ലോകം ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികം ഓര്‍മിക്കുന്ന വേളയില്‍ യുദ്ധസ്മാരകത്തിലേക്കൊരു യാത്ര പോവാം. ഇത് പക്ഷേ, രണ്ടാം ലോക മഹായുദ്ധത്തിന്റേതാണ്. കൊഹിമ യുദ്ധസ്മാരകം. നാഗാലാന്‍ഡ് യാത്രയില്‍ മറക്കാതെ കാണേണ്ട ഇടമാണെന്ന് അറിയാവുന്നതുകൊണ്ടുതന്നെ ആ യാത്രയുടെ രണ്ടാം നാളില്‍ അവിടെയെത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് മരിച്ച സൈനികരെ കൂട്ടമായി അടക്കിയ സ്ഥലം. ഗാരിസണ്‍ കുന്നിന്‍ചരിവിലെ ഈ യുദ്ധശ്മശാനം കോമണ്‍വെല്‍ത്ത് ഗ്രേവ്സ് കമ്മിഷന്റെ കീഴിലാണ്. ഇന്ത്യക്കാരും ബ്രിട്ടീഷുകാരും കാനഡക്കാരുമെല്ലാം ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. 

രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനുമായി ഏറ്റുമുട്ടി വീരമൃത്യു അടഞ്ഞ കോമണ്‍വെല്‍ത്ത് സൈനികരെയാണ് ഇവിടെ അടക്കിയിരിക്കുന്നത്. പൂക്കള്‍ക്കും ചെടികള്‍ക്കും പച്ചപ്പുല്‍ത്തകിടിക്കും കീഴിലായി 1,420 പേര്‍ ഇവിടെ നിദ്രകൊള്ളുന്നു. കൃഷ്ണപിള്ള, കൃഷ്ണന്‍നായര്‍, അനന്തന്‍ നമ്പ്യാര്‍, നാണു നായര്‍, അപ്പു, ചെല്ലപ്പന്‍, കറുപ്പന്‍, ഗോവിന്ദന്‍നായര്‍... അങ്ങനെ മലയാളികളുടെയും തമിഴരുടെയും പേരുകളും കൂട്ടത്തില്‍ വായിക്കാം. 

പേരുവിവരമറിയാത്തവരെ ദൈവത്തിനു മാത്രം അറിയാമെന്നും പേരുള്ളവരുടെ പേര് രേഖപ്പെടുത്തിയും വച്ചിട്ടുണ്ട്. അവര്‍ക്ക് നമ്മോട് ഒന്നേ പറയാനുള്ളു. തിരികെ ചെല്ലുമ്പോള്‍ വീട്ടുകാരോട് പറയണം, അവരുടെ നാളെയ്ക്കുവേണ്ടി ഇന്നുകള്‍ ഹോമിച്ചവരാണ് ഞങ്ങള്‍. അവര്‍ക്കുള്ള ആദരാഞ്ജലികളായി പലരും പൂക്കള്‍ സമര്‍പ്പിക്കുന്നുണ്ട്. ഒരു ബ്രിട്ടീഷുകാരി തൊട്ടടുത്ത ദിവസം സമര്‍പ്പിച്ച റീത്ത് അവിടെ കണ്ടു. ഒരു ടെന്നീസ് കോര്‍ട്ട് കാണാം. 1944 ഏപ്രില്‍ നാലുമുതല്‍ ജൂണ്‍ രണ്ടുവരെ നടന്ന ജപ്പാന്‍ കോമണ്‍വെല്‍ത്ത് സൈന്യങ്ങളുടെ ഏറ്റുമുട്ടല്‍ കനത്ത ആള്‍നാശം ഉണ്ടാക്കി. ബ്രിട്ടീഷുകാരുടെ പ്രധാന ആസ്ഥാനമായിരുന്നു കൊഹിമ. അവരുടെ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന്റെ ഉദ്യാനത്തിലും ടെന്നീസ് കോര്‍ട്ടിലും നേര്‍ക്കുനേര്‍ പോരാട്ടം നടന്നു. ടെന്നീസ് കോര്‍ട്ടും വെടിയേറ്റ മരവുമെല്ലാം യുദ്ധത്തിന്റെ ഓര്‍മകളും പേറി ഇവിടെയുണ്ട്.

Kohima War memorial
കൊഹിമയിലെ യുദ്ധ സ്മാരകം

 തൊട്ടടുത്ത് മറ്റൊരു കുന്നിനു മുകളില്‍ യുദ്ധകാലത്ത് പിടിച്ചെടുത്ത കൂറ്റന്‍ ടാങ്ക് കാലത്തെ അതിജീവിച്ച് തുരുമ്പെടുക്കാതെ നിലകൊള്ളുന്നു. രാജ്യങ്ങള്‍ താണ്ടിയെത്തിയ പട്ടാളവീര്യം ഇന്ന് കാഴ്ചയുടെ കൗതുകം. 1944 മേയ് 6-ന് ഗാരിസണ്‍ കുന്നിലെ ജാപ്പനീസ് പൊസിഷനെതിരേ ആക്രമണം തുടരുന്ന സെക്കനന്‍ഡ് ട്രൂപ്സ് ഡിവിഷനു പിന്തുണയുമായെത്തിയ മേജര്‍ എസ്രറോഡ്സ് ഈ ടാങ്കുമായി കുന്നുകയറുമ്പോള്‍ മഴയില്‍ കുതിര്‍ന്ന ട്രാക്കില്‍നിന്നു തെന്നി മരത്തിലിടിക്കുകയായിരുന്നു. ശത്രുക്കളുടെ വെടിവെപ്പിനുള്ളിലായിപ്പോയ സംഘം അതിവിദഗ്ദ്ധമായി പോരാടി തന്ത്രപൂര്‍വം രക്ഷപ്പെട്ടു. ആ വീരപോരാട്ടത്തിന്റെ ഓര്‍മയ്ക്കായി ടാങ്ക് അവിടെ തന്നെ സൂക്ഷിച്ചതാണ്.
  
