കുളത്തൂപ്പുഴ, കഴുതുരുട്ടിയാര്‍, ശെന്തുരുണിയാര്‍. ഈ മൂന്നു നീരൊഴുക്കുകളും ചേര്‍ന്ന് നദി സമ്പന്നമാകുന്നത് പരപ്പാറില്‍വെച്ചാണ്. അവിടെനിന്നിങ്ങോട്ടാണ് അവള്‍ കല്ലടയാറാവുന്നത്. പണ്ടൊരിക്കല്‍ റോസ്മല കാണാനെത്തിയതിന്റെ ഓര്‍മ. അവിടെനിന്ന് ദര്‍ഭപ്പൊയ്കയിലേക്കാണ് പോയത്. കല്ലടയാറിന്റെ പ്രഭവകേന്ദ്രങ്ങളില്‍ ഒന്നാണതും. പിന്നെ ഉമയാറ് കണ്ടു. നിറഞ്ഞ ഡാമിലൂടെ തെന്മലവരെ നടത്തിയ യാത്ര ഓര്‍മകളില്‍ ഇന്നും കല്ലടയാര്‍ അതേ കുളിരോടെ ഒഴുകുന്നു. ഈ കാനനദേശത്ത് നദി സുന്ദരിയാണ്, നിര്‍മലയാണ്.
ഉമയാറും ശെന്തുരുണിയാറും ഉരുളിയാറും സംഗമിക്കുന്നിടത്തെ ഉപദ്വീപുപോലൊരിടത്തുനിന്നായിരുന്നു യാത്ര തുടങ്ങിയത്. അവിടെനിന്ന് 28 കിലോമീറ്റര്‍ ജലമാര്‍ഗം. സ്പീഡ് ബോട്ടില്‍. കൂറ്റന്‍ കുന്നുകള്‍ക്കിടയില്‍ നീണ്ടുനിവര്‍ന്ന കിടക്കുകയാണ് കെട്ടിനിര്‍ത്തിയ നദി. അതിനകത്ത് എത്രയോ കുന്നുകള്‍ മുങ്ങിക്കിടപ്പുണ്ട്. ദൂരെ കുന്നിന്‍മുകളില്‍ വെള്ളച്ചാട്ടങ്ങള്‍. ആര്‍ക്കും താണ്ടാനാവാത്ത കോട്ടകൊത്തളങ്ങള്‍ക്കുള്ളില്‍ ഒരു നാടിന്റെ ജീവജലം. കാട്ടരുവികള്‍ അതിലേക്ക് വെള്ളം നിറച്ചുകൊണ്ടേയിരിക്കുന്നു. 92-ലെ വെള്ളപ്പൊക്കത്തില്‍ ഡാം കവിഞ്ഞൊഴുകിയിരുന്നു. അന്ന് ഉരുള്‍ പൊട്ടി ഒലിച്ചുവന്ന വാഹനങ്ങളും മരങ്ങളും ഈ ആഴങ്ങളിലെവിടെയൊക്കെയോ കിടപ്പുണ്ട്.
തെന്മല ഡാമെത്താറായി
പണ്ട് ആള്‍പാര്‍പ്പുണ്ടായിരുന്നയിടങ്ങള്‍, റോസ്മലയിലേക്കുള്ള റോഡ്, പഴയ കൊല്ലം-ചെങ്കോട്ടപ്പാത, കൂപ്പുറോഡുകള്‍, കരിമ്പുകൃഷിയിടങ്ങള്‍ എല്ലാം ഈ ജലാശയത്തിനുള്ളില്‍ കിടപ്പുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതിയായ കല്ലട പദ്ധതിക്കുവേണ്ടി പണിത അണക്കെട്ടാണിത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 53,514 ഹെക്ടര്‍ കൃഷിഭൂമിയിലേക്ക് ഒഴുകുന്നു. ഏഷ്യയിലെ ആദ്യ പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര പദ്ധതികളിലൊന്നായ തെന്മല ഇക്കോ ടൂറിസം പദ്ധതിയും ഇവിടെയാണ്.
