അന്ന് ശിവരാത്രിയായിരുന്നു. കാടിനു നടുവില്‍ ശിവരാത്രിദിവസം തുറക്കുന്ന ഒരു ക്ഷേത്രത്തെപ്പറ്റി ഓര്‍മ വന്നപ്പോള്‍ തീരുമാനിച്ചതാണ്. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍നിന്ന് തണ്ണിത്തോട് തേക്കുംതോട് കരിമാന്‍തോട് വഴി 24 കിലോമീറ്ററാണ് ദൂരം. സീതത്തോട് ഗ്രാമപ്പഞ്ചായത്തിന്റെയും തണ്ണിത്തോട് പഞ്ചായത്തിന്റെയും മധ്യത്തിലായാണ് ഈ കാനനാലയം. റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴില്‍ വടശ്ശേരിക്കര റേഞ്ചില്‍പ്പെട്ട വനഭൂമിയിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
നാടുനീളെ ശിവസ്തുതികള്‍ ഒഴുകിക്കൊണ്ടിരുന്നതിനിടയിലൂടെ ഞങ്ങളുടെ കാര്‍ ആലുവാംകുടി ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. നേരേ തണ്ണിത്തോട്, തേക്കുംതോട് വഴി കരിമാന്‍തോട്. അവിടെ കാര്‍യാത്ര അവസാനിക്കുന്നു. ഇനിയങ്ങോട്ട് ജീപ്പാണ് ശരണം. ഒരു വണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. കരിമാന്‍തോട്ടില്‍നിന്ന് കുറച്ചുദൂരമേയുള്ളു ടാര്‍ റോഡ്. പിന്നീടങ്ങോട്ട് മണ്‍ റോഡാണ്. രാവിലെമുതല്‍ ജീപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടുമോടി മണ്ണിളകി സര്‍വം പൊടിമയമായിരിക്കുകയാണ്. എല്ലാവരും 'തീവ്രവാദി'കളെപ്പോലെ മുഖമെല്ലാം മൂടിയാണിരിക്കുന്നത്. ചില വളവുകളും തിരിവുകളും കയറ്റങ്ങളും കയറാന്‍ ഫ്രണ്ട് വീല്‍ ഗിയറും വേണം. എതിരേ വരുന്ന വണ്ടികള്‍ക്ക് സൈഡ് കൊടുക്കാനും ചിലയിടത്ത് വലിയ പ്രയാസമാണ്. ഇതിനിടയില്‍ നടന്നുനീങ്ങുന്ന തീര്‍ഥാടകരുമുണ്ട്.
എന്താണിതിന്റെ രഹസ്യം. 'അത്രയ്ക്ക് വിശ്വാസമാണ്. അച്ചട്ടാ,' ക്ഷേത്ര കമ്മിറ്റിയുടെ അന്നത്തെ സെക്രട്ടറിയും ഇരുപതുകൊല്ലംകൊണ്ട് ക്ഷേത്രത്തെ പുരോഗതിയിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളുമായ വിജയന്‍ നായര്‍ പറഞ്ഞു. ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ എത്തുന്നുണ്ടിവിടെ. എല്ലാ മലയാളമാസവും ഒന്നാംതീയതിയും വൃശ്ചികം ഒന്നുമുതല്‍ അഞ്ചു ദിവസവും പിന്നെ ശിവരാത്രിദിവസവുമാണ് ഇപ്പോള്‍ നട തുറക്കുന്നത്. ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്കും അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.

ലോകനന്മയ്ക്കായി കാളകൂടവിഷം പാനം ചെയ്ത പരമശിവനെ ഈ പ്രദേശത്തുവെച്ച് പരശുരാമന്‍ പ്രത്യക്ഷപ്പെടുത്തി അനുഗ്രഹം വാങ്ങിയശേഷം പ്രതിഷ്ഠ നടത്തിയ പുരാതനക്ഷേത്രമാണ് ആലുവാംകുടി മഹാദേവക്ഷേത്രം. ആലുവാംകുടി എന്ന സ്ഥലനാമത്തിന് ആലം പാനം ചെയ്തവന്‍ കുടിയിരിക്കുന്ന സ്ഥലം എന്നര്‍ഥം.
