കര്‍ണാടകയിലെ സക്‌ളേഷ്പുരിലെ കാടമന എസ്റ്റേറ്റിലെത്തിയതായിരുന്നു ഞാന്‍. നല്ല മഴ. വാസുവേട്ടന്‍ ഉണ്ടാക്കിത്തന്ന ചൂടുചായയും ബിസ്‌കറ്റും കഴിച്ചിരിക്കുമ്പോഴാണ് മേശപ്പുറത്ത് 'ബിയര്‍ഗേള്‍ ഓഫ് കാടമനൈ' എന്ന കുറിപ്പ് ലാമിനേറ്റുചെയ്ത് വെച്ചിരിക്കുന്നത് കണ്ടത്. കൗതുകംകൊണ്ട് ആ അക്ഷരങ്ങളിലൂടെ കടന്നുപോയി. പോകെപ്പോകെ കൗതുകം വര്‍ധിച്ചു. മംഗലാപുരത്തുനിന്ന് സക്‌ളേഷ്പുര്‍വഴി കൊടുംകാട്ടിലൂടെയുള്ള യാത്രകളും അതിനുംമുമ്പ് ചിക്കമഗളൂരുവിലെ കാനനദേശങ്ങളിലൂടെ നടത്തിയ ട്രക്കിങ്ങുമെല്ലാം മനസ്സില്‍ നിറഞ്ഞപ്പോള്‍ ഈ കഥയുടെ പശ്ചാത്തലവും കാലവും മനസ്സിനെ തൊടാനെത്തിയപോലെ. ഈ കഥ, അല്ല യഥാര്‍ഥ സംഭവം എല്ലാവരോടും പറയണമെന്നുതോന്നി. പ്ലാന്റേഴ്സ് ക്രോണിക്കിളിലും ബോംബെ നാച്വറല്‍ ഹിസ്റ്ററി ജേണലിലും ഒതുങ്ങേണ്ട ഒരു സംഭവമല്ലിത്.
സംഭവംനടന്ന സ്ഥലത്തായിരുന്നു ഞാനപ്പോള്‍ നിന്നിരുന്നത്. മൈസൂരുവിന്റെ വടക്ക് മൂന്നുജില്ലയിലായി വ്യാപിച്ചുകിടക്കുകയായിരുന്നു ആ ദേശം. 1947-ലാണ് കഥ നടക്കുന്നത്. 42 വര്‍ഷം നീണ്ടുനിന്ന കഥ 1992-ലാണ് ആദ്യമായി അച്ചടിമഷിപുരണ്ട് ലോകത്തിനുമുമ്പില്‍ എത്തുന്നത്. അതുവരെ ഇത് വാമൊഴിയായി ഈ പ്രദേശത്ത് പ്രചരിച്ചിരുന്നു. ഇതിലെ കഥാപാത്രങ്ങള്‍ ജീവനോടെയുണ്ടായിരുന്നു. ഈ കഥ പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇതിലെ കഥാപാത്രങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന മാനുഷികവും നിയമപരവുമായ നിലപാടുള്ളതുകൊണ്ടാണ് സംഭവം നടന്ന് ഒരുപാടുകാലം ഇത് അച്ചടിമഷി പുരളാതിരുന്നത്. ഒടുക്കം ഈ കഥയിലെ നായകന്‍തന്നെ വീണ്ടും ഇവിടെയെത്തി. എല്ലാ കഥാപാത്രങ്ങളും വിടവാങ്ങി എന്നറിഞ്ഞശേഷമാണ് കഥ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങിയത്. ആഖ്യാനം യഥാര്‍ഥ കഥാകാരനായ ആന്‍ഗസ് ഹട്ടനിലേക്ക് കൈമാറട്ടെ. എന്നാലേ ഒരു ഹരംകിട്ടൂ.
ആന്‍ഗസ് ഹട്ടന്‍ എഴുതുന്നു...
ഞാന്‍ ബ്രൂക്‌ബോണ്ട് കമ്പനിയിലായിരുന്നു ജോലി നോക്കിയിരുന്നത്. ഹൈവേവിസിലായിരുന്നു എന്റെ പോസ്റ്റിങ്. (ഇപ്പോള്‍ നമ്മള്‍ മേഘമല എന്നു പറയുന്ന പ്രദേശമാണ് ഈ ഹൈവേവിസ് -ലേഖകന്‍) 1947 ഏപ്രില്‍. എന്റെ മൂന്നാഴ്ചത്തെ വാര്‍ഷികാവധിക്കാലമായി. ഞാന്‍ ഹൈവേവിസില്‍നിന്ന് വടക്കന്‍ മൈസൂരിലേക്ക് ബൈക്കുമെടുത്ത് പുറപ്പെട്ടു. 500 മൈല്‍ സഞ്ചരിച്ച് കാടമന എസ്റ്റേറ്റിലെത്തി. അടുത്ത സുഹൃത്ത് ക്രിസ്റ്റഫര്‍ ലെസ്ലി അവിടെ മാനേജരാണ്. വനവാസിജീവിതത്തിന് ഭീഷണിയായൊരു നരഭോജി കടുവയുണ്ടായിരുന്നു അവിടെ. ഞങ്ങളൊന്നിച്ച് നേരത്തേയും ചില വേട്ടകള്‍ക്ക് പോയിരുന്നു. നരഭോജിയായ കടുവയെ കൊല്ലുക എന്നതിലെ ഉത്സാഹമായിരുന്നു ഈ ഒത്തുകൂടലിനുപിന്നില്‍.
കാടമനയിലെത്തി മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഷോളവര്‍ഗത്തില്‍പ്പെട്ട ഒരു മനുഷ്യന്‍ എന്നെ കാണാന്‍ വന്നു. അയാളുടെ ഭാര്യയെയും മൂന്നുവയസ്സുള്ള മകളെയും കടുവ കൊന്നുതിന്നെന്ന് പറഞ്ഞു. സങ്കടംകൊണ്ട് അയാള്‍ വിതുമ്പുന്നുണ്ടായിരുന്നു. കുഞ്ഞിനെ മൊത്തമായും കടുവ തിന്നെന്നും അമ്മയുടെ ശരീരഭാഗങ്ങളും വസ്ത്രത്തിന്റെ ചില അവശിഷ്ടങ്ങളുംമാത്രം കിട്ടിയെന്നും പറഞ്ഞു. അത് ആ മാസത്തെ മൂന്നാമത്തെ ആക്രമണമായിരുന്നു.

