ബീജാപ്പൂര്‍ എന്ന വിജയപുരയിലേയ്ക്ക് പോവാനുള്ള വഴികള്‍ ആലോചിച്ചപ്പോള്‍ പലതും തെളിഞ്ഞു. കൊങ്കണ്‍ വഴി പോയി ഗോവയില്‍ ഇറങ്ങി ബസിന് പോവാം. മൈസൂരില്‍നിന്ന് ഗോല്‍ഗൂമ്പസ് എക്സ്പ്രസുണ്ട്. അതിന് പോവാം. ഗോല്‍ഗൂമ്പസ് അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രകുടീരമാണ്. എങ്കില്‍ യാത്ര ഗോല്‍ഗൂമ്പസില്‍തന്നെയാവട്ടെ എന്ന് കരുതി. ഒരു സംസ്ഥാനം, പല ലോകം. കര്‍ണാടക ടൂറിസത്തിന്റെ അടയാളവാക്യം. ശരിയാണ് ജൈവവൈവിധ്യംകൊണ്ടും ചരിത്ര സാംസ്‌കാരിക നിര്‍മിതികള്‍കൊണ്ടും പ്രകൃതിഭംഗികൊണ്ടും വൈവിധ്യപൂര്‍ണമായൊരു ലോകമാണ് കര്‍ണാടക. അവിടെ, ഇതുവരെ പോയിട്ടില്ലാത്ത ബീജാപ്പൂരിലേക്കുള്ള യാത്ര കര്‍ണാടകയുടെ വിവിധ ഭൂതലങ്ങള്‍കൂടി കണ്ടുകൊണ്ടാവുന്നതൊരു സുഖമാണല്ലോ. ചുരം കയറി ഗുണ്ടണ്ടല്‍പേട്ടിലേക്കെത്തുമ്പോള്‍ ചെണ്ടുമല്ലിപ്പൂക്കളുമായി കര്‍ണാടകന്‍ സുന്ദരി കാത്തുനില്‍ക്കുന്നു. നിറഞ്ഞ് പൂത്ത് നില്‍ക്കുകയാണ് പൂപ്പാടങ്ങള്‍.

Bijapur new
ബാരാ കമാന്‍

മൈസൂരുവിലെത്തുമ്പോള്‍ ഉച്ചയായി. ടിപ്പുവിന്റെയും വൃന്ദാവനത്തിന്റെയും നാട്. ബസിറങ്ങി പ്രീപെയ്ഡ് ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വിട്ടു. ഇരുപത്തഞ്ചുരൂപയായിരുന്നു ചാര്‍ജെങ്കിലും മുപ്പത് കൊടുത്ത് ഓട്ടോഡ്രൈവറെ ഒന്ന് സന്തോഷിപ്പിച്ചു. ടിക്കറ്റ് മെസേജ് നോക്കാന്‍ ഫോണൊന്ന് തപ്പിയപ്പോഴാണ് ദുഃഖസത്യം. ഫോണ്‍ നഷ്ടമായിരിക്കുന്നു! മിക്കവാറും അത് ഓട്ടോറിക്ഷയിലായിരിക്കും. ഉടനെ മധു ഫോണെടുത്ത് എന്റെ നമ്പറിലേക്ക് വിളിച്ചുനോക്കി. റിങ് ചെയ്യുന്നുണ്ട്. ആരും എടുക്കുന്നില്ല. ഒടുക്കം മൂന്നാംതവണത്തെ റിങ്ങില്‍ ഫോണ്‍ എടുത്തു. അയാള്‍ക്കാണെങ്കില്‍ കന്നഡയേ അറിയൂ. ഞങ്ങള്‍ക്കാണെങ്കില്‍ അതൊട്ടും അറിയില്ല. പക്ഷേ, കാര്യങ്ങള്‍ കക്ഷിക്ക് മനസ്സിലായി. ഞാന്‍ ഉടന്‍ വരാമെന്നു പറഞ്ഞത് ഞങ്ങള്‍ക്കും പിടികിട്ടി.

അങ്ങനെ ഫോണ്‍ കിട്ടി. സന്തോഷസൂചകമായി 200 രൂപയും കൊടുത്തു. പുതിയൊരു ഫോണ്‍ വാങ്ങുന്നതിനപ്പുറം കോണ്‍ടാക്ടും ഫോട്ടോസും ഒന്നും പോയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ആശ്വാസമായി. ബീജാപ്പൂരിലെ സുഹൃത്തിന്റെ കോണ്ടാക്ടും ഹോട്ടല്‍ബുക്കിങ്ങും മെസേജും എല്ലാം ആ ഫോണിലായിരുന്നു. ഒന്നും നഷ്ടപ്പെട്ടില്ല. എന്തായാലും യാത്രയുടെ തുടക്കം ഗംഭീരമായി. നാലുമണിക്കാണ് ഗോല്‍ഗൂമ്പസ് മൈസൂരുവില്‍നിന്ന് പുറപ്പെടുന്നത്. പിറ്റേദിവസം രാവിലെ ഒമ്പതരയാവും അവിടെയെത്താന്‍. ബെംഗളൂരുവിലെത്തുമ്പോഴേക്കും രാത്രി ഏഴുമണിയായിരുന്നു. പിന്നെ നേരത്തേ ഭക്ഷണവും കഴിച്ച് ഉറങ്ങി. പുലര്‍ച്ചെ അഞ്ചുമണിയാവുമ്പോള്‍ വണ്ടി ഹുബ്ലിയിലാണ്. ചായവിളിയുടെ ബഹളം കാരണം ഏത് കുംഭകര്‍ണനും എഴുന്നേറ്റുപോവും. അമ്മാതിരി വിളിയാണ്.