ചുറ്റുവട്ടത്തിനുമുണ്ട് ചില വിശേഷങ്ങള്‍ പങ്കുവെക്കാന്‍. പരശുരാമന്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ പുഷ്പവൃഷ്ടി നടത്താന്‍ ദേവലോകത്തുനിന്ന് മഹാവിഷ്ണു തേരിലെഴുന്നള്ളി. ക്ഷേത്രത്തിനു കിഴക്കുവശത്തുള്ള കരിമ്പട്ടു നിവര്‍ത്തിയപോലെ കിടക്കുന്ന പാറയില്‍ തേരിറങ്ങി വിശ്രമിച്ചു. അത് തേരിരറങ്ങിപ്പാറ എന്നറിയപ്പെടുന്നു.
രാമരാവണയുദ്ധാനന്തരം സീതയെ ഉപേക്ഷിച്ചിടമാണ് സീതത്തോടായതെന്ന് മറ്റൊരു ഐതിഹ്യം. ലവനും കുശനും ആലുവാംകുടി ക്ഷേത്രപരിപാലനത്തിനായി ഇവിടെയുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് ഇടതും വലതുമായി കാണുന്ന രണ്ടു കൂറ്റന്‍ മലകളില്‍ ലവനും കുശനും സ്ഥാനം നല്‍കി. ഈ മലയാണ് അണ്ണന്‍തമ്പിമല എന്നറിയപ്പെടുന്നത്.
വാല്മീകി മഹര്‍ഷിയുടെ പര്‍ണശാല നിന്നിടമാണ് ഗുരുനാഥന്‍മണ്ണ്. സീത നിരപരാധിയാണെന്നു മനസ്സിലാക്കി തെറ്റുതിരുത്താനെത്തിയ ശ്രീരാമന്‍ വില്ലൂന്നി വിശ്രമിച്ചയിടം വില്ലൂന്നിപ്പാറയായി. ദേവിയെ കണ്ട് ആവേശത്തോടെ പുണരാന്‍ ശ്രമിച്ചെങ്കിലും മാതാവായ ഭൂമിദേവിയുടെ വിരിമാറിലേക്ക് താഴ്ന്നുപോകുകയാണുണ്ടായത്. അവിടമാണ് സീതക്കുഴി. സീതയെ കടന്നുപിടിച്ചപ്പോള്‍ കൈയില്‍ സീതയുടെ മുടിയിഴകള്‍ പിഴുതിരിക്കുകയും അത് വലിച്ചെറിഞ്ഞ സ്ഥലത്ത് മുടിയിഴകള്‍ തേയാതെ മായാതെ നിലനില്‍ക്കുകയും ചെയ്തു. അവിടം ഇന്ന് സീതമുടിയാണ്.
കല്ലാര്‍ എന്ന കാനനകല്ലോലിനി തൊട്ടരികിലൂടെയാണൊഴുകുന്നത്. ഒരു ക്ഷേത്രക്കുളവും ഇവിടെയുണ്ട്. ഈ വഴി 38 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശബരിമലയ്ക്കു പോകാം. എല്ലാമൊന്നു ചുറ്റിയടിച്ചുകണ്ടു. പരിസരം മുഴുവന്‍ ജീപ്പുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഒരു വെല്ലുവിളിയെന്നോണം കയറിവന്ന ആള്‍ട്ടോ കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നു. പായസംവെപ്പും ചോറുകൊടുപ്പുമെല്ലാം തകൃതിയാണ്. കോഴിയും, വാഴക്കുല, ചേന, ചേമ്പ് എന്നിങ്ങനെ കാര്‍ഷികവിളകളും വഴിപാടായി എത്തിയിട്ടുണ്ട്. ഇവ വൈകീട്ട് ലേലത്തില്‍ വില്‍ക്കും.

കുറച്ചുകാലംമുന്‍പുവരെ ഇവിടെ ഇടിഞ്ഞുപൊളിഞ്ഞുകിടന്നൊരു ക്ഷേത്രമായിരുന്നു. പണ്ടിവിടെ ജനവാസമുണ്ടായിരുന്നതായും പറയുന്നു. ആളൊഴിഞ്ഞ് പൂജകള്‍ മുടങ്ങി അന്യംകൊണ്ടിരുന്ന ക്ഷേത്രത്തെ പില്‍ക്കാലത്ത് വേട്ടയ്ക്കു പോയവരാരോ കണ്ടെത്തിയതാണ്. ആനകളും മറ്റു വന്യമൃഗങ്ങളും സൈ്വരവിഹാരം നടത്തുന്ന ഇവിടെ പിന്നെ വിളക്കുവെക്കാനും പൂജചെയ്യാനും പരിസരവാസികള്‍ വരാന്‍ തുടങ്ങി. നാട്ടുകാരുടെ ശ്രമഫലമായി പുനരുദ്ധരാണവും നടന്നു. ഇപ്പോള്‍ മനോഹരമായൊരു കൊച്ചുക്ഷേത്രം.
