യൂറോപ്പില്‍ നിന്നും ഇന്ത്യയില്‍ എത്തിയിരുന്ന ദേശാടനക്കിളിയായ മഞ്ഞക്കിളി എവിടെ?  കുരുവിയേക്കാള്‍ അല്‍പ്പം വലിപ്പമുള്ള ഇതിന്റെ പേര് Yellow Breasted Bunting എന്നാണ്. നെഞ്ചിലും വയറിലും മഞ്ഞനിറമുള്ള ഇത് കാഴ്ചയില്‍ ആകര്‍ഷകമായ പക്ഷിയാണ്. 

ഈ പക്ഷി വംശനാശം നേരിടുകയാണെന്ന് ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണലും (ബി.എല്‍.ഐ) മുംബൈയിലെ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും (ബി.എന്‍.എച്ച്.എസ്) നടത്തിയ പഠനങ്ങളില്‍ വ്യക്തമാകുന്നു. 

യൂറോപ്പില്‍ നിന്ന് ലക്ഷക്കണക്കിന് മഞ്ഞക്കിളികള്‍ ഇന്ത്യയിലേക്കും ജപ്പാനിലേക്കും ചൈനയിലേക്കും ദേശാടനം നടത്തുന്നു. അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, ബംഗാള്‍ എന്നിവിടങ്ങളിലാണ് ഈ പക്ഷി യൂറോപ്പിലെ അതിശൈത്യത്തില്‍ നിന്നും രക്ഷനേടാന്‍ കുടിയേറുന്നത്. യൂറോപ്യന്‍ ശൈത്യം കഴിയുമ്പോള്‍ ഇവ തിരിച്ചു പറക്കും. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് പക്ഷിയുടെ ഇന്ത്യയിലേക്കുള്ള ദേശാടനം.

ഇറച്ചിക്ക് സ്വാദുള്ളതിനാല്‍ ഈ പക്ഷികളെ ആകാശത്ത് വലവിരിച്ച് നായാട്ടുകാര്‍ പിടികൂടുന്നതായിട്ടാണ് അന്വേഷണത്തില്‍ വ്യക്തമായത്. 2013 മുതല്‍ ഇന്ത്യയിലും ചില വിദേശരാജ്യങ്ങളിലുമായി പതിനായിരക്കണക്കിന് മഞ്ഞക്കിളികളെ കൊന്നൊടുക്കിയിട്ടുള്ളത്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ വേട്ട. അവിടെ മാര്‍ക്കറ്റുകളില്‍ കരിഞ്ചന്തയില്‍പ്പോലും മഞ്ഞക്കിളിയുടെ ഇറച്ചി ലഭ്യമാണ്. ഇന്ത്യയില്‍ യു.പി, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞക്കിളികളെ കൊന്നുതിന്നുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി വേട്ട മൂലം മഞ്ഞക്കിളിയുടെ സംഖ്യകളില്‍ 90 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. അതിനാല്‍ പക്ഷി വംശനാശത്തിന്റെ വക്കിലാണ് എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ദേശാടനപക്ഷികളെ സംരക്ഷിക്കുന്നതിന് ചൈന, ജപ്പാന്‍, കൊറിയ, റഷ്യ എന്നീ രാജ്യങ്ങള്‍ മുന്‍കൈ എടുത്തുള്ള ഉടമ്പടി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

പക്ഷിയെ സംരക്ഷിക്കാനായി ശബ്ദമുയര്‍ത്താന്‍ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും രംഗത്തുണ്ട്. പരേതനായ വിഖ്യാത പക്ഷിഗവേഷകര്‍ ഡോ.സാലിം അലിയാണ് വളരെക്കാലം സൊസൈറ്റിയുടെ തലപ്പത്ത് പ്രവര്‍ത്തിച്ചത്.