Black Taj Mahal
 
ഒമ്പതര കഴിഞ്ഞു. വണ്ടി വിജയപുര റെയില്‍വേ സ്റ്റേഷന്‍ ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമിലണഞ്ഞു. പുറത്തിറങ്ങി. മുന്നില്‍ കുതിരവണ്ടിപ്പട്ടാളം. എവിടെ ചെന്നാലും ഓട്ടോറിക്ഷ. അല്ലെങ്കില്‍ ഓല, യൂബര്‍. ഇതാണല്ലോ പതിവ്. ഒന്ന് വഴിമാറി നടന്നുനോക്കാം എന്ന് വിചാരിച്ചു. മേക്ക് മൈ ട്രിപ്പ് വഴി ബുക്ക്‌ചെയ്ത ഹോട്ടലിലേക്ക് മൂന്നരകിലോമീറ്ററുണ്ടെന്നാണ് 'ഗൂഗിളങ്കിള്‍' പറയുന്നത്. എന്നാലത്രയും ദൂരം കുതിരവണ്ടിയിലാവുമ്പോ ഒരു ഹരമാണല്ലോ എന്ന് കരുതി. ചുറ്റും ജീവിതചിത്രങ്ങളിങ്ങനെ ക്യാമറയെ മാടിവിളിക്കുകയാണ്. വണ്ടിയിലേറുംമുന്‍പുതന്നെ മധു ക്യാമറയുമായി ഓടി പിടിക്കാന്‍ തുടങ്ങിയിരുന്നു. തെരുവിലെ തിരക്കുകള്‍ വകഞ്ഞുമാറ്റി കുളമ്പടിയൊച്ചയുടെ താളം. അത് പിന്നെ പതിയെയായി. വണ്ടി ഓരം ചേര്‍ന്ന് നിര്‍ത്തി. ഇത്ര പെട്ടെന്നെത്തിയോ? ഇതാണ് മെട്രോ ഹോട്ടല്‍. ഗോല്‍ഗുമ്പസിന് എതിര്‍വശം. മേക്ക് മൈ ട്രിപ്പില്‍ ബുക്ക്‌ചെയ്ത ഹോട്ടലുകള്‍ ഇതുവരെ ചതിച്ചിട്ടുണ്ടായിരുന്നില്ല. ഇതുപക്ഷേ, കളിപ്പീരായിപ്പോയി. ബെഡ്ഷീറ്റുകള്‍ കണ്ടപ്പോതന്നെ മനസ്സിടിഞ്ഞു. എന്തുചെയ്യാനാ പണം മുഴുവന്‍ കൊടുത്ത് ബുക്ക്‌ചെയ്തും പോയി. ഒരു രാത്രി എങ്ങനെയെങ്കിലും നില്‍ക്കുകതന്നെ.

പണ്ടൊരു മലേഷ്യന്‍ യാത്രയ്‌ക്കൊപ്പമുണ്ടായിരുന്ന ഡെക്കാന്‍ ഹെറാള്‍ഡിന്റെ ബീജാപ്പൂര്‍ ലേഖകന്‍ രാജു അന്നുമുതലേ അവിടേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ബീജാപ്പൂര്‍യാത്ര തരപ്പെട്ടത്. എന്നാലിപ്പോള്‍ രാജു അവിടെനിന്ന് ഹുബ്ബള്ളിയിലേക്ക് സ്ഥലംമാറി പോയിരിക്കുന്നു. പക്ഷേ, രാജു മറ്റൊരു രാജുവിനെ ഏര്‍പ്പാടാക്കിത്തന്നു. ഈ രാജു ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്. പി.ആര്‍.ഡി.ക്കുവേണ്ടി ഫോട്ടോയെടുക്കുന്നയാളാണ്. ബിജാപുരിലെ എല്ലായിടങ്ങളെക്കുറിച്ചും നല്ല നിശ്ചയമുണ്ട്. ഇംഗ്ലീഷ് വശമില്ല. ഹിന്ദിയും മുറി ഇംഗ്ലീഷുമായി കാര്യങ്ങള്‍ കൈകാര്യം ചെയ്‌തോളും. ഞങ്ങളെത്തുമ്പോഴേക്കും രാജുവും ഹോട്ടലില്‍ ഹാജരായിരുന്നു. കുളിച്ച് ഫ്രെഷായി ഞങ്ങള്‍ ബീജാപ്പൂരിലേക്കിറങ്ങി. തൊട്ടുമുന്നില്‍തന്നെയായിരുന്നു പ്രസിദ്ധമായ ഗോല്‍ഗൂമ്പസ്. തുടക്കം അവിടെ നിന്നുതന്നെയാവട്ടെ.

Gol Gumbaz
ഗോല്‍ഗൂമ്പസ്‌

രാജു കൂടെയുള്ളതുകൊണ്ടുതന്നെ പ്രവേശനമെല്ലാം എളുപ്പമായിരുന്നു. മുന്നില്‍ വിശാലമായ സ്ഥലം. ആദ്യം കാണുന്ന കെട്ടിടം മ്യൂസിയമാണ്. ദൂരെ നിന്ന് നോക്കുമ്പോള്‍ രണ്ടും ഒന്നാണെന്ന് തോന്നുമെങ്കിലും അടുത്തെത്തുമ്പോള്‍ മനസ്സിലാവും രണ്ട് കെട്ടിടങ്ങളാണെന്ന്. മ്യൂസിയം ചുറ്റി അകത്തേക്ക് കടക്കുമ്പോള്‍തന്നെ ഗോല്‍ഗൂമ്പസ് ഒരാശ്ചര്യംപോലെ കണ്ണില്‍ നിറയും. സൂഷ്മമായ കൊത്തുപണികള്‍കൊണ്ട് അലംകൃതമായ കൂറ്റന്‍ വാതായനങ്ങള്‍. അകത്തേക്ക് കടന്നാല്‍ നാല് ശവകുടീരങ്ങളിലായി മുഹമ്മദ് ആദില്‍ഷായും നര്‍ത്തകി രംഭയും ഭാര്യയും നിത്യനിദ്രയില്‍. വലതുവശത്തുകൂടെ കോണിപ്പടികള്‍ കയറി മുകളിലേക്ക്. ഓരോ നിലയില്‍നിന്നും ചുറ്റുപാടും കണ്ടുകണ്ട് സപ്തനിലയുടെ മുകളില്‍. വലുപ്പംകൊണ്ട് ലോകത്തിലെ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന മകുടം തൊടാം. അതിനെ വലംവെച്ച് അകത്ത് കയറാം. വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും എന്‍ജിനീയറിങ്ങാണ് നമ്മളെ അദ്ഭുതപരതന്ത്രരാക്കുന്നത്. താഴെനിന്നുള്ള വെളിച്ചം മകുടത്തിന് കീഴിലുള്ള വര്‍ത്തുള മട്ടുപ്പാവിന്റെ കൈവരികള്‍ കടന്ന് മുകളിലേക്ക് വരുന്നു. കിളിവാതിലുകളില്‍നിന്നുള്ള വെളിച്ചവും കൂടിച്ചേര്‍ന്നതൊരു അലൗകികഭാവത്തിലേക്കത് മിഴിതുറക്കുന്നു.

