കാടിനുള്ളില്‍ ഒരു ഗ്രാമം. അഞ്ചോ ആറോ കുടുംബങ്ങളേയുള്ളൂ. അവര്‍ക്കുവേണ്ട അരിയും പച്ചക്കറിയും പാലും മുട്ടയുമെല്ലാം അവരുതന്നെ ഉണ്ടാക്കുന്നു. കറന്റ് എത്തിയിട്ടില്ല. ചെറുകിട ജലസേചനപദ്ധതിയും സോളാര്‍ എനര്‍ജിയും ഉപയോഗിച്ച് അവരാ ആവശ്യവും നിവര്‍ത്തിക്കുന്നു. ശുദ്ധവായുവും ശുദ്ധവെള്ളവും ശുദ്ധഭക്ഷണവും-അതുകൊണ്ടുതന്നെ ആസ്പത്രി വലിയൊരാവശ്യമല്ലിവിടെ. പണ്ട് സ്‌കൂളുണ്ടായിരുന്നു. ഇപ്പോ പഠിക്കാന്‍ കുട്ടികള്‍ പുറത്തുപോവുകയാണ്. സൗകര്യങ്ങളില്‍ അഭിരമിക്കുന്നവര്‍ കാടിനോട് ഗുഡ്ബൈ പറഞ്ഞ് നഗരങ്ങളിലേക്ക് ചേക്കേറി. എന്നിട്ടും ആറു കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെത്തന്നെ ജീവിക്കുന്നു. അവര്‍ക്ക് ആരാധിക്കാന്‍ വനശാസ്താവുണ്ടിവിടെ. ആ ക്ഷേത്രത്തിലെ ഉത്സവനാളില്‍ കാടിറങ്ങിയവരും തിരിച്ചെത്തും. ഉത്സവം കൂടും. ഫോട്ടോഗ്രാഫര്‍ സജി ഇങ്ങനെയൊരു നാടിനെപ്പറ്റി പറഞ്ഞപ്പോള്‍ ജാപ്പനീസ് ചലച്ചിത്രകാരന്‍ അകിരോ കുറസോവയുടെ ഡ്രീം എന്ന സിനിമയാണ് ഓര്‍മവന്നത്. അദ്ദേഹത്തിന്റെ സ്വപ്‌നത്തില്‍ ഇങ്ങനെയൊരു നാടുണ്ടായിരുന്നു. മോട്ടോര്‍വാഹനങ്ങളില്ലാത്ത കാറ്റിന്റെയും വെള്ളത്തിന്റെയും സഹായത്താല്‍ മില്ലുകളും കൃഷിയുമെല്ലാം നടന്നുപോരുന്നൊരു നാട്.

Karikke 1

പയ്യന്നൂരില്‍ തീവണ്ടിയിറങ്ങി മോട്ടോര്‍സൈക്കിളില്‍ യാത്ര തുടരുമ്പോള്‍ വാഹനപ്പെരുപ്പത്തിന്റെ ജീവല്‍ചിത്രങ്ങളിലൂടെതന്നെയാണ് ഞങ്ങളുടെ വണ്ടിയും പുകതുപ്പി കുതിക്കുന്നത്. അതിന്റെ പടപട ശബ്ദവും ചുറ്റുവട്ടത്തുള്ള ഹോണടികളും ചേരുമ്പോള്‍ നമ്മള്‍ നഗരജീവികളുടെ ലോകമായി. അതുകൊണ്ടുതന്നെ ഈ യാത്ര മറ്റൊരു സ്വപ്‌നത്തിലേക്കാണ്. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്നു തോന്നാം. എന്നാല്‍ ഇങ്ങിനെയും ചിലയിടങ്ങളുണ്ടെന്നു നാമറിയണം. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജും കുറസോവയുടെ സ്വപ്‌നഭൂമിയും ചേര്‍ന്നൊരു ലോകം. പയ്യന്നൂര്‍-കാഞ്ഞങ്ങാട്-പാണത്തൂര്‍ വഴി കരിക്കെയ്ക്ക് പോവാമെങ്കിലും, ചെറുപുഴയില്‍നിന്ന് സജിയെക്കൂടി കൂട്ടാനുള്ളതുകൊണ്ടും പുതിയൊരു വഴിയിലൂടെയാവാം യാത്ര എന്നതിനാലും വണ്ടി ചെറുപുഴയ്ക്ക് വിട്ടു. റോഡ് വളരെ മോശമായിരുന്നു. പലയിടത്തും ഓഫ് റോഡായി കിടക്കുകയാണ്. മാലോം-ചെറുപുഴ റോഡിലൂടെ മുന്നോട്ട് തേജസ്വിനി നദിക്ക് കുറുകെയുള്ള അരിയിരുത്തി പാലത്തിലൂടെ മറുകര കടന്ന് കാസര്‍കോട് ജില്ലയിലെത്തി. ചിറ്റാരിക്കല്‍ കഴിഞ്ഞ് വള്ളിക്കടവ് ജങ്ഷനില്‍ കള്ള് ഷാപ്പ് കണ്ടതും ഒരു ഷോട്ട് ബ്രേക്ക്. ഇവിടത്തെ പന്നിയിറച്ചിയും ബീഫും കപ്പയും പ്രശസ്തമാണ്. അതിന്റെ രുചിയറിഞ്ഞാവാം തുടര്‍യാത്ര. 

