കടുവകളെ പിന്തുടരുന്ന ലോക പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ വിവേക് സിന്‍ഹയുടെ യാത്രകളില്‍ നിന്ന് ഒരേട്..പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരത്പൂരിലെ പക്ഷിപ്രളയത്തിന് നടുവിലായിരുന്നു വിവേക് സിന്‍ഹയേയും ഭാര്യ ആരതിയേയും ആദ്യമായി കാണുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ സിന്‍ഹയുടെ കാടാറുമാസത്തിനിടയിലെ പരിചയപ്പെടല്‍. ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ഭരത്പൂര്‍ ഫീല്‍ഡ് ലാബ് ഡയറക്ടറായ ഡോ.വിജയനാണ് പരിചയപ്പെടുത്തിയത്. സൈബീരിയന്‍ കൊക്കുകളെ കുറിച്ച് ഗവേഷണം നടത്തുകയാണ് അദ്ദേഹത്തിന്റെ ഭാര്യ ലളിതയും ഒപ്പമുണ്ട്.

വെയിലൊഴിഞ്ഞ വന്‍മരത്തണലില്‍ പരിചയം സൗഹൃദത്തിന്റെ പടവുകള്‍കയറി: 'ഞാന്‍ പരിചയപ്പെടുന്ന ആദ്യ മലയാളി ബാന്ധവ്ഗഡിലെ ആന പാപ്പാനായ കുട്ടപ്പനാണ്'-തിളങ്ങുന്ന കണ്ണുകളോടെ സിന്‍ഹ പറയുമ്പോള്‍ ഭാര്യ ആരതി, കയ്യിലെ ഡയറിതാളുകള്‍ പിന്നോട്ട് മറിക്കുകയായിരുന്നു. കടുവകളെ തേടിയുള്ള സിന്‍ഹയുടെ വനയാത്രകളില്‍ ആരതി എന്നും ഒപ്പമുണ്ടായിരുന്നു. സിന്‍ഹ പറഞ്ഞുവരുന്ന കുട്ടപ്പന്‍, എറണാകുളം, കൂത്താട്ടുകുളം സ്വദേശിയാണ്്. ചെറുപ്പത്തിലേ നാടുവിട്ട് ബാന്ധവ്ഗഡിലെ കാട്ടിലൊളിച്ചു. പിന്നീട് വളരെകാലം കഴിഞ്ഞാണ് വീട്ടുകാര്‍ കണ്ടെത്തിയത്.

'ഒരിക്കല്‍ കുട്ടപ്പന്‍ എന്റെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. ബാന്ധവ്ഗഡിലെ അപരിചിതനായ കടുവയില്‍ നിന്ന്'. വിവേക് പറഞ്ഞു തുടങ്ങി: 'മധ്യപ്രദേശിലെ റേവ രാജാവിന്റെ നായാട്ടിടമായിരുന്നു ബാന്ധവ്ഗഡ് എന്ന കോട്ടയുള്‍പ്പെടുന്ന കാട്. അതാണ് പിന്നീട് കടുവാ സങ്കേതമായി മാറിയത്. ബര്‍ക്ക എന്ന് ഫോസറ്റുകാര്‍ വിളിക്കുന്ന വലിയൊരു കടുവയായിരുന്നു 90 കളുടെ ആദ്യം ബാന്ധവ്ഗഡിന്റെ ആകര്‍ഷണം. അവനെ കാണുവാനായി പലതവണ ഞാനവിടെ പോയിരുന്നു. ആനപ്പുറത്തും ജീപ്പിലും എത്തുന്ന സന്ദര്‍ശകര്‍ അവനൊരു പ്രശ്‌നമായിരുന്നില്ല. ആരെയും ഗൗനിക്കാതെ അവന്‍ ഇലപടര്‍പ്പുകളിലേക്ക് സാവധാനം നടന്ന് മറയും'.