മീനാട് കുടിവെള്ളപദ്ധതി, കുണ്ടറ കുടിവെള്ളപദ്ധതി തെന്മല, ഉറുകുന്ന്, ഇടമണ്‍, പുനലൂര്‍, കുര്യോട്ടുമല, പൂക്കുന്നിമല തുടങ്ങിയ ഇടങ്ങളിലേക്കുള്ള കുടിവെള്ളപദ്ധതികളുടെയും സ്രോതസും ഈ പുഴയാണ്.
ഡാമിനപ്പുറം ഒറ്റക്കല്‍ വ്യൂ പോയിന്റില്‍നിന്ന് നോക്കിയാല്‍ കല്ലടയാറ് തുടങ്ങുന്നത് കാണാം. പുനലൂര്‍വരെ വലിയ മാലിന്യങ്ങളൊന്നും കലരുന്നില്ല. പാറക്കൂട്ടങ്ങളില്‍ തട്ടി ചിതറിയും ഒഴുകിയും പുനലൂരില്‍ അത് ജനനിബിഡ വാസസ്ഥാനത്തേക്ക് എത്തുന്നു. ആറ് മലിനമാവാന്‍ തുടങ്ങുന്നതും ഇവിടെനിന്നുതന്നെ.
ചരിത്രത്തിന്റെയും എന്‍ജിനീയറിങ്ങിന്റെയും വിസ്മയക്കാഴ്ചയായ പുനലൂര്‍ തൂക്കുപാലം ആറിനുകുറുകെ ആശ്ചര്യചിഹ്നംപോലെ. 1877-ല്‍ ബ്രിട്ടീഷ് സാങ്കേതികവിദ്യയില്‍ പണിത പാലം. നഗരത്തെ ചുറ്റിവരുന്ന വെട്ടിപ്പുഴത്തോട് എല്ലാ മാലിന്യങ്ങളും പേറി നദിയെ മലീമസമാക്കുന്നതും ഇവിടെയാണ്. കീഴെ തീരത്തോടുചേര്‍ന്ന് പ്ലാസ്റ്റിക് കുപ്പികളും പ്‌ളാസ്റ്റിക് കൂടുകളും അടിഞ്ഞിരിക്കുന്നത് കാണാം. കക്കൂസ്മാലിന്യമുള്‍പ്പെടെ ഒഴുക്കുന്നതുകൊണ്ട് കോളിഫോം ബാക്ടീരിയയുടെ ആധിക്യം വെള്ളത്തിലുണ്ട്.
2012-ല്‍ അന്താരാഷ്ട ജേണലായ ജെ.പി.എ.ഇ.യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, കല്ലടയാറ്റിലെ വെള്ളം കുടിക്കാനോ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ യോഗ്യമല്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. പഠനത്തിനായി അഞ്ചുമേഖലകളില്‍നിന്നായി ശേഖരിച്ച സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 100 മില്ലിഗ്രാം വെള്ളത്തില്‍ കോളിഫോമിന്റെ സാന്നിധ്യം 220 മുതല്‍ 24000 വരെ കണ്ടെത്തി. തെന്മല ഭാഗത്ത് 220-ഉം കടപുഴ ഭാഗത്ത് 24000 വുമാണ് കണ്ടെത്തിയത്. പുനലൂരില്‍ ഇത് 2200 ആയിരുന്നു.
