ഊട്ടി എല്ലാവരും എപ്പോഴും ടൂര്‍ പോവുന്ന സ്ഥലമാണ്... അവിടെ എന്തെല്ലാം കാണണം, എവിടെയെല്ലാം പോവണമെന്നതിന് ആര്‍ക്കും ഒരു സംശയവും ഉണ്ടാവാനിടയില്ല. അതുകൊണ്ടാണ് അല്‍പ്പമൊന്നു മാറിച്ചിന്തിക്കാമെന്നു തോന്നിയത്. ഊട്ടിയിലെ ഗ്രാമത്തിലേക്കൊരു ഡ്രൈവും ഗ്രാമത്തില്‍ ഒരു രാത്രികാലവാസവും ആവാമെന്നു കരുതി. 'ഉള്ളത്തി' തിരഞ്ഞെടുക്കാന്‍ കാരണം അവിടെ 'നാസര്‍ കോട്ടേജ്' എന്നൊരു കൊച്ചുവീടുണ്ട് എന്നതാണ്. കാശുള്ളവര്‍ക്ക് ത്രീസ്റ്റാര്‍ സൗകര്യങ്ങളോടെ താമസിക്കാന്‍ 'ഗ്ലിങ്ഗാര്‍ഥ്' റിസോര്‍ട്ടും ഉണ്ട്.
കോഴിക്കോട്ടുനിന്ന് മാവൂര്‍-നിലമ്പൂര്‍ വഴിയായിരുന്നു ഡ്രൈവ്. നല്ല റോഡ്. നിലമ്പൂരില്‍നിന്ന് അങ്ങോട്ട് നാടുകാണിയില്‍ റോഡുപണി നടക്കുന്നതിന്റെ ചില്ലറ തടസ്സങ്ങളും മഴയും കാരണം വിചാരിച്ച സമയത്ത് എത്താന്‍ പറ്റിയില്ല. 'മുതുമല വൈല്‍ഡ് ലൈഫ് സാങ്ച്വറി' രാത്രി അടയ്ക്കുമെന്നതിനാല്‍ അന്ന് ഗൂഡല്ലൂരില്‍ തങ്ങാമെന്നു വിചാരിച്ചു.
പിറ്റേന്ന് രാവിലെ ഗൂഡല്ലൂരില്‍നിന്ന് മുതുമല വഴി 'തെപ്പക്കാട്' എത്തി. അവിടെ ആന സംരക്ഷണ കേന്ദ്രമുണ്ട്. അതൊന്നു കണ്ട് നേരെ 'മസിനഗുഡി' വഴി 'കല്ലട്ടി ചുര'ത്തിലേക്ക്. മസിനഗുഡിയില്‍നിന്ന് രാത്രി പാചകത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും പിന്നെ ഒരുകിലോ ചിക്കനും വാങ്ങി. കല്ലട്ടി ചുരം അല്‍പ്പം അപകടംപിടിച്ച ചുരമാണ്. 36 ഹെയര്‍പ്പിന്‍ വളവുകള്‍. വളവുകളെല്ലാം അടുത്തടുത്താണ്. നല്ല കയറ്റവുമാണ്. അപകടങ്ങള്‍ സ്ഥിരമായതിനാല്‍ വാഹനങ്ങള്‍ ഇറങ്ങിവരാന്‍ അനുവദിക്കാറില്ല. മസിനഗുഡി കഴിഞ്ഞപ്പോള്‍ വഴിയില്‍ രണ്ടാനകളെ കണ്ടു. പിന്നെ മാനും മയിലുമെല്ലാം ഇഷ്ടംപോലെ.
ഗ്ലിങ്ഗാര്‍ഥ് റിസോര്‍ട്ടിന്റെ ബോര്‍ഡ് കാണുമ്പോള്‍ ആ വഴി ഇടത്തോട്ട് തിരിഞ്ഞുവരാന്‍ നാസര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അതാണ് 'ഉള്ളത്തി' ഗ്രാമത്തിലേക്കുള്ള വഴി. ഊട്ടിയില്‍നിന്ന് മറ്റൊരു വഴി കൂടി ഇവിടേക്കുണ്ട്. ഊട്ടിയില്‍നിന്ന് ഉള്ളത്തിക്ക് രാവിലെയും വൈകീട്ടും ബസുമുണ്ട്.
ഇടത്തോട്ട് തിരിഞ്ഞ് അല്‍പ്പദൂരം പോയപ്പോള്‍ ഒരു ഓഫ് റോഡ് ആയി. ചുറ്റും മഴ കാത്തുകഴിയുന്ന കൃഷിയിടങ്ങള്‍. സ്വന്തമായി കുഴല്‍ക്കിണര്‍ ഉള്ളവര്‍ ചെറിയതോതില്‍ കൃഷി തുടങ്ങിയിട്ടുണ്ട്. പച്ചക്കറി കൃഷിയാണ്. തണലും തണുപ്പും ഒരുക്കി പന്തലിച്ചുനില്‍ക്കുന്നൊരു വൃക്ഷവും കടന്നാല്‍ ഇടതുവശത്ത് കോട്ടേജ് ആയി.
