മാര്‍ച്ച് 21 ലോകവനദിനം

മേനി പൊന്‍മാനെ (Three toed Kingfisher) കണ്ടവരുണ്ടോ? വര്‍ഷങ്ങളോളം കാണാതിരുന്ന ആകര്‍ഷകമായ ഈ പൊന്മാനെ ഈയിടെ തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ പക്ഷിഗവേഷകനായ ഡോ. ആര്‍. സുഗതന്‍ കണ്ടെത്തി. പരേതനായ ഡോ. സാലിം അലിയുടെ ശിഷ്യനായ ഡോ. സുഗതന് പുതിയ കണ്ടെത്തലിന്റെ ആഹ്ലാദം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

 

ഇലക്കിളികളെ ശ്രദ്ധിച്ചിട്ടുണ്ടോ? പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തകനും കടുവകളെ തേടിയുള്ള ദൗത്യം അനശ്വരമാക്കുകയും ചെയ്തിട്ടുള്ള വാല്‍മീക് താപ്പര്‍ ചോദിക്കുന്നു. ഓരോ മണിക്കൂറിലും 180 ഓളം പ്രാണികളെ തിന്നുന്ന ജീവികളാണ് ഇലക്കിളി. ഇങ്ങനെ തിന്നില്ലെങ്കില്‍ പ്രാണികള്‍ വനത്തിലെ വൃക്ഷശാഖകളിലെ ഇലകള്‍ കൂട്ടത്തോടെ നശിപ്പിക്കും. ഇല്ലാത്ത വൃക്ഷങ്ങള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇലകളില്ലാത്ത വൃക്ഷങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്ന കാഴ്ചകളായി മാറും. വനത്തിന്റെ ആവാസ്ഥ വ്യവസ്ഥതന്നെ തകിടം മറിയും. കടുവയും പുള്ളിപ്പുലിയും ഉള്‍പ്പെട്ട വന്യമൃഗങ്ങളെ അത് ബാധിക്കും. കടുവയുടെ ഗാംഭീര്യം ആസ്വദിക്കുമ്പോള്‍ ചുറ്റുമുള്ള ജീവജാലങ്ങളുടെ സൗന്ദര്യം കൂടി നമുക്ക് പ്രചോദനമാകുമെന്ന് വാല്‍മീക് താപ്പര്‍ പറയുന്നു.

 

bird


ഭരത്പൂര്‍ പക്ഷി സങ്കേതത്തില്‍ ഈയിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ മലയാളിയായ ഡി.എഫ്.ഒ. ബിജോ ജോയി ഒരു തണ്ണീര്‍തടത്തിലേക്ക് കൈചൂണ്ടിക്കൊണ്ട് പറഞ്ഞു. ''നോക്കൂ... ഒരു ജലഭൂതത്തെ കാണാം''.

 

അല്പം കഴിഞ്ഞപ്പോള്‍ വനംവകുപ്പിലെ ഗാര്‍ഡായ ഒരു യുവാവ് തണ്ണീര്‍ത്തടത്തിലേക്ക് ചാടി, ചൂണ്ടയില്‍ കുടുങ്ങിയിരുന്ന ഒരടി നീളമുള്ള മത്സ്യത്തെ പിടിച്ചു പുറത്തിട്ടു. കാഴ്ചയില്‍ സ്രാവിന്റെ മുഖം. മുഖത്ത് കൊമ്പുകള്‍ പോലുള്ള ആകൃതി.

 

ബിജോ ജോയ് പറഞ്ഞു. ''ചെറുമത്സ്യങ്ങളെ വെട്ടിത്തിന്നുന്ന ആഫ്രിക്കന്‍ മത്സ്യമാണിത്. ഇവിടെ പെരുകി. വെള്ളം കുടിക്കാന്‍ എത്തുന്ന ചെറുപക്ഷികളെ പതിയിരുന്നു പിടിക്കുന്നു. ഒരു ആഫ്രിക്കന്‍ മത്സ്യത്തിന്റെ വയറ് കീറിയപ്പോള്‍ കണ്ട കാഴ്ച പ്രകൃതിസ്നേഹികളെ അസ്വസ്ഥരാക്കും. ചെറിയ തത്തയുടെ കുഞ്ഞാണ് മത്സ്യത്തിന്റെ വയറില്‍നിന്ന് കിട്ടിയത്.