അടുത്തത് മാലോം ടൗണാണ്. അവിടെനിന്ന് വലതുതിരിഞ്ഞ് മരുതംതട്ട്, പന്ത്രക്കാവ് വഴി കോളിച്ചാല്‍ കയറി. വഴിയില്‍ വാഹനങ്ങള്‍ കുറവായിരുന്നു. കയറ്റവും ഇറക്കവും വളവും തിരിവും നിറഞ്ഞ വഴിയായിരുന്നു. കോളിച്ചാലില്‍നിന്ന് അല്പം മുന്നോട്ടുപോയതും പനത്തടി കണ്ടു. ഇവിടെനിന്നാണ് റാണിപുരത്തേക്കുള്ള വഴി തുടങ്ങുന്നത്. പാണത്തൂര്‍ എത്തി. പോകാനുള്ള ഗ്രാമം കര്‍ണാടക-കേരള അതിര്‍ത്തിയിലാണ്. കരിക്കെ എന്നാണ് പഞ്ചായത്തിന്റെ പേര്. കരിക്കെ ചെത്തലയത്ത് എത്തി ഉച്ചയൂണിന് സാജന്റെ നാടന്‍കടയിലേക്ക് കയറി. സാജന്‍ 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലായില്‍നിന്നു കുടിയേറിയതാണിവിടെ. കൃഷിക്കു പുറമേ ഈ ഹോട്ടലും തുറന്ന് ജീവിതം പച്ചപിടിച്ചു.

Karikke 2

കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് കൂടെ വരാമെന്നു പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം ബേക്കലില്‍നിന്നു പുറപ്പെട്ടിട്ട് ഒരു മണിക്കൂറായി. ഒരു അരമണിക്കൂറുകൂടി വേണ്ടിവരും ഇവിടെയെത്താന്‍. കാത്തിരിക്കുന്നതാണ് നല്ലതെന്നു തോന്നി. ആ ഗ്രാമത്തില്‍ പോവുമ്പോള്‍ ഗ്രാമത്തലവന്‍ കൂടെയുണ്ടാവുന്നത് നല്ല കാര്യമാണല്ലോ. ഫ്രണ്ട്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് വക ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കാരംബോര്‍ഡ് സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്. ഉച്ചയൂണിന്റെ ആലസ്യം കാരംസ് തട്ടി കുഴിയിലിട്ടൊടുക്കി. ഒരു കളി കഴിയുമ്പോഴേക്കും പഞ്ചായത്ത് പ്രസിഡന്റിന്റെ ജീപ്പ് വരുന്നത് കണ്ടു.

വെള്ള ഖദര്‍ധാരിയായ രാഷ്ട്രീയനേതാവ് പുറത്തിറങ്ങി. അതാണ് ബാലചന്ദ്രേട്ടന്‍. കരിക്കെ പഞ്ചായത്ത് പ്രസിഡന്റ്. എന്നാല്‍ ഇനി സമയം കളയണ്ട പോയേക്കാം. മോട്ടോര്‍ സൈക്കിള്‍ സാജന്റെ കടയ്ക്കരികില്‍ ഭദ്രമാക്കി വെച്ചു. ജീപ്പില്‍ കയറി. ബാഗമണ്ഡലയ്ക്കുള്ള കാനനപാതയിലൂടെ ജീപ്പ് കുതിച്ചു. പച്ചപ്പും വെള്ളച്ചാട്ടങ്ങളും കാടും കണ്ടുകണ്ടങ്ങനെ പട്ടി ജങ്ഷനിലെത്തി. അവിടെനിന്നും രണ്ട് കിലോമീറ്റര്‍ ഓഫ് റോഡാണ്. ഫോര്‍ വീല്‍ ജീപ്പേ പോവൂ. പഞ്ചായത്ത് പ്രസിഡന്റിന്റെ ജീപ്പ് ഫോര്‍വീലാണ്. കരിങ്കല്ല് പാകിയ വഴിയില്‍ ജീപ്പ് ചാടിച്ചാടി മലകയറാന്‍ തുടങ്ങി. ഇടയ്ക്ക് ഹനുമാന്‍ ഗിയറിലേക്ക് മാറി മലയില്‍ അള്ളിപ്പിടിച്ച് കയറാന്‍ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് മാത്രമല്ല നല്ലൊരു ഓഫ് റോഡ് ഡ്രൈവര്‍ കൂടിയാണ് ബാലേട്ടന്‍. അച്ഛന്‍ കാട്ടൂര്‍ നാരായണന്‍ നമ്പ്യാരില്‍നിന്ന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. ഉന്നതനേതാക്കളുമായി നല്ല ബന്ധമുണ്ടായിരുന്നു നമ്പ്യാര്‍ക്കും. അദ്ദേഹത്തിന്റെ സ്മാരകമായൊരു സ്‌കൂളും ഇവിടെയുണ്ട്. ഇവിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയകക്ഷിയുടെ ബാനറില്‍ മത്സരിക്കാന്‍ പറ്റില്ല. സ്വതന്ത്രസ്ഥാനാര്‍ഥിയായേ മത്സരിക്കാന്‍ പറ്റൂ. രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയുണ്ടാവും. എന്നാല്‍ പ്രത്യക്ഷരാഷ്ട്രീയം ഉണ്ടാവില്ല. ഈ പഞ്ചായത്തിലാകെ 4500 വോട്ടര്‍മാരേയുള്ളൂ. വോട്ടര്‍മാരുടെ എണ്ണം കൂടുമ്പോള്‍ പുതിയ പഞ്ചായത്ത് പിറക്കും. അതാണ് കര്‍ണാടക മോഡല്‍.

