യാത്രകള്‍ വഴിമാറിപ്പോവുകയും, അത് നല്ല ഓര്‍മകള്‍ സമ്മാനിക്കുകയും ചെയ്യുന്ന അനുഭവം പലര്‍ക്കും ഉണ്ടായിക്കാണും. ഇതും അത്തരമൊരു സഞ്ചാരമായിരുന്നു. നാഗാലാന്‍ഡിലെ ഒളിപ്പോരാളികളെ കാണാനായിരുന്നു ഇറങ്ങിത്തിരിച്ചത്. കൊഹിമയിലെ ഞങ്ങളുടെ ആതിഥേയനായ കുട്ടേട്ടന്റെ സുഹൃത്ത് പീറ്റര്‍ റുറ്റ്സയ്ക്ക് ഇത്തരക്കാരുമായി നല്ല ബന്ധമാണ്. പുള്ളിയാണ് കൊണ്ടുപോകാമെന്നേറ്റത്. പീറ്റര്‍ കൊഹിമയില്‍ ഒരു കിരീടംവെക്കാത്ത രാജാവിനെപോലെയാണ്.

Khonoma 1
സ്വാഗതകവാടം

പറഞ്ഞുറപ്പിച്ച പ്രകാരം രാവിലെതന്നെ പീറ്റര്‍ എത്തി. ''ഭക്ഷണവും വെള്ളവും എല്ലാം എടുത്തോളൂ. വഴിക്ക് ചിലപ്പോ അതൊന്നും കിട്ടിയെന്നുവരില്ല.'' പീറ്റര്‍ പറഞ്ഞു. ബ്രെഡും ജാമും ശീതളപാനീയങ്ങളും വാങ്ങാന്‍ കടയിലേക്ക് പോയപ്പോള്‍ എങ്ങും നിറയെ വണ്ടികള്‍. പാര്‍ക്കിങ് ഏരിയ ഫുള്‍. പക്ഷേ, പീറ്ററിന്റെ വണ്ടി കണ്ടതും എല്ലാം വഴിമാറിത്തന്നു. ഭക്ഷണം പാക്ക് ചെയ്തു. യാത്ര തുടങ്ങി.
റോഡ് മോശമായിരുന്നു. പക്ഷേ, സ്‌കോര്‍പിയോ ആയതിനാല്‍ അധികം ആയാസമറിയുന്നില്ലെന്നുമാത്രം. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള റോഡുകളാണിത്. പലയിടത്തും പണി നടന്നുകൊണ്ടിരിക്കുന്നു. 

ഒളിപ്പോരാളികളെ കാണുമ്പോ എന്തായിരിക്കും പറയുക എന്നൊക്കെ ആലോചിച്ചിരിക്കുകയായിരുന്നു. സത്യത്തില്‍ ഒരു സമാന്തരഭരണവും പട്ടാളവുമൊക്കെയാണ് നാഗാ ഒളിപ്പോരാളികള്‍. സര്‍ക്കാരിന് ടാക്സ് കൊടുക്കുന്നതുപോലെ അവര്‍ക്കും കൃത്യമായ കാശ് എത്തിച്ചാലേ ബിസിനസ് കൊണ്ടുപോവാന്‍ പറ്റൂ. കടയില്‍ വന്ന് അവര്‍ക്കുവേണ്ട സാധനങ്ങളൊക്കെ ഓര്‍ഡര്‍ ചെയ്യും. ബില്ലെടുത്ത് കൊടുക്കുമ്പോള്‍ ഒരു റിവോള്‍വറാവും ഉയര്‍ന്നുവരുന്നത്. എന്നിട്ടൊരു ചോദ്യവും ബില്ലുവാങ്ങാന്‍ തോന്നുന്നുണ്ടോ? 'ഠീ കേ, ഠീ കേ' എന്ന് പറഞ്ഞുവിടുകയല്ലാതെ രക്ഷയൊന്നുമില്ല. പിന്നെ പീറ്ററിനെപോലുള്ള പ്രദേശവാസികളെ മുന്നില്‍ നിര്‍ത്തിയാണ് ബിസിനസ് കൊണ്ടുപോവുന്നത്. കുട്ടേട്ടന്‍ പറഞ്ഞത് ഓര്‍മവന്നു. ഒളിപ്പോരാളികളില്‍ ഒരു വലിയ വിഭാഗം ആയുധംവെച്ച് കീഴടങ്ങിയതോടെ ഈ സാഹചര്യങ്ങളൊക്കെ കുറേ മാറി. എങ്കിലും ഒരു ഗ്രൂപ്പ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ട്. കെ ഗ്രൂപ്പ് എന്നാണിവര്‍ അറിയപ്പെടുന്നത്. അവരെ കാണാനാണ് യാത്ര.