പിറ്റേദിവസം രണ്ട് ഷോളാസിനെയും രണ്ട് പുളിയാര്‍ വിഭാഗത്തില്‍പ്പെട്ടവരെയും കൂട്ടി ആക്രമണംനടന്ന സ്ഥലം കാണാന്‍ പോയി. എന്റെ കൈയില്‍ 375 മാന്‍ലികര്‍ ഷെര്‍ണിയാവര്‍ (Mannlicher schonaeur) റൈഫിള്‍ ഉണ്ടായിരുന്നു. ഒരു കരുതലായി വെബ്ലി45(Webley) റിവോള്‍വറും കൈയില്‍വെച്ചു. തോക്ക് പിടിക്കാനും വഴികാട്ടാനുമായി ചിന്നപ്പനും കൂടെവന്നു. ഡി.ബി.ബി.എല്‍.(DBBL) 12 ഗേജ് പാരഡോക്‌സ് ഷോട്ഗണ്‍, ക്രിസിന്റെ കൈയില്‍ 375 മാന്‍ലിക്കര്‍ കാര്‍ബിന്‍(Mannlicher Carbine) 38 കോള്‍ട്ട്(colt) റിവോള്‍വര്‍ എന്നിവയും കരുതി. പിന്നെ ടോര്‍ച്ചും രണ്ടുദിവസത്തേക്കുള്ള ഭക്ഷണവും. കുറേദൂരം ഞങ്ങള്‍ നടന്നു. കാട്ടുവഴിയിലെ ഒരു അരുവി മുറിച്ചുകടന്നുകഴിഞ്ഞപ്പോള്‍ കടുവയുടെ പുതിയ കാലടിപ്പാടുകള്‍ കണ്ടു. ഇത് ആ നരഭോജിയുടെ കാലടികള്‍തന്നെയാണെന്ന് കൂടെവന്ന ആദിവാസികള്‍ ഉറപ്പിച്ചുപറഞ്ഞു. കാരണം, മുള്ളന്‍പന്നിയുടെ അമ്പുകൊണ്ട് കാല് പഴുത്ത് അത് നിലത്തുവെക്കാന്‍ പാടുപെട്ടാണവന്‍ നടക്കുന്നത്. കടുവ നരഭോജിയായി മാറാന്‍ കാരണവും മറ്റൊന്നല്ല.
കുറച്ച് മുന്നോട്ടുപോയപ്പോള്‍ പാറക്കെട്ടിനടുത്ത് കുറ്റിമരങ്ങള്‍ക്കിടയില്‍ ഭാഗികമായി ഭക്ഷിച്ച് ഒരു പശുവിന്റെ ജഡം കണ്ടു. അത് എസ്റ്റേറ്റില്‍നിന്ന് നാലുദിവസംമുമ്പ് കാണാതായ പശുവിന്റേതാണെന്നും മനസ്സിലായി. കടുവ ഇത് തിന്നുതീര്‍ക്കാനായി വീണ്ടും വരും. ഞങ്ങള്‍ ഉറപ്പിച്ചു. പക്ഷേ, സുരക്ഷിതമായി എവിടെ ഒളിക്കും. തുറസ്സാണ്. അടുത്തൊന്നും മരങ്ങളില്ല. കൊല്ലപ്പെട്ട പശുവില്‍നിന്ന് കടുവ സഞ്ചരിച്ച വഴി ചിന്നപ്പനും സംഘവും കണ്ടുപിടിച്ചു. താഴെയുള്ള കൊടുംകാട്ടിലേക്കാണവന്‍ പോയിരിക്കുന്നത്.
അതിനടുത്തായി പാറക്കെട്ടുകളും കുറ്റിച്ചെടികളുമുള്ള ഒരു വിടവ് കണ്ടു. എന്തായാലും ഈ വഴിവേണം അവന് വീണ്ടും പശുവിനടുത്തെത്താന്‍. അപ്പോഴേക്കും സൂര്യന്‍ അസ്തമിക്കാറായിരുന്നു. എല്ലാവരെയും ഞങ്ങള്‍ എസ്റ്റേറ്റിലേക്ക് തിരിച്ചയച്ചു. വഴിയില്‍ ഒച്ചയുണ്ടാക്കി പോവാന്‍ പറഞ്ഞു. എല്ലാവരും പോയെന്ന് കടുവയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു അത്. മൂന്ന് റിവോള്‍വര്‍ ഷോട്ട് കേട്ടാല്‍ കടുവയെ വെടിവെച്ചു, നിങ്ങള്‍ക്ക് സുരക്ഷിതരായി ഇങ്ങോട്ട് വരാം എന്നതിന്റെ സിഗ്‌നലായിരിക്കും അത്. അല്ലെങ്കില്‍ ദൂരെത്തന്നെ നിന്നോളണം. അവര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തു. ശരിക്കും ഞങ്ങള്‍ ഒളിച്ചിരിക്കുന്നിടം ഒരു അപകടമേഖലയായിരുന്നു. എന്നാലും ആത്മവിശ്വാസമുണ്ടായിരുന്നു.
നിഴലുകള്‍ നീണ്ടു. ഒരു കൂട്ടം കുരങ്ങന്‍മാര്‍ അലാറം മുഴക്കി. ഞങ്ങള്‍ക്ക് മനസ്സിലായി കടുവ വന്നുതുടങ്ങി. കാറ്റ് അവന്റെ ഭാഗത്തുനിന്ന് ഇങ്ങോട്ടായിരുന്നു. അതുകൊണ്ട് ഭയം തോന്നിയില്ല. കടുവയ്ക്ക് മണംപിടിക്കാനുള്ള ശേഷി കുറവുമാണ്. ഞങ്ങള്‍ക്ക് അവന്റെ മണം കിട്ടാന്‍ സഹായകമാണ് അന്തരീക്ഷം. അതേ! അവന്‍ അടുത്തെത്തിക്കഴിഞ്ഞു. പെട്ടെന്നാണ് ഞങ്ങളുടെ തൊട്ടുപിന്നിലെ പാറയില്‍നിന്നൊരു അലര്‍ച്ച. അത് താഴ്വരയില്‍ത്തട്ടി പ്രതിധ്വനിച്ചു. പെട്ടെന്നൊരു ഭയം. കൂരിരുട്ടിലാണ് ഞാന്‍. ചുറ്റും നോക്കി. കടുവയുടെ തലയും രണ്ട് ചെവികളും കുറ്റിക്കാടിനുമുകളില്‍, കൂരിരുട്ടില്‍ ഒരു സില്‍ഔട്ട് പോലെ കണ്ടു. അവന്‍ ബഹളംവെക്കുന്ന കുരങ്ങന്‍മാരെ നോക്കുകയാണ്. അതേതായാലും സൗകര്യമായി.