 യുദ്ധത്തില്‍നിന്ന് സമാധാനത്തിലേക്ക് കടന്നതിന്റെ ഓര്‍മപ്പള്ളി അദാദുര കുന്നിന്‍മുകളില്‍ കാണാം. ഈ പള്ളിക്കുവേണ്ടി ജപ്പാന്‍കാരും സംഭാവന നല്‍കിയിട്ടുണ്ട്. കുന്നിനു മുകളില്‍ മറ്റൊരു കുന്നിന്റെ രൂപഘടനയുമായി നില്‍ക്കുന്ന പള്ളി വാസ്തുശില്പികളുടെയും വിശ്വാസികളുടെയും ഇഷ്ടകേന്ദ്രമാണ്. ദൂരെ പല മലമുകളില്‍നിന്നും ഇതിന്റെ കാഴ്ച കാണാമായിരുന്നു. അടുത്തെത്തിയപ്പോഴാണ് പക്ഷേ, അതിന്റെ എന്‍ജിനീയറിങ് വൈദഗ്ദ്ധ്യം ബോധ്യമാവുക. കുന്നിനു മുകളില്‍നിന്നു നാട്ടിയ ഒരു തൂണില്‍ ഘടിപ്പിച്ച ഇരുമ്പ് കഴുക്കോലിലാണ് മൊത്തം കെട്ടിടവും ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. ദൂരെ നിന്നു കാണുമ്പോള്‍ ചെറുതാണെന്നു തോന്നുമെങ്കിലും ഉള്ള് വിശാലമാണ്. അവിടെ സ്‌കൂള്‍ കുട്ടികളും കന്യാസ്ത്രീകളും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നു.

Kohima 3
 
ലോക സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന പള്ളിയിലിരിക്കുമ്പോള്‍ ഏത് യുദ്ധത്തിനും ഇത്തരം കഥകള്‍ തന്നെയാണല്ലോ പറയാനുണ്ടാവുക എന്നോര്‍ത്തു. യുദ്ധത്തില്‍നിന്ന് സമാധാനത്തിലേക്കും സമാധാനത്തില്‍നിന്ന് യുദ്ധത്തിലേക്കും ചില മലമടക്കുകളുടെ ദൂരം മാത്രമേയുള്ളൂ എന്നും കൊഹിമയിലെ പള്ളിയും യുദ്ധസ്മാരകവും നമ്മോട് പറയുന്നുണ്ട്. ഉത്സവം കൊണ്ടാടുന്നതും ജീവിതം ആഘോഷിക്കുന്നതും തീവ്രവാദവുമായി ആയുധമേന്തുന്നതും ഈ മണ്ണില്‍ത്തന്നെയാണ്. അതേ, ഇവിടം ഒരു ജീവിത ചിത്രകഥാപുസ്തകമാണ്. 

കൊഹിമയില്‍ പോവാന്‍ ദിമാപുര്‍ വരെ വിമാനത്തിലോ തീവണ്ടിയിലോ ചെന്ന് റോഡ് മാര്‍ഗം പോവാം. ദിമാപുര്‍ നാഗാലാന്‍ഡിന്റെ കൊച്ചിയാണ്. അതായത് വ്യാവസായിക തലസ്ഥാനം. കൊഹിമയാണ് തലസ്ഥാന നഗരി. ദിമാപുരില്‍ നിന്ന് കൊഹിമയ്ക്ക് 70 കിലോമീറ്ററാണ് ദൂരം. നാഗാലാന്‍ഡ് യാത്രയ്ക്ക് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എടുക്കണം. ദിമാപുരില്‍നിന്ന് പെര്‍മിറ്റ് എടുത്ത ശേഷം യാത്ര ചെയ്യുന്നതാണ് നല്ലത്. കേരളത്തില്‍നിന്ന് ദിമാപുരിലേക്ക് വെള്ളിയാഴ്ച ദിവസം ഓടുന്ന വിവേക് എക്‌സ്പ്രസ് മാത്രമാണ് ഉള്ളത്. അല്ലെങ്കില്‍ കൊല്‍ക്കത്തയില്‍ പോയി മാറിക്കയറണം. വിമാനത്തില്‍ പോവാനും കൊല്‍ക്കത്ത വഴിയാണ് ഫ്‌ലൈറ്റ്. കൊല്‍ക്കത്തയ്ക്ക് 5,000 രൂപയോളം ആവും. കൊല്‍ക്കത്തയില്‍നിന്ന് ദിമാപുരിലേക്കും അത്രതന്നെ ചാര്‍ജ് വരും.

Content Highlights: Kohima War Museum Travelogue, Kohima, Nagaland Tourism