Khonoma 2

ഏതാണ്ട് ഒരു പത്തുകിലോമീറ്റര്‍ പോയിക്കാണും. പീറ്ററിനൊരു കോള്‍ വന്നു. ''മീഡിയ പ്രവര്‍ത്തകരെ തത്കാലം കാണാന്‍ താത്പര്യമില്ല. ഇങ്ങോട്ട് വരണ്ട'' എന്നായിരുന്നു നാഗാഭാഷയിലെ ആ കോള്‍. പീറ്റര്‍ വണ്ടി ഒതുക്കി മൗനമായി ആലോചനയിലാണ്ടു. ഇനിയെന്തുചെയ്യും, എങ്ങോട്ട് പോവും. ഒരു കാര്യം ചെയ്യാം. ഇന്ത്യയിലെ പ്രഥമഹരിതഗ്രാമത്തെക്കുറിച്ച് കേട്ടിട്ടില്ലേ നമുക്ക് അങ്ങോട്ട് പോവാം. പിന്നെ സുലേക്കാഗ്രാമത്തിലെ പിക്നിക് സ്പോട്ടും കാണിച്ചുതരാം. ഭാഗ്യമുണ്ടെങ്കില്‍ നാഗാലാന്‍ഡിന്റെ ഔദ്യോഗികമൃഗം മിഥുനെയും  ഔദ്യോഗികപക്ഷിയായ ട്രാപോഗനെയും കാണാം. റോഡ് മോശമാണെങ്കിലും പീറ്റര്‍ വണ്ടി ശരവേഗത്തിലാണ് വിടുന്നത്. കാറ്റ് ശക്തമായിരുന്നു. 'ഖൊണോമോ' വില്ലേജ് നിങ്ങളെ സ്വാഗതം ചെയ്യുന്നു.' നാഗാലാന്‍ഡില്‍ എല്ലാ ഗ്രാമങ്ങള്‍ക്കും ഇങ്ങനെ സ്വാഗതകമാനങ്ങള്‍ കാണാം. കമാനം കടന്ന് വണ്ടി വീണ്ടും മുന്നോട്ട്. റോഡ് പണിക്കുള്ള സാധനസാമഗ്രികളും കയറ്റിപ്പോവുന്ന ലോറി മാത്രമേ കാണാനുള്ളു. വഴിയരികിലെ നെല്‍വയലുകള്‍ പച്ചപ്പണിഞ്ഞ് നില്‍ക്കുന്നു.

Picnic Spot
സുലേഖാ ഗ്രാമത്തിലെ പിക്‌നിക്  സ്‌പോട്ട്‌

കൂറ്റന്‍ മലകളിലെ കാടിന്റെ വന്യഭാവത്തിനും ഒരു പോരാളിയുടെ ശൗര്യം ഉള്ളതുപോലെ. കേരളത്തിലെ കാടുകള്‍ക്കും പശ്ചിമഘട്ടത്തിനും ഈ ഭാവം തോന്നിയിട്ടില്ല. ഒരുപക്ഷേ, സ്വന്തം നാടായതുകൊണ്ടാവാം. അതോ നാഗാലാന്‍ഡിനെക്കുറിച്ച് നിറംപിടിപ്പിച്ച കഥകള്‍ കേട്ടതുകൊണ്ടാണോ എന്തോ, നമ്മളിവിടെ കാണാത്തതരം ഭൂപ്രകൃതിയും കാടും കാണുന്നത് നാഗാലാന്‍ഡിലെ ഈ ഉള്‍നാട്ടിലേക്കുള്ള യാത്രയിലാണ്. ഇടയ്ക്ക് ചില ഹെയര്‍പിന്‍ വളവുകള്‍ കാണാം, നല്ല വീതിയുള്ള റോഡാണ് തയ്യാറാവുന്നത്. നാഗാലാന്‍ഡിന്റെ അതിര്‍ത്തി കടന്ന് മണിപ്പുരിലേക്ക് നീളുന്ന റോഡാണ്. പേരേന്‍ എന്ന സ്ഥലത്തേക്കും ഈ വഴിയാണ്. പോവുംവഴി നാഗാ സ്റ്റുഡന്‍സ് യൂണിയന്‍ സമ്മേളനത്തിന്റെ സ്തൂപം കണ്ടു. അവിടെ വണ്ടി നിര്‍ത്തി ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ സഞ്ചാരികളുടെ മറ്റൊരു സംഘവും അവിടെയെത്തി. കൈയിലുള്ള ചില പഴങ്ങള്‍ അവര്‍ ഞങ്ങളുമായി പങ്കുവെച്ചു. സൗഹൃദത്തിന്റെ മധുരമൂറുന്ന കാട്ടുകനികള്‍. യാത്രക്കാരുമായി ഒരു സ്വകാര്യബസും കടന്നുപോയി.