Gol Gumbaz
ഗോല്‍ഗൂമ്പസിന്റെ മുകളില്‍

'അള്ളാഹു അക്ബര്‍', സഞ്ചാരികളിലാരോ ഉറക്കെ വിളിച്ചു. അത് ഏഴുവട്ടം പ്രതിധ്വനിച്ചു. പിന്നാലെ ഓരോരുത്തര്‍ ഓരോ ശബ്ദം പുറപ്പെടുവിച്ചു. അതൊരു കോലാഹലമായിമാറി. രാജു എന്നെ ഒരിടത്ത് നിര്‍ത്തി. നേരേ എതിര്‍വശത്ത് പോയി തറയില്‍ നാണയം ഇട്ടു. പത്തുമുപ്പത് മീറ്റര്‍ അകലെ വീണ നാണയത്തിന്റെ ശബ്ദം പലമടങ്ങായി കാതില്‍ വീണു. കടലാസ് പെടയ്ക്കണ ശബ്ദം ചെറിയൊരു പടക്കം പൊട്ടുന്നപോലെ തോന്നും. രാജാവിനെ കാണാന്‍വരുന്നവരെ ഇവിടെയിരുത്തി പരീക്ഷിക്കാറുണ്ടായിരുന്നത്രെ പണ്ടുകാലത്ത്. രാജാവ് വരാന്‍ വൈകിയാല്‍ അക്ഷമരായി എന്തൊക്കെ കുശുകുശുക്കുന്നോ അതൊക്കെ രാജകിങ്കരന്മാര്‍ രേഖപ്പെടുത്തിവെക്കും. രാജാവിനോടുള്ള അവരുടെ സ്വകാര്യനിലപാടങ്ങനെ വ്യക്തമാവും. എന്തൊരു രാജതന്ത്രം! മുകളിലെ വര്‍ത്തുള മകുടത്തിന് താഴെ വിസ്താരമായ ഒരു കിണറിലേക്കെന്നപോലെ താഴോട്ട് നോക്കുമ്പോള്‍ അന്ത്യനിദ്രയിലാണ്ട രാജവംശത്തിന്റെ ഓര്‍മകുടീരങ്ങള്‍. ഏത് ബ്രഹ്മാണ്ഡസൗധം കെട്ടിപ്പൊക്കിയാലും അന്തിയുറങ്ങാന്‍ ആറടി മണ്ണ് മതിയെന്ന സത്യം അതോര്‍മിപ്പിക്കുന്നുണ്ട്. എന്നാല്‍ ചരിത്രം സൃഷ്ടിക്കുന്നവരെ കാലങ്ങളോളം ഓര്‍മിപ്പിക്കുന്നത് പലപ്പോഴും ഇത്തരം നിര്‍മിതികളാണെന്നതിലുമുണ്ട് കാര്യം.

Gol Gumbaz 3
ഗോല്‍ഗൂമ്പസിന്റെ ഉള്‍വശം

എന്നാല്‍ ഒരു ഭരണാധികാരിയുടെ നേട്ടം ഇതൊന്നുമല്ല, രാജ്യത്തെ സുവര്‍ണകാലം സൃഷ്ടിക്കുകതന്നെയാണ്. ചരിത്രകുതുകിയും ബീജാപ്പൂരിന്റെ ചരിത്രം ഹൃദിസ്ഥമാക്കിയവനുമായ അന്‍ഫര്‍ എന്ന ഹോട്ടലുടമയെ ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു. അദ്ദേഹം ഒരു വീഡിയോ കാണിച്ചുതന്നു. ഭൂഗര്‍ഭ ജലസേചന സംവിധാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയായിരുന്നു അതില്‍. 'ബീജാപ്പൂര്‍ സുല്‍ത്താന്‍ ഒരു ഭഗീരഥനായിരുന്നു. മറാത്തയില്‍ ഒരുദിവസം നിര്‍ത്താതെ പെയ്ത മഴയെ തന്റെ സാമ്രാജ്യത്തിലേയ്ക്ക് കൊണ്ടുവന്ന് രണ്ടുവര്‍ഷത്തേക്കുള്ള കുടിവെള്ളമാക്കിയ വലിയൊരു ജലസേചനചരിത്രം അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ചപ്പന സൗചാവടി, ബവണ്ണ സൗബാവടി എന്നാണ് ബീജാപ്പൂരിനെ വിശേഷിപ്പിക്കാറ്. 5600 മസ്ജിദുകളും 5200 കിണറുകളും എന്നര്‍ഥം. അതുപോലെ ഇവിടെ വനമുണ്ടായിരുന്നു. ഇന്നത് രണ്ടുശതമാനമായി ചുരുങ്ങി. മഴമേഘങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ കൊതിപ്പിച്ച് ഒന്ന് ചാറി കടന്നുപോകാറേയുള്ളൂ. രണ്ട് കാലാവസ്ഥയാണ് ഇവിടെ. ഒന്ന് ചൂടുകാലം, രണ്ട് അതിനെക്കാള്‍ ചൂട് കൂടിയ കാലം. പഴയ ഭൂഗര്‍ഭ ജലവഴിയില്‍ ഇപ്പോള്‍ മാലിന്യങ്ങള്‍ ഒഴുകാന്‍തുടങ്ങി. വര്‍ത്തമാനകാല ഭരണത്തിന്റെ കെടുകാര്യസ്ഥതകളാണ് ബീജാപ്പൂരിനെ ഇങ്ങനെയാക്കിമാറ്റുന്നത്. ബീജാപ്പൂരിന്റെ ചരിത്രനിര്‍മിതികളുടെ പ്രൗഢിയും ഗാംഭീര്യവും വിനോദസഞ്ചാരത്തില്‍ തിളങ്ങുന്ന അധ്യായമായി മാറേണ്ടതാണ്. പക്ഷേ, വൃത്തിഹീനമായ തെരുവുകളും പരിപാലനമില്ലായ്മയും മിക്കയിടത്തും കാണുന്നുണ്ട്.' അന്‍ഫറിന്റെ വീഡിയോയും വാക്കുകളും നേരില്‍ കാണുന്ന ദൃശ്യങ്ങളുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ ആ സുവര്‍ണകാലം തിരിച്ചുവന്നെങ്കില്‍ എന്നാശിച്ചുപോവും.

