മാപ്പളാരാ... പ്രവര്‍ത്യാരാ... ഈ സ്ഥലം ഒക്കെ അളക്കുന്നേ.. അവരാ അച്ഛനോട് പറഞ്ഞേ നിങ്ങള് കപ്പലൊന്നുംകേറി പോണ്ട, ഭവാനിയും രാഘവനും ഞാന്‍ പറയുന്നെടത്ത് പോയാ മതീന്ന. അങ്ങിനെയാ ഇവിടെയെത്ത്യേ. എന്റെ മോള്‍ക്കന്ന് രണ്ടരവയസ്സാ. അതിനേം തോളത്തിട്ടാ വന്നേ. ഇവിടെ വന്ന് ഇറങ്ങ്യേതും ഇത്രേം അറ്റം ചെളി. കാല് ഇവിടെ വെച്ചാ അവിടെ കെടക്കും. നാട്ടില്‍ പുഞ്ചപ്പാടത്തിനുനടുവിലാ വീട്. പക്ഷേ, ഇത് അതിന്റപ്പറത്തായിരുന്നു. ഞാനാണേ ഉയരോം ഇല്ല. തലേ കയ്യും വെച്ച് ഞാനെന്റെ അനിയനോട് പറഞ്ഞു: നമുക്കങ്ങ് പോവാം...അവനന്ന് ചെറുതാ.. പിന്നെ ദേവനേം ബഗവാനേം വിളിച്ചു എങ്ങനൊക്കെയോ പിടിച്ചുനിന്നു. ചരിത്രം പറയാനാണേ ഒത്തിരിയുണ്ട്...'' -ഭവാനിച്ചേച്ചി പറഞ്ഞുതുടങ്ങുമ്പോഴേക്കും ഗുരുപൂജയ്ക്കുള്ള മണിമുഴങ്ങി. വര്‍ത്തമാനം മുറിഞ്ഞു. മധ്യപ്രദേശില്‍, തലസ്ഥാനനഗരിയായ ഭോപാലില്‍നിന്ന് 80 കിലോമീറ്റര്‍ മാറി ഇമിലിയ എന്ന കൊച്ചുഗ്രാമത്തിലിരുന്നാണ് ഭവാനി വല്യമ്മ മണിമണിയായി മലയാളം പറയുന്നത്; നല്ല ഓണാട്ടുകര മലയാളം.

Painting
പെയിന്റിങ്: മിലന്ദ് മല്ലിക്

ഭോപാലില്‍നിന്ന് ഈത്കടിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടയില്‍ ഓര്‍ത്തത് 64 വര്‍ഷംമുമ്പ് നാട്ടിലെ പട്ടിണിയും പരിവട്ടവും താങ്ങാനാവാതെ ജീവിതത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കടന്നുവന്ന ഒരു തലമുറയെപ്പറ്റിയായിരുന്നു. നാലുദിവസം കരിവണ്ടിയിലും പിന്നെ ബസിലും ട്രാക്ടറിലുമായി ഈ കാട്ടുപ്രദേശത്തെത്തി പ്രകൃതിയോട് മല്ലിട്ട് ജീവിതം നട്ടുപിടിപിടിപ്പിച്ചവര്‍. പോരാട്ടത്തിലൂടെ അവകാശങ്ങള്‍ നേടിയെടുത്തവര്‍. അവരെ കാണാനായിരുന്നു യാത്ര.

സുല്‍ത്താന്‍പുരാണ് ഈ ഗ്രാമത്തിനടുത്തുള്ള പ്രധാനസ്ഥലം; ഒരു ചെറിയ പട്ടണം. അവിടന്നും മുന്നോട്ടുപോവുമ്പോള്‍ ഡ്രൈവര്‍ രാഹുല്‍ജി വഴിപോക്കനോട് ചോദിച്ചു: 'ഈത്കടിയിലേക്കുള്ള വഴി?' -അയാള്‍ക്ക് പിടിയില്ല. 'മലയാളിഗ്രാമം' എന്ന് തെളിച്ചുചോദിച്ചപ്പോള്‍ 'മജൂസ് അല്ലേ' എന്ന മറുചോദ്യം. അത് രാഹുല്‍ജിക്കും പിടി കിട്ടിയില്ല. എന്തായാലും നമുക്ക് ഗൂഗിളിനോട് ചോദിച്ചുചോദിച്ചു പോവാം എന്നുപറഞ്ഞ് മുന്നോട്ടുനീങ്ങി. ദിശാസൂചക ബോര്‍ഡ് കണ്ടപ്പോള്‍ പ്രധാനറോഡില്‍നിന്ന് വലത്തോട്ടുതിരിഞ്ഞു.