Naga Students Union
നാഗാ സ്റ്റുഡന്റ്‌സ് യൂണിയന്‍ സമ്മേളനത്തിന്റെ ഓര്‍മസ്തൂപം

കൈയിലുണ്ടായിരുന്ന ഫ്‌ളാസ്‌കില്‍നിന്നും ഒരു ചൂടുചായ കുടിച്ച് തണുപ്പകറ്റുമ്പോള്‍ പീറ്റര്‍ ഖൊണോമോയെപ്പറ്റി പറഞ്ഞുതന്നു. നൂറ് വര്‍ഷങ്ങള്‍ക്കുമുന്‍പ് തോക്കേന്തിയ ബ്രീട്ടീഷ് പട്ടാളത്തെ അമ്പും വില്ലും കൊണ്ട് വിറപ്പിച്ച അങ്കാമി വീരന്‍മാരുടെ നാടാണിത്. 1830 മുതല്‍ 1880 വരെ ബ്രിട്ടീഷ് ഭരണത്തെ അകറ്റിനിര്‍ത്തിയ ഈ പോരാട്ടം ഇന്ത്യയില്‍തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള ആദ്യത്തെ ചെറുത്തുനില്‍പ്പായിരുന്നു. ഇപ്പോള്‍ 600 വീടുകളിലായി 3000-ത്തോളമാണ് ഇവിടത്തെ ജനസംഖ്യ. കാടും തട്ടുതട്ടായ കൃഷിയിടങ്ങളില്‍ ഇരുപതുതരത്തിലുള്ള നെല്ലുകള്‍ വിളയിക്കുന്ന കൃഷിയും പ്രകൃതി സംരക്ഷണവും ദേശീയശ്രദ്ധയാകര്‍ഷിച്ചതാണ്. പട്ടിയും പഴുതാരയുമടക്കം ജീവനുള്ളതിനെയെല്ലാം കൊന്നുതിന്നുന്നത് ജീവിതചര്യയാക്കി ഒരു ജനത വന്യജീവിസംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും മുന്നിട്ടിറങ്ങിയെന്നതാണ് മറ്റൊരു പ്രത്യേകത.

