രാജസ്ഥാനിലെ തടാകങ്ങളുടെ നാടായ ഉദയ്പുരിലേക്ക് കാഴ്ചകള്‍ കാണാന്‍ ക്ഷണിച്ചത് ക്ലബ്ബ് മഹീന്ദ്ര ഹോളിഡേയ്സ് ആയിരുന്നു. അവരുടെ റിസോര്‍ട്ടുകളും സേവനപ്രവര്‍ത്തനങ്ങളും കാണിക്കുക എന്ന ലക്ഷ്യത്തിനപ്പുറം സ്ഥലങ്ങള്‍ കാണുക എന്നതായിരുന്നു ഉദ്ദേശം. ഉദയ്പുരില്‍ വിമാനമിറങ്ങുമ്പോള്‍ ഉച്ചയായിരുന്നു. ആതിഥേയരുടെ ഉദയ്പുര്‍ ഹോട്ടലിലായിരുന്നു ഭക്ഷണം. രാജസ്ഥാനിലെ തലപ്പാവ് ചാര്‍ത്തി കുങ്കുമവും തൊടുവിച്ചായിരുന്നു സ്വീകരണം. സ്വാഗതപാനീയവും കുളിര് ഒളിപ്പിച്ചുവെച്ച ടവ്വലും രാജസ്ഥാന്റെ കൊടുംചൂടില്‍ ഹൃദ്യമായി.

Ranakpur
ഓരോ തൂണിലും ഓരോ കവിത

നേരേ കുംഭാല്‍ഗഢിലേക്ക്. ഗോതമ്പുപാടങ്ങളും വരണ്ട ചെറുപട്ടണങ്ങളും കടന്ന് അവിടെയെത്തുമ്പോഴേക്കും സൂര്യനസ്തമിച്ചിരുന്നു. കാറില്‍നിന്നിറങ്ങുമ്പോള്‍ സ്വീകരിക്കാനെത്തിയ റിസോര്‍ട്ട് മാനേജര്‍ പര്‍വീണ്‍ ചോദിച്ചത് എങ്ങനെയുണ്ടായിരുന്നു റോളര്‍ സ്‌കേറ്റിങ് എന്നായിരുന്നു. കയറിയിറങ്ങിയും ചാഞ്ഞും ചരിഞ്ഞും വന്ന കാര്‍യാത്രയെ അതിനോടുതന്നെയേ ഉപമിക്കാന്‍പറ്റൂ. അവിടെയും കിട്ടി ആണുങ്ങള്‍ക്ക് തലപ്പാവും പെണ്ണുങ്ങള്‍ക്ക് ഷാളും ഒരു ഓടക്കുഴലും പീലിയും. അതിഥിദേവോ ഭവ എന്നാണല്ലോ. തത്കാലം ഞങ്ങളിപ്പോള്‍ ദോ ദിന്‍ കാ ദേവതകളാണ്. ഞാനൊഴികെ ബാക്കിയെല്ലാവരും മുംബൈയില്‍നിന്നുള്ള പത്രപ്രവര്‍ത്തകരും ഫ്രീലാന്‍സ് എഴുത്തുകാരുമായിരുന്നു. 

പിറ്റേദിവസമായിരുന്നു റണക്പുരിലെ ജൈനക്ഷേത്രത്തിലേക്കുള്ള യാത്ര. കുംഭാല്‍ഖഢ് വന്യജീവിസങ്കേതത്തിലൂടെയാണ് പോവുന്നത്. ഇലയെല്ലാം പൊഴിഞ്ഞ് പുല്ലുകളെല്ലാം വൈക്കോല്‍പരുവത്തില്‍ ഉണങ്ങിക്കിടക്കുന്ന കാട്. ചുരം കയറി കയറി പോവുന്ന കാര്‍. ഇടയ്ക്ക് കുരങ്ങുകളെ മാത്രമേ വന്യമൃഗങ്ങളായി കണ്ടുള്ളൂ.