Madhyapradesh Village

വിശാലമായ വയലിനുനടുവില്‍ മണ്ണിട്ടുയര്‍ത്തി ഉണ്ടാക്കിയ റോഡിലൂടെ മുന്നോട്ട്. ഇരുവശവും മഴ കാത്തിരിക്കുന്ന വയലുകള്‍. വരണ്ട നദിക്കുമുകളില്‍ പാലവും മഴയും ഒരു നിറഞ്ഞൊഴുകലും പ്രതീക്ഷിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡരികില്‍ അവിടവിടെ ഒറ്റപ്പെട്ട മരങ്ങള്‍. കറുത്ത വയലേലകളില്‍ അടുത്ത കൃഷിക്ക് തയ്യാറാക്കിയിരിക്കുന്ന ഞാറിന്‍ തലപ്പുകള്‍ തീര്‍ക്കുന്ന പച്ചപ്പിന്റെ ഇത്തിരി തുരുത്തുകള്‍. ജലസേചനത്തിനുള്ള കനാലും കടന്ന് അല്‍പം പോയപ്പോള്‍ ഒരു പള്ളി, സ്‌കൂള്‍, ക്ഷേത്രം... ജീവിതത്തിന്റെ അടയാളങ്ങള്‍ കണ്ടുതുടങ്ങി. അല്‍പംകൂടി മുന്നോട്ടെത്തുമ്പോഴാണ് തോമസിന്റെ കട. തലേദിവസം ഭോപാലിലെ യുനൈറ്റഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് അശോകന്‍ വിളിച്ചുപറഞ്ഞതുകൊണ്ട് തോമസ് ചേട്ടന്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം കൃഷിപ്പണിയുടെ തിരക്കിലാണ്. പാടത്ത് ഉഴവുകാരുണ്ട്. പോയിനിന്നില്ലെങ്കില്‍ ഉഴപ്പിക്കളയും. അതുകൊണ്ട് പ്രവീണിനെ പരിചയപ്പെടുത്തിത്തന്നു. പ്രവീണ്‍ ഒപ്പം വന്നു.

Madhyapradesh Village 2

നെഹ്രുവും പട്ടം താണുപിള്ളയും

പോവുംമുമ്പ് തോമസ് ചേട്ടന്‍ ഈ മലയാളിഗ്രാമങ്ങളുടെ കഥ പറഞ്ഞുതന്നു: '1955-ല്‍ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഭരണകാലത്ത് സെന്‍ട്രല്‍ മെക്കാനിക്കല്‍ ഫാമിങ്ങിന്റെ ഭാഗമായി കൊണ്ടുവന്നതാണ് മുന്നൂറോളം മലയാളികുടുംബങ്ങളെ. അന്ന് തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയും നെഹ്രുവും തമ്മില്‍ ചര്‍ച്ചചെയ്തുണ്ടാക്കിയ പദ്ധതിയായിരുന്നു ഇത്.