Khonoma 4
ഗ്രാമത്തിന്റെ വിദൂരദൃശ്യം

250-ഓളം സസ്യവര്‍ഗങ്ങള്‍, 70-ഓളം ഔഷധസസ്യങ്ങളുമടക്കം, 84-തരം കാട്ടുപഴങ്ങള്‍. 116-തരം കാട്ടുപച്ചക്കറികള്‍, കൂണുകള്‍, 45-തരം ഓര്‍ക്കിഡുകള്‍, 204-തരം മരങ്ങള്‍, 11-തരം ചൂരലുകള്‍, 25-തരം പാമ്പുകള്‍. ആറുതരം ഉടുമ്പുകള്‍, 11-തരം ഉഭയജീവികള്‍, 72-തരം വന്യജിവികള്‍ എന്നിങ്ങനെയാണ് ജൈവവൈവിധ്യത്തിന്റെ കണക്കെടുപ്പ്. നാഗാലാന്‍ഡിന്റെ സംസ്ഥാനപക്ഷിയായ ട്രാപോഗന്‍ ധാരാളമുണ്ടായിരുന്നിടമാണിത്. പക്ഷേ, 1993-ല്‍ മാത്രം 300 എണ്ണമാണ് കൊല്ലപ്പെട്ടത്. ഈ യാത്രയില്‍ ഒരെണ്ണത്തെപോലും ഞങ്ങള്‍ കണ്ടില്ല. സംസ്ഥാനമൃഗമായ മിഥുന്‍ മൂന്നാലെണ്ണത്തെയാണ് കണ്ടത്. പിന്നീട് ഈ ഗ്രാമം മറ്റൊരു പോരാട്ടത്തിനിറങ്ങി. ആനകളും ലോറികളുമായെത്തി കാടുവെളുപ്പിക്കാനൊരുങ്ങിയ മരലോബികളോട്. ജൈവവൈവിധ്യവും വന്യജീവിസമ്പത്തും സംരക്ഷിക്കാന്‍വേണ്ടിയുള്ള പോരാട്ടം. ഇന്ത്യയിലെ പരിസ്ഥിതി പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നതായിരുന്നു ഈ ഗ്രാമത്തിന്റെ വീറും പോരും.

Khonoma 5
റിസോര്‍ട്ടുകളിലൊന്ന്‌

വന്യജീവികളെ കൊന്നുതിന്നുന്നത് ആ നാടിന്റെ ഭക്ഷണശീലമായിരുന്നതിനാല്‍ അകത്തുള്ളവരോടും പുറത്തുള്ളവരോടുമായിരുന്നു അവരുടെ യുദ്ധം. ഖൊണോമോ വില്ലേജ് കൗണ്‍സില്‍ ഇവിടമൊരു പ്രകൃതിസംരക്ഷണകേന്ദ്രവും ട്രാപോഗന്‍ സംരക്ഷണകേന്ദ്രവും ആയി പ്രഖ്യാപിച്ചു. സങ്കേതത്തിന് 1998-ലാണ് ശിലാസ്ഥാപനം നടത്തിയത്. സാങ്ച്വറിയില്‍ മാത്രമല്ല ഗ്രാമം മുഴുവന്‍ വേട്ട നിരോധിച്ചു. സെപ്റ്റംബര്‍ ഒന്ന് വില്ലേജിന്റെ ജന്‍മദിനമായി ആഘോഷിക്കാറുണ്ട്. പുറംനാട്ടില്‍ ജോലിയ്ക്ക്  പോയവരും അവിടെയെത്തും. പീറ്ററിന്റെ വര്‍ത്തമാനത്തില്‍ ഗ്രാമത്തിന്റെ ചിത്രം തെളിഞ്ഞു വന്നു.
മുന്നോട്ടുപോവുമ്പോള്‍ റോഡ് ആകെ തകര്‍ന്നുകിടക്കുന്നതു കണ്ടു. ചെളിയില്‍ പുതഞ്ഞ ഒരു ലോറി പുറത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഒരു സംഘം. സ്റ്റോപ്പ് കാണിച്ചതുകൊണ്ട് ഞങ്ങള്‍ വണ്ടി ഒതുക്കിയിട്ടു. ലോറി പുറത്തെത്തിച്ചതും ചെളിക്കുളമായി മാറിയ റോഡിലൂടെ പീറ്റര്‍ തന്റെ സ്‌കോര്‍പിയോ മുന്നോട്ടെടുത്തു. ഒന്നൊഴുകി കേറും പോലെ വണ്ടി ചെളിക്കുളം കടന്നു. പിന്നെ സുലേക്കാ ഗ്രാമത്തിലെ താഴ്വരയില്‍ പിക്നിക് സ്പോട്ടില്‍ ചെന്നുകിടന്നു.