 

monkey


പ്രകൃതി സംരക്ഷണത്തിന്റെ അവബോധം കുറിക്കുന്ന ചെറിയ സംഭവങ്ങളാണ് ഇവ. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പ്രകൃതിയുടെ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ കഴിയും. പ്രകൃതി സംരക്ഷണത്തെ തൊട്ടുണര്‍ത്തുന്നത് ലക്ഷ്യമാക്കിയിട്ടാണ് അന്തര്‍ദേശീയ വന-വനവത്കരണദിനം ആഘോഷിക്കുന്നത്. പ്രകൃതിസംരക്ഷണത്തിനായി ഒരു പൊതുജന കൂട്ടായ്മയാണ് ലക്ഷ്യം. 

 

കാലാകാലങ്ങളായി പ്രകൃതിക്ക് എന്ത് സംഭവിച്ചു? ഗുരുതരമായ വംശനാശം നേരിടുന്ന ജീവികള്‍ ആരൊക്കെ? അവയെ എങ്ങനെ സംരക്ഷിക്കാം? സര്‍ക്കാരിന്റെ നിയമനിര്‍മാണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ? നിയമങ്ങള്‍ നമ്മുടെ കോടതികള്‍ എങ്ങനെ വ്യാഖ്യാനിച്ച് നീതി നടപ്പിലാക്കുന്നു? തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു. 

 

കഴിഞ്ഞവര്‍ഷം പാരീസിലെ ഈഫില്‍ ഗോപുരത്തിന് മുന്നില്‍ പതിനായിരക്കണക്കിന് സ്‌കൂള്‍ കുട്ടികള്‍ അണിനിരന്നുകൊണ്ട് ചരിത്രത്തില്‍ ആദ്യമായി പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞയെടുത്തു. ജര്‍മനിയിലും ഓസ്ട്രിയയിലും ലണ്ടനിലും വന്‍ജനാവലികള്‍ പ്രകൃതിയെ സ്നേഹിച്ച് ആരവങ്ങള്‍ മുഴക്കി. ആഗോളതാപനമായിരുന്നു മുഖ്യവിഷയം. 

 

animal

 

പരിസ്ഥിതിസംരക്ഷണത്തിന്റെ മൂല്യങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കുകയാണ് ഇന്ന് ലോകമെങ്ങും നടക്കുന്ന കൂട്ടായ്മയുടെ ലക്ഷ്യം. ഈ മഹത്തായ ദിനം ആഘോഷിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കൃഷികാര്യ സംഘടനയാണ് മുന്‍കൈ എടുത്തിരിക്കുന്നത്. 1971 ല്‍ യൂറോപ്യന്‍ അഗ്രിക്കള്‍ച്ചറല്‍ കോണ്‍ഫെഡറേഷനാണ് ഇതിന് തുടക്കം കുറിച്ചത്. ഓരോവര്‍ഷവും ഈ ദിനാഘോഷത്തിന് പ്രാധാന്യം കൂടിവരുന്നു.

 

സംരക്ഷണത്തിന് നിയമമുണ്ടെങ്കിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വനനശീകരണം നടക്കുന്നു. ആനക്കൊമ്പിന് വേണ്ടി കാട്ടാനകളെയും നഖങ്ങള്‍ക്കും തോലിനും വേണ്ടി കടുവകളെയും ഔഷധാവശ്യങ്ങള്‍ക്കായി കരടികളെയും കണ്ടാമൃഗങ്ങളെയും കൊന്നൊടുക്കുന്നു. സിംഗപ്പൂരും ചൈനയും കേന്ദ്രീകരിച്ചാണ് പുലിത്തോല്‍ വില്പന. ഇന്ത്യന്‍ കാടുകളിലെ കടുവകളെത്തന്നെ അതിനായി വേട്ടയാടുന്നു. ആ കുപ്രസിദ്ധ കടുവ വേട്ടക്കാരനെ ഇപ്പോഴും പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. അതെസമയം കണ്ടാമൃഗങ്ങളെ സംരക്ഷിക്കാന്‍ അസമിലെ കാസിരംഗയിലെ വനപാലകര്‍ നടത്തിയിട്ടുള്ള പോരാട്ടം ഐതിഹാസികമായി പ്രകീര്‍ത്തിക്കപ്പെടുന്നു.