ഈത്കടി, ഇമിലിയ, ഊര്‍ദ്മാവ്, മജൂസ് എന്നിങ്ങനെ നാലുഗ്രാമങ്ങളിലായി അധിവസിപ്പിച്ചു. ഞാനന്ന് ചെറുതാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം എത്തിയതാണ്. പത്തുവര്‍ഷം പാട്ടത്തിന് കൃഷിചെയ്യണം. ജലസേചനസൗകര്യമുള്ള അഞ്ചേക്കറും അങ്ങനെയല്ലാത്ത ഏഴേക്കറുമായി ഓരോ കുടുംബത്തിനും പന്ത്രണ്ടേക്കര്‍ ഭൂമി നല്‍കും എന്നായിരുന്നു വാഗ്ദാനം. വിചാരിച്ചമാതിരി കൃഷിയൊന്നും ശരിയായില്ല. ഒത്തിരി നഷ്ടം വന്നു. ഭൂമി സ്വന്തമായി കിട്ടിയില്ല. ആകെ പ്രശ്‌നമായി. സര്‍ക്കാരില്‍ നിരന്തരം ഇടപെട്ടാണ് ഇതെല്ലാം നേടിയെടുത്തത്. പിന്നെ കൃഷിയില്‍ ഒത്തിരി നഷ്ടംവന്നു. സെന്‍ട്രലൈസ്ഡ് പട്ടയമായതിനാല്‍ വില്‍ക്കാനോ ഒന്നും ചെയ്യാനോ പറ്റാത്ത അവസ്ഥയായിരുന്നു. അന്ന് മൊത്തം മലയാളികളുടെയുംമേല്‍ അഞ്ചരലക്ഷം രൂപ കടംവന്നു. 1965-'66 കാലത്ത് ഇന്ദിരാഗാന്ധിയുടെ ഭരണവേളയില്‍ പന്ത്രണ്ടംഗസംഘം ഇവിടെനിന്ന് പോയി. ഫ്രാന്‍സിസ് എന്ന മലയാളിയായിരുന്നു മുന്‍കൈയെടുത്തത്. അവര്‍ ഇന്ദിരാഗാന്ധിയെ കണ്ടു. ഭൂമി കടത്തില്‍നിന്ന് മോചിപ്പിച്ചുതരണമെന്ന് പറഞ്ഞു. മണ്ണ് സ്വന്തമാവുംവരെ ഈ കാലില്‍നിന്ന് വിടത്തില്ലെന്നുപറഞ്ഞ് ഫ്രാന്‍സിസ് ആ കാലിലേക്കങ്ങ് വീണു. അങ്ങനെ ഇന്ദിരാഗാന്ധി ഇടപെട്ടാണ് ഭൂമി എല്ലാവര്‍ക്കും സ്വന്തമാവുന്നത്.

Madhyapradesh Village 3

പകുതിയോളം പേര്‍ അന്ന് ഭൂമി വിറ്റിട്ടുപോയി. കുറെപ്പേര്‍ ഇവിടത്തെ പ്രതികൂലകാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാന്‍പറ്റാതെ പോയി. ബാക്കിയുള്ള നൂറോളം കുടുംബങ്ങള്‍ ഇവിടെത്തന്നെ പിടിച്ചുനിന്നു. ഞങ്ങളുടെ ഇപ്പോഴത്തെ തലമുറ ഭൂരിഭാഗവും ഭോപാലിലേക്കും മറ്റ് നഗരങ്ങളിലേക്കും കുടിയേറിയും തുടങ്ങി. പുതിയ തലമുറയില്‍ പലര്‍ക്കും മലയാളം കഷ്ടിയാണ്. എനിക്കിപ്പോ 69 വയസ്സായി. എന്റെ ജനറേഷന്‍വരെ ഇവിടെയുണ്ട്. ഞങ്ങളുടെ കൂട്ടത്തില്‍ ഒന്നോ രണ്ടോ പേര്‍ മേലോട്ടുപോയി. ബാക്കിയെല്ലാവരും ഇവിടെയൊക്കെത്തന്നെയുണ്ട്. ഞങ്ങളില്‍ പലരും ആര്‍മിയിലും എയര്‍ഫോഴ്സിലും മറ്റുമായിരുന്നു. തിരിച്ചുവന്ന് കൃഷിയും കച്ചവടവുമായി കഴിയുകയാണ്. കൃഷി വലിയ കുഴപ്പമില്ലാതെ പോവുന്നു. ബസുമതി സോയാബീന്‍, മൂംഗ്പയര്‍, ഗോതമ്പ് എന്നിവയാണ് കൃഷിചെയ്യുന്നത്. ഇപ്പോ മഴ കാത്തിരിക്കയാണ്, അടുത്ത കൃഷിയിറക്കാന്‍.

