അത്യപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന മരനായ്ക്കള്‍ ഇപ്പോള്‍ കാടിറങ്ങി വഴിയിലേക്ക് വരുന്നു. കാത്തിരുന്നപ്പോള്‍ അവരില്‍ ചിലത് ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞു.

കാഴ്ചയില്‍ വെരുകിനെപ്പോലുള്ള മരനായ (Tree dog - Nilgiri marten ) മൂന്നാറില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ പാമ്പാടുംചോല ദേശീയ ഉദ്യാനത്തിലാണ് കൂടുതലും കാണുന്നത്. ഒരുപക്ഷേ, അവയുടെ വാസസ്ഥലങ്ങളില്‍ പ്രമുഖസ്ഥാനം തന്നെ പാമ്പാടുംചോലയ്ക്കുണ്ട്. 

കഴുത്തിന് താഴെ നീണ്ട മഞ്ഞ നിറം വിടര്‍ന്ന വാല്‍ - ഇതാണ് അവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.

 

2


മരനായയെ കണ്ടവരുണ്ടോ? വളരെ കുറച്ചുപേര്‍ക്ക് മാത്രമേ അതിന് ഉത്തരം നല്‍കാന്‍ കഴിയൂ. പാമ്പാടുംചോലയിലെ തോട്ടം തൊഴിലാളിയായ മനോഹരനാണ് ഏറ്റവും കൂടുതലായി ഈ ജീവിയെ കണ്ടിട്ടുള്ളത്. 

2009 ല്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍. എ. നസീറിന് ആദ്യമായി ഇതിന്റെ നല്ലൊരു ചിത്രം കിട്ടി. അതിനുമുമ്പ് മങ്ങിയ ഒരു ചിത്രം ഇരവികുളത്ത് നിന്ന് വന്യജീവി ശാസ്ത്രജ്ഞന്‍ ഡോ.പി.വി.കരുണാകരന് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ കോയമ്പത്തൂരിലെ സാലിം അലി പക്ഷി പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണ് അദ്ദേഹം. 

 

3

 

യുവഫോട്ടോഗ്രാഫറായ സച്ചിന്‍ സാന്‍ ആണ് മരനായ വഴിയിലിറങ്ങി വരുന്ന ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. പറവൂര്‍ സ്വദേശിയായ സച്ചിന് തന്റെ ജീവിതത്തിലെ അത്യപൂര്‍വ നിമിഷങ്ങളില്‍ ഒന്നായതും പാമ്പാടുംചോലയില്‍നിന്ന് ലഭിച്ച ചിത്രങ്ങളാണ്. 

കഴിഞ്ഞ ആഴ്ച പാമ്പാടുംചോലയില്‍ ട്രക്കിങ്ങിനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരനായയെ അല്‍പ്പനേരം കണ്ടു.

ഇപ്പോഴും വന്യജീവി നിരീക്ഷകര്‍ക്ക് പിടികൊടുക്കാതെ മരനായ കഴിയുന്നു. വനംവകുപ്പിലെ ഗാര്‍ഡുമാര്‍ക്ക് മരനായ പലപ്പോഴും 'ദര്‍ശനം' നല്‍കുന്നു. പാമ്പാടുംചോലയില്‍ ഗാര്‍ഡായ സുമേഷ് ഈയിടെ മൂന്ന് മരനായ്ക്കളെ ഒന്നിച്ചു കണ്ടു.

 

4


രാത്രികാലങ്ങളിലാണ് മരനായ പുറത്തിറങ്ങാറ്. എന്നാല്‍ പകലും ഈ ജീവിയെ കണ്ടുതുടങ്ങിയിട്ടുണ്ട്. മരങ്ങളിലാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നത്. അതുകൊണ്ടാണ് പേര് മരനായ എന്നായത്.

പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ജീവിയായ മരനായയെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല.