ദേശീയപാതയിലൂടെ നിരന്തരം കടന്നുപോയപ്പോഴും കൊല്ലം - ആലപ്പുഴ ബോട്ടില്‍ ദേശീയ ജലപാതയിലൂടെ സഞ്ചരിച്ചപ്പോഴും ഇത്ര തിരക്കുള്ള ഒരു ക്ഷേത്രം ഇവിടെയുള്ളതിന്റെ ലക്ഷണം പോലും ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ കഥയാകെ മാറി. രാവിലെ ആറരയായതേയുള്ളൂ. അവിടെ നിറഞ്ഞിരിക്കുന്ന കാറുകളും ബൈക്കും കണ്ടപ്പോള്‍ മാറ്റം പിടി കിട്ടി. അതിരാവിലെ തന്നെ ഭക്തജനപ്രവാഹം. അതെ, കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ ഇപ്പോള്‍ തിരക്കൊഴിഞ്ഞ നേരമില്ല.

Kattil Mekkathil

അക്കരെയ്ക്ക് കടക്കാന്‍ ചങ്ങാടമുണ്ട്. അതൊന്നു ചുറ്റിത്തിരിയുമ്പോഴേക്കും അക്കരെയെത്തും. പിന്നെ വിശാലമായ മണല്‍പ്പരപ്പിലൂടെ നടക്കാം. വഴി, ഒരു ഉത്സവപ്പറമ്പുപോലെയുണ്ട്. കുപ്പിവള മുതല്‍ മണ്‍പാത്രങ്ങള്‍ വരെയുള്ള കച്ചവടം, യാചകര്‍, ലോട്ടറി വില്പനക്കാര്‍... തൊട്ട് വലതുഭാഗത്ത് വലിയൊരു കുന്നുപോലെ കാണാം... ചവറയിലെ റെയര്‍ എര്‍ത്ത് ഫാക്ടറി ഖനനാന്തരം അരിച്ചെടുത്ത മണലിന്റെ ബാക്കി കൂട്ടിയിട്ട് കുന്നായതാണ്. അതില്‍ വള്ളിച്ചെടികളും കാട്ടുചെടികളും പൂക്കളുമെല്ലാമായി പ്രകൃതി പുതിയൊരു ചിത്രം സൃഷ്ടിക്കുന്നു. കരിമണല്‍ ഖനനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ആലപ്പാടും അടുത്താണ്.

'കാട്ടില്‍ മേക്കതില്‍ അമ്മ' എന്ന പേരില്‍ അറിയപ്പെടുന്ന ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠ. പൂജിക്കാനുള്ള സാധനങ്ങള്‍ കൗണ്ടറില്‍നിന്ന് വാങ്ങാം. അതില്‍ മണിയാണ് പ്രധാനം. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുകിട്ടുന്ന മണി ഏഴു പ്രാവശ്യം വലംവെച്ച് പേരാലില്‍ കെട്ടണം. ഇങ്ങനെ മൂന്നുതവണ ചെയ്താല്‍ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നാണ് വിശ്വാസം. പേരാലില്‍ തൂങ്ങിക്കിടക്കുന്ന ആഗ്രഹങ്ങള്‍ കണ്ടാല്‍ത്തന്നെ വിശ്വാസത്തിന്റെ ശക്തി ബോധ്യമാവും. നിറയുന്ന മണികള്‍ ഇടയ്ക്ക് മാറ്റിയിട്ടതും തൊട്ടടുത്തെ മുറിയില്‍ കണ്ടു.

Bells

പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ടി.എസ്. കനാലും. നടുക്ക് കേരവൃക്ഷങ്ങള്‍ നിറഞ്ഞ തുരുത്തില്‍ വിശാലമായ മണല്‍പ്പരപ്പിനു നടുവിലായി ക്ഷേത്രവും മനോഹരമായ കാഴ്ചയാണ്. അത് വിശ്വാസികളല്ലാത്തവരെയും ആകര്‍ഷിക്കുന്നു. വൃശ്ചിക മാസത്തിലാണ് ഉത്സവം നടക്കാറുള്ളത്. പന്ത്രണ്ടു ദിവസത്തെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നടക്കം ധാരാളം പേരെത്തുന്നു. ഭക്തര്‍ കുടിലുകെട്ടി ഭജനയിരിക്കാറുണ്ടിവിടെ. ആയിരക്കണക്കിന് കുടിലുകളാണ് ഇതിനായി നിര്‍മിക്കുന്നത്. തോറ്റംപാട്ട്, വിശേഷാല്‍ പൂജകള്‍, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കല്‍, തിരുമുടി ആറാട്ട് എന്നിവയാണ് മറ്റ് പരിപാടികള്‍.

