വധിക്കാലത്ത് കുടുംബസമേതം യാത്രപോവാന്‍ ഒരിടം-ഇപ്പോള്‍ എല്ലാവരും തിരയുന്നത് അതാണ്. നമ്മുടെ നാട്ടില്‍ മത്സ്യഫെഡ് ഒരു ടൂര്‍ പാക്കേജ് അവതരിപ്പിച്ചതിനെ പരിചയപ്പെടുത്താം. മത്സ്യഫെഡിന്റെ പാലക്കരി, ഞാറയ്ക്കല്‍, മാലിപ്പുറം അക്വാടൂറിസ്റ്റ് കേന്ദ്രങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള ഈ പാക്കേജ് ഉല്ലാസവും വിനോദവും കോര്‍ത്തിണക്കിയതാണ്.

ഭൂമിക എന്ന പാക്കേജാണ് ഒന്ന്. രാവിലെ ഒമ്പതുമണിക്ക് ഞാറയ്ക്കല്‍ അക്വാടൂറിസം സെന്ററിലെ ഏറുമാടത്തിലിരുന്ന് അപ്പം, മുട്ടക്കറി പ്രഭാതഭക്ഷണം. മുളംകുടിലില്‍ വിശ്രമം, കുട്ടവഞ്ചി, തുഴത്തോണി, പെഡല്‍ബോട്ട് എന്നിവയില്‍ കറങ്ങാം. തുടര്‍ന്ന് എ.സി. ടെമ്പോട്രാവലറില്‍ പാലക്കരി മത്സ്യഫാമിലേക്ക് യാത്ര. 11.45ന് അവിടെയെത്തും. ഫ്രഷ് ജ്യൂസും കുടിച്ച് 12 മുതല്‍ ഒന്നുവരെ വേമ്പനാട് കായലില്‍ ശിക്കാരി ബോട്ടുയാത്ര, കായല്‍ക്കാഴ്ചകളും കാണാം. വെള്ളം കുറവുള്ളിടങ്ങളില്‍ മണല്‍ത്തിട്ടയിലിറങ്ങാം.

Matsyafed 1

ഒരുമണിക്ക് ഉച്ചഭക്ഷണം. ഞണ്ട്, ചെമ്മീന്‍, കക്ക, കരിമീന്‍, മറ്റ് മത്സ്യവിഭവങ്ങള്‍ പച്ചക്കറികള്‍ ഐസ്‌ക്രീം എന്നിവയുള്‍പ്പെട്ട ഊണ്. തുടര്‍ന്ന് കെട്ടുവള്ളം മ്യൂസിയം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, മത്സ്യക്കൂട് കൃഷി എന്നിവ കാണാം, മത്സ്യകന്യകയെ കാണാം. മൂന്നുമണിക്ക് മാലിപ്പുറത്തേക്ക് യാത്ര. 4.15-ന് അവിടെയെത്തും. ചായകുടിച്ച് കണ്ടല്‍പ്പാര്‍ക്കില്‍ വിശ്രമിക്കാം. 5.30ന് ചാപ്പാബീച്ചില്‍ പോവാം. അസ്തമയംവരെ ബീച്ചില്‍ ആറരയോടെ ഞാറയ്ക്കല്‍ മത്സ്യഫാമിലെത്തും. കപ്പയും മീന്‍കറിയും കഴിക്കാം. ഈ പാക്കേജിന് മുതിര്‍ന്നവര്‍ക്ക് 2000 രൂപയും 5-12 വയസ്സുള്ള കുട്ടികള്‍ക്ക് 1000 രൂപയും.

ഒരു സംഘത്തില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ചുപേരെങ്കിലും വേണം. 15 മുതല്‍ 25 പേര്‍വരെയാകാം. പാലക്കരിയില്‍നിന്ന് ആരംഭിച്ച് പാലക്കരിയില്‍ അവസാനിക്കുന്ന രീതിയിലും ഈ പാക്കേജുണ്ട്. ഇതില്‍ത്തന്നെ സൂര്യാസ്തമയവും അത്താഴവും ഒഴിവാക്കിയുള്ള പ്രവാഹിനി പാക്കേജിന് മുതിര്‍ന്നവര്‍ക്ക് 1500 കുട്ടികള്‍ക്ക് 750 എന്നാണ് നിരക്ക്.

Matsyafed 2

ഇതില്‍ ഏറ്റവും ആകര്‍ഷകം മാലിപ്പുറത്തെ പൂമീന്‍ചാട്ടമാണ്. അതുപോലെ പാലക്കരിയിലെ ജലാശയക്കരയില്‍ കായല്‍ക്കാറ്റും തണലുംകൊണ്ട് നടക്കാനും ഞാറയ്ക്കലിലെ മുളംകുടിലില്‍ സമയം ചെലവഴിക്കാനും നല്ല രസമാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ചും ഇതൊരനുഭവമായിരിക്കും. പാക്കേജിനുപുറമേ മീന്‍ പിടിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ചൂണ്ട വാടകയ്‌ക്കെടുക്കാം. പിടിക്കുന്ന മീന്‍ കാശുകൊടുത്ത് വാങ്ങാം. പാക്കേജ് പ്രകാരമല്ലാതെ ഞാറയ്ക്കലോ പാലക്കരിയിലോ മാലിപ്പുറത്തേക്കോ മാത്രമായും യാത്ര പ്‌ളാന്‍ചെയ്യാം. വാട്ടര്‍ സൈക്കിള്‍, മുളംകുടില്‍, ഏറുമാടം തുടങ്ങിയവയുള്ള ഞാറയ്ക്കലിലെ അക്വാടൂറിസം സെന്റര്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. മാലിപ്പുറത്ത് കണ്ടല്‍ക്കാടുകളും പൂമീന്‍ചാട്ടവും കാണാം. പാലക്കരിയില്‍ മത്സ്യക്കൂട് കൃഷിയും പെഡല്‍ബോട്ടുമാണ് ആകര്‍ഷണം. എല്ലായിടത്തെയും മീന്‍വിഭവങ്ങള്‍ രുചികരമാണ്.

ഞാറയ്ക്കലും മാലിപ്പുറവും എറണാകുളത്താണ്. രണ്ടും അടുത്തടുത്തുള്ള സ്ഥലങ്ങളാണ്. പാലക്കരി കോട്ടയം, എറണാകുളം ജില്ലയുടെ അതിരില്‍ വൈക്കത്തിനടുത്താണ്. ഞാറയ്ക്കലേക്ക് എറണാകുളത്തുനിന്ന് 16 കിലോമീറ്ററും മാലിപ്പുറത്തേക്ക് 14 കിലോമീറ്ററുമാണ് ദൂരം. ഞാറയ്ക്കലും മാലിപ്പുറവും തമ്മില്‍ രണ്ടുകിലോമീറ്റര്‍ ദൂരമേയുള്ളൂ. പാലക്കരി വൈക്കത്തുനിന്ന് 14 കിലോമീറ്റര്‍ ദൂരത്താണ്.

പാക്കേജ് ബുക്ക് ചെയ്യാനും വിശദവിവരങ്ങള്‍ക്കും 0484 2493864, 94970 31280, 095260 41200 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Content Highlights: Matsyafed, Matsyafed Travel Package, Summer Vacation