Gol gumbaz 4

താഴെയിറങ്ങിയപ്പോ ഗോല്‍ഗൂമ്പസിനടിയില്‍ സുല്‍ത്താന്റെ യഥാര്‍ഥ കല്ലറ കാണണോ എന്ന് രാജു ചോദിച്ചു. അവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. എന്നാല്‍പിന്നെ കാണാന്‍കിട്ടുന്ന അവസരം എങ്ങനാ കളയുന്നത്. മീശക്കാരനായ കാവല്‍ക്കാരന്‍ രമേഷ് ലമാനിയോട് ഞങ്ങള്‍ രാജുവിന്റെ സുഹൃത്തുക്കളാണെന്നും കേരളത്തില്‍നിന്നാണെന്നുമെല്ലാം പറഞ്ഞ് പ്രത്യേക അനുമതി വാങ്ങി വന്നു. കിഴക്കുവശത്തെ ഗേറ്റ് തുറന്ന് ഞങ്ങളെ അകത്തേക്ക് നയിച്ചു. ഈ ഏഴുനിലസൗധത്തെ താങ്ങിനിര്‍ത്തുന്ന കൂറ്റന്‍ കമാനങ്ങളുടെ ഇടയിലൂടെ നടന്നു. പ്രഭാതസൂര്യനും സായാഹ്നസൂര്യനും വെളിച്ചം വിതറുന്ന പ്രകാശവിന്യാസം. പുറമേ വൈദ്യുതവിളക്കുകളും തെളിയിച്ചു. സുല്‍ത്താന്റെയും നര്‍ത്തകി രംഭയുടെയും പത്‌നിയുടെയും ശവകുടീരങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ഥനാനിരതരായി ഒരുനിമിഷം. ചരിത്രപുരുഷന്മാരെ വണങ്ങുമ്പോള്‍ ഒരു കാലഘട്ടമാണ് മനസ്സില്‍ നിറയുന്നത്. ചരിത്രപുസ്തകങ്ങള്‍ക്കപ്പുറത്തെ അജ്ഞാതമായ ഒരു ലോകം. കാലം.

Gol Gumbaz
 
പുറത്തിറങ്ങിയപ്പോഴാണ് രമേഷും ഒരു ഹീറോയാണെന്ന് രാജു പറഞ്ഞത്. ഈ ഗോപുരത്തിന്റെ മുകളില്‍ കയറി അറ്റകുറ്റപ്പണികള്‍ നടത്തുന്നയാളാണ് രമേഷ്. ചുമ്മാ പറയുന്നതല്ല. അതിന്റെ ഫോട്ടോയും അതേപ്പറ്റി വന്ന വാര്‍ത്തയും അദ്ദേഹം കാണിച്ചുതന്നു. ഈ മീശക്കാരന്‍ ഒരു ധൈര്യശാലിതന്നെ. രമേഷിനൊരു സല്യൂട്ട്കൂടി കൊടുത്ത് പുറത്തിറങ്ങി. തെരുവിലെ തിരക്കുകള്‍ക്കിടയിലായിരുന്നു. ബാരാ കമാന്‍ - പന്ത്രണ്ട് കമാനങ്ങള്‍ എന്ന് വാച്യാര്‍ഥം. ഓര്‍മകുടീരംതന്നെയാണതും. അലി ആദില്‍ഷായുടെ സ്മരണകള്‍ ഉറങ്ങുന്ന വാസ്തുവിദ്യാ കുടീരം. 1672-ല്‍ പണിതതാണിത്. തിരശ്ചീനവും ലംബമാനവുമായ കല്ലുകൊണ്ട് പടുത്തുയര്‍ത്തിയ പന്ത്രണ്ട് കമാനങ്ങള്‍. ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍പറ്റാതെ അപൂര്‍ണതയിലെ പൂര്‍ണതയോടെ നിലകൊള്ളുന്നു.

കറുത്ത താജ്മഹല്‍

ഗോല്‍ഗൂമ്പസ് കഴിഞ്ഞാല്‍ ബിജാപുരിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മിതികളിലൊന്നാണിത്. ഇബ്രാഹിം റോസ എന്നും ഇതറിയപ്പെടുന്നു. ദൂരെനിന്ന് നോക്കുമ്പോള്‍ വെണ്ണക്കല്ലിന് പകരം സാധാരണ കല്ലില്‍ പണിത താജ്മഹലിന്റെ രൂപം എന്നൊക്കെ തോന്നാം. അടുത്ത് ചെന്നാല്‍ കല്ലില്‍ കൊത്തിയ ഖുര്‍ആന്‍ വചനങ്ങളും കൊത്തുപണികളുമെല്ലാമായി വിസ്മയശില്പമായി തെളിയും. പടികള്‍ കയറി കവാടം കടന്ന് അകത്ത് കടന്നു. ഒരുവശത്ത് പ്രാര്‍ഥാനാലയം. മറുവശത്ത് ഇബ്രാഹിം ആദില്‍ഷാ രണ്ടാമന്റെ ഖബര്‍സ്ഥാന്‍. നടുവില്‍ പ്രാര്‍ഥിക്കുന്നതിനുമുന്‍പ് ദേഹശുദ്ധിവരുത്താന്‍വേണ്ടി പണിത കുളം. അറബിലിഖിതങ്ങള്‍ കൊത്തിവെച്ച ചുമരുകളും കൊത്തുപണികള്‍കൊണ്ട് അലംകൃതമായ കിളിവാതിലുകളും വാതിലുകളും. വര്‍ത്തുള മിനാരങ്ങളില്‍ കയറിയിരുന്ന് പ്രാവുകള്‍ കാഷ്ഠിച്ചിരിക്കുന്നു. താഴെ പ്രാവിന്‍കാഷ്ഠങ്ങള്‍കൊണ്ടുള്ള വൃത്തങ്ങള്‍. അതൊന്നും ആരും വൃത്തിയാക്കാറില്ലെന്ന് തോന്നുന്നു. കോമ്പൗണ്ടിന്റെ ചുറ്റും കാണുന്നത് കുതിരലായങ്ങളാണ്. രാജപ്രതാപകാലത്തിന്റെ ഓര്‍മക്കുളമ്പടികള്‍.

