തെക്കന്‍ കേരളത്തിലെ പശ്ചിമഘട്ടമലനിരകളില്‍ ജൈവവൈവിധ്യംകൊണ്ട് സമ്പന്നമായ ഇടമാണ് പേപ്പാറ. പ്രകൃതിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്രപോവാന്‍ പറ്റിയ ഇടം. പണ്ട് അഗസ്ത്യാര്‍കൂടത്തില്‍ പോയപ്പോള്‍ പേപ്പാറ കണ്ടിട്ടുണ്ട്. പിന്നീടൊരിക്കല്‍ ബോണക്കാടിലെ വാച്ച് ടവറില്‍നിന്ന് ആ ഹരിതസൗന്ദര്യം ആവോളം കണ്ടിട്ടുണ്ട്. എന്നാല്‍ നേരിട്ട് പേപ്പാറയിലെത്തുന്നത് ഇപ്പോഴാണ്. മറ്റേതെല്ലാം ദൂരകാഴ്ചകളായിരുന്നെങ്കില്‍ ഇത് അടുത്തറിഞ്ഞൊരു യാത്രയായിരുന്നു. ഈ കാടിനെ കൈവെള്ളയിലെന്നോണം പരിചയമുള്ള വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോടും കൂടെയുണ്ടായിരുന്നു. അന്ന് നല്ല മഴയുണ്ടായിരുന്നു. കാട് നനഞ്ഞുകിടക്കുന്നു. ഡാം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

Peppara 1

തിരുവനന്തപുരത്തുനിന്ന് പാലോട് എത്തി. പാലോടുനിന്ന് വിതുര കഴിഞ്ഞാല്‍ വഴി വിജനമാണ്. അവധിദിവസമാണെങ്കില്‍ വാഹനം കാണും. അക്യേഷ്യാക്കാടുകളുടെ ചോലയാണ് ചിലയിടത്ത്. എല്ലാം പ്ലാന്റേഷന്‍. പേപ്പര്‍ മില്ലുകള്‍ക്കുള്ള പള്‍പ്പിനായി വളരുന്ന മരങ്ങള്‍. അടുത്തെത്തുമ്പോള്‍ സ്വാഭാവികവനം കടുംപച്ചയാര്‍ന്നു നില്‍ക്കുന്നു. ഗേറ്റില്‍ കാവല്‍ക്കാരനുണ്ടായിരുന്നില്ല. അസി. വൈല്‍ഡ് ലൈഫ് വാര്‍ഡനോട് നേരത്തേ പറഞ്ഞ് അനുവാദം വാങ്ങിച്ചതുകൊണ്ട് നേരെ അകത്തേക്ക് കടന്നു.

ചെറിയൊരു നടത്തമായിരുന്നു പ്ലാന്‍ ചെയ്തത്. ഡാമിന് മുകളിലൂടെ നടന്ന് അക്കരെ കടന്നു. ഷട്ടറുകള്‍ തുറന്നതുകാരണം ഡാമിലൂടെ പാല്‍നുരപോലെ വെള്ളം കുത്തിയൊലിക്കുന്നു. അക്കരെ കോട്ടൂരിലേക്കുള്ള വഴിയിലൂടെയായിരുന്നു നടത്തം. അതൊരു ജീപ്പ് റോഡാണ്. കാട് മേലാപ്പുതീര്‍ത്ത വഴി. അല്പം മുന്നോട്ട് നടന്നപ്പോള്‍ ഗൈഡ് ഒരു കുറുക്കുവഴിയെ പോകാമെന്ന് പറഞ്ഞു. കാട്ടുകുരുമുളകുവള്ളികള്‍ പടര്‍ന്നുകിടക്കുന്ന നടവഴിയിലൂടെ മുന്നോട്ട്. നടന്നുനടന്ന് മുകളിലെത്തി ഇടത്തോട്ട് തിരിഞ്ഞ് നടന്നു. കുറച്ച് നടന്നപ്പോ കുറുക്കുവഴി തുടങ്ങിയിടത്തുതന്നെ എത്തിയിരിക്കുന്നു.

Peppara 2

മഴപെയ്തതിനാല്‍ അന്തരീക്ഷം മൂടിക്കിടക്കുകയായിരുന്നു. തിരിച്ചിറങ്ങി. ജലസംഭരണിയുടെ ഓരത്തെ മുളംകുടിലുകള്‍ ലക്ഷ്യമാക്കി നടന്നു. ഇവിടെ സീരിയലുകള്‍ ചിത്രീകരിക്കാറുണ്ടെന്ന് ഗൈഡ് പറഞ്ഞു. മരക്കൊമ്പില്‍ കെട്ടിയൊരുക്കിയിരിക്കുന്ന ഈ ട്രീഹൗസുകള്‍ ഇപ്പോള്‍ തകര്‍ന്നുകിടക്കുകയാണ്. സാധാരണ 300 രൂപ വാടകയ്ക്ക് കൊടുക്കാറുണ്ടായിരുന്നു. തകര്‍ന്നതുകൊണ്ടുതന്നെ മുകളിലേക്ക് കയറാനുള്ള കോണിപ്പടികള്‍ മാറ്റിയിട്ടിരിക്കുകയാണ്.

