കോവിഡ് കാലത്തിനിടയില്‍ ഹോങ്കോങ്ങിലെ സ്ഥിതി അറിയാനാണ് കനകലത ചേച്ചിയെ വാട്സ്ആപ്പില്‍ വിളിച്ചത്. സുഖ വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവിടെത്തെ മുന്‍കരുതലും ആശങ്കയും അവര്‍ പങ്കുവെച്ചു. യാത്ര മാഗസിനില്‍ ജോലി ചെയ്യുമ്പോഴാണ് ചേച്ചിയെ പരിചയപ്പെടുന്നത്. അവരുടെ യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകരിക്കുക വഴിയുള്ള സൗഹൃദം. ആ വര്‍ത്തമാനം അന്ന് വാര്‍ത്തയാക്കി. കൊറോണ: ഹോങ്കോങ്ങില്‍ ഒരു മലയാളി വീട്ടമ്മയുടെ ആശങ്ക എന്ന തലക്കെട്ടോടെ അത് പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ ദിവസം ഒരു കോള്‍. ഞാന്‍ സീനിയര്‍ ജേണലിസ്റ്റ് ആണ് പ്രതാപചന്ദ്രന്‍. നിങ്ങള്‍ ഹോങ്കോങ്ങിലുള്ള ഒരു കനകലതയെ കുറിച്ച് വാര്‍ത്ത എഴുതിയിരുന്നില്ലേ. എനിക്ക് ഒരു കനകലതയെ അറിയാം. പതിമൂന്നാം വയസില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നിന്ന് ബെര്‍ലിനില്‍ പോയി, അതേ കുറിച്ചൊരു യാത്രാവിവരണം എഴുതിയിരുന്നു. തിരുവനന്തപുരം ബെര്‍ലിന്‍ ഡയറി എന്ന പേരില്‍. ആ കനകലത തന്നെയാണോ ഈ കനകലത എന്നറിയാന്‍ പറ്റുമോ എന്നറിയാനാണ് വിളിച്ചത്. ഞാന്‍ ഇപ്പോ എന്റെ ഓര്‍മ്മ കുറിപ്പ് എഴുതുന്നുണ്ട്. അതില്‍ അവരെ കുറിച്ച് എഴുതുന്നുണ്ട്. അത് അവസാനിപ്പിക്കാന്‍ അവരുടെ ഇപ്പോഴത്തെ വിവവരം കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ്. അവര്‍ക്ക് എന്നെ ഓര്‍മ്മയുണ്ടാവുമോ എന്നറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

അങ്ങിനെ ഞാന്‍ ചേച്ചിയെ വിളിച്ചു. ആ കനകലത ഞാന്‍ തന്നെയാണ് എന്നു പറഞ്ഞപ്പോള്‍ അത്ഭുതമായി. യാത്രാവിവരണം എഴുതി അയക്കുമ്പോഴും ഇങ്ങിനെയൊരു ഭൂതകാലം അവര്‍ പറഞ്ഞിരുന്നില്ല. അന്ന്  യാത്രാവിവരണം എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് കനകലത. കെ.പി.കേശവമേനോനാണ് അവതാരിക എഴുതിയത്. കെ.പി.എസ് മേനോന്റെ ഇംഗ്ലീഷ് ആമുഖക്കുറിപ്പുമുണ്ടായിരുന്നു. അതൊരു കൗതുകവും അത്ഭുതവുമായിരുന്നു. ഓര്‍മ്മകളില്‍ പഴയകാലം പുനര്‍ജനിക്കുന്നതിന്റെയും സൗഹൃദബന്ധങ്ങളിലേക്ക് അറിയാതെ നിമിത്തമാവുന്ന അക്ഷരങ്ങളുടെ ശക്തിയേയും നമിക്കുന്നു.

VV Kanakalatha 1

 

വി.പ്രതാപചന്ദ്രന്റെ കുറിപ്പ് ഇതോടൊപ്പം

ലോ അക്കാദമി ലോ കോളേജില്‍ പഠിക്കുന്ന കാലത്ത് ഓര്‍മ്മയിലെത്തുന്ന ഒരു മുഖമാണ് വി.വി. കനകലത. 80-കള്‍ക്കു ശേഷം  കനകലതയെകുറിച്ച് യാതൊന്നും ഞാന്‍ കേട്ടിട്ടില്ല. ഈ ഭൂമിയുടെ ഏതോ കോണില്‍ അവര്‍ ഇപ്പോഴും കുടുംബസമേതമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