Black Tajmahal
കറുത്ത താജ്മഹലിന്റെ മുന്‍വശം

പിറ്റേദിവസം കാലത്താണ് അസര്‍മഹലിലേക്ക് പോയത്. പോവുംവഴിയെല്ലാം വൃത്തികേടായിക്കിടക്കുന്നു. പലരും പ്രഭാതകൃത്യങ്ങള്‍ നടത്തുന്നത് ഈ ചരിത്രനിര്‍മിതിയുടെ പരിസരത്താണ്. മുഹമ്മദ് ആദില്‍ഷാ 1646-ല്‍ പണിത കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്ത് കോടതിയായും പ്രവര്‍ത്തിച്ചിരുന്നു. സ്ത്രീകള്‍ക്ക് അകത്തേക്ക് പ്രവേശനമില്ല. വര്‍ഷാവര്‍ഷം നടക്കുന്ന ഉറൂസിന് വന്‍ ജനാവലി എത്താറുണ്ടിവിടെ. 
പ്രധാന കവാടം കടന്ന് അകത്തെത്തി. വര്‍ഷങ്ങള്‍ പഴക്കമുള്ള വേപ്പുമരം. അതില്‍ നിറയെ തത്തകള്‍. പടികള്‍ കയറി പ്രാര്‍ഥനാലയത്തിലേക്ക് പ്രവേശിച്ചു. മരത്തിന്റെ കൂറ്റന്‍ വാതിലുകള്‍ക്കും പഴമയുടെ സൗന്ദര്യം. അകത്തുനിന്ന് ചന്ദനത്തിരിയുടെ ഗന്ധമുയരുന്നു.

Black Taj Mahal 1
ഇബ്രാഹിം റോസ സൈഡ് വ്യൂ

പ്രാര്‍ഥനാലയത്തിന് മുന്നില്‍ വലിയൊരു കുളമാണ്. വെള്ളമില്ല. കുളത്തിന്‍കരയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. അവിടെ ഒറ്റയ്ക്കിരുന്ന് പ്രാര്‍ഥിക്കുന്ന ഒരു സ്ത്രീ. നടക്കാനിറങ്ങിയവര്‍ കൂട്ടംകൂടിയിരുന്ന് സൊറപറയുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ ഒറ്റത്തടിത്തൂണുകള്‍ പൊളിച്ചുമാറ്റിയവ കൂട്ടിയിട്ടിരിക്കുന്നു. ഫോസിലുകള്‍പോലെയായിട്ടുണ്ട് പലതും. പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ പിന്നില്‍ കാണാം. സാധാരണ രാജവംശങ്ങള്‍ പ്രകൃതിദത്തമായി കോട്ടയുടെ സ്വഭാവമുള്ളയിടങ്ങളിലാണ് രാജകൊട്ടാരങ്ങളും ഭരണസൗകര്യത്തിനുള്ള കെട്ടിടങ്ങളും പണിയുക.        ബീജാപ്പൂര്‍ പക്ഷേ, സമതലമാണ്. അതുകൊണ്ടുതന്നെ പൂര്‍ണമായും കല്ലുകൊണ്ട് പണിത കോട്ടയുണ്ടായിരുന്നു. നഗരം ചുറ്റി വിശാലമായ കോട്ട. മുതലയും പാമ്പുമെല്ലാമുള്ള കിടങ്ങുകള്‍, കോട്ടയ്ക്കുള്ളില്‍ വീണ്ടുമൊരു കോട്ട. ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള കൊത്തളങ്ങള്‍, നിരീക്ഷണഗോപുരങ്ങള്‍ അങ്ങനെയങ്ങനെ. ഇന്ന് അവശിഷ്ടങ്ങള്‍ നോക്കി കോട്ടയുടെ ഒരു ചിത്രം നമുക്ക് സങ്കല്പിച്ചെടുക്കാം. കാരണം പലയിടത്തും കോട്ട തകര്‍ന്നുകിടക്കുകയാണ്.

Black Tajmahal 2
ഇബ്രാഹിം റോസ ഉള്‍വശം

അടുത്തത് ജുമാമസ്ജിദായിരുന്നു. ജാമിയാ മസ്ജിദ് എന്നും പറയും. പള്ളിക്കകം വിശാലമാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ പള്ളിയെന്നാണ് ഈ ആരാധനാലയത്തിന്റെ ഖ്യാതി. അകത്ത് കടന്നു. ചുമ്മാ ചുറ്റിനടന്നു. പിന്നെ പള്ളിയുടെ കാര്യക്കാരനെ കണ്ടു. ചരിത്രവും വാസ്തുവിദ്യാ പ്രത്യേകതകളും അദ്ദേഹം വിവരിച്ചുതന്നു. ദിവസം അഞ്ചുനേരം പ്രാര്‍ഥനയുണ്ടിവിടെ. സുവര്‍ണ മെഹ്റാബാണ് കേന്ദ്രം. സുവര്‍ണലിപികളില്‍ കൊത്തിവെച്ച ഖുര്‍ ആന്‍. 34 അടി നീളത്തിലാണ് പ്രധാന മകുടം. തൂണുകള്‍ 84 എണ്ണം. ഓരോന്നിലും വ്യത്യസ്തമായ ഡിസൈനുകള്‍. ഒറ്റക്കല്ലില്‍ തീര്‍ത്ത 33 വെന്റിലേഷനുകള്‍. ഒറ്റക്കല്ലില്‍ തീര്‍ത്ത കല്ലിന്റെ ചങ്ങലയും കൗതുകക്കാഴ്ചയാണ്. മൊത്തത്തില്‍ ഇറ്റാലിയന്‍ മാര്‍ബിളില്‍ തീര്‍ത്ത ചാരുതയാര്‍ന്ന രൂപഘടനയാണ് പള്ളിക്ക്.