ആനയും കാട്ടുപോത്തും പുലിയുമെല്ലാമുള്ള കാടാണ് പേപ്പാറ. അതുപോലെതന്നെ ചിത്രശലഭങ്ങളും സൂഷ്മജീവികളും ഞണ്ടും തവളയുമെന്നുവേണ്ട ജൈവവൈവിധ്യത്തിന്റെ വിശാലമായൊരു ഹരിതലോകം. ഞാനിവിടെനിന്ന് ധാരാളം ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്- മാഷ് പറഞ്ഞു. കാണികളാണ് ഈ വനത്തിനുള്ളിലെ ആദിവാസികള്‍. അവര്‍ക്കിടയില്‍ ഒരുപാട് പേരുമായി ചങ്ങാത്തമുണ്ടാക്കാനും സാധിച്ചു. കാട്ടില്‍ പോകാന്‍ കൂട്ടുവരുന്നത് അവരാണ്. ഔഷധസസ്യങ്ങളുടെ ഒരു കലവറയുമാണീ പ്രദേശം. ഒട്ടേറെ ഔഷധസസ്യങ്ങളും സൂഷ്മജീവികളുമടങ്ങുന്ന വലിയൊരു ആവാസവ്യവസ്ഥയാണ് പശ്ചിഘട്ടത്തിന്റെ ഈ ദക്ഷിണമേഖലയിലുള്ളത്. ചെമ്മൂഞ്ഞിമൊട്ട, അതിരുമല, ആറുമുഖംകുന്ന്, കോവില്‍തേരിമല, നാച്ചിയാടികുന്ന് എന്നിവയാണ് ഈ മേഖലയിലെ ഉയരംകൂടിയ പ്രദേശങ്ങള്‍. ഏറ്റവും ഉയര്‍ന്ന കുന്നായ ചെമ്മുഞ്ഞിമൊട്ടയില്‍നിന്ന് ഉദ്ഭവിക്കുന്ന കരമനയാറിനെയാണ് ഇവിടെ തടകെട്ടി നിര്‍ത്തിയിരിക്കുന്നത്. 

Peppara 3

Peppara 4കൈവഴിയായ തോടയാറാണ് മറ്റൊരു നദി. തിരുവനന്തപുരം നഗരത്തിന്റെ കുടിവെള്ളത്തിനുപുറമേ ഒരു ചെറുകിട വൈദ്യുതി ഉത്പാദന യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നു. പേപ്പാറയില്‍ ഇപ്പോള്‍ ഇക്കോലോഡ്ജ് സൗകര്യം ഉണ്ട്. രണ്ട് കുടുംബത്തിന് 1200 രൂപയ്ക്ക് ഒരുദിവസം ഇവിടെ താമസിക്കാം. ഭക്ഷണം ഉള്‍പ്പെടാതെയാണിത്. ഭക്ഷണം ഓര്‍ഡറനനുസരിച്ച് കാന്റീനില്‍നിന്നു തയ്യാറാക്കി കൊടുക്കും. സ്‌കൂള്‍ കുട്ടികള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയ്ക്ക് തികച്ചും സൗജന്യമായി നാച്വര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സൗകര്യമുണ്ട്. മൂന്നുദിവസത്തെ ക്യാമ്പില്‍ കാടറിയാം എന്നൊരു ട്രെക്കിങ്ങും രണ്ടുദിവസത്തെ ക്ലാസുമാണ് ഉണ്ടായിരിക്കുക. നാടുകാണിപ്പാറയിലേക്കാണ് ട്രെക്കിങ്. വാഹനസൗകര്യത്തോടെ വരുന്നവരെ ബോണക്കാട് മേഖലയിലേക്കും കൊണ്ടുപോവും. പാണ്ടിപ്പത്തിലേക്കുള്ള ട്രെക്കിങ് പാക്കേജാണ് കാടറിയാനുള്ള മറ്റൊരു വഴി.

ബുക്കിങ്ങിന് 9447979082 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പേപ്പാറയിലെത്താന്‍ തിരുവനന്തപുരത്തുനിന്ന് 44 കിലോമീറ്റര്‍. കോഴിക്കോട്ടുനിന്ന് ഡ്രൈവ് ചെയ്തു പോവാന്‍ 390 കിലോമീറ്റര്‍. ആലപ്പുഴ, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കൊട്ടാരക്കര, കുരിയോട് നിലമേല്‍, കടയ്ക്കല്‍, പാലോട്, വിതുര വഴി പോവാം.

Content Highlights: Peppara Tourism, Biodiversity in Peppara