'പക്ഷെ 92ല്‍ അവനും മക്കളായ ദാവുവും ബലറാമും ബാന്ധവ്ഗഡിലെ ചക്രധാര പ്രദേശത്ത് നിന്ന് അപ്രത്യക്ഷരായി. എങ്ങോട്ട് പോയെന്ന് ആര്‍ക്കുമറിയില്ല. കടുവകള്‍ ചിലപ്പോള്‍ സ്വന്തം പ്രദേശം വിട്ട് മറ്റിടങ്ങളിലേക്ക് പോകാറുണ്ട്. പക്ഷേ ഇടയ്ക്കിടെ പഴയ രാജ്യം സന്ദര്‍ശിക്കും. പരിചിതമായ ഇടങ്ങളിലെ സുഖംതേടി. മക്കള്‍ പോയത് മനസ്സിലാക്കാം. അവര്‍ യുവാക്കളാണ്. എന്നാല്‍ ബര്‍ക്കയ്ക്ക് പ്രായം 14 കഴിഞ്ഞിരുന്നു. മാത്രമല്ല തന്റെ പ്രദേശത്തേയ്ക്ക് കടന്നു കയറാന്‍ ശ്രമിച്ച ഒരുത്തനെ തുരത്തുന്നതിനിടെ തോളെല്ലിന് പരിക്കേറ്റിരുന്നു. ഇരതേടാന്‍ ബുദ്ധിമുട്ടുമെന്നുറപ്പ്. ഫോറസ്റ്റുകാര്‍ അന്വേഷിച്ചു നടന്നു, ബര്‍ക്കയെ കണ്ടെത്തിയില്ല'.

'ബര്‍ക്കയുടെ തിരോധനാത്തിനിടെ രണ്ട് പുതിയ അതിഥികള്‍ ബാന്ധവ്ഗഡിലെത്തിയിരുന്നു. ചക്രധാരയിലാണ് അവരെയും തുറന്ന് വിട്ടത്. ആയിടയ്ക്കാണ് ഞാനും ആരതിയും പതിവു സന്ദര്‍ശനത്തിന് ബാന്ധവ്ഗഡിലെത്തിയത്. ഫോറസ്റ്റ് റസ്റ്റ് ഹൗസിലെ ഉച്ചമയക്കത്തിന് ശേഷം ആരതിക്കൊപ്പം സിദ്ധനാഥ് എന്ന ആനയുടെ പുറത്ത് കയറി. കുട്ടപ്പനാണ് പാപ്പാന്‍. ഇരിപ്പിടത്തിന്റെ വലത് വശത്ത് ഞാനും ഇടതുവശത്ത് ആരതിയും'.

'ചെറു അരുവിയായ ചരണ്‍ഗംഗ, ബന്ധവ്ഗഡിന്റെ വടക്ക്-കിഴക്കന്‍ മേഖലയിലാണ്. ഇവിടെയാണ് പീതക്കല്ലില്‍ കൊത്തിയെടുത്ത മഹാവിഷ്ണുവിന്റെ അനന്തശയന രൂപമുള്ളത്. അതിനടുത്ത് വലിയൊരു ഞാവല്‍മരമുണ്ട്. അതിന്റെ ഒത്തമുകളില്‍ തവിട്ടു നിറത്തിലുള്ള രണ്ട് മീന്‍ കൂമന്‍മാര്‍. രണ്ട് മൂന്ന് സ്‌നാപ്‌സ് എടുത്തു. രണ്ട് ദിവസമായി കടുവകളെ തേടി അലയാന്‍ തുടങ്ങിയിട്ട്. പുതിയ അതിഥികളുമായൊരു സൗഹൃദം സ്ഥാപിക്കാന്‍ മനസ്സ് കൊതിച്ചു. നിരാശയായിരുന്നു ഫലം'.