Khonoma 6
മിഥുനുകള്‍ മേയുന്ന പുല്‍മേടുകള്‍

മഴയായതിനാല്‍ പിക്നിക് സ്പോട്ടില്‍ ആള് കുറവായിരുന്നു. ഉള്ള നാലുപേര്‍ നെരിപ്പോടിനരികിലിരുന്ന് തീ കായുന്നു. ഞങ്ങളും കൂടെ കൂടി. അരികിലൂടെ ഒഴുകുന്ന അരുവിയില്‍ മീന്‍ പിടിച്ച ഒറ്റാലും മീന്‍കൂടും അവിടെയുണ്ടായിരുന്നു. മുന്‍പേ വന്നവര്‍ പിടിച്ച മീന്‍ ചുട്ടുതിന്നതിന്റെ ലക്ഷണങ്ങളും. നനഞ്ഞ പച്ചപ്പിലൂടെ ഞങ്ങളും അരുവിയിലേക്ക് നടന്നു. അത് കലങ്ങിമറിഞ്ഞൊഴുകുകയാണ്. ''കാലടികളല്ലാതെ ഒന്നും ഇട്ടേച്ച് പോവരുത്. ചിത്രങ്ങളല്ലാതെ മറ്റൊന്നും എടുക്കരുത്. സമയത്തെയല്ലാതെ മറ്റൊന്നിനെയും കൊല്ലരുത്.''- വിനോദസഞ്ചാര ബോര്‍ഡിന്റെ മുന്നറിയിപ്പ് ബോര്‍ഡ് പറയുന്നു. അത് അക്ഷരംപ്രതി അനുസരിച്ചു.

Khonoma 7
ഇടത്താവളങ്ങളിലൊന്ന്‌

തിരിച്ചുവരും വഴി ഖൊണോമോയുടെ കാര്‍ഷികലോകം പീറ്റര്‍ കാണിച്ചുതന്നു. ജും കള്‍ട്ടിവേഷന്‍ എന്ന കാര്‍ഷിക സാങ്കേതികവിദ്യയിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ഗ്രാമമാണ് ഖൊണോമോ. കൃഷിഭൂമിയും വിളകളും മാറ്റിമാറ്റി കൃഷി ചെയ്യുന്ന രീതിയാണിത്. ഒരു പ്രദേശം കൃഷിയോഗ്യമാക്കി കുറേ കാലം കൃഷിചെയ്തശേഷം അവിടം തരിശിട്ട് പ്രകൃതിദത്തമായി പുല്ലും സസ്യജാലങ്ങളും വളരാന്‍ അനുവദിക്കുന്നു. ഇവിടെ പച്ചപിടിക്കുംവരെ പുതിയ ഭൂമിയിലേക്ക് മാറി കൃഷി ചെയ്യുന്നു. വളം പ്രത്യേകിച്ചൊന്നും വേണ്ടതില്ല. മണ്ണിലേക്ക് നൈട്രജന്‍ ആഗിരണം ചെയ്യുന്ന മരങ്ങള്‍ പ്രത്യേക നീളത്തില്‍ വെട്ടിമുറിച്ചതും കാണും. മുറിച്ചെടുത്ത് നിന്നും ശാഖകള്‍ പൊട്ടിക്കിളര്‍ന്ന് പച്ചപ്പണിഞ്ഞ് കിടക്കുകയാണവ. മണ്ണില്‍ വളക്കൂറ് കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കൃഷിയുടെ കാലയളവ് നിശ്ചയിക്കുന്നത്. തട്ടുതട്ടായി മണ്ണൊരുക്കിയാണ് കൃഷി. മലനിരകളില്‍നിന്നുള്ള ഉറവകള്‍ ചാലുകളിലൂടെ എല്ലാ കൃഷിയിടങ്ങളെയും നനയ്ക്കാന്‍ പാകത്തില്‍ ആസൂത്രണം ചെയ്ത ജലസേചനസമ്പ്രദായവും കാണേണ്ടതാണ്. അവസാനത്തെ വയലില്‍വരെ വെള്ളം എത്തിക്കണമെന്ന പരസ്പരധാരണയുടെ ധാര കൂടിയാണത്. വന്‍മരങ്ങള്‍ മാത്രം നിലനിര്‍ത്തി മറ്റുള്ളവയെല്ലാം കത്തിച്ചശേഷം കൃഷിയിറക്കുന്ന രീതിയും നിലവിലുണ്ട്.  ഡ്രൈവിങ്ങിനിടയിലെ പീറ്ററിന്റെ കൃഷിപാഠപുസ്തകത്തിലെ വിലപ്പെട്ട ഏടുകളും മറിഞ്ഞുകൊണ്ടിരുന്നു.