Madhya Pradesh Village 5

എനിക്ക് മലയാളം എഴുതാനറിയില്ല. ഇവിടെയാണ് പഠിച്ചത്. ആദ്യമിവിടെ വഴിയില്ല, വെളിച്ചമില്ല, പള്ളിയില്ല, പള്ളിക്കൂടമില്ല. എല്ലാം പൊരുതി നേടിയതാണ്. എട്ടാംക്ലാസുവരെയേ ഇവിടെയുണ്ടായിരുന്നുള്ളൂ. അന്നേരം മലയാളി പിള്ളേരായിരുന്നു മൊത്തം. ഇപ്പോ പ്‌ളസ്ടുവരെയായി. അന്നിവിടം മുഴുവന്‍ കാടായിരുന്നു. കടുവയും പുലിയും ഒക്കെയുള്ള കാട്. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. വന്നിറങ്ങിയ കാലത്ത് എന്തുകൃഷിചെയ്യണമെന്ന് ആര്‍ക്കുമറിയില്ല. ഗോതമ്പ് തിന്നാനറിയില്ല. തണുപ്പിന് തണുപ്പ്, ചൂടിന് കൊടുംചൂട്, മഴയ്ക്ക് കനത്ത മഴ അങ്ങനെയായിരുന്നു. കച്ചി വിരിച്ചിട്ട് ചാക്കുപുതച്ചാണ് ഉറങ്ങിയത്. ഇതൊക്കെ എന്റെ ജനറേഷനുവരെ മാത്രമേ അറിയൂ. പുതിയ കുട്ടികള്‍ അതൊന്നും അറിഞ്ഞിട്ടില്ല.' കഥ പറഞ്ഞ് കടയില്‍നിന്നൊരു നാരങ്ങാവെള്ളവും തന്ന് തോമസ് ചേട്ടന്‍ കൃഷിയിടത്തിലേക്ക് പോയി. മറ്റുഗ്രാമങ്ങള്‍ കണ്ടുവരുമ്പോഴേക്കും വീണ്ടും കാണാമെന്നും പറഞ്ഞു.

Madhya Pradesh Village 6

ഏക് ജാതി, ഏക് ധര്‍മ്, ഏക് ദൈവ് ഹേ

പ്രവീണ്‍ ഞങ്ങളെ ഇമിലിയയിലേക്കാണ് കൊണ്ടുപോയത്. ''ഇന്ന് ചതയദിനമാണ്. അതിനാല്‍ എല്ലാവരും ഗുരുമന്ദിരത്തില്‍ കാണും. ഇന്ന് എല്ലാവര്‍ക്കും ഭക്ഷണവും അവിടെയായിരിക്കും'' -പ്രവീണ്‍ പറഞ്ഞു. അങ്ങനെ വയലിനുനടുവിലെ റോഡിലൂടെ വയലോരത്തെ ഗുരുമന്ദിരത്തിലെത്തി. ചുമരില്‍ 'ഏക് ജാതി, ഏക് ധര്‍മ്, ഏക് ദൈവ് ഹേ' എന്ന് ഹിന്ദിയിലെഴുതിയിട്ടുണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ആരോ ഒപ്പിച്ചെഴുതിയപോലെ മലയാളത്തിലും. ഗ്രാമത്തിലെ മിക്ക വനിതകളും അന്നവിടെയുണ്ടായിരുന്നു. ബറേലിയില്‍ ഒരു മലയാളി മരിച്ചതുകൊണ്ട് ആണുങ്ങള്‍ ഏറെയും അങ്ങോട്ടുപോയിരിക്കയായിരുന്നു.