'ദോദുവ ഭാഗം കഴിഞ്ഞുള്ള കാട്ടുവഴി മുറിച്ചുകടന്ന് ഞങ്ങള്‍ സിദ്ധാബാബയിലെത്തിയിരുന്നു. കുറേ സാംബര്‍മാനുകള്‍ മേയുന്നത് ദൂരെ നിന്നേ കാണാം. അടുത്തെത്താറായപ്പോഴേക്കും അവ കുന്നുകയറി മറഞ്ഞു. മൂന്ന് മീറ്ററോളം ഉയരമുള്ള ആനപ്പുല്ലുകള്‍ നിറഞ്ഞ ചക്രധാരയിലേക്ക് പോകാമെന്ന് ഞാന്‍ കുട്ടപ്പനോട് പറഞ്ഞു. കുട്ടപ്പന്‍ അല്‍പ്പം പേടിയോടെ എന്നെ നോക്കി. ' 'വേണ്ട സാര്‍, അവിടെ അവനുണ്ടാകും. പുതിയ ഇടത്തോട് ഇനിയും ഇണങ്ങാത്ത കടുവ''. പോകാന്‍ മടിച്ചു നിന്ന കുട്ടപ്പനെ ഒരുവിധത്തില്‍ ഞാനും ആരതിയും സമ്മതിപ്പിച്ചു.
++++++++++


മറ്റ് രണ്ട് ആനകളുടെ പാപ്പാന്‍മാരോട് കുട്ടപ്പന്‍ കാര്യം പറഞ്ഞ് മനസ്സിലാക്കി ഒപ്പം കൂട്ടി. പോകുന്ന വഴി കുട്ടപ്പന്‍ പറഞ്ഞു: 'രണ്ടാഴ്ച്ച മുന്‍പ് സഞ്ചാരികളുമായി വന്ന ആനകള്‍ക്ക് നേരെ പുതിയ കടുവ ഗര്‍ജ്ജിച്ചു കൊണ്ട് ചാടി വീണതിനാല്‍ ആ പ്രദേശത്തേക്ക് സഞ്ചാരികളെ കൊണ്ടു പോകാറില്ല'.

ആനകള്‍ ആനപ്പുല്ലുകള്‍ക്കിടയിലേക്ക് കയറി. ഒരുമിച്ചല്ല, അളെന്നെടുത്തപോലെ നിശ്ചിത അകലത്തില്‍. ആനപ്പുല്ലു വകഞ്ഞ് മാറ്റാനായി കുട്ടപ്പന്‍, സമീപത്തെ നെല്ലിമരത്തിന്റെ നീണ്ട കൊമ്പൊരെണ്ണം ഓടിച്ചെടുത്തു. അപ്പോഴേക്കും ഞാന്‍ ഇരിപ്പിടത്തിന്റെ ഇടതുഭാഗത്തേക്ക് മാറിയിരുന്നു, ആരതി വലത്തേ്ക്കും. അല്‍പ്പം പൊക്കക്കുറവുണ്ട് ഞങ്ങളെ വഹിച്ച് നീങ്ങിയ സിദ്ധനാഥിനെന്ന് മറ്റ് ആനകള്‍ അടുത്തുവന്നപ്പോള്‍ മനസ്സിലായി.

ബാത്തം തിര്‍ഹ മേഖലയിലെത്തിയപ്പോള്‍ കുട്ടപ്പന്‍ പെട്ടന്ന് ആനയോടെ പതിഞ്ഞ സ്വരത്തില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇടതു ഭാഗത്തേക്കാണ് കുട്ടപ്പന്റെ നോട്ടം. കുട്ടപ്പനൊത്തുള്ള വനയാത്ര പതിവായതിനാല്‍ സൂചനകള്‍ എനിക്കറിയാം. ഞങ്ങളും ഇടത്തേക്ക് കണ്ണോടിച്ചു. വെയിലേറ്റ് തിളങ്ങുന്ന ഉണക്കപ്പുല്ലുകള്‍ക്കിടയില്‍ സ്വര്‍ണ നിറത്തില്‍ വലിയൊരു തല. അതവനായിരുന്നു, 'ബാന്ധവ്ഗഡിലെ അപരിചിതന്‍.

ഞങ്ങളുടെ വരവ് നോക്കി കിടക്കുകയായിരുന്നു അവന്‍. അടുത്ത നിമിഷം വലിയൊരലര്‍ച്ചയോടെ അവന്‍ മുന്നോട്ട് കുതിച്ചു. ആന ആകെയൊന്ന് ഉലഞ്ഞു. അലര്‍ച്ച കേട്ടിട്ടാവണം. മനസ്സാന്നിധ്യം വീണ്ടെടുത്ത കുട്ടപ്പനും അലറി. ആനയ്ക്കുള്ള ആജ്ഞയായിരുന്നു അത്. കടുവയുടെ നേര്‍ക്ക് ആനയെ തിരിച്ച് നിര്‍ത്തി കുട്ടപ്പന്‍. മറ്റ് ആനപാപ്പാന്‍മാര്‍ക്ക് കുട്ടപ്പന്‍ കൊടുത്ത സിഗ്നലനുസരിച്ച് ആനകളെ ചേര്‍ത്ത് നിര്‍ത്താനായി അവര്‍ ഞങ്ങള്‍ക്കടുത്തേക്ക് വരികയായിരുന്നു. കുട്ടപ്പന്റെ ശ്രദ്ധമാറിയ നിമിഷം, കടുവ ഞങ്ങളിരുന്ന ആനയുടെ ഇടതുഭാഗത്തേക്ക് ഓടിയടുത്തു. ആനയ്ക്ക് മുകളിലെ മനുഷ്യരോടായിരുന്നു അവന് ദേഷ്യം. കിടിലംകൊള്ളിക്കുന്ന ഗര്‍ജ്ജനത്തോടെ തൊട്ടടുത്ത മണ്‍തിട്ടയില്‍ നിന്ന് അവന്‍ മുകളിലേക്ക് കുതിച്ചു. ഞാനിരുന്ന ഭാഗമായതിനാല്‍ അവന്റെ ദംഷ്ട്രകള്‍ തെളിഞ്ഞു കണ്ടു. അവന്റെ വായില്‍ നിന്നുള്ള വൃത്തികെട്ട ഗന്ധം എന്റെ മുഖത്തടിച്ചു.

ആരതി കരുതി കുട്ടപ്പന്‍, ആനയെ കടുവയ്ക്ക് നേരെ വീണ്ടും തിരിക്കുമെന്ന്. അതുണ്ടായില്ല. കടുവ അത്രയ്ക്ക് അടുത്തായിരുന്നു. പക്ഷേ കയ്യിലിരുന്ന നെല്ലിവടി കൊണ്ട് കുട്ടപ്പന്‍ കടുവയുടെ മുഖത്ത് അടിച്ചു. അടുത്ത അടി വന്നപ്പോള്‍ കടുവ അത് കടിച്ചെടുത്ത് ചവച്ച് തുപ്പി. കാടിനെ വിറപ്പിക്കുന്ന ഒന്നു രണ്ട് ഗര്‍ജ്ജനങ്ങള്‍ കൂടി. മറ്റ് രണ്ട് ആനകള്‍ അടുത്തപ്പോഴേക്കും അവന്‍ പിന്‍വാങ്ങി. മച്ചായ് കുന്നിന് മുകളിലേക്ക് അവന്‍ നടന്നകന്നു. അപിരിചിതനായി തന്നെ..
++++++++++