സ്വസ്ഥമായി ഇരിക്കാന്‍ പറ്റിയൊരിടം. മുന്നില്‍ ചെറിയൊരു കാടും കാട്ടിനുള്ളിലൂടെ ഒഴുകുന്നൊരു അരുവിയും. മുന്നിലൊരു തേയിലത്തോട്ടവും കൃഷിയിടങ്ങളും ഉണ്ട്. ആനയിറങ്ങി കൃഷി നശിപ്പിച്ചതുകൊണ്ട് ഇപ്പോള്‍ അവിടെ തരിശിട്ടിരിക്കുകയാണ്. കോട്ടേജിന് പുറമെ, രണ്ട് ടെന്റ് ഹൗസും ഇവിടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. കോട്ടേജിലെ അടുക്കള ഉപയോഗിച്ച് പെട്ടെന്നൊരു പാചകം. ഭക്ഷണവും കഴിച്ച് വിശ്രമം.
പിന്നെ വൈകീട്ട് ഗ്രാമത്തിലേക്കൊരു സവാരി. ഗ്രാമം സംസാരിക്കുന്നത് 'ബഡുക' ഭാഷയാണ്. നമ്മളോട് അവര്‍ തമിഴ് സംസാരിക്കും. എല്ലാവരും വളരെ സൗഹാര്‍ദപരമായ ഇടപെടലായിരുന്നു. തട്ടുതട്ടായ കൃഷിഭൂമിയിലൂടെ നടന്ന് ഉള്ളത്തിയുടെ തലസ്ഥാനത്തെത്തി. അവിടെ ഒരു പോേസ്റ്റാഫീസുണ്ട്, സ്‌കൂളുണ്ട്, ലൈബ്രറിയുണ്ട്, ഒരു ചെറിയ കടയുണ്ട്, കമ്യൂണിറ്റി ഹാളുണ്ട്, ബസ് വന്ന് തിരിക്കാനൊരിടമുണ്ട്...
കടയില്‍ പച്ചക്കറി വല്ലതും കാണുമോ എന്നു നോക്കിയപ്പോള്‍ 'സോറി പച്ചക്കറി ഇവിടെയാരും വാങ്ങാറില്ല' എന്ന മറുപടിയായിരുന്നു. എല്ലാവരും വീട്ടിലും കൃഷിയിടങ്ങളിലും പച്ചക്കറി ഉണ്ടാക്കുമ്പോള്‍ എന്തു വില്‍ക്കാന്‍? കൊല്ലക്കുടിയില്‍ സൂചി വില്‍ക്കുംപോലെ ആയിപ്പോവും അത്.
തിരിച്ചുവന്ന് സ്വസ്ഥമായി ഉറങ്ങി. രാത്രിമഴ തകര്‍ത്തുപെയ്യാന്‍ തുടങ്ങി. രജായിക്കുള്ളില്‍ ചുരുണ്ടുറങ്ങാന്‍ നല്ല സുഖം. അതിരാവിലെ ചൂളക്കാക്കയുടെ കച്ചേരി കേട്ടാണ് എഴുന്നേറ്റത്. പിന്നെ, പക്ഷികളുടെ കലപിലസംഗീതം. അങ്ങാടിക്കുരുവി മുതല്‍ ബുള്‍ബുള്‍ മുതല്‍ പേരറിയാപ്പക്ഷികള്‍ ഇഷ്ടംപോലെ... ഒരു ബൈനോക്കുലര്‍ മറന്നതിന്റെ നഷ്ടബോധം.
ചായകുടിച്ചപ്പോള്‍ നാസര്‍ ഒരു ട്രെക്കിങ്ങിന് ക്ഷണിച്ചു. നടന്നുനടന്ന് ഒരു പാറപ്പുറത്ത് കയറി. മഞ്ഞിറങ്ങിവന്ന് താഴ്വരയുടെ ഒരുവശം പാല്‍ക്കടലായിരിക്കുന്നു. മറുവശം താഴെ കാടാണ്. 'മ്ലാവും കാട്ടുപോത്തുമെല്ലാം ധാരാളം ഉണ്ടാവാറുണ്ട്. ഇന്നിനി മഴപെയ്തതുകൊണ്ട് എന്താണ് സ്ഥിതിയെന്നറിയില്ല' -നാസര്‍ പറഞ്ഞു. മലമുകളില്‍ നിന്ന് താഴോട്ട് നോക്കുമ്പോള്‍ ദൂരെ ഇന്നലെ കടന്നുവന്ന കല്ലട്ടി ചുരം കാണാം. എതിര്‍മലയില്‍ കല്ലട്ടി വെള്ളച്ചാട്ടവും.