Jamia
ജാമിയ മസ്ജിദ്‌

2250 പേര്‍ക്ക് പ്രാര്‍ഥിക്കാനുള്ള സൗകര്യമുണ്ട്. വിശേഷദിവസങ്ങളില്‍ പള്ളിമുറ്റംകൂടി പ്രാര്‍ഥനാലയമാവുമ്പോള്‍ 6000 പേര്‍ക്കിരിക്കാം. 9100 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പള്ളി ഇന്ത്യയിലെ വലുപ്പംകൊണ്ട് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന മുസ്ലിംപള്ളിയാണ്. അലി ആദില്‍ഷാ ഗേറ്റ് കടന്നാണ് അകത്തേക്ക് പ്രവേശിച്ചത്. മറ്റൊരുവശത്തെ ഔറംഗസേബ് ഗേറ്റ് കടന്ന് പുറത്തിറങ്ങി. ഔറംഗസേബ് ബീജാപ്പൂര്‍ കീഴടക്കിയതിന്റെ ഓര്‍മയ്ക്കാണ് ഈ ഗേറ്റ് നിര്‍മിച്ചത്. പുറത്ത് രാവിലെ സ്‌കൂളില്‍ പോവുംമുമ്പേ കളിക്കാനിറങ്ങിയ കുട്ടിസംഘത്തെ കണ്ടു. നമ്മുടെ കുട്ടിയും കോലുമാണ് അവര്‍ കളിക്കുന്നത്. പുല്‍ത്തകിടിയില്‍ ഒരു ഓട്ടോഡ്രൈവര്‍ ഒരാളെക്കൊണ്ട് മസാജ്‌ചെയ്യിപ്പിക്കുന്നു. തിരിച്ചിട്ടും മറിച്ചിട്ടും ചവിട്ടിയും ഉഴിഞ്ഞും തുറന്ന ആകാശത്തിന് കീഴെ ഒരു നാടന്‍ മസാജ്.

Jamia Masjid
 
രാജുവിന്റെ സ്‌കൂട്ടറില്‍ അള്ളിപ്പിടിച്ചിരുന്ന് മൂന്നുപേരുംകൂടി ആനന്ദമഹലിലേക്ക് പോയി - ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍കൂടി അടങ്ങിയ പുരാതന കെട്ടിടമാണ്. ഒരു സുവര്‍ണകാല ഭരണത്തിന്റെ ഓര്‍മകള്‍ക്കൊപ്പം വര്‍ത്തമാനകാലഭരണത്തിന്റെ ദാരിദ്ര്യവും ഇവിടെനിന്ന് വായിച്ചെടുക്കാം. ഒരു പൗരാണികസംസ്‌കാരത്തിന്റെ ഓര്‍മകളെ വെറും നീല ബോഡിലെ ത്രിഭാഷാ മുന്നറിയിപ്പുകളായി മാത്രമേ സംരക്ഷിക്കപ്പെടുന്നുള്ളൂ എന്നത് കഷ്ടം. തൊട്ടടുത്തുതന്നെയാണ് ഗഗന്‍ മഹല്‍. പുല്‍ത്തകിടിയും പൂന്തോട്ടങ്ങളുമായി ഇവിടം കുറച്ചുകൂടി ഭേദമാണ്. പ്രഭാതസവാരിക്കിറങ്ങിയ ധാരാളംപേരെയും അവിടെ കണ്ടു. കൂട്ടത്തില്‍ 90-ലും ശരീരംകൊണ്ട് എല്ലാ കസര്‍ത്തുകളും കാണിച്ച് നവയൗവനത്തെ നാണിപ്പിക്കുന്ന ഒരു വയോധികനെയും കണ്ടു. ക്യാമറ കണ്ടപ്പോള്‍ അയാള്‍ ഒന്നുകൂടി ഊര്‍ജസ്വലനായി. ഗഗന്‍ മഹല്‍ നൃത്തമണ്ഡപമാണ്. പേരുപോലെതന്നെ ആകാശമാണ് മേല്‍ക്കൂര. ചമയമുറികളും വിശ്രമമുറികളും എല്ലാമുള്ള മണ്ഡപത്തിന് മുന്നില്‍ വലിയൊരു കമാനവും കാണാം. രാജ്ഞിമാര്‍ക്ക് സ്വകാര്യതയോടെ നൃത്തവിരുന്നുകള്‍ ആസ്വദിക്കാനുള്ള മറയാണത്. ജല്‍ മഹലാണ് മറ്റൊരു നിര്‍മിതി. തൊട്ടടുത്തായി ഏഴുനിലമാളിക സാത് മന്‍സിലും സ്ഥിതിചെയ്യുന്നു.

Anand Mahal
ആനന്ദ് മഹല്‍

അല്പം ദൂരെയാണ് സംഗീത് മന്‍സില്‍. സംഗീതപരിപാടികള്‍ അരങ്ങേറുന്ന വേദിയായിരിക്കും എന്ന് പേരുകൊണ്ട് ഊഹിച്ചു. ചെന്നുകണ്ടപ്പോ ആദ്യം തോന്നിയത് ഇതൊന്നും ഇത്രയുംകാലമായിട്ടും നമ്മുടെ മണിരത്‌നം കണ്ടില്ലേ എന്നായിരുന്നു. ബേക്കല്‍ കോട്ടയുടെ സൗന്ദര്യമാനങ്ങള്‍ ബോംബെ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിച്ച ആ പ്രതിഭ ഇവിടെയെത്തിയിരുന്നെങ്കില്‍ എന്നാലോചിച്ചുപോയി. കൂറ്റന്‍ ചെങ്കല്‍മതിലുകൊണ്ട് അതിരുതീര്‍ത്ത വിശാലമായ മൈതാനം. നടുവില്‍ സംഗീതവിരുന്നൊരുക്കാന്‍ വേദി. വേദിക്ക് പിന്നില്‍ അതിന് സൗന്ദര്യം ചാര്‍ത്താനും സൗകര്യങ്ങള്‍ക്കുമായി കലാഭംഗി നിറഞ്ഞ കൂറ്റന്‍ നിര്‍മിതികള്‍. അതിനും പിന്നില്‍ വിശാലമായൊരു കുളം. കെട്ടിടങ്ങള്‍ പലതും തകര്‍ന്നിട്ടുണ്ടെങ്കിലും കാലം പാടിയ പാട്ടുകള്‍ ഈ പ്രതാപസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുണ്ട്. ഇപ്പോള്‍ എല്ലാ ഫെബ്രുവരിയിലും ഇവിടെ സംഗീതോത്സവം അരങ്ങേറാറുണ്ട്. അന്ന് ഈ കുളത്തില്‍ ജലധാരകളുയരും. ഈ മഹല്‍ ദീപാലങ്കാരങ്ങള്‍കൊണ്ട് ചേതോഹരമാവും. അതിന്റെയൊരു ചിത്രം രാജു മൊബൈലില്‍ കാണിച്ചുതന്നു.