Ranakpur 2
കലയും ഭക്തിയും

മുകളിലെത്തുമ്പോള്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത ആദിനാഥക്ഷേത്രം കണ്‍മുന്നില്‍. ഷൂവും ലെതര്‍ ഐറ്റങ്ങളും ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച് ക്ഷേത്രവഴിയിലേക്ക് നടന്നു. കാല്‍ തറയില്‍ വെച്ചാല്‍ ചുട്ടുപൊള്ളും. അതുകൊണ്ടാവും കാര്‍പെറ്റ് വിരിച്ചിട്ടുണ്ട്. പടികള്‍ കയറി മുകളിലെത്തിയാല്‍ സെക്യൂരിറ്റി ചെക്കാണ്. കൂട്ടത്തില്‍ അനിതാ സിങ് ഫ്രോക്കായിരുന്നു ധരിച്ചത്. ആ വേഷത്തില്‍ അകത്തേക്ക് പ്രവേശനമില്ല. പരിഹാരം അവിടെത്തന്നെയുണ്ട്. ബോട്ടം വാടകയ്ക്ക് കിട്ടും. പുതയ്ക്കാന്‍ ഒരു ഷാളും. ഡ്രൈവര്‍ ലാല്‍ സിങ് അത് വാങ്ങിക്കൊണ്ടുവന്നു. എല്ലാവരും അകത്തേക്ക്. 

Ranakpur 3
ഗോപുരം നിറയും കല

മാര്‍ബിളായതുകൊണ്ടാവാം. അകത്ത് നല്ല കുളിര്‍മയുള്ള അന്തരീക്ഷം. മനോഹരമായ കൊത്തുപണികളോടുകൂടിയ തൂണുകളാണ് അകത്ത്. 1444 തൂണുകളാണ് ഈ ക്ഷേത്രത്തിന്. അത് ഓരോന്നും വ്യത്യസ്തമായ കൊത്തുപണികളോടുകൂടിയതാണ്. സേഥ് ദര്‍ണാസാ എന്ന ജൈനവ്യാപാരിയാണ് ക്ഷേത്രം പണിതത്. അദ്ദേഹത്തിന് ഇങ്ങനെയൊരു ക്ഷേത്രം പണിയണമെന്ന ദര്‍ശനം ഉണ്ടായെന്നും അത് മേവാര്‍ രാജാവ് മഹാ റാണാകുംഭയുടെ അടുക്കല്‍ അഭ്യര്‍ഥിച്ചപ്പോള്‍ അദ്ദേഹം വേണ്ട സഹായമെല്ലാം നല്‍കിയെന്നും പറയുന്നു. റണക്പുര്‍ എന്നറിയപ്പെടുന്നത് അതുകൊണ്ടാണ്. 15-ാംനൂറ്റാണ്ടില്‍ പണിത ക്ഷേത്രം ഇന്ന് ഇന്ത്യയിലുള്ള ഏറ്റവും പ്രമുഖമായ അഞ്ച് ജൈനക്ഷേത്രങ്ങളിലൊന്നായാണ് പരിഗണിക്കുന്നത്. ഇന്ത്യയിലെ സപ്താദ്ഭുതങ്ങളിലൊന്നായും പറയാറുണ്ട്.

Ranakpur 4
ശിലയിലൊരു ചിത്രചാരുത

മാര്‍ബിള്‍ശിലകളിലെ കൊത്തുപണികള്‍ അതിശയപ്പെടുത്തുന്നവയാണ്. നൃത്തമുദ്രകളും രതിശില്പങ്ങളും കുംഭഗോപുരങ്ങളും മട്ടുപ്പാവും പശ്ചാത്തലത്തിലെ ആരവല്ലി പര്‍വതനിരകളിലെ കുംഭാല്‍ഗഢ് വന്യജീവിസങ്കേതവും എല്ലാം ചേര്‍ന്ന് പ്രകൃതിയും മനുഷ്യപ്രതിഭയും ചേരുന്ന അപൂര്‍വ മേളനമാണ് കാണാനാവുക. സൂര്യപ്രകാശവും കാറ്റും കാലാവസ്ഥയും ഐക്യപ്പെടുന്നൊരു നിര്‍മിതിയുമാണിത്.