കോട്ടണ്‍ഹില്‍ സ്‌കൂള്‍ എന്ന പെണ്‍പള്ളിക്കൂടത്തില്‍ നിന്ന് 13-ാമത്തെ വയസ്സില്‍ ബര്‍ളിനില്‍ പോകാന്‍ ഭാഗ്യം ലഭിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളാണ് കനകലത. ബര്‍ളിനില്‍ നിന്ന് മടങ്ങിയെത്തി തിരുവനന്തപുരം ബര്‍ളിന്‍ ഡയറി എന്ന പേരില്‍ കനകലതയെഴുതിയ യാത്രാവിവരണം ഞാന്‍ വായിച്ചിട്ടുണ്ട്. അന്ന് 7.50 രൂപ വിലയുള്ള ഈ പുസ്തകം ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നു. പതിമൂന്നാമത്തെ വയസ്സില്‍ ഹെഡ് മിസ്ട്രസ് പത്മാവതി അമ്മ ടീച്ചറുടെ ആശംസയും മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി.കേശവമേനോന്റെ അവതാരികയുമായി പ്രസിദ്ധീകരിച്ച ബര്‍ളിന്‍ ഡയറി അന്ന് ഒരു ചര്‍ച്ചയായിരുന്നു. ഇംഗ്ലീഷില്‍ കെ.പി.എസ് മേനോന്റെ ആമുഖക്കുറിപ്പുമുണ്ടായിരുന്നു. അക്കാലത്ത് ബാലമനസുകളെ മാത്രമല്ല എന്നെപ്പോലെയുള്ളവര്‍ക്കും ഇഷ്ടപ്പെട്ട ഒരു യാത്രാവിവരണമായിരുന്നു കനകലതയുടേത്.

VV Kanakalatha 2

കനകലത സിപിഐ നേതൃത്വത്തിലുള്ള ബാലവേദിയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു. കനകലതയോടൊപ്പം ബര്‍ളിനില്‍ പോയവരില്‍, എന്നോടൊപ്പം ലോ അക്കാദമിയില്‍പഠിച്ച കല്‍പനയെ മാത്രമാണ് എനിക്ക് നേരിട്ട് അറിയുന്നത്. ബാലവേദിയുടെ ആദ്യത്തെ പ്രസിഡന്റ് എന്ന നിലയില്‍ കനകലതയ്ക്ക് ലഭിച്ച അംഗീകാരം വലുതായിരുന്നു. കനകലത കണ്ട ബര്‍ളിന്‍ ഇന്നില്ല. കനകലത പങ്കെടുത്ത പയനീര്‍ ക്യാമ്പുകള്‍ ഇന്നുണ്ടോ എന്നും എനിക്കറിയില്ല. ഡയറിയില്‍ കനകലത കുറിച്ച വരികളില്‍ ഒന്നിപ്പോഴും എന്റെ മനസ്സില്‍ വരുന്നു  'ഭൂമിയില്‍ നിന്നുകൊണ്ട് രാത്രിയിലാകാശം കാണാന്‍ നല്ലഭംഗിയാണ്. എത്ര തവണയാണ് നക്ഷത്രങ്ങളെയും ചന്ദ്രനെയും കണ്ട് സന്തോഷിച്ചിട്ടുള്ളത്.' 

തിരുവനന്തപുരത്ത് നിന്നും ബസില്‍ എറണാകുളത്ത് എത്തി അവിടെ നിന്ന് തീവണ്ടിയില്‍ ചെന്നൈയിലും അവിടെനിന്ന് ഡല്‍ഹിയിലേക്കും പിന്നെ ജര്‍മ്മനിയിലേക്ക് പോയ കനകലത അന്ന് കണ്ടത് ഫാസിസത്തില്‍ നിന്ന് കിഴക്കന്‍ ജര്‍മ്മനിയെ രക്ഷിച്ച മുഖമാണ്. ഡയറിയില്‍ ഇടക്ക് കനകലതയുടെ വികൃതികളും എഴുതിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ക്യാമ്പില്‍ വന്നവരെപ്പറ്റി ചെറു വിവരണം. ചിലിയന്‍ വിപ്ലവകാരി ഗ്ലാഡിസ് മറീന്‍ ഈ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. അവര്‍  പിന്നീട് ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി. ജനറല്‍ പിനോഷെക്കെതിരെ പോരാടി. അവര്‍ അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുമായി. ഇന്ന് കിഴക്കന്‍ ജര്‍മ്മനി ഇല്ല. ബര്‍ളിന്‍ മതിലും ഇല്ല. കനകലത വീണ്ടും അവിടെ പോകണം. ജര്‍മ്മനിയെ കുറിച്ച് വീണ്ടും എഴുതണം.

VV Kanakalatha 3

P S  :  ഈ കുറിപ്പ് എഴുതിയ ശേഷം ആണ്  വി.വി.കനകലത ഹോങ്കോങ്ങില്‍ വീട്ടമ്മയായി കഴിയുന്ന കാര്യം മാതൃഭൂമിയിലെ ജ്യോതിലാല്‍ (കൊല്ലം) നിന്ന് ഞാന്‍ മനസിലാക്കിയത്. യു. വിക്രമനില്‍ നിന്നാണ് കനകലത വിദേശത്താണ് എന്ന വിവരം ആദ്യം ലഭിച്ചത്.

Content Highlights: VV Kanakalatha, Berlin Diary, Berlin Travel in Thirteen Years Old, G Jyothilal Column