും ഇളം മനസ്സുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ ഒരുക്കിയിട്ടുണ്ട്. ഡി.എഫ്.ഒ. സാജു വര്‍ഗ്ഗീസിനോടൊപ്പം പ്രകൃതിയുമായി ആത്മബന്ധമുള്ള ഉദ്യോഗസ്ഥര്‍ തന്നെ പദ്ധതിക്കു പിന്നില്‍ അണിനിരന്നിരിക്കുന്നു. വനത്തില്‍ നീണ്ട ട്രക്കിങ്ങിനും മലകയറ്റത്തിനും അവര്‍ സദാ സന്നദ്ധം. യാത്രാ ടീമിന്റെ ചിമ്മിനി സന്ദര്‍ശനത്തില്‍ ഡി.എഫ്.ഒ.യോടൊപ്പം പ്രതാപനും ജയദേവനും സലിംകുമാറും സാഹസികയായ വനിതാ ഗാര്‍ഡ് സീനയും പങ്കെടുത്തിരുന്നു. 'ചെറുപ്പം മുതല്‍ തന്നെ കാടിനോടു ഇഷ്ടമുണ്ടായിരുന്നു. വനത്തിലെ ഗാര്‍ഡായി പി.എസ്.സി ജോലി കിട്ടിയപ്പോള്‍ സ്വപ്‌നസാഫല്ല്യമായി' -സീന പറഞ്ഞു.
++++++++++വിദ്യാര്‍ഥികള്‍ക്ക് രണ്ട് ദിവസത്തെ ട്രക്കിങ്ങാണ് ചിമ്മിനിയില്‍ വനം വകുപ്പ് നടത്തുന്നത്. യുവാക്കളില്‍ കാടിനോടുള്ള സ്‌നേഹവും പരിസ്ഥിതിബോധവും വളര്‍ത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. ഹരിത വനത്തിലൂടെ ആകാശത്തെ എത്തിപ്പിടിക്കുന്ന വൃക്ഷങ്ങളും കിഴുക്കാംതൂക്കായ കയറ്റങ്ങളും പിന്നിട്ട് വിദ്യാര്‍ഥികള്‍ ഗിരിശൃംഗമായ പൊന്‍മുടിയിലേക്ക് കുത്തനെയുള്ള കയറ്റം കയറുന്നു. പ്രകൃതിയുമായുള്ള ഹൃദയബന്ധത്തിന്റെ തുടക്കം കുറിക്കാന്‍ സാഹസിക ട്രക്കിങ്ങിന് കഴിയുമെന്ന് സാജു വര്‍ഗീസ് പറഞ്ഞു. ഇക്കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ ചിമ്മിനിയില്‍ മുപ്പത് ഗ്രൂപ്പുകള്‍ക്കാണ് അവര്‍ ട്രക്കിങ്ങ് സംഘടിപ്പിച്ചത്.

ചൂരത്തള വെള്ളച്ചാട്ടമാണ് യാത്രയിലെ അവസാന പോയന്റ്. ചിമ്മിനിയുടെ ഹൃദയത്തുടിപ്പെന്ന് ഈ വെള്ളച്ചാട്ടത്തെ പറയാം. ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ എത്തി ഇടത്തോട്ട് അല്‍പ്പം കുത്തനെയുള്ള കയറ്റം കയറിയാല്‍ മനസ്സിനെ ഭ്രമിപ്പിക്കുന്ന വെള്ളച്ചാട്ടം. കാടിന്റെ ഗഹനതയില്‍ നിന്ന് ജലം പാറകളില്‍ തട്ടി താഴേക്ക് കുത്തി ഒഴുകുന്നു. വര്‍ണ്ണങ്ങള്‍ വിരിയിച്ച് പാറിപ്പറക്കുന്ന ചിത്രശലഭങ്ങള്‍ ചൂരത്തളയെ അവിസ്മരണീയമാക്കുന്നു. പാറമേലേക്കുള്ള കയറ്റം അനായാസമാണ്. ചുറ്റുമുള്ള വൃക്ഷങ്ങളുടെ വേരുകള്‍ പടവുകള്‍ പോലെ ഉറച്ചു നില്‍ക്കുന്നു. വൃക്ഷങ്ങളെ പാറ ആലിംഗനം ചെയ്തിരിക്കുന്നു. കുടപിടിക്കുന്ന രീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. പാറക്കുടക്കു താഴെ വനംകുപ്പ് ടെന്റുകള്‍ സ്ഥാപിച്ചിരിക്കുന്നു. മഴയും വെയിലുമേല്‍ക്കാതെ ഒരാള്‍ക്കു ചുരുണ്ടു കിടക്കാന്‍ പോന്ന മനോഹരമായ കുഞ്ഞുടെന്റുകള്‍. അത് യാത്രയില്‍ ഒപ്പം കരുതുന്നവയാണ്. സഞ്ചാരികളെത്തിയാല്‍ ഓണ്‍ ദ സ്‌പോട്ട് നിര്‍മ്മിച്ചു നല്‍കും ഈ സ്വര്‍ഗീയ ഭവനങ്ങള്‍. പ്രകൃതിസ്‌നേഹികള്‍ക്ക് രാത്രിയും പകലും അതില്‍ വിശ്രമിച്ച് കാടിന്റെ സൗന്ദര്യം ആസ്വദിക്കാം. ജയദേവനും സീനയും ഇക്കോ ഡെവലപ്‌മെന്റ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ അജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് പത്തു മിനുട്ടിനുള്ളില്‍ ആകര്‍ഷകമായ ടെന്റുകള്‍ തീര്‍ത്തു.