ജീവിതത്തിലെ സുദീര്‍ഘമായ 30 സെക്കന്‍ഡ്! കടുവ കുന്നിറങ്ങുന്ന ശബ്ദം. കുറ്റിച്ചെടികള്‍ വകഞ്ഞുമാറുന്നതിന്റെ നേരിയ ശബ്ദം. എതിര്‍വശത്തേക്ക് ഞങ്ങള്‍ ഒളിച്ചിരിക്കുന്നിടത്തു നിന്ന് ഒരു പത്തടി. ഇരയ്ക്കടുത്തേക്കുള്ള വഴിയില്‍ മൊത്തം നിശ്ശബ്ദമായിരുന്നു. ശ്വാസനിശ്വാസത്തിന്റെ നേര്‍ത്തശബ്ദം കേള്‍ക്കാം. ഭാഗ്യം അത് ഞങ്ങളുടേതല്ല. കാരണം ഞങ്ങള്‍ ശ്വാസം അടക്കിപിടിച്ചിരിക്കുകയായിരുന്നു. ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ആകാംക്ഷയുടെ നിമിഷങ്ങള്‍. വിരലുകള്‍ കാഞ്ചിയിലായിരുന്നു. മുന്നില്‍ ഇരുട്ട്. ഒരു കിലുക്കം. പെട്ടെന്നുള്ള ആക്ഷന് അതൊരു വിളിയായിരുന്നു,
ഞൊടിയിടകൊണ്ട് ഇടതുകൈയിലെ ടോര്‍ച്ച് തെളിച്ചു. ഒരു വരയന്‍മതിലാണ് കണ്ടത്. വലിയ തുറന്ന വായ. ടോര്‍ച്ചില്‍ തിളങ്ങുന്ന കണ്ണുകള്‍. ദേഷ്യം കൊണ്ട് ചുഴറ്റുന്ന വാലുകള്‍. ക്രിസിന് ഷോള്‍ഡറില്‍ ബാരല്‍ അമര്‍ത്താന്‍ പറ്റിയില്ല. അഥവാ അതിനുള്ള സ്ഥലമില്ല. നെഞ്ചില്‍ അമര്‍ത്തി അവന്‍ കാഞ്ചി വലിച്ചു. പോയിന്റ് ബ്ലാങ്ക്. കൃത്യസമയം ഞാന്‍ അവന്റെ വായിലേക്കും നിറയൊഴിച്ചു. ആകാശത്തേക്ക് കുതിച്ചുപൊങ്ങി അവന്‍ വീണു. പിന്നെ നിശ്ചലനായി. ഇരുപതടി മാറി ഞങ്ങള്‍ ശ്വാസം തിരിച്ചുപിടിച്ചു. പിന്നെ കല്ലെടുത്ത് എറിഞ്ഞുനോക്കി. മരണം ഉറപ്പിച്ചു.
കൊലയാളിയുടെ അടുത്ത ഇരയാവാന്‍ പാകത്തില്‍ എത്ര അടുത്തായിരുന്നു ഞങ്ങളെന്ന് തിരിച്ചറിഞ്ഞു. പരസ്പരം തലകുലുക്കിയാണ് ഞങ്ങളത് പങ്കുവെച്ചത്. കാരണം, അപ്പോഴും ഉരിയാടാനുള്ള ധൈര്യം തിരിച്ചുകിട്ടിയിട്ടുണ്ടായിരുന്നില്ല. എസ്റ്റേറ്റിലേക്ക് നടക്കാമെന്ന് തീരുമാനിച്ചു. നടക്കുമ്പോള്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. അവന്‍ എഴുന്നേറ്റുവരുന്നോ എന്നൊരു തോന്നല്‍. ഒരു വെടിയൊച്ച കേട്ടു. മൂന്നുറൗണ്ട് തിരിച്ചടിച്ച് മറുപടി നല്‍കി. ഒരു മണിക്കൂര്‍. ആവേശത്തോടെ വരുന്ന ആള്‍ക്കൂട്ടം. പന്തവും കോഫിയും ബ്രാണ്ടിയുമായി എസ്റ്റേറ്റ് അസി. മാനേജരും സംഘവും.
എല്ലാവര്‍ക്കും അപ്പോള്‍ത്തന്നെ ചത്ത കടുവയെ കാണണം. അവന് ഇണയുണ്ടെങ്കിലോ? അത് നല്ലതല്ലെന്ന് ഞങ്ങള്‍ പറഞ്ഞു. കാട്ടുനായ്ക്കള്‍ കടുവാത്തോല്‍ നശിപ്പിച്ചേക്കുമെന്നറിയാമായിട്ടും മറിച്ചൊരു തീരുമാനമെടുത്തില്ല. പിറ്റേദിവസം പ്രദേശത്തെ ഷോളാസിനെയും പ്ലാന്റേഷന്‍ ജോലിക്കാരെയുംകൂട്ടി കടുവാത്തോലെടുക്കാന്‍ പോയി. ഞങ്ങള്‍ നിന്നയിടവും കടുവയെ കണ്ടിടവും തമ്മിലുള്ള അകലം പകല്‍വെളിച്ചത്തില്‍ കൂടുതല്‍ വ്യക്തമായി. വെറും മൂന്നടി. ക്രിസിന്റെ ആദ്യവെടി അവന്റെ ഹൃദയം തകര്‍ത്തു. എന്റെ റിവോള്‍വര്‍ ഷോട്ട് അവന്റെ തലയോട്ടിയും തകര്‍ത്ത് കഴുത്ത് ഛിന്നഭിന്നമാക്കി.
അതൊരു ആണ്‍കടുവയായിരുന്നു. 11 അടി രണ്ടിഞ്ച് നീളം. വലതുകാലില്‍ മുള്ളന്‍പന്നിയുടെ മുള്ള് തറച്ചിരിക്കുന്നു. കാലില്‍ പഴുപ്പ് കയറിയിട്ടുണ്ട്. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ അത് മരിക്കും. ജീവിച്ചിരുന്നെങ്കില്‍ ഇനിയും മനുഷ്യക്കുരുതിക്ക് സാധ്യതയുണ്ട്. പ്ലാന്റേഷനില്‍ നാലുദിവസം ആഘോഷമായിരുന്നു. ഭാര്യയുടെയും മകളുടെയും മരണത്തിന് കാരണക്കാരനായ കടുവയെ കൊന്നതിനാല്‍ ആ കുടുംബം പ്രത്യേകം സന്തോഷം പങ്കുവെച്ചു. മൊത്തത്തില്‍ 100 മൈല്‍ നടന്നിട്ടുണ്ടാവണം ഞങ്ങളന്ന്. മൈസൂര്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് 10 രൂപ പാരിതോഷികം തന്നു. 1.50 പൗണ്ട്. ഞങ്ങള്‍ ചെലവാക്കിയ ഉണ്ടയ്ക്ക് തികയുമായിരുന്നു അത്!