Karikke 3
കാടും കാട്ടാറുകളും താണ്ടി

വിശേഷങ്ങള്‍ക്കൊപ്പം ചാഞ്ചാടിയാടി ജീപ്പ് വനശാസ്താവിന്റെ സവിധത്തിലെത്തി. പുറമേനിന്നു നോക്കുമ്പോള്‍ പച്ച പുല്‍ത്തകിടിയില്‍ മനോഹരമായൊരു നിര്‍മിതി. അകത്ത് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍. അവിടെ പ്രകൃതിയുടെ എല്ലാ അഭിഷേകങ്ങളും ഏറ്റുവാങ്ങി അയ്യപ്പന്‍. അവിടെനിന്നും അരകിലോമീറ്ററു കൂടിയുണ്ട്. ഗ്രാമത്തിലേക്ക് പോവും വഴിയാണ് പഴയ സ്‌കൂള്‍കെട്ടിടം. മതിലു മാത്രമേ ബാക്കിയുള്ളൂ. പണ്ട് നാലാം ക്ലാസുവരെയുള്ള സ്‌കൂളായിരുന്നു. ഇപ്പോ പഠിക്കാന്‍ ബാഗമണ്ഡലയിലോ കരിക്കെയിലോ പോവണം. സ്‌കൂള്‍ കണ്ട് താഴോട്ടേക്ക് നടന്നു. ദൊഡ്ഡയ്യയുടെ വീട്ടിലാണ് ആദ്യം കയറിയത്. കൂപ്പുകൈകളുമായി ദൊഡ്ഡയ്യയും ലീലാവതിയും ഞങ്ങളെ സ്വീകരിച്ചു. അവര്‍ പകര്‍ന്നുതന്ന കട്ടന്‍കാപ്പിയും കുടിച്ച് വീടുകണ്ടു.

Karikke 4
കളിമണ്ണിലെ കുളിരില്‍ ഒരു ചുടുകാപ്പി

ചെളിയും കുളിര്‍മാവിന്റെ ഇലയും നന്നായി ഇടിച്ചുചേര്‍ത്ത് കല്ല് കനത്തില്‍ ഭിത്തി കെട്ടിപ്പൊക്കിയാണ് ഈ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു ദിവസം ഒരു മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കും. അതുറച്ച് കഴിഞ്ഞാലേ മേലോട്ട് പണിയൂ. അങ്ങനെ പൂര്‍ത്തിയാക്കിയ വീടുകളാണിവിടെ. കാട്ടിലെ നല്ല മരങ്ങള്‍ കൊണ്ടുള്ള മച്ചും മണ്ണിട്ട് ചാണകം മെഴുകിയ നിലവും നെല്ല് സൂക്ഷിക്കാനുള്ള ചൂരല്‍പത്തായവുമെല്ലാം കണ്ടു. ഉള്ളില്‍ കടക്കുമ്പോള്‍ തന്നെയറിയാം വീടിന്റെ കുളിര്. കുളിരകറ്റാന്‍ ലീലാവതി കാപ്പിയുമായെത്തി. ഗ്രാമത്തില്‍ വിളഞ്ഞ കാപ്പി വീട്ടില്‍ തന്നെ സംസ്‌കരിച്ചെടുത്തത്. കാപ്പിയില്‍ ഒഴിക്കാന്‍ നല്ല പശുവിന്‍പാലും. കൂടെ കഴിക്കാന്‍ പഴവും. വളര്‍ത്തുകോഴികള്‍ മുറ്റത്ത് വിലസുന്നു. പശുക്കളും പോത്തുമെല്ലാം പറമ്പില്‍ മേയുന്നു. എല്ലാത്തിനും കാടിന്റെ അന്തരീക്ഷം നല്‍കുന്ന ആരോഗ്യമുണ്ട്.

