’ശിവതേജസ്സ് പോലെ ദിവ്യമാണീ പ്രകൃതിചാരുത
ഈ മനോഹര മലനിരകളിലേക്ക് വരൂ...
വസന്തസൂര്യന്റെ പ്രകാശം നിങ്ങളിൽ നിറയും...’
കർണാടകയുടെ ദേശകവി കൂവെമ്പു കെമ്മന്നഗുണ്ടിയിലെത്തിയപ്പോൾ എഴുതിയ ഗാനം ശരിയാണ്. മനോഹരമായ സൂര്യോദയവും അതിമനോഹരമായൊരു സൂര്യാസ്തമയവും ഹരിതമലനിരകളുടെ ചാരുതയും ചേർന്ന് ചിത്രമെഴുതുന്ന കാടോര മലനാട്. കർണാടകയുടെ കശ്മീർ എന്നും വിളിപ്പേരുണ്ട്. ഒരു ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണിത്. കോഴിക്കോട് നിന്നേ ബൈക്കെടുത്തായിരുന്നു ഞങ്ങളുടെ യാത്ര. ചിക്മഗളൂരുവിന്റെ കാർഷികഭൂമിയിലൂടെ, കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ, കാനനച്ചോലയിലൂടെ വഴിയോരക്കാഴ്ചകളും തണലും തണുപ്പും ഏറ്റുവാങ്ങി സുഖകരമായൊരു യാത്ര.
ഞങ്ങളവിടെ ചെല്ലുമ്പോൾ കേട്ടത്. നമ്മ ഗണപതി ഗണപതി ഗണപതി രേ...എന്ന പാട്ട്. വൈ ദിസ് കൊലവെറിയുടെ ഈണത്തിൽ ഒരു ഗണപതി സ്തുതി. അന്ന് വിനായകചതുർഥിയായിരുന്നു. ടിവിയിൽ കൊലവെറി പാരഡിയായി ഗണപതിഗാനം കൊഴുക്കുകയാണ്. താളത്തിൽ ചുവടുവെച്ച് നീങ്ങുന്ന വിഘ്‌നേശ്വര ഭക്തർ. കെമ്മന്നഗുണ്ടിയിലെ ഏക ഭക്ഷണാശ്രയമായ ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റ് വക കാന്റീനിൽ നിന്നാണ് ഗീതം. അവിടെ ക്കയറി ഒരു ചായ കുടിച്ചു. ചുറ്റുവട്ടത്തെ കാഴ്ചകളിലേക്കിറങ്ങി. ഹോട്ടികൾച്ചറൽ ഡിപ്പാർട്ട്‌മെന്റിന്റെ വക പൂന്തോട്ടമുണ്ട്. അതിനേക്കാൾ നല്ലത് മലയോട് മലയുരുമ്മി നിൽക്കുന്ന ചുറ്റുവട്ടത്തെ പച്ചപ്പ് തന്നെ. ഇതെല്ലാം കണ്ട് വർഷങ്ങൾക്കു മുമ്പ് തന്നെ മൈസൂർ മഹാരാജാവ് ഇവിടെ വേനൽക്കാല വസതി തീർത്തു. അതാണിപ്പോൾ ഹോൾട്ടികൾച്ചർ ഡിപ്പാർട്ട് മെന്റിന്റെ കൈയിലുള്ളത്. ബി.എസ്.എൻ.എല്ലിന്റെ ഓഫീസും അടുത്തുണ്ട്.
പൂന്തോട്ടത്തിലൂടെ ഒരു നടത്തം കഴിഞ്ഞാൽ ചെറിയൊരു ട്രെക്കിങ് ആവാം. ശാന്തി ഫോൾസ് കാണാം. ഇസഡ് പോയിന്റ് കാണാം. റോസ്ഗാർഡൻ, റോക്ക്ഗാർഡൻ, ശങ്കരചോല, സൺസെറ്റ് പോയിന്റ് എന്നിവയും ചുറ്റുവട്ടത്താണ്. ഇവിടെ താമസിക്കാനൊരു ഗസ്റ്റ്ഹൗസുമുണ്ട്. വലിയവൃത്തിയൊന്നുമില്ലെങ്കിലും ഈ പ്രകൃതിയിൽ അതുമതിയെന്നു വെക്കാം.
കെമ്മന്നഗുണ്ടിയിൽനിന്ന് എട്ടുകിലോമീറ്റർ പോയാൽ ചിക്മംഗളൂരുവിലെ ഏറ്റവും ജലസമ്പന്നമായ വെള്ളച്ചാട്ടം കാണാം. കടുവാ സങ്കേതത്തിൽ മൊത്തമായി സഞ്ചാരികളെ പ്രവേശിപ്പിക്കാത്തതിനാൽ അപ്പോൾ അങ്ങോട്ട് പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു. പോകുന്നതിനു മുമ്പ് പ്രവേശനം ഉണ്ടോ എന്നു ഉറപ്പുവരുത്തുക. കെമ്മന്നഗുണ്ടിയിൽനിന്ന് പോയവഴിയോ അല്ലെങ്കിൽ അത്തിഗുണ്ടി വഴിയോ തിരിച്ച് ചിക്മംഗളൂരുവിൽ പിടിക്കാം. ഞങ്ങൾ കുറേ ദൂരം പോയ വഴിയേ തിരിച്ചുവന്ന ശേഷം ലിംഗദഹള്ളി തരിക്കരെ വഴി ബിരൂർ, കടൂർ വഴി നേരെ അയ്യങ്കരെ തടാകത്തിലേക്ക് വിട്ടു. സായന്തനം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണത്.
കോഴിക്കോട്നിന്ന് റോഡ്മാർഗം 383 കിലോമീറ്ററാണ് ഇവിടേക്ക്. കുഞ്ഞിപ്പള്ളി കൂത്തുപറമ്പ് വഴി കുടകിൽ കയറി ഹാസൻ ചിക്മഗളൂരു വഴി പോവാം. ഞങ്ങളുടെ യാത്ര മംഗളൂരു വഴിയായിരുന്നു. അത് ദൂരക്കൂടുതലാണ്. മംഗളൂരു നിന്ന് 212 കിലോമീറ്ററുണ്ട്. ഇവിടെ ട്രെയിനിറങ്ങി ചിക്മഗളൂരുവിലേക്ക് ബസ് പിടിക്കാം. ചിക്മംഗളൂരുവിൽ നിന്ന് 61 കിലോമീറ്ററുണ്ട്. അവിടെനിന്ന് ടാക്സിയാണ് നല്ലത്. ബസ് കുറവാണ്.
contact
Horticulture Department Guest House 08262 237126
Telebooking No: 08262 237127.