നന്തപുരിയില്‍നിന്നായിരുന്നു യാത്രതുടങ്ങിയത് തോവാളയിലേക്ക് പൂതേടി. നമുക്ക് ഓണപ്പൂക്കളും കല്യാണമാലകളും അലങ്കാരപ്പൂക്കളും തരുന്ന തോവാളയിലേക്ക്, ഒരു ഗ്രാമത്തിന്റെ പൂപ്പെരുമയ്ക്ക് വിശ്വാസത്തിന്റെ സൗന്ദര്യമേകി മലമുകളില്‍ വാഴുന്ന മുരുകന്റെ നാട്ടിലേക്ക്...

Thovala 1

സൂര്യനുദിച്ചാല്‍ പൂക്കള്‍ വാടും. അതുകൊണ്ട് അതിരാവിലെത്തന്നെ പുറപ്പെട്ടു. ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല കഴിഞ്ഞ് തമിഴകത്തേക്ക് കടന്നു. പദ്മനാഭപുരം കൊട്ടാരം നില്‍ക്കുന്ന തക്കല പിന്നിട്ട് നാഗര്‍കോവിലിലെത്തി. നാഗര്‍കോവിലില്‍നിന്ന് തിരുനെല്‍വേലിക്ക് പോവുന്ന റോഡിലാണ് തോവാള. ചായക്കടകളില്‍ ചോദിച്ച് വഴിതെറ്റിയില്ലെന്നുറപ്പിച്ചു. വിശ്വാസപുരം, കണ്ണന്‍പുത്തൂര്‍, പണ്ടാരപുരം തുടങ്ങിയ രസകരമായ സ്ഥലപ്പേരുകളാണ് വഴിനീളെ.

തോവാളയെത്തിയപ്പോള്‍ അഞ്ചുമണി. ''എവിടെയാണ് മലര്‍മാര്‍ക്കറ്റ്?'' ചായക്കടയില്‍ത്തന്നെ ചോദിച്ചു. ''ഇതാ ആ കാണുന്നതാണ് മാര്‍ക്കറ്റ്. ഈ വഴി അകത്തോട്ട് ചെന്നാല്‍ മതി''. അവര്‍ ചൂണ്ടിക്കാണിച്ച ചെറിയ വഴിയിലൂടെ അകത്തേക്ക് കടന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ളിലൂടെയുള്ള വഴി. അകത്ത് ഒരു പൂച്ചന്തയുടെ ലക്ഷണമൊന്നും കാണുന്നില്ല. ഒരു മുത്തുമാരിയമ്മന്‍ കോവില്‍ കാണുന്നുണ്ട്. മൈതാനമധ്യത്തില്‍ വിളക്കുമരം തെളിഞ്ഞു നില്‍പ്പുണ്ട്. മേഘം മറച്ച പ്രഭാതസൂര്യന്റെ അരണ്ടവെളിച്ചത്തില്‍ ചുറ്റുമുള്ള മലനിരകള്‍ കോട്ടപോലെ. മലതാണ്ടിയെത്തുന്ന കാറ്റില്‍ ആലിലകള്‍ ആടുന്നു. ആളുകള്‍ വന്നുതുടങ്ങി. അവര്‍ നിലത്ത് വലിയ ടാര്‍പോളിനുകള്‍ വിരിച്ചു. പൂ ചാക്കുകള്‍ കെട്ടഴിഞ്ഞ് വീഴാന്‍ തുടങ്ങി. ഹൊസൂരില്‍നിന്ന് ചാക്കുകണക്കിന് മഞ്ഞ ബന്ദിപ്പൂക്കളും ചുവന്ന റോസുകളും എത്തി. മധുരയില്‍നിന്ന് കൊളുന്തും ഡിണ്ടിഗലില്‍നിന്ന് അരളിയും വന്നു. നിമിഷനേരംകൊണ്ട് ആ മൈതാനത്തിന്റെ ഓരോ മൂലകളില്‍ പൂക്കുന്നുകള്‍ ഉയര്‍ന്നുതുടങ്ങി. ആളുകള്‍ വീണ്ടും വീണ്ടുമെത്തി. നിമിഷാര്‍ധംകൊണ്ട് കണ്‍മുന്നിലൊരു വസന്തകാലം. മൈതാനം മുഴുവനും ബഹുവര്‍ണപ്പൂക്കളം. കാറ്റിന് പൂമണം. കാഴ്ചകളിലേക്ക് ക്യാമറതുറന്നടഞ്ഞു. ആ പൂവാസവും മലര്‍മലരും കാഴ്ചയും മനസ്സുനിറയ്ക്കാന്‍ തുടങ്ങി.

Thovala 2

പൂച്ചന്തയില്‍ പലരോട് പേരുചോദിച്ചപ്പോഴും ഒരുത്തരമായിരുന്നു കിട്ടിയത്: പേര്, മുരുകന്‍. അവരുടെ ജീവിതവുമായി മുരുകന്‍ അത്രയും ബന്ധപ്പെട്ടുകിടക്കുന്നു. വിശാലമായ ഇടത്തില്‍ ഒറ്റപ്പെട്ടുപോയപോലെ നില്‍ക്കുന്ന രണ്ട് മലകളിലൊന്നിലാണ് തോവാള മുരുകന്‍ കുടികൊള്ളുന്നത്.