Khonoma 8

രണ്ട് മലകള്‍ക്കിടയിലെ താഴ്വരയില്‍ വണ്ടി നിര്‍ത്തി. തട്ടുതട്ടായുള്ള കൃഷിഭൂമിയിലേക്കിറങ്ങി. ഒരു ഗ്രാമീണവനിത കുന്നു കയറിവരുന്നു. തലയില്‍ കെട്ടിയ കൊട്ടയില്‍ നിറയെ ചോളം. കൈയിലൊരു കക്കിരിയും. ഭാഷ അറിയാത്തതുകൊണ്ട് പുഞ്ചിരിയുടെ ഭാഷയില്‍ സൗഹൃദം കൂടി. കൈയിലെ കക്കിരിയില്‍ കൊതിയോടെ നോക്കിയതുകൊണ്ടാവാം അതവര്‍ സ്‌നേഹത്തോടെ നീട്ടി. കടിക്കുമ്പോള്‍ വെള്ളം തെറിക്കുന്നു. അത്രയ്ക്ക് ഫ്രെഷ്. രാസവളമൊന്നുമിടാതെ മണ്ണിന്റെ ഫലഭൂയിഷ്ഠതയില്‍ വിളഞ്ഞ ഒന്നാംതരം കക്കിരി. പീറ്റര്‍ അവരുടെ ഭാഷയില്‍ സംസാരിച്ചു. ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് കൗതുകം. കുറച്ചുനേരം പീറ്ററുമായി നാഗാഭാഷയില്‍ സംസാരിച്ചശേഷം അവര്‍ മുകളിലേക്കുള്ള പടവുകളിലേക്ക് കയറിത്തുടങ്ങി. തലയിലെ ഭാരം വകവയ്ക്കാതെ അവര്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. പിന്നെ മലയിറങ്ങിവന്ന കോടമഞ്ഞിലേക്കവര്‍ മറഞ്ഞു. ആ കര്‍ഷകതരുണിയോടും താഴ്വരയിലെ തണുത്ത കാറ്റിനോടും ആല്‍മരച്ഛായയോടും കൈവീശി യാത്രപറഞ്ഞ് വണ്ടി കൊഹിമയിലേക്ക്.

Khonoma 9
ഒരു കൈസഹായം, പീറ്ററും കര്‍ഷകയുവതിയും

നേരെ കുട്ടേട്ടന്റെ പാരഡൈസ് ഹോട്ടല്‍. കൊഹിമയില്‍ അല്പം കേരളാരുചിയറിയാന്‍ ഇവിടെ തന്നെയാണ് നല്ലത്. ഞങ്ങള്‍ക്കുവേണ്ടി കുട്ടേട്ടന്‍തന്നെ അടുക്കളയില്‍ കയറി സ്പെഷ്യല്‍ ചിക്കനും മീന്‍കറിയും ഉണ്ടാക്കിത്തന്നു. പട്ടിയെ തിന്നുന്ന നാട്ടില്‍ ചെന്നിട്ട് വാല്‍ക്കഷണം പോലും തിന്നാതെ തിരികെ പോന്നെന്നു പറയാം.

Yathra
യാത്ര വാങ്ങാം

YATHRA TRAVEL INFO 

Khonoma and Dzuleke

Land of brave Angamsi, the Khonoma and Dzuleke is the two little gems of Nagaland. Khonoma gets its name from the plant - Gaultheria Fragrantissima locally known as Khwunoria. 
Best season: September to February
Getting there: By Air: Dimapur (80 km) 
By Rail: Dimapur (80 km) 
By Road: A road network covers the state. The state capital Kohima is linked to Shillong and Guwahati. First proceed to Dimapur and then travel to Kohima. Khonoma is 20 kms from Kohima.
Entry Formalities - Permits: Before embarking on a journey to Nagaland, acquiring the entry permit is a must. Domestic tourists should obtain the Inner Line permit issued by the following authorities : Deputy Resident Commissioner, Nagaland House, New Delhi, Deputy Resident Commissioner, Nagaland House, Kolkota, Assistant Resident Commissioner In Guwahati and Shillong, Deputy Commissioner of Dimapur, Kohima and Mokokchung

Content Highlights: Travel to Angami, Naga village Khonoma, Khonoma Travelogue, Mathrubhumi Yathra