തൊഴുതുകഴിഞ്ഞ് മലയിറക്കം തുടങ്ങി. ജീപ്പുകളുടെ എണ്ണം കൂടിക്കൂടിവരുന്നു. പൊടിശല്യവും പതിന്മടങ്ങായി. താഴോട്ടിറങ്ങിവരുന്നിടത്ത് ബ്‌ളോക്കുകള്‍ കൂടി വന്നു. താഴെയെത്തിയതും പരസ്പരം നോക്കുമ്പോള്‍ എല്ലാവര്‍ക്കും ചിരി. പൊടിയില്‍ കുളിച്ച് 'റെഡ് ഇന്ത്യന്‍സ്' ആയിരിക്കുകയാണെല്ലാവരും. നേരേ കല്ലാറിലേക്ക് വിട്ടു. അവിടെ ചെക് ഡാമില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ പഴയകോലം തിരിച്ചുകിട്ടി. വഴിക്ക് വനംവകുപ്പിന്റെ പുതിയ പ്രോജക്ട് അടവിയുടെ സ്ഥലത്തെത്തി. അന്ന് തറക്കല്ലിട്ടിട്ടേയുള്ളൂ. ഇപ്പോള്‍ തിരക്കേറിയ ടൂറിസ്റ്റ് സ്‌പോട്ടായി ഇവിടം.

മനോഹരമായ പ്രദേശമാണ് വേനല്‍ നിറംചാര്‍ത്തിയ കാടും കല്ലാറും. ആ മനോഹരതീരത്ത് കുറച്ചുസമയം ചെലവഴിച്ചശേഷം കോന്നിയിലെത്തി. അവിടെ ആനകളെയും കുഞ്ഞാനയെയും ആനമാഹാത്മ്യ മ്യൂസിയവും കണ്ട് ഒരു ഇക്കോഷോപ്പിങ്ങും നടത്തി മടക്കയാത്ര. ഭക്തിയും പിക്നിക്കും ആനപ്രേമവും എല്ലാറ്റിനെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു ആ യാത്ര...
ക്ഷേത്രം വിശേഷാല്‍ ദിനങ്ങള്‍
എല്ലാ മലയാളമാസവും ഒന്നാം തീയതിയും മണ്ഡലകാലം 1, 12, 41 വിശേഷ ദിവസങ്ങളിലുമാണ് പൂജ നടക്കുന്നത്. കുംഭത്തിലെ പുണര്‍തം നാള്‍ ശിവരാത്രി, വിഷുക്കണിദര്‍ശനം, വിഷുദിവസം പരാശക്തിയുടെ തിരുനടയില്‍ പൊങ്കാല എന്നിവയാണ് പ്രധാന ആഘോഷങ്ങള്‍.
വിളക്ക്, സാമ്പ്രാണി, എണ്ണ, മണി, പട്ട് എന്നിവ വഴിപാട് സമര്‍പ്പിക്കാനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്.
പായസനിവേദ്യം വഴിപാടായി സമര്‍പ്പിക്കുന്ന ഭക്തജനങ്ങള്‍ പൂജാദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തി പായസം തയ്യാറാക്കി ദേവന് നിവേദ്യം അര്‍പ്പിച്ചശേഷം ഭക്തജനങ്ങള്‍ക്ക് വിതരണംചെയ്ത് അവരുടെ സങ്കടത്തിന് പരിഹാരം കണ്ടെത്തുന്നു.
നേരിലെത്താന്‍ സാധിക്കാത്തവര്‍ക്ക് ആയതിനുള്ള തുക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് വഴിപാട് നടത്താനും സൗകര്യമുണ്ട്.
ക്ഷേത്രത്തിലേക്കുള്ള വഴികള്‍
കോന്നി-തേക്കുതോട്-കരിമാന്‍തോട്-തൂമ്പാക്കുളം വഴി
കോന്നി-തേക്കുതോട്-മൂര്‍ത്തിമണ്‍ വഴി
ചിറ്റാര്‍-സീതത്തോട്-ഗുരുനാഥന്‍മണ്ണ്
ചിറ്റാര്‍-വയ്യാറ്റുപുഴ-തേരകത്തുമണ്ണ്-കുന്നം-വഞ്ചിപ്പടി
ചിറ്റാര്‍-തണ്ണിത്തോട്-തേക്കുതോട്-തുമ്പാക്കുളം
Content Highlights: Spiritual travel to Aaluvamkudi Temple, Pathanamthitta Temple, Kerala Tourism, Mathrubhumi Yathra