എ.കെ.47 തോക്കുകളുമായി വനത്തില്‍ അതിക്രമിച്ച് കയറിയിട്ടുള്ള കൊള്ളക്കാരെയാണ് കാസിരംഗയിലെ വനപാലകര്‍ ധീരമായി നേരിട്ടത്. അത്രയ്ക്ക് ശക്തമായ പോരാട്ടം നടത്താന്‍ ഇന്ത്യയിലെ ഒരൊറ്റ സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല. അതെസമയം മധ്യപ്രദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വന്‍ റാക്കറ്റാണ് കരടികളുടെ കൈയും കരളും തട്ടിയെടുക്കുന്നത്. ചൈനയിലും ജപ്പാനിലും ഔഷധ നിര്‍മാണത്തിന് ഇവ ഉപയോഗിക്കുന്നു. കരടികള്‍ അങ്ങനെ കൊന്നൊടുക്കപ്പെട്ടെങ്കിലും ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല.

 

deer

 

പ്രതിവര്‍ഷം 32 ദശലക്ഷം ഏക്കര്‍ വനഭൂമി ലോകമെങ്ങും നശിക്കുന്നുവെന്നാണ് കണക്ക്. അതോടൊപ്പം ജീവ-സസ്യജാലങ്ങളും നഷ്ടപ്പെടുന്നു. 60,000 വൃക്ഷ ഇനങ്ങള്‍ കാല്‍നൂറ്റാണ്ട് മുമ്പ് ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് അവ നേര്‍പകുതിയായി കുറഞ്ഞു. 

 

വനങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ കൂടുതലുള്ളത് ബ്രസീലിലും ഓസ്‌ത്രേലിയയിലും ചൈനയിലുമാണ്. വനസംരക്ഷണത്തിനായി ജനപങ്കാളിത്തവും കാര്യക്ഷമമായി ഈ രാജ്യങ്ങളില്‍ നടക്കുന്നു. കാട്ടുതീ നിയന്ത്രിക്കാനും തടയാനും ലോകത്തില്‍ ഏറ്റവും ഫലപ്രദമായ സംവിധാനം ഓസ്‌ട്രേലിയയിലാണ് നിലവിലുള്ളത്. ജാഗ്രതയുടെ കാര്യത്തില്‍ അമേരിക്ക ഇപ്പോഴും മുന്‍പന്തിയിലാണ്. കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളുടെ സാമ്പത്തികഭദ്രത വന്യജീവി ടൂറിസത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. 

 

അതിനാല്‍ വനം-പരിസ്ഥിതിസംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ രാജ്യങ്ങള്‍ മുന്‍പന്തിയിലാണ്. ഇന്ത്യയിലാകട്ടെ വലിയൊരു പരിധിവരെ വനസംരക്ഷണത്തിന് മുന്‍കൈ എടുത്തിട്ടുള്ളത് സംസ്ഥാനങ്ങളെ ഹൈക്കോടതികളുമാണ്. കേരള ഹൈക്കോടതിക്കും അതിന്റെ മഹത്തായ സംഭാവനകള്‍ ഉണ്ട്. സ്വകാര്യ വനദേശസാല്‍ക്കരണനിയമം അനുസരിച്ച് സ്വകാര്യ വനങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിനെ സഹായിച്ചത് ജസ്റ്റിസുമാരായ കെ.ടി. തോമസ്, വി. ശിവരാമന്‍ നായര്‍ എന്നിവരുടെ വിധികളാണ്.

 

tiger


ഈയിടെ രണ്‍തരഭോറില്‍വച്ച് ഏതാനും ചില ഹ്രസ്വചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞു. അതിലൊന്ന് കടുവകളെ കുറിച്ചായിരുന്നു. ചിത്രപ്രദര്‍ശനം കഴിഞ്ഞപ്പോള്‍ സദസ്സില്‍നിന്നത് ചിലര്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. ''ഇന്ത്യന്‍ കടുവകളെ രക്ഷിക്കാന്‍ പ്രോജക്ട് ടൈഗര്‍ പദ്ധതി ആസൂത്രണം ചെയ്തത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെയായിരുന്നു''!

 

കൂടെയുണ്ടായിരുന്നവര്‍ അപ്പോള്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ അത് സ്മരിച്ചു.

 

leopard

 

animal

 

peacock

 

tiger

 

animal


 

animal