പറമ്പിക്കുളം: കാറ്റില്‍ ഒടിഞ്ഞു വീണ ഒരു വാകമരം സ്മാരകമാവുന്നു. പറമ്പിക്കുളം വന്യമൃഗ സങ്കേതത്തിലാണ് ഈ അപൂര്‍വ സമാരകം. അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

സാധാരണ വാകമരമല്ല അത്. അതൊരു പൈതൃക സ്വത്താണ്. 45 അടി പൊക്കമുണ്ടായിരുന്ന, നിറയെ തളിരും പൂക്കളുമുണ്ടായിരുന്ന ഓര്‍മകളുടെ പൂമരം. ഈ മരത്തിലാണ് തലമുറകളായി കാട്ടുപനംകാക്കകള്‍ കൂടു കൂട്ടിയിരുന്നത്. ലോക പ്രശസ്ത പക്ഷി ഗവേഷകനും നിരീക്ഷകനുമായ ഡോ. സാലിം ആലി, 1933ല്‍ ആദ്യമായി ഒരു പക്ഷി സര്‍വെയ്ക്ക് വേണ്ടി പറമ്പിക്കുളത്തെത്തിയപ്പോള്‍ പനംകിളികാക്കകളെ കണ്ടെത്തിയത് കുരിയാര്‍കുട്ടി നദിക്കരയിലെ ഈ മരത്തിലാണ്. അന്നു നിബിഡവനമായിരുന്നു പറമ്പിക്കുളം.

1933നു ശേഷവും സാലിം അലി പലവട്ടം പറമ്പിക്കുളത്തെത്തി. ഓരോ തവണ വരുമ്പോഴും കാട്ടുപനംകാക്കയുടെ കൂടിരിക്കുന്ന മരം തേടി അദ്ദേഹം കുരിയാര്‍കുട്ടിയിലേക്കു പോയി. തലമുറകളുടെ കൂട്. സാലിം അലി ആ വാകമരത്തെ അങ്ങിനെയാണ് വിശേഷിപ്പിച്ചത്. നിങ്ങള്‍ അതിനെ നിരക്ഷിക്കണം. ശിഷ്യരോട് സാലിം അലി പറയുമായിരുന്നു. പക്ഷി ഗവേഷകനായ ഡോ. ആര്‍. സുഗതനായിരുന്നു പ്രധാന ശിഷ്യരില്‍ ഒരാള്‍.

1987ല്‍ മരിക്കുന്നതിനു മുമ്പും അദ്ദേഹം പറമ്പിക്കുളത്തു വന്നു. അന്നും ഏറെ നേരം വാകമരച്ചുവട്ടിലിരുന്ന് കാട്ടുപനംകാക്കകളെ നിരീക്ഷിച്ചാണ് പോയത്. 2008 സപ്തംബറില്‍ ആ വാകമരം ഒടിഞ്ഞു വീണു. പക്ഷികള്‍ പറന്നു പോയി. നദിക്കരയില്‍ അനാഥമായ കിളിക്കൂടു പോലെ ആ മരം ഇപ്പോഴും കിടക്കുന്നു.

പക്ഷി നിരീക്ഷകരെ സംബന്ധിച്ചിടത്തോളം വൈകാരിക ബന്ധമുള്ള ഒരു ഓര്‍മക്കുറിപ്പാണ് ആ മരം. നേരത്തെ മന്ത്രി തന്നെ തിരുവഞ്ചൂരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച പറമ്പിക്കുളത്തെത്തിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാറിനോട് അതൊരു പൈതൃക സ്മാരകമാക്കണമെന്ന നിര്‍ദേശം തിരുവഞ്ചൂര്‍ നല്‍കുകയായിരുന്നു.

മരം സ്ഥിതി ചെയ്തിരുന്ന പുഴക്കരയില്‍ തൊട്ടടുത്തു തന്നെയാണ് സാലിം ആലി മ്യൂസിയം. സാലിം അലിക്ക് കുരിയാര്‍കുട്ടിയാണ് തന്റെ പരിനിരീക്ഷണ കൗതുകത്തിന്റെ കളിത്തൊട്ടില്‍. തന്റെ ആത്മകഥയില്‍ കുരിയാര്‍കുട്ടി അനുഭവങ്ങള്‍ അദ്ദേഹം എണ്ണിയെണ്ണി വിവരിക്കുന്നുണ്ട്. ലോക സഞ്ചാരിയായ ആ പക്ഷി നിരീക്ഷകന് കിട്ടാവുന്ന അപൂര്‍വ സ്മാരകങ്ങളിലൊന്നായിരിക്കും ഈ വാകമരം. ലോകത്തൊരിടത്തും ഒരു പക്ഷി ശാസ്ത്രജ്ഞനും ഇതു പോലൊരു ആദരം ലഭിച്ചിരിക്കാനിടയില്ല.