***
കാടമനൈയില്‍ ജീവിതം പഴയപോലെയായി. ഞാന്‍ ടീ പ്ലാന്റേഷന്‍ സര്‍വേയും തോട്ടമൊരുക്കലുമായി ഹൈവേവിസില്‍ പോയി. ക്രിസിനും അങ്ങോട്ട് മാറ്റമായി. 1948-ല്‍ ഇംഗ്ലണ്ടിലേക്കുപോയ ഞങ്ങള്‍ 1949-ല്‍ പുതിയ ടീ എസ്റ്റേറ്റില്‍ നിയമിക്കപ്പെട്ടു. 1950-ല്‍ സീനിയര്‍ അസി. മാനേജരായി ഞാന്‍ കാടമനൈ എസ്റ്റേറ്റില്‍ എത്തി. പഴയ സുഹൃത്തുക്കളെക്കണ്ട് സൗഹൃദം പുതുക്കി. ഭാര്യ മരിച്ചുപോയ ഷോള വേറെ കല്യാണം കഴിച്ചു. ആ കല്യാണത്തിന് എന്നെ അവര്‍ ഗ്രാമത്തിലേക്ക് ക്ഷണിച്ചു. വലിയ ആഘോഷമായിരുന്നു.
അത് സൈത്താനിയാണ്
1951 മാര്‍ച്ച്. വീണ്ടുമൊരു കടുവ ശല്യക്കാരനായി പ്രത്യക്ഷപ്പെട്ടു. പശുവും ആടും കോഴിയുമെല്ലാം നഷ്ടപ്പെട്ടു തുടങ്ങി. ജനങ്ങള്‍ക്ക് കുട്ടികളെ ഓര്‍ത്ത് വേവലാതി തുടങ്ങി. എല്ലാവരും വേലയ്ക്കുപോവുമ്പോള്‍ പലപ്പോഴും കുട്ടികള്‍മാത്രമേ വീട്ടിലുണ്ടാവൂ. സഹായിക്കാമെന്ന് ഞാനവര്‍ക്ക് ഉറപ്പുകൊടുത്തു. കുദ്രേമുഖിന് സമീപമുള്ള കാട്ടില്‍ കടുവ ഒരു ജീവിയെ കൊന്നിട്ടത് കണ്ടെന്ന് പുള്ളിയാര് വിഭാഗത്തില്‍പ്പെട്ടവര്‍ വന്നുപറഞ്ഞു. ചൂരല്‍ ശേഖരിക്കാനും തേനെടുക്കാനും കാടുകയറുന്നവരാണവര്‍. എല്ലാ സന്നാഹങ്ങളുമായി ഞാന്‍ തയ്യാറായി. ഷിക്കാരി ചിന്നപ്പനെയും കുറച്ച് വഴികാട്ടികളെയും കൂടെക്കൂട്ടി. ആരും പോവാത്ത വഴിയാണ്. പലയിടത്തും അടിക്കാടുകളും മുളയും വെട്ടി വഴിയുണ്ടാക്കിവേണം നീങ്ങാന്‍. അങ്ങനെയൊരിടത്ത് മുളവെട്ടിക്കൊണ്ടിരിക്കെ മുന്നില്‍ തെളിഞ്ഞ വഴിയില്‍ ഒരു പുല്‍മേട് കണ്ടു.
അകലെ സൂര്യവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്നൊരു ജീവിയെയും. അത് തൊട്ടടുത്തെ മുളംകാട്ടില്‍നിന്ന് ഇറങ്ങിവന്നതാണെന്ന് തോന്നുന്നു. സൂര്യവെളിച്ചത്തിലേക്ക് മിഴിച്ചുനോക്കുന്ന ജീവി ഇടയ്ക്കിടെ പിന്തിരിഞ്ഞ് നോക്കുന്നുമുണ്ട്. ഒരു നിമിഷം ഞങ്ങളെല്ലാം തരിച്ചുനിന്നു. അതൊരു കരിമ്പുലിയാണോ. അല്ല, വാല് കാണുന്നില്ല. കുരങ്ങാണോ, കരടിക്കുട്ടിയാണോ. അല്ല അത്രയ്ക്ക് രോമം കാണാനില്ല. പെട്ടെന്ന് എനിക്കുതോന്നി അതൊരു മനുഷ്യക്കുട്ടിയല്ലേ? ജടപിടിച്ച മുടിയും അഴുക്കുപുരണ്ട ദേഹവുമായി ഒരു മനുഷ്യക്കുഞ്ഞിന്റെ രൂപം. റൈഫിള്‍ പരിധിയില്‍ നിന്നുകൊണ്ട് അതിനെ ചൂണ്ടി പുള്ളിയാര്‍മാരോട് മന്ത്രിക്കുന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു. എന്താണത്?
''സൈത്താനി'' അവര്‍ പറഞ്ഞു. അതും പറഞ്ഞ് അയാളും മറ്റുള്ളവര്‍ക്കൊപ്പം തൊട്ടടുത്ത മരത്തില്‍ക്കയറി മറഞ്ഞിരുന്നു. എനിക്ക് ഷൂട്ടുചെയ്യാനുള്ള സിഗ്‌നലുകള്‍ തരാന്‍ തയ്യാറായി നിലകൊണ്ടു. ഇതെല്ലാംകൂടി ഒരു മുപ്പത് സെക്കന്‍ഡിനുള്ളിലാണ് നടക്കുന്നത്. 'സൈത്താനി' ഞങ്ങളുടെ ശബ്ദംകേട്ടു. മറഞ്ഞിരിക്കുന്നതുകൊണ്ട് കണ്ടില്ല. അത് എഴുന്നേറ്റു. മുന്നോട്ടും പിറകോട്ടും നോക്കി. വിചിത്രമായൊരു ശബ്ദം പുറപ്പെടുവിച്ചു. തുടര്‍ന്ന് ഒരു കരടിയുടെ അലാംകോള്‍ കേട്ടു. മുളങ്കാട്ടില്‍നിന്നൊരു കൂറ്റന്‍ കരടി ഇറങ്ങിവന്നു. സൈത്താനിയെ തൂക്കി പുറത്തിരുത്തി. ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് ഒരു നോട്ടവും നോക്കി അത് കാട്ടിലോട്ട് മറഞ്ഞു. ഞാനിപ്പോള്‍ മരത്തിനുമുകളിലാണ്.
ഞാന്‍ കാണുന്നതെല്ലാം കൂടെയുള്ളവരും കാണുന്നുണ്ടോ എന്ന് ചോദിച്ചു. കാട്ടിലെ ജീവിതം നന്നായറിയാവുന്ന അവരെല്ലാം എന്റെ യുക്തിഭദ്രമായ നിഗമനത്തോട് യോജിച്ചു. 'സൈത്താനി' ആറോ ഏഴോ വയസ്സുള്ള ഒരു കുട്ടിയാണ്. കരടിയും അതും തമ്മില്‍ എന്തോ ആശയവിനിമയം നടക്കുന്നുണ്ട്. മിക്കവാറും ഒന്നിച്ച് ജീവിക്കുംപോലുണ്ട്. പഴങ്ങളും ചിതലുപോലുള്ള പ്രാണികളെയും ഭക്ഷിക്കുന്നുമുണ്ട്.