ഇ കോളിയുടെ സാന്നിധ്യം
ഇ കോളിയുടെ സാന്നിധ്യം പുഴയില്‍ 11000 വരെ കണ്ടെത്തി. പ്രഭവപ്രദേശമായ തെന്മലയില്‍ ഇ കോളിയുടെ സാന്നിധ്യം നാലായിരുന്നപ്പോള്‍ പുനലൂരില്‍ പതിനേഴും കടപുഴയില്‍ 5000-വും അരിനല്ലൂരില്‍ 11000-വുമായിരുന്നു. വെട്ടിപ്പുഴത്തോട് ഒരുമാസംമുന്‍പ് ശുചീകരിച്ചിരുന്നെങ്കിലും വീണ്ടും പഴയപടി ആയിട്ടുണ്ടിപ്പോള്‍. ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്‍പ്പെടെ മാലിന്യം തോട്ടിലേക്കെത്തുന്നു. വെട്ടിപ്പുഴയ്ക്കും ചെമ്മന്തൂരിനും മധ്യേ സ്വകാര്യഭൂമിയില്‍ കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുകിയെത്തുന്നത് വെട്ടിപ്പുഴത്തോട്ടിലേക്കും പിന്നെ കല്ലടയാറ്റിലേക്കുമാണ്. കല്ലടയാറ്റില്‍ ചേരുന്ന കലയനാട് തോടിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ചെമ്മന്തൂര്‍ തോടിന്റെ കരയില്‍ ദുര്‍ഗന്ധംമൂലം മൂക്കുപൊത്താതെ നില്‍ക്കാനാവില്ല. ഈ തോട്ടില്‍ ബാര്‍ബര്‍ ഷോപ്പില്‍നിന്ന് മുടി തള്ളുന്നുണ്ട്. പുനലൂര്‍ നഗരസഭാ പരിധിയിലൂടെ 12 കിലോമീറ്റര്‍ നീളത്തിലാണ് കല്ലടയാര്‍ ഒഴുകുന്നത്. കല്ലടയാര്‍ സംരക്ഷിക്കുന്നതിനായി 15 വര്‍ഷം മുന്‍പ് നഗരസഭ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. നിലവിലെ കൗണ്‍സിലിന്റെ ആദ്യകാലത്തും കല്ലടയാര്‍ സംരക്ഷണപദ്ധതി പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നും നടപ്പായില്ല.
പത്തനാപുരത്തെത്തുമ്പോഴും പുഴയ്‌ക്കൊപ്പം നഗരം ചുറ്റിവരുന്ന തോടുകളിലേക്കാണ് നോക്കിയത്. ഇറച്ചിമാലിന്യമാണ് ഇവിടത്തെ പ്രശ്‌നം. ശാസ്ത്രീയമായ അറവുശാലകളില്‍നിന്നല്ലാതെ ഇറച്ചിവില്‍പ്പന പാടില്ലെന്നാണ് നിയമം. സമീപപ്രദേശങ്ങളിലെ ഒരു പഞ്ചായത്തിലും അങ്ങനെയൊരു അറവുശാലയില്ല. ഇടത്തറ-കുഴിക്കാട് ഭാഗത്താണ് മൊത്തം അറവുകളും നടക്കുന്നത്. എന്നിട്ട് കൊല്ലം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നു. അറവുമാലിന്യം കല്ലുകടവ് തോട്ടിലേക്ക് തള്ളുകയും ചെയ്യുന്നു. പിണവൂര്‍ മുട്ടത്തുകടവ് പാലത്തില്‍നിന്ന് താഴേക്ക്് തട്ടുന്നതും പതിവാണ്. പുഴ ഏനാത്ത് എത്തി. പഴയപാലം ഓര്‍മകള്‍ അവശേഷിച്ചപോലെ. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച പഴയ പാലം നട്ടുകള്‍ ഉപയോഗിക്കാതെ പ്രത്യേക രീതിയില്‍ ഘടിപ്പിച്ചുണ്ടാക്കിയതായിരുന്നു. അത് അതേപടി സംരക്ഷിച്ചിരുന്നെങ്കില്‍ ഒരു ചരിത്രസ്മാരകമായി നിലനിര്‍ത്താമായിരുന്നു. തൊട്ടുമുകളില്‍ മാലിന്യം പുഴയിലേക്ക് എറിയുന്ന നഗരസംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയും കാണാം.