Sangeeth Manzil
സംഗീത് മഹല്‍

തിരിച്ചെത്തി നഗരചത്വരത്തില്‍ ജീവിതമിങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നതും കണ്ടിരുന്നു, ക്യാമറ കാണുമ്പോള്‍ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും കൗതുകം. ഫോട്ടോ എടുത്തുകൊടുക്കാന്‍ അവര്‍ പോസ്‌ചെയ്തുകൊടുക്കും. കുതിരവണ്ടിക്കാര്‍ കണിഞ്ഞാണ്‍ പിടിച്ച് നിര്‍ത്തിക്കൊടുക്കും. ഇങ്ങനെ ഫോട്ടോഗ്രാഫി ഫ്രന്‍ഡ്ലിയായ ഒരു നാട് വേറെ കാണുമോ എന്തോ. ഒരു ഓട്ടോ പിടിച്ചാണ് ഉപ്പുലിബുര്‍ജില്‍ എത്തിയത്. നഗരത്തിന് നടുവില്‍ ഒരു ചെങ്കല്‍സ്തൂപംപോലെ ഉപ്പുലി. മുകളിലേക്ക് കയറാന്‍ പിരിയന്‍പടവുകളുണ്ട്. മുകളിലെത്തിയാല്‍ നഗരം കാണാം. ചക്രവാളംവരെ പരന്നുകിടക്കുന്ന ദേശം കാണാം. ശത്രുക്കളെ നിരീക്ഷിക്കാനുള്ള രാജഭരണകാലത്തെ തന്ത്രസ്തൂപമാണിത്. രണ്ട് പീരങ്കിയും മുകളിലുണ്ട്. കാസ്റ്റ് അയേണില്‍ തീര്‍ത്ത പീരങ്കിയില്‍നിന്നുതിരുന്ന ഉണ്ടകള്‍ രണ്ടുകിലോമീറ്റര്‍ ദൂരത്തേക്ക് തെറിക്കുമെന്ന് പറയുന്നു. 1584-ല്‍ ഹൈദര്‍ഖാന്‍ നിര്‍മിച്ച സ്തൂപത്തിന് 80 അടിയാണ് ഉയരം. ഹൈദര്‍ ബുര്‍ജ് എന്നും ഇതറിയപ്പെടുന്നു.

Peeranki
ഉപ്പുലി ബുര്‍ജിനു മുകളിലെ പീരങ്കി

ബുര്‍ജിന് സമീപം താഴെ നാടന്‍ പച്ചക്കറിമാര്‍ക്കറ്റുണ്ട്. അവിടെയും കറങ്ങിയശേഷം നേരേ മാലിക് ഇ മൈതാന്‍ കാണാന്‍പോയി. ഷേര്‍ഷാ ബര്‍ജ് എന്നുമറിയപ്പെടുന്ന കെട്ടിടത്തിന് മുകളിലാണ് ഇതിന്റെ സ്ഥാനം. അതിന്റെ മുകളില്‍ പ്രത്യേക പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ചിരിക്കുന്ന പീരങ്കിയാണ് മാലിക് ഇ മൈതാന്‍ എന്നറിയപ്പെടുന്നത്. സ്വര്‍ണമടക്കം പഞ്ചലോഹങ്ങളുടെ പ്രത്യേക കൂട്ടില്‍ (ബെല്‍ മെറ്റല്‍) തീര്‍ത്ത പീരങ്കി ഏത് കത്തുന്ന വെയിലിലും ഒട്ടും ചൂടാവാതെ നിലകൊള്ളുന്നു. വെടിയുണ്ടകളും കരിമരുന്നും സൂക്ഷിക്കാനുള്ള അറയും അതുപോലെ ചൂടില്ലാത്ത രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഫോട്ടോയെടുത്ത് താഴെയിറങ്ങിയപ്പോഴാണ് ഗൈഡ് രമേശിനെ പരിചയപ്പെട്ടത്. ക്യാമറാമാന്‍ വേണുവിന്റെ സോളോ സ്റ്റോറീസ് എന്ന ഗ്രന്ഥത്തില്‍ ഈ ഗൈഡിനെപ്പറ്റി പറയുന്നുണ്ട്. അദ്ദേഹം ഈ പീരങ്കിയുടെ ചരിത്രം അനാവരണംചെയ്തു.

Upuli Burj 1
ഉപ്പുലി ബുര്‍ജ്‌

ലോകത്തിലെതന്നെ മധ്യകാലയുഗത്തിലെ ഏറ്റവും വലിയ പീരങ്കിയാണിത്. നാലുമീറ്റര്‍ നീളവും ഒന്നരമീറ്റര്‍ വ്യാസവുമുള്ള പീരങ്കി വലുപ്പംകൊണ്ട് യുദ്ധമുഖത്തെ മാസ്റ്റര്‍ എന്നറിയപ്പെടുന്നു. 'മാലിക് ഇ മൈതാന്‍' എന്നുപറഞ്ഞാല്‍ അതാണ്. അഹമ്മദ്‌നഗറില്‍നിന്ന് ഒരു യുദ്ധവിജയത്തിന്റെ ട്രോഫിയെന്നോണം കൊണ്ടുവന്നതാണിത്. 10 ആനകളും 400 കാളകളും പതിനായിരക്കണക്കിന് ജനങ്ങളും ചേര്‍ന്ന് 15 ദിവസംകൊണ്ടാണ് അതിവിടെയെത്തിച്ചത്. വാ തുറന്ന സിംഹം, അതിലകപ്പെട്ടൊരാന, പീരങ്കിമുഖം അങ്ങനെയാണ് രൂപകല്പനചെയ്തിരിക്കുന്നത്. മുകളില്‍ അറബിലിഖിതങ്ങളും കൊത്തിവെച്ചിട്ടുണ്ട്. പണ്ടൊരിക്കല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇത് നാടുകടത്താന്‍ നോക്കിയിരുന്നു, പിന്നീടവര്‍ ലേലത്തില്‍ വെച്ചു. 150 രൂപവരെയേ ലേലംപോയുള്ളൂ. അതുകൊണ്ട് സ്ഥിരപ്പെടുത്തിയില്ല. ഭാഗ്യം. ആ ചരിത്ര ഓര്‍മ ഇന്ന് തലപ്പൊക്കത്തോടെ നില്‍ക്കുന്നത് അതുകൊണ്ട് മാത്രം. രമേശ് പറഞ്ഞു.