എന്താണ് നടക്കാന്‍ പോവുന്നതെന്ന് എല്ലാവര്‍ക്കും ഉത്കണ്ഠയും ആകാംക്ഷയും വര്‍ധിച്ചു. എന്തായാലും ഇത് എന്താണെന്നറിയണമെന്ന എന്റെ നിലപാടിനോട് അവരെല്ലാം യോജിച്ചു. പുള്ളിയാരില്‍ ഒരാള്‍ എന്നോട് പറഞ്ഞു: ''കുറച്ചുദൂരം മലമുകളിലായി അവിടെയൊരു ഗുഹയുണ്ട്. ഒരു വര്‍ഷംമുമ്പ് തേനെടുക്കാന്‍പോയ പുള്ളിയാരിലൊരാള്‍ അവിടെയൊരു കരടിയെ കണ്ടിരുന്നു. ഇത് അതേ കരടിയാവാനാണ് സാധ്യത.''
ഒന്നുരണ്ട് മണിക്കൂറുകൊണ്ട് ഞങ്ങള്‍ ഗുഹാപരിസരത്തെത്തി. ഗുഹയ്ക്ക് രണ്ട് വഴിയുണ്ട്. ഉള്ളില്‍ വഴിതിരിവുകളുണ്ട്. ഒരു ഗുഹാവഴിക്കടുത്ത് കരടിയുടെ പുതിയ കാല്‍പ്പാടുകളും മനുഷ്യകാലടയാളങ്ങളും കണ്ടു. അത് ഗുഹയിലേക്ക് നയിക്കുന്നതായും മനസ്സിലായി. കരടികള്‍ സാധാരണയായി ചൂടുള്ള സമയത്ത് ഗുഹയ്ക്കുള്ളിലായിരിക്കും. രാവിലെയും വൈകീട്ടുമാണ് ഇരതേടുന്നത്. ഇപ്പോ ഇതിനകത്ത് കാണാന്‍ സാധ്യതയുണ്ട്.
ഓപ്പറേഷന്‍ സൈത്താനി
ആഴ്ചകള്‍ക്കുമുമ്പ് എസ്റ്റേറ്റില്‍ കുറുമ്പാലവര്‍ഗക്കാര്‍ അവരുടെ കയര്‍വലയുമായി വന്ന് പന്നികളെ പിടിച്ചത് എനിക്കോര്‍മവന്നു. തേയിലത്തോട്ടത്തില്‍ പ്രശ്‌നമുണ്ടാക്കിയ പന്നികളെയാണവര്‍ വലവെച്ച് കുരുക്കിയത്. സൈത്താനിയെ പിടിക്കാനുള്ള ഓപ്പറേഷനില്‍ ഇവരാണ് പ്രധാന സഹായികള്‍. ഞാന്‍ തീരുമാനിച്ചു, കരടിയെ വെടിവെക്കാതെ, 'സൈത്താനി'ക്ക് ഒന്നുംപറ്റാതെ പിടിക്കണം. സാധാരണനിലയില്‍ കരടികള്‍ മനുഷ്യരെ ആക്രമിക്കാറില്ല; അവയ്ക്ക് എന്തെങ്കിലും കഷ്ടം ഉണ്ടാക്കിയാലോ മുന്നില്‍ പെട്ടുപോയാലോ അല്ലാതെ. വഴികാട്ടികളായ രണ്ടുപേരെ ഞാന്‍ എസ്റ്റേറ്റിലേക്ക് പറഞ്ഞുവിട്ടു. ഗുഹാവഴി ഒഴിവാക്കി പോവാന്‍പറഞ്ഞു. എന്റെ മാനേജര്‍ക്ക് ഒരു നോട്ട് കൊടുത്തയച്ചു.
പന്നിക്കെണിയായുള്ള വലകളും കുറുമ്പാലരെയും വേഗം സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചു. ശബ്ദമുണ്ടാക്കാതെ, വേട്ടപ്പട്ടികളെക്കൂടാതെ വരണമെന്നും നിര്‍ദേശിച്ചു. എന്താണിവിടെ സംഭവിക്കുന്നതെന്ന് അതില്‍ വിശദമാക്കിയിരുന്നു. എസ്റ്റേറ്റ് വയലില്‍നിന്ന് ആനകളെ ഓടിക്കാന്‍ ഉപയോഗിക്കുന്ന കുറച്ച് ഏറുപടക്കവും കൊടുത്തയക്കാന്‍ പറഞ്ഞു. രാവിലെ ഒമ്പതുമണിക്കാണ് പറഞ്ഞുവിടുന്നത്. ആറുമണിക്കൂറിനുള്ളില്‍ അവര്‍ തിരിച്ചെത്തും. ഓപ്പറേഷന് ഒരു മൂന്നുമണിക്കൂറും. ഭാഗ്യമുണ്ടെങ്കില്‍ സൈത്താനിയെയും പിടിച്ച് പകല്‍ വെളിച്ചത്തില്‍ത്തന്നെ ഇവിടെനിന്ന് പോവാന്‍ പറ്റും-ഞാന്‍ കണക്കുകൂട്ടി.
മുകളില്‍ ഗുഹാഭാഗം വലകൊണ്ട് പൊതിഞ്ഞു. പ്രധാനവഴിയില്‍ അവരുടെ പരമ്പരാഗതരീതിയില്‍ വലവിരിക്കാനും പറഞ്ഞു. വലവിരിച്ച് മുപ്പല്ലി ഉപയോഗിച്ച് ഇരയെ വലയിലാക്കുന്നൊരു രീതിയുണ്ടവര്‍ക്ക്. ഷിക്കാരി ചിന്നപ്പനും ഷോളയും മുകളിലെ ഗുഹാകവാടത്തില്‍ കാവല്‍നിന്നു. ഡി.ബി.ബി.എല്‍.(DBBL)പാരഡോക്‌സ് ഷോട്ട്ഗണ്ണും റൈഫിളുമായി ഞാനും. മറ്റ് ഷോളവര്‍ഗക്കാര്‍ പ്രധാന കവാടത്തിനരികിലും നിലയുറപ്പിച്ചു.
പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ മുമ്പുതന്നെ 10 കുറുമ്പര്‍മാരും അവരുടെ വലയും എന്റെ വഴികാട്ടികളും എല്ലാമെത്തി. മൂന്നുമണിയായിക്കാണും. അവരുടെ തലവനോടുമാത്രം എന്റെയരികിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ പ്ലാന്‍ വിശദീകരിച്ചു. അവര്‍ അതുപ്രകാരം മേല്‍ഭാഗം വലവിരിച്ച് ബന്തവസ്സാക്കി. താഴെ വലവിരിച്ച് അഞ്ചടി ഉയരത്തില്‍ പൊക്കാന്‍ പാകത്തില്‍ സംവിധാനമൊരുക്കി. ഷോളാസില്‍ ഒരാളോട് മുകളിലെ ഗുഹാമുഖത്ത് പടക്കംപൊട്ടിക്കാന്‍ നിര്‍ദേശിച്ചു. കരടി പുറത്തേക്ക് ചാടിയാല്‍ തൊട്ടടുത്തെ മരത്തിന് മുകളിലിരിക്കുന്നവര്‍ക്ക് കൃത്യമായി കാണാം. കരടിമാത്രമാണ് വരുന്നതെങ്കില്‍ വലപൊക്കി അതിനെ പോകാന്‍ അനുവദിക്കുക. ചിന്നപ്പന്‍ കരടിയുടെ തലയ്ക്ക് മുകളിലൂടെ വെടിവെക്കുക. കരടി ഓടാന്‍ വേണ്ടിയാണത്. വീണ്ടും വലതാഴ്ത്തി, പിന്നാലെ വരുന്ന സൈത്താനിയെ വലയിലാക്കുക. ഇതായിരുന്നു പ്ലാന്‍. ഇനി ഒന്നിച്ചാണ് വരുന്നതെങ്കിലോ? വല അതേപടി കിടക്കും. സൈത്താനിക്കൊന്നും പറ്റാതെ ഞാന്‍ കരടിയെ വെടിവെക്കും. ഈ ക്‌ളോസ്റേഞ്ച് ഓപ്പറേഷനുവേണ്ടിയാണ് പാരഡോക്‌സ് ഡി.ബി.ബി.എല്‍. ഷോട്ട്ഗണ്‍. ചിന്നപ്പന്റെ കൈയില്‍ എന്റെ 375 ഗണ്ണുമുണ്ട്; എനിക്ക് കരുതലായും അത്യാവശ്യത്തിന് ഉപയോഗിക്കാനും.
കരടിക്ക് മേല്‍ഭാഗത്തുകൂടി രക്ഷപ്പെടാന്‍ പ്രയാസമാണ്. ദ്വാരം ചെറുതാണവിടെ. സൈത്താനിക്ക് സാധിക്കും. രണ്ട് കുറുമ്പാലന്‍മാര്‍ അവിടെ കാവല്‍നിന്നു. അതുവഴി വന്നാല്‍ പിടികൂടാന്‍ തക്കവണ്ണം. എല്ലാം സജ്ജമായി. പടക്കം പൊട്ടി. ഇടിവെട്ടുന്നപോലെ ശബ്ദം. ഭൂമിയൊന്ന് കുലുങ്ങിയപോലെ. മൊത്തം പുകമയമായി. ഭാഗ്യത്തിനത് പെട്ടെന്നുതന്നെ തെളിഞ്ഞു. കരടി ഒരു റോക്കറ്റുകണക്കെ പുറത്തേക്കുചാടി. പൊക്കിയ വലയ്ക്ക് മുട്ടി മുട്ടിയില്ലെന്ന മട്ടില്‍ അത് ഓടി. ചിന്നപ്പന്റെ വെടിപൊട്ടിക്കല്‍ കൂടിയായതോടെ അത് പ്രാണനും കൊണ്ടോടി.
വല വീണ്ടും പഴയ പൊസിഷനിലായി. ഞങ്ങള്‍ കാത്തിരുന്നു. പക്ഷേ, ഒന്നും കണ്ടില്ല. അഞ്ച് മിനിറ്റിനുശേഷം വീണ്ടുമൊരു പടക്കം പൊട്ടിച്ചു. പുകമാറിയപ്പോള്‍ ചില ശബ്ദങ്ങള്‍ കേട്ടു. അത് എന്തായാലും ഗുഹയ്ക്കുള്ളിലുണ്ട്. അതും ജീവനോടെത്തന്നെ. കുറുമ്പാലര്‍ മൂന്നാംവട്ടവും പടക്കമെറിയാന്‍ തയ്യാറായിരുന്നു. പക്ഷേ, അതിനെന്തെങ്കിലും സംഭവിച്ചാലോ. ഞങ്ങള്‍ ഗുഹയുടെ ഉള്ളില്‍ പുക കയറാന്‍ തക്കവണ്ണം തീയിട്ടു. വൃത്തിഹീനമായ ശരീരത്തോടെ ഒരു ചെറിയ അപരിചിത രൂപി വിചിത്രമായ ശബ്ദം പുറപ്പെടുവിച്ച് പുറത്തുവന്നു. വലപൊക്കി. അത് കുടുങ്ങി. സൈത്താനിതന്നെ. പല്ലും നഖവും ഉപയോഗിച്ച് രക്ഷപ്പെടാനുള്ള തീവ്രശ്രമം. തന്ത്രപൂര്‍വം കൈയും കാലും കെട്ടി. വായില്‍ തുണിതിരുകി.
എല്ലാവര്‍ക്കും അദ്ഭുതമായിരുന്നു. സൈത്താനി ആറോ ഏഴോ വയസ്സുള്ള ഒരു പെണ്‍കുട്ടിയാണെന്ന് മനസ്സിലായി. വല്ലാത്ത നാറ്റം, അഴുക്കുപുരണ്ട മുടി, ജടപിടിച്ചിരിക്കുന്നു. മലേറിയപോലുള്ള എന്തോ രോഗം പിടിപെട്ടപോലെയുണ്ട്. ആ കണ്ണുകളും രൂപവും ദിവസങ്ങളോളം പിന്നെയെന്നെ വേട്ടയാടി. പെട്ടെന്നൊരു സ്ട്രച്ചര്‍ ഉണ്ടാക്കി. പെണ്‍കുട്ടിയെ അതില്‍ കിടത്തി. അവളിപ്പോള്‍ 'കരടിപുള്ളൈ'യായി. ഒരു ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് 10 മൈല്‍ അകലെയുള്ള എസ്റ്റേറ്റിലേക്ക് കൊണ്ടുവന്നു. ഇടയ്ക്ക് അവളുടെ മുഖമൊന്ന് കഴുകാനും വെള്ളം കൊടുക്കാനും അരുവിക്കരയില്‍ നിന്നു. ഒരു മുളം പൈപ്പിലൂടെ വായില്‍ തിരുകിയ തുണിക്കഷ്ണത്തിനിടയിലൂടെയാണ് വെള്ളം കൊടുത്തത്.