കാട്ടില്‍ ചില അനക്കങ്ങളൊക്കെ കണ്ടുതുടങ്ങി. ഒരു കാട്ടുപോത്തിന്‍ കൂട്ടമായിരുന്നു. പുല്ലുമേയാന്‍ എത്തിയതാണ്. അപരിചിതരെ കണ്ടതും അവയൊന്നു നോക്കി. മെല്ലെ കാട്ടിനുള്ളിലേക്ക് മറഞ്ഞു. പിന്നെ മറ്റൊരിടത്ത് പൊങ്ങി ദര്‍ശനം തന്നു. മലയിറങ്ങി തേയിലത്തോട്ടത്തിലൂടെ അരുവിക്കരയിലെത്തി. ഇവിടെ കടുവയെ കാണാറുണ്ട്. പഗ് മാര്‍ക്കും കിട്ടിയിട്ടുണ്ട്. ആനപ്പിണ്ടങ്ങളും കണ്ടു. തിരികെ കോട്ടേജില്‍ വീണ്ടും കിളിപ്പേച്ചുകള്‍ കേട്ടങ്ങനെ സമയംപോക്കി.
തൊട്ടടുത്താണ് രാജന്‍ചേട്ടന്റെ യൂക്കാലി വാറ്റുകേന്ദ്രം. യൂക്കാലി ഇലകള്‍ അടുക്കിയുണ്ടാക്കിയ ഒരു കുടില്‍. വാറ്റും അദ്ദേഹത്തിന്റെ വെപ്പും കുടിയും എല്ലാം അതില്‍ത്തന്നെ. കാട്ടില്‍നിന്ന് ശേഖരിച്ചുകൊണ്ടുവരുന്ന യൂക്കാലി ഇലകള്‍ വാറ്റി തൈലം ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് എത്തിക്കും. പാലക്കാട്ടുകാരനായ രാജന്‍ അച്ഛനോടൊപ്പം ഇവിടെയെത്തിയതാണ്. ഇപ്പോള്‍ 37 വര്‍ഷമായി. ഇതുതന്നെ തൊഴില്‍. ഏതു കൊടുംതണുപ്പിലും യൂക്കാലിക്കുടിലില്‍ ചൂടായിരിക്കും. കിളിവാതില്‍ പോലുള്ള ടിന്‍വാതില്‍ നീക്കി അകത്തുകടന്ന് അദ്ദേഹത്തെ കണ്ടു. യൂക്കാലി വാറ്റുന്ന രീതി പറഞ്ഞുതന്നു. അല്‍പ്പം യൂക്കാലി മണക്കാനും തന്നു.
നേരെ ഊട്ടിക്ക് വിട്ടു. കല്ലട്ടി വഴിയല്ലാതെ മറ്റൊരു ചെറിയ ചുരം കയറി ഊട്ടിയിലേക്ക്. അവിടെ മഴ പെയ്ത് ചെളിക്കുളമായിരിക്കുന്നു. 'പുഷ്‌പോത്സവ'ത്തിനുള്ള ഒരുക്കത്തിലാണ് ഈ നീലഗിരി നഗരം. ഇനി മേയ് കഴിയുംവരെ അങ്ങനെയൊക്കെത്തന്നെ. എങ്ങും തിരക്കും ട്രാഫിക് ജാമും. ഈ നഗരത്തിരക്കുകളേക്കാള്‍ സൗഖ്യം ഗ്രാമശാന്തത തന്നെ... വീണ്ടും നാടുകാണി ചുരം വഴി തിരികെ...
കോഴിക്കോട്ടുനിന്ന് ഉള്ളത്തിക്ക് ഡ്രൈവ് ചെയ്യാന്‍ 154 കിലോമീറ്റര്‍. മാവൂര്‍-നിലമ്പൂര്‍-നാടുകാണി വഴി ഗൂഡല്ലൂര്‍. പിന്നെ, മുതുമല-തെപ്പക്കാട് വഴി മസിനഗുഡി. അത്യാവശ്യംവേണ്ട സാധനങ്ങള്‍ ഇവിടെനിന്ന് വാങ്ങുക. നേരെ പോവുമ്പോള്‍ 'ഗ്ലിങ്ഗാര്‍ഥ്' റിസോര്‍ട്ടിലേക്കുള്ള ബോര്‍ഡ് കാണാം. ആ വഴി പോയാല്‍ ഇടതുവശത്തായി കോട്ടേജ് കാണാം.
ബസിലാണ് പോവുന്നതെങ്കില്‍ ഊട്ടിക്ക് പോയി, അവിടെനിന്ന് ഉള്ളത്തി ബസില്‍ കയറിയാല്‍ മതി. രാവിലെയും വൈകീട്ടുമായി രണ്ട് ബസ് സര്‍വീസേ ഉള്ളൂ. അല്ലെങ്കില്‍ ടാക്‌സി വിളിക്കേണ്ടി വരും. ബന്ധപ്പെടാവുന്ന നമ്പര്‍: 78689 20019.
Content Highlights: Ullathi Travel, Masinagudi Travel, Ootty Tourists Spots