ആറാട്ടുപുഴ പാലത്തില്‍നിന്നു നോക്കുമ്പോള്‍ താഴെ തടയണ കാണാം. തടയണയ്ക്കിടയിലെ വിടവിലൂടെ ശക്തിയായി കുത്തിയൊലിക്കുന്ന ആറ്. പാലത്തോടുചേര്‍ന്ന് കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകളിലും ചിന്നിച്ചിതറി ഒഴുകുന്നു. കരയില്‍ ഇതുപോലെതന്നെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. കുന്നത്തൂര്‍ പാലമായിരുന്നു അടുത്ത സ്ഥലം. കരിമ്പിന്‍പുഴ കഴിഞ്ഞ് അവിടെ പുഴ കിഴക്കോട്ട് ഒഴുകുകയാണ്. വീണ്ടും തെക്കോട്ട് ഒഴുകും.
മണലൂറ്റ് വ്യാപകം
ഇവിടെ ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതകൊണ്ടാവാം. ഒഴുക്കിന് ശക്തികൂടും. വെള്ളം ഇടുങ്ങിയ കരകളിലൂടെ തള്ളിവരുന്നതുകൊണ്ടും മണലൂറ്റ് ഭീകരമായതുകൊണ്ടും കരയിടിഞ്ഞ് പരിസരവാസികള്‍ക്ക് കരഭൂമി നഷ്ടപ്പെടുന്നു. ഇവിടെ സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അനധികൃത മണലൂറ്റ് തുടരുകയാണിവിടെ. വള്ളം മുക്കിയിട്ട് രാത്രികാലങ്ങളില്‍ വന്ന് പൊക്കിയെടുത്ത് അതിലാണ് മണല്‍ കൊണ്ടുപോകുന്നത്.
കടപുഴ പാലത്തില്‍നിന്ന് പിന്നെയുള്ള യാത്ര പുഴയോടൊപ്പം തന്നെയായിരുന്നു. ഒരു വേഗയാനത്തില്‍ പുഴയില്‍ ഒഴുകിയൊഴുകി. വെള്ളം കാണുമ്പോള്‍ മാലിന്യമൊന്നുമില്ല. ലാബില്‍ പരിശോധനയ്ക്കയച്ചാലേ മുകളില്‍നിന്ന് കലക്കിയ മാലിന്യങ്ങളുടെ തോത് എത്രമാത്രം അടിഞ്ഞിട്ടുണ്ടെന്ന് മനസിലാവൂ. ഉദ്ഭവസ്ഥാനത്തുനിന്ന് ഇവിടെയെത്തുമ്പോഴേക്കും മാലിന്യത്തോത് 100 മില്ലിഗ്രാം വെള്ളത്തില്‍ 220ല്‍ നിന്ന് 24000 ആയാണ് വര്‍ധിക്കുന്നത്.
ഇവിടെ പുഴയോരം മാറിയതിന്റെ സൂചനകള്‍ കാണാം. വിനോദസഞ്ചാരത്തിലേക്കാണ് മാറ്റം. ശിക്കാരകളും ഹൗസ്ബോട്ടുകളും. കല്ലട ജലോത്സവത്തിന്റെ ആരംഭസ്ഥലം, കായല്‍ ചെറിയ തോടുകളായി ഗ്രാമത്തിലേക്ക് പരന്നൊഴുകുന്ന തോടുകളിലേക്ക് നാടന്‍വള്ളങ്ങള്‍ സഞ്ചാരികളെയുംകൊണ്ട് നടക്കുന്ന ഇടങ്ങള്‍. പിന്നെ വള്ളംകളിയുടെ ഫിനിഷിങ് പോയിന്റ്.