Gurumandir 4

അവിടെവെച്ച് ഇമിലിയയുടെ സര്‍പഞ്ച് ആയിരുന്ന രാജഗോപാലിനെ കണ്ടു. പേരെന്താണെന്ന് ചോദിച്ചപ്പോള്‍ രാജ്ഗോപാല്‍ എന്ന് അല്‍പം ഹിന്ദിച്ചുവയോടെയായിരുന്നു മറുപടി. ചിലരിവിടെ ഗോപാല്‍ പട്ടേല്‍ എന്നൊക്കെ പേര് മാറ്റിയിട്ടിരുന്നെന്നും കേട്ടു. സര്‍പഞ്ച് എന്നുപറഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് ആണ്. അദ്ദേഹം ഞങ്ങളെ മജൂസിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഭാര്യവീട്ടിലേക്ക്. ആ ഗ്രാമത്തില്‍ വിറ്റുപോയ വീടുകളില്‍ ഹിന്ദിക്കാര്‍ താമസിക്കുന്നുണ്ടെങ്കിലും ഏറെയും മലയാളികള്‍തന്നെയാണ് ഇപ്പോഴും. വീട്ടില്‍നിന്ന് പുറത്തിറങ്ങി നോക്കുന്നവരുടെ തലേക്കെട്ടും ലുങ്കിയും കണ്ടാല്‍ കേരളത്തിലെവിടെയോ നില്‍ക്കുന്ന പ്രതീതി. ക്ഷേത്രങ്ങള്‍ക്ക് ഒരു ഉത്തരേന്ത്യന്‍ ടച്ചുണ്ട്. പക്ഷേ, പൂജയും കാര്യങ്ങളും മലയാളത്തിലാണ്.

Madhyapradesh Village 4

രാജ്ഗോപാല്‍ കൂട്ടിക്കൊണ്ടുപോയ വീട്ടില്‍ പൊന്നപ്പനെ കണ്ടു. ''ഞാന്‍ എന്റെ പത്താംവയസ്സില്‍ വന്നതാണിവിടെ. നാട് കാര്‍ത്തികപ്പള്ളി മംഗലത്താ. അന്ന് ആയിരത്തോളം കുടുംബങ്ങളെ കൊണ്ടുവരാനായിരുന്നു പ്ലാന്‍. 300 കുടുംബങ്ങളേ തയ്യാറായി വന്നുള്ളൂ. ഇവിടെയെത്തിയപ്പോ പലര്‍ക്കും പ്രശ്‌നമായി. ബഹളമായി. അന്നുതന്നെ അമ്പതോളം പേര്‍ തിരിച്ചുപോയി. ഒരുമാതിരിപ്പെട്ടോരൊന്നും ഇവിടത്തെ അവസ്ഥ കണ്ടാല്‍ നിക്കൂല. സന്ധ്യയാവുമ്പോ അക്കരെനിന്ന് അലര്‍ച്ച കേള്‍ക്കാം. കടുവേം പുലിയും ഒക്കെ കിടന്ന് വെരകുന്ന സ്ഥലം. എന്തുചെയ്യണം, എങ്ങനെ ചെയ്യണം-ഒരു ധാരണയുമില്ല ആര്‍ക്കും. കിടക്കാനാണെങ്കില്‍ തകരകൊണ്ടുള്ള താത്കാലിക കൂര. അഞ്ചുവര്‍ഷം കഴിഞ്ഞാണ് ആസ്ബസ്റ്റോസ് ഷീറ്റ് വളച്ചുവെച്ചുള്ള കോട്ടേജുകള്‍ ഉണ്ടാക്കിത്തന്നത്. കാടൊക്കെ സര്‍ക്കാര്‍തന്നെ വെട്ടിവെളുപ്പിച്ചുതന്നു. കാര്യങ്ങള്‍ നോക്കാന്‍ അന്ന്‌ സ്‌പെഷല്‍ ഓഫീസറും ഉണ്ടായിരുന്നു.