Ranakpur 5
മച്ചിന്റെ മായികഭംഗി

ചൗമുഖ്മന്ദിര്‍ പാര്‍ശ്വനാഥക്ഷേത്രം, അംബാമാതാക്ഷേത്രം, സൂര്യക്ഷേത്രം എന്നിങ്ങനെ നാല് ക്ഷേത്രങ്ങളാണ് 48,000 ചതുരശ്രയടി വരുന്ന ഈ പുണ്യകേന്ദ്രത്തിലുള്ളത്. നാല് വഴികളാണ് ക്ഷേത്രത്തിലേക്ക്. ഈ നാലുവഴികളും ഗര്‍ഭഗൃഹത്തിലേക്ക് നയിക്കുന്നു. നാലുഭാഗത്തുനിന്നും ദര്‍ശനവും നേടാം. അതിലെല്ലാമുപരി ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു ക്ഷേത്രത്തോളംതന്നെ പഴക്കമുണ്ടെന്ന് പറയുന്ന മരം. മരം പിളര്‍ന്നപോലെ സ്വയംഭൂവായൊരു ഗണേശരൂപവും. അവിടെ കൂടെ തൊഴുത് തിരിച്ചിറങ്ങുമ്പോള്‍ പുറത്തെ ചുട്ടുപൊള്ളുന്ന ചൂടിലും മനസ്സിലൊരു കുളിര്‍മ ബാക്കിയുണ്ടായിരുന്നു. കാലങ്ങളോളം നിലനില്‍ക്കുന്ന കലയുടെ മാസ്മരികത.

Ranakpur 6

Ranakpur 7
മരത്തിനുള്ളിലെ ഗണപതി രൂപം

ചുരമിറങ്ങി വരുംവഴി രാജസ്ഥാനിലെ ഒരു ഗ്രാമജീവിതം കാണാനും ഇറങ്ങി. ഗ്രാമത്തിലെ സ്‌കൂളില്‍ അന്ന് അവധിയായിരുന്നെങ്കിലും ഞങ്ങളെ സ്വീകരിക്കാനായി പ്രധാനാധ്യാപകനും സ്‌കൂള്‍ലീഡറും കുറച്ച് കുട്ടികളും ഹാജരായിട്ടുണ്ടായിരുന്നു. നല്ല സ്വീകരണം. സ്‌കൂള്‍ ലീഡര്‍ അവന്റെ പാട്ടും പ്രസംഗവുമൊക്കെ ഞങ്ങളെ കേള്‍പ്പിച്ചു. തൊട്ടടുത്ത ഗ്രാമത്തിലെ കൃഷിയിടങ്ങളും കിണറും കിണറില്‍നിന്ന് കാളകളെക്കൊണ്ട് വെള്ളം പമ്പ്‌ചെയ്യുന്ന രീതിയുമെല്ലാം കണ്ടു. ഈ ഗ്രാമത്തില്‍ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്ലബ്ബ് മഹീന്ദ്ര, സ്‌കൂളിന്റെ പുരോഗതിക്കും പലതും സംഭാവനചെയ്യുന്നുണ്ടെന്ന് മഹീന്ദ്രയുടെ പ്രതിനിധി പ്രസൂണ്‍ ശര്‍മ പറഞ്ഞു.

തിരിച്ച് റിസോര്‍ട്ടില്‍ വന്ന് സ്വിമ്മിങ്പൂളിലൊരു വിശാലമായ കുളി. രാത്രി രാജസ്ഥാന്‍കലാകാരന്മാരുടെ നാടോടിനൃത്ത വിരുന്നും. വീണ്ടും അങ്ങോട്ടൊന്ന് പോവണമെന്ന് തോന്നുന്നു. മഴ പെയ്ത് കാടുകള്‍ പച്ചപ്പണിയുന്നകാലത്ത് ഒന്നുകൂടി പോവണം. കുംഭാല്‍ഖഢ് കോട്ടയില്‍നിന്ന് പതിനാറുകിലോമീറ്റര്‍ കാട്ടുവഴിയില്‍ ട്രെക്കിങ് നടത്തി റണക്പുരിലേക്ക് പോവുന്നൊരു വഴിയുണ്ട്. അതും ഒന്നു പരീക്ഷിക്കണം.

YATHRA TRAVEL INFO 

Ranakpur Temple

The Ranakpur Temple is one of the most famous Jain temples in Rajasthan. It is dedicated to the first Jain Tirthankar (enlightened human) of our time cycle, Adinath (aka Lord Rishabha). It is a very big temple (ceiling around 7m high), contsructed of white marble.  It is also renowned for the beauty of the sculptures.The exterior is also striking. It has approximately 1440 exquisitely carved white marble sculptures. Ranakpur Temple is open to tourists from noon to 5 PM. Mornings are reserved for prayers.

Getting there

By Air: Udaipur(90km).By Rail: Falna station(30km). By Road: A local bus to Udaipur stops right outside the Ranakpur Temple every hour and costs INR45. The journey back to Udaipur takes around 3 hours.
 

Stay: Club Mahindra Resort, www.clubmahindra.com
 ✆ 18602101111
 

Sights Around: Khumbalgarh Fort  Kumbhalgarh Wildlife Sanctuary. Horseback Safari through the Aravalli Mountains.