സായാഹ്നത്തോടെ എസ്റ്റേറ്റിലെത്തി. മുളംകമ്പില്‍ അടിച്ച് ശബ്ദമുണ്ടാക്കി ആശയവിനിമയം നടത്തുന്ന കാടുകളിലെ അന്നത്തെ കമ്പിയില്ലാകമ്പിയിലൂടെ ഇതിനകം വിവരം അവിടെയെത്തിയിരുന്നു. ജീപ്പുമായി എസ്റ്റേറ്റ് മാനേജര്‍ കാത്തിരുന്നു. അതില്‍ കയറി നേരെ ആശുപത്രിയിലേക്ക് വിട്ടു. ഡോക്ടര്‍ കരടിപുള്ളൈയെ പെത്തഡിന്‍ നല്‍കി മയക്കി. കെട്ടുകളെല്ലാം അഴിച്ചു. നഴ്സ് കഴുകി വൃത്തിയാക്കി. നഖംവെട്ടി, മുടിവെട്ടി. ശരീരത്തിലെ പല്ലും നഖവുംകൊണ്ട പോറലുകള്‍ കഴുകി വൃത്തിയാക്കി മരുന്നുവെച്ചു. ഗംഭീരമായൊരു ജോലിതന്നെയായിരുന്നു നഴ്സിന്റേത്.
ഇതിനിടയില്‍ അവളുടെ മുതുകിലെ അടയാളം ശ്രദ്ധയില്‍പ്പെട്ടു. കൂര്‍ത്ത മുളയറ്റംകൊണ്ട് മുറിവേല്‍പ്പിച്ച് അതില്‍ ചാര്‍ക്കോള്‍ പൊടിയിട്ട് റബ്ബ് ചെയ്ത ഉണ്ടാക്കുന്ന അടയാളമാണത്. സാധാരണ ഷോളാസ് കുഞ്ഞ് ജനിച്ചാലുടനെ ചെയ്യുന്നതാണത്. പെട്ടെന്ന് കൂട്ടത്തിലുണ്ടായിരുന്ന ഷോളാസ്, ഇത് എന്റെ ചേട്ടന്റെ മകളാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. മൂന്നുവര്‍ഷംമുമ്പ് കടുവ കൊന്ന അമ്മയുടെ മകള്‍. ഇവളെയും കടുവ കൊന്നുതിന്നെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്! പെണ്‍കുട്ടിയുടെ പേര് അയാള്‍ പറഞ്ഞില്ല. കാരണം. മൂന്നുവര്‍ഷംമുമ്പ് എല്ലാ മരണാനന്തരച്ചടങ്ങുകളും ഏറ്റുവാങ്ങി പോയ 'ഒരാത്മാവാണത്.' അങ്ങനെ സംസ്‌കരിച്ചതാണവളെ. പേരുപറയാന്‍ പാടില്ലെന്നത് അവരുടെ ആചാരവിശ്വാസത്തിന്റെ ഭാഗമാണ്.
അനന്തരം അവള്‍ വളര്‍ന്നു; നാട്ടിലെ പെണ്‍കുട്ടിയായി
പിറ്റേദിവസം രാവിലെ ആശുപത്രിയില്‍ വന്‍ ജനക്കൂട്ടം. പെണ്‍കുട്ടിയുടെ അച്ഛനും ഗ്രാമവാസികളാകെയും അവിടെയെത്തിയിരുന്നു. രാത്രിമുഴുവന്‍ കാട്ടിലൂടെ നടന്നാണ് അവര്‍ എത്തിയിരിക്കുന്നത്. അന്നുരാത്രിതന്നെ 50 മൈല്‍ അകലെയുള്ള സക്‌ളേഷ്പുരിലേക്ക് ജീപ്പില്‍ ഒരു സംഘത്തെ അയച്ചിരുന്നു. കളക്ടറെക്കണ്ട് ഈ കണ്ടെത്തല്‍ അറിയിക്കാനും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കാനും പോലീസ് സംരക്ഷണം ആവശ്യപ്പെടാനും വേണ്ടിയാണ് അവരെ അയച്ചത്. കൈയും കാലും കെട്ടിയിട്ട നിലയിലാണ് അവളിപ്പോള്‍. ഭാഗികമായ മയക്കത്തിലാണ്. അവളുടെ കുടുംബക്കാര്‍ കൊണ്ടുവന്ന കാട്ടുപഴങ്ങള്‍ കഴിച്ചു. മൃഗങ്ങള്‍ കുടിക്കുംപോലെയാണ് വെള്ളം കുടിച്ചത്. വേവിച്ച ആഹാരപദാര്‍ഥങ്ങള്‍ തൊട്ടുനോക്കിയതേയില്ല.
എസ്റ്റേറ്റ് ജീപ്പില്‍ ഞാനും അവളോടൊപ്പം ആശുപത്രിയിലേക്ക് പോയി. അവളുടെ അച്ഛനും അയാളുടെ ഇപ്പോഴത്തെ ഭാര്യയും അമ്മാവനും രണ്ട് പരിചാരകരുമായി ഓവര്‍ലോഡായിരുന്നു ജീപ്പ്. അവളെ മയക്കി ബ്ലാങ്കറ്റില്‍ പൊതിഞ്ഞാണ് കൊണ്ടുപോയത്. മനോരോഗവിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. പത്ത് ചതുരശ്രയടിമാത്രം വലുപ്പമുള്ള ചെറിയൊരു മുറി. ഒരു ജയില്‍മുറിപോലെ. തറയില്‍ വൈക്കോലും ചില ഇലകളും വിരിച്ച് മെത്തപോലെയാക്കിയിട്ടുണ്ട്. വിചിത്ര വാര്‍ത്ത തേടി വന്നവരെയെല്ലാം ഒഴിവാക്കി, 24 മണിക്കൂര്‍ പോലീസ് സേവനം ലഭ്യമാക്കി.എന്റെ കഴുത്തില്‍ നിറയെ പൂമാലകള്‍ വീണു. പോക്കറ്റ് ചെറുനാരങ്ങകള്‍കൊണ്ട് നിറഞ്ഞു. എല്ലാം അവരുടെ നന്ദിനിറഞ്ഞ സ്‌നേഹം.
ആശുപത്രിയിലെ മാനസികരോഗവാര്‍ഡിലെ പരിചാരകന്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. അയാള്‍ക്ക് ഷോളാസിന്റെ ഭാഷ നന്നായി അറിയാമായിരുന്നു. കുടുംബവുമായി സംസാരിക്കാന്‍ അതെളുപ്പമായി. കരടിയുടേതടക്കം പല മൃഗങ്ങളുടെയും വിവിധ ശബ്ദങ്ങളും അതിന്റെ അര്‍ഥവുമറിയുന്നവരായിരുന്നു ഷോളാസ്. അവളില്‍ മെല്ലെമെല്ലെ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു. സെല്ല് വൃത്തിയാക്കുമ്പോള്‍ അവള്‍ ജനല്‍ക്കമ്പിയില്‍ പിടിച്ച് കൗതുകത്തോടെ നോക്കിയിരിക്കും. കൂടുതല്‍ സമയവും അവള്‍ ഒളിച്ചിരിക്കാന്‍ ഇഷ്ടപ്പെട്ടു. രാവിലെയും വൈകീട്ടുമാണ് പുറത്തിറങ്ങുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ രംഗത്തെത്തി. ടൈംസ് ഓഫ് ഇന്ത്യയില്‍ 'ബിയര്‍ഗേള്‍ മിസ്റ്ററി' എന്ന തലക്കെട്ടോടെ വാര്‍ത്തവന്നു. സര്‍ക്കാര്‍ നരവംശശാസ്ത്രവകുപ്പ് എടുത്ത ഫോട്ടോയും കൂടെയുണ്ടായിരുന്നു. ഫോട്ടോഗ്രാഫി വിലക്കിയതിനാലാല്‍ സര്‍ക്കാര്‍വകുപ്പില്‍നിന്നാണ് അവര്‍ ഫോട്ടോ സമ്പാദിച്ചത്.