സമയം കഴിയുംതോറും ദേവിക്ക് പൊങ്കാലയിടുന്നവരുടെ നിരയും നീണ്ടു നീണ്ടു വരാന്‍ തുടങ്ങി. പൊങ്കാലയടുപ്പിലെ പുകയ്‌ക്കൊപ്പം പായസത്തിന്റെ മണവും ഉയരാന്‍ തുടങ്ങി. നേരേ കടലിലേക്കിറങ്ങി. അവിടെ മത്സ്യത്തൊഴിലാളികള്‍ കട്ടമരത്തിലും ഫൈബര്‍ വള്ളത്തിലും മീനുമായെത്തിയിട്ടുണ്ട്. ഞണ്ടും മാന്തയുമെല്ലാം വലയില്‍നിന്നെടുത്ത് കുട്ടയിലേക്കിടുന്നു. കരിമണല്‍ ശേഖരിക്കുന്ന ലോറികള്‍ ഓടുന്നതും കാണാം. അവിടെ കടലിലിറങ്ങി കുളിച്ച് മടക്കയാത്ര. അപ്പോഴേക്കും സമയം എട്ടു മണിയായിരുന്നു. ജങ്കാറില്‍ ഇപ്പോള്‍ സൂചി വീണാല്‍ നിലത്തെത്താത്ത തിരക്കായി. വിശ്വാസ നൗകയേറി ആഗ്രഹ സാധ്യത്തിന്റെ തുരുത്തിലേക്കണയാനെത്തുന്ന ആയിരങ്ങള്‍. അവര്‍ക്കൊപ്പം സഞ്ചാരികളും.

Kattil Mekkathil 2

ഇനി ഇങ്ങോട്ട് വരാനുള്ള വഴി കൂടി പറയാം. ട്രെയിനില്‍ പോവുന്നവര്‍ക്ക് കരുനാഗപ്പള്ളിയില്‍ ഇറങ്ങി ഓട്ടോ പിടിച്ച് പോവാം. 12 കിലോമീറ്ററാണ് ദൂരം. ബസിലാണ് പോവുന്നതെങ്കില്‍ ചവറ പോലീസ് സ്റ്റേഷന്‍ സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെ നിന്ന് ഓട്ടോയില്‍ പടിഞ്ഞാറുഭാഗത്തു കൂടി കടന്നുപോകുന്ന കോവില്‍ത്തോട്ടം റോഡുവഴി മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊട്ടാരത്തിന്‍ കടവില്‍ എത്താം. ജങ്കാറില്‍ കയറി ക്ഷേത്രത്തില്‍ പോവാം. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയും വരാം. അവിടെ നിന്ന് ചവറയ്ക്ക് ബസ് കിട്ടും. 21 കിലോമീറ്ററാണ് ദൂരം. കരുനാഗപ്പള്ളിയില്‍നിന്നും കൊല്ലത്തു നിന്നും കെ.എസ്.ആര്‍.ടി.സി. ലോക്കല്‍ ബസുകളും ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 

ക്ഷേത്രത്തിന് കിഴക്കുള്ള കനാലിലൂടെയാണ് കൊല്ലം - ആലപ്പുഴ ബോട്ട് സര്‍വീസ്. ആലപ്പുഴയില്‍ നിന്നോ കൊല്ലത്തു നിന്നോ ഈ ബോട്ടിലൊരു യാത്രയും രസകരമാണ്. പല്ലന കുമാരകോടിയും വള്ളിക്കാവും കായംകുളം കായലും കുട്ടനാടും കണ്ടുള്ള യാത്രയും സഞ്ചാരികളുടെ മനം കവരും. ഇനി ക്ഷേത്രവുമായി ബന്ധപ്പെടാനുള്ള നമ്പര്‍കൂടി ഇതാ: 8296620092, 9446286690.

Content Highlights: Kattil Mekkathil Devi Temple Chavara, Kollam Tourism, Spiritual Travel