മണ്‍റോത്തുരുത്തിലെ ദുരിതം
മുന്നോട്ട് വരുമ്പോള്‍ മണ്‍റോത്തുരുത്തിന്റെ താണുകൊണ്ടിരിക്കുന്ന ഭൂമി കാണാം. ഒഴിഞ്ഞവീടുകള്‍ ധാരാളം. മീന്‍വളര്‍ത്തല്‍, തലപോയ തെങ്ങുകള്‍ കാഴ്ചകള്‍ കായല്‍ ജീവിതത്തിന് വന്ന മാറ്റങ്ങള്‍കൂടി അടയാളപ്പെടുത്തുന്നു. പുഴയെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന കായലിനെ കാണാന്‍ തുടങ്ങി. കൊറ്റില്ലം കണ്ടു. ദേശാടനക്കിളികള്‍ കൂടൊരുക്കിയിട്ടുണ്ട്. മുന്നില്‍ കണ്ടല്‍മതില്‍. അകലെ ഒറ്റയ്‌ക്കൊരു കണ്ടല്‍ ധ്യാനത്തിലെന്നപോലെയും. പുഴ ഇവിടെ രണ്ടായി പിരിഞ്ഞാണ് കായലിനെ പുണരുന്നത്.
കോയിവിളയിലേക്കുള്ള ചേരിയില്‍ കടവില്‍ എത്തി. മീന്‍ലേലം നടക്കുന്ന സ്ഥലമാണത്. സെന്റ് ആന്റണീസ് ലാന്‍ഡിങ് സെന്റര്‍ കാണാം. വലകളും തുഴകളും തോണികളും കരയ്ക്ക് വിശ്രമിക്കുന്നു. പൂപ്പാണിയില്‍ എത്തി. മണ്‍റോത്തുരുത്ത് റെയില്‍വേ സ്റ്റേഷന്‍ അടുത്താണ്. തൊട്ടടുത്ത് ഒഴിഞ്ഞുപോയ വീടുകള്‍ കാണാം. മുകളില്‍ ഡിഷ് ആന്റിന ഉപേക്ഷിക്കപ്പെട്ടവന്റെ വേദനയുടെ അടയാളംപോലെ.
ഇവിടെയാണ് പട്ടംതുരുത്ത് പള്ളി. 1878 ല്‍ പണിത പള്ളി. ഓടിട്ട കെട്ടിടം, പഴയ മരങ്ങള്‍.
എടച്ചാല്‍ പാലം കണ്ടു. ഇവിടെയാണ് പേഴുതുരുത്ത് അമ്പലത്തിലെ ഉത്സവത്തിന് തിടമ്പെഴുന്നള്ളിക്കുന്ന ആനകള്‍ കായല്‍ മുറിച്ചുകടക്കുന്ന കാഴ്ച. വീരഭദ്രസ്വാമിനടയില്‍ ഡി.ടി.പി.സി.യുടെ കരകൗശല മ്യൂസിയവും വില്‍പ്പനശാലയും തയ്യാറാവുന്നു. ചവറ തെക്കുംഭാഗത്ത് കക്ക വാരുന്നവരുടെയും മീന്‍പിടിക്കുന്നവരുടെയും വള്ളങ്ങള്‍. തെങ്ങിന്‍ കുറ്റികള്‍ നാട്ടിയിരിക്കുന്നതു കാണാം. ശക്തികുളങ്ങര-നീണ്ടകര ഹാര്‍ബറിനു നടുവിലൂടെ കടലിലേക്ക് നീണ്ടുകിടക്കുന്ന വഴി. പുഴയോടൊപ്പം കടലിനടുത്തുവരെ പോയി തിരിച്ചുവരുമ്പോള്‍ അടുത്ത തലമുറയ്ക്ക് ഇത് ശുദ്ധമായി കൊടുക്കാന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് നിറയുന്നത്. ഒരു ജലസംസ്‌കൃതിയുടെ വീണ്ടെടുപ്പ്.
Content Highlights: Kallada River, River Travel, Kollam Tourism, World Water Day 2020