രണ്ടാഴ്ചകഴിഞ്ഞ് അവളെ ഉടുപ്പിക്കാനുള്ള ശ്രമം നടത്തി. അവള്‍ക്ക് ദേഷ്യംപിടിച്ചു. ഷോളാസിന് അറിയാവുന്ന കരടിഭക്ഷണം ആദ്യം കാട്ടില്‍നിന്ന് ശേഖരിച്ചുകൊണ്ടുവന്ന് കൊടുത്തു. കരടി കഴിക്കുന്നതുപോലെ കൈയുടെ പിറകുവശംകൊണ്ട് പഴങ്ങള്‍ വായിലേക്ക് തള്ളിയാണവള്‍ കഴിച്ചുകൊണ്ടിരുന്നത്. പിന്നെ മറ്റ് പച്ചക്കറികളും കഴിച്ചുതുടങ്ങി. ഏറെ നാളിനുശേഷമാണ് പാത്രം കൈയിലെടുത്ത് വെള്ളം കുടിച്ചുതുടങ്ങിയത്.
14 മാസത്തെ ആശുപത്രി പരിചരണത്തിനുശേഷവും അവള്‍ വസ്ത്രംധരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഭാഷ മൂളലും മുരളലുംതന്നെയായിരുന്നു. ഭയചകിതയായിത്തന്നെ കാണപ്പെട്ടു. ബന്ധുക്കള്‍ ഏറെക്കാലം കൂടെത്തന്നെ നിന്നു. മെല്ലെമെല്ലെയാണ് അവള്‍ എല്ലാവരെയും സ്വീകരിച്ചുതുടങ്ങിയത്. ഭാഷയും സ്വായത്തമാക്കി. പിന്നെയും അപരിചിതരെ കണ്ടാല്‍ ഒളിക്കുമായിരുന്നു. അവളെ നിത്യവും പരിചരിച്ചിരുന്ന ആശുപത്രി ജീവനക്കാരനുമായി അവള്‍ നല്ല വിശ്വാസത്തിലായി. അയാള്‍ അവളെ കന്നഡയും പഠിപ്പിച്ചു. 1970-ല്‍ അയാള്‍ അവളെ വിവാഹംചെയ്തു. 1993-ല്‍ ഞാന്‍ വീണ്ടും ഇവിടെയെത്തുമ്പോള്‍ ഇരുവരും മരിച്ചിരുന്നു. അവര്‍ക്ക് കുട്ടികളും ഉണ്ടായിരുന്നില്ല.
സംഭവത്തെപ്പറ്റി സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തിയിരുന്നു. ജിംകോര്‍ബറ്റ്, മൈസൂര്‍ ഫോറസ്റ്റ് ആന്‍ഡ് ഗെയിസ് ഡിപ്പാര്‍ട്ട്മെന്റിലെ ആര്‍.ഡബ്ല്യു. ബര്‍ട്ടണ്‍ തുടങ്ങി പല വന്യജീവി വിദഗ്ധരുടെയും അഭിപ്രായങ്ങളും അവര്‍ ശേഖരിച്ചു. 1914-ല്‍ സമാനമായൊരു കരടി അനുഭവം ജിം കോര്‍ബറ്റ് പങ്കുവെച്ചിരുന്നു. 1978-ല്‍ ആര്‍.എല്‍. ഹാക്കിന്‍സ് എഴുതിയ 'ജിം കോര്‍ബറ്റ് ഇന്ത്യ' എന്ന പുസ്തകത്തില്‍ സാംബിക്കരടി വളര്‍ത്തിയ ഗുങ്കി എന്ന കുട്ടിയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇതേ സ്ഥലത്തുനിന്നുതന്നെ ഒരു പയ്യനെയും ഇതുപോലെ കാട്ടില്‍നിന്ന് പിടിച്ചുകൊണ്ടുവന്നിരുന്നു. എന്നാല്‍, അവന്‍ സെല്ലില്‍നിന്ന് ചാടിപ്പോയി. പിന്നീട് ഒരു വിവരവും കിട്ടിയില്ല.
കരടി പുളൈയെ കണ്ടെത്തിയ സ്ഥലത്തേക്ക് നരവംശശാസ്ത്ര വകുപ്പിലെ ഉദ്യോഗസ്ഥനെയുംകൂട്ടി പോയതും വലിയ സാഹസമായിരുന്നു. അസാമാന്യമായ തടിയുള്ളയാളായിരുന്നു ആ ഉദ്യോഗസ്ഥന്‍. വല്ല കടുവയും ചാടിവീണാല്‍ എനിക്ക് ഓടാം, മരത്തില്‍ കയറാം. ഈ തടിയുംകൊണ്ട് ഉദ്യോഗസ്ഥന്‍ കുടുങ്ങിയതുതന്നെ. ഭാഗ്യത്തിനൊന്നും സംഭവിച്ചില്ല. ഞങ്ങള്‍ പോവുമ്പോള്‍ ഗുഹയിലേക്ക് അമ്മക്കരടി തിരിച്ചുവന്നിട്ടുണ്ടായിരുന്നില്ല. അകം ശൂന്യമായിരുന്നു.
ഞാന്‍ ഈ കഥാലോകത്ത് മുഴുകിയിരിക്കുമ്പോള്‍ മഴ താണ്ഡവം തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. കുഞ്ഞിനെ കാണാത്ത സങ്കടത്തില്‍ കരടിയമ്മ വല്ല അവിവേകവും കാട്ടിയിട്ടുണ്ടാവുമോ എന്നായിരുന്നു മനസ്സില്‍. 'കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ന്നോട്ടു ചിലമ്പില്‍ കലമ്പലുകള്‍...' പൂതപ്പാട്ടിലെ മാതൃഹൃദയവും മനസ്സില്‍ തുടിക്കാന്‍ തുടങ്ങി.
Content Highlights: Karadipullai, the girl who raised by a Bear, Karadipullai in Katamana