അപ്പോഴാണ് ഞാനെന്റെ കോട്ട് ശ്രദ്ധിച്ചത്. കടുവയുടെ വായില്‍ നിന്നുള്ള സ്രവം എന്റെ കോട്ടില്‍ തെറിച്ചിരുന്നു. അത്ര അടുത്തായിരുന്നു കടുവയെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ആ മുഹൂര്‍ത്തങ്ങളിലും എന്റെ ക്യാമറക്കണ്ണുകള്‍ തുറന്നടഞ്ഞിരുന്നു. ചിത്രമെന്ന രീതിയില്‍ വലിയ ഗുണമില്ലെങ്കിലും ആ സന്ദര്‍ഭത്തില്‍ എനിക്കാവും വിധം ഉള്ളതായിരുന്നു അത്. എന്റെ ജീവിതത്തില്‍ ഇത്രയും ഭയന്ന മുഹൂര്‍ത്തമില്ല. ഇന്ത്യന്‍ കാടുകളില്‍ 120 ഓളം കടുവകളെ ഞാന്‍ നേരില്‍ കണ്ടു. 80 എണ്ണത്തിന്റെ ചിത്രമെടുക്കാന്‍ സാധിച്ചു. പക്ഷേ ബാന്ധവ്ഗഡിലെ ആ കണ്ടുമുട്ടല്‍ പോലൊന്ന് ഇതുവരെയില്ല'.

ഭരത്പൂരിന് ശ്വാസം വീണത് വിവേക് സിന്‍ഹയുടെ വാക്കുകള്‍ കഴിഞ്ഞപ്പോഴായിരുന്നു. ഫോണ്‍ നമ്പറും വിലാസവുമൊക്കെ കൈമാറി അന്ന് പിരിഞ്ഞു. പിന്നീട് സിന്‍ഹയെ കാണുന്നത് മൂന്ന് വര്‍ഷം മുന്‍പ് മുതുമലയില്‍ വെച്ചാണ്. അദ്ദേഹം വന്നിട്ടുണ്ടെന്നറിഞ്ഞ് കാണാന്‍ ചെന്നതായിരുന്നു. അദ്ദേഹമെഴുതിയ പുസ്തകം സമ്മാനിച്ചു: 'The Tiger is a gentleman'. പുസ്തകത്തിന്റെ പേര് വായിച്ച് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. കാര്യം പിടികിട്ടിയ പോലെ അദ്ദേഹം പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. 'കടുവ ഇപ്പോള്‍ വിശാലഹൃദയനാണ്'.വിവേക് സിന്‍ഹപ്രശസ്തനായ വന്യജീവി ഫോട്ടോഗ്രാഫറാണ് വിവേക് സിന്‍ഹ. എയ്‌റോനോട്ടിക്‌സില്‍ എം.എസ്.സി ബിരുദം. ബാംഗ്ലൂര്‍ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടറായിരുന്നു. പിന്നീട് കേന്ദ്ര രാജ്യരക്ഷാ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. ഇന്ത്യയിലെ വിവിധ സങ്കേതങ്ങളില്‍ നിന്നായി നിരവധി കടുവകളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ള സിന്‍ഹ, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കൂടിയാണ്. 