Upuli Burj 2
ബുര്‍ജിനു മുകളില്‍നിന്നു താഴോട്ടു നോക്കുമ്പോള്‍

രമേശിനോട് യാത്രപറഞ്ഞ് അടുത്ത സ്ഥലത്തേക്ക്. മേത്തര്‍ മഹല്‍ എന്നറിയപ്പെടുന്ന നിര്‍മിതിക്ക് ഒരു കൗതുകമുണ്ട്. രാജാക്കന്മാര്‍ കൊട്ടാരങ്ങള്‍ തീര്‍ത്തപ്പോള്‍ അവര്‍ നല്‍കിയ സ്വര്‍ണനാണയങ്ങള്‍കൊണ്ട് തൂപ്പുകാര്‍ തീര്‍ത്ത നിര്‍മിതിയാണിതെന്ന് പറയുന്നു. അതുകൊണ്ടുതന്നെ തൂപ്പുകാരുടെ കൊട്ടാരമെന്നും ഇതറിയപ്പെടുന്നു. അതല്ല ഒരു ഫക്കീറാണ് ഇത് നിര്‍മിച്ചതെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്.  കൊത്തുപണികളും മട്ടുപ്പാവുകളും മകുടങ്ങളുമെല്ലാമായി ചാരുതയാര്‍ന്ന നിര്‍മിതിയാണിതും. മുകളില്‍ കയറാന്‍ പറ്റുമോ എന്ന് ശങ്കിച്ചുനില്‍ക്കുമ്പോള്‍ തൊട്ടുമുന്നില്‍ ഞങ്ങളുടെ ക്യാമറയും കണ്ട് കൗതുകപൂര്‍വം നില്‍ക്കുകയായിരുന്ന അബ്ദുള്ള അടുത്തേക്ക് വന്നു. മുകളിലേക്ക് കയറാമല്ലോ എന്ന് അവനാണ് പറഞ്ഞത്. മുന്‍വശത്തെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതുകൊണ്ടാണ്. ഞങ്ങള്‍ ശങ്കിച്ചത്. അവന്‍ കൂടെ വന്ന് സൈഡിലൂടെയുള്ള വഴിയിലൂടെ മുകളിലേക്ക് നയിച്ചു. പിരിയന്‍ഗോവണിയേറി മുകളിലെത്തി. അരയന്നങ്ങളും പക്ഷികളും കൊത്തിവെച്ചിട്ടുണ്ടവിടെ.

Azhar Mahal
അസര്‍ മഹല്‍

പള്ളിയിലേക്കും പൂന്തോട്ടത്തിലേക്കുമുള്ള ഒരു പ്രവേശനകവാടമാണ് ഈ മൂന്നുനിലമാളിക. ബീജാപ്പൂരിന്റെ ചെറിയൊരു കാഴ്ച അവിടെനിന്ന് കാണാം. ഈ നഗരം മൊത്തത്തിലൊരു കോട്ടയ്ക്കുള്ളിലായിരുന്നെന്ന് പറഞ്ഞല്ലോ. അതിന്റെ അവശിഷ്ടങ്ങളും ചിലയിടത്ത് ഇനിയും തകരാതെകിടക്കുന്ന മതിലുകളും വാതിലുകളുമെല്ലാം ഇവിടെ നിന്നാല്‍ കാണാം. മുകളില്‍നിന്ന് താഴോട്ട് നോക്കുമ്പോള്‍ കാലം പറഞ്ഞ കഥകളുടെ ഒരു ആകാശവീക്ഷണം. മണ്ണിലേക്കിറങ്ങിവരുമ്പോള്‍ ഇനിയും പൊരുത്തപ്പെടാനാവാത്ത വര്‍ത്തമാനകാലസത്യങ്ങള്‍, ജീവിതയാഥാര്‍ഥ്യങ്ങള്‍... അതേ യാത്രാപുസ്തകത്തിലെ പാഠഭാഗങ്ങള്‍ വിജയപുരയുടെ മണ്ണില്‍ മറിഞ്ഞുവീണുകൊണ്ടേയിരിക്കുന്നു.

YATHRA TRAVEL INFO 

Bijapur

Bijapur or Vijayapura is a city of the Karnataka State in the Bijapur district. Bijapur is located 530 km northwest of Bangalore and about 550 km from Mumbai. 1490 to 1686, Bijapur was ruled by the Adil Shahi dynasty which left the most important monuments of the town.

How to reach: By Rail: Bijapur (BJP) is linked with Bangalore, Hyderabad and other major cities.
By Road: Bijapur is also well connected with other cities by bus.
By Air: Belguam -205 km. 

Get around: Mahatma Gandhi Square (Chowk) is the main place and it is situated in the heart of the city. It is the main market place for the locals and also for the people from towns nearby. Rickshaw services are also reliable. Their drivers knows all the major attractions of the town. Horse cart also available. 

What to see: Golgumbaz. Ibrahim Roza,Jumma Masjid (Jamiya Masjid)., Malik E Maidan, Tasabavadi ,Upali Buruj ,Gagan Mahal, Asar Mahal, Bara Kaman, Anand Mahal, Bijapur Market, 
Sights Around: Badami, a village famous for its Cave temples located 128 km south-west of Bijapur. Pattadakal, Hindu temples which are part of the UNESCO World Heritage Site. Located 60 km south-west of Bijapur. Aihole, another Hindu temple complex near Pattadakal.

Stay: Hotel Madhuvan International-255571-73, Hotel Godavari-271405-07, STD Code-08352, Hotel Maurya Adilshai-250934, Hotel Sanman-251866, Hotel Meghraj-251458, Hotel Samrat-251620, Hotel Sagar Deluxe-259234, Midland Lodge-250299, Hotel Navaratna-222772, Hotel Shashinage-260444.

Content Highlights: Bijapur Travel, City of  Adil Shahi Sultans, Mathrubhumi Yathra