Karikke 5
കാനന പാതയില്‍

മുറ്റം കടന്ന് വയലിലേക്കിറങ്ങി. കല്യാണിനെല്ലുകള്‍ കാറ്റില്‍ തലയാട്ടി നില്‍ക്കുന്നു. കുന്നിറങ്ങി വരുന്ന അരുവികള്‍ വയലുകള്‍ നിറച്ച് വീണ്ടും ഒഴുകിക്കൊണ്ടിരിക്കുന്നു. പാടവരമ്പത്തു കൂടെ നടന്ന് രമേഷിന്റെ വീട്ടിലും കയറി. അവിടെയും കാപ്പി തയ്യാറായിരുന്നു. രമേഷ് പുതിയൊരു വീടു വെച്ചുകൊണ്ടിരിക്കുകയാണ്. പഴയവീടാണ് ഞങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ തന്നത്. രാത്രി, മലകളില്‍നിന്നുള്ള കോടയെല്ലാം ഈ താഴ്വരയിലേക്കിറങ്ങിയതുപോലെ. ആ കുളിരിന്‍പുതപ്പില്‍ കമ്പിളിക്കുള്ളില്‍ ചുരുണ്ടുറങ്ങുമ്പോള്‍ പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും അറ്റിരുന്നു. പക്ഷേ, മനസ്സ് മാത്രം എവിടെയൊക്കെയോ അലയുന്നു. ഗ്രാമവും കാടും സ്വപ്‌നങ്ങളും നിറയുന്ന നിശയില്‍ സ്വന്തം മനസ്സിലേക്ക് നോക്കിയിരുന്ന ധ്യാനനിമിഷങ്ങളില്‍ ഉറക്കം കടന്നുവന്നതറിഞ്ഞില്ല.

Karikke 6
കല്യാണിനെല്ലുകള്‍ ദൊഡ്ഡണ്ണയുടെ മക്കള്‍
Yathra
മാതൃഭൂമി യാത്ര വാങ്ങാം

കോഴികൂവിയതും കിളികള്‍ ചിലയ്ക്കാന്‍ തുടങ്ങിയതും മഞ്ഞിനുള്ളിലേക്ക് സൂര്യന്‍ കിനിഞ്ഞിറങ്ങുന്നതും പ്രകൃതിയുടെ പ്രഭാതകേളികളായിരുന്നു. ചൂടുള്ള കഞ്ഞിയും ചുട്ടപപ്പടവും കൂട്ടി ബ്രേക്ക്ഫാസ്റ്റ്. പിന്നെ കാടിറങ്ങി ബാലേട്ടന്റെ കുടുംബക്ഷേത്രമായ മഞ്ഞടുക്കം ശ്രീ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലും പോയി. ഇവിടത്തെ ഉത്സവവും പ്രസിദ്ധമാണ്. ശിവരാത്രി പിറ്റേന്ന് തുടങ്ങി 8 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തെയ്യമാണ് പ്രധാന ആകര്‍ഷണം. അമ്പലം കണ്ട് തിരിച്ച് കരിക്കെയിലെത്തി. ജീപ്പിറങ്ങി ബൈക്കെടുക്കാന്‍ നോക്കുമ്പോള്‍ സാജന്‍ചേട്ടന്റെ കടയില്‍ ചൂടു പൊറോട്ടയും ബീഫും തയ്യാറായിരുന്നു. കാട്ടിലെ കഞ്ഞിയുടെ രുചി കളയേണ്ടെന്നു കരുതി ഞങ്ങള്‍ അതു വേണ്ടെന്നുവെച്ചു. നേരെ പാണത്തൂര്‍-കാഞ്ഞങ്ങാട് വഴി പയ്യന്നൂരിലേക്ക് പോന്നു. കാഞ്ഞങ്ങാട്ടുനിന്ന് ചിക്കന്‍ ടിക്ക കഴിക്കാന്‍ മറന്നില്ല. വറുത്ത തേങ്ങ ചേര്‍ത്തുണ്ടാക്കുന്ന ടിക്കയുടെ രൂചിക്കൂട്ട് ഗംഭീരമാണ്. പക്ഷെ അപ്പോഴും കരിക്കെയിലെ തനതുരുചി നാവിന്‍ തുമ്പില്‍ നിന്നു മാഞ്ഞുപോയിരുന്നില്ല.

Content Highlights: Karikke, Kerala Karnataka Border Village, Mathrubhumi Yathra