85 കഴിഞ്ഞ അദ്ദേഹം ഇപ്പോഴും ഊര്‍ജ്ജസ്വലനായി വനയാത്രകള്‍ നടത്തുന്നു. നിഴല്‍പോലെ ഭാര്യ ആരതിയുമുണ്ട്. ചെറുപ്പത്തില്‍ ഫോട്ടോഗ്രാഫിയില്‍ താത്പര്യം തുടങ്ങി. മെല്ലെ കൂടുതല്‍ ചിത്രങ്ങള്‍ എടുത്തു. വനയാത്രകള്‍ തുടങ്ങിയതോടെ ചിത്രങ്ങളും വര്‍ദ്ധിച്ചു. 'എന്റെ 10ാം വയസ്സില്‍ അമ്മ തന്നെയാണ് ഒരു അഗ്ഫ ബോക്‌സ് ക്യാമറ നല്‍കിയത്. തുടക്കം അങ്ങനെയായിരുന്നു'-അദ്ദേഹം അനുസ്മരിച്ചു. 1986 മുതല്‍ നിക്കോണ്‍ ക്യാമറ ഉപയോഗിച്ച് തുടങ്ങി. ''എന്റെ യാത്രകള്‍ക്ക് പ്രചോദനം ഭാര്യ ആരതി തന്നെയാണ്. ചിത്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രശംസിക്കാനും ആരതി മുന്‍പന്തിയിലാണ്'. നിരവധി ബഹുമതികള്‍ വിവേക് സിന്‍ഹയെ തേടി എത്തിയിട്ടുണ്ട്. 'Tiger is a gentleman', 'Vanishing Tigers'' എന്നീ സചിത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
യാത്ര എപ്പോഴും ഒന്നിച്ച്ആരതി സിന്‍ഹയ്ക്ക് വയസ്സ് എഴുപത് കഴിഞ്ഞു. പക്ഷെ സാഹസിക യാത്രയ്ക്ക് ഇപ്പോഴും മുന്നില്‍ തന്നെ. മഞ്ഞിലും വെയിലിലും മഴയിലും ആരതി ഭര്‍ത്താവ് വിവേക് സിന്‍ഹയ്‌ക്കൊപ്പം എല്ലാ വനയാത്രയിലുമുണ്ട്. ''ഞാന്‍ ഇല്ലാതെ ഒരൊറ്റ യാത്ര പോലും ഇതുവരെ വിവേക് നടത്തിയിട്ടില്ല''. ആരതി പറഞ്ഞു. വനയാത്രകളാണ് കൂടുതലും. വിദേശയാത്രകളും നിരവധി. 61 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ വനയാത്രകള്‍ തന്നെയാണ് കൂടുതല്‍. വനത്തിലെ ഹരിതഭംഗിയും നോക്കെത്താത്ത മലനിരകളും വൈവിധ്യമാര്‍ന്ന വന്യജീവികളും ജീവിതത്തിന്റെ കാഴ്ച്ചപ്പാട് മാറ്റി. ''വീട്ടില്‍ ഇരിക്കുന്ന വീട്ടമ്മയല്ല ഞാന്‍, കാട്ടില്‍ പോകാന്‍ ഈ പ്രായത്തിലും എനിക്ക് ധൈര്യമുണ്ട്''. ആരതി പറഞ്ഞു.