പടികളേറി മുകളിലെത്തിയാല്‍ ചുറ്റും തോവാള ഗ്രാമം പച്ചയണിഞ്ഞ് കിടക്കുന്നു. കിഴക്ക് ആരുവാമൊഴി ഗ്രാമം. നിറയെ കാറ്റാടികള്‍. മുരുകനെ വണങ്ങി താഴെയിറങ്ങുമ്പോള്‍ മലയിലെ മണ്ഡപത്തില്‍ കയറി. അതിന്റെ ചുറ്റുവേലിയില്‍ ഫാസില്‍ എന്നെഴുതിയിരിക്കുന്നു. കഥ സുഹൃത്തായ സിന്ധുകുമാര്‍ പറഞ്ഞുതന്നു. 'വര്‍ഷം 16' എന്ന സിനിമയുടെ ക്‌ളൈമാക്സ് ഇവിടെയാണ് ചിത്രീകരിച്ചത്. അന്ന് ഫാസില്‍ കെട്ടിക്കൊടുത്തതാണീ കൈവരി. 25 വര്‍ഷങ്ങള്‍ക്കുശേഷവും നിലനില്‍ക്കുന്ന ആ ഓര്‍മയ്ക്കും ഒരു വിജയത്തിന്റെ പൂമണമുണ്ട്. ആടിയുടെ അവസാനനാളില്‍ ഇവിടെ പുഷ്പാഭിഷേകം നടക്കും. അതില്‍ പങ്കെടുക്കാനും ധാരാളം പേരെത്തും.

Thovala 3

ഇനി പൂവിരിയുന്ന പാടങ്ങള്‍ കാണണം. ചോദിച്ചു ചോദിച്ചു പോയി. പഴവൂരില്‍ എത്തി. എങ്ങും പച്ചപ്പാണ് കാണുന്നത്. അതിനിടയിലെ വെള്ളമൊട്ടുകളും. ഒരു മുല്ലത്തോട്ടമാണ്. അകത്തു കടന്നു. ഉടമയെ കണ്ട് അനുവാദം ചോദിക്കാമെന്നു വെച്ചു. അറുപത്തഞ്ചുകാരിയായ തങ്കഭായി വന്നു. അവര്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. അദ്ദേഹവും എത്തി. പടംപിടിക്കാന്‍ അനുമതി തന്നെന്നു മാത്രമല്ല, പോസുചെയ്യാന്‍ ഞങ്ങളും വരണ്ടെ എന്നായി. സന്തോഷം.

ഇനി തിരിച്ചുപോകണം. ഇങ്ങോട്ടുവന്ന റോഡ് വാഹനത്തിരക്കുകാരണം വല്യ സുഖം തോന്നിയിരുന്നില്ല. സിന്ധുകുമാര്‍ പുതിയവഴി പറഞ്ഞുതന്നു. ഇവിടെനിന്ന് ചെമ്പകരാമന്‍പുത്തൂര്‍ പിടിക്കുക. പിന്നെ തെരുവങ്കാട്, തടിക്കാരന്‍കോണം, ചുരുളോട് വഴി കുലശേഖരത്തെത്താം. അവിടെനിന്ന് തൃപ്പരപ്പ്, കല്ലിയാല്‍ വഴി കാട്ടക്കട, മലയിന്‍കീഴ്, തിരുമല വഴി തിരുവനന്തപുരത്തെത്താം. അവന്‍ വഴി വരച്ചുതന്നു.

Thovala 4

മഴ നനഞ്ഞ വഴിയിലൂടെ വണ്ടി അലസമായി സഞ്ചരിച്ചു. വല്ലപ്പോഴുംമാത്രം എതിരേവരുന്ന വാഹനങ്ങള്‍. വഴിക്ക് ചിറ്റാര്‍ അണക്കെട്ടിന്റ ജലസംഭരണി കണ്ടു. അതിനെ ചുറ്റിയാണ് പാത. സിന്ധുകുമാറിന് നന്ദിപറഞ്ഞു. സ്വസ്ഥമായി വണ്ടി ഓടിക്കാന്‍പറ്റിയ വഴി പറഞ്ഞുതന്നതിന്.

കോഴിക്കോട്ടുനിന്ന് തോവാളയ്ക്ക് പോവാന്‍ 487 കിലോമീറ്ററാണ് ദൂരം. തിരുവനന്തപുരം നാഗര്‍കോവില്‍ വഴി പോവാം. ട്രെയിനിനാണെങ്കില്‍ തിരുവനന്തപുരത്തേക്കും നാഗര്‍കോവിലിലേക്കും ട്രെയിനുണ്ട്. നാഗര്‍കോവിലില്‍നിന്ന് തോവാളയ്ക്കും പാസഞ്ചര്‍ ട്രെയിന്‍ കിട്ടും.

ബന്ധപ്പെടാനുള്ള ചില നമ്പറുകള്‍ കൂടി ഇതാ- മുത്തുപെരുമാള്‍: 9486343565 ബി വിശ്വനാഥന്‍- 09842646239 മുത്തുകൃഷ്ണന്‍- 09159512266.

Content Highlights: Thovala Flowers, Thovala Travel, Varsham 16 Movie ​