''ചിമ്മിനി ഇപ്പോള്‍ പ്രകൃതി സ്‌നേഹികളുടെ സ്വര്‍ഗ്ഗഭൂമിയാണ്. മുഖഛായ ആകെ മാറി.'' ചിമ്മിനിയില്‍ റേഞ്ച് ഓഫീസറായും പീച്ചിയില്‍ ഡി.എഫ്.ഒ. ആയും സേവനം അനുഷ്ഠിച്ചിട്ടുള്ള നിര്‍മ്മല്‍ ജോണ്‍ പറഞ്ഞു.

അതെ, ചിമ്മിനി ആകെ മാറിയിരിക്കുന്നു. ആരുമറിയാതെ കിടന്ന ഈ കാട് ഇന്ന് പ്രകൃതിസ്‌നേഹികളായ സഞ്ചാരികളുടെ സ്വര്‍ഗഭൂമിയാണ്. ബൃഹത്തായ ഇക്കോ ടൂറിസം പദ്ധതികളുമായി ചിമ്മിനി സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സ്വച്ഛസുന്ദരമായ കാടിനകത്ത് ഏകാന്തമായ സഞ്ചാരവും രാത്രിവാസവും കൊതിക്കുന്നവരുണ്ടെങ്കില്‍ ഇനി ചിമ്മിനിയിലേക്കു പോകാം.

Travel Info

Chimmony

Serene, beautiful - Chimmony wildlife sanctuary located in the Western Ghats, on the western slopes of the Nelliyampathi hills, is one of the world's 25 bio-diversity hot-spots, and the haven of innumerable species of endangered plants and animals. Along with the neighbouring Peechi-Vazhani Wildlife Sanctuary it forms a continuous protected area of 210 sq.km. It also lies just west of Parambikulam Wildlife Sanctuary.
Location:State Kerala. Thrissur Dt. Mukundapuram Taluk. Area: 90 sq. Km
Best season: Sep - March.
How to reach
By Road:
Reach Amballur junction, 10 kms south east to Thrissur towards Kochi in NH-47. Take diversion from here, and proceed to east. Chimmony is at a distance of 25kms. Buses are available upto Dam site.
By Rail: Thrissur, which is 36 kms from Sanctuary.
By Air: Cochin International Airport (60 KM)
Nature camps
Nature camps are being conducted in the sanctuary for the students of Government recognized Educational institutions and NGOs (between 30-40 persons) involved in environmental conservation (2-3 days). Free accommodation and vegetarian food will be provided. Sanctioning of Nature Camps will be on 'first come first serve' basis. More than one nature camp will not be allotted to one institution in a financial year. For more details, prescribed application form and other eco tourism activities visit www.chimmony.com
Contact
Wildlife warden, Peechi Wildlife Division Office. )0487 2699017
Asst. Wildlife Warden)0480 2766972
Chairman/Ex-officio Secretary )0480 3209234.
Stay
Forest inspection Bungalow at Chimmony (3 rooms): Tariff: Rs.400/person/day.Rs.600 for two persons in double room.
Dormitory: Anapporu (Tent in the forest),25 mnts boat journey. Rs. 2500/person/day. Rs.1500 for extra person (including food)
Manguzhu log hut in the forest (15 mnts boat journey). Tariff same as above, but likely to be revised soonpChoorakuzhy Waterfalls tent: same as above. pDormitory for nature camp for student groups: Accommodation and food free.
Dormitory for others during camps: Rs.100 per day per person, without food.