Gurumandir 5

ഉണക്കമീനും ഉണക്കക്കപ്പയുമൊക്കെ നാട്ടീന്ന് കൊണ്ടുവന്നായിരുന്നു ആദ്യമൊക്കെ പട്ടിണിയില്ലാതെ പിടിച്ചുനിന്നത്. നാട്ടീന്ന് ഇവിടെയെത്താന്‍ നാലുദിവസം വേണമായിരുന്നു. ഭോപാലുവരെ കരിവണ്ടിയില്‍. അവിടെനിന്ന് ഈത്കടിവരെ ബസ്. പിന്നെ ട്രാക്ടറിലാണ് ഇവിടെയെത്തിയത്. എനിക്ക് ആറാംക്‌ളാസുവരെയേ പഠിക്കാന്‍ പറ്റിയിട്ടുള്ളൂ. അച്ഛനും അമ്മയുമൊക്കെ ഇവിടെത്തന്നെയാ മരിച്ചത്'' -ഗുരുമന്ദിരം ഇപ്പോള്‍ മലയാളി കൂട്ടായ്മയുടെ ഒരു വേദികൂടിയാണ്. ജാതി-മത ഭേദമെന്യേ എല്ലാവരും വരും. ഓരോ ചതയത്തിനും ചിട്ടിയുണ്ട്. അതില്‍ പണമിടും. നറുക്കെടുത്ത് കിട്ടുന്നവര്‍ക്ക് കൊടുക്കും. എല്ലാവരും ഭക്ഷണംകഴിച്ച് പിരിയും. അതാണ് പതിവ്.

Gurumandiram

ചക്കയ്ക്കുമുണ്ടൊരു കഥ പറയാന്‍

അവിടെ ഗുരുമന്ദിരത്തിനരികില്‍, പണിതീരാത്ത മണ്ഡപത്തിനുമുന്നിലെ പ്ലാവിന് പൂമാലചാര്‍ത്തിയിരിക്കുന്നത് കണ്ടു. വൃക്ഷാരാധനയായിരിക്കുമെന്നാണ് വിചാരിച്ചത്. ചോദിച്ചപ്പോള്‍ ഒരു കൗതുകകഥയാണ് കേട്ടത്. ഇവിടെ ശിവലിംഗം പ്രതിഷ്ഠിക്കാനായി ഒരു മണ്ഡപം പണിഞ്ഞു. പക്ഷേ, സാമ്പത്തികപരാധീനത കാരണം പൂര്‍ത്തിയാക്കാനായില്ല. അങ്ങനെയിരിക്കെ ആ വര്‍ഷംമുതല്‍ കായ്ക്കുന്ന ചക്കയില്‍ പലതിനും ശിവലിംഗാകൃതി. അങ്ങനെയാണ് പ്ലാവിനെയും ആരാധിക്കാന്‍ തുടങ്ങിയത്. മനുഷ്യന്‍ വിശ്വാസത്തിന്റെ ലോകത്തിലേക്ക് എത്തിയതിന്റെ ആദിമമായ കാരണം. അതിന്റെ അനുരണനം. പ്രകൃതിയോട് പടവെട്ടി ജീവിതവിളവിറക്കുമ്പോള്‍ അവന് മുറുകെപ്പിടിക്കാന്‍, വിശ്വാസങ്ങള്‍ വേണം. ഹോളിഫാമിലി ചര്‍ച്ചും ചോറ്റാനിക്കര അമ്പലവും ഗുരുമന്ദിരവും ശിവക്ഷേത്രവുമെല്ലാം അതിന്റെകൂടി ഉത്തരങ്ങളാണ്. അവനവന്റെ വിശ്വാസം അവനവനേകുന്ന കരുത്ത്.