വനയാത്രയ്ക്ക് തീരുമാനമെടുത്തത് 1984 ലാണ്. അന്ന് മുതല്‍ ഇന്ന് വരെ യാത്ര മുടങ്ങിയിട്ടില്ല. ഭര്‍ത്താവ് വിവേക് സിന്‍ഹ പ്രകൃതിഭംഗി ആസ്വദിച്ചതോടൊപ്പം ഫോട്ടോഗ്രാഫിയിലും തല്‍പ്പരനായി.

ഓരോ യാത്രയും മറക്കാനാവാത്ത അനുഭവമായിരുന്നു. മനസ്സിന് സുഖം പകര്‍ന്നിട്ടുള്ള യാത്രകള്‍ക്കൊപ്പം പേടിപ്പെടുത്തുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. 1986ല്‍ ആണെന്ന് തോന്നുന്നു. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വെച്ച് ഒരു മദം പൊട്ടിയ ആന കൊമ്പു കുലുക്കി വന്ന് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ആനയുടെ സമീപം എത്തി. പക്ഷേ ആന പാപ്പാന്‍ മജീദ് ഖാന്‍ മദയാനയെ വിരട്ടി ഓടിച്ചു.

ഏത് വന്യമൃഗ സങ്കേതമാണ് ഏറ്റവും നല്ലതെന്ന് പറയാന്‍ കഴിയില്ല. ഓരോ സങ്കേതത്തിനും അതിന്റേതായ ഭംഗിയുണ്ട്. ഞാന്‍ പ്രകൃതിയുടെ വശീകരണ വലയത്തിലാണ്.' ആരതി സിന്‍ഹ പറഞ്ഞു. ഭര്‍ത്താവ് ഫോട്ടോകള്‍ എടുക്കുന്ന തിരക്കിലായിരിക്കും പലപ്പോഴും... ആ നിമിഷങ്ങള്‍ എല്ലാം പുസ്തകത്തില്‍ ആരതി കുറിച്ചു വെയ്ക്കും. സ്ഥലം, കാലാവസ്ഥ, വന്യമൃഗത്തിന്റെ ഭാവം, മറ്റ് ഇതര സാഹചര്യങ്ങള്‍. തിരിച്ചെത്തിയാല്‍ ആ കുറിപ്പുകള്‍ ഭര്‍ത്താവിന് വിശദീകരിച്ചു കൊടുക്കും. അദ്ദേഹം അത് ലേഖനമാക്കും.

''ആരതി ഇല്ലെങ്കില്‍ എന്റെ പേന ചലിക്കില്ല. എന്റെ ഹൃദയം ചലിക്കണമെങ്കില്‍ ആരതി സമീപത്ത് വേണം'', വിവേക് അഭിമാനത്തോടെ പറയും. പിന്നെ സ്വയം മറന്ന് ആഹ്ലാദിച്ച് ആരതിയെ ഒളികണ്ണിട്ട് നോക്കും. വിദേശങ്ങളില്‍ നിരവധി യാത്രകള്‍ ഈ ദമ്പതികള്‍ നടത്തിയിട്ടുണ്ട്. കെനിയയാണ് ആരതിയെ ആകര്‍ഷിച്ചിട്ടുള്ളത്. പ്രത്യേകിച്ച് ജിറാഫും ഇംപാലയും. ചിലപ്പോള്‍ ശാരീരിക അസുഖങ്ങള്‍ ആരതിയെ അലട്ടാറുണ്ട്. പക്ഷെ അതൊന്നും കാര്യമാക്കാറില്ല. വനയാത്ര തുടരും.

Bandavgarh National Park is spread over Vindhya hills in Madhya Pradesh. It is 197 km away north-east of Jabalpur. This Park derived its very name from an ancient fort in the area of the same name. The park is known for its Royal Bengal Tigers. The density of the Tiger population at Bandhavgarh is the highest known in India.


Location: Madhya Pradesh, Umaria Dt.


Distance Chart: Delhi : 978 km, Gwalior: 565 km, Umaria : 35 km, Khajuraho : 270 km, Jabalpur : 190 km, Satna : 120 km, Katni : 102 km, Bhopal 481 km.


How to reach

By Air: Jabalpur. But the most convenient route to Bandhavgarh is to fly from Delhi to Khajuraho, from where it is a five and a half hour drive (237 km). to Bandavgarh.

By rail: Umaira (35km) The major railhead near is Jabalpur (164Km).

By road: From Jabalpur head towards Sleemanabad railway station through NH7. From there take divertion towards right to Bandhavgarh (80km). State / private transport buses ply between Katni and Umaria and from Satna and Rewa to Tala (Bandhavgarh). Taxis are available at Satna, Jabalpur,Katni, Umaria, Bilaspur
(300 km) and Khajuraho.

Contact: Bandhavgarh National Park, Ph: 07627- 265366

Entry Timing: 6am to 10 am. 2.30 pm to 5.30 pm, Paryatan Bhawan, MP Tourism, Bhopal, Ph: 0755-2775572 (Contact Between: 10:00 AM to 5:00 PM (Mon to Sat))

website: www.mptourism.com/dest/ bandhavgarh.

Best Season: Nov -Jun, The park is closed form July 1 to September 30

Stay: MP Tourism Hotel Booking, Ph: 0755-2778383, White Tiger Forest Lodge, Ph: 07627-265366