Madhyapradesh Village 4
ഗുരുമന്ദിരത്തിലെ പ്ലാവിലുണ്ടായ ചക്ക

ആശാന്‍ പള്ളിക്കൂടം

തിരിച്ച് ഈത്കടിയിലെത്തി തോമസ് ചേട്ടന്റെ വീട്ടില്‍ കയറി. അദ്ദേഹത്തിന്റെ ഭാര്യ ബിയാട്രീസിനുമുണ്ട് പഴയ ഓര്‍മകള്‍: ''ഇങ്ങ് ഭോപാലില്‍ ആശാന്‍ പള്ളിക്കൂടത്തില്‍പ്പോയാണ് മലയാളം എഴുതാന്‍ പഠിച്ചത്. ചമ്രസല്‍ നദിയുടെ കരയില്‍ നല്ല മണലുണ്ടായിരുന്നു. അതിലാണ് ഞങ്ങള്‍ എഴുതിപ്പഠിച്ചത്. ഇവിടൊരു ഗോപാലനാശാന്‍ ഉണ്ടായിരുന്നു. അദ്ദേഹമാ ഞങ്ങളെ മലയാളം പഠിപ്പിച്ചത്. പിന്നെ കുര്‍ബാന മലയാളത്തിലായിരുന്നു. പള്ളിപ്പാട്ടുകളും മലയാളത്തിലായിരുന്നത് വായിക്കുമായിരുന്നു. ഞങ്ങളുടെ മക്കള്‍ക്കൊന്നും മലയാളം എഴുതാനും വായിക്കാനും അറിയില്ല കേട്ടോ. 90 വയസ്സായപ്പോഴാണ് ആശാന്‍ മരിച്ചത്. ഇപ്പോള്‍ നൂറുവയസ്സുള്ള ഒരാള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇവിടെയല്ല, ഊദ്മാവ് ഗ്രാമത്തിലാണ്. ആ ഗ്രാമത്തില്‍നിന്നാണ് കൂടുതല്‍ പേരും ഒഴിഞ്ഞുപോയത്. മൂന്ന് മലയാളികുടുംബങ്ങളേ ഇപ്പോ അവിടെയുള്ളൂ'' -ബിയാട്രീസ് പറഞ്ഞു.

Gurumandiram 2

പുറത്തിറങ്ങി തിരിച്ചുവരാനൊരുങ്ങുമ്പോള്‍ ഒരാളെ കണ്ടു. ബനിയനും മുണ്ടും തലേക്കെട്ടും വേഷം. കഴുത്തില്‍ കൊന്തയും. ദൂരെനിന്നേ കണ്ടപ്പോള്‍ത്തന്നെ മലയാളിത്തം നെറ്റിയില്‍ എഴുതിയൊട്ടിച്ചിട്ടുണ്ട്. 'എന്തൊക്കെയുണ്ട് ചേട്ടാ' എന്ന് ധൈര്യപൂര്‍വം ചോദിച്ചു. വിടര്‍ന്ന ഒരു ചിരിയായിരുന്നു മറുപടി. കണ്ട് പരിചയമില്ലാത്ത ആളെ കണ്ടതുകൊണ്ട് നെറ്റിയില്‍ കൈവെച്ച് സൂക്ഷിച്ചുനോക്കി. ചിരി ഒന്നുകൂടി വിടര്‍ന്നു. ''എവിടുന്നാ, ആരാ'' -ചോദ്യത്തില്‍ സന്തോഷം പുരണ്ടിരുന്നു.

Thankachan
തങ്കച്ചന്‍

''ചേട്ടന്റെ പേരെന്താ?''

''ഞാന്‍ തങ്കച്ചന്‍''

''നാട്ടിലെവിടെയാ''

''മാള''

വര്‍ത്തമാനംപറഞ്ഞ് കൈവീശി കടന്നുപോവുന്ന തങ്കച്ചന്‍. മണ്ണില്‍ അധ്വാനത്തിന്റെ വിത്തുപാകി ചോരയും നീരുംകൊണ്ട് കെട്ടിപ്പടുത്ത തന്റെ സാമ്രാജ്യത്തിലേക്ക്... പരസ്പരവിശ്വാസവും സഹിഷ്ണുതയും അധ്വാനവും വിജയഗാഥകളെഴുതിയ മഹാപാടശേഖരത്തിലേക്ക്... മധ്യപ്രദേശിലെ മലയാളിപ്പെരുമയിലേക്ക്...

Content Highlights: Madhya Pradesh Village, Malayali Village in Madhya